വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 10

ഘോരമായ ഇടിയും മിന്നലും ഭൂമിയിലേക്ക്‌ ഇറങ്ങിവന്നു.
അമ്മുവിനെ മാറിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ഗൗരി കണ്ണുകളടച്ച് നാമങ്ങൾ ഉരുവിട്ടു.

വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 09→

“സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം,
മാണിക്യ മൌലി സ്ഫുരത്,
താരാനായക ശേഖരാംസ്മിത മുഖീ,
മാപീന വക്ഷോ രുഹാം
പാണിഭ്യാംമളി പൂര്‍ണരത്ന ചഷകം,
രക്തോല്പലം ബിഭ്രതീം സൌമ്യാം
രത്ന ഘടസ്‌ഥ രക്തചരനാം,
ധ്യായേത്‌ പരാമംബികാം “

ഗൗരിയുടെ പ്രാർത്ഥനകേട്ട സീത വീണ്ടും ഉച്ചത്തിൽ ആർത്തട്ടഹസിച്ചു.

അപ്പോഴാണ് രാവിലെ തിരുമേനി ഗൗരിയുടെ കൈയ്യിൽകെട്ടികൊടുത്ത ചരടിനെകുറിച്ച് അവൾക്ക് ഓർമ്മവന്നത്.
ധൈര്യംസംഭരിച്ച ഗൗരി പിന്നിൽ മറഞ്ഞുനിന്ന അമ്മുവിനെ തന്റെ വലതുഭാഗത്തേക്ക് നീക്കിനിറുത്തി.

സീത നിലംസ്പർശിക്കാതെ അവരുടെ അടുത്തേക്ക് ഒഴുകിവന്നു.
ശക്തമായ കാറ്റിൽ സീതയുടെ നിതംബത്തിനൊപ്പം നിൽക്കുന്ന മുടിയിഴകൾ പാറിനടന്നുണ്ടായിരുന്നു

സീത ഗൗരിയുടെ നിശ്ചിത അകലത്തെത്തിയപ്പോൾ ഏതോ ദൈവീകമായ ഒരു ശക്തി അവളെ തടഞ്ഞുവച്ചു.
എത്രശ്രമിച്ചിട്ടും അവൾക്ക് അവരുടെ അടുത്തേക്ക് പോകാൻ കഴിയാതെവന്നു.

“എനിക്കറിയാം, ശങ്കരൻതിരുമേനിയുടെ സംരക്ഷണവലയം തകർക്കാൻ എനിക്ക് കഴിയില്ല്യാ ന്ന്.”

ഭൂമിയെ സ്പർശിക്കാതെ നിന്നുകൊണ്ട് സീത പറഞ്ഞു.

ഉടൻ അമ്മുവും ഗൗരിയും മഹാദേവനെ ധ്യാനിച്ചു.
ഓം നമഃ ശിവായ.
ഓം നമഃ ശിവായ.
ഓം നമഃ ശിവായ.

അന്തരീക്ഷത്തിൽ നിൽക്കുന്ന സീത പെട്ടന്ന് തെറിച്ച് നിലത്തുവീണു.

“ഗൗര്യേച്ചി,..”
ഇടറിയശബ്ദത്തിൽ അമ്മുവിളിച്ചു.

“പേടിക്കേണ്ട ഭഗവാൻ നമ്മോടൊപ്പമുണ്ട്.”
ഗൗരി അവളെ സമാധാനിപ്പിച്ചു.

നിലത്തുവീണ സീത പുതിയരൂപത്തിലായിരുന്നു എഴുന്നേറ്റത്.

നെറ്റിയിൽ ചന്ദനംചാർത്തി, ഇളംപച്ച നിറത്തിലുള്ള ദാവണിചുറ്റി,വലതുകൈയ്യിൽ കറുത്ത കുപ്പിവള്ളകൾ ധരിച്ച് അഴിഞ്ഞുവീണ മുടിയിഴകളുമായി അവൾ പതിയെ നടന്നുവന്നു.

പറന്നുയർന്ന കരിയിലകൾ നിലംപതിച്ചു,
ആടിയുലഞ്ഞ കേരവും മറ്റു വൃക്ഷങ്ങളും ശാന്തമായി.
പുഞ്ചിരിപൊഴിച്ചുകൊണ്ട് ഒരു നിശ്ചിതഅകലം പാലിച്ച് അവൾ വന്നുനിന്നു.

