തിരുവട്ടൂർ കോവിലകം 9
Story Name : Thiruvattoor Kovilakam Part 9
Author : വിശ്വനാഥൻ ഷൊർണ്ണൂർ
Read from beginning
കാരൂർ മഠം തിരുമേനി വീണ്ടും ആ ജാതകത്തിലേക്കും തന്റെ മുന്നിലിരിക്കുന്നവരുടെ മുഖത്തേക്കും മാറി മാറി നോക്കി .
“നിങ്ങൾക്ക് ജാതകം മാറിയിട്ടൊന്നും ഇല്യാലോ ല്ലേ?
“എന്താ തിരുമേനി അങ്ങനെ ചോദിച്ചേ”
വാര്യരാണ് ചോദിച്ചത് .
“വാര്യരേ ജാതകവശാൽ ഈ ജാതകക്കാരി മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു .മാത്രമല്ല ഈ ജാതകം തിരുവട്ടൂർ കോവിലകത്തേ ഉമ തമ്പുരാട്ടിയുടെ ജാതകവുമായി സാമ്യവും കാണുന്നുണ്ട്.”
ഞെട്ടലോടെയാണ് അവര്‍ മൂന്ന് പേരും ഈ വാര്‍ത്ത കേട്ടത്.
“ആട്ടേ ആരാ ഈ ജാതകം എഴുതിയത്.?
“അയിനിക്കര കേശവ പണിക്കരാണ്”
മേനോനാണ് മറുപടി പറഞ്ഞത് .
അയിനിക്കരക്ക് തെറ്റില്ല്യാലോ.?
തിരുമേനി കൈവിരലുകൾ പരസ്പരം കൊരുത്ത് കൈകള്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കണ്ണുകളടച്ച് വീണ്ടും ധ്യാനത്തിലേക്ക് പോയി. അൽപ്പ സമയം കഴിഞ്ഞു കണ്ണുകള്‍ തുറന്ന് ചോദിച്ചു .
“ആട്ടേ നിങ്ങള്‍ എങ്ങിനെയാണ് ഈ കോവിലകത്ത് എത്തിയത്.?
ശ്യാം സുന്ദർ ആ കഥപറഞ്ഞു തുടങ്ങി
അവധി ദിനത്തിന്റെ അലസതയിൽ വളരെ വൈകിയാണ് ശ്യാം അന്ന് ഉണർന്നത് അതും അവന്തിക വന്ന് വിളിച്ചപ്പോള്‍ .
“ശ്യാമേട്ടാ എണീക്ക് എന്ത് ഉറക്കമാണിത്.?
“കുറച്ച് നേരം കൂടെ കിടക്കട്ടെ”
“മതി കിടന്നത് എഴുന്നേറ്റ് വാ”
ശ്യാം അവിടെ നിന്നും എഴുന്നേറ്റ് കുളിച്ചെത്തിയപ്പോഴേക്കും പ്രാതൽ റെഡിയായിരുന്നു . കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവന്തിക അവനോട് ചോദിച്ചു .
“ശ്യാമേട്ടാ ഞാന്‍ ഒരാഗ്രഹം പറഞ്ഞാ ശ്യാമേട്ടൻ എനിക്കത് സാധിച്ചു തരുമോ.?
“എന്താണ് തന്റെ ആഗ്രഹം എന്ന് പറ കേൾക്കട്ടെ”
“തര്വോ ഇല്ലേ എന്ന് പറ”
“നീ പറ പറ്റുന്നതാണേൽ സാധിച്ചു തരാം “
“പറയട്ടേ”
“പറയടോ”
“അതേയ് , നമുക്ക് നാലുകെട്ടും നടുത്തളവും പിന്നെ കുളവും ഒക്കെ ഉള്ള ഒരു കോവിലകം വാങ്ങിച്ചു അവിടെ താമസിച്ചാലോ.?
“അങ്ങനെ ഒന്ന് പണികഴിപ്പിച്ചാൽ പോരെ”
വെറുതെ കെറുവ് നടിച്ചു അവന്തിക പറഞ്ഞു .
“പോരാ പഴയത് വേണം , അതിനാ ഭംഗി ഉണ്ടാവാ”
“ഒന്ന് തപ്പി നോകട്ടെ ആരെങ്കിലും വിൽക്കാൻ വെച്ചിട്ടുണ്ടോന്ന്”
“ഇപ്പോളെന്താ കോവിലകത്തോടൊരു താല്പര്യം “
“അതേയ് ഞാനിന്നലെ ഒരു സ്വപ്നം കണ്ടു അപ്പോ തുടങ്ങിയ ആഗ്രഹാ “
അവന്തിക അവൾ കണ്ട സ്വപ്നം ശ്യാമിനോട് വിശദീകരിച്ചു .
