കന്യകയുടെ ആദ്യരാത്രി

”കന്യക ആയിരുന്നോന്ന് അവന് സംശയം ആയിരുന്നുപോലും, കല്ല്യാണം കഴിക്കുന്നതിന് മുന്നേ ഇവനൊക്കെ ഇത് തുറന്ന് ചോദിച്ച് കൂടെ..? ”

ആരോടെന്നില്ലാതെ പിറു പിറുത്തുകൊണ്ട് കുഞ്ഞാമിനു അകത്തേക്ക് പോയി. പിറകേ ഓളുടെ ഉപ്പയും വരാന്തയിലേക്ക് വന്ന് കയറി കൈയ്യിലുണ്ടായിരുന്ന കാലന്‍ കുട ജനല്‍ പാളിയില്‍ തൂക്കി തിരിഞ്ഞപ്പൊഴേക്കും കുഞ്ഞാമിനൂന്‍റെ ഉമ്മ ഉപ്പയുടെ അരികിലെത്തി ചോദിച്ചു

”അല്ല പോയ കാര്യം എന്തായി”

”എന്താവാന്‍ ? മൂന്ന് കൗണ്‍സിലിങ്ങ് കഴിഞ്ഞില്ലേ. ഓന് ഓളെ വേണ്ടാന്ന് , കോടതി വിധിയും വന്ന് , കുട്ടിക്കും ഓള്‍ക്കും ചിലവിന് മാസം 5000 റുപിക കൊടുക്കാമെന്ന് സമ്മതിച്ച് ഓന്‍ കൈയ്യൊഴിഞ്ഞൂ, അതല്ലങ്കിലും തള്ള വേലി ചാടിയാല്‍ മോള്‍ മതില് ചാടും”

ഇനി അവിടെ നില്‍ക്കുന്നത് പന്തി അല്ലെന്ന് മനസിലാക്കി ജാസ്മിന്‍ മൂളി പാട്ടുംപാടി അവിടെനിന്നും ഇറങ്ങി നടന്നൂ..

കുഞ്ഞാമിനുവും ജാസ്മിനും കളിക്കൂട്ടുകാരാണ് പന്ത്രണ്ടാംതരം വരെ ഒരുമിച്ച് പഠിച്ചവര്‍. സ്കൂളില്‍ കലാ കായിക മത്സരങ്ങളിലെ സ്ഥിരം സാനിധ്യമായിരുന്നൂ ഇരുവരും. പഠനം പൂര്‍ത്തിയാക്കാന്‍ പോലും അനുവധിക്കാതെ കുഞ്ഞാമിനുവിനെ വീട്ടുകാര്‍ പേര്‍ഷ്യക്കാരന്‍ ഹൈദ്രോസിന് കെട്ടിച്ച് കൊടുത്തു. ആദ്യരാത്രിയില്‍ തന്നെ ഹൈദ്രോസ് കുഞ്ഞാമിനുവുമായ് വഴക്കുണ്ടാക്കി കന്യകയായ സ്ത്രീയുമായ് ശാരിരിക ബന്ധം നടത്തുമ്പോള്‍ കന്യാചര്‍മ്മം തകര്‍ന്ന് രക്തം വരുമെന്ന് സുഹൃത്ത്ക്കള്‍ പറഞ്ഞുപോലും, പക്ഷേ സ്ഥിരമായ് സൈക്കിള്‍ ചവിട്ടും കലാ കായിക മത്സരങ്ങളുമായ് നടക്കുന്ന കുഞ്ഞാമിനൂന് രക്തം വന്നില്ലത്രേ, അന്നുമുതല്‍ അവരുടെ ജീവിതത്തില്‍ സ്ഥിരം തല്ലും ബഹളവുമാണ്. അവസാനം കുഞ്ഞാമിനൂന് അവിഹിതമുണ്ടെന്ന് വരുത്തി തീര്‍ത്ത് നാല് വര്‍ഷത്തിന് ശേഷം ഹൈദ്രോസ് വിവാഹമോചിതനായ്, ഈ സംഭവമെല്ലാം കുഞ്ഞാമിനു പറഞ്ഞ് ജാസ്മിന് അറിയാം.

ജാസ്മിന്‍ വീട്ടിലേക്ക് വന്നപ്പൊള്‍ ഓളുടെ വീടിന് മുന്നില്‍ ഒരു കാര്‍ കിടക്കുന്നൂ അവള്‍ അടുക്കള വാതിലിലൂടെ അകത്ത് കയറിയപ്പോള്‍ ഓളുടെ ഉമ്മ ഒരു ട്രേയില്‍ നാല് കപ്പ് ചായയുമായ് നില്‍ക്കുന്നൂ.

”ഉമ്മാ ഇങ്ങളെന്താ പെണ്ണ് കാണലിന് ഒരുങ്ങി നിക്കുവാണോ”

”ഇജ്ജിതെവിടെ പോയ് കിടന്നതാ.? എത്രനേരമായ് ഓര് വന്ന് കാത്ത് നില്‍ക്കുന്നൂ , പെണ്ണ് കാണല് തന്നാ ഞമ്മളെ അല്ലാ അന്നെ”

”വേണ്ടുമ്മി എനിക്കിപ്പൊ കല്ല്യാണം വേണ്ട ഒരു ജോലിയൊക്കെ ആയിട്ട് മതി”

”മുണ്ടാണ്ട് ചായേം കൊണ്ട് ഓരുടെ മുന്നിലേക്ക് ചെന്നോ ഉപ്പ ഏതാണ്ട് ഉറപ്പിച്ച മട്ടാ, കോളേജില്‍ പോകുന്ന നേരം നിന്നെ വഴീല്‍ വെച്ച് കണ്ടിട്ടുണ്ട് പോലും നിന്നോട് ചോദിച്ചപ്പൊ വീട്ടില്‍ വന്ന് ഉപ്പയോട് ചോദിക്കാന്‍ പറഞ്ഞ് പോലും”

”അതാരെടെ അങ്ങനെയൊരുത്തന്‍ ..? ”

”ഞമ്മടെ ഹംസക്കായ്ടെ മോന്‍, ഓന്‍ നല്ല ചെക്കനാണെന്നാണ് നാട്ടാരെല്ലാം പറയണത് പോരാത്തതിന് അധ്വാനിയും , നിനക്ക് ഒരു കൊറവും ഇല്ലാണ്ട് ഓന്‍ നോക്കിക്കോളും മോള് നല്ലൊരു തട്ടമൊക്കെ ഇട്ട് ചായേം കൊണ്ട് ചെല്ല് ”

മനസില്ലാ മനസോടെ ഓള് ചായയുമായ് ചെക്കന്‍റെ വീട്ടുകാരുടെ മുന്നിലെത്തി , ചെക്കനെ കണ്ടപ്പൊഴേക്കും ഓള്‍ക്ക് ആളെ മനസിലായി കോളേജിന്‍റെ മുന്നില്‍ സ്ഥിരമായി തന്നെ വായിനോക്കാന്‍ വരാറുള്ള ”ആഷിഖ് ” പരീക്ഷയുടെ അവസാന ദിവസം ഓന്‍ വന്ന് ഇഷ്ടമാണ് കല്യാണം കഴിക്കണമെന്നൊക്കെ പറഞ്ഞപ്പൊ ഓനെ ഒഴിവാക്കാന്‍ പറഞ്ഞതാണ് വീട്ടില്‍ വന്ന് ഉപ്പയോട് ചോദിക്ക് ഉപ്പ പറയണ ആളെ മാത്രേ ഞമ്മള് കെട്ടൂന്ന് , അതിന്‍റെ ധൈര്യത്തിലാണ് ഓന്‍ ഓന്‍റെ ഉമ്മായേം ചേട്ടനേയും ചേട്ടന്‍റെ ഭാര്യയേയും കൂട്ടി തന്‍റെ വീട്ടില്‍ പെണ്ണ് ചോദിക്കാനെത്തിയത്.