അമ്മുവും ഗൗരിയും മുഖത്തോടുമുഖം നോക്കി.

“എന്നെയൊന്ന് സഹായിക്കോ ?..”
ഒറ്റശ്വാസത്തിൽ സീത ചോദിച്ചു.

തൊണ്ടയിൽ ഉമിനീരുവറ്റിയ ഗൗരി മറുപടിപറയാൻ വല്ലാതെ ബുദ്ധിമുട്ടി.

“എ… എന്താ…”

“പറയാം”
അത്രേയും പറഞ്ഞ് സീത പെട്ടന്ന് അപ്രത്യക്ഷയായി.

“വാ ,ഗൗര്യേച്ചി, നമുക്ക് പോവാം”
ചുറ്റിലും നോക്കിയ അമ്മുപറഞ്ഞു.

തിരിഞ്ഞു നടക്കാൻ നിന്ന അവരെ സീത വീണ്ടും വിളിച്ചു.

“ഗൗരീ ”
ഇത്തവണ അവളുടെ അശരീരി മാത്രമായിരുന്നു കേട്ടത്.

മാർത്താണ്ഡന്റെ കുടിലിന് മുൻപിൽ നിൽക്കുന്ന സീതയെ ഒറ്റനോട്ടത്തിൽ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല.

“ഗൗരി, ഇവിടെ.”
അവൾ വീണ്ടും വിളിച്ചു.

“ഒന്നോർക്കുക, എനിക്ക് നിങ്ങളെ ഉപദ്രവിക്കാൻ കഴിയില്ല്യാ, ഞാൻ അയാളുടെ അടിമയാണ്. ഇപ്പോൾ നിങ്ങൾ എനിക്കുവേണ്ടി ഒരു സഹായം ചെയ്‌തുതരണം. അയാളുടെ കൈയ്യിൽ നിന്നും എന്നെ രക്ഷിക്കണം.”

“ഇല്ല്യാ, ഞങ്ങൾക്ക് പേടിയാണ്. നിങ്ങൾ ചെയ്ത നീചകൃത്യങ്ങളൊക്കെ കഥകളായി കേട്ടിട്ടുണ്ട്.”
അമ്മു പറയുന്നത് കേട്ട് അവൾ തലതാഴ്‍ത്തി നിന്നു.

“ഗൗരി, ഒരു കാര്യം നിന്നോട് പറയാനുണ്ട് ”
അതെങ്കിലും പറയാനുള്ള അവസരം എനിക്ക് തരണം.”

നെറ്റിചുളിച്ചു കൊണ്ട് ഗൗരി ചോദിച്ചു
“എന്താ..”

“അയാളുടെ അടുത്ത പൂജക്കുള്ള കന്യകയായ പെൺകുട്ടി അത്…. അതുനീയാണ്..”

“ഞാനോ ?..”
ഭയത്തോടെ അവൾ ചോദിച്ചു.

“അമാവാസിയിൽ ജനിച്ച പെൺകുട്ടികളെയാണ്, അതും കന്യകയായ പെൺകുട്ടി. അവരെയാണ് ആ നീചൻ ഇരയാകുന്നത്.”

“എന്തുപൂജ, ”
ഗൗരിയും അമ്മുവും പരസ്പരം നോക്കി.

“പറയാം, അതിനുമുൻപ് എനിക്ക് ഒരു സഹായം ചെയ്തുതരണം.”

“പറയൂ..”
ഗൗരി പറഞ്ഞതും, അമ്മു ചെവിയിൽ ‘വേണ്ട’എന്ന് സ്വകാര്യമായി പറഞ്ഞു.

“ഈ വീടിന്റെ ഭൂമിക്കടിയിൽ ഒരു രഹസ്യ അറയുണ്ട്. അവിടെ മന്ത്രചരടുകൾകൊണ്ട് ബന്ധിച്ച ഒരു ചെപ്പുണ്ട്.
ആ ചെപ്പിൽ എന്റെ മോതിരവിരലും മരതകക്കല്ലുവച്ച മോതിരവുമുണ്ട്.
അതെടുത്ത് അവിടെയുള്ള അഗ്നിയിലർപ്പിക്കണം.”

സീത പറഞ്ഞവസാനിപ്പിച്ചപ്പോൾ ഗൗരി അവളുടെ കൈവിരലുകളിലേക്ക് സൂക്ഷിച്ചുനോക്കി.

പറഞ്ഞത് ശരിയാണ്
അവളുടെ മോതിരവിരൽ നിൽക്കുന്ന സ്ഥാനം ശൂന്യമായിരുന്നു.

“ഒന്നരവർഷത്തിനുശേഷം ഇപ്പോൾ നിങ്ങളാണ് വന്നത്. ദയവുചെയ്ത് അയാളുടെ അടിമത്വത്തിൽ നിന്ന് എന്നെ മോചിപ്പിക്കണം.”
ഗദ്ഗദം അലട്ടുന്ന സ്വരത്തിൽ അവൾ പറഞ്ഞു.

“പക്ഷെ എങ്ങനെ അതെടുക്കും?..”
ഗൗരി സംശയം പ്രകടിപ്പിച്ചു.

“ഗൗര്യേച്ചി, വേണ്ട. അവശ്യല്ല്യാത്ത പണിക്ക് പോണ്ടട്ടോ.”
അമ്മു അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

“വഴി ഞാൻ പറഞ്ഞുതരാം,”
സീത പതിയെ നടന്നു.

” ഈ വാതിൽ തുറന്ന് ഇടനാഴികയുടെ തുടക്കത്തിലെ രണ്ടാമത്തെമുറിയിൽ കയറുക.
അവിടെ കിഴക്കുഭാഗത്ത് ഒരാണിയിൽ ചുടലഭദ്രയുടെ പടമുണ്ടാകും.
അതിന്റെ പിന്നിൽ മൂന്ന് താക്കോൽ കൂട്ടങ്ങൾ ഉണ്ട്.
5ഉം, 7ഉം, 9 ഉം. അതിൽ 9 എണ്ണമുള്ള താക്കോൽ കൂട്ടമെടുത്ത് തിരിഞ്ഞു നടക്കുക.
മുറിയിൽനിന്ന് പുറത്തേക്കുകടന്ന്
മുൻപിൽ കാണുന്ന ഇടനാഴികയിലൂടെ വീണ്ടും മുന്നോട്ട് നടക്കണം.
ശേഷം ആദ്യം കാണുന്ന മുറിയുടെ താക്കോൽ ആ താക്കോൽകൂട്ടത്തിലുണ്ടാകും.
അതുതിരഞ്ഞുപിടിച്ച് വാതിൽ തുറന്ന് അകത്തേക്കുകടക്കണം
അവിടെ ജാലകത്തിനോടുചാരി ഒരു പഴയ മൺകൂജയുണ്ടാകും അതിനകത്ത് രണ്ടുവലിപ്പത്തിലുള്ള താക്കോലുണ്ട്.
അതെടുത്ത് പുറത്തുകടന്ന് വീണ്ടും തിരിച്ചുനടക്കുക.
ശേഷം ആദ്യം കയറിയ മുറിയിലെ
തെക്കുഭാഗത്തെ മൂലയിൽ ഒരു കാൽപാദത്തിന്റെ അടയാളമുണ്ട്.
അതിന്റെ മുകളിൽ ചവിട്ടിനിന്ന് 6 അടി മുൻപിലേക്കുനടക്കണം.
ഏഴാമത്തെ അടിവക്കുന്നത് രഹസ്യ അറയുടെ വാതിലിന്റെ മുകളിലായിരിക്കും.
അവിടെയൊരു താക്കോൽ പഴുതുണ്ട്.
കൈയിലുള്ള വലിയ താക്കോലുപയോഗിച്ച് ആ വാതിൽ തുറക്കണം. അപ്പോൾ
താഴേക്ക് കുറച്ചു കല്പടവുകൾ കാണാം.
ഭയം കൂടാതെ, താഴേക്ക് ഇറങ്ങി അവസാന പടിയിൽ നിൽക്കുക. അതിന്റെ ഇടതുവശം ചേർന്ന് ഒരു ചുമരുണ്ടാകും. അവിടെയും ഒരു അറയുണ്ട്. അതിന്റെ താക്കോലാണ് കൈയിലുള്ള ചെറുത്. അതുതുറന്നാൽ വീണ്ടുമൊരു താക്കോൽ കൂട്ടമുണ്ടാകും അതെടുത്ത് താഴേക്കിറങ്ങിയാൽ മൂന്ന് വാതിലുകൾ കാണാം. അതിൽ തലയോട്ടി പതിച്ച ഒരു മുറിയുണ്ട് അതുതുറന്ന് ചുടലഭദ്രയുടെ വലിയ വിഗ്രഹത്തിന്റെ അടുത്ത് ചുവന്നപട്ടിലായിരിക്കും. ആ ചെപ്പ്.”

ഇതെല്ലാം കേട്ട് ഗൗരി അമ്പരന്നുനിന്നു.

“പക്ഷെ ഗൗരിക്ക് അതെടുക്കാൻ കഴിയില്ല. ഇവൾക്കെ പറ്റു.”
സീത അമ്മുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.

“ഇല്ല്യാ, എനിക്ക് പറ്റില്ല്യ.”
അമ്മു തീർത്തുപറഞ്ഞു.

“അമ്മു, ദുഷ്ട്ടനായ മാർത്താണ്ഡന്റെ ചതിയിൽപെട്ടതല്ലേ സീത. എന്റെ മനസുപറയുന്നു ഇതോടുകൂടി എല്ലാം അവസാനിക്കും ന്ന്.”
ഗൗരി അവളെ പറഞ്ഞുമനസിലാക്കി.

“പക്ഷെ ഗൗര്യേച്ചി മുത്തശ്ശനറിഞ്ഞാൽ..”

“മുത്തശ്ശനൊന്നുമറിയില്ല്യ. നീ ധൈര്യമായിട്ടിരിക്ക്.”
ഗൗരി അവളെ പറഞ്ഞുസമ്മതിപ്പിച്ചു.
ശേഷം സീതക്കുനേരെ തിരിഞ്ഞു.

“ഞങ്ങൾ പോകാം. പക്ഷെ ഞങ്ങളുടെ ജീവന് സംരക്ഷണം നൽകണം.”

“ഹഹഹ..”
സീത ആർത്തട്ടഹസിച്ചു.

“നീയിപ്പോഴും ഒരുകാര്യംമറന്നു ഗൗരി.
അമാവാസിയിലെ കാർത്തികയിലാണ് നിന്റെ ജനനം.
നിന്നെ അപായപ്പെടുത്താൻ മാർത്താണ്ഡൻ വരെ ഭയക്കും.”
പുഞ്ചിരിപൊഴിച്ചുകൊണ്ട് സീത പറഞ്ഞു.

“മ്, പോയ്‌കോളൂ…”
സീത വലതുകൈ ഉയർത്തി പോകുവാൻ ആംഗ്യം കാണിച്ചു.

ഗൗരി അമ്മുവിന്റെ കൈയ്യുംപിടിച്ച് ആ വീടിന്റെ ഉമ്മറത്തേക്ക് ചെന്നു.

അടഞ്ഞുകിടക്കുന്ന തിരുട്ടിവതിൽ പതിയെ തുറന്നതും പൊടിയും,മാറാലയും ഒരുമിച്ച് മുകളിൽനിന്നും താഴേക്ക് പതിച്ചു.

ഗൗരി പിന്നിലേക്ക് തിരിഞ്ഞുനോക്കി.

പുഞ്ചിരിപൊഴിച്ചുകൊണ്ട് സീത അവിടെത്തന്നെ നിൽക്കുകയായിരുന്നു.

പൊടിപടലങ്ങൾ കൊണ്ട് നിറഞ്ഞിരുന്ന ചെറിയ ഹാളിന്റെ മധ്യത്തിലായി അവർ നിന്നു.
ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും രൂക്ഷഗന്ധം ചുറ്റിലും പരന്നു.

“ഗൗര്യേച്ചി, അതാ..”
അമ്മു വിരൽചൂണ്ടിയ ഭാഗത്തേക്ക് ഗൗരി നോക്കി.

“അതെ, അതുതന്നെ വാ..”
ചെറിയ ഇടനാഴികയിലൂടെ അവർ മുന്നോട്ട് നടന്നു.

