വിയർപ്പിന്‍റെ ഗന്ധമുള്ള ചുരിദാർ
Viyarppinte Gandhamulla Churidar Author : Vinu Vineesh
Image may contain: 2 people, text
“ഏട്ടാ….. , വിനുവേട്ടാ….”
എന്റെ നെഞ്ചിലേക്ക് ചേർന്നുകിടന്നുകൊണ്ട് ലച്ചു വിളിച്ചു.
“മ്, എന്തെടി….”
വലതുകൈ അവളുടെ മുടിയിഴകളിലൂടെ തലോടികൊണ്ട് ഞാൻ ചോദിച്ചു.
“എനിക്കൊരു ചുരിദാർ വാങ്ങിത്തരോ..?”
“ദൈവമേ…പെട്ടോ..?”
അവളുടെ ചോദ്യംകേട്ട ഞാൻ കറങ്ങുന്ന സീലിംഗ് ഫാനിനെ ഒന്നു നോക്കി
ഒന്നും സംഭവിക്കാത്തപ്പോലെ അത് കറങ്ങിക്കൊണ്ടിരിക്കുകയാണ്.
അല്ല.. അവളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല, കാരണം വർഷം മൂന്നായി കല്യാണംകഴിഞ്ഞിട്ട്. ഇതുവരെ എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല,
ദിവസം 800 രൂപക്ക് ആശാരിപ്പണിയെടുക്കുന്ന എന്റെ കൈയിൽ സമ്പാദ്യമൊന്നുമില്ലെന്ന് അവൾക്ക് നന്നായി അറിയാം, അതുകൊണ്ടാകും ഇത്രേം കാലം എന്നോടൊന്നും ചോദിക്കാതെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും ഉള്ളിലൊതുക്കി കഴിഞ്ഞത്.
“രണ്ടീസം കഴിയട്ടെ മോളൂ… ബാവഹാജിയുടെ വീടിന്റെ തള്ളപ്പുര പൊളിച്ചുമേയാനുണ്ട്, അതുകഴിഞ്ഞ് നമുക്കൊരുമിച്ചു പോയിയെടുക്കാം.”
എന്റെ മറുപടികേട്ടതും കിടന്നുകൊണ്ട് അവൾ എന്റെ മുഖത്തേക്ക് നോക്കി.
“സത്യം…”
ലോട്ടറി അടിച്ചപ്പോലുള്ള അവളുടെ മുഖത്തിന് നൂറ്റിപ്പത്ത് വോൾട്ടിൽ കത്തുന്ന ബൾബിന്റെ തെളിച്ചമുണ്ടായിരുന്നു.
“സത്യം,”
പുഞ്ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു
ബെഡിൽ നിന്നും അവളെഴുന്നേറ്റ് അലമാരയിൽ അടക്കിവച്ച വസ്ത്രങ്ങളുടെ
മുകളിൽ നിന്ന് ഇളംപച്ചനിറത്തിലുള്ള ഒരു ചുരിദാറെടുത്ത് എന്റെ നേരെ നീട്ടി.
“ദേ , ഇതുകണ്ടോ ഏട്ടാ, സ്റ്റിച്ചെല്ലാം പിന്നിത്തുടങ്ങി, ഒരു വർഷമായി ഇതിട്ടോണ്ട് നടക്കുന്നു. അടുത്ത ഞായറാഴ്ച്ച ദീപടെ കല്ല്യാണമാ..”
വാടിയ അവളുടെ മുഖം ഞാൻ കൈകൊണ്ട് പതിയെ ഉയർത്തി.
അജ്ഞനമെഴുതിയ കണ്ണുകൾ കലങ്ങിയിരിക്കുന്നു.
“അയ്യേ… ന്തിനാ ലച്ചു കരയണെ…?”
തുളുമ്പിനിൽക്കുന്ന അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ ചോദിച്ചതേ കണക്ക്.
പിന്നെ കണ്ണീരിന്റെ പ്രവാഹമായിരുന്നു.