മൗനാന്തരീക്ഷ സദസിന് വിരാമം കുറിച്ച് ജാസ്മിന്‍റെ ഉപ്പ പറഞ്ഞു

”ഓള്‍ക്കിപ്പഴേ കല്യാണം വേണ്ട പഠിച്ചൊരു ജോലിയൊക്കെ ആയിട്ട് മതീന്ന് പറഞ്ഞ് നിന്നതാ”

ആഷിക്കിന്‍റെ ഉമ്മ പറഞ്ഞു ”അതിനെന്താ കല്യാണം കഴിഞ്ഞാലും ഓള്‍ക്ക് പഠിച്ച് ജോലിക്ക് പോവാല്ലോ”

ഉമ്മയുടെ വര്‍ത്താനം കേട്ട് തൊട്ടടുത്ത് ഞാലി പൂവന്‍ പഴം തിന്നോണ്ടിരുന്ന പീ ജി യും കഴിഞ്ഞ് അടുക്കള ജോലിയും ചെയ്ത് വീട്ടില്‍ നിക്കുന്ന ജേഷ്ഠന്‍റെ ഭാര്യ ഖമറുനിസ പഴം തൊണ്ടയില്‍ കുടുങ്ങി കണ്ണ് തെള്ളിച്ച് ഉമ്മാനേം കെട്ട്യോനേം മാറി മാറി നോക്കി കെട്ട്യോന്‍ ഞാന്‍ ഈ നാട്ടുകാരനേ അല്ല എന്ന ഭാവത്തില്‍ അടുത്തിരുന്ന മിക്സചര്‍ പാത്രത്തില്‍ കൈയ്യിട്ട് വാരി തിന്നുക്കൊണ്ടേ യിരുന്നൂ.

FacebookTwitterWhatsAppFacebook MessengerShare
”അപ്പൊ ബാക്കി കാര്യങ്ങളൊക്കെ ആലോചിച്ച് വിവരം ഞങ്ങളെ അറിയിക്ക് ഞങ്ങള്‍ ഇറങ്ങട്ടെ ”

ചെക്കനും കൂട്ടരും പൊയ്ക്കഴിഞ്ഞ് ഉപ്പ പറഞ്ഞു
”മോളേ നമുക്കിത് നടത്താം കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ ആ കൂട്ടര് നല്ലവരാ. നിനക്ക് താഴെയും ഉള്ളത് ഒരു പെണ്ണാണ് നിന്‍റെ കഴിഞ്ഞ് വേണം ഓളുടെ കാര്യവും നോക്കാന്‍”

ഉപ്പയുടെ വാക്ക് ധിക്കരിക്കാന്‍ ഓള്‍ക്ക് മനസ് വന്നില്ല. പ്ലസ് ടൂ കഴിഞ്ഞ് കല്യാണക്കാര്‍ വീട് തേടി വന്നപ്പോള്‍ ഇപ്പൊഴേ കെട്ടിക്കുന്നില്ല ഓള് ഇനിയും പഠിക്കട്ടെന്ന് പറഞ്ഞ് ഉപ്പയാണ് ഓള്‍ക്ക് സപ്പോര്‍ട്ട് നല്‍കിയത്. ഓളുടെ സമ്മതത്തോടെ വിവാഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വിവാഹ ദിവസം വന്നെത്തി..

നിക്കാഹ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങാന്‍ നേരം ജാസ്മിന്‍റെ കൂട്ടുകാരികളെ കണ്ട് ആഷിക്കിന്‍റെ കൂട്ടുകാര്‍ ആഷിക്കിനെ മാറ്റി നിര്‍ത്തി സൗഹൃദ സംഭാഷണങ്ങള്‍ തുടര്‍ന്നൂ

”അന്‍റെ പെണ്ണ് കോളേജിലൊക്കെ പഠിച്ചതാണോ”

”അതേ എന്താ”

