വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 9

“ഹഹഹ, എല്ലാം അറിയണം ലേ ?..”

“മ്, എന്തായാലും ഇവിടെ ഞാൻ തീരെ പ്രതീക്ഷിച്ചില്ല്യാ, ഇത് സർപ്രൈസ് ആയിപ്പോയി.”

“ഞാൻ ഇവിടെതന്നെയാണ് ഉണ്ടാവാറ്.
പിന്നെ ജോലിയെന്നുപറഞ്ഞാൽ….
പട്ടാമ്പി എസ് എൻ ജി എസ് കോളേജിലെ മലയാളം അധ്യാപകനാണ്.
പേര് സച്ചി സച്ചിദാനന്ദൻ.

“ഓഹ്.. അധ്യാപകൻ ആണല്ലേ, അപ്പൊ മാഷേയെന്ന് വിളിക്കലോ ?.”

“അതിനെന്താ, വിളിക്കാലോ.
ഇവിടെ എവിടാ കുട്ടിടെ വീട് ?..”

കൈയിലുള്ള പുസ്തകം മടക്കിവച്ചുകൊണ്ട് അയാൾ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റു.

“ഞാൻ കീഴ്ശ്ശേരിയിലാ..”

“അവിടെ ?..”
അയാൾ തീക്ഷണതയോടെ ചോദിച്ചു.

“ഗണേശന്റെ മകൾ.”

“ഓ, ഗണേശേട്ടന്റെ മകളാണ് ലേ, മൂപ്പരെ അറിയാം, കുറെ മുൻപ് കണ്ടപരിചയമുണ്ട്. അച്ഛൻ വന്നിട്ടുണ്ടോ?”

“ഇല്ല്യാ, മനക്കലെ പ്രതിഷ്ഠാദിനത്തിന് വരും.”

“എന്നാ കുട്ടിപൊയ്ക്കോളൂ, ഇവിടെ ഒറ്റക്ക് നിൽക്കേണ്ട, ”
അയാൾ തിരിഞ്ഞുനിന്നുകൊണ്ട് പറഞ്ഞു.

“അതെന്താ മാഷേ ഞാനൊരു ശല്യമായോ?”

അല്പം വിഷമത്തോടെ ഗൗരി ചോദിച്ചു.

“അല്പം. ഇതെന്റെ സമയമാണ്, എന്റെ ഓർമ്മകൾക്കൊപ്പം ഞാൻ സഞ്ചരിക്കുന്ന സമയം. ”
പുഞ്ചിരിപൊഴിച്ചുകൊണ്ട് സച്ചി പറഞ്ഞു.

മറുത്തൊന്നും പറയാതെ ഗൗരി തിരിഞ്ഞുനടന്നു.

“പാവം നിരാശാകാമുകനായിരിക്കും. എന്നാലും എന്തോ ഒരു പന്തികേട് ണ്ടല്ലോ, നാളെ അംബലത്തിൽ വരുമ്പോൾ ഈ സമയത്ത് ഒന്നൂടെ വന്നുനോക്കണം, ഇവിടെയെന്താ പണിയെന്ന് അറിയാലോ.”

ഗൗരി സ്വയം പറഞ്ഞുകൊണ്ട് മനയിലേക്ക് നടന്നു.
വഴിക്കുവച്ചാണ് അംബലത്തിൽവച്ചുകണ്ട അനി എന്ന ചെറുപ്പക്കാരനെ വീണ്ടുംകണ്ടത്.

“താനോ, ന്താ ഈ വഴിയിൽ”“ഏയ്‌ ഒന്നുല്ല്യാ..”
ഗൗരി തിരിഞ്ഞു നടന്നു.

“ഏയ്‌ കുട്ടീ, ഒന്നു നിൽക്കൂ.”
അയാൾ വീണ്ടും വിളിച്ചു.

