വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 11

സീതയുടെ നെറ്റിയിൽ എന്തോ മുറിവ് രൂപപ്പെട്ടിരിക്കുന്നു. അതിൽനിന്നും രക്തം പൊടിയുന്നുണ്ട്.
അടിച്ചുണ്ടിനെ പിന്നിലാക്കി അവളുടെ ദ്രംഷ്ടകൾ വളരാൻ തുടങ്ങിയിരുന്നു
കണ്ണുകളിൽ നിന്നും ചുടുരക്തം ഒലിച്ചിറങ്ങി.

അമ്മു പിന്നിലേക്ക് തന്റെ ഓരോ കാലുകൾ വച്ചു.
ഗൗരി അവളുടെ കൈയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് പറഞ്ഞു.

“പേടിക്കേണ്ട ഒന്നും ചെയ്യില്ല്യാ..”

പതിയെ സീതയുടെ രൂപം വളരാൻ തുടങ്ങി.
ആകാശംമുട്ടിനിൽക്കുന്ന കരിമ്പനയുടെ ശിരസുവരെ അവൾ വളർന്നു.

സീതയുടെ അട്ടഹാസം ആ പ്രദേശം മുഴുവനും പ്രകമ്പനംകൊള്ളിച്ചു.
പെട്ടന്ന് ശക്തമായ കാറ്റ് ഒഴുകിയെത്തി.
വൃക്ഷങ്ങൾ തമ്മിൽ കൂട്ടിമുട്ടി.

പടർന്നുപന്തലിച്ച മൂവാണ്ടൻമാവിന്റെ ഒരു ശിഖരം ഗൗരിയുടെ മുൻപിലേക്ക് ഒടിഞ്ഞു വീണു.
അതിൽനിന്നും രണ്ടു സർപ്പങ്ങൾ ഇഴഞ്ഞുവന്ന് ഫണമുയർത്തി അവരെ നോക്കിനിന്നു.
ഇടക്ക് അതിന്റെ നീളമുള്ള നാവ് പുറത്തേക്കിട്ട് അമ്മുവിനെ തീക്ഷണമായി നോക്കുന്നുണ്ടായിരുന്നു.

“ഗൗര്യേച്ചി നിക്ക് പേടിയാ…”
അമ്മു ഗൗരിയുടെ മറപറ്റി നിന്നു.

“ഹഹഹ…”
ഭൂമിയെ സ്പർശിക്കാതെ അവൾ അന്തരീക്ഷത്തിൽനിന്നുകൊണ്ട് ചിരിച്ചു.

പതിയെ സർപ്പങ്ങൾ പടർന്നുപന്തലിച്ച കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞുനീങ്ങി.

“തിരുമേനിയുടെ ബന്ധനത്തിൽനിന്നും മാർത്താണ്ഡൻ എന്നെ മോചിപ്പിച്ചു.
പിന്നെ അയാളുടെ അടിമയാക്കി.
ഇപ്പോൾ അയാളുടെ കൈയ്യിൽനിന്നും നിങ്ങളെന്നെ മോചിപ്പിച്ചു.
പൂർണ സ്വാതന്ത്ര്യത്തോടെ.
ഇനിയെനിക്ക് പ്രതികാരം ചെയ്യണം.
എന്നെ നശിപ്പിച്ചവർക്കെതിരെ
എന്റെ ജീവിതം തകർത്തവർക്കെതിരെ,
എന്റെ സ്വപ്നങ്ങളെ ചുട്ടെരിച്ചവർക്കെതിരെ.

അത്രെയും പറയുമ്പോൾ സീതയുടെ കണ്ണുകളിൽ നിന്നും മിഴിനീർക്കണങ്ങൾക്കുപകരം ചുടുരക്തമായിരുന്നു ഒഴുകിയിരുന്നത്.