ശുക്കൂറ് ”ദോ ലവളുമാരെ കണ്ടോ നിന്‍റെ പെണ്ണിന്‍റെ കൂട്ടുകാരികളാ ഞമ്മള് വന്നപ്പൊ മുതല്‍ ശ്രദ്ധിക്കണതാ ഒരു അടക്കോം ഒതുക്കാം ഇല്ലാത്ത പെണ്‍ക്കുട്ടികള്‍, അല്ലങ്കിലും കോളേജിലൊക്കെ പഠിക്കാന്‍ വിട്ടതല്ലേ പണി കിട്ടാതെ നോക്കിക്കോ മോനേ”

”നിങ്ങളെന്തൊക്കെയാ പറയണത് എനിക്ക് ഒന്നും മനസിലാവണില്ല”

ശുക്കൂറ്”എടാ പൊട്ടാ കോളേജില്‍ ആണ്‍പിള്ളാരും പെണ്‍മ്പിള്ളാരും ഒരുമിച്ചല്ലേ ഇന്നത്തെ കാലം അതാ ഒന്നിനേം വിശ്വോസിക്കാന്‍ കൊള്ളൂല്ല”

ബഷീര്‍ പറഞ്ഞു ”ആ ഇനി എന്ത് ചെയ്യാന്‍ നിക്കാഹ് കഴിഞ്ഞില്ലേ വരുന്നിടത്ത് വെച്ച് കാണാം”

”ഇനി വഴി യുണ്ട് ” ശുക്കൂറ് പറഞ്ഞൂ

എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചൂ
”എന്ത് വഴി..?”

”ആദ്യ രാത്രി ഡിങ്കോള്‍ഫിക്കേഷന്‍ നടത്തുംമ്പൊ പെണ്ണ് കന്യക ആണെങ്കില്‍ കന്യാചര്‍മ്മം പൊട്ടി ചോര വരും”

എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി തലയാട്ടി

കളങ്കമില്ലാത്ത പുതുമാണവാളന്‍റെ മനസിലേക്ക് തീ കനല്‍ കോരിയിട്ട് അവര്‍ യാത്രയായി.

പുതു മണവാളനും മണവാട്ടിയും കാറില്‍ കയറി വീട്ടിലെത്തി ,യാത്രയില്‍ ഒരക്ഷരം പോലും മിണ്ടാത്ത ആഷിക്കിനെ കണ്ട് അവള്‍ക്ക് അത്ഭുതമായി കല്ല്യാണം ഉറപ്പിച്ച അന്ന് മുതല്‍ ഫോണ്‍ വിളികളിലൂടെ വാ തോരാതെ സംസാരിക്കുന്നവനായിരുന്നൂ.

ആളും ആരവും ഒഴിഞ്ഞ് എല്ലാവരും പൊയ് കഴിഞ്ഞ് മണിയറയിലേക്ക് കടക്കാന്‍ നേരം വിവാഹ ബന്ധം വേര്‍പെടുത്തി വീട്ടില്‍ നിക്കണ കുഞ്ഞാമിനു ജാസ്മിന് ഉപദേശവുമായ് എത്തി. തന്‍റെ ജീവിതത്തില്‍ സംഭവിച്ചത് ഓള്‍ക്ക് ഉണ്ടാവരുതെന്ന് കരുതി കുഞ്ഞാമിനു ചില പൊടി കൈ ജാസ്മിനെ പഠിപ്പിച്ച് മണിയറയിലേക്ക് തള്ളിവിട്ടു.

കുഞ്ഞാമിനുവിനെ പോലെ താനും കലാ കായിക മത്സരവും സൈക്കിള്‍ ചവിട്ടലും പതിവാക്കിയിരുന്നതിനാല്‍ ആ പേടി അവളുടെ മനസിലും ഉണ്ടായിരുന്നൂ..