ഒരുപാടുനാള് ഉള്ളിലൊതുക്കിവച്ച ഗദ്ഗദം ഒരു പേമാരിപോലെ പെയ്തിറങ്ങി.
ഒന്നും പറയാതെ ഞാൻ അവളെ എന്നിലേക്ക് ചേർത്തുപിടിച്ചു.
പറഞ്ഞതുപോലെ ബാവഹാജിയുടെ വീടിന്റെ പണികഴിഞ്ഞ് ഞാനും ലച്ചുവും പുത്തനത്താണിയിലെ ഗൈഡ് കോളേജിന്റെ മുൻപിലുള്ള ‘കനക’ സിൽക്ക്ലേക്ക് ചുരിദാറെടുക്കാൻ പോയി.
വസ്ത്രങ്ങൾകൊണ്ട് വർണ്ണവിസ്മയം തീർത്ത കനകയിൽ ചെന്നപ്പോൾ
അക്ഷരാർത്ഥത്തിൽ ഞാനും സ്തംഭിച്ചുപോയി.
“മുകുന്ദേട്ടാ…”
മുണ്ടിന്റെ സെക്ഷനിലുള്ള എന്റെ സഹപാഠി വൃന്ദയുടെ അച്ഛനെ വിളിച്ചു.
മുകുന്ദേട്ടൻ ഒരുപാടുനാളായി കനകയിൽ ജോലിചെയ്യുന്നു.
“എന്താ ഇവിടെ…”
തോളിൽത്തട്ടി എന്നോട് കുശലം ചോദിച്ചു.
“ദേ ഇവൾക്കൊരു ചുരിദാർ വാങ്ങിക്കാനാ..”
ആവശ്യം പറഞ്ഞപ്പോൾ സഹായത്തിനായി ഒരുപയ്യനെ ഏർപ്പാടു ചെയ്ത് മുകുന്ദേട്ടൻ ജോലിയിലേർപ്പെട്ടു.
അമ്പതോളം ചുരിദാർ വലിച്ചിട്ട് അതിൽനിന്നുമവൾ ഒന്ന് സെലക്റ്റ് ചെയ്‌തു.
“ഏട്ടാ ഇതുമതി…”
അവൾ ഡിസൈനാണ് നോക്കുന്നതെങ്കിലും എന്റെ കണ്ണുപാഞ്ഞത് പ്രൈസ് ടാഗിനു മുകളിലേക്കായിരുന്നു.
“4,699 രൂപ. ഭഗവാനെ, ഇത്രേം വിലയുണ്ടോ..?”
മൂത്രമൊഴിക്കാനെന്ന വ്യാജേനെ
ഞാൻ പുറത്തുകടന്ന് പേഴ്‌സ് എടുത്തുനോക്കി.
മൂന്ന് അഞ്ഞൂറിന്റെ നോട്ടും, പിന്നെ കുറച്ചു ചില്ലറപൈസയും.
ഞാൻ തിരിച്ചു ചെന്നപ്പോഴേക്കും അവളാ ചുരിദാറും പിടിച്ച് എന്നേം കാത്തുനിൽക്കുന്നുണ്ടായിരുന്നു.
“ബില്ലടക്കാൻ എന്തുചെയ്യും ന്റെ കൃഷ്ണാ…”
ഞാനലോചിച്ചു നിൽക്കുമ്പോഴാണ് മുകുന്ദേട്ടൻ അതുവഴി കടന്നുപോയത്.
“മുകുന്ദേട്ടാ…. ദേ, ഈ ചുരിദാർ ഒന്നിവിടെ മാറ്റിവക്കണം, ബില്ലടക്കുന്നില്ല,ഞാൻ വൈകുന്നേരം വന്നുവാങ്ങിച്ചോളാം”
“ഓ..,അതിനെന്താ, ഇവിടെ വച്ചോ “
മുകുന്ദേട്ടന്റെ കൈയിൽ ചുരിദാർ ഏൽപ്പിച്ച് ലച്ചുവുമായി ഞാൻ വീട്ടിലേക്ക് തിരിച്ചു.
