മിററിൽ ചോര കണ്ടതും ബൈക്കെടുത്ത് ഞങ്ങൾ വേഗം വീട്ടിലെത്തി. ആരോടും ഒന്നും പറയാതെ അന്നു രാത്രി എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു കിടന്നുറങ്ങി.
പിറ്റേ ദിവസം രാവിലെ അഭി വന്നിട്ട് പറഞ്ഞു ബൈക്ക് പഞ്ചറായി എന്ന്. കൊണ്ടു വെയ്ക്കുന്നവരെ ഒന്നുമില്ലാതിരുന്ന ബൈക്ക് എങ്ങനെ പഞ്ചറായി എന്നതിനു ഞങ്ങൾ മുഖത്തോട് മുഖം നോക്കി. എന്തായാലും അവൻ ജോലിക്ക് പോവുകയാണ് എന്ന് പറഞ്ഞു ഇറങ്ങി.
അസാധാരണമായി നമുക്ക് തോന്നുന്ന സംഭവങ്ങളെ കുറിച്ച് അറിയാൻ എനിക്ക് വലിയ ആഗ്രഹമായിരുന്നു. അസാധാരണമായി തോന്നുന്ന അപകടങ്ങൾ, കൊലപാതകങ്ങൾ ചോദ്യം ചിഹ്നം പോലെ ബാക്കിയായി കിടക്കുന്ന ചരിത്രങ്ങൾ എല്ലാം. ഇന്നലെ നടന്നതും ഒരു അസാധാരണ സംഭവമാണ് ആ രൂപം, ആ കുഞ്ഞിന്റെ കരച്ചിൽ, മിററിലെ രക്തം ഇവയിൽ എന്തെങ്കിലും സത്യമുണ്ടോ അതോ വെറും തോന്നലാണോ എന്നറിയില്ല.
ഷെർലക്ക് ഹോംസിന്റെ കുറ്റാന്വേഷണ നോവലുകൾ വായിച്ച് ഭ്രാന്താമായ ഒരു ആരാധന തോന്നിയ ഒരാളാണു ഞാൻ.വായിച്ച പുസ്തകങ്ങൾ തന്നെ വീണ്ടും വീണ്ടും വായിക്കും. അദ്ദേഹത്തിന്റെ സൂഷ്മ നിരീക്ഷണവും ഒരാളുടെ രൂപവും, മുഖവും ,വിരലുകളും നോക്കി അതിശയിപ്പിക്കുന്ന പറച്ചിലുകളും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ഉച്ചയ്ക്ക് അദ്ദേഹത്തിന്റെ പ്രശസ്തമായ പുള്ളിത്തലക്കെട്ടിന്റെ കഥ വായിക്കുന്ന സമയം “സ്റ്റോക്ക് മൊറാനിലെ റോയ്ലോട്ട് കുടുംബത്തിന്റെ ഹെലൻ, ജൂലി എന്ന ഇരട്ട സഹോദരികളുടെ കഥ വായിച്ചു കൊണ്ടിരിക്കുമ്പോൾ ജോലി കഴിഞ്ഞു വന്നു അഭി വെപ്രാളപ്പെട്ട് എന്റെ അടുത്ത് വന്നു പറഞ്ഞു.
“എടാ ആ സ്ത്രീ മരിച്ചു ”
“ഏത് സ്ത്രീ?” ഞാൻ ചോദിച്ചു.
“ഇന്നലെ അപകടം പറ്റിയ സ്ഥലത്തെ… ആ പ്രേതത്തെ കുറിച്ച് പറഞ്ഞ ആ പ്രായമായ സ്ത്രീ.”
“നീയെങ്ങനെ അറിഞ്ഞു, ആരാ പറഞ്ഞത്?”
” ഞാൻ ചേട്ടന്റെ കൂടെ ടൗണിൽ ഫർണ്ണിച്ചർ എടുക്കാൻ പോയത് ആ വീടിന്റെ താഴത്തെ റോഡ് വഴിയാണ് അപ്പോൾ അറിഞ്ഞു. ”
“ഇന്ന് എന്തായാലും വേണ്ട, നമുക്ക് നാളെ ഒന്നു അവിടെ വരെ പോവാം.” എന്ന് ഞാൻ പറഞ്ഞു.