“ഇനിയൊരു കർമ്മവും അവൻ ഒരു കന്യകയെയുംവച്ച് ചെയ്തുകൂട.”
കണ്ണുകളിൽ നിന്നും അഗ്നി ജ്വലിച്ചുകൊണ്ട് സീത പറഞ്ഞു.
എന്നിട്ട് അവൾ ഗഗനനീലിമയിലേക്ക് മറഞ്ഞു.

പതിയെ പ്രകൃതി ശാന്തമായി. പൊടിപടലങ്ങൾ മണ്ണോടുചേർന്നു.

അപ്പോഴാണ് അമ്മു ഗൗരിയുടെ കൈയ്യിലുള്ള ആ ബാഗ് ശ്രദ്ധിച്ചത്.

“ഇതെവിടന്നാ ഗൗര്യേച്ചി ?..”

“ഓ, ഇതോ, ഇതാ ചെറിയ അറ തുറന്നപ്പോൾ കിട്ടിയതാ. ഞാനിങ്ങെടുത്തു.”

“മ്, ഇനിയിപ്പ ഇതിന്റെ പേരിൽ ന്ത് പ്രശ്നാണാവോ ണ്ടാവാ..”

മറുത്തൊന്നും പറയാതെ ഗൗരി അമ്മുവിന്റെ കൈയ്യുംപിടിച്ച് മനയിലേക്ക് തിരിച്ചുനടന്നു.

ചെറിയ ഇടവഴികഴിഞ്ഞ് റോഡിലേക്ക് ചെന്നുകയറിയപ്പോൾ അവിചാരിതമായി അനി മുന്നിൽവന്നുനിന്നു.

“മ്…ഈ വഴി എവിടന്നാ വരുന്നേ ?..”
അമ്മുവിനോടാണ് ചോദിച്ചതെങ്കിലും ഗൗരിയുടെ മുഖത്തുനോക്കിയായിരുന്നു അയാൾ നിന്നത്.

“എങ്ങടുല്ല്യാ ഏട്ടാ…
ഗൗര്യേച്ചിക്ക് സ്ഥലങ്ങളൊക്കെ കാണണമെന്നുപറഞ്ഞപ്പോൾ ഒന്നു നടക്കാൻ ഇറങ്ങീതാ..”

“മ്, ഈ സ്ഥലം അത്ര ശരിയല്ല. വേഗം മനയിലേക്ക് പൊയ്ക്കോളൂ.”

അത്രേയും പറഞ്ഞ് അയാൾ നടന്നകന്നു.

മനയിലേക്ക് അവർ കയറിച്ചെല്ലുമ്പോൾ തിരുമേനി കലിതുള്ളി നിൽക്കുകയായിരുന്നു.

“ന്താ കുട്ട്യോളെ, നേരം എത്രയായി ഇവിടന്ന് പോയിട്ട്. ഞാൻ പറഞ്ഞതല്ലേ അധികദൂരം പോണ്ടന്ന്. ”

“അത്… അതുമുത്തശ്ശാ ഞങ്ങളൊന്നു നടക്കാനിറങ്ങിയതാ. അധികദൂരം പോയിട്ടൊന്നുല്ല്യാ..”

അമ്മു ഒറ്റശ്വാസത്തിൽ പറഞ്ഞു.

“മ്, ഭക്ഷണം കഴിക്കൂ, നമുക്ക് വൈകിട്ട് മണ്ഡപത്തിലേക്ക് ഒന്നുപോണം.”
ചാരുകസേരയിലേക്ക് ഇരുന്നുകൊണ്ട് തിരുമേനി പറഞ്ഞു.

അമ്മുവും, ഗൗരിയും അകത്തേക്ക് കയറിപ്പോയി.

മുറിയിൽ ചെന്ന ഗൗരി തന്റെ കൈവശമുള്ള ബാഗ് തുറന്നുനോക്കി.
കുറച്ചു കുപ്പിവളകളും പിന്നെ ചളിപിടിച്ചതുമായ രണ്ടുപേനകളും ഒരു പുസ്തകവും.

