വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 2

“ഗൗരി…. ക്യാൻ യൂ ടെൽ മീ… അബൗട് യൂർ വില്ലേജ്..”
കൂട്ടത്തിലുള്ള ആസാംകാരി ഹെന്ന ചോദിച്ചു.

“മ്…. ഇറ്റ് ഈസ് എ ട്രഡീക്ഷണൽ പ്ലൈസ്. വീ ഹാവ് എ ലോട്ട് ഓഫ് ടെമ്പിൾ,പഡ്ഢി ഫാം, പൂള്സ്, ആൻഡ്‌ അതെർ അൺബിലീവബിൾ സീക്രട്‌സ്..”

“വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ്.”
ഹെന്ന പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“ആൻഡ് യൂ നോ സംതിംങ് , ഞാനിതുവരെ അവിടെ പോയിട്ടില്ല ഇത്തവണ ഞാൻ അവിടെയാ പോണേ…
എന്റെ മനസുപറയുന്നു, എനിക്ക് വേണ്ടി എന്തോ, ആരോ അവിടെ കാത്തിരിക്കുന്നുണ്ടെന്ന്..”
ആകാശത്തേക്ക് നോക്കിക്കൊണ്ട് ഗൗരി പറഞ്ഞു.

ക്ലാസ് കഴിഞ്ഞ് ഗൗരി അഞ്ജലിയോടൊത്ത് ഫ്ലാറ്റിലേക്ക് പോയി.

ഫ്ലാറ്റിന്റെ മുറ്റത്ത് ഒന്നുരണ്ട് പോലീസ് ജീപ്പ് നിറുത്തിയിട്ടിട്ടുണ്ടായിരുന്നു.

ഗേറ്റിന് മുൻപിൽ ഒരു പോലീസുകാരൻ അവരുടെ വാഹനത്തിന് നേരെ കൈകാണിച്ചു.

ഗ്ലാസ് താഴ്ത്തിയ ഉടൻ അയാൾ കാറിനുള്ളിലേക്ക് നോക്കി.

“എല്ലികെ തള്ളി ഓകതു.”
(എങ്ങോട്ടാ ഈ തള്ളികയറുന്നെ..)
ദേഷ്യത്തോടെ പോലീസുകാരൻ ചോദിച്ചു.

“സർ നമ്മനമേലയ്‌തെ അതികെ ഓക്‌താത്.
(ഞങ്ങൾ ഇവിടെയാണ് താമസിക്കുന്നെ..)

“യാവതു ഫ്ലോർ..?
(ഏത് ഫ്ലോർ..?)

“ഏളു.”
(ഏഴ്)

“മേലക്കിടെ എസ് ഐ സർ ഇതേ അല്ലിയോയി മാത്താട്.”
(മുകളിൽ എസ് ഐ സർ ഉണ്ടാകും… അദ്ദേഹത്തെ ചെന്ന് കാണണം.)

“ഐയെനു സാർ.?”
(എന്തിനാ സാർ..)

“എളിത് ഒത്തായിൽവാ..,ഓകൂ.
(പറയുന്നത് കേട്ടാൽ മതി.. മ് പൊയ്ക്കോളൂ..”)
രൗദ്രഭാവത്തിൽ അഞ്ജലിയോട് പറഞ്ഞിട്ട് അയാൾ ഫ്ലാറ്റിന്റെ മുൻഭാഗത്തേക്ക് നടന്നു നീങ്ങി.

“ന്താടാ ഇത്…”അഞ്ജലി സൈഡ് സീറ്റിലിരിക്കുന്ന ഗൗരിയോട് ചോദിച്ചു

“ആ… എനിക്കറിയില്ല്യാ…”
ഗൗരി കൈമലർത്തി

കാർ പാർക്ക് ചെയ്ത് അവർ രണ്ടുപേരും ലിഫ്റ്റ് വഴി മുകളിലേക്ക് പോയി.

ഏഴാം നിലയിൽ ലിഫ്റ്റ് ചെന്നുനിന്നു.
ഔട്ടോമേറ്റിക്ക് ഡോർ തുറന്നതും വരാന്തയിൽ ഫ്ലാറ്റിലെ മുഴുവൻപേരും നിരന്നു നിൽക്കുന്നുണ്ടായിരുന്നു.