അടുത്ത ദിവസം ഞങ്ങൾ ആ മരണ വീട്ടിലേക്ക് പോയി, ആരും ഒന്നും മിണ്ടിയില്ല കുറച്ചു സമയങ്ങൾക്ക് ശേഷം അവിടെ നിന്ന് ഇറങ്ങിയ ഞങ്ങളെയും കാത്ത് ആ വീട്ടിൽ അന്നു രാത്രി കണ്ട പെൺകുട്ടി വഴിയിൽ കാത്തുനിന്നു. കുട്ടി പറഞ്ഞു
“നിങ്ങൾ ഇതിന്റെ പുറകെ നടക്കരുത് അപകടമാണ് മുത്തശ്ശി മരിച്ചത് കണ്ടില്ലേ. ഇന്നലെ വൈകുന്നേരം വരെ ഒരസുഖവും ഉണ്ടായിരുന്നില്ല. ”
” പ്രായമായതല്ലേ അല്ലാതെയെന്താണ് മരണകാരണം ” എന്ന് ഞാൻ പറഞ്ഞു.
“അതല്ല മുത്തശ്ശി ഇന്നലെ രാവിലെ മുതൽ ആ മരിച്ച സ്ത്രീയെ ചീത്ത വിളിക്കൽ ആയിരുന്നു, മുത്തശ്ശി ഒന്നു മിണ്ടാതിരിക്കുമോ എന്ന് ഞങ്ങൾ പറഞ്ഞിട്ടൊന്നും കേട്ടില്ല, ആളെ കൊല്ലി, ആൾക്കാരെ മനസമാധാനത്തോടെ പോവാൻ അനുവദിക്കാത്തവൾ എന്നൊക്കെ.എന്നിട്ട് ഊണു കഴിച്ച് കേറി കിടന്നതാണ് പിന്നെ….. ”
ഞാൻ ചിരിച്ചു കൊണ്ട് പെൺകുട്ടിയോട് ചോദിച്ചു
” കുട്ടി കോളേജിലൊക്കെ പഠിക്കുന്നതല്ലേ ഇങ്ങനെ അന്ധവിശ്വാസം അയ്യേ… ഛേ. മോശം”
” ഞാൻ പറയേണ്ടത് പറഞ്ഞു മുത്തശ്ശി മരിച്ച മുറിയുടെ ചുവരിൽ രക്തം കണ്ടിരുന്നു.അത്….?????
അത് കേട്ട് ഏറെ നേരം മിണ്ടാതിരുന്ന ഞാൻ പോവാൻ നേരം വർഷങ്ങൾക്ക് മുൻപ് മരിച്ച അവരുടെ പേരും, നാടും അറിയുമോ എന്ന് പെൺകുട്ടിയോട് ചോദിച്ചു. വായനാശാലയിലെ ബോർഡിൽ വർഷങ്ങൾക്ക് മുൻപ് സംഭവിച്ച ആ അപകടത്തെ കുറിച്ചുള്ള വാർത്ത ഉണ്ടെന്നു പറഞ്ഞു ഞങ്ങൾ അവിടെ പോയി നോക്കി.
അപകട മരണം ദമ്പതികൾ മരിച്ചു ,മരിച്ച സ്ത്രീ ഗർഭിണിയായിരുന്നു. അവരുടെ പേര് ജോമോൻ (36), ശ്രുതി (32)വീട് മുളിയാത്തോട് തുടങ്ങിയ വിവരങ്ങൾ ഉണ്ടായിരുന്നു. ഫോട്ടോ ഇല്ലായിരുന്നു ബാക്കി വിവരങ്ങൾ അതിൽ നിന്ന് കിട്ടി വീട്ടിലേക്ക് നടന്നു.
“അല്ല എന്താ നിന്റെ ഉദ്ദേശം? ആ പെൺകുട്ടി പറഞ്ഞില്ലേ ഇതിന്റെ പുറകെ പോവരുത് എന്ന്. ഇനി ഞാൻ ഇല്ല ഒന്നിനും.” അഭി പറഞ്ഞു.
“എടാ അഭീ നീ മണിച്ചിത്രത്താഴ് സിനിമ കണ്ടിട്ടില്ലേ അതിൽ ശോഭന ചേച്ചി ചെയ്ത കഥാപാത്രത്തത്തിന്റെ കുട്ടിക്കാലം അന്വേഷിച്ച് ലാലേട്ടൻ പഴയ തറവാട്ടിലെക്ക് പോവുന്നില്ലേ. നമുക്കും ഇവരുടെ നാടായ മുളിയാത്തോടിൽ പോയി നോക്കാം അസാധാരണമായ എന്തെങ്കിലും ഉണ്ടെങ്കിലോ..? എടാ നീയും വരും ഇന്നേ വരെ പ്രേതം പിടിച്ച് കൊന്ന വാർത്ത എവിടെയും കേട്ടിട്ടില്ല. പേടിച്ചിട്ട് കിണറ്റിൽ വീണ വാർത്തകളൊക്കെയല്ലാതെ.”
