ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 1

ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 1
Bahrainakkare Oru Nilavundayirunnu

നാട്ടിൽ പോകുവാൻ ഒരുങ്ങിയിറങ്ങി നിൽക്കുന്ന എന്റെ പെട്ടികളെല്ലാം കാറിൽ കയറ്റി വെച്ച് അഷ്‌റഫ്‌ക്ക വീണ്ടും ഓർമ്മിപ്പിച്ചു ” നീ നാട്ടിലെത്തിയാൽ ഉടനെ വിളിക്കണം മറന്നാൽ ലീവിന് ഞാൻ വരുമ്പൊ വീട്ടിൽ വന്ന്‌ ചീത്ത പറയും പറഞ്ഞില്ലാന്നു വേണ്ട “.
“നിങ്ങളെയൊക്കെ മറന്ന് ഞാനവിടെ ജീവിക്കുമെന്ന് തോന്നുന്നുണ്ടോ ചങ്ങായിമാരെ ” എന്ന് മറുപടി കൊടുത്ത് ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറി.

ഏഴ് വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞാണ് അല്ല മതിയാക്കിയാണ് ആദ്യമായി നാട്ടിലേക്ക് പോകുന്നത്. കാറിൽ കയറിയിരുന്നു റൂമിലുണ്ടായിരുന്ന കൂടപ്പിറപ്പുകളെ അവസാനമായി ഒരുവട്ടം കൂടി നോക്കിയപ്പോൾ പലരുടേയും കണ്ണുകൾ നിറഞ്ഞത് ശ്രദ്ധിച്ചതും എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞത് ഞാനറിഞ്ഞു .

അത്രക്കടുത്ത് പോയിരുന്നു എല്ലാവരും. നാട് കാണിച്ച സ്വപ്‌നങ്ങൾ പൂവണിയിക്കാൻ പണം കായിക്കുന്ന സൗദി അറേബ്യയിലെ റിയാദിലെത്തിയവർ. അവരുടെയെല്ലാം കൂടെ ഇനിയും ഒരുപാട് പൂവണിയുമെന്നുറപ്പില്ലാത്ത സ്വപ്നങ്ങളുടെ ഭാണ്ഡങ്ങളുണ്ടായിരുന്നു . ഞാൻ പാതി പൂവണിഞ്ഞ കിനാക്കളുമായി പ്രവാസം നിർത്തുകയായിരുന്നു കാരണം ഒരു മാറ്റം അനിവാര്യമായെന്നു ജീവിതം ഓർമ്മിപ്പിക്കുകയുണ്ടായി.

ഒരേ റൂമിൽ ഞങ്ങൾ ഒരുമിച്ചുള്ള ഏഴ് വർഷങ്ങൾ, പല നാട്ടുകാർ, പ്രായം കുറവ് എനിക്കായിരുന്നതിനാൽ അനിയനെ പോലെ സ്നേഹിച്ചും, ശകാരിച്ചും ജീവിക്കാൻ പഠിപ്പിച്ചവർ. ദുഖങ്ങളിലും, സന്തോഷങ്ങളിലും കൂടെ നിന്നവർ, പരിഭവങ്ങൾ പറഞ്ഞിരിക്കുന്ന രാത്രികൾ, ചില ദിവസങ്ങളിൽ ചിലരുടെ ദുഃഖങ്ങൾ കേട്ട് മരണ വീട് പോലെ എല്ലാവരും ഇരുന്നു കരയും ആരും ആശ്വസിപ്പിക്കില്ല കരഞ്ഞ് കരഞ്ഞ് അവസാനം ഒരുറക്കമാണ്. നെഞ്ചിലെ ദുഃഖങ്ങളടക്കാനുള്ള ഉറക്കം. ആ ഉറക്കമങ്ങോട്ട് ഖബറിലേക്ക് എത്തിച്ചിരുന്നെങ്കിൽ എന്ന് തോന്നി പോകാറുണ്ട് റൂമിലെ തേങ്ങലുകൾ കേൾക്കുമ്പോൾ.

പ്രവാസത്തിന്റെ പല കോലങ്ങൾ കണ്ടു ഭയം മാറിയ അവരെല്ലാം പുതുക്ക പ്രവാസിയായ എനിക്ക്‌ നൽകിയ ധൈര്യം ഒന്ന് കൊണ്ട് മാത്രമായിരുന്നു ഈ ഏഴു വർഷം ഇവിടെ പിടിച്ചു നിന്നത്.ചിലപ്പോൾ കാര്യമില്ലാതെ പിണങ്ങും , പിണക്കം മാറ്റുവാൻ മാത്രമായി ചിലരുണ്ട് അവരാണ് റൂമിലെ നിയമങ്ങൾ കൊണ്ടുവരുന്നവർ. രാത്രി എല്ലാവരും ചേർന്നുണ്ടാക്കിയ ഭക്ഷണം കൂടിയിരുന്നു കഴിക്കുമ്പോഴായിരിക്കും കഴിഞ്ഞുപോയ പ്രവാസത്തിലെ നൊമ്പരങ്ങളും, ചിരി പടർത്തുന്ന അനുഭവങ്ങളും പങ്കുവെക്കൽ അതുംകൂടിയായാൽ വയറിൽ പിന്നെ നിറയാൻ സ്ഥലമുണ്ടാവാറില്ല.

കഴിഞ്ഞതെല്ലാം
ഓരോന്ന് ആലോചിച്ചു മുന്നോട്ട് പോകുന്ന കാറിലിരുന്ന് പുറത്തേക്ക് നോക്കുമ്പോൾ ഈന്തപ്പന മരങ്ങൾ എന്നെ യാത്രയാക്കുന്നത് പോലെ തോന്നി. വർഷങ്ങൾക്ക് മുൻപൊരു രാത്രി ഇതിലൂടെ വരുമ്പോൾ മരുഭൂമിയുടെ മാറ്റ് കൂട്ടുന്ന ഈ മരങ്ങൾക്കിത്ര ഭംഗി തോന്നിയിരുന്നില്ല.

കാർ ഡ്രൈവർ പരിചയക്കാരനായ ഒരു പാക്കിസ്ഥാനി സുഹൃത്താണ്. നാട്ടിൽ പോകുന്നവന്റെ സന്തോഷം മനസ്സിലാക്കിയ അവനെന്നോട് വിശേഷങ്ങൾ ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു .