വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 12

കിഴക്കേ ജാലകപ്പൊളി തുറന്നുനോക്കിയ ഗൗരി ഭയംകൊണ്ട് രണ്ടടി പിന്നിലേക്കുവച്ചു.

നിലാവിന്റെ വെളിച്ചത്തിൽ

കറുത്തുരുണ്ട് മഞ്ഞക്കണ്ണുകളുമായി ഒരു കരിമ്പൂച്ച ജാലകത്തിനടുത്തുവന്നിരുന്ന് ഗൗരിയെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചുറ്റിലും പാലപ്പൂവിന്റെയും അരളിയുടെയും ഗന്ധമൊഴുകാൻതുടങ്ങിയിരുന്നു.

പെട്ടന്നുതന്നെ അവൾ ജാലകപ്പൊളി കൊട്ടിയടച്ചു.

“എന്താ ഗൗര്യേച്ചി..”

എഴുന്നേറ്റിരുന്ന് അമ്മു ചോദിച്ചു.

“ഒന്നുല്ല്യാ അമ്മൂ. നീ കിടന്നോളൂ. എനിക്കൽപ്പം വായിക്കാനുണ്ട്.”

ഗൗരി തിരിച്ച് കിടക്കയിൽ ടേബിൾലൈറ്റ് കത്തിച്ച് ചുമരിനോട് ചാരിയിരുന്നു.

കിളിവാതിലിലൂടെ തണുത്തകാറ്റ് അകത്തേക്ക് ഒഴുകിയെത്തി.

മേലാസകലം കോരിത്തരിച്ച ഗൗരി തന്റെ ശരീരമൊന്നു കുടഞ്ഞു.

“ഹോ, ഇന്നെന്താ ഒരു തണുത്തകാറ്റ്..”

അവൾ തന്റെ അഴിഞ്ഞുവീണ മുടിയിഴകളെ കൈകളിൽ ഒതുക്കി പിന്നിലേക്ക് കെട്ടിവച്ച് അല്പനേരം തന്റെ മിഴികളടച്ചുകൊണ്ട് മനസിനെ ഏകഗ്രമാക്കി.

അടുത്തനിമിഷം നിദ്രാദേവി

അവളെത്തേടിയെത്തി

വായിക്കാനിരുന്ന ഗൗരിയെ നിദ്രയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

രാത്രിയുടെ യാമങ്ങൾകടന്നുപോയി.

ഇരുട്ടിനെ ഭയക്കാത്ത അനിക്ക് രാത്രികാലങ്ങളിൽ മാർത്താണ്ഡന്റെ താവളത്തിലേക്കൊരു സഞ്ചാരമുണ്ട്.

അപ്പൂപ്പൻക്കാവിൽ നിന്നും അല്പം വടക്കോട്ടുമാറി രണ്ട് ഗ്രാമങ്ങളുടെ അതിർത്തി പങ്കിടുന്ന നെല്ലിക്കുന്ന് എന്ന ചെറിയവനത്തിനുള്ളിൽ മുളകൊണ്ടു നിർമ്മിച്ച കൂരക്കുള്ളിലായിരുന്നു മാർത്താണ്ഡൻ ആഭിചാരകർമ്മങ്ങൾ നടത്താൻ പ്രത്യേകം തയ്യാറാക്കിയ പുതിയഇടം.

ചെറിയ ചോലകളും, കുറ്റിക്കാടുകളും താണ്ടി അനി നെല്ലികുന്നിലേക്ക് കാലെടുത്തു വച്ചതും

ഉടനെ ഒരു മൂങ്ങ അയാൾക്ക് വഴിതടസമുണ്ടാക്കി വന്നുനിന്നു.

അതിന്റെ കണ്ണുകൾ അന്ധകാരത്തിലും വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.

അനി കഴുത്തിൽ കിടന്ന ചുവപ്പും,കറുപ്പും നിറമുള്ള ചെറിയരക്ഷ പുറത്തേക്കിട്ടു.

അതുകണ്ട മൂങ്ങ ഉടൻതന്നെ കാർമേഘം പുതച്ച വിണ്ണിലേക്ക് പറന്നുയർന്നു.

അല്പദൂരം നടന്ന അനി ചാണകമെഴുകിയെ ഒരു കൂരയുടെ മുറ്റത്ത് ചെന്നുനിന്നു.

ഓലകൊണ്ട് നിർമ്മിച്ച വാതിൽ അവൻ പതിയെ തുറന്നു.

എണ്ണത്തിരിയുടെ വെളിച്ചത്തിൽ

അകത്ത് ചെത്തിയിറക്കിയ പനങ്കള്ളുകുടിക്കുകയായിരുന്നു മാർത്താണ്ഡൻ.

“മ്, എന്താ അനി “മാംസംകരിഞ്ഞഗന്ധം അനിയുടെ നാസികയിലേക്ക് തുളഞ്ഞുകയറിപ്പോൾ അയാളറിയാതെ മൂക്കുപൊത്തി.

“നമ്മൾ ഊഹിച്ചത് ശരിയാണ്. തിരുമേനിയുടെ മകന്റെ പുത്രി ഗൗരി.

