വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 1

ഗൗരീ…..

അഞ്ജലി നീട്ടിവിളിക്കുന്നതുകേട്ട് ഗൗരി പുതപ്പിനുള്ളിൽ നിന്ന് തല പുറത്തേക്കിട്ടുകൊണ്ട് അവളെ തീക്ഷ്ണമായിനോക്കി.

പുറത്തുനിന്ന് അരുണരശ്മികൾ ജാലകത്തിലൂടെ ഫ്ലാറ്റിനകത്തേക്ക് ഒരു വിരുന്നുകാരനെപോലെ ഒഴുകിയെത്തി.

മേശക്ക് മുകളിൽ ആവിപറക്കുന്ന കട്ടൻചായ ഗൗരിയെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

ഇളംവെയിൽ അവളെ തഴുകിതലോടിയപ്പോൾ

കിടക്കയിൽ നിന്നുമെഴുന്നേറ്റ് തന്റെ മേശപ്പുറത്ത് വച്ച കൃഷ്ണന്റെ ചെറിയ വിഗ്രഹത്തെ തൊഴുത് വീണ്ടും അഞ്ജലിയെത്തന്നെ നോക്കി.

“ന്തടി.., നോക്കി പേടിപ്പിക്കുന്നോ, കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും. പോയി കുളിച്ചിട്ട് വാടി”

നനഞ്ഞ കാർകൂന്തൽ ഫാനിന്റെ മുൻപിൽ പരത്തിയുണക്കുന്നതിനിടയിൽ അഞ്ജലി പറഞ്ഞു.

“നീ പോടി, നൂലുണ്ടെ..! ഹും”

“എടി… വേണ്ട നീ, കഴിഞ്ഞതവണ കിട്ടിയത് ഓർമ്മയുണ്ടല്ലോ…”

തലമുടിചീകുന്ന ചീർപ്പ് ഗൗരിയുടെ നേരെ ചൂണ്ടികൊണ്ട് അഞ്ജലി പറഞ്ഞു.

“ഹോ… അതിനിത്തിരി പുളിക്കും.

ബാത്‌റൂമിലേക്ക് കടക്കുന്ന വാതിലിന്റെ അടുത്തു നിന്നുകൊണ്ട് ഗൗരി വെല്ലുവിളിച്ചു.

ദിവസങ്ങൾക്കുമുൻപ് ഒരു പുലരിയിൽ ഗൗരി അഞ്ജലിയെ ‘നൂലുണ്ടെ’ എന്നൊന്ന് വിളിച്ചിരുന്നു.

കൈയ്യിൽ കിട്ടിയ എസിയുടെ റെമോർട്ട്കൊണ്ട് അവൾ ഗൗരിയെ അതുവച്ചൊരെറ് കൊടുത്തു.

ഉന്നംവച്ചെറിഞ്ഞപോലെ അത് കൃത്യമായി ഗൗരിയുടെ ഇടത് കണ്ണിന് മുകളിലെ നെറ്റിയിൽ ചെന്നുപതിച്ചു.

നെറ്റിപൊത്തി ഗൗരി നിന്ന് കരയുന്നത് കണ്ട അഞ്ജലി അടുത്തചെന്ന് നോക്കിയപ്പോൾ പൊത്തിയ കൈക്കുള്ളിലൂടെ രക്തം ഒഴുകാൻ തുടങ്ങിയിരുന്നു.

ഉടനെ ആശുപത്രിയിൽ ചെന്ന് രണ്ട് സ്റ്റിച്ചിട്ടു.

നെറ്റിയുഴിയുന്നത് കണ്ട അഞ്ജലി അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പുഞ്ചിരിച്ചിരുന്നു.

“ഈ സ്റ്റിച്ചിന് മറുസ്റ്റിച്ചിട്ടില്ലങ്കിൽ എന്റെ പേര് നിന്റെ പട്ടിക്കിട്ടൊ…ഹും..”

ബാത്റൂമിലേക്ക് കയറി അവൾ വാതിൽ ശക്തിയായി കൊട്ടിയടച്ചു.നൈറ്റിയൂരി ആങ്കറിൽ തൂക്കിയിട്ട് ഷവർതുറന്ന് ഗൗരി കണ്ണാടിക്കു മുൻപിലേക്ക് ചേർന്നുനിന്നു.

പെട്ടന്ന് ബാത്റൂമിലെ ലൈറ്റ് മിന്നിക്കളിക്കാൻ തുടങ്ങി.

“ആരാ… സ്വിച്ചിൻമേ കളിക്കണെ..?”

ഗൗരി ഉറക്കെ വിളിച്ചു ചോദിച്ചു.

പതിയെ ലൈറ്റ് അണഞ്ഞു.

പൊതുവെ ഇരുട്ട് ഭയമുള്ള ഗൗരി അഞ്ജലിയെ അലറിവിളിച്ചു.

“അഞ്ജലി…….

വേണ്ടാ…. മതി, നിന്റെ തമാശ കുറച്ചുകൂടുന്നുണ്ട്.”

കുളികഴിഞ്ഞ്

പുറത്തേക്കിറങ്ങി അവൾ സ്വിച്ച്‍ബോർഡിലേക്ക് നോക്കി.

സ്വിച്ച്‍ ഓഫ്‌ ചെയ്തിരുന്നു.

“അഞ്ജലീ…. ”

ഗൗരി ഫ്ലാറ്റ് മുഴുവൻ തിരഞ്ഞു പക്ഷെ അവളെ കണ്ടില്ല.

