നക്ഷത്രക്കുപ്പായം

⭐ നക്ഷത്രക്കുപ്പായം ⭐
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
Nakshathrakkuppayam | Author : _shas_
അക്ഷരങ്ങളുടേ ലോകത്തേക്ക് ഞാൻ പറന്നടുക്കുമ്പോൾ..കാറ്റിന്റെ താളത്തിൽ ആടിയുലഞ്ഞ് കൂട്ടം തെറ്റിയ എന്റെ വാക്കുകൾ തെറ്റുകുറ്റങ്ങളായി നിങ്ങളുടെ മനതാരിൽ അലയടിച്ച് മടുപ്പുളവാക്കുന്നെങ്കിൽ ഈ എന്നോട് പൊറുക്കുക..
കഥയുടെ ലോകത്തേക്കിറങ്ങിത്തിരിച്ച് ഇതുവരേ എന്നെ പ്രോത്സാഹിപ്പിക്കുകയും വിമർശനങ്ങളാൽ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും നന്ദി..!!!
ഒരുപാട് നല്ല എഴുത്തുകാർ പിറവിയെടുക്കുമീ കാലഘട്ടത്തിൽ… സായാഹ്നവേളയിൽ കുത്തിക്കുറിച്ചെടുത്ത എന്റെ ഈ അക്ഷരക്കൂട്ടങ്ങൾക്ക് പ്രാധാന്യമർഹിക്കുന്നുണ്ടോ എന്നറിയില്ലാ..എങ്കിലും ഇതുവരേയുള്ള എന്റെ കഥകളെ സ്വീകരിച്ച പോലെ ഇതും സ്വീകരിക്കുമെന്ന വിശ്വാസത്തോടെ ഈ *നക്ഷത്രക്കുപ്പായം*എന്ന നോവലും നിങ്ങൾക്കു മുന്നിൽ സമർപ്പിക്കട്ടേ…!!

എന്ന്
സ്നേഹപൂർവ്വം..|
_ഷാസ്_

അസ്തമയെ സൂര്യൻ പതിയെ മിഴികളടക്കാൻ തുടങ്ങിയപ്പോഴേക്കും സോഫിയ ഓടിക്കിതച്ചു മാനേജർ കാസിംക്കായുടെ അടുത്തെത്തി..നെറ്റിത്തടങ്ങളിലേക്കിറങ്ങി നിൽക്കുന്ന മുടിയിഴകൾ അനുസരണയില്ലാതെ തെന്നിക്കളിക്കുന്നു..
“സാർ.. എനിക്കൊരു രണ്ടാായിരം രൂപ തര്വോ..”

അഴിഞ്ഞു വീണ തട്ടത്തിൻ തുണ്ട് തലയിലേക്ക് നീക്കിയിട്ട് അവൾ മാനേജറുടെ മുന്നിൽ ഭവ്യതയോടെ നിന്നു..
പകൽ വെളിച്ചം യാത്രപറഞ്ഞു പോവും മുമ്പേ ഇവിടെന്നിറങ്ങണം..കണക്കു പുസ്തകത്തിലേക്ക് മിഴികളും നട്ടിരിക്കുന്ന മാനേജർ കാസിംക്കായുടെ മറുപടിക്കായവൾ ആ മുഖത്തേക്കു മിഴികളും നട്ടിരുന്നു..അവഗണനാ വേഷത്തിൽ നിന്നതല്ലാതെ അയാളിൽ നിന്നവളുടെ ചോദ്യത്തിനൊരുത്തരം കിട്ടിയില്ലാ…ഏകദേശം നാല്പത്തഞ്ച് അമ്പതോളം പ്രായമുള്ള അയാളുടെ തലയിൽ പകുതി കഷണ്ടിയും ബാക്കി ഉള്ളത് പാതിയൊളം നര വന്നതായിരുന്നു..അവയാണെങ്കിൽ മൈലാഞ്ചി ചോപ്പിനാൽ മറച്ചു പിടിച്ചിരുന്നു
ഒരിക്കൽ കൂടി അയാളുടെ മുന്നിൽ ഒച്ചെയെടുക്കാൻ അവൾക്ക് ധൈര്യം വന്നില്ലാ..
അടിയാന്മാർ എപ്പോഴും മേലാൾക്കു മുന്നിൽ ഓച്ഛാനിച്ചു നിന്ന പാരമ്പര്യമാണല്ലോ നമ്മുടെ സമൂഹത്തിന്റെ..പാവപ്പെട്ടവനെന്നും പാവപ്പെട്ടവനായിരിക്കും..മുളച്ചുപൊന്തും മുമ്പേ അടിച്ചമർത്താൻ വിധിക്കപ്പെട്ടവരായിരുന്നു നമ്മുടേ പൂർവ്വികന്മാർ..അതെല്ലാം നോക്കുമ്പോൾ ദിവസങ്ങളായനുഭവിക്കുന്ന ഈ അവഗണനകളെത്രെയോ നിസ്സാരം..ചിന്തകളെ ചില്ലുകൂട്ടിൽ ബന്ധനസ്ഥയാക്കി അവൾ പ്രതീക്ഷയോടെ മുതലാളിയുടെ മുഖത്തേക്കുറ്റു നോക്കി കൊണ്ടിരുന്നു..ചോദിക്കണോ വേണ്ടയോ എന്നു ശങ്കിച്ചൊടുവിൽ പോകാനായി പിന്തിരിഞ്ഞപ്പോൾ
അടിമുടി അവളെയൊന്നു വീക്ഷിച്ചുകൊണ്ട് കാസിം മുതലാളി വട്ടക്കണ്ണടയിലൂടെ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു..
“എന്തിനാടീ അനക്കിപ്പോ ഒരു രണ്ടാായിരമുലുവ..”
പരിഹാസ രൂപേണയുള്ള അയാളുടെ ചോദ്യത്തിനു മുന്നിൽ അല്പം ശങ്കിച്ചാണേലും അവൾ മറുപടി നൽകി..

“സാർ …എനിക്ക് കയറിക്കിടക്കാനൊരിടമില്ലാ..രണ്ടായിരം രൂപ അഡ്വാൻസായി കൊടുത്താാൽ ഒരു റൂം തരപ്പെടുത്താം ..എന്റെ ശമ്പളത്തിൽ നിന്നു പിടിച്ചോളൂ സാർ.”

“ആഹാ..ആകെ രണ്ടായിരത്തഞ്ഞൂറാ അന്റെ ശമ്പളം അതിന്ന് രണ്ടായിരം ഞാനങ്ങു പിടിച്ചാൽ പിന്നെ അനക്കെന്താ ഉണ്ടാവാ..അല്ലാാ..അനക്കിപ്പോ എന്തിനാ ഒരു വീട്..ഇയ്യ് രാത്രീൽ ന്റെ ഒപ്പമങ്ങോട്ട് കൂടിക്കോ..അനക്ക് വേണ്ടതെന്താന്ന് വെച്ചാൽ ഞാൻ തന്നോളാമെടീ..”

സോഫിയ അയാളെ രൂക്ഷമായി ഒന്നു നോക്കി..
“സാർ ..സൂക്ഷിച്ച് സംസാരിക്കണം..”

“ഓ..എന്തോ എങ്ങനേ‌..നമ്മൾ സംസാരിച്ചതായോ കുറ്റം..ഇങ്ങൾക്കൊക്കെ എന്തും എങ്ങനേയും ആവാം ലേ..”
കാസിം മുതലാളി വിടുന്ന മട്ടില്ല എന്നു കണ്ടപ്പോൾ സോഫിയ മൗനം പൂണ്ടു..വാക്കുകൾ കൊണ്ട് ക്രൂരമ്പുകൾ എയ്തുവിടുന്ന അയാളുടെ വാക്കുകളുടെ അടുത്ത പടി എന്തുമാവാം..
“എന്താടീ..അന്റെ നാവിറങ്ങിപ്പോയോ..അനക്കൊക്കെ എന്റെ ഈ ബ്രഡ് കമ്പനീല് ജോലി തന്നത് എന്നെപ്പോലെ ഉള്ള മുതലാളിമാരുടെ നല്ല മനസ്സുകൊണ്ടു മാത്രാ..എന്റെ സ്ഥാപനത്തിനൊരു ചീത്തപ്പേരു ഉണ്ടാക്കാതിരുന്നാൽ നിനക്ക് കൊള്ളാം..”

ചുറ്റിലും ആളുകൾ തനിക്ക് നേര നടന്നടുക്കുന്നത് സോഫിയ അറിയുന്നുണ്ടായിരുന്നു..

“എന്താ സോഫി എന്താ പ്രശ്നം..?”
കൂട്ടത്തിലുള്ള സഹപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുന്നിലവൾ മൗനിയായി..
നിസ്സഹയായി തലകുനിച്ചു നിൽക്കുന്ന അവളെ നോക്കി സുഹ്റ അടുത്തു വന്നു..

“കാര്യമെന്താാന്ന് ഞാൻ പറയാം..നിങ്ങളുടെ സഹപ്രവർത്തകക്ക് വന്നിട്ട് ഒരാഴ്ച കൂടി ആയില്ല..അതിനു മുന്നേ കാശ് വേണമെന്ന്..രണ്ടായിരം രൂപ പോലും..”

“സാർ ..ഒന്നു മാന്യമായിട്ട് പെരുമാറിക്കൂടെ ..എനിക്ക് നിങ്ങളെ കാശ് വേണ്ടാ..പോരേ..”
സോഫിയ യാചിക്കുന്ന സ്വരത്തിൽ പറഞ്ഞു..
“അയ്യോ..മാന്യതയോ..തമ്പുരാട്ടിക്കുട്ടിയോട് ഞാനെത്രമാത്രം മാന്യത കാണിക്കണമാവോ..”
പരിഹാസം കലർന്ന ഒരു ചിരിയോടെ അയാൾ അവളെ ഒന്നു നോക്കി..

“എടീ..സ്വന്തം ഭർത്താവിനെ മറന്ന് കൂട്ടുകാരനെ കിടപ്പറയിലേക്ക് ക്ഷണിച്ചു വരുത്തിയവളല്ലേ നീ..”

കാതടപ്പിക്കുന്ന സ്വരത്തിലുള്ള ആ വാക്കുകൾ കേൾക്കാനുള്ള ശക്തിയില്ലാതെ അവൾ കൈകൾ കൊണ്ട് ഇരു ചെവികളും പൊത്തിപ്പിടിച്ചു..കേട്ടു നിന്നവരുടെ പരസ്പരം ഉള്ള പിറുപിറുക്കൽ അവൾക്കസഹനീയമായിരുന്നു..
‘എന്ത്..സോഫിയയോ..അവള ത്തരക്കാരിയാണോ.. ഹേയ് വിശ്വസിക്കാൻ പറ്റ്ണില്ലാ..’
അതോ ഇനി ചിലപ്പോ മുതലാളി വൈരാഗ്യം തീർക്കുവാണോ..’
രമേശനും ഇഖ്ബാലും തുളസിയും പരസ്പരം എന്തൊക്കെയോ പുലമ്പുന്നു..
കേട്ടു നിന്ന സുഹ്റക്ക് സഹിച്ചില്ലാ

“സാർ..ഒരു പെണ്ണിനോടെത്ര വൈരാഗ്യമുണ്ടേലും ഇങ്ങനെ അവളുടെ മാനത്തിനു വില പറയുന്ന രീതിയിൽ ആവരുത് ..”

“ഹും..മാനം..ഇവൾക്കാണോ മാനവും അഭിമാനവുമൊക്കെ..എന്നാ എല്ലാരും ഇത് കാണ്..”
നീട്ടിപ്പിടിച്ച ആ വീഡിയോ ദൃശ്യങ്ങൾ അയാൾ തൊഴിലാാളികൾക്കിടയിൽ പ്രദർശിപ്പിച്ചു..