കല്ല്യാണപ്പന്തല്‍ മുതല്‍ എന്തോ കളഞ്ഞ അണ്ണാനെ പോലുള്ള ആഷിക്കിന്‍റെ മുഖം കണ്ട് ജാസ്മിനും പരിഭ്രാന്തി. കട്ടിലില്‍ ഇരുന്ന ഓളോട് ഓന്‍ പറഞ്ഞു

”ലൈറ്റ് അണയ്ക്കട്ടെ”

”ഇത്ര പെട്ടന്നോ..? നമുക്കെന്തെലേും സംസാരിച്ചിരിക്കാം”

”ഇത്രേം നാള്‍ ഫോണിലൂടെ സംസാരിച്ചില്ലേ അത് തന്നെ ധാരാളം”

”എന്നാലും..”

”ഒരു കുന്നാലും ഇല്ല… ഹും ”

ലൈറ്റണച്ച് ഇരുവരും കട്ടിലിലേക്ക് മറിഞ്ഞു . രാത്രിയുടെ രണ്ടാം യാമത്തില്‍ ഉറക്കമുണര്‍ന്ന ജാസ്മിന്‍ കണ്ടത് ഡിങ്കോള്‍ഫിക്കേഷന്‍ കഴിഞ്ഞ് തന്‍റെ മേല്‍ തളര്‍ന്ന് കിടന്നുറങ്ങുന്ന ആഷിക്കിനെയാണ്.
ഇനിയും വൈകിക്കൂടാ കുഞ്ഞാമിനു പറഞ്ഞ ഐഡിയ പ്രയോഗിക്കാന്‍ സമയമായി.

മണിയറയിലേക്ക് കയറാന്‍ നേരം കുഞ്ഞാമിനു നല്‍കിയ ബ്ലേഡിന്‍റെ പാതി അവള്‍ കൈയ്യിലെടുത്ത് സുഖാലസ്യത്തില്‍ മയങ്ങുന്ന പുതുമണവാളന്‍ ആഷിക്കിന്‍റെ ചന്തിയില്‍ ഒന്ന് പൂളി(മുറിവുണ്ടാക്കി) വീണ്ടും അവള്‍ കിടന്നുറങ്ങി.

രാവിലെ ഉറക്കമുണര്‍ന്ന ആഷിക്ക് കണ്ടത് ഒരു പൂച്ച കുഞ്ഞിനെ പോലെ തന്‍റെ നെഞ്ചില്‍ കിടന്നുറങ്ങുന്ന ജാസ്മിനെ യാണ്. അവളെ കുലുക്കി ഉണര്‍ത്തിയപ്പൊള്‍ കണ്ണുകള്‍ മെല്ലെ തുറന്ന് കുറച്ച്കൂടി മുകളിലേക്ക് കയറി കിടന്ന് അവന്‍റെ കവിളില്‍ ഒരു കടി കൊടുത്ത് സ്നേഹത്തോടെ അവള്‍ മൊഴിഞ്ഞൂ

”കള്ളന്‍ ഇത്രയും നാള്‍ ഞാന്‍ കാത്ത് സൂക്ഷിച്ചതെല്ലാം കവര്‍ന്നെടുത്തൂ ല്ലേ..”

എന്ത് എന്ന് അറിയാതെ മിഴിച്ച് നോക്കുന്ന പുതുമാണവാളനെ നോക്കി ജാസ്മിന്‍ കിടക്കയിലെ രക്ത തുള്ളികള്‍ കാണിച്ച് പുഞ്ചിരിച്ച് അവന്‍റെ നെഞ്ചിലേക്ക് കിടന്നു.

കിടക്ക വിരിയിലെ രക്ത തുള്ളികള്‍ കണ്ട് സുഹൃത്തുക്കളോട് വീരവാദം മുഴക്കാനുള്ള ആത്മ വിശ്വാസം വീണ്ടെടുത്ത് യുദ്ധം ജയിച്ച യോദ്ധാവിനെ പോലെ അവന്‍ ഓളെ ചേര്‍ത്ത് പിടിച്ച് മൂര്‍ധാവില്‍ ചുംമ്പിച്ച് മെല്ലെ കണ്ണുകളടച്ച് കിടന്നൂ…!