ഞങ്ങൾ അടുത്ത ദിവസം ആ മുളിയാത്തോട് എന്ന സ്ഥലത്ത് എത്തി ഒരു ചായക്കടയിൽ കയറി ചായ പറഞ്ഞു.
”ഈ വർഷം ഭയങ്കര മഴയാണ് അല്ലേ ചേട്ടാ, ചേട്ടാ അതേയ് കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു ഭാര്യയും ഭർത്താവും ബൈക്ക് അപകടത്തിൽ മരിച്ചിരുന്നു അവരുടെ വീട് അറിയോ? ആ സ്ത്രീ ഗർഭിണി ആയിരുന്നു.”
ആ ചേട്ടൻ വീട് പറഞ്ഞു തന്നു ആരാണെന്നുള്ള ചോദ്യത്തിനു അവരുടെ ബന്ധുവാണെന്നും പറഞ്ഞു. കുറെ ദൂരം ചെന്നപ്പോൾ ഒരു ചെറുപ്പക്കാരനെ കണ്ടു. വഴി ചോദിച്ചപ്പോൾ അയാൾ അവരുടെ ബന്ധുവായിരുന്നു. അപ്പോൾ പിന്നെ ഞങ്ങൾക്ക് സത്യം പറയേണ്ടി വന്നു. നടന്നതെല്ലാം അയാളോട് പറഞ്ഞു ഞങ്ങൾ ആ സ്ത്രീയുടെ വീടിന്റെ പടിക്കൽ എത്തി.
ആ ചെറുപ്പക്കാരൻ പറഞ്ഞു.
“നിങ്ങൾ പറഞ്ഞ ഈ കരച്ചിലും സംഭവങ്ങളൊക്കെ ഈ പരിസരത്തും ഉണ്ട്.ഇവർ വിവാഹം കഴിച്ച് ഏറെ നാളുകൾക്ക് ശേഷമാണ് ഇവർ ഗർഭിണിയായത് അത് വരെ ആ പാവത്തിനെ എല്ലാരും മാനസികമായി പീഡിപ്പിച്ചിരുന്നു. ഈ വീട്ടിൽ അവരുടെ അച്ഛനും അമ്മയും മാത്രമേ ഇപ്പോ ഉള്ളു.
“അതെന്താ?”
” വേറെ മക്കളൊക്കെ ഉണ്ട് ആരും വരാറില്ല ഇവിടെ നിന്നു രാത്രികാലങ്ങളിൽ ഒച്ചയും കരച്ചിലൊക്കെ കേട്ടു പേടിച്ചിട്ട്. കുഞ്ഞുങ്ങൾക്കൊക്കെ പേടിച്ചിട്ട് പനിയൊക്കെ വരും ”
പിന്നെ കുറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
മുൻപ് എറണാകുളത്ത് നിന്ന് വരികയായിരുന്ന ഒരു പെൺകുട്ടി രാത്രി 8.30 ഇവിടെ എത്തിയപ്പോൾ എന്തോ കണ്ട് പേടിച്ച് ഓടി എതിരെ വന്ന ഒരു ലോറിയിടിച്ച് മരിച്ചു. മുരളിയേട്ടന്റ മകൾ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടി. ഇവൾ നിലവിളിച്ച് ഓടുന്നത് ആ വീട്ടിലെ ആരൊക്കെയോ കണ്ടു പക്ഷെ… രക്ഷിക്കാൻ കഴിഞ്ഞില്ല.
പടി കടന്ന് ഞങ്ങൾ ആ വീട്ടിലേക്ക് കയറി. ഒരു പാട് അന്ധവിശ്വാസങ്ങളും ,പൂജയും മന്ത്രവുമൊക്കെയുള്ള ചുറ്റിലും കാട് പിടിച്ച വീട്. അവരുടെ അമ്മ ഉമ്മറത്ത് വന്നു.സുഹൃത്തുക്കളാണെന്ന് പറഞ്ഞ് അയാൾ ഞങ്ങളെ പരിചയപെടുത്തി.
