ശവക്കല്ലറയിലെ കൊലയാളി 10

ശവക്കല്ലറയിലെ കൊലയാളി 10
Story : Shavakkallarayile Kolayaali 10 Author : വിശ്വനാഥൻ ഷൊർണ്ണൂർ | Previous Parts

വട്ടേകാടൻ ബംഗ്ലാവിന്റെ മുറ്റത്ത് വന്നുനിന്ന ഇന്നോവ കാറിന്റെ പിറകിലെ ഡോർതുറന്ന് ഫാദർ ഗ്രിഗറിയോസ് പുറത്തേക്കിറങ്ങി .

ഡോക്ടര്‍ നാൻസി വട്ടേകാടന്റെ ശവമടക്കിന് എത്തിയവർ ഫാദറിനെ അത്ഭുതത്തോടെയും പകപ്പോടെയും നോക്കി നിന്നു . പലരും പരസ്പരം അങ്ങോട്ടുംഇങ്ങോട്ടും ചെവിയില്‍ സ്വകാര്യം പറയുന്നുണ്ടായിരുന്നു .

‘ഫാദർ ഗ്രിഗറിയോസ് ‘

ഏകദേശം എൺപതിനടുത്ത് പ്രായം കാണും . തൂവെള്ള നിറത്തിലുള്ള താടിയും മുടിയും . കട്ടിയുള്ള കൂട്ടുപുരികം മുഴുവനായും നരബാധിച്ചിരിക്കുന്നു. അവയ്ക്ക് താഴെ കൂർമ്മതയോടെ തിളങ്ങുന്ന കണ്ണുകള്‍ .കയ്യിൽ വെള്ളിയിൽ തീർത്ത കൊന്തയും കുരിശും . സദാ കയ്യില്‍ കൊണ്ട് നടക്കുന്ന ക്രൂശിത രൂപം കൊത്തിയ ഒരു ഊന്നുവടി .

ഫാദർ പതിയെ ഊന്നുവടി ഊന്നി നാൻസി വട്ടേകാടന്റെ മൃത ശരീരത്തിന്നടുത്തേക്ക് നടന്നു ചെന്നു . അവിടെ കൂടിയിരുന്നവർ ഭവ്യതയോടെ ഫാദറിനു വഴിയൊരുക്കിക്കൊടുത്തു.
മൊബൈല്‍ ഫ്രീസറിൽ സൂക്ഷിച്ച നാൻസിയുടെ മുഖത്തേക്ക് നോക്കിയ ഫാദറിന്റെ കണ്ണുകള്‍ എന്തോ കണ്ടുപിടിച്ച പോലെ തിളങ്ങി . പുരികം വില്ലുപോലെ വളഞ്ഞു . കൊന്തയിലെ മണികൾ ദ്രുതഗതിയിൽ വിരലുകള്‍ക്കിടയിലൂടെ മറിഞ്ഞു കൊണ്ടിരുന്നു .

മൃതദേഹത്തിനടുത്ത് നിന്നും തിരിച്ചു പോന്ന ഫാദർ ഗ്രിഗോറിയോസ് ആരോ കൊണ്ട് വന്ന കസേരയില്‍ ചിന്താധീനനായിരുന്നു

ഡോക്ടര്‍ നാൻസിയുടെ മൃതദേഹം സെമിത്തേരിയിലേക്കെടുക്കും വരെ ഡോക്ടര്‍ അഞ്ജലി ഡോക്ടര്‍ ഷേർളിയുടെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നു .
ഫോണ്‍ റിങ്ങ് ചെയ്തു കട്ടായതല്ലാതെ അഞ്ജലിക്ക് ഒരു പ്രതികരണവും കിട്ടിയില്ല .

അടച്ചു പ്രൂശ്മ നൽകിയ നാൻസിയുടെ മൃതദേഹം റീത്തുകളും പൂക്കളും കൊണ്ടലങ്കരിച്ച വട്ടേകാടൻ ഹോസ്പിറ്റലിന്റെ ആംബുലൻസിൽ സെമിത്തേരിയിലേക്കെടുത്തു .

ഫാദർ ഗ്രിഗോറിയസിന്റെ സാന്നിധ്യത്തിൽ ഇടവക വികാരി മരണാനന്തര ശുശ്രൂഷകൾ നൽകി വട്ടേകാടൻ കുടുംബ കല്ലറയിൽ അടക്കം ചെയ്തു .