വലിയ ഒരു കോവിലകം തെക്കേ മറ്റത്തേ അതിരിൽ ഒരു വലിയ മുത്തശ്ശി മാവ്. അതിന്റെ കൊമ്പിൽ ഒരു ഊഞ്ഞാൽ . പിന്നെ ഒരാന കോവിലകത്തിന്റെ പുറകില്‍ ഒരു വലിയ കുളം. ഞാന്‍ അവിടെയായിരുന്നു താമസിച്ചിരുന്നത് അപ്പോള്‍ തുടങ്ങിയ ആഗ്രഹാണ്.”
“നോക്കാം ഒത്ത് കിട്ടിയാല്‍ വാങ്ങിക്കാം”
ശ്യാം ഡ്രസ്സ് മാറി കാറും എടുത്ത് ഇല്ലങ്ങളുടേയും കോവിലകങ്ങളുടേയും നാടായ ഒറ്റപ്പാലത്തും പരിസരത്തും ഒരുപാട് അലഞ്ഞു. നിരാശയായിരുന്നു ഫലം .
വാര്യരാണ് പത്രത്തില്‍ പരസ്യം കൊടുക്കാന്‍ പറഞ്ഞത് .
ഒരാഴ്ച്ച കഴിഞ്ഞിട്ടും ആരും വിളിച്ചതും ഇല്ല.
ഒരു ദിവസം ശ്യാമിനേ തേടി അവന്‍റെ ഓഫീസില്‍ ഒരാളെത്തി.
“പത്രത്തിൽ പരസ്യം കൊടുത്തത് കണ്ട് വന്നതാ , സാര്‍ തിരുവട്ടൂർ കോവിലകം എന്ന് കേട്ടിട്ടുണ്ടോ? ആ കോവിലകം വിൽക്കാൻ വെച്ചിട്ടുണ്ട്”
“താല്പര്യമാണേൽ പോയി നോക്കാം”
“അടുത്താഴ്ച്ച പോരെ .”
“മതി …. അത്രേം മതി “
അങ്ങനെയാണ് ഈ കോവിലകം വാങ്ങുന്നത് .ശ്യാം പറഞ്ഞു നിറുത്തിയപ്പോൾ കാരൂർ മഠം തിരുമേനി പറഞ്ഞു .
“ആകെ ദുരൂഹമാണല്ലോ വാര്യരെ”
“ഈ ദുരൂഹതയുടെ ചുരുളുകൾ അഴിയണമെങ്കിൽ മൂത്തേടം തിരുമേനിയെ കാണണം ”
“എന്തെങ്കിലും അറിയാമെങ്കിൽ അത് അദ്ദേഹത്തിനെ അറിയൂ”
ഞാൻ അദ്ദേഹത്തെ ഒന്ന് വിളിച്ചു നോക്കട്ടെ..
അകത്തേക്ക് പോയ തിരുമേനി അല്പസമയം കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി.
“നിങ്ങൾ ഇപ്പോള്‍ മടങ്ങിക്കോളൂ അദ്ദേഹം വരേണ്ട സമയം ആയാല്‍ അവിടെ എത്തും എന്നാണ് പറഞ്ഞത് ”
“തൽക്കാലം ഈ രക്ഷ കൈകളില്‍ ധരിച്ചോളൂ”
“ദേവി ….. മഹാമായേ കാത്തോളണേ…..”
തിരുമേനി രക്ഷ അവരുടെ കയ്യില്‍ കൊടുത്തു .
ദക്ഷിണ നൽകിയപ്പോൾ തിരുമേനി പറഞ്ഞു
“വേണ്ടാ , അതവിടെ തന്നെ വെച്ചോളൂ”
ഭയപ്പാടോടെയാണ് അവര്‍ കോവിലകത്തേക്ക് മടങ്ങിയത് .
അവരുടെ ഭയപ്പാട് അസ്ഥാനത്തായിരുന്നില്ല എന്ന് കോവിലകത്തിന്റെ മുന്നിലെത്തിയപ്പോൾ അവര്‍ക്ക് മനസ്സിലായി…..!
(തുടരും……….. )