പ്രവാസിയുടെ വിധവ

തുണി അലക്കുകയായിരുന്ന അവൾ ഫോൺ റിങ് കേട്ട് ഓടി വന്നു

ഇക്ക വിളിക്കുന്ന സമയം ആയിട്ടുണ്ട് ഇക്കയായിരിക്കും എന്നു മനസിൽ ഓർത്തവൾ കൈ ഉടുത്തിരുന്ന മാക്സിയിൽ തുടച്ച് വേഗം അകത്തേക്ക് ഓടി..

ഫോൺ എടുത്ത് നോക്കിയപ്പോൾ അത് ഇക്കയുടെ ഏട്ടന്റെ നമ്പർ ..

പതിവില്ലാതെ കാക്കു എന്താ വിളിക്കുന്നത് എന്നോർത്ത് അവൾ ഫോൺ എടുത്തു.

” ഹെലോ… ഫെമി ഇത് ഞാനാ മുജിക്ക.. ”

” ആ എന്താ ഇക്കാ പറയി.. ‘

” നോക്ക് നിനക്ക് ബാബു വിളിച്ചിരുന്നോ… ?

” ആ.. ഇക്ക ഇന്നലെ രാത്രി വിളിച്ചിരുന്നു… ഇനി വിളിക്കുന്ന സമയം ആയിട്ടുണ്ട് ഇപ്പൊ വിളിക്കും എന്താ.. ഇക്കക്ക് എന്തേലും പറയാനുണ്ടോ.. ”

” ഹേയ് ഇല്ല ഫെമിയേ.. ഇന്നലെ വിളിച്ചപ്പോ ഓൻ എന്തേലും പറഞ്ഞിരുന്നോ നിന്നോട്…

” ആ എനിക്കും മോനും പോവാനുള ടിക്കറ്റ് എടുത്തിട്ടുണ്ട്.. അടുത്ത മാസം പത്താം തിയ്യതി ഇവിടുന്ന് കയറാം എന്നൊക്കെ പറഞ്ഞു.

പിന്നെ ഇക്കക്ക് ചെറുതായിട്ട് പനിയുണ്ട് കുഴപ്പം ഒന്നും ഇല്ലാന്ന് പറഞ്ഞു.. ”

” ആ എന്ന ശരി നീ എപ്പോഴാ ഇവിടേക്ക് വരുന്നത് പറ്റാണെങ്കിൽ ഇന്ന് തന്നെ പോര് ഉമ്മാക്ക് സുഖല്ല…
ശരി ഞാൻ.വെക്കാണ് ”

ഫോൺ വെച്ചതിന് ശേഷം അവൾ ഒറ്റക്ക് പറഞ്ഞു..

ഇന്നലെ ഞാൻ അവിടുന്ന് ഒന്ന് പോന്നത് രണ്ടു ദിവസമെങ്കിലും ഒന്ന് വെറുതെ ഇരിക്കണം എന്ന് കരുതി.. അപ്പോഴേക്കും ഇതാ ചെല്ലാൻ പറയുന്നു വല്ലാത്ത കഷ്ടം തന്നെയാണ് ഇത്….

അങ്ങനെ പറഞ്ഞ് അവൾ ജിദ്ദയിലുള്ള അവളുടെ ഇക്കക്ക് മിസ്സ് കാൾ അടിച്ചു..

വിളിക്കുന്ന നേരം ആയിട്ടും വിളി ഒന്നും കാണുന്നില്ല.. അവൾ വാട്സാപ്പിലും വോയ്സ് വിട്ട് കൊണ്ടിരുന്നു.

പെട്ടെന്ന് അവളുടെ ഉമ്മയുടെ പൊട്ടി കരച്ചിൽ കേട്ട് അവൾ അകത്തേക്ക് ഓടി..

” ഉമ്മാ.. എന്താ.. എന്താ ഇങ്ങക്ക് പറ്റിയത് എന്തിനാ ഇങ്ങള് ഇങ്ങനെ കരയുന്നത്..

അടുത്ത് നിക്കുന്ന ഉപ്പയോടും അവളീ ചോദ്യം തന്നെ ചോദിച്ചു..

ഉപ്പയും ഒന്നും മിണ്ടിയില്ല..

അവസാനം “രണ്ടും കൂടി വഴക്ക് കൂടി കാണും അല്ലെ ‘ എന്നും പറഞ്ഞ് അവൾ റൂം വിട്ടിറങ്ങി..

അവൾ പോയന്ന് ഉറപ്പാക്കി അവളുടെ ഉപ്പ പോയി വാതിലടച്ചു..

എന്നിട്ട് കട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന അവളുടെ ഉമ്മയുടെ അടുത്ത് ചെന്നിരിന്ന് കൊണ്ട് പറഞ്ഞു.

