അസുരജന്‍മം

അകത്തെ പുല്‍പ്പായയിലിരുന്ന് നിലവിളക്കിന്റെ വെളിച്ചത്തില്‍ പവിഴം തനിയ്ക്കുവന്ന കത്ത് തുറന്ന് വായിച്ചു…

പ്രിയ്യപ്പെട്ട എന്റെ പൊന്നുമോള്‍ക്ക് …

നൂറുകൂട്ടം തിരക്കുകള്‍ക്കിടയില്‍ അച്ഛന്റെ ഈ എഴുത്ത് വായിയ്ക്കാതെ പോവരുത്…

അഞ്ചു വര്‍ഷത്തോളം അകമഴിഞ്ഞ് പ്രാര്‍ത്ഥിച്ചതിന് പതിനേഴ് വര്‍ഷം മുമ്പ് മകരത്തിലെ തിരുവാതിരക്കുളിരിലാണ് മോളെ ഞങ്ങള്‍ക്ക് കിട്ടുന്നത്….

സങ്കീര്‍ണ്ണതയുള്ള ഗര്‍ഭ്ഭാവസ്ഥയില്‍ നിന്റെയമ്മ ജലക്കുറവ് കാരണം ആറുമാസം പകലുമുഴുവന്‍ വെള്ളത്തില്‍ കിടന്നിട്ടുണ്ട്….

അങ്ങിനെ വളരെയധികം കഷ്ടപ്പെട്ട് കിട്ടിയ നിനക്ക് ഞങ്ങളിട്ട പേരാണ് പവിഴം…..

അവിടുന്നങ്ങോട്ട് ഞങ്ങളുടെ ഓരോ മിടിപ്പിലും നിന്റെ വളര്‍ച്ചയും ഇഷ്ടങ്ങളും മാത്രമായിരുന്നു…

നിന്റെയോരോ പിറന്നാളും ഞങ്ങളൊരുല്‍സവമാക്കി..

ആണ്‍കുട്ടിയില്ലെന്നൊരു ഖേദം മനസിലില്ലാത്തതിനാല്‍ ശേഷമൊരു കുഞ്ഞിനെപ്പറ്റി ചിന്തിച്ചതേയില്ല…

നിനക്കൊരു പനി വന്നാല്‍ അടുത്ത് നിന്ന് മാറാതെ, ഒരു പോളകണ്ണടയ്ക്കാതെ ഈയച്ഛന്‍ എത്രയോ രാവ് പകലാക്കിയിരുന്നു…

പത്തിലെല്ലൊ വിഷയത്തിലും ഏപ്ളസ് നേടിയപ്പോള്‍ മോള് പറഞ്ഞ ഫോണ്‍ അച്ഛന്‍ അത്യധികം സന്തോഷത്തോടെയാണ് വാങ്ങിത്തന്നത്….

പ്ളസ് ടൂവിലെത്തിയ സമയത്താണല്ലോ അച്ഛന്‍ മോളില്‍ ചില അപ്രിയസ്വഭാവം അര്‍ദ്ധരാത്രിയില്‍ കണ്ടു പിടിയ്ക്കുന്നത്….

ആരോടോ ഉള്ള അടക്കിപ്പിടിച്ച സംസാരം കേട്ട്, അടുത്ത പകലില്‍ അനുനയത്തില്‍ മോളോട് ഞാന്‍ കാര്യങ്ങളൊക്കെ ചോദിച്ചു മനസിലാക്കി…

ഇതുവരെ കാണാത്ത നിന്റെ മൊബെെല്‍കൂട്ടുകാരനെ അച്ഛന്‍ സ്വകാര്യത്തില്‍ തേടിപ്പിടിച്ചപ്പോള്‍ കഞ്ചാവും കള്ളും പെണ്ണുപിടിയും ശീലമാക്കിയ സുന്ദരനായൊരു മോഷണപ്രതി….