അമാവാസിയിലെ കാർത്തിക.”

“ഹഹഹ….”

മാർത്താണ്ഡൻ ആർത്തട്ടഹസിച്ചു.

“ഉപാസനാമൂർത്തികളേ,

എനിക്ക് ശക്തിപകരൂ,”

രണ്ടുകൈകളും മുകളിലേക്കുയർത്തികൊണ്ട് അയാൾ പറഞ്ഞു.

“ഞാൻ പറഞ്ഞ സാധനം കിട്ടിയോ ?..”

ഇരിപ്പിടത്തിൽനിന്നുംമെഴുന്നേറ്റ് അയാൾ ചോദിച്ചു.

“ഉവ്വ്.”

അനി അരയിൽനിന്നും ഒരു പൊതിയെടുത്ത് അയാൾക്കുനേരെ നീട്ടി.

തൊട്ടപ്പുറത്ത് തളികയിൽ കുങ്കുമവും, മഞ്ഞൾപൊടിയും കൊണ്ട് ഗുരുതി തയ്യാറാക്കിവച്ചിരുന്നു അതിന്റെ മുകളിലേക്ക് ആ പൊതിതുറന്ന് അനി സൂത്രത്തിൽ കൈക്കലാക്കിയ, വാഴയിലയിൽ സൂക്ഷിച്ച ഗൗരിയുടെ ഒരു മുടിയിഴ ഇലയോടുകൂടി വച്ചു.

മാർത്താണ്ഡൻ തന്റെ കൈയ്യിലുള്ള ദണ്ഡ് ഗൗരിയുടെ മുഴിയിഴക്കുനേരെ നീട്ടി.

ഉടനെ അത് വാഴയിലയിൽ കിടന്നുപിടഞ്ഞു.

അതുകണ്ട അയാൾ ആർത്തുചിരിച്ചു.

“എന്റെ അടുത്ത പൂജക്കുള്ള കന്യക നീയാണ്. ഹഹഹ……”

മുടിയിഴയെ നോക്കി മാർത്താണ്ഡൻ പറഞ്ഞു.

“അനി, നീ സീതയെ വശീകരിച്ചപോലെ ഇവളെയും വശീകരണം. ഒരു കാരണവശാലും ശരീരത്തിൽ സ്പർശിക്കരുത്. എന്റെ പൂജ കഴിഞ്ഞാൽ. പിന്നെ സീതയെപ്പോലെ ഇവളുടെ ശരീരവും നിനക്ക് സ്വന്തം., ഹഹഹ…”

മാർത്താണ്ഡൻ വീണ്ടും ആർത്തട്ടഹസിച്ചു.

“മ് പൊയ്ക്കോളൂ…”

അനി അയാളുടെ അനുഗ്രഹം വാങ്ങി ഗൗരിയെ മനസിലോർത്തുകൊണ്ട് ബ്രഹ്മപുരത്തേക്ക് തിരിച്ചു.

പെട്ടന്ന് എങ്ങുനിന്നോ ഒരു മൂങ്ങ മാർത്താണ്ഡന്റെ വലതുതോളിൽവന്നിരുന്നു.

മൂങ്ങ അയാളുടെ ചെവിയിൽ എന്തോ മന്ത്രിച്ചു.

അത്രയും നേരം സന്തോഷവാനായിരുന്ന അയാളുടെ മുഖത്തിന് പെട്ടന്നു ഭാവമാറ്റം സംഭവിച്ചു.

“എന്ത്, സീത ബന്ധനം ഭേദിച്ച് സ്വതന്ത്രയായിന്നോ..

ഇല്ലാ….”

അയാൾ അലറിവിളിച്ചു.ഉടൻ മാർത്താണ്ഡൻ ചെറിയ ഉരുളിയിൽ ശുദ്ധജലം നിറച്ച്

ഹോമകുണ്ഡത്തിന്റെ അടുത്തുകൊണ്ടുവന്നുവച്ചു.

ഹോമകുണ്ഡത്തിന് അഗ്നിപകർന്നു.

ശേഷം ഉരുളിയിലേക്ക് അയാൾ ചൂണ്ടുവിരലിന്റെ തലപ്പ് വാളുകൊണ്ട് മുറിച്ച് ഏഴുതുള്ളി രക്തം അതിലേക്കിറ്റിച്ചു.

ഉടനെ ശുദ്ധലം മുഴുവനും രക്തമായിമാറി.

“ഉപാസനാ മൂർത്തികളേ….

എനിക്ക് ശക്തിതരൂ…

‘ഐം ക്ലീം ചുടലഭഭ്രായ

ഐം ക്ലീം ചുടലഭഭ്രായ

ഐം ക്ലീം ചുടലഭഭ്രായ’

നിമിഷനേരം കൊണ്ട് ഉരുളിയിൽ പുകവന്നുനിറഞ്ഞു.

പതിയെ സീതയുടെ ദ്രംഷ്ഠകൾവളർന്ന മുഖം ഉരുളിയിൽ പ്രത്യക്ഷപ്പെട്ടു.

“ഹഹഹ….”