സോഫിയാക്ക് തൊലിയുരിയുന്ന പോലെ തോന്നി..
കാസിം മുതലാളി ആ വീഡിയോ എല്ലാവരുടേയും മുന്നിൽ പ്രദർശിപ്പിച്ചു ഒരു വിജയിയെ പോലെ നിന്നു..
ഇയാൾക്കെന്താ തന്നോടിത്ര വൈരാഗ്യം..വന്ന നാളുതൊട്ടു തുടങ്ങിയതാണ് മുന വെച്ചുള്ള സംസാരവും ചൂഴ്ന്നുകൊണ്ടുള്ള ഈ നോട്ടവും..പെട്ടെന്ന് ഒരു ജോലി തരപ്പെടാത്തതുകൊണ്ടാണ് ..അല്ലെങ്കിൽ ഇയാളുടെ ഈ ബ്രഡ് കമ്പനിയിൽ നിന്നെങ്ങോട്ടെങ്കിലും ഒന്നു ഓടിയൊളിക്കാമായിരുന്നു..
ഇയാൾ എല്ലാവർക്കും മുന്നിൽ തന്നെ നാണം കെടുത്തുകയാണ്‌..ഇവിടെയും താൻ ഒറ്റപെടുവാണോ…ഭൂമീ ദേവിയേ..ഒന്നു കനിയുമോ..
നിന്റെ മാറുപിളർന്നെന്നെയും കൊണ്ടൊന്നൂളിയിടുമോ..നീയൊന്നു വാരിപുണർന്നെങ്കിൽ നിൻ നെഞ്ചിലലിഞ്ഞൊന്നില്ലാതായി തീരാമായിരുന്നെനിക്ക്…

“സോഫീ..”
പിന്നിൽ നിന്നുള്ള ആ വിളി അതും കുറച്ചു കനത്തിലാണ്..തിരിഞ്ഞു നോക്കിയപ്പോ സുഹ്റ..
“എന്താാ ഞാനീ കേട്ടതൊക്കെ..പറ..ഇതെല്ലാാം ശരിയാണോ..”

സോഫി ഒന്നും ഉരിയാടാതെ തലയും കുനിച്ചു നിന്നു..
“പറ സോഫീ..നിന്നോടാ ഞാൻ ചോദിച്ചത്…ആ വീഡിയോയിൽ കണ്ടതെല്ലാാം സത്യമാണോന്ന്…?”

സുഹ് റ സോഫിയയുടെ ചുമലിൽ പിടിച്ചു കുലുക്കി..നിറകണ്ണുകളുമായി സോഫി പകൽ ഇരുട്ടിനെ വിഴുങ്ങുന്ന ദൃശ്യത്തിന് സാക്ഷിയെന്നോണം ഏതോ വിദൂരതയിലേക്ക് മിഴികളും നട്ടിരുന്നു..

“അത് ..പിന്നെ….”
മറുപടിക്കായി കാത്തു നിൽക്കുന്ന സുഹ് റാാക്ക് മുന്നിൽ എന്തുത്തരം നൽകണമെന്ന് ചിന്തിക്കവെയാണ് പെടുന്നനെ അവൾക്ക് നേരെ ആരുടേയോ ശബ്ദം ഒരസ്ത്രം കണക്കേ പാഞ്ഞു വന്നത്..

“അതേ… സത്യാണ്…കേട്ടതൊക്കെ സത്യാണ്..”
അപ്രതീക്ഷിതമായി വിരുന്നത്തെത്തിയ ശബ്ദത്തിന്റെ ഉടമയെ തേടി ഒരു ഞെട്ടലോടെ സോഫിയും സുഹ്റയും തിരിഞ്ഞു നോക്കി..

ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ അവൾക്കാശ്ചര്യം തോന്നി..

”ഷാഫി.. ”
സുഹ്റയുടെ ഒരേയൊരു കൂടപ്പിറപ്പ്..ജന്മം കൊണ്ടല്ലെങ്കിലും തന്റെ മനസ്സിലും അവനാ സ്ഥാനം പിടിച്ചിരുന്നു..
എപ്പോഴും പുഞ്ചിരി കൊണ്ടലങ്കരിച്ച ആ മുഖത്തുള്ള ഭാവം അതാണവളെ അദ്ഭുതപ്പെടുത്തിയത്..