” ഡീ.. നീ ഇങ്ങനെ കരയല്ലേ… അവളെ ഇപ്പൊ അറിയിക്കല്ലേ.. ഇത് ഉറപ്പായിട്ടില്ല..
അവന്റെ ഉപ്പാന്റെ അനിയൻ അവിടേക്ക് പോകുന്നുണ്ട്.. അവര് ചെന്നിട്ടേ.. കേട്ടത് സത്യമാണോ എന്ന് പറയാൻ പറ്റൂ… ‘

പെട്ടെന്ന് അയാളുടെ ഫോൺ റിങ് ചെയ്തു അയാൾ ചെറിയ ഒരു വിറയലോടെ ഫോൺ എടുത്തു..

” ഇക്കാ… കേട്ടത് ശരിയാണ് ബാബു പോയി..

ഇന്നലെ പനി ഉണ്ടായിരുന്നത്രേ… റൂമിലുള്ളവർ നിർബന്ധിച്ച് ഹോസ്പിറ്റലിലും കൊണ്ട് പോയി..

ഇന്നലെ രാത്രി മരുന്ന് കഴിച്ച് ഉറങ്ങാൻ കിടന്നതാണ്.. രാവിലെ ജോലിക്ക് പോകാൻ വിളിച്ചപ്പോൾ മിണ്ടിയില്ലത്രേ.. സൈലന്റ് അറ്റാക്ക് ആണെന്നാണ് പറയുന്നത്.. ”

മറുപടി കൊടുക്കാൻ കഴിയാതെ അയാളുടെ ഫോൺ കയ്യിൽ നിന്ന് താഴെ വീണു…

ജീവിതം തുടങ്ങും മുമ്പേ മോളെ വിട്ട് പോയ മരുമോനെയോർത്ത് അയാൾ ഇരുന്ന് വിതുമ്പി..

ഇത് എങ്ങനെ അവളെ അറിയിക്കും എന്ന ചിന്ത അയാളെ വല്ലാതെ പേടി പെടുത്തി.. കല്യാണം കഴിഞ്ഞ് വെറും നാലു മാസം മാത്രമേ അവർ ഒന്നിച്ച് കഴിഞ്ഞോള്ളൂ…
അവൾക്ക് വയറ്റിലായി രണ്ട് മാസം കഴിഞ്ഞപ്പോൾ വീടുപണിന്റെ കാര്യം പറഞ് അവൻ വീണ്ടും പോയി..

ഇപ്പോ മൂന്ന് വർഷമായി വീട് പണി എല്ലാം കഴിഞ്ഞു അവളെ മോനെയും അവിടെ ഒന്ന് കാണിച്ചിട്ട് ഒരുമിച്ച് എല്ലാം നിർത്തി പോരണം എന്നും പറഞ്ഞ് ഇരിക്കുമ്പോഴാ ഇങ്ങനെ ഒരു ദുരന്തം സംഭവിച്ചത്…

അയാൾ റൂമിൽ നിന്ന് ഇറങ്ങി അവളെ എങ്ങനേലും അവന്റെ വീട്ടിൽ എത്തിക്കണം എന്നായി അയാൾക്ക്..

അവന്റെ വിളിക്കും ചെവിയോർത്ത് ഫോണും പിടിച്ച് ഇരിക്കുന്ന അവളോട് അയാൾ പറഞ്ഞു..

” ഫെമി.. ഞമ്മക്ക് കിഴിശ്ശേരി ഒന്ന് പോകാ അവിടെ ഉമ്മക്ക് പനി ആണെന്ന് പറഞ്ഞ്.. നമ്മക്ക് ഒന്ന് കണ്ട് വരാം.. ”

ഇത് കേട്ട് അവൾ പറഞ്ഞു.

” ആ ഉപ്പാ ഞാ ഇത് ഇങ്ങളോട് പറയാൻ നിക്കായിരുന്നു.. കാക്ക നേരത്തെ വിളിച്ചപ്പോൾ ഇത് പറഞ്ഞിരുന്നു.. അപ്പൊ വിചാരിച്ചതാ.. ബാബുക്കന്റെ വിളി കഴിഞ്ഞിട്ട് നമ്മക്ക് അവിടെ വരെ ഒന്ന് പോവണം എന്ന്.. ”

” ഇനി നീ ബാബു വിളിക്കാൻ ഒന്നും നിക്കണ്ട വേഗം പോയി ഡ്രസ് ചെയ്യ്. ”

അതുപ്പാ ഇക്കാനോട് പറയാതെ എങ്ങനെ പോകാ.. ചോദിച്ചിട്ട് പോയാൽ പോരെ..