അവൾ ആർത്തട്ടഹസിച്ചു.

“നീ എന്താ കരുതിയെ, വർഷങ്ങളോളം എന്നെ അടിമയാക്കി ക്രൂരകൃത്യങ്ങൾ ചെയ്യാമെന്നോ ?..

ഇനിയുള്ള നിന്റെ നാളുകൾ എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു മാർത്താണ്ഡാ.

നിന്റെ സഹായി ആ ശിഖണ്ടിയോടും കൂടെ പറഞ്ഞോളൂ…”

“ഹും, എന്റെ കാൽക്കൽ ഒരുപട്ടിയെപോലെ നിന്ന് കെഞ്ചിയ നീയാണോ എന്നെ വെല്ലുവിളിക്കുന്നത്. ഹഹഹ

സീതേ, നിന്നെ ശങ്കരൻതിരുമേനിയുടെ കൈകളിൽ നിന്നും മോചിപ്പിച്ച് എന്റെ അടിമയാക്കിയിട്ടുണ്ടെങ്കിൽ,

അടുത്തയാമത്തിൽ വീണ്ടും നിന്നെ ബന്ധിക്കാൻ എനിക്കുകഴിയും.”

പരിഹാസത്തോടെ മാർത്താണ്ഡൻ പറഞ്ഞു.

“ഹഹഹ,”

അവൾ അട്ടഹസിച്ചു.

” ഇനി ഈ പുഞ്ചിരി അധികനാളുണ്ടായിരിക്കില്ല്യ,

നിന്റെ അന്ത്യം അടുത്തിരിക്കുന്നു മാർത്താണ്ഡാ..

ഒരുപാട് പെൺകുട്ടികളെ നിന്റെ അഴുക്കായ പൂജയിലേക്ക് വശീകരിച്ചുകൊണ്ടുവരുമ്പോഴും നീയറിയുന്നില്ല അവൾക്ക് ഒരു മനസുണ്ട്, ഒരുപാടുസ്വപ്നങ്ങളുണ്ട്, ഒരു ജീവിതമുണ്ടെന്ന്. നിന്റെ നീചപ്രവർത്തിയിലെ അവസാനത്തെ കണ്ണിയാണ് ഞാൻ. ഇതോടെ അവസാനിക്കണം നീയും നിന്റെ അഭിചാരകർമ്മങ്ങളും.

ഇനി ദൈവത്തിന്റെ ഒരിടപെടൽ മാത്രമാണുണ്ടാകുക ഓർമ്മവച്ചോളൂ.

അത്രേയും പറഞ്ഞ് സീത അപ്രത്യക്ഷയായി.

“ആ……………”

ഉച്ചത്തിൽ അയാൾ അലറി.തന്റെ വലതുകൈകൊണ്ട് ഉരുളിയിലേക്ക് മാർത്താണ്ഡൻ ആഞ്ഞടിച്ചു.

അയാളുടെ ഗർജ്ജനം നെല്ലിക്കുന്ന് മുഴുവനും പ്രകമ്പനംകൊണ്ടു.

“ദൈവം,ദൈവം,ദൈവം, എന്റെ ദൈവം ഞാൻതന്നെയാണ്…”

ഉരുളിയിലുണ്ടായിരുന്ന രക്തം പകുതിയും അയാളുടെ മുഖത്തും വസ്ത്രങ്ങളിലും തെറിച്ചു.

വലതുകൈകൊണ്ട് അയാൾ മുഖത്തേക്ക് തെറിച്ച രക്തത്തുള്ളികളെ തുടച്ചുനീക്കി.

“ഏയ്‌ ഗൗരീ, ഉറങ്ങുവാണോ,”

ആരോ വിളിക്കുന്നതുകേട്ട ഗൗരി നിദ്രയിൽനിന്നും ഞെട്ടിയെഴുന്നേറ്റു.

ചുറ്റിലുംനോക്കിയ അവൾക്കൊന്നും ദർശിക്കാൻ കഴിഞ്ഞില്ല.

അരണ്ടവെളിച്ചതിൽ ആരോ കിഴക്കേ ജാലകത്തിനടുത്തു വന്നുനിൽക്കുന്നു.

“അ…ആരാ അത്, ”

ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു.

പതിയെ നീലനിറമുള്ള ഒരു ജ്വാല അവിടെ പ്രകാശിക്കാൻ തുടങ്ങി.

പുതപ്പുമാറ്റി അവൾ കട്ടിലിൽ നിന്നുമെഴുന്നേറ്റു.

ഓരോ നിമിഷംകൂടുന്തോറും പ്രകാശം മൂന്നിരട്ടിയായി വർധിച്ചു.

“ഗൗരി, ഓരോ ജന്മത്തിനും ഓരോ കർത്തവ്യമുണ്ട്

അമാവാസിയിലെ കാർത്തിക നാളിൽജനിച്ച നിനക്ക് നിന്റെ കർത്തവ്യംചെയ്യാനുള്ള സമയമായി. ഒരുങ്ങിക്കൊള്ളുക.”

അത്രേയും പറഞ്ഞ് പെട്ടന്ന് ആ ജ്വാല അണഞ്ഞു.