ഗൗരി തിരിഞ്ഞു നോക്കാതെ നിന്നു.
പെട്ടന്ന് തന്റെ മുൻപിലൂടെ ഒരു കരിനാഗം മുളകൊണ്ടുനിർമ്മിച്ച വേലിക്കരികിലേക്ക് ഇഴഞ്ഞുനീങ്ങി.
അല്പം ഭയം ഉടലെടുത്തെങ്കിലും. കൈലാസനാഥനെ മനസിൽ ധ്യാനിച്ചുകൊണ്ട് അവൾ അവിടെത്തന്നെ നിന്നു.

അനി ഗൗരിയുടെ ഇടതുവശം ചേർന്ന് മുൻപിലേക്ക് വന്നു.

ഒരുനിമിഷം അനി അവളുടെ മിഴികളിലേക്ക് നോക്കിനിന്നു.

“ഗൗരി, അമാവാസിയിലെ കാർത്തികനക്ഷത്രം. അറിയാനുള്ള ആകാംക്ഷ കൂടുതലാണ് എല്ലാ വിഷയത്തിലും, പക്ഷെ അതപകടമാണ്.”

അനി അവൾക്കുചുറ്റും നടന്നു.

പെട്ടന്നാണ് പ്രകൃതിയിൽ ശക്തമായ കാറ്റ് രൂപപ്പെട്ടത്.
കാറ്റിനെ ചെറുത്തുനിൽക്കാൻ കഴിയാത്ത ഗൗരിയുടെ കാൽപാദങ്ങൾ നിലത്തുനിന്നും തെന്നിമാറി.
വീഴാൻ പോയ ഗൗരിയെ അയാൾ തന്റെ വലതുകൈയ്യാൽ ചേർത്തുപിടിച്ചു.

പതിയെ പ്രകൃതി ശാന്തമായി.
അനിയുടെ കൈകളെതട്ടിമാറ്റി അവൾ മുന്നിലേക്ക് നടന്നു.

“കണ്ടോ ?..
നീയിവിടെ എത്തിയതല്ല, ആരോ, ഏതോ ശക്തി വരുത്തിയതാണ്. കാരണം നിന്റെ ജനനംകൊണ്ട് മറ്റുപലർക്കുമാണ് ഗുണം. ”
അത്രയും പറഞ്ഞുകൊണ്ട് അയാൾ തിരിഞ്ഞുനടന്നു.

അനി പറഞ്ഞതിന്റെ അർത്ഥം മാനസിലാകാത്ത അവൾ അല്പനേരം അവിടെതന്നെനിന്നു.

ഗൗരി മനയിലേക് കയറിച്ചെല്ലുമ്പോൾ രാമനും, തിരുമേനിയും കത്തുനിൽക്കുന്നുണ്ടായിരുന്നു.
ഒന്നും പറയാതെ അവൾ അകത്തേക്ക്
കയറിപ്പോയി.

“രാമാ, ഇന്നലെ രാത്രിലെ ആവാഹന പൂജയിൽ, വെള്ളോട്ടുക്കരയിൽ നാട്ടുക്കാരെ ഉറക്കം കെടുത്തിയ യക്ഷിയെ
മരപ്പാവയിലേക്ക് അവഹിച്ചെടുക്കുന്നത്
ഗൗരിമോള് കണ്ടു.

“ഭഗവതി, എന്നിട്ട്..”രാമൻ നെഞ്ചിൽ കൈവച്ചു.

” അഗ്നിക്കുമുകളിൽ അവൾ വന്നുനിൽക്കുന്നകാഴ്ച്ച. അതുകണ്ട് മോള് വല്ലാതെ ഭയപ്പെട്ടു.
പക്ഷെ വിഷ്ണുനമ്പൂതിരി മന്ത്രശക്തികളാൽ അവൾകണ്ട കാഴ്ച്ചകൾ മനസിൽനിന്നും മായിച്ചുകളഞ്ഞു.
എന്നാലും എനിക്കെന്തോ ഒരു ഭയം തോന്നുന്നു രാമാ,
അവളുടെ ഈ വരവിൽ .
അരുതാത്തതെന്തൊക്കെയോ സംഭിവാക്കാൻ പോകുന്നുന്നൊരു തോന്നൽ.”

അന്നാദ്യമായിട്ടായിരുന്നു ശങ്കരൻതിരുമേനിയുടെ ശബ്ദം ഇടറുന്നത് രാമൻ കേട്ടത്.

“ഏയ്‌,എന്താ തിരുമേനി ദേവി കൈവിടില്ല്യാ..”
രാമൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

ഉമ്മറത്തേക്ക് കയറിച്ചെന്ന് തിരുമേനി ചാരുകസേരയിൽ നിവർന്നു കിടന്നു.

“ഗൗര്യേ, ആ പുണ്യാഹം ഇങ്ങെടുത്തോളൂ.”
അംബലത്തിൽനിന്നും കൊണ്ടുവന്ന പുണ്യാഹവുമായി ഗൗരിയും അമ്മുവും ഉമ്മറത്തേക്കുവന്നു.

തിരുമേനി നാക്കിലയിൽ പൊതിഞ്ഞ ചരടെടുത്ത് ഗൗരിയെ നോക്കി.

“ഇങ്ങട് വാര്യാ.”
അടുത്തേക്കുവിളിച്ച ഗൗരിയെ അദ്ദേഹം പുണ്യാഹം കൊണ്ട് ശുദ്ധിവരുത്തി.
ശേഷം പൂജിച്ചെടുത്ത കറുത്തചരടെടുത്ത് ഗൗരിയുടെ വലതുകൈയിലേക്ക് രണ്ടുമടക്കായി ഇട്ടിട്ട്
ആദിശങ്കരനെ മനസിൽ ധ്യാനിച്ചു.

ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ.

“ജ്യോതിർമാത്ര സ്വരൂപായ
നിർമലജ്ഞാന ചക്ഷുഷേ.
നമഃ ശിവായ ശാംതായ
ബ്രാഹ്മണേ ലിംഗമൂർതയേ”

ശേഷം അദ്ദേഹം ചരട് മൂന്ന് കെട്ടുകളായി ബന്ധിച്ചു.

“ഇനി നിന്നെ ഒരു ദുഷ്ട്ടശക്തിക്കും കീഴ്പ്പെടുത്താൻ കഴിയില്ല.
ഒന്നോർക്കണം അശുദ്ധി വരുത്താതെ നോക്കണം, വരുത്തിയാൽ വീണ്ടും മൂന്നുനാൾ ഗായത്രിമന്ത്രം ജപിച്ച് ശുദ്ധിവരുത്തി പൂജിക്കണം. മനസിലായോ.?”

“ഉവ്വ് മുത്തശ്ശാ, ”
ഗൗരി അമ്മുവിനെയും കൂട്ടികൊണ്ട്
പ്രാതൽ കഴിക്കാനിരുന്നു.

“അമ്മു, നമുക്ക് ഒന്നുകറങ്ങാൻ പോയാലോ?, എനിക്കീസ്ഥലം ഒത്തിരിയിഷ്ടപ്പെട്ടു. ബാംഗ്ളൂരൊക്കെ മാറിനിൽക്കും, ഇവിടെയിരുന്ന് ബോറടിച്ചുടാ..ഫോണിലാണെങ്കിൽ റേഞ്ച് ഇല്ല.”

പ്ലേറ്റിലേക്ക് ഇഡലി പൊട്ടിച്ചിടുന്നതിനിടയിൽ അവൾ പറഞ്ഞു.

“ഗൗര്യേച്ചി, അങ്ങനെയാണെങ്കിൽ ഇവിടെ അടുത്തൊരു സ്ഥലമുണ്ട്. പക്ഷെ മുത്തശ്ശനറിഞ്ഞാൽ വഴക്കുപറയും.”