കൂട്ടത്തിൽ ഫെഡറൽ ബാങ്കിൽ അക്കൗണ്ടന്റ് ആയിജോലിചെയ്യുന്ന മലയാളി ചേച്ചിയുണ്ട്.
അവരെ കണ്ട് ഗൗരി കാര്യം അന്വേഷിച്ചു.

“7 ബി യിലെ ഡോക്ടറുടെ മകളില്ലേ താര, ആ കുട്ടി ആത്മഹത്യ ചെയ്തു.”

ഞെട്ടലോടെയാണ് അവർ രണ്ടുപേരും ആ വാർത്ത കേട്ടത്.

“രാവിലെ കോളേജിലേക്ക് പോകുമ്പോ അവൾ ഫോണിൽ സംസാരിച്ചു നിൽക്കുന്നത് ഞാൻ കണ്ടതാ.”

ഇറ്റിവീഴുന്ന വിയർപ്പുതുള്ളികളെ തുടച്ചുനീക്കികൊണ്ട് ഗൗരി പറഞ്ഞു.

അഞ്ജലിയുടെ മിഴികൾ കലങ്ങിയിരുന്നു
കൃഷ്ണമണികൾക്കിടയിലുള്ള ഞരമ്പുകൾ ചോരക്കളറിൽ തടിച്ചു നിന്നു.

എസ് ഐ യെ ചെന്നുകണ്ട് അവർ കാര്യങ്ങൾ പറഞ്ഞു.
ശേഷം അവർ രണ്ടുപേരും മുറിയിലേക്ക് നടന്നുനീങ്ങി.
അഞ്ജലി ഡോർ തുറന്ന് ആദ്യം കയറി.
ഗൗരി കയറാൻ നിന്നതും സെവൻ ഫ്ലോറിന്റെ അവസാന ഭാഗത്ത് എന്തോ ശബ്ദം കേട്ടു.

ബാഗ് സോഫയിലിട്ട് അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നടന്നു.

വരാന്തയിലൂടെ നടന്ന് സിക്സ് ഫ്ലോറിലേക്കുള്ള കോണിപ്പാടികൾക്കിടയിൽ ആരോ നടന്നുപോകുന്ന ശബ്ദം അവൾ ശ്രവിച്ചു.

ചുറ്റിലും മാംസം കരയുന്ന മണം.
ഛർദ്ദിക്കാൻ തോന്നിയെങ്കിലും അവൾ വലതുകൈകൊണ്ട് വായ പൊത്തിപ്പിടിച്ചു.

പതിയെ താഴേക്കുള്ള കോണിപ്പാടികൾക്കിടയിലൂടെ ഗൗരി ഒളിഞ്ഞു നോക്കി.

നെറ്റിൽ നിന്നും വിയർപ്പുതുള്ളികൾ ഒലിച്ചിറങ്ങാൻ തുടങ്ങി.
കൈകാലുകൾ വിറയൽകൊണ്ടു.

ജലാംശം നഷ്ട്ടപെട്ട തൊണ്ടയെ അവൾ വലതുകൈകൊണ്ട് ചേർത്തുപിടിച്ചു.

രാവിലെ കണ്ട അതേ രൂപം,
കാലുകൾ നിലത്ത് സ്പർശിക്കാതെ ആ കറുത്തരൂപം വായുവിൽ തന്നെ നിൽക്കുകയായിരുന്നു.
സ്ത്രീ ആണോ പുരുഷനാണോയെന്ന് ഒറ്റയടിക്ക് മനസിലാക്കത്ത ആ രൂപം അതിന്റെ വലതുഭാഗത്തേക്ക് കൈയുയർത്തി ആരെയോ മാടിവിളിച്ചു.

നിമിഷങ്ങൾ കൊണ്ട് ഒരു പെൺകുട്ടി അതിന്റെ കൈകളിലേക്ക് വന്നുചേർന്നു.