വേഗം കമ്പ്യൂട്ടറിന്റെ അടുത്തുള്ള കസേര വലിച്ചിട്ട് അതിലിരുന്നു.
ഒരു കാൽ കട്ടിലിലേക്ക് കയറ്റിവച്ചുകൊണ്ട് ഗൗരി ആ പുസ്തകം പതിയെ തുറന്നുനോക്കി.“ഹോ എന്തൊരു ചൂടാ ഗൗര്യേച്ചി.”
അമ്മു പിന്നിലൂടെവന്ന് വാതിലിനോട് ചാരികിടക്കുന്ന സ്വിച്ച്‍ബോർഡിലെ ഫാനിന്റെ സ്വിച്ചിട്ടു.

വേഗത്തിൽ കറങ്ങിയ ഫാനിന്റെ കാറ്റുമൂലം
കൈയ്യിലെ പുസ്തകത്താളുകളിലെ പൊടിപടലങ്ങൾ വായുവിൽ കലർന്നു.

പൊടിയുടെ ഗന്ധം നസികയിലേക്ക് അടിച്ചുകയറിയപ്പോൾ ഫാൻ നിറുത്താൻ കൽപ്പിച്ച് അവൾ വീണ്ടും പുസ്തകത്തിലേക്ക് കണ്ണോടിച്ചു.

ആദ്യപേജിൽ ഇങ്ങനെ എഴുതിയിരുന്നു.

സീത വാര്യർ. എം.
തേർഡ് ഇയർ ബി എ മലയാളം
എസ് എൻ ജി എസ് കോളേജ്
പട്ടാമ്പി.

“പ്രാണൻ പകർന്നെടുത്ത എന്റെ പ്രിയ മാഷിന്..”

“ആരാണ് ആ മാഷ് ?..”
ഗൗരി തന്റെ അടിച്ചുണ്ടിനെ തടവികൊണ്ട് സ്വയം ചോദിച്ചു.

അടുത്തപേജ് മറച്ചതും കിഴക്കേ ജാലകത്തിന്റെ പൊളി ശക്തമായി വലിയശബ്ദത്തോടുകൂടി വന്നടഞ്ഞു.

“അമ്മേ..”

ഉള്ളിലൊന്ന് ഞെട്ടിയ ഗൗരി ദീർഘശ്വാമെടുത്തു.

രണ്ടാമത്തെ പേജിൽ പെൻസിൽകൊണ്ട് ഒരാളുടെ ചിത്രം വരച്ചിട്ടുണ്ട്.
സൂക്ഷിച്ചുനോക്കിയ ഗൗരി തരിച്ചുനിന്നു.

“സച്ചി… സച്ചിദാനന്ദൻ., അയ്യോ മാഷ്..
ആ മാഷാണോ ഈ മാഷ്.”

ഗൗരി കസേരയിൽ നിന്നുമെഴുന്നേറ്റു.

“സീതയുമായി മാഷിന് എന്ത് ബന്ധം.”
ഒറ്റനോട്ടത്തിൽ അവൾ ആ പുസ്തകത്താളുകൾ മറച്ചുനോക്കി.
പകുതി ചിതൽ തിന്നുനശിപ്പിച്ചിരുന്നു.

അവസാന പേജിലെഴുതിയ വരികൾ ഗൗരിയുടെ മനസിൽ ആഴത്തിൽ പതിച്ചു.

“മാഷേ, എന്റെ മനസ്സിനെ പിടിച്ചുനിർത്താൻ എനിക്കുകഴിയുന്നില്ല. ഞാനറിയാതെ ചലിച്ചുപോകുന്നു. ശരീരം തളരുന്നപോലെ
ചിലപ്പോൾ നാളെ എന്റെ മരണമാകാം..”

“എന്തായിരിക്കും ഇതിനർത്ഥം.”
ഗൗരി സ്വയം ചോദിച്ചു.

“നാളെ മാഷിനെ ഒന്നുകാണണം”
അവൾ മനസിലുറപ്പിച്ചു.