അതിനുശേഷമാണ് അച്ഛന്‍ ആദ്യമായ് മോളെ ആ പ്രണയത്തില്‍ നിന്ന് വിലക്കിയതും ദേഷ്യപ്പെട്ടതും….

പക്ഷേ…
പ്രായത്തിന്റെ തെറ്റാവും…..

ഞാന്‍ പറഞ്ഞതൊന്നും മോള് ചെവിക്കൊണ്ടില്ല…

ദിനം പ്രതി പഠനം വഷളാക്കിയുള്ള മോളുടെ പെരുമാറ്റം എന്റെ സമനില തെറ്റിച്ചപ്പോഴാണ് ജീവിതത്തിലാദ്യമായി ഞാന്‍ നിന്നെയൊന്നടിച്ചത്….

ഈ സമയത്തൊക്കെ എന്നെ സമാധാനപ്പെടുത്തി അടുക്കളക്കരിയില്‍ നിന്നു തേങ്ങുന്ന അമ്മയെപ്പോലും നീയൊരു ശത്രുവിനെപ്പോലെയാണ് കണ്ടത് …

നിവൃത്തിയില്ലാതെ നിന്റെ ഫോണ്‍ വാങ്ങി വച്ചതിന്റെ മൂന്നാം നാളാണ് ജോലിസ്ഥലത്തുനിന്നും പോലീസുകാരെന്നെ പിടിച്ചു കൊണ്ടു പോവുന്നത്….

സ്റ്റേഷനില്‍ നിന്നും മുഖത്തടിച്ചുകൊണ്ട് എസ് എെ സാര്‍ എന്നോട് ചോദിച്ചതെന്താണെന്നറിയോ ?

സ്വന്തം മകളെ പ്പോലും നീയൊന്നും വെറുതെ വിടില്ലെ നായേന്ന്….

മാറ് പിടിച്ച് വലിച്ച് മുറിയിലേയ്ക്ക് തള്ളി പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചെന്നതാണ് മോള് എനിയ്ക്കെതിരെ കൊടുത്ത പരാതി….

ആ നിമിഷം ഹൃദയം പൊട്ടിച്ചിതറിയ ഞാന്‍ ആര്‍ത്തു കരഞ്ഞു….

എനിയ്ക്കറിയാം അവന്‍ പറഞ്ഞതുപോലെ എന്റെ മോള് അക്ഷരം പ്രതി അനുസരിച്ചതായിരിയ്ക്കും …

അല്ലാതെന്റെ പൊന്നുമോള്‍ക്ക് ഇത്തരം പാപബുദ്ധിയൊന്നും തോന്നില്ലല്ലോ..

പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ചാല്‍ മൂന്നുമാസം വരെ ജാമ്യമില്ലാതെ ജയിലില്‍ കിടക്കണം ….
അതാണ് പുതിയ നിയമം…

സ്വകാര്യ കോടതിയില്‍ ജഡ്ജിയ്ക്ക് മുന്നിലും മോളെന്നെ നോക്കി അപരാധം ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ മനസിലുറച്ചൊരു തീരുമാനമെടുത്തിരുന്നു….

ജയിലില്‍ ആദ്യത്തെയാഴ്ച കൊലയാളികള്‍ക്ക് പോലും എന്നെ വെറുപ്പായിരുന്നു..

അവരില്‍ പലരും എന്റെ മുഖത്ത് തുപ്പി…

പക്ഷേ…പിന്നീടവര്‍ക്കെല്ലാം എന്റെ പ്രവര്‍ത്തിയിലൂടെ നിരപരാധിത്വം മനസിലായി…

കുപ്പിച്ചില്ല് വാസുവെന്ന വാടകഗുണ്ട ഇതുകേട്ടെന്നോട് ചോദിച്ചത് കേള്‍ക്കണോ ?

എങ്ങിനെയെങ്കിലും ഒറ്റക്കുത്തിനവളെ തീര്‍ത്തിട്ടല്ലേ വരേണ്ടതെന്ന് ?