“ഉണ്ണിയേട്ടന്റെ കൂടെ സൈറ്റ് നോക്കാൻ പോണം ന്ന് പറഞ്ഞിരുന്നു ലച്ചൂ…
അയാൾ വന്നിട്ടുണ്ട്. അതാ ഞാൻ പെട്ടെന്ന്….”
ബൈക്ക് ഓടിക്കുന്നുണ്ടെങ്കിലും ശ്രദ്ധ മുഴുവനും കണ്ണാടിയിൽ തെളിഞ്ഞു നിൽക്കുന്ന ലച്ചുവിന്റെ മുഖത്തായിരുന്നു.
വഴിയിലുടനീളം ചുരിദാർ വാങ്ങിക്കാതെപോന്നതിന്റെ ദേഷ്യം അവൾ മൗനമായിരുന്നുകൊണ്ട് തീർത്തു.
വീട്ടിൽ വന്നുകയറിയതും ബെഡ്റൂമിൽ കയറി അവൾ വാതിൽ കൊട്ടിയടച്ചു.
അതെന്നെ വല്ലാതെ അസ്വസ്ഥനാക്കി.
ഭാര്യക്ക് ഇഷ്ടമുള്ളതൊന്നും വാങ്ങികൊടുക്കാൻ കഴിയാതെപോയ ഒരു ഭർത്തായിരുന്നോ ഞാൻ?.
കുളികഴിഞ്ഞ് ബൈക്കെടുത്തു ഉണ്ണിയേട്ടനെ കാണാൻ പോയിട്ട് അരമണിക്കൂറിനുള്ളിൽ തിരിച്ചു വീട്ടിൽ വന്നുകയറിയപ്പോഴും ലച്ചു മുറിയടച്ചിരിക്കുകതന്നെയായിരുന്നു.
അയ്യായിരം രൂപ ഞാനവൾക്ക് കൊടുത്തിട്ട് കനകയിൽ നിന്നും ചുരിദാർ വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞു.
പണം കൈനീട്ടിവാങ്ങിക്കാത്തതിനെ തുടർന്ന് ഞാൻ മേശപ്പുറത്തുവച്ചിട്ട് അൽപ്പനേരം ഉമ്മറത്തിണ്ണയിൽ ഇരുന്നു.
ഉണ്ണിയേട്ടൻ വീണ്ടും ഫോണിൽ വിളിച്ചിട്ട് പറഞ്ഞു അത്യാവശ്യമായി ഒന്നുകാണണമെന്ന്.
“ലച്ചൂ.. നീ പോയി ചുരിദാർ വാങ്ങിക്കോ… എനിക്കൊരു സ്ഥലംവരെ പോണം.”
യാത്ര പറഞ്ഞു
ബൈക്കെടുത്ത് ഗെയ്‌റ്റ്കടന്നയുടനെ ഞാൻ തിരിഞ്ഞു നോക്കി.
സാധാരണ ഞാൻ പോകുന്നതും നോക്കി അവൾ ഉമ്മറത്ത് വന്നുനിൽക്കാറുണ്ട്.
പക്ഷെ കേവലം ഒരു ചുരിദാറിനു വേണ്ടിയുള്ള അവളുടെ മൗനം എന്നെ അഗ്നിക്കുനടുവിൽ കൊണ്ടുചെന്നിട്ടപോലെയായി.
ദേഹമാസകലം ചുട്ടുപഴുക്കുന്നപോലെ
രാത്രി ഏറെ വൈകിയാണ് ഞാൻ വീട്ടിൽ വന്നുകയറിയത്.
എനിക്കുള്ള ഭക്ഷണം വിളമ്പി കാത്തിരിക്കുന്ന അവളുടെ മുഖത്ത് അപ്പോഴുമൊരു തിളക്കം ഞാൻ കണ്ടില്ല.
ഭക്ഷണം കഴിച്ച് ഒന്നുംസംസാരിക്കാതെ ബെഡ്റൂമിലേക്ക് ഞാൻ കയറിച്ചെന്നു.