ഇടനാഴികയിലൂടെ നീങ്ങി രണ്ടാമത്തെ മുറിയുടെ വാതിലിന്റെ മുൻപിൽ അവർ നിന്നു.
മാറാല പിടിച്ചുദ്രവിച്ച ആ വാതിൽപൊളി ഗൗരി പതിയെ തുറന്നു. വവ്വാൽ കൂട്ടങ്ങൾ വലിയശബ്ദത്തോടുകൂടി പുറത്തേക്ക് വന്നു.
ആ തിരക്കിൽപെട്ട ഒരു വവ്വാൽ
അമ്മുവിന്റെ നെറ്റിയിൽ വന്നടിച്ചു.
ശേഷം വവ്വാൽ നിലത്തു വീണ് ഭയപ്പെടുത്തുന്ന ശബ്ദത്തിൽ നിലവിളിക്കാൻ തുടങ്ങി.

“ആഹ്,അമ്മേ..”
വേദനയെടുത്ത അമ്മുവിന്റെ കണ്ണിൽനിന്നും മിഴിനീർക്കണങ്ങൾ ഒഴുകാൻ തുടങ്ങി.

“ഏയ്‌, ഒന്നുല്യ അമ്മു പേടിക്കേണ്ട, ഞാനില്ലെ,വാ..”

മുറിയാകെ ചുമർ ചിത്രങ്ങളാൽ നിറഞ്ഞുനിന്നിരുന്നു.
ഭയപ്പെടുത്തുന്ന ചുടലഭദ്രയുടെ വിവിധ ഭാവങ്ങൾ.

കൗതുകത്തോടെ ഗൗരി അതെല്ലാം നോക്കിക്കണ്ടു.

കിഴക്കേ ഭാഗത്തെ ആണിയിൽ ചുടലഭദ്രയുടെ ഒരുപടം തൂക്കിയിട്ടിരിക്കുന്നത് കണ്ട ഗൗരി അമ്മുവിനോട് അതെടുക്കാൻ പറഞ്ഞു.
വിറക്കുന്ന കൈകൾകൊണ്ട് അമ്മു അതെടുത്തതും കൈയ്യിൽനിന്നും വഴുതിവീണതും ഒരുമിച്ചായിരുന്നു.

താഴെവീണ പടത്തിന്റെ ചില്ലുകൾ ചിന്നംഭിന്നമായി തെറിച്ചു വീണു.

രണ്ടടി പിന്നിലേക്ക് വച്ച ഗൗരി അണിയിൽതൂക്കിയ താക്കോൽകൂട്ടങ്ങളെ ശ്രദ്ധിച്ചു.
അതിൽ നിന്നും 9 താക്കോലുകളുള്ള ഒരു കൂട്ടം അമ്മു വലതുകൈ നീട്ടിയെടുത്തു.
ശേഷം തിരിഞ്ഞുനടന്ന അവർ
സീതപറഞ്ഞ രണ്ടാമത്തെ മുറിയിൽകയറി.
ചുറ്റിലും നോക്കിയ അമ്മു ജാലകത്തിനോട് ചെറിയ ചെറിയ മേശപ്പുറത്ത് ഒരു മൺകൂജയിരിക്കുന്നത് കണ്ടു.

“ഗൗര്യേച്ചി ദേ..”
അമ്മു ചൂണ്ടിക്കാണിച്ചു.

അവർ രണ്ടുപേരും ജാലകത്തിനോട് ചാരിനിന്നു.
അമ്മു ആ കൂജയിൽ തന്റെ വലതുകൈ ഇട്ടു.

“ആഹ്, ”
വേദനകൊണ്ട് അവൾ പെട്ടന്നു തന്നെ കൈ പിൻവലിച്ചു.

ഉടനെ ഗൗരി ആ കൂജ കമഴ്ത്തിപിടിച്ചു.
അതിൽ നിന്നും രണ്ട്‌ താക്കോൽ താഴേക്ക് വീണു.
കൂടെ കുറച്ചു കുപ്പിച്ചില്ലുകളും വളപ്പൊട്ടുകളും.