നല്ല കഥയായി …എന്റെ മുത്തിനെ ഞാന്‍ തീര്‍ക്കുകയോ ?

അവര്‍ക്കൊന്നും ന്റെ മോളെപ്പറ്റിയറിയൂലല്ലോ…

ജയിലില്‍ ബാലപീഡനത്തിന്റെ പേരില്‍ ഒരുപാട് നിരപരാധികളേയും ഈയച്ഛന് കാണാന്‍ കഴിഞ്ഞു….

പക്ഷേ വകുപ്പ് പോക്സോയായതിനാല്‍ യാതൊരു രക്ഷയുമില്ല..

പലരും ഒരു മൂലയിലിരുന്ന് നിശബ്ദം തേങ്ങുകയല്ലാതെ..

സ്നേഹവും സന്തോഷവും നിറഞ്ഞ നമ്മുടെ ജീവിതം ഒരു നിമിഷം കൊണ്ട് എന്റെ മോളുടെ കയ്യിലൂടെ പിഴുതെറിയപ്പെട്ടുപോയല്ലോ…

എനിയ്ക്കറിയാം ഈ അച്ഛന്റെ അസാന്നിധ്യതയില്‍ അവന്‍ നിന്നെ നശിപ്പിച്ചിട്ടുണ്ടാവും…..

സ്വന്തം മകളെ പീഡിപ്പിച്ചവനെന്ന അപഖ്യാതിയാല്‍ ആത്മാഭിമാനിയായ ഈ അച്ഛനെങ്ങിനെ മറ്റൊരാളുടെ മുഖത്ത് നോക്കും ?

അതുകൊണ്ടാണ് പുറത്തിറങ്ങിയ പാടെ കേസിന്റെ കാര്യത്തിനെന്ന് പറഞ്ഞ് അമ്മയുടേയും അമ്മാവന്റേയും ഇടയില്‍ നിന്നും കണ്ണുവെട്ടിച്ച് ഞാനൊന്നു മുങ്ങിയത്…..

പറ്റുമെങ്കില്‍ അമ്മയെ സങ്കടപ്പെടുത്താതെ നോക്കണം …

പഠിച്ചൊരു ജോലി നേടണം…

അവനെ നന്നാക്കിയെടുക്കാന്‍ പരമാവധി ശ്രമിയ്ക്കണം….

അമ്മയോടും നിന്നോടുമൊപ്പം അച്ഛന് ജീവിച്ച് മതിയായിട്ടില്ല …..

പക്ഷേ ..നിവൃത്തിയൊന്നുമില്ലല്ലോ….
ഈ കത്ത് മോളുടെ കയ്യില്‍ തന്നെയേ കിട്ടുകയൊള്ളൂ …..

വായിച്ച് കഴിഞ്ഞാലുടനെ ചീന്തിയിടണം….

നീ പറഞ്ഞതിനപ്പുറം ഇനിയിപ്പോ ഈ അച്ഛനെ തിരുത്തുകയൊന്നും വേണ്ട…

അതുകൊണ്ട് പ്രത്യേകിച്ചൊരു കാര്യവുമില്ലല്ലോ..

മോള്‍ക്കിഷ്ടമാണെങ്കില്‍ അടുത്ത ജന്‍മവും നീയെന്റെ മകളായിത്തന്നെ ജനിയ്ക്കണം…

ഇത്രമാത്രം ….

സ്നേഹപൂര്‍വ്വം എന്റെ പൊന്നുമോള്‍ക്ക് ആയിരമായിരം ഉമ്മകളോടെ….

വായനയ്ക്കുശേഷം പാപബോധം പുറത്തുകാണിയ്ക്കാതെ അവള്‍ അച്ഛന്റെ ആത്മാവായ വിളക്കിലെ അഗ്നിയില്‍ത്തന്നെ ആരുമറിയാത്ത തന്റെ അസുരജന്‍മത്തിന്റെ കഥയും ലയിപ്പിച്ചു…..