സൂക്ഷിച്ചുനോക്കിയ ഗൗരി അലറിവിളിക്കാൻ ഒരുങ്ങിയെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.“അതെ…അവൾതന്നെ ഡോക്ടറുടെ മകൾ താര”

ഭയം അവളുടെ ജീവന് അപകടം വരുത്തുമെന്ന് ചിന്തിച്ച ഗൗരി സാക്ഷാൽ പരമശിവനെ മനസിൽ ധ്യാനിച്ചു.

” ഓം നമഃ ശിവയ..”
ഓം നമഃ ശിവയ..
ഓം നമഃ ശിവയ..
ഓം നമഃ ശിവയ..

ദൈവസാനിധ്യം ചുറ്റിലും പരന്നതുകൊണ്ടായിരിക്കണം ഒരു മിന്നായംപോലെ ആ രണ്ടുരൂപങ്ങളും നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായത്.

എന്തുചെയ്യണമെന്നറിയാതെ അവൾ പകച്ചുനിന്നു.

“എത്രയും പെട്ടന്ന് തിരിച്ചുപോകണം..”

ഗൗരി തിരിഞ്ഞുനോക്കാതെ റൂമിലേക്ക് ഓടിക്കയറി.

“നീയെവിടെ പോയതാ… സാധനങ്ങൾ ഒതുക്കിവാക്കേണ്ടേ…
പെട്ടന്ന് റെഡിയാക്, ടിക്കറ്റ് ബുക്ക്‌ചെയ്യണം.”

ഹാളിലെ സോഫയിലിരുന്നുകൊണ്ട് അഞ്ജലി പറഞ്ഞു.

ഗൗരിയുടെ ഭാവമാറ്റം കണ്ട അവൾക്ക് എന്തോ പന്തികേട് തോന്നി ഡോർ തുറന്ന് വരാന്തയിലേക്ക് നോക്കി.

ഡോക്ടറുടെ റൂമിനുമുൻപിൽ തടിച്ചുകൂടിയ ആളുകളെല്ലാം പിരിഞ്ഞുപോയിരുന്നു.
വിജനമായ ആ വരാന്തയിൽ അന്നോളം കണ്ടിട്ടില്ലാത്ത ഒരു മൂകത അവളെ അലട്ടി.

ഗൗരി ഫോണെടുത്ത് ബ്രഹ്മപുരത്തുള്ള തന്റെ മുത്തശ്ശന്റെ നമ്പർ ഡൈൽ ചെയ്തു.

ബെല്ലടിക്കുന്നല്ലാതെ മറുതലക്കൽ ആരും ഫോണെടുത്തില്ല.
വീണ്ടും, വീണ്ടും, അവൾ ശ്രമിച്ചുകൊണ്ടേയിരുന്നു.

“നീയർക്കാ വിളിക്കണേ ഗൗരി..?”

തിരിച്ചുവന്ന അഞ്ജലി ചോദിച്ചു.

അവളുടെ ചോദ്യം വകവക്കാതെ ഗൗരി പിന്നെയും ഫോണിൽ പരിശ്രമിച്ചുകൊണ്ടേയിരുന്നു.

“ഹാലോ…. ആരാ..”
അപ്രതിക്ഷിതമായി ഫോണെടുത്ത മറുതലക്കൽ പൗരുഷമായ ശബ്ദം കേട്ട ഗൗരി ദീർഘശ്വാസമെടുത്തുവിട്ടു.

“മുത്തശ്ശാ…, ഗൗരിയാ ബാംഗ്ളൂർ ന്ന്..”

ഊറിവന്ന ഉമിനീരിറക്കി കൊണ്ട് അവൾ പറഞ്ഞു.

“ആഹാ…. നീയിതുവരെ പുറപ്പെട്ടില്ലേ…
ന്താ ഇത്ര താമസം,”

“ഒന്നുല്ല്യാ മുത്തശ്ശാ…. നാളെ രാവിലെ ഞാൻ ഇവിടന്ന് കേറുള്ളൂ,”

ഇടം കൈകൊണ്ട് നെറ്റിയിൽ തളിർത്ത ജലകണികകളെ തുടച്ചുനീക്കി അവൾ വീണ്ടും മുത്തശ്ശനെ വിളിച്ചു.“മുത്തശ്ശാ…,ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു.”