മേശപ്പുറത്ത് കനക സിൽക്‌സ്ന്റെ കവർ മടക്കിവച്ചിരിക്കുന്നത് കണ്ടപ്പോൾ അറിയാതെ ഞാനൊന്ന് പുഞ്ചിരിച്ചു.
അടുക്കളപണിയെല്ലാം കഴിഞ്ഞ് അഴിഞ്ഞുവീണകേശം വാരികെട്ടി അവൾ മുറിയിലേക്കുവന്നു.
കട്ടിലിൽ കിടക്കുകയായിരുന്ന എന്നെ തീക്ഷണമായി ഒന്നുനോക്കിയിട്ട് അവൾ മേശപ്പുറത്ത് വച്ചിരിക്കുന്ന ചുരിദാറിന്റെ കവർ എനിക്ക് നേരെ നീട്ടി.
ബെഡിൽ എഴുന്നേറ്റിരുന്ന് ഞാനാകവർ പൊളിച്ചുനോക്കി.
“ലച്ചൂ…ഇത്….. നീ സെലെക്റ്റ് ചെയ്ത ചുരിദാറെവിടെ..?”
അദ്‌ഭുതത്തോടെ ഞാൻ ചോദിച്ചു.
ഉടനെ അവളോരു മഞ്ഞകടലാസുകഷ്ണം എന്റെ നേർക്ക് നീട്ടികൊണ്ടു ചോദിച്ചു
“എന്താ ഇത്…?”
ദൈവമേ തമിഴന്റെ കൈയിൽനിന്നും പണം പലിശക്ക് വാങ്ങിയതിന്റെ രസീത്.
അവളുടെ മുഖത്തേക്ക് നോക്കാൻ പിന്നെ എനിക്കു കഴിഞ്ഞില്ല.
“ചുരിദാർ വാങ്ങിക്കാനാണോ പലിശക്ക് പണമെടുത്തെ.?
രൗദ്രഭാവത്തിൽ അവൾ എന്നോട് ചോദിച്ചു.
“അത്…. ലച്ചൂ ഞാൻ…”
“ഉള്ളത് പോലെ സന്തോഷത്തോടെ ജീവിക്കാമെന്നുപറഞ്ഞ ഏട്ടന്റെ കൂടെ ഇറങ്ങിവന്നവളാ ഞാൻ. ആ ഏട്ടനാണോ ഇപ്പൊ പലിശക്ക് പണമെടുത്ത്…”
“ലച്ചൂ… ”
ഇടയിൽ കയറി ഞാൻ വിളിച്ചു.
“നിന്റെ ഒരാഗ്രഹവും എനിക്ക് സാധിച്ചുതരാൻ കഴിഞ്ഞിട്ടില്ല. പാതിവഴിയിൽ നിർത്തിവച്ച നിന്റെ MBBS പഠനം, നാളെ ലോകമറിയാനിരുന്ന നർത്തകി.. അങ്ങനെ ഒരുപാട്…
ഇതെങ്കിലും എനിക്ക് പറ്റില്ല്യാച്ചാ പിന്നെ ഞാനെന്തിനാ ഒരു ഭർത്താവായി ഇങ്ങനെ…”
പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ അവൾ എന്റെ വായ കൈകൊണ്ട് പൊത്തിപ്പിടിച്ചു.
എന്നിട്ടവൾ വാങ്ങിക്കൊണ്ടുകൊണ്ടുവന്ന ചുരിദാർ എടുത്തുകൊണ്ടുപോയി പത്തുമിനിറ്റ് കഴിഞ്ഞ് അതുധരിച്ച് എന്റെ മുൻപിൽ വന്നുനിന്നു.
മഞ്ഞനിറമുള്ള ചുരിദാരിൽ കറുപ്പ് നിറത്തിലുള്ള ചിലവർക്കുകൾ ഡെസൈൻ ചെയ്തിരിക്കുന്നു.