വാതിൽതുറന്ന് അവൾ പുറത്തേക്കിറങ്ങി.

“ഹോ… നീയിവിടെയിരിക്കുവാണോ..”

ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ജലിയുടെ കൈയിൽ അടിച്ചുകൊണ്ട് ഗൗരി ചോദിച്ചു.

“ഹാ… പ്ലീസ് ഡാ… ഞാനൊന്ന് സംസാരിച്ചോട്ടെ…”

“നീയെന്തിനാ ലൈറ്റ് ഓഫ് ചെയ്തത്.”

ദേഷ്യത്തോടെ ഗൗരി ചോദിച്ചു.

“ഞാനോ…. നീ കുളിക്കാൻ കയറിയപ്പോൾതന്നെ ഞാൻ ഇങ്ങട് പോന്നു. പിന്നെ ആരാ ഓഫ്‌ ചെയ്യാൻ.?”

“നീയല്ലേ… അപ്പപിന്നെ….

ദേവീ , കുളിക്കാൻ പോണുന്നതിന് മുൻപേ ഞാൻ സ്വിച്ച്‍ഇട്ടതാണല്ലോ.. പിന്നെ ആരാ ഓഫാക്ക്യേ…”

മറുത്തൊന്നും സംസാരിക്കാതെ ഗൗരി ഫ്ലാറ്റിന്റെ വരാന്തയിൽ നിന്ന് റൂമിലേക്ക് നടന്നു.

ബാത്റൂമിന് നേരെയുള്ള സ്വിച്ച് ബോർഡിലേക്ക് നോക്കിയ ഗൗരി പകച്ചുനിന്നു.

ബാത്റൂമിലെ ലൈറ്റ് തെളിഞ്ഞിരിക്കുന്നു.

“ഇതെങ്ങനെ..സംഭവിച്ചു “

അല്പനേരം അവൾ ചിന്തിച്ചു നിന്നു. എന്നിട്ട്

മേശപ്പുറത്ത് വച്ച കൃഷ്ണന്റെ വിഗ്രഹത്തിന് മുൻപിൽ തിരിതെളിയിച്ച് പ്രാർത്ഥിച്ചു.

“അഞ്ജന ശ്രീധരാ

ചാരുമൂര്‍ത്തേ, കൃഷ്ണാ

അഞ്ജലി കൂപ്പി വണങ്ങിടുന്നേന്‍

ആനന്ദലങ്കാര വാസുദേവാ, കൃഷ്ണാ

ആദങ്കമെല്ലാം അകറ്റീടേണം.

ഇന്ദിര നാഥ ജഗന്നിവാസ, കൃഷ്ണാ”

ശേഷം മുറിയിൽകയറി അവൾ വസ്ത്രം മാറി യൂണിഫോം എടുത്തുധരിച്ച് മുഖം മിനുക്കാൻ കണ്ണാടിക്കുമുൻപിൽ ചെന്നുനിന്നു.

വലത്തെ മോതിരവിരലിൽ അഞ്ജനം തോണ്ടിയെടുത്ത് തന്റെ കരിനീല മിഴിയിൽ ചാലിക്കുവാൻ കണ്ണാടിയുടെ അടുത്തേക്ക് നിന്നതും

ഭയപ്പെട്ടുകൊണ്ട് ഗൗരി രണ്ടടി പിന്നിലേക്ക് നിന്നു.

കണ്ണാടിയിൽ തന്റെ പ്രതിബിംബത്തിന് പകരം ഒരു നിഴൽ മാത്രം.

കാലിന്റെ വിരലിൽ നിന്നും ഭയം പൊട്ടിപുറപ്പെട്ട് ശിരസിലേക്ക് അടിച്ചുകയറി.ധൈര്യം ചോർന്നുപോയ അവൾ അലറിവിളിച്ചു.

ഫ്ലാറ്റിന്റെ വരാന്തയിൽ ഫോൺ വിളിച്ചുകൊണ്ടിരിക്കുകയായിരുന്ന

അഞ്ജലി ഗൗരി നിലവിളിക്കുന്നതുകേട്ട് ഓടിവന്നപ്പോഴേക്കും അവൾ

ബോധരഹിതയായി നിലത്ത് വീണിരുന്നു.

ഉടനെ മുഖത്തേക്ക് കുറച്ചുവെള്ളം തെളിച്ച് കവിളിൽ തട്ടി അഞ്ജലി അവളെ തട്ടിവിളിച്ചു.

“ഗൗരീ…,ഗൗരി…. ന്താ പറ്റിയേ…?”

“അവിടെ ആരോ… ഞാൻ കണ്ടു, കറുത്ത ഒരു രൂപം….”

ഇടറിയശബ്ദത്തിൽ അവൾ എങ്ങനെയോ അഞ്ജലിയോട് പറഞ്ഞു.

“മണ്ണാങ്കട്ട…., രാത്രി ഓരോ കഥകളും വായിച്ചുകിടക്കും, എന്നിട്ട് മനുഷ്യനെ പേടിപ്പിക്കാൻ വേണ്ടി…. എണീറ്റ് കോളേജിൽ പോടി…”

അഞ്ജലി അവളെപിടിച്ചെഴുന്നേല്പിച്ച് വീണ്ടും ഫ്ലാറ്റിന്റെ വരാന്തയിലേക്ക് നടന്നുനീങ്ങി.