സ്ത്രീജീവിതങ്ങൾ

വൈകിട്ട് കോളേജ് വിട്ട് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും അവരുടെ തർക്കം തീർന്നിട്ടില്ല. അവർ എന്ന് പറഞ്ഞാൽ, അഖില, സുമയ്യ, അശ്വതി.

“നാളെ മോഹനൻ മാഷ് വരില്ല, നീ നോക്കിക്കോ, വന്നില്ലേൽ, നമുക്കാ അവർ ഹോട്ടൽ ചിന്നൂസിൽ പോയി മസാലദോശ തട്ടണം”

“അയ്യോടീ , ഇവളോട് പറഞ്ഞിട്ടല്ലേ മോഹനൻ മാഷ് ലീവ് എടുക്കുന്നത് ? അങ്ങേരു ഈ ഡിഗ്രി ഫസ്റ്റ് സെമ്മിൽ എത്ര ലീവെടുത്തു ? അങ്ങേരു വരും കട്ടായം”

“പിന്നല്ല, അഖിലേ , മാഷ് നാളെ വരും, കുട്ടി മസാലദോശ പൂതി മാറ്റി വെച്ചോ..ട്ടാ.. ഇമ്മാതിരി മസാലദോശ പൂതി ”

“ദാസ് ബസ്” വന്നു അപ്പോഴേക്കും… അഖില ഊറി ചിരിച്ചു കൊണ്ട് ബസിലേക്ക് കയറി. ഈ രണ്ടു പൊട്ടിക്കാളികൾക്കറിയില്ലല്ലോ, ഉച്ചയ്ക്ക് ലൈബ്രറിയിൽ മോഹനനമാഷ് സരള ടീച്ചറിനോട് നാളെ ലീവാണെന്ന കാര്യം പറയുന്നത്, താൻ കേട്ട കാര്യം.

നാളെ സർപ്രൈസ് ആയി രണ്ടിനും ഓരോ മസാലദോശ വാങ്ങി കൊടുക്കണം. ഇരിക്കാനിടം കിട്ടി. പകുതി വഴിയിൽ സുമയ്യയും അശ്വതിയുമിറങ്ങി. ബൈബൈ പറഞ്ഞവർ പോയി. നാളെ കാണാമെന്ന ഉറപ്പിൽ. നാൽപ്പത് മിനുട്ടോളം ബസ് പോയാലേ അഖിലയ്ക്കിറങ്ങേണ്ട സ്ഥലമാകു.

വീട്ടിൽ ചെല്ലുമ്പോഴേക്കും മുറ്റത്തൊരു ഓട്ടോറിക്ഷയുണ്ട്. അത് കൊണ്ട് തന്നെ അവൾ പിന്നാമ്പുറത്തു കൂടി അടുക്കളയിലേക്ക് കയറി. നേരെ അടുക്കള പാതകത്തിൽ ബാഗ് വെച്ച് അവിടെ ഇരുന്ന് ചായ കുടിക്കുന്ന കുട്ടുവിന്റെ തലയ്ക്കൊരു കൊട്ട്.

“അമ്മേ.. ദേ ഈ ചേച്ചി ”

സൗദാമിനിയമ്മ നടുവത്തേ മുറിയിൽ നിന്നും തിടുക്കത്തിൽ വന്നു.

“എന്താ പെണ്ണേ അടി കൂടുന്നോ? നാളെ വല്ലയിടത്തേക്കും അയക്കാനുള്ള പെണ്ണാ, ഏത് നേരം നോക്കിയാലും അടിപിടിയാണ് രണ്ടും , അടങ്ങി ഒതുക്കത്തിലിരിക്ക്”

“ആരാ അമ്മേ ഉമ്മറത്ത് ?”

“അത് നിന്നെ പെണ്ണ് ചോദിയ്ക്കാൻ മൂന്നാനാണ്‌. ഒപ്പം ആ ചെക്കനുമുണ്ട്.”

“ങേ .. എന്നെയോ? എനിക്കെങ്ങും വേണ്ട കല്ല്യാണം.”