അഴിഞ്ഞുവീണ മുടിയിഴകൾ ഫാനിന്റെ കാറ്റിൽ പാറിനടന്നു.
ട്യൂബ് ലൈറ്റിന്റെ പ്രകാശത്തിലും അവളുടെ വെള്ളക്കല്ലുപതിച്ച മൂക്കുത്തി വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.
രാവിലെ അവളെഴുതിയ അഞ്ജനം കരിനീല മിഴിയിൽ അതുപോലെതന്നെ നിൽക്കുന്നുണ്ട്.
“ദീപേടെ കല്യാണത്തിനുപോകാൻ ഇതുമതി. കൊള്ളാമോ…?”
ഒരു റാമ്പിങ് മോഡലിനെപ്പോലെ അവൾ എന്റെ മുൻപിൽ വന്നുനിന്നു.
എന്നുമില്ലാത്ത ഒരു പ്രത്യേക തേജ്വാസ് അവളിൽ കണ്ടയുടനെ
ഞാനറിയാതെ ഇടറിയശബ്ദത്തിൽ വിളിച്ചു.
“ലച്ചൂ… “
ഉച്ചക്ക് ഞാൻ കൊടുത്ത അയ്യായിരം രൂപ എനിക്ക് തിരിച്ചുതന്നിട്ട് അവൾ പറഞ്ഞു.
“ഇത് പലിശക്കാരനുതന്നെ തിരിച്ചുകൊടുത്തോളൂ, ഈ പണം നമുക്ക് വേണ്ട വിനുവേട്ടാ….”
“നിനക്ക് എവിടന്നാ ഈ ചുരിദാർ വാങ്ങിക്കാനുള്ള കാശ് കിട്ട്യേ..”
ബെഡിൽനിന്നുമെഴുന്നേറ്റ്
സംശയത്തോടെ ഞാൻ ചോദിച്ചു.
“ഏട്ടൻ ജോലികഴിഞ്ഞു വരുമ്പോൾതരുന്ന പത്തും, ഇരുപതും സൂക്ഷിച്ചുവച്ചതാ, എടുത്തുനോക്കിയപ്പോ ആയിരത്തി മുന്നൂറ്റി ഇരുപത് രൂപയുണ്ടായിരുന്നു. ദേ ചുരിദാർ വാങ്ങിച്ചിട്ടും ബാക്കി കാശുണ്ട്.”
“ലച്ചൂ…”
ഞാനവളെ ഒരു മയിൽപീലിപോലെ മാറോട് ചേർത്തുപിടിച്ചു.
അവളുടെ ശ്വാസം എന്റെ നെഞ്ചിൽ പതിക്കാൻ തുടങ്ങി.
സിന്ദൂരംകലങ്ങിയ സീമന്തരേഖയിൽ ചുംബിച്ചുകൊണ്ട് ഞാൻ ഞാനല്പനേരം കണ്ണുകളടച്ചു നിന്നു.
എല്ലാ ഭാര്യമാരും ഭർത്താവിന്റെ വരുമാനത്തിനൊത്ത് ജീവിക്കുകയാണെങ്കിൽ ഒരുപക്ഷേ പലരുടെയും ജീവിതം കടക്കെണിയിൽ അകപ്പെടില്ലായിരുന്നു.
“വിനുവേട്ടാ…”
എന്റെ ഇടനെഞ്ചിൽ ചാഞ്ഞുകിടന്ന് അവൾവിളിച്ചു.
“എന്തടി….”
“ഈ ചുരിദാറിന് ഒരു ഗന്ധമില്ലേ..?”
“മ്….”
അഴിഞ്ഞുവീണ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് ഞാൻ മൂളി.
“അറേബ്യയിലെ അത്തറിന്റെ ഗന്ധമല്ല.”
“പിന്നെ…?”
“നല്ല വിയർപ്പിന്റെ ഗന്ധം.”
എന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ടവൾ പറഞ്ഞു.
മറുത്തൊന്നും പറയാനില്ലാതെ ഞാനവളെ എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.
ശുഭം…