“ഇല്ല്യാ, നീ പറ, എവിട്യാ ?..”
ആകാംക്ഷയോടെ ഗൗരി ചോദിച്ചു.

“മാർത്താണ്ഡന്റെ പഴയ വാസസ്ഥലം.
ഒന്നര വർഷം മുൻപ് മുത്തശ്ശൻ അയാളെ നാടുകടത്തിതാ, പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല്യാ. ദൂരെയെവിടെയോ ആണ് ഇപ്പോൾ.”
അല്പം ഭയത്തോടെ അമ്മു പറഞ്ഞു.

“മുത്തശ്ശൻ ഇന്ന് പുറത്തുപോണം ന്ന് പറഞ്ഞിരുന്നു. അവരിറങ്ങട്ടെ, ന്നിട്ട് നമുക്കു പോകാം”
പ്ലേറ്റിൽനിന്നും ഒരുകഷ്ണം ഇഡലിയെടുത്ത് സാമ്പാറിൽമുക്കി ഗൗരി വായിലേക്ക് വച്ചുകൊണ്ട് പറഞ്ഞു.

“മ്.”
അമ്മു സമ്മതംമൂളി.ശേഷം അവർ ഭക്ഷണം കഴിച്ചിട്ട് മുകളിലെ മുറിയിലേക്കുപോയി.

പുസ്തകങ്ങളും മറ്റും വായിച്ച് സമയം തള്ളിനീക്കുകയായിരുന്ന അവരുടെ അടുത്തേക്ക് തിരുമേനി പതിയെ നടന്നുവന്നത്.

“ഗൗര്യേ, ഞാനൊന്നു പുറത്തുപോവാ പൂജാസാധാനങ്ങൾ വാങ്ങിക്കണം. ഒന്നുരണ്ടുപേരെ കാണാൻ പോണം.
പുറത്തിറങ്ങി അധികദൂരം നടക്കരുത് ട്ടോ, പരിജയല്ല്യാത്ത സ്ഥലാ
നിന്നോടും കൂട്യാ പറഞ്ഞേ”
അമ്മുവിന്റെ നേരെ തിരിഞ്ഞുകൊണ്ടു തിരുമേനി പറഞ്ഞു.

തിരുമേനി യാത്രപറഞ്ഞിറങ്ങിയതും ഗൗരി എഴുന്നേറ്റ് ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.

രാമൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്ന് കാർ സ്റ്റാർട്ട് ചെയ്തു.
വൈകാതെ തിരുമേനി കാറിലേക്കുകയറി.

പതിയെ കാർ ഗൗരിയുടെ കൺവെട്ടത്തുനിന്ന് മാഞ്ഞുപോകുന്നതുവരെ അവൾ നോക്കിനിന്നു.

“യ്യേ… ഹു ഹു.. അടുമാ ഡോലുമാ, ഐസലങ്കിടി മാലുമാ…”
പാട്ടുംപാടി ഗൗരി തുള്ളിക്കളിക്കുന്നതുകണ്ട അമ്മു പകച്ചുനിന്നു.

“ന്തടി,നോക്കുന്ന.”

“മ്ഹ് “

“നീ വന്നേ, ഇപ്പോൾതന്നെ പോകാം.”
ഗൗരി അവളുടെ കൈത്തണ്ടയിൽ പിടിച്ചുവലിച്ചുകൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങിയോടി.”

“ദേ,അമ്മൂ അധികദൂരമൊന്നും പോണ്ടട്ടോ,
പെട്ടന്ന് തിരിച്ചുവരണം.”
അംബികചിറ്റ പപ്പടകോലുമായി ഉമ്മറത്തേക്കുവന്നുകൊണ്ടു പറഞ്ഞു.

“ഇല്ല്യാ,ചിറ്റേ, ഇപ്പവരാം.”