സൗദാമിനിയമ്മ കൈ ഓങ്ങി , “മിണ്ടരുത്, നല്ല ആലോചനയാണ്, വേണ്ടെങ്കിൽ വേണ്ട. പിന്നെ തീരുമാനിക്കാം. നീ ഇപ്പൊ അങ്ങോട്ടൊന്നു ചെല്ലു. അച്ഛന്റെ മാനം കളയരുത്. ”

അവിചാരിതമായ ഈ പെണ്ണുകാണലിന്റെ ഞെട്ടലിൽ, അഖില ഉമ്മറത്തേക്ക് ഒരു ട്രേയിൽ ചായയുമായി ചെന്നു.

വിനോദ്, നല്ല നീളമുള്ള ഒരു വെളുത്ത ചെക്കൻ. ചെന്നൈയിൽ എൻജിനീയർ.

” ഹലോ അഖില.” കോളേജ് ഒക്കെ എങ്ങനയുണ്ട്?

“കുഴപ്പമില്ല”

‘എന്നെ ഇനി കൂടുതൽ അറിയാനുള്ളതല്ലേ, ഞാനിപ്പോൾ അധികം എന്നെ പറ്റി പറയുന്നില്ല ”

ഒരു നടുക്കത്തിൽ അഖില നിന്നു. ഒക്കെ തീരുമാനിച്ചുറപ്പിച്ചത് പോലെയാണല്ലോ ഇയാൾ സംസാരിക്കുന്നത്.

അച്ഛന്റെയും, അമ്മാവന്റെയും,അമ്മയുടെയും മുഖത്തു നല്ല സന്തോഷം.

“നാളെ എന്റെ വീട്ടിൽ നിന്നും ബന്ധുക്കൾ വരും, ഉറപ്പിക്കാൻ. അടുത്ത മുഹൂർത്തം നോക്കി കല്യാണം.”

അഖില പകച്ചു.

രാത്രിയവൾക്ക് ഉറക്കം വന്നില്ല.

മോഹനൻമാഷിന്റെ അസാന്നിധ്യത്തിൽ ഫ്രീ പീരീഡില് അവൾ കൂട്ടുകാർക്കൊപ്പം മസാലദോശ തിന്നുന്നത് സ്വപ്നം കണ്ടു, കണ്ണ് തുറന്നു കിടന്നു കൊണ്ട്….

*******

ഇരുപതാം തീയതി, അഖില വിനോദിന്റെ ഭാര്യയായി.

അവൾ വിചാരിച്ചിരിക്കാതെ അറിയാത്തയൊരാളുടെ ഭാര്യയായി. പെണ്ണ് കണ്ടതിന്റെ കൃത്യം രണ്ടാഴ്ചയ്ക്കുള്ളിൽ. അവളുടെ മുഖത്തെ സന്തോഷമൊക്കെ പോയി. പഠിത്തം നിന്നു , ദൂരെ ഏതോ ഒരു വീട്ടിൽ, ആരെയുമറിയാതെ. അല്ലെങ്കിലും പത്തിൽ പത്തു പൊരുത്തമുള്ള കല്യാണമെങ്ങനെ വീട്ടുകാര് വേണ്ടാ എന്ന് വെയ്ക്കും ? പെണ്ണിന്റെ മനസിനേക്കാൾ വലുതാണല്ലോ പൊരുത്തം എല്ലാവര്ക്കും …

വിനോദിന്റെ വീട്ടിൽ , അവൾക്കെല്ലാം അപരിചിതമായിരുന്നു. വല്ലാതെ മോഡേൺ ആയ കുടുംബം. രാത്രി അത്താഴത്തിനു ഒപ്പം, വിസ്‌കി ബോട്ടിൽ അവിടെ അന്യമല്ല. ആരും പരസ്പരം സംസാരിക്കാറുമില്ല. അമ്മയില്ല വിനോദിനു, രണ്ടാനമ്മ , അച്ഛൻ, സഹോദരൻമാർ രണ്ടു പേര്. ഒരു വേലക്കാരി. ഇതിന്റെ ഇടയിലേക്കാണ് അഖില ചെല്ലുന്നതും…

ഒരു ആഴ്ച കഴിഞ്ഞപ്പോഴേക്കും, വിനോദും അഖിലയും, ചെന്നൈയിലേക്ക് യാത്ര തിരിച്ചു.
ഒരു ഫ്ളാറ്റിലേക്കാണ് അഖിലയുടെ ജീവിതം പറിച്ചു നടപ്പെട്ടത്. അവിടെ ചെന്നതിനു ശേഷമാണ് അവൾക്ക് ശ്വാസം വീണത് തന്നെ. ഇനി താനും വിനോദേട്ടനും മാത്രമല്ലേയുള്ളു. എന്തായാലും വിവാഹിതയായി,ഭാര്യയായി, ജീവിച്ചു തുടങ്ങുക തന്നെ… അഖില മനസ്സിലുറപ്പിച്ചു.