“ഗൗര്യേച്ചി, വാ പോവാം..”
അമ്മു വീണ്ടും മുറിയിലേക്ക് കടന്നുവന്നു.

ഗൗരി പുസ്തകം മടക്കി തന്റെ അലമാരയുടെ അറയിൽവച്ച് പൂട്ടി മുത്തച്ഛന്റെകൂടെ മനസില്ലാമനസോടെ ഇറങ്ങിത്തിരിച്ചു.

ശിവക്ഷേത്രത്തിലെ മണ്ഡപത്തിൽ സന്ധ്യാസമയങ്ങളിൽ കലാമണ്ഡലം ശ്രീമതി രേണുകയുടെ സംഗീത ക്ലാസ് നടക്കുന്നുണ്ട്. അമ്മുവിനെയും ഗൗരിയെയും പരിചയപ്പെടുത്തി,സംഗീതം അഭ്യാസിപ്പിക്കുവാൻ രേണുകയോട് തിരുമേനി കല്പിച്ചു.

“നിയിപ്പ അതിന്റെ ഒരു കുറവേ ണ്ടായിരുന്നൊള്ളു.”
വിരസതയോടെ അമ്മു പറഞ്ഞു.ദീപാരാധന കഴിഞ്ഞ് അവർ മഹാദേവനെ തൊഴുത് മനയിലേക്ക് തിരിച്ചു.

പാടവരമ്പിലൂടെ നടന്നുപോകുമ്പോഴായിരുന്നു എതിരെനിന്ന് ഒരു സ്ത്രീ വരുന്നത് കണ്ടത്.

തിരുമേനിയെ കണ്ടമാത്രയിൽ അവർ വേഗം വരമ്പിൽനിന്നും ചളിയിലേക്ക് ഇറങ്ങി വഴിയൊരുക്കി.

“എന്താ നീല്യേ..സുഖല്ലേ..?”
പൗരുഷമാർന്ന ശബ്ദത്തിൽ തിരുമേനി ചോദിച്ചു.

“അതെ മ്പ്രാ..”
തലതാഴ്‍ത്തി അവർ പറഞ്ഞു.

“നിനക്കുള്ള അരീം സാധനങ്ങളും അംബികയെ ഏല്പിച്ചിട്ടുണ്ട്. അത്രേടം വരെ വന്ന് അതൊന്നുവാങ്ങിച്ചോണ്ടു പൊയ്ക്കോളൂ.”

“ഉവ്വമ്പ്രാ. ”
അവർ അപ്പോഴും തല താഴ്ത്തിതന്നെ നിൽക്കുകയായിരുന്നു.

തിരുമേനി നടന്നുനീങ്ങി.
കൂടെ അമ്മുവും,ഗൗരിയും.

“മുത്തശ്ശാ, ആരാ അത് ?..”
സംശയത്തോടെ ഗൗരി ചോദിച്ചു.

“നീല്യാ… പറമ്പില് പണിയെടുക്കുന്നോളാ..”
തിരിഞ്ഞുനോക്കാതെ തിരുമേനി പറഞ്ഞു.

അരുണൻ വിടപറയാൻ നിന്നു.
അന്തിച്ചോപ്പ് നെൽവയലിനെ കൂടുതൽ വർണ്ണാലങ്കാരമാക്കി. വിണ്ണിൽ തിങ്കൾ ഒളികണ്ണിട്ട് അവരെ നോക്കുന്നുണ്ടായിരുന്നു.

വയലിനുനടുവിലുള്ള ആർമരത്തിൽ കിളികളും വവ്വാൽ കൂട്ടങ്ങളും കലപില ശബ്ദമുണ്ടാക്കി.
കൂടെ ശിവക്ഷേത്രതിൽനിന്നും കേൾക്കുന്ന ഭക്തിഗാനങ്ങളും.

ദീർഘശ്വാസമെടുത്ത് ഗൗരി ശുദ്ധവായുവിനെ സ്വാഗതം ചെയ്തു.