തെക്കേകണ്ടത്തിലൂടെനടന്ന് അവർ റോഡിലേക്ക് ചെന്നുകയറി. അല്പദൂരം പിന്നെയും കഥകൾപറഞ്ഞുനടന്നു.

“ഗൗര്യേച്ചി, ഞാൻപറഞ്ഞിരുന്നില്ലേ ഒരു സീതയെപ്പറ്റി. മാർത്താണ്ഡൻ അവളെവച്ച് ആഭിചാരകർമ്മങ്ങൾ നടത്തിയിരുന്നത് അവിടെവച്ചായിരുന്നു.”

“അവളെ വച്ച് എന്തുകർമ്മം..”
സംശയത്തോടെ ഗൗരി ചോദിച്ചു.

“ആ, എനിക്കറിയില്ല്യാ. പക്ഷെ അതുകഴിഞ്ഞശേഷം സീത ആറിൽ മരിച്ചുകിടക്കുന്നതാ കണ്ടത്. കാലിന്റെ ഒരു വിരലും, വലതുകൈയ്യിലെ മോതിരവിരലും അറ്റിരുന്നു. ആത്മാവ് മാർത്താണ്ഡനെ ചുറ്റിപ്പറ്റിനിൽക്കാനാണത്രേ, പിന്നീട് അവൾ ദുരാത്മാവായി നാടുമുഴുവൻ അലഞ്ഞുനടന്നു. അവളെ രക്ഷിക്കാൻ ഈ നാട്ടിൽനിന്നും ആരുംശ്രമിച്ചില്ലന്ന് പറഞ്ഞ് പലരെയും അവൾ ആക്രമിച്ചു.”

“എന്നിട്ട്..”
ഗൗരി ചോദിച്ചു.

“അവസാനം മുത്തശ്ശനും മറ്റു മാന്ത്രികരും ചേർന്ന് അവളെ ബന്ധിച്ചു. പക്ഷെ അവളുടെ കൈയ്യിലെ മോതിരവിരലിൽ മരതകം കൊണ്ട്നിർമ്മിച്ച ഒരു മോതിരമുണ്ട്. അത് നഷ്ട്ടപ്പെട്ടു. എന്തോ മന്ത്രശക്തിയുള്ളതാണെന്ന് കേട്ടിട്ടുണ്ട്.”

അല്പദൂരം നടന്ന് അവർ വീതികുറഞ്ഞ പാതയിലെത്തി കഷ്ടിച്ച് മൂന്നോ നാലോ അടിമാത്രംവീതിയുള്ള ഇടിഞ്ഞുപൊളിഞ്ഞ ഒരുപാത.

ഗൗരി മുന്നിൽനടന്നു.
നടക്കുംതോറും നിശബ്ദത കൂടിക്കൂടി വന്നിരുന്നു

“പോണോ ഗൗര്യേച്ചി. നിക്കെന്തോ ഒരു ഭയം.”
അമ്മു ഒരുനിമിഷം അവിടെനിന്നു.

“അയ്യേ, ഇങ്ങനെ പേടിക്കല്ലേ, ഞാനില്ലേ വാ,”

ഗൗരി അവളുടെ കൈയ്യുംപിടിച്ച് മുൻപിലേക്ക് നടന്നു.
ആ വഴിചെന്നവസാനിച്ചത് ഇടിഞ്ഞുപൊളിഞ്ഞ ഓടിട്ട ഒരു വീട്ടിലേക്കായിരുന്നു.
മുറ്റത്ത് ഒരാൺ മയിൽ പീലിവിടർത്തി നിൽക്കുന്നതുകണ്ട ഗൗരി അദ്ഭുതത്തോടെ നോക്കി.അവരെകണ്ടപാടെ മയിൽ അപ്പുറത്തെ തൊടിയിലേക്ക് ചേക്കേറി.
വീടിന്റെ പിൻഭാഗത്തുനോക്കിയാൽ അണ്ണാനും കുഞ്ഞുങ്ങളും, പലതരം പക്ഷികളും കലപില ശബ്ദമുണ്ടാക്കി പ്രകൃതിയെ മനോഹരമാക്കിയിരിക്കുന്നത് കാണാം. അകലെ വലിയ കുന്നിൻചെരിവുകളും, കോട വന്നുമൂടിയ താഴ്വാരയും, ആകാശംമുട്ടെ വളർന്ന പനകളും ആ പ്രദേശത്തെ മോടികൂട്ടി.