താക്കോൽ കൈക്കലാക്കിയ അവർ ആദ്യത്തെ മുറിയിലേക്ക് വീണ്ടും നടന്നു.
തെക്കുഭാഗത്തെ മൂലയിൽ അവർ സൂക്ഷമായി പരിശോദിച്ചു.
പൊടിപടലങ്ങൾ നിറഞ്ഞുനിന്നകാരണം കാൽപാടുകൾ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല.

ഗൗരി തന്റെ കൈകൾകൊണ്ട് നിലത്ത് പറ്റിപ്പിടിച്ച പൊടിപടലങ്ങളെ തുടച്ചുനീക്കി.

പതിയെ അവിടെ കാൽപാടുകൾ തെളിഞ്ഞുവന്നു.

ഒറ്റനോട്ടത്തിൽ തന്നെ അതൊരു സ്ത്രീയുടെയാണെന്ന് ഗൗരിക്ക് മനസിലാക്കാൻ കഴിഞ്ഞു.

അവൾ അമ്മുവിനോട് ആ കാൽപാദത്തിന്റെ മുകളിൽ കയറിനിൽക്കാൻ പറഞ്ഞു.

ഭയം തോന്നിതുടങ്ങിയതുകൊണ്ടായിരിക്കാം അമ്മു ആദ്യം വിസമ്മതിച്ചു.
പിന്നീട് ഗൗരിടെ നിർബന്ധിപ്രകാരം അവൾ ആ പാദത്തിന്റെ മുകളിൽചവിട്ടിനിന്ന് 6 അടി നടന്നു.
7മത്തെ അടി വച്ചഭാഗത്ത് ചെറിയ ശബ്ദവ്യത്യാസം അനുഭവപ്പെട്ടു.

ഗൗരി വേഗം അവിടെ തന്റെ കൈകൾകൊണ്ട് വൃത്തിയാക്കി.

ചെറിയ താക്കോൽദ്വാരം കണ്ട അവൾ അമ്മുവിനോട് തുറക്കാൻ ആവശ്യപ്പെട്ടു.
തന്റെ കൈയ്യിലുള്ള വലിയ താക്കോലുപയോഗിച്ച് അവൾ ആ രഹസ്യ അറയുടെ വാതിൽ പതിയെ തുറന്നു.
ദ്രവിച്ച വിജാവിരിയുടെ ഭീതിപ്പെടുത്തുന്ന ശബ്ദം ചുറ്റിലും പരന്നു.

“വാ,”
ഗൗരി പതിയെ പടവുകളിലൂടെ താഴേക്ക് ഇറങ്ങി.

എവിടെയോ നീർച്ചോലയൊഴുകുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.

അകത്തേക്ക് ചെല്ലുംതോറും അന്ധകാരം വ്യാപിക്കാൻ തുടങ്ങി.

അവസാന കൽപടവിൽ ചെന്നുനിന്ന അവർ ഇടത്തെഭാഗത്തെ ചുമരിനോടു ചാരിയുള്ള ചെറിയ അറ തന്റെ കൈയ്യിലുള്ള അവശേഷിക്കുന്ന താക്കോൽ ഉപയോഗിച്ച് തുറന്നു.

അതിൽനിന്നും വീണ്ടും മൂന്ന് താക്കോലുകളും ഒരു ബാഗും കിട്ടി.
ബാഗിനെ തിരിച്ചും മറിച്ചും നോക്കിയത്തിനു ശേഷം ഗൗരി കൈവശം വച്ചു.

അകത്തേക്ക് അടുക്കുംതോറും മാംസത്തിന്റെ രൂക്ഷഗന്ധം ചുറ്റിലും പരക്കാൻ തുടങ്ങി.

അമ്മുവിന്റെ നാസികയിലേക്ക് അടിച്ചുകയറിയ ദുർഗന്ധം വായിലൂടെ ഛർദ്ദിച്ചുകൊണ്ട് പുറത്തേക്ക് വന്നു.

“ഗൗര്യേച്ചി നിക്ക് പേടിയാവുന്നു. നമുക്ക് തിരിച്ചു പോകാം.”
കിതച്ചുകൊണ്ട് അമ്മു പറഞ്ഞു.

“നിൽക്ക്, ഇത്രേം ആയില്ല. ദേ ആ കാണുന്നതാണ് സീതപറഞ്ഞ മുറി.”