മനയിലേക്ക് വന്നുകയറിയ തിരുമേനി ഉമ്മറത്ത് കിണ്ടിയിൽവച്ച ജലമെടുത്ത് കൈകാലുകൾ കഴുകി ശുദ്ധിവരുത്തി ഉമ്മറത്തേക്ക് കയറിയിരുന്നു.

“മുത്തശ്ശാ, നേരത്തെ കണ്ട ആ സ്ത്രീക്ക് ഇവിടെനിന്നാണോ ഭക്ഷണം പാകംചെയ്യാനുള്ള സാധനങ്ങൾ കൊടുക്കുന്നത്.”

ഉമ്മറത്തെ തിണ്ണയിൽ കയറിയിരുന്ന് ഗൗരി ചോദിച്ചു.
അമ്മുവും അവളോടൊപ്പം കയറിയിരുന്നു.

“അംബികേ, ഇച്ചിരി വെള്ളം ഇങ്ങെടുക്കൂ..”
അകത്തേക്ക് നോക്കിക്കൊണ്ട് തിരുമേനി പറഞ്ഞു.

“ചോദിച്ചതിന് ഉത്തരം താ മുത്തശ്ശാ..”
അരിശംമൂത്ത ഗൗരി ചോദിച്ചു.

“ഹഹഹ, ഒരു കാലത്ത് നാടിനെ വിറപ്പിച്ച ഇരുട്ടിന്റെ രാജാവ് താമിയുടെ ഭാര്യയാണ് നീലി.”

“താമിയോ ?.. അയാളാരാ ഡ്രാക്കുളയാണോ.?”
പരിഹാസത്തോടെ ഗൗരി ചോദിച്ചു.

ഗൗരിയുടെ മറുപടികേട്ട അമ്മു പൊട്ടിച്ചിരിച്ചു.

“മ്, അതെ..!”
തിരുമേനി ഒറ്റവാക്കിൽ പറഞ്ഞു.

“ങേ..?”
അദ്‌ഭുദത്തോടെ ഗൗരി തിരുമേനിയെ തന്നെ നോക്കിയിരുന്നു.

“ഓടിയൻ താമി..”
ഇടറിയ ശബ്ദത്തിൽ തിരുമേനി പറഞ്ഞു.

“എന്താ ഈ ഓടിയൻ ?..
ആരാ അയാൾ ?..
അയാളെങ്ങനെ ഇരുട്ടിന്റെ രാജാവാകും?..

ചോദ്യങ്ങൾ ഓരോന്നായി ഗൗരി ചോദിച്ചു തുടങ്ങി.

“മ്, പറയാം.”തിരുമേനി മുറുക്കാൻ പൊതി തുറന്ന് വെറ്റിലയുടെ തലപ്പ് പൊട്ടിച്ച് വലതുനെറ്റിയുടെ ഭാഗത്ത് ഒട്ടിച്ചുവച്ചു.

“ശത്രുനാശത്തിനുള്ള മറ്റൊരു ആഭിചാര കര്‍മമാണ് ‘ഒടി’യെന്നുപറയുന്നത്. ഒടിവെച്ചത് കടന്നാലാണ് അതിന്റെ ദോഷം ബാധിക്കുക. ഒടി കടന്നാല്‍ വിഷാംശംകൊണ്ട് കാലുകള്‍ വീങ്ങുകയും പൊട്ടുകയും ചെയ്യും. പിണിയാളുടെ ശരീരത്തില്‍ സന്ധുക്കളില്‍ കുരുത്തോല കെട്ടി, എട്ടുമുള്ളു തറപ്പിക്കും. കണ്ണിമീന്‍, അട്ടക്കുടു, ഏട്ട, മഞ്ഞള്‍, ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത ചോറുകൊണ്ട് പ്രതിരൂപമുണ്ടാക്കി.”