അടക്കിന് ശേഷം പുറത്തിറങ്ങിയ അഞ്ജലി തന്റെ കാറില്‍ കയറി ഷേർളി താമസിച്ചിരുന്ന ഹോട്ടലിലേക്ക് ഓടിച്ചു പോയി .

ഹോട്ടലിന്റെ പാർക്കിങ്ങിൽ കാർ നിർത്തി ധൃതിയിൽ റിസപ്ഷനിലേക്ക് നടന്നു വന്നു .

“ഡോക്ടർ ഷേർളി ഫിലിപ്പ് റൂം ചെക്കൗട്ട് ചെയ്തോ ?

റിസപ്ഷനിൽ ഉണ്ടായിരുന്ന പെൺകുട്ടിയോട് ചോദിച്ചപ്പോള്‍ ഇല്ലെന്ന് മറുപടികിട്ടി.

അവിടെ നിന്നും അഞ്ജലി ലിഫ്റ്റിൽ ആറാം നിലയില്‍ അവര്‍ താമസിച്ച മുറിയിലേക്ക് പോയി .
മുറിയുടെ മുന്നില്‍ എത്തിയ അഞ്ജലി വാതിലില്‍ തുടരെതുടരെ മുട്ടി വിളിച്ചെങ്കിലും ഉള്ളില്‍ നിന്നും ഒരു പ്രതികരണവും കിട്ടിയില്ല.

ഡോക്ടര്‍ അഞ്ജലി തിരിച്ച് റിസപ്ഷനിലേക്ക് തന്നെ പോയി . കാര്യം പറഞ്ഞ് ഒരു ജീവനക്കാരനേയും കൂട്ടി തിരിച്ചെത്തി വീണ്ടും മുട്ടിവിളിക്കാൻ ശ്രമിച്ചു .

അകത്തുനിന്നും ഒരു മറുപടിയും കിട്ടാതായപ്പോൾ ജീവനക്കാരൻ അറിയിച്ചതിനാൽ ഹോട്ടല്‍ മാനേജര്‍ അടക്കം ചില ജോലിക്കാർ അവിടേക്ക് വന്നു .

എന്തെങ്കിലും സംഭവിച്ചിരിക്കാം എന്ന നിഗമനത്തിൽ ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനു ഫോണ്‍ ചെയ്തു . ഏകദേശം പത്ത് മിനിറ്റിനുള്ളിൽ ഇടുക്കി എസ്ഐ ദേവസ്യയും സംഘവും മുകളിലേക്കെത്തി .

ഡോർ ലോക്ക് തല്ലിത്തകർത്ത് അകത്തു കടന്ന പോലീസ് സംഘം ഞെട്ടിത്തരിച്ചു പോയി .
അർദ്ധനഗ്നയായി കണ്ണുകള്‍ തുറിച്ച് നാവ് കടിച്ച് മുറിച്ച് മരിച്ചു കിടക്കുന്ന ഡോക്ടര്‍ ഷേർളിയെ കണ്ടതും അഞ്ജലി ബോധരഹിതയായി വീണു…

പോലീസ് ഇൻക്വസ്റ്റും നടപടിക്രമങ്ങളും തയ്യാറാക്കിക്കൊണ്ടിരുന്നു. എസ്ഐ ദേവസ്യ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ മുഴുവന്‍ വിളിച്ച് ചോദ്യംചെയ്തു . ആർക്കും ഒന്നും അറിയില്ല എന്ന് മനസ്സിലായി .

ഈ സമയം ഡോക്ടര്‍ ദേവാനന്ദ് പോലീസ് സർജൻ എന്നെഴുതിയ മുറിയുടെ മുന്നില്‍ ഒരു വണ്ടി വന്നുനിന്നു . ആ വണ്ടിയില്‍നിന്നും ഒരാള്‍ ഇറങ്ങി ഡോക്ടര്‍ ദേവാനന്ദിന്റെ മുറിയുടെ വാതിലില്‍ തട്ടി “മേ ഐ കം ഇൻ ഡോക്ടര്‍ “എന്ന് ചോദിച്ചു .

“യെസ് “എന്ന് പറഞ്ഞു തല ഉയര്‍ത്തി ഉള്ളിലേക്ക് കയറി വന്നയാളെ നോക്കിയ ഡോക്ടര്‍ ദേവാനന്ദിന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല…!!!!

(തുടരും……)