“ഇതെന്താ അമ്മേ ഈ വീടും പരിസരമൊന്നും വൃത്തിയാക്കത്തത് ചുറ്റും കാട് പിടിച്ചിരിക്കുന്നല്ലോ?” ഞാൻ ചോദിച്ചപ്പോൾ ചായ എടുക്കട്ടേ എന്ന് പറഞ്ഞു ആ അമ്മ അകത്തേക്ക് പോയി.
” വൃത്തിയാക്കത്തതല്ല ,കഴിയാത്തതാണ് പറമ്പ് വൃത്തിയാക്കാൻ വന്ന 2 പേരെ പാമ്പ് കടിച്ചു. തെക്കുകയറ്റക്കാരൻ വീണു കിടപ്പിലായി, ആ പെൺകുട്ടിയെ അടക്കം ചെയ്ത തെക്കെപറമ്പിൽ കെട്ടിയിട്ട പശുവരെ ചത്തു ഇതൊക്കെയാണ് ഇവിടുത്തെ സംഭവം” എന്ന് അയാൾ പറഞ്ഞു.
പിന്നെ ഈ പടിക്കൽ ഒരു രൂപത്തെ രാത്രി പലരും കണ്ടിട്ടുണ്ട്. പിന്നെ തെക്കെയിലെ രേഖ ഒരു ദിവസം രാത്രി കുഞ്ഞിനെ ഉറക്കാൻ മുകളിലത്തെ ടെറസ്സിൽ നിന്നപ്പോൾ റോഡിൽ ഒരു രൂപത്തെ കണ്ടു നിലവിളിച്ചു അവളും കുഞ്ഞും താഴെ വീണു. ഭാഗ്യത്തിനു കുഞ്ഞിനു ഒന്നും പറ്റിയില്ല, അവളുടെ കൈയൊടിഞ്ഞു .അവർ വീട് മാറിപ്പോയി.തോന്നലാണ് അന്ധവിശ്വാസമാണെന്നൊക്കെ ഇവിടുത്തെ പാർട്ടി സെക്രട്ടറിയും നാട്ടുകാരൊക്കെ പറഞ്ഞു. ആർക്കും വ്യക്തമായി ഒന്നും പറയാനില്ല.
”ആ അത് എന്തോ ആവട്ടേ.. ഈ വീടിന്റെ അകമൊക്കെ കൊള്ളാം” ഞാൻ പറഞ്ഞു.
“മുത്തശ്ശി മോള് നൃത്തം പഠിച്ചിട്ടുണ്ടോ? മോഹിനിയാട്ടം, ഭരതനാട്യം അങ്ങനെ”????
അഭിയുടെ ചോദ്യം കേട്ട് ഞാൻ പതുക്കെ ചോദിച്ചു എന്താടാ ?”
“അല്ലട ശോഭന നൃത്തം ചെയ്യുന്നുണ്ടല്ലോ അതു പോലെ ”
” മിണ്ടാതിരി”
” അയ്യോ മക്കളെ അവൾ അതൊന്നും പഠിച്ചിട്ടില്ല കുറെ എഴുതും വായിക്കും, എഴുത്താണ് അവൾക്കിഷ്ടം” അമ്മ പറഞ്ഞു
ആ അമ്മ അകത്തേക്ക് പോയപ്പോൾ ഞാനും അകത്ത് കയറാൻ നോക്കുമ്പോൾ ചെറുപ്പക്കാരൻ പറഞ്ഞു.
“ഞങ്ങളാരും ഇവിടുന്ന് ഒന്നും കുടിക്കാറോ, കഴിക്കാറോ ഇല്ല”
“അതെന്താ ” ഞാൻ ചോദിച്ചു.
അല്ല അത് അങ്ങനെയാണ് ”
ഏയ് നല്ല ഉഗ്രൻ ചായ ആണല്ലോ എന്ന് പറഞ്ഞു അകത്ത് കയറിയ ഞാൻ ആ മരിച്ച സ്ത്രീയുടെ ഫോട്ടോ മാലയിട്ട് ചുവരിൽ തൂക്കിയത് കണ്ടു.
അത് കണ്ടതും തിരിഞ്ഞു ഓടി ഉമ്മറപടിയിൽ തട്ടി നിലത്ത് വീണ എന്നെ അഭിയും അയാളും പിടിച്ചെഴുന്നേൽപ്പിച്ചു.
“എന്താടാ എന്താടാ പറ്റിയെ?”
“എടാ ആ മരിച്ച സ്ത്രീ, ആ… ആ പെൺകുട്ടിയെ എനിക്കറിയാം.????????”
തുടരും.