കിഴക്കുനിന്ന് ഇളംങ്കാറ്റ് അവരെത്തേടിയെത്തി.

“അമ്മൂ, വാഹൂ…. അടിപൊളി. ഇറ്റ്സ്‌ വെരി നൈസ്, ഇത്രേം ഭംഗിയുള്ള സ്ഥലങ്ങൾ ഇവിടെയുണ്ടോ ?.. വാ, അപ്പുറത്തേക്ക് പോയിനോക്കാം.”

ഗൗരി അമ്മുവിന്റെ കൈപിടിച്ചുവലിച്ചു.

“ഗൗര്യേച്ചി മതി പോവാം”
അമ്മു ശബ്ദം താഴ്ത്തി പറഞ്ഞു.

“ഹാ നിൽക്ക് പെണ്ണേ, നല്ല തണുത്ത കാറ്റ് ലേ.”

“അതയ്, ഇത് പുണ്ണ്യസ്ഥലമൊന്നുമല്ല. ശാന്തി ലഭിക്കാത്ത ഒരുപാട് ആത്മാക്കൾ ഇവിടെയുണ്ട്, മാർത്താണ്ഡന്റെ മന്ത്രവാദത്തിൽ അകപ്പെട്ട് സ്വയം ജീവിതം അവസാനിപ്പിച്ചവരും, കൊല്ലപ്പെട്ടവരും.
അവയിൽ അധികം പെൺകുട്ട്യോളാ. ഗൗര്യേച്ചി നിർബന്ധം പിടിച്ചോണ്ട് മാത്രമാ ഞാൻ കൂടെ വന്നേ.”

“ഹും, ഇനി നിന്നെ ഒരുസ്ഥലത്തും കൊണ്ടുപോകില്ല.നോക്കിക്കോ, “

ദേഷ്യത്തോടെ ഗൗരി പറഞ്ഞു.
എന്നിട്ട് അവൾ മുൻപേ നടന്നു.

“ഗൗര്യേച്ചി..”
ഇടറിയശബ്ദത്തിൽ അമ്മു വിളിക്കുന്നതുകേട്ട ഗൗരി പതിയെ തിരിഞ്ഞുനോക്കി.

അമ്മുവിന്റെ ചന്ദനകളർ പട്ടുപാവാടയുടെ ഒരുതല അന്തരീക്ഷത്തിൽ പൊന്തിനിൽക്കുന്നു.

അമ്മുശക്തമായി വലിക്കുന്നുണ്ടെങ്കിലും ആരോ പിടിച്ചുവച്ചപോലെ ഒരനക്കമില്ലാതെ അതുപോലെ തന്നെ നിൽക്കുകയായിരുന്നു.

ഗൗരി സൂക്ഷിച്ചുനോക്കി.തന്റെ കണ്ണിന് കാണാൻ കഴിയാത്തതെന്താ അവിടെ നടക്കുന്നതായി അവൾക്കുതോന്നി.

അമ്മുവിനെ സഹായിക്കാൻ ഗൗരിയുംകൂടെച്ചെന്നു.

രണ്ടുപേരും ശക്തമായി പട്ടുപാവാട ആഞ്ഞുവലിച്ചു.
പെട്ടന്ന് മണ്ണിളക്കി എന്തോ പുറത്തേക്കുവന്നു.
ബന്ധനം വേർപ്പെട്ടയുടനെ അവർ രണ്ടുപേരും നിലത്തേക്കു തെറിച്ചുവീണു.