പക്ഷേ അവിടെയും അവിചാരിതമായി ചിലതവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
വിനോദിന് ഒരു ചായ കൂട്ടാൻ പോലുമറിയില്ലെന്നത് നാട്ടിൽ വെച്ച് തന്നെ അഖില മനസിലാക്കിയിരുന്നു.

പക്ഷേ അടുക്കളയിൽ ഒരു പെണ്ണിന്റെ പെരുമാറ്റമുണ്ടായിരുന്നത് പോലെ തന്നെ, അടുക്കും ചിട്ടയും,എല്ലാ വിധ പാചകോപകരണങ്ങൾ എല്ലാമുണ്ടായിരുന്നു. ഇതേ കുറിച്ച് അഖില ചോദിക്കുവാൻ ശ്രമിച്ചു. പണിക്കാരി വരുമായിരുന്നു, വെച്ച് ഉണ്ടാക്കി തരുമായിരുന്നു എന്നത് പറഞ്ഞു വിനോദ് അവളുടെ ചോദ്യങ്ങൾ അവഗണിച്ചു.

കിടപ്പറയിൽ, ഒരു ഉപകരണം പോലെ അവൾ ഉപയോഗിക്കപ്പെട്ടു. മദ്യത്തിന്റെ അകമ്പടിയോടു കൂടി. സ്നേഹത്തോടെ ഒരു ചുമ്പനം പോലുമേറ്റു വാങ്ങാതെ, അവളുടെ ജീവനിൽ മറ്റൊരു ജീവൻ രൂപപ്പെട്ടു.

പുറമേക്ക് എങ്ങും കൊണ്ട് പോകാറില്ല, അത് കൊണ്ട് തന്നെ അഖിലയ്ക്ക് ആ ഫ്‌ളാറ്റിന്റെ ചുവരുകൾ കണ്ടു കണ്ടു കാലം കഴിയേണ്ടി വന്നു.

ടിവി വായിച്ചും, ഭക്ഷണം ഉണ്ടാക്കിയും,അവളുടെ സമയം പറന്നു കൊണ്ടിരുന്നു.

വീട്ടിലേക്ക് വിളിക്കാൻ അവൾക്ക് മടിയായിരുന്നു. ഈ ജീവിതത്തിലേയ്ക്ക് തള്ളി വിട്ടിട്ട് അമ്മയും അച്ഛനും സമാധാനിക്കുന്നതിന്റെ ഇടയ്ക്ക്, തന്റെ വിഷമങ്ങൾ അവൾ പറയുവാൻ മടിച്ചിരുന്നു.

ഗർഭത്തിന്റെ ആറാം മാസത്തിലുംഅവളെ ഡോക്ടറെ കാണിക്കുവാനോ അനേഷിക്കുവാനോ വിനോദ് മിനക്കെട്ടില്ല.അവൾക്കവനൊരു അധികപ്പറ്റായിരുന്നു.

തനിയെ ഡോക്ടറെ പോയി കാണുവാൻ അഖില തീരുമാനിച്ചു. അടുത്തുള്ള ഫോർട്ടിസ് മലർ ഹോസ്പിറ്റലിൽ അവളൊരു ഓട്ടോ പിടിച്ചു പോയി.
രജിസ്‌ട്രേഷൻ ചെയുവാൻ ഫോം എഴുതി കൊടുത്തു.