” ഓന്റെ ഉമ്മാനെ കാണാൻ അല്ലെ പോവുന്നത് അല്ലാതെ വേറെ എവിടേക്കും അല്ലല്ലോ… ഇജ്ജ് വേഗം ഒരുങ്ങി ഇറങ്ങിക്കേ.. ”

ഇതും പറഞ്ഞ് അയാൾ അവിടെ നിന്ന് ഇറങി..
അല്ലേൽ അയാളിൽ ഊർന്നിറങ്ങുന്ന കണ്ണുനീർ അവൾ കാണുമായിരുന്നു..

പോകാൻ ഇറങ്ങിയപ്പോൾ അവളുടെ ഉമ്മ വന്ന് കുഞ്ഞിനെ വാങ്ങി..
എന്നിട്ട് പറഞ്ഞു..

” ഇപ്പോൾ തന്നെ പോരാൻ അല്ലേ… കുട്ടിനെ കൊണ്ട് പോവേണ്ട.. ”

അത് കേട്ട പാതി കേൾക്കാത്ത പാതി അവൾ കുട്ടിനെ ഉമ്മാന്റെ കയ്യിൽ കൊടുത്തു പറഞ്ഞു..

” അത് അല്ലേലും ശരിയാ.. ഇവൻ അവന്റെ ഉമ്മൂമ്മയെ കണ്ടാൽ പിന്നെ ഇങ്ങട്ട് തിരിച്ച് പോരൂല്ല.. ”

അങ്ങനെ അവർ ബൈക്കിൽ അവന്റെ വീട്ടിലേക്ക് തിരിച്ചു..

പോകുന്ന വഴി ഒക്കെയും ഇക്ക എന്താ ഇത്ര നേരായിട്ടും വിളിക്കാത്തത് എന്ന ചിന്തയായിരുന്നു അവൾക്ക്…

പനി കുറവുണ്ടോ ആവോ.. ഹോസ്പിറ്റലിൽ പോയോ ആവോ എന്നൊക്കെ ചിന്തിച്ച് കൊണ്ടിരുന്നു..

അവന്റെ വീട് എത്താറാവും തോറും അവളുടെ ഉപ്പാന്റെ നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്നു..
അവിടെയുള്ള ആൾക്കൂട്ടം കണ്ടാൽ അവൾ ആകെ പേടിക്കും.. അങ്ങനെ ഓരോ ചിന്തകൾ അയാളെയും അലട്ടി..

വീടിന്റെ അടുത്ത് എത്താൻ നേരം അവളുടെ ഫോണിൽ വാട്സ്ആപ് മെസ്സേജ്ന്റെ റിങ് കേട്ടു..

” ആ ..ബാബുക്കയാവും എന്നും പറഞ്ഞ് അവൾ ബാഗിൽ നിന്നും ഫോൺ എടുത്ത് വാട്സ്ആപ് തുറന്നു നോക്കി.. അവളുടെ പഴയ സ്കൂൾ സുഹൃത്തുക്കളുള്ള ഗ്രൂപ്പിൽ വന്ന മെസ്സേജ് കണ്ട് അവൾ ഞെട്ടി..

” അവളുടെ ഇക്കായുടെ ഫോട്ടോ
അതിന് താഴെയായി
‘ നവാസ് ബാബു (30)
ജിദ്ധയിൽ വെച്ച് മരണപ്പെട്ടു..
ആദരാഞ്ജലികൾ’

ഇതവൾ വായിച്ച് തീർന്നപ്പോഴേക്കും ബൈക്ക് അവന്റെ വീടിന്റെ മുറ്റത്ത് എത്തിയിരുന്നു..

അവിടെ തടിച്ച് കൂടിയ ആളുകൾക്കിടയിലൂടെ മരവിച്ച് അവൾ അകത്തേക്ക് നടന്നു കയറി..

അവളെ കണ്ടതും അവന്റെ ഉമ്മ ഓടി വന്ന് കെട്ടിപിടിച്ച് ആർത്തലച്ച് കരഞ്ഞു..

അവളും പരിസരം മറന്ന് കൂക്കി വിളിച്ച് കരഞ്ഞു..
ആരൊക്കെയോ കൂടി അവളെ റൂമിൽ കൊണ്ട് കിടത്തി..

ആ റൂമിലെ മണിയറയുടെ അലങ്കാരങ്ങളൊന്നും എടുത്ത് കളഞ്ഞിട്ടുണ്ടായിരുന്നില്ല…

പലവട്ടം അത് എടുത്ത് കളയും എന്നും പറയുമ്പോഴും അവൻ പറയും
” അത് വേണ്ട… നമുക്ക് വന്നിട്ട് ഒരു ആദ്യരാത്രിക്കൂടി ആഘോഷിക്കാനുള്ളതാണ്.. ”

ഇതെല്ലാം ഓർത്ത് അവൾ ആർത്തലച്ച് കരയുന്നുണ്ടായിരുന്നു..
കണ്ടു നിക്കുന്നവരുടെ നെഞ്ചു പൊട്ടും വിതമായിരുന്നു ആ കരച്ചിൽ..