“പ്രതിരൂപം എന്നുവച്ചാൽ.?..”
ഇടക്കുകയറി ഗൗരി ചോദിച്ചു.
“പ്രതിരൂപം എന്നുപറഞ്ഞാൽ ആള്‍രൂപം.
അതുണ്ടാക്കി മുള്ളുകളും മറ്റും ആ സങ്കല്പ ശരീരത്തില്‍ മന്ത്രത്തോടുകൂടി കുത്തുകയെന്നത് ഒടികര്‍മത്തിന്റെ ഒരു വശം.”
മടക്കിയെടുത്ത മുറുക്കാൻ തിരുമേനി വായിലേക്ക് വച്ചു.

“ഓ, ഇതാണോ ഓടിയൻ, ഞാനും കരുതി വല്ല്യ സംഭവമാണെന്ന്.”
പുച്ഛത്തോടെ അവൾ പറഞ്ഞു.

“ഹഹഹ, ഇത് ‘ഒടി’കർമ്മത്തിന്റെ മറ്റൊരു വശമാണ് ഗൗര്യേ.., എന്നാൽ അതല്ല ഭയക്കേണ്ടത്.”

“നായയായും, കാട്ടുപോത്തായും, കരിമ്പൂച്ചയായും ഓടിയന് രൂപമാറ്റം ചെയ്യാൻ കഴിയും.
ശേഷം തന്റെ ശത്രുവിനെ വകവരുത്തും.”

“ഒന്നുപോയേ മുത്തശ്ശാ, മനുഷ്യർ മൃഗങ്ങളാവുത്രേ. പേടിപ്പിക്കാൻ വേണ്ടി ഓരോ കഥകൾ പറഞ്ഞുതരാ..”

അമ്മുവിന്റെ അടുത്തേക്ക് ചേർന്നിരുന്ന് അവൾ പറഞ്ഞു.

അതിനിടക്ക് അംബികചിറ്റ തിരുമേനിക്ക് വെള്ളം കൊണ്ടുവന്നുകൊടുത്ത് തിരിച്ചുപോയി.

“ഹഹഹ, ഭയം തോന്നുന്നുണ്ടോ ?..
എന്നാൽ അതിന്റെ രഹസ്യം അറിഞ്ഞലോ.? ഭയം ഇരട്ടിക്കും.”

തിരുമേനിയുടെ ആ ചോദ്യം അവളെ ത്രസിപ്പിച്ചു.

“എങ്ങനെ ?..”

“ഇപ്പോൾ ഒടിവിദ്യ ആരും ചെയ്യാറില്ല.
ഒടിവിദ്യക്ക് ഉപയോഗിക്കുന്നത് ഒരു മഷിയുണ്ട് അതാണ് ഇതിലെ രഹസ്യം.”
കോളാമ്പിയിലേക്ക് മുറുക്കിതുപ്പികൊണ്ട് തിരുമേനി പറഞ്ഞു.

“മുത്തശ്ശാ,എങ്ങനെ ആ മഷിയുണ്ടാക്കുക.?”
സംശയത്തോടെ അമ്മുചോദിച്ചു.

ചുണ്ടിലൂടെ ഒലിച്ചിറങ്ങുന്ന മുറുക്കാൻ ചുവപ്പ് തോളിലുള്ള തോർത്തുമുണ്ടിന്റെ തലപ്പുകൊണ്ട് തിരുമേനി തുടച്ചുനീക്കി.

“അമാവാസി ദിവസം രാത്രിയിൽ കള്ള് ചുരത്താത്ത കരിമ്പനയുടെ ചുവട്ടിലേക്ക് ഓടിവിദ്യ ചെയ്യുന്നയാൾ കന്നിപ്പേറുള്ള പെണ്ണിനെ വശീകരിച്ചു കൊണ്ടുവരും.
എന്നിട്ട് മൂത്ത മുളയുടെ കാണ്ഡം വെട്ടിയുണ്ടാക്കിയ കത്തിയുപയോഗിച്ച് അവളുടെ വയറുകീറി ഭ്രൂണം പുറത്തെടുക്കും.
ആ ഭ്രൂണം കരിമ്പനയുടെ മുകളിലെ പൂക്കുലയിൽ തറപ്പിച്ചുനിർത്തും.”