കൗണ്ടറിലിരുന്ന പെണ്ണ്, മുഖമുയർത്തി അവളെ നോക്കി.പിന്നെ ഉച്ചത്തിൽ പറഞ്ഞു

“മാഡം , ഇന്ത അഡ്രസ്സ് മുന്നാടിയെ ഇങ്കെ രജിസ്റ്റർ പണ്ണിയിറുക്ക്, ഇത് ആ വിനോദ് സാർ ടെ വീട്ടഡ്രസ്സ്‌ അല്ലാമാ? ഇന്ത അഡ്രസിൽ, ഒരു മിസിസ് മെഹറുന്നിസ വിനോദ്,രജിസ്റ്റർ പണ്ണിയിറുക്ക്.. ഫ്‌ലാറ്റ് നമ്പർ 36/A, ഫസ്റ്റ് മെയിൻ റോഡ്, ഗാന്ധി നഗർ, അടയാർ, ചെന്നൈ താനേ? ബേബി ഓഫ് മെഹറുന്നിസ വിനോദ് ഇതും ഇന്ത അഡ്രസ്സിൽ താൻ ഇറുക്ക്. ഇന്ത അഡ്രസ്സിൽ എപ്പടി അഗൈൻ മിസിസ് അഖില വിനോദ് വാരുവാറെ? വേറെ അഡ്രസ്സ് ഇല്ലായാ?
അതോ ആ വീട്ടുക്ക് നീങ്ക പുതുസ്സാ മാറി വന്നവരാ? അല്ലയെ, ഫോൺ നമ്പർ സെയ്യിമാ താനേ… അവർ ഇങ്കെ, മൂൺട്രു കൊല്ലമാ വരുവാരെന്ന് ഡാറ്റാ കാണിക്കിറേൻ, എന്നമ്മ ഇതെല്ലാം?”

അഖിലയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി. ആ പെണ്ണ് പിന്നെയുമെന്തെല്ലാമോ പറഞ്ഞു. അഖില ഒന്നും കേട്ടില്ല….

തന്റെ തോന്നൽ ശരിയാണ്… വിനോദിന് വേറെ ഭാര്യയും മകളുമുണ്ട്.

തനിക്ക് “ഡോക്ടറെ കാണണം. അവൾ ഒരു വിധം പറഞ്ഞൊപ്പിച്ചു. ” അവിടെ പുതിയ താമസക്കാരിയാണെന്ന് ”

ആ പെണ്ണ് ഒന്ന് ചിരിച്ചു, കാർഡ് ഇഷ്യൂ ചെയിതു.

അവൾക്ക് മുൻപിൽ ഇരുട്ടായിരുന്നു
ഭാവി അടഞ്ഞു പോയിരുന്നു. ഈയിടെ വിനോദ് രാത്രികളിൽ വരാറില്ല… പണമില്ല, കൈയിൽ. വീട്ടിൽ നിന്നിട്ട വളകൾ ഓരോന്നായി, അവൾ വിറ്റു.

വീട്ടിൽ നിന്നാരെങ്കിലും വിളിച്ചാലും അഖില ഒന്നോ രണ്ടോ വാക്കുകളിൽ കൂടി ഉത്തരം നൽകി, സംഭാഷണം അവസാനിപ്പിച്ചു.
രണ്ടു മാസം കൂടി കടന്നു പോയി. പ്രത്യേകിച്ചൊന്നും സംഭവിക്കാതെ.

പ്രസവത്തിനു എന്ത് ചെയുമെന്നവൾ ചിന്തിച്ചു… ആരുമില്ലാതെ ആശുപത്രിയിൽ പോകാനവൾക്ക് ധൈര്യമില്ലായിരുന്നു.

അമ്മയെയും അച്ഛനെയും അവൾ വെറുത്തു.
ഇരുട്ടിലേക്ക് തള്ളി വിട്ടില്ലേ തന്നെ, നേരംവണ്ണമൊന്ന് അനേഷിക്കുക പോലും ചെയ്യാതെ പെൺകുട്ടികളെ എങ്ങനെയാണ് വിവാഹം ചെയ്ത് വിടുന്നത് ?

അവൾക്ക് ലോകത്തെ ഭയമായി തുടങ്ങി, പുറം ലോകം കണ്ടിട്ടില്ല,വയസ്സ് പത്തൊന്പതാകുന്നതേയുള്ളു… നിറഗർഭിണിയും..