തളർന്ന് കിടക്കുന്ന അവളുടെ അരികിലേക്ക് അവന്റെ ഇക്കയും അവളുടെ ഇക്കായും വന്നു എന്നിട്ട് അവളോട് ചോദിച്ചു..

” ഫെമി… ബാബുവിനെ എന്താ ചെയ്യേണ്ടത് ഇങ്ങട്ട് കൊണ്ട് വരണോ അതോ അവിടെ മറവ് ചെയ്യണോ..
നീ പറ നീ പറയുന്നത് പോലെ ചെയ്യാം.. എന്താ ചെയ്യേണ്ടത്.. “

കുറച്ച് നേരം തല താഴ്‌ത്തി ഇരുന്നതിന് ശേഷം ഊർന്നിറങ്ങുന്ന കണ്ണുനീർ തുള്ളികൾ രണ്ടും കൈ കൊണ്ടും ശക്തിയായി തുടച്ച് ഉറച്ച സ്വരത്തോടെ അവൾ പറഞ്ഞു.

” ന്റെ ഇക്കയെ പരിശുദ്ധമാക്കപ്പെട്ട മക്കത്തെ മണ്ണിൽ മറവ് ചെയ്യുമെങ്കിൽ അവിടെ മറവ് ചെയ്താൽ മതി ഇവിടേക്ക് കൊണ്ട് വരണ്ട..

അല്ല ഇപ്പൊ ഇക്കയുള്ള ജിദ്ധയിലാണ് മറവ് ചെയ്യുകയെങ്കിൽ എനിക്ക് കാണാൻ ഇവിടേക്ക് കൊണ്ട് വരണം.. ഇവിടെയും അവിടെയും മറവ് ചെയ്യുന്നത് ഒരുപോലെ തന്നെയാണ്. ”

അവളുടെ ഈ ഉറച്ച തീരുമാനം എല്ലാവരെയും അതിശയപ്പെടുത്തി….

ഗൾഫിലേക്കും നാട്ടിലേക്കുമുള്ള കുറെ ഫോൺ വിളികൾക്ക് ശേഷം അവന്റെ മയ്യിത്ത് മക്കയിൽ മറവ് ചെയ്യാമെന്ന് അവന്റെ ഖഫീൽ ഉറപ്പ് നൽകി..

ഇത് അവളെ അറിയിച്ചപ്പോൾ ” അൽ ഹംദുലില്ലാഹ് ” എന്നും പറഞ് ഒരു പുഞ്ചിരിയാണുണ്ടായത് ആ പുഞ്ചിരിയിൽ അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിഞ്ഞില്ലല്ലോ എന്ന അടങ്ങാത്ത സങ്കടം അവൾ കുഴിച്ച് മൂടിയിരുന്നു..

എന്നും അവന്റെ പുഞ്ചിരിക്കുന്ന കുസൃതിക്കാണിക്കുന്ന മുഖം മാത്രം മതിയായിരുന്നു ജീവിതക്കാലം മുഴുക്കയും അവൾക്കോർക്കാൻ..

പിറ്റേ ദിവസം അവനെ മക്കത്തെ മണ്ണിൽ മറമാടി..
ഇവിടെ അവളെ കുളിപ്പിച്ച് വെള്ള വസ്ത്രങ്ങൾ അണിയിച്ചു…

ജീവിതം തുടങ്ങും മുമ്പേ വിധവയായ അവളെ കാണുമ്പോൾ ആരുടെയും ഖൽബ് ഒന്ന് പിടക്കും…

വെറും നാല് മാസം ഒരുമിച്ച് കഴിഞ്ഞുവെങ്കിലും അവന്റെ ഏറ്റവും വലിയ സമ്പാദ്യം അവന്റെ ആ ഭാര്യ തന്നെയാണ്..

ഇന്നവൾ അവളുടെ ഇദ്ദാ കാലം കഴിയാനുള്ള കാത്തിരിപ്പിലാണ്..

വേറെ ഒന്നിനും അല്ല..

തന്റെ പ്രിയതമനെ മറവ് ചെയ്ത ആ പുണ്യഭൂമി ഒന്ന് കാണാൻ അവിടെ ചെന്ന് അവളുടെ പ്രാണനായ ഇക്കയോട് സലാം പറയാൻ.. ..