“എന്തിന്..”
ഭയത്തോടെ ഗൗരിചോദിച്ചു.

“മഷിയുണ്ടാക്കാൻ..”

“എന്നിട്ട്..”
ഗൗരിയുടെ കൈകളിൽ പിടിച്ച് അമ്മുചോദിച്ചു.

“ആ പെണ്ണിനെ തിരികെ കൊണ്ടുപോയി എടുത്ത സ്ഥലത്ത് ആക്കിയില്ലങ്കിൽ ആ ഭ്രൂണം ഉപയോഗശൂന്യമാകും.
പിന്നെ പൂക്കുലയും ഭ്രൂണവും താഴെയിറക്കി പൂക്കുല തറയിൽ കുത്തിനിറുത്തി അവരുടെ താളിയോലയിൽ പറയുന്ന പച്ചിലമരുന്നുകൾ തേച്ച് ഭ്രൂണത്തെ പൂക്കുലക്ക് മുകളിൽ കെട്ടിനിറുത്തും.

“അപ്പൊ അതിന് ജീവനുണ്ടാകില്ലേ മുത്തശ്ശാ, ”
ഗൗരി വീണ്ടും ചോദിച്ചു.

“ഉവ്വ്, 7,8, മാസം വളർച്ചയെത്തിയ ഭ്രൂണമല്ലേ…”

“എന്നിട്ട്.”ഭ്രൂണത്തിൽനിന്നും മരുന്നുകൾക്കൊപ്പം ഒലിച്ചിറങ്ങുന്ന ദ്രാവകം പൂക്കുലയിൽ വീണുകഴിഞ്ഞാൽ പിന്നെ പൂക്കുല അഗ്നിക്കിരയാക്കും.
അപ്പോൾമുതൽ ഓടിവിദ്യ ചെയ്യുന്നയാൾ പൂർണ്ണനഗ്നനായി അവരുടെ മന്ത്രങ്ങൾ നൂറ്റൊന്നു തവണ ചൊല്ലും.
അപ്പോഴേക്കും. ഭ്രൂണത്തിന്റെ മസ്തിഷ്ക്കം ഉരുകി ഒരു ദ്രാവകമായിമാറും.
അത് ഗോകർണ്ണത്തിൽ സൂക്ഷിക്കും. അതാണ് മഷി. അതുപയോഗിച്ചാണ് ഓടിവിദ്യ നടത്തുന്നത്.

“അപ്പൊ ആ ഗർഭിണിയോ ?..”
അമ്മുവിന്റെ സംശയം ഗൗരി ചോദിക്കാനിരിക്കുകയായിരുന്നു

“ഉണരാത്ത നിദ്രയിൽ അകപ്പെട്ടുപോകുന്ന മന്ത്രങ്ങൾ ചൊല്ലി അവരെ ഉറക്കും.
ആ മുറിവ് ഉണക്കാനുള്ള മന്ത്രങ്ങൾ വരെ അവരുടെ താളിയോലകളിൽ പറയുന്നുണ്ട്.
പിന്നെ മാറിയരൂപം പൂർവസ്ഥിതിയിലേക്ക് മാറണമെങ്കിൽ അവരുടെ അമ്മയോ ഭാര്യയോ ചാണകം കലക്കിയ വെള്ളം ദേഹത്ത് ഒഴിച്ച് അശുദ്ധി പെടുത്തണം.”

“അമ്മേ കേട്ടിട്ട് പേടിയാവുന്നു. അപ്പോൾ നമ്മുടെ ചുറ്റുമുള്ള പൂച്ചകളും പോത്തുകളും ഒടിയന്മാരാണോ മുത്തശ്ശാ..”

അമ്മുവിന്റെ സംശയം കേട്ട തിരുമേനി ആർത്തുചിരിച്ചു.