“മോനെ..ഷാഫീ..”
കൃതിമമായൊരു പുഞ്ചിരി ആ മുഖത്ത് വിരിയ്ച്ച് സോഫി അവന്നരികിലേക്ക് നടന്നടുത്തു..

“മതി..നിർത്ത്..ഇനി എന്റ്റെ പേരു പോലും നിങ്ങളെ നാവ് കൊണ്ടുച്ചരിക്കരുത്..അത്രക്ക് എന്തോനിങ്ങളോടറപ്പ് തോന്നാാ എനിക്ക്..”

വാത്സല്യത്തിന്റെ കുത്തൊഴുക്കിലൊഴുകിയെത്തിയ വാക്കുകളെ നിഷ്ക്കരുണം തച്ചുടക്കുന്ന അവന്റെ ആ മുഖം
നിറഞ്ഞു തൂവാൻ വെമ്പി നിൽക്കുന്ന കണ്ണീർകണങ്ങൾക്കിടയിലൂടെ അവൾ നോക്കി കണ്ടു ..

സോഫി ആ സ്ഥാപനത്തിലേക്കാദ്യമായി കടന്നു വന്നപ്പോൾ‌ പരിചയപ്പെട്ട മുഖം..പന്ത്രണ്ടാം ക്ലാസിലെത്തീണേലും ഇപ്പോഴും ചെറിയ കുട്ടികളുടെ സ്വഭാവാണ്.. തന്റെ നിഴലൊന്നു കാണുമ്പോ ഓടിവരും.. എത്രെയോ തവണ പോക്കറ്റ് മണിയായി തന്റെ കയ്യിൽ നിന്നും പണം പിരിപ്പിച്ച് കൊണ്ടോയിട്ടുണ്ട്….അത്രക്ക് അവകാശവും സ്വാതന്ത്ര്യവുമായിരുന്നു..സുഹ്റയേക്കാൾ ഇഷ്ടവും ആയിരുന്നു സോഫിയെ..
ഇടക്കൊക്കെ അവൻ സുഹ്റയെ കൂട്ടാനായിട്ട് വരും..വന്നാലും സോഫിയെ ആദ്യം വീട്ടിലെത്തിച്ചിട്ടേ അവൻ സുഹ്റയുടെ അടുത്ത് എത്തൂ..
“എടാ..ചെക്കാ..അനക്ക് സോഫിത്താനെ പറ്റുള്ളോ..അന്റെ ചോര ഞാനാ..അത് ഇയ്യ് മറക്കണ്ട..”
പരിഭവത്തോടെ സുഹ്റ പറഞ്ഞാലും പുഞ്ചിരിയോടെ അവനൊരു മറുപടി ഉണ്ട്..

“ചോര ഇങ്ങളാാണേലും സ്നേഹം മുഴുവൻ ന്റെ സോഫിത്താന്റെ മനസ്സിലാ ഉള്ളെ..”
അങ്ങനെയുള്ളയാളുടെ വായിൽ നിന്ന് വന്ന വാക്ക് അത് സുഹ്റക്ക് അവിശ്വസനീയമായി തോന്നി ..
“ഷാഫീ…നീ..എന്തൊക്കെയാ മോനേ നീ ഈ പറയ്ണേ..”
സുഹ്റ വല്ലാണ്ടായി..

“അതേ ഇത്താ..ഇവരെ…ഇവരെത്തന്നെയാ ഞാൻ വാട്ട്സപ്പിൽ കണ്ടത്..മഹാ കള്ളിയാ ഇവർ..ഛെ..പറയാൻ തന്നെ എനിക്ക് ലജ്ജ തോന്നാ .. ഇവരെയാണല്ലോ ഇത്രേം കാലം ഞാൻ ഇത്താ എന്ന് വിളിച്ചത്..”
അതും പറഞ്ഞു ഷാഫി മുഖം തിരിച്ചു കളഞ്ഞു..
സോഫി അവളുട കണ്ണിൽ നിന്നു പൊടിയുന്ന കണ്ണുനീർ നിയന്ത്രിക്കാൻ പാടുപെടുന്നുണ്ടായിരുന്നു..