അവർ രണ്ടുപേരും തലയോട്ടി പതിച്ച ആ മുറിയെ ലക്ഷ്യമാക്കി നടന്നു.
അമ്മു കൈയുള്ള താക്കോൽ ഉപയോഗിച്ച് ആ മുറി തുറന്നു.

അവിടെ കണ്ട കാഴ്ച്ച അവരെ ഭയത്തിന്റെ മുൾമുനയിൽ നിറുത്തി.

ചുടലഭദ്രയുടെ വലിയ വിഗ്രഹം ചുറ്റിലും 7 നിലവിലക്കുകൾ അഞ്ചുതിരിയിട്ട് കത്തിച്ചു വച്ചിരിക്കുന്നു.

അതിന്റെ അടുത്ത് വലിയൊരു മരത്തിന്റെ തടി, അതിനുചുറ്റും രക്തം കട്ടപിടിച്ചു നിൽക്കുന്നുണ്ടായിരുന്നു.
നിലത്ത് മുറിച്ച ഒരുപാട് മുടികൾ കിടക്കുന്നുണ്ട്

വിഗ്രഹത്തിന് ധാരയായി മുകളിൽ നിന്നും എന്തൊ ദ്രാവകം ഒഴുകിവരുന്നതുകാണാം

“മതി ഗൗര്യേച്ചി വാ പോകാം..”
ഭയംകൊണ്ട് അമ്മുവിന്റെ ശബ്ദം ഇടറി.

വിഗ്രഹത്തിന്റെ വലതുഭാഗത്ത് ചുവന്ന പട്ടിൽ ഒരു ചെപ്പ് ഇരിക്കുന്നുണ്ടായിരുന്നു

“അമ്മു, ദേ സീത പറഞ്ഞ ചെപ്പ്. അതിങ്ങടുക്കൂ..”

അമ്മു പതിയെ ആ ചെപ്പ് കൈക്കലാക്കി.
പെട്ടന്ന്

നിലവിളക്കുകൾ ഓരോന്നായി അണയാൻ തുടങ്ങി.

അവസന നിലവിളക്ക് അണഞ്ഞതും അടുത്തുള്ള ഹോമാകുണ്ഡത്തിന് അഗ്നിപിടിച്ചതും ഒരുമിച്ചായിരുന്നു.

ആളിക്കത്തുന്ന അഗ്നിയിലേക് അമ്മു സീതയുടെ മോതിരവിരലും മരതക മോതിരവും വലിച്ചെറിഞ്ഞു.

പെട്ടന്ന് അഗ്നി നീലനിറമായിമാറി.
കൂടെ ആരോ നിലവിളിക്കുന്ന ശബ്ദവും.

“അമ്മൂ, ഇനിയിവിടെ നിൽക്കുന്നത് അപകടമാണ്. വാ..”

ഗൗരി അമ്മുവിന്റെ കൈയ്യും പിടിച്ച് തിരിഞ്ഞോടി.

കൽപ്പടവുകൾ താണ്ടി അവർ നിമിഷ നേരംകൊണ്ട് മാർത്താണ്ഡന്റെ താവളത്തിൽ നിന്നും പുറത്തുചാടി.

പക്ഷെ അവരെ കത്ത് സീതപുറത്ത് കാത്തുനിൽക്കുണ്ടായിരുന്നു.

സീതയെകണ്ട അമ്മു രണ്ടുകൈകളും ശിരസിനോട് ചേർത്തുവച്ച് ഉച്ചത്തിൽ നിലവിളിച്ചു.
ഗൗരിയുടെ തൊണ്ട വറ്റിവരണ്ടു.
നിലവിളിക്കാൻ അവൾക്ക് ശബ്ദംപൊങ്ങിയില്ല.

സീതയുടെ നെറ്റിയിൽ എന്തോ മുറിവ് രൂപപ്പെട്ടിരിക്കുന്നു. അതിൽനിന്നും രക്തം പൊടിയുന്നുണ്ട്.
അടിച്ചുണ്ടിനെ പിന്നിലാക്കി അവളുടെ ദ്രംഷ്ടകൾ വളരാൻ തുടങ്ങിയിരുന്നു
കണ്ണുകളിൽ നിന്നും ചുടുരക്തം ഒലിച്ചിറങ്ങി.

തുടരും…



24640cookie-checkവാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 10