“എന്താ കണ്ണാ…”

മറുതലക്കൽ സ്നേഹവാത്സല്യം നിറഞ്ഞ ആ വിളിയിൽ അവൾ തീർത്തും സംരക്ഷണത്തിലാണെന്ന് സ്വയം മനസിലാക്കിക്കൊണ്ടു ചോദിച്ചു

“ഇന്ന് ഞാനോരു കറുത്ത രൂപംത്തെ കണ്ടു.
സ്ത്രീയാണോ, പുരുഷനാണോ എന്നറിയാൻ പറ്റാത്ത, മുഖമില്ലാത്ത ഒരുരൂപം.
അവയുടെ കാലുകൾ നിലത്തെ സ്പർശിക്കാതെ ഒഴുകിനടക്കായിരുന്നു.”

“മോളെ… ”
മുത്തശ്ശന്റെ ശബ്ദം ഇടറി.

സോഫയിലിരുന്ന അഞ്ജലി പതിയെ എഴുന്നേറ്റ് ഗൗരിയുടെ പിന്നിലേക്ക് പതുങ്ങിനിന്നു.

“നിയെന്തൊക്കെയാ പറയണേ ഗൗരി.”
അഞ്ജലിയോട് മിണ്ടരുതെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് അവൾ തുടർന്നു.

ഹൃദയസ്പന്ദനം പതിവിലും വേഗത്തിൽ പിടക്കുന്നത് അറിഞ്ഞ അഞ്ജലി ചുറ്റിലും നോക്കി.

കത്തിനിൽക്കുന്ന ലൈറ്റിന്റെ ചുറ്റും പ്രാണികൾ വട്ടമിട്ട് പറക്കുന്നു.
ഇരയെ പിടിക്കാൻ വേണ്ടി പതുങ്ങി നിൽക്കുന്ന ഭീമൻ പല്ലിയെ അവൾ ഭയത്തോടെ നോക്കിനിന്നു.
പെട്ടന്ന് അതിന്റെ നീളമുള്ളനാവ് പുറത്തേക്കിട്ട് ചുമരിൽ പറ്റിയിരിക്കുന്ന ചെറുപ്രാണിയെ ഒറ്റവലിക്ക് അകത്താക്കികൊണ്ട് വീണ്ടും ചുമരിന്റെ ഇടയിലേക്ക് മറഞ്ഞു.

“ഗൗരിമോള് അവസാനം ആ രൂപത്തെ എപ്പോഴാ കണ്ടേ..”

മറുതലക്കൽ മുത്തശ്ശന്റെ ചോദ്യംകേട്ട ഗൗരി ഉണ്ടായ സംഭവങ്ങൾ ഓരോന്നായി വിവരിച്ചുകൊടുത്തു.

“ഞാൻ കണ്ടു മുത്തശ്ശാ, ഡോക്ടറുടെ മരിച്ചുപോയ മകളെ, ആ രൂപത്തിന്റെ കൈയ്യിൽ പിടിച്ച് അങ്ങുദൂരേക്ക് ഒഴുകിപോകുന്നത്.”

“മ്… മോള് ഒരിക്കലും ഭയക്കരുത്.
മോൾടെ കൂടെ ആരാ ഉള്ളെ?”

“എന്റെ കൂട്ടുകരിയുണ്ട്, അഞ്ജലി.”

“അവളിൽ ന്തെലും ഭാവമാറ്റം കാണുന്നുണ്ടോ?”

സംശയത്തോടെയുള്ള മുത്തശ്ശന്റെ ചോദ്യം അവളിൽ ഭയമുണർത്തി. പതിയെ ഗൗരി അഞ്ജലിയെ നോക്കി.

“ഇല്യാ…ന്താ മുത്തശ്ശൻ അങ്ങനെ ചോദിച്ചേ..?”

“ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ തീർച്ചയായും ഇത്തരം ശക്തികളിലും നീ വിശ്വസിക്കണം,
ബാക്കി നീയിടെ വന്നിട്ട് മുത്തശ്ശൻ പറഞ്ഞുതരാ,
ഇപ്പോ, നല്ലച്ഛനെ മനസിൽ ധ്യാനിച്ചുകൊണ്ട് മഹാമൃത്യുഞ്ജയമന്ത്രം ജപിക്ക്യാ,
കൂടെ തട്ടകത്തെ ഭഗവതിയെയും വിളിക്കാൻ മറക്കരുത്.
കുഞ്ഞുന്നാളിൽ പഠിച്ചത് മറന്നുവോ..?

“ഇല്ല്യാ മുത്തശ്ശാ..”“എന്നാ ശരി, മോള് ഫോൺ വച്ചോ.
പേടിക്കേണ്ട ട്ടോ, അമ്മേടെ അനുഗ്രഹം ണ്ടാകും കൂടെ.”

ഫോൺ വച്ച് ഗൗരി വീണ്ടും അഞ്ജലിയെ തിരിഞ്ഞു നോക്കി.

ചുമരിൽ വേട്ടയാടുന്ന ആ ഭീമൻ പല്ലിയെ ഭയത്തോടെ നോക്കിനിൽക്കുകയായിരുന്നു അവൾ.

“അഞ്ജലീ…”
ഗൗരി പതിയെ അവളുടെ തോളിൽ സ്പർശിച്ചു.

അപ്രതീക്ഷിത സ്പർശനം, ഒരലർച്ചയോടെ അവളിലുണ്ടായ ഭാവമാറ്റം കണ്ട് ഗൗരി പിന്നിലേക്ക് മലർന്നുവീണു.

നിശബ്ദത നിറഞ്ഞ ആ മുറിയിൽ ഗൗരിയുടെ അലർച്ച നാലുചുമരുകളിൽ തട്ടി ചുറ്റിലും പ്രകമ്പനം കൊണ്ടു.

അഴിഞ്ഞുവീണ കേശം, കണ്ണുകളിൽ ചുവപ്പ് കലർന്നിരിന്നു. നെറ്റിയിൽ എന്തോ കൊണ്ടുകീറിയമുറിവ്. അവയിൽ നിന്ന് ചുടു രക്തം കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
ഇടത് കൈയിലെ ഞരമ്പ് മുറിഞ്ഞ് രക്തം നിലത്ത് പതിച്ച ടൈൽസിലേക്ക് ഇറ്റിവീണു.
ആർദ്രമായ ചുണ്ടുകൾ വിണ്ടു കീറിയിട്ടുണ്ട്. അടിച്ചുണ്ടിനെ പിന്നിലാക്കി അവളുടെ കൊമ്പുകൾ പോലെയുള്ള പല്ലുകൾ വളരാൻ തുടങ്ങി.

ഗൗരി പതിയെ പിന്നിലേക്ക് ഇഴഞ്ഞു നീങ്ങി.
അഞ്ജലിയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയ ഗൗരിയുടെ കൃഷ്ണമണികൾ പുറത്തേക്ക് തള്ളിനിന്നു.

“താര.”
ഇടറിയ സ്വരത്തിൽ അവൾ വിളിച്ചു.
നിലവിളിക്കാൻ ഒരുങ്ങിയ അവളുടെ ശബ്ദം ആരോ പിടിച്ചുവക്കുന്ന പോലെ തോന്നി.

ഗൗരി പിന്നിലേക് ഇഴഞ്ഞു നീങ്ങുംതോറും താര അടുത്തേക്ക് വന്നു.

ചുമരിൽ തട്ടിനിന്ന ഗൗരി കാലുകൾ ഉള്ളിലേക്ക് വലിച്ചു.

ഭയം ഉള്ളിൽ കിടന്ന് താണ്ഡവമാടുമ്പോഴും
മുത്തശ്ശൻ പറഞ്ഞ വാക്കുകളായിരുന്നു
അവൾക്ക് ഓർമ്മവന്നത്

കണ്ണുകളടച്ച് ഗൗരി മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കാൻ തുടങ്ങി.

“ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.”

തുടരും…



24380cookie-checkവാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 2