“ഇപ്പ അങ്ങനെയൊന്നുല്ല്യാ കുട്ട്യേ..
അവരുടെ സാമഗ്രികളിൽ ഏതെങ്കിലും ജീവി അത് മനുഷ്യനായാൽ പോലും തൊട്ടശുദ്ധി വരുത്തിയാൽ പിന്നെ അന്യനാട്ടിൽ പോയി വകവരുത്തിയിട്ടെ തിരിച്ചുവരൂ.”

“ഈ താമി എങ്ങനെ മരിച്ചേ..”

“മഹാ മന്ത്രികനായ ചന്ദനക്കാവ് കൃഷ്ണമൂർത്തി ആവാഹനകർമ്മം കഴിഞ്ഞ് മടങ്ങിവരുമ്പോഴയിരുന്നു താമിയുടെ ആക്രമണം.
ഇരുട്ടിന്റെ മറവിൽ ഒരുപാട് ആക്രമണം നടത്തിയ താമിക്ക് ആദ്യം താക്കീത് നൽകിയിരുന്നു.
വീണ്ടും ആവർത്തിച്ചപ്പോൾ
അരിശംമൂത്ത അദ്ദേഹം താമിയുടെ മുടിക്കോൽ ഓടിച്ചിട്ട് ഉന്മൂലനം ചെയ്തു.”

“ഓ… അങ്ങനെയായിരുന്നു മരണം ല്ലേ..”
ദീർഘശ്വാസമെടുത്ത് ഗൗരി ഒന്ന് നിവർന്നിരുന്നു.

“മ്, ഇപ്പോൾ അതൊന്നുമില്യ, ചെറിയ കുട്ട്യോള് ണ്ട് അയിറ്റങ്ങൾ പട്ടിണികിടക്കേണ്ടന്നുകരിത്തിയ സാധനങ്ങൾ കൊടുക്കുന്നെ..
ന്നാ നിങ്ങൾ ചെന്ന് അത്താഴം കഴിച്ചിട്ട് കിടന്നോളൂ.. എനിക്ക് അല്പം ജോലിയുണ്ട്”

തിരുമേനി കസേരയിൽ നിന്നുമെഴുന്നേറ്റ് പൂജാമുറിയിലേക്കുപോയി.

ഗൗരി തന്റെ മുറിയിലേക്ക് നടന്നു. പിന്നാലെ അമ്മുവുംമുണ്ടായിരുന്നു.

നേരത്തെ എടുത്തുവച്ച സീതയുടെ പുസ്തകം അലമാരതുറന്ന് പുറത്തെടുത്ത് അവൾ കട്ടിലിലേക്ക് കമഴ്ന്നു കിടന്നു.

അവസാന വരികളിലെ അർത്ഥം മനസിലാക്കാൻ അവൾ ആ പേജ് എടുത്തുനോക്കി.
പക്ഷെ അതിലങ്ങനെ ഒരു വരി ഉണ്ടായിരുന്നില്ല.

“അയ്യോ, അതെവിടെ പോയി”
അവൾ തലങ്ങും വിലങ്ങുംമറിച്ചുനോക്കി.

പെട്ടന്ന് പുറത്തുനിന്ന് ഒരു വലിയശബ്ദം കേട്ടു.

കിഴക്കേ ജാലകപ്പൊളി തുറന്നുനോക്കിയ ഗൗരി ഭയംകൊണ്ട് രണ്ടടി പിന്നിലേക് വച്ചു.
നിലാവിന്റെ വെളിച്ചത്തിൽ
കറുത്ത് ഉരുണ്ട് മഞ്ഞകണ്ണുകളുമായി ഒരു കറുത്ത കരിമ്പൂച്ച ജാലകത്തിനടുത്തു വന്നിരുന്ന് ഗൗരിയെ വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചുറ്റിലും പാലപ്പൂവിന്റെയും അരളിയുടെയുംഗന്ധമൊഴുകാൻ തുടങ്ങിയിരുന്നു.

തുടരും…



24660cookie-checkവാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 11