ചിന്തിച്ചു ചിന്തിച്ചു, അവൾ ആ രാത്രി വീട് വിട്ടിറങ്ങി, കൈയിൽ ഒരു ചെറിയ പേഴ്സും,അൽപ്പം രൂപയും. ഒരു ഓട്ടോ പിടിച്ചവൾ അഡയാർ മേൽപ്പാലത്തിലേക്കെത്തി…

അവിടെ ഇറങ്ങി, മുൻപോട്ട് നടക്കുവാൻ തുടങ്ങി. കുറച്ചു ദൂരമെത്തിയപ്പോൾ അവൾ ക്ഷീണിച്ചു.
കൈ വരിയിൽ പിടിച്ചു നിന്നവൾ കിതച്ചു.
അവൾ എണ്ണി .. ഒന്ന്, രണ്ട് , മൂന്ന്.. ചാടണം.
അവസാനിക്കട്ടെയെല്ലാം. അവിചാരിതമായി അഖില ആത്മഹത്യാ ചെയ്ത വിവരമെല്ലാവരുമറിയട്ടെ.. തനിക്കിനി വേറെ മാർഗ്ഗങ്ങളില്ല.

പെട്ടെന്നാണ്… അവിചാരിതമായി അവളുടെ കുഞ്ഞവളുടെ വയറ്റിൽ വല്ലാതെയിളകാൻ തുടങ്ങി.
കൈമുട്ട് കുത്തി ആ കുഞ്ഞവളുടെ വയറിലേക്ക് മർദ്ദം ചെലുത്തി.. അഖില കൈവരിയിലെ പിടി വിട്ട്, നിരവയറിലേക്ക് ഒന്ന് തടവി.. കുഞ്ഞിന്റെ അനക്കം അവൾക്ക് നന്നായി അനുഭവപ്പെട്ടു… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… എന്തിനിതിനെ കൊല്ലണം?

വിനോദിന് തന്നെയും,ഈ കുഞ്ഞിനേയും ആവശ്യമില്ല.
മുസ്ലിമിനെ കെട്ടിയത് വീട്ടിൽ പറയാനുള്ള നട്ടെല്ലില്ലാതെ വീട്ടുകാരെ പേടിച്ചവൻ തന്നെ വിവാഹം ചെയ്തു.
അവനു വേണ്ടങ്കിൽ,തനിക്കവനെ പണ്ടേ വേണ്ട… തനിക്ക് ജീവിക്കണം. ആത്മഹത്യയിലൂടെ തനിക്ക് വിനോദിനെ ജയിക്കാൻ വിടാൻ ഉദ്ദേശമില്ല….അങ്ങനെ തന്നെ വേണ്ടാത്തവർക്ക് വേണ്ടി, താൻ തന്റെയും,കുഞ്ഞിന്റെയും ജീവിതം നശിപ്പിക്കുവാൻ ഉദ്ദേശിക്കുന്നില്ല…

ആ കുഞ്ഞിന്റെ അവിചാരിതമായ കുതിച്ചു ചാട്ടം, അഖിലയിലെ സ്ത്രീയെ ഉണർത്തി.

അടുത്ത് വന്ന ഓട്ടോ കൈ കാണിച്ചു നിർത്തി അവൾ ഫ്ലാറ്റിലേക്ക് മടങ്ങി. നാട്ടിലേക്ക് നാളെ തന്നെ മടങ്ങണം, വീട്ടിലെത്തി വിവരങ്ങൾ പറയണം, വിവാഹമോചനം എന്നത് അവളുടെ തീരുമാനമായിരുന്നു. വീട്ടുകാർ സമ്മതിച്ചെന്നു വരില്ല. അവിടെ അല്ലെങ്കിൽ തനിക്കഭയം തരുന്ന എവിടെയെങ്കിലും താൻ ജീവിക്കുമെന്ന് അവളുറപ്പിച്ചു. പഠനം തുടരണം, ജോലി നേടണം, കുഞ്ഞിനൊപ്പം നന്നായി ജീവിക്കണം. ഉറച്ച തീരുമാനങ്ങളോടെ അഖില പിറ്റേന്ന് നാട്ടിലേയ്ക്ക് മടങ്ങി.

“അവിചാരിതങ്ങളുടെ ആകെ തുകയിൽ ജീവിതം തകർത്തെറിയുവാൻ ഞാനൊരു വിധിയുടെ കളിപ്പാട്ടമല്ല. ഞാനൊരു പെണ്ണാണ്, ഉരുക്കിന്റെ ഉറപ്പുള്ള പെണ്ണ് “