കൈകുത്തിയെഴുന്നേറ്റയുടൻ ശക്തമായ കാറ്റ് ആഞ്ഞുവീശി. നിലത്തുവീണ കരിയിലകൾ വായുവിൽ പറന്നുയർന്നു.
പൊളിഞ്ഞുവീഴാറായ വീടിന്റെ മേൽക്കൂരയിൽനിന്നു. ഓട്ടുംകഷ്ണങ്ങൾ ഇളകി നിലത്തേക്കുവീണു.

ശക്തമായ കാറ്റിൽ ഗൗരിയുടെ ഷാൾ അന്തരീക്ഷത്തിലേക്ക് പറന്നുയർന്നു.

“ഗൗര്യേച്ചി.., എനിക്ക് പേടിയാവുന്നു.”
അമ്മുവിന്റെ ശബ്ദം ഇടറി.

“ഏയ്‌ ,ഒന്നുല്ല്യാ.”ഗൗരി അവളെ ചേർത്തുപിടിച്ചുകൊണ്ട് സമാധാനിപ്പിച്ചു.

തൊണ്ട വറ്റിവരണ്ട ഗൗരിക്ക് ഉമിനീരിറക്കാൻ വല്ലാതെ ബുദ്ധിമുട്ടേണ്ടി വന്നു.

പെട്ടന്നൊരു കരിമ്പൂച്ച അവരുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു.
ഭയംകൊണ്ട് അമ്മു കരയാൻ തുടങ്ങി.

കരിമ്പൂച്ച അല്പം മുൻപിലേക്കുനടന്ന് അടുത്തുള്ള ഒരു വലിയ കല്ലിനെ മൂന്നുപ്രാവശ്യം വലംവച്ചു.

പെട്ടന്ന് ആ ഭീമമായശില പതിയെ വിണ്ടുകീറി. അതിനുള്ളിൽനിന്നും
ചുടുരക്തമൊഴുകാൻ തുടങ്ങി.

അതുകണ്ട അമ്മു സർവ്വശക്തിയുമെടുത്ത് നിലവിളിച്ചു.
പതിയെ ആ ശിലയിൽനിന്നും ഒരു രൂപം പൊങ്ങിവന്നു.

അത്രയും നേരം ധൈര്യം സംഭരിച്ച ഗൗരിക്ക് ഒരുനിമിഷം തന്റെ കൈകാലുകൾ കുഴയുന്നപോലെ തോന്നി.

പതിയെ ആ രൂപം വളർന്നുവന്നു.

“സീത, ഗൗര്യേച്ചി സീത.”
ഭയംകൊണ്ട് അവൾ ഗൗരിയുടെ പിന്നിലേക്ക് മറഞ്ഞു.

സീത ആർത്തട്ടഹസിച്ചു.
ആ ചെറുവനം മുഴുവൻ അവളുടെ അട്ടഹാസം മുഴങ്ങി.
കണ്ണിൽ നിന്നും അഗ്നി ജ്വാലകളായി നിലത്തേക്ക് അടർന്നു വീണു.

ഘോരമായ ഇടിയും മിന്നലും ഭൂമിയിലേക്ക്‌ ഇറങ്ങിവന്നു.
അമ്മുവിനെ മാറിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ഗൗരി കണ്ണുകളടച്ച് നാമങ്ങൾ ഉരുവിട്ടു.

“സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം,
മാണിക്യ മൌലി സ്ഫുരത്,
താരാനായക ശേഖരാംസ്മിത മുഖീ,
മാപീന വക്ഷോ രുഹാം
പാണിഭ്യാംമളി പൂര്‍ണരത്ന ചഷകം,
രക്തോല്പലം ബിഭ്രതീം സൌമ്യാം
രത്ന ഘടസ്‌ഥ രക്തചരനാം,
ധ്യായേത്‌ പരാമംബികാം “

തുടരും….



24520cookie-checkവാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 9