“പറ സോഫീ..നീയെനിക്കെന്റെ സ്വന്തം കൂടെപ്പിറപ്പിനെപോലെയാ…നിനക്കങ്ങനെത്തന്നെ ഇങ്ങോട്ടും തോന്നുന്നുണ്ടേൽ ഉണ്ടായതെന്താന്ന് പറ..”
സുഹ്റ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും സോഫിയുടെ ആ മൗനത്തിന്റെ അർത്ഥമെന്തെന്നറിയാൻ അവൾക്കായില്ലാ..

“ഇത്താത്താ..ഇങ്ങള് വര്ണണ്ടേൽ വാ..ഞാൻ പോവാ..അതെല്ലാ ഇത്തരം കൂട്ടുകെട്ടുമായി ഇനീം മുന്നോട്ട് പോവാനാണേൽ എനി ആ വീട്ടിലേക്ക് വര് ണോന്നില്ലാ..”

സോഫിക്ക് എന്തോ ഹൃദയം കീറി മുറിക്ക്ണ പോലെ തോന്നി..കാരണം താൻ കൂടെപ്പിറപ്പിനെപ്പോലെ കരുതുന്ന ഷാഫി മോൻ..എന്തൊക്കെയാ പറഞ്ഞത്..നിന്ന നിൽപ്പിൽ എന്തോ ഉറച്ചുപോയ ഒരു പ്രതിമയെപ്പോലെയവൾ നിന്നു..
ഇനിയും സോഫിയയോട് ഇതിനെ പറ്റി ചോദിച്ചതോണ്ടായില്ലാന്ന് മനസ്സിലാക്കിയ സുഹ്റ പിന്നീടൊന്നും അവളോട് ചോദിക്കാൻ നിന്നില്ല..
അപ്പോഴും സോഫിയിൽ പ്രകമ്പനം കൊണ്ടിരുന്നത് മറ്റൊരാളുടെ വാക്കുകളായിരുന്നു..
‘ഇറങ്ങിപ്പോടീ ഇവിടുന്നു…വെറുത്തുപോയി നിന്നെ..ഇനി നീ എന്നല്ല നിന്റെ നിഴൽ പോലും എനിക്ക് മുന്നിൽ കാണണ്ടാ..കാണാനെനിക്കിഷ്ടമില്ലാ’

വീണ്ടും വീണ്ടും ആ വാക്കുകൾ കാതിൽ അലയടിക്കുന്നു..ദിക്കറിയാത്ത മറ്റേതോ ലോകത്തേക്ക് ഓടിയടുക്കാനാണവൾക്ക് തോന്നിയത്..ആ വാക്കുകളിൽ നിന്നുമേറ്റ മുറിവോളം വരില്ലാ ഇതൊന്നും..
പതിയെ അവൾ അവിടെ നിന്ന് നടന്നകന്നു..കലങ്ങി മറിഞ്ഞ കണ്ണുകളും നിയന്ത്രിക്കാനാവാത്ത മനസ്സും അവളിലെ മുന്നോട്ടുള്ള വഴികളിൽ അവ്യക്തത തീർത്തിരുന്നു..നടന്നകലും തോറും വഴികളിലൊരകൽച്ച രൂപപ്പെട്ടുകൊണ്ടിരുന്നു..

ആ അകൽച്ച എല്ലാവരിൽ നിന്നും അവൾക്കനുഭവപ്പെട്ടു..അന്നു വരേ സോഫി ..സോഫി എന്ന് വിളിച്ചിരുന്നവരെല്ലാം അവൾക്ക് മറ്റൊരു നാമം കൂടി ചാർത്തികൊടുത്തു..തേവിടിശ്ശി..
അതല്ലേലും അങ്ങിനെയാ..ഒരു പെണ്ണ് പിഴച്ചെന്ന് കേട്ടാ മതി..മറ്റൊന്നും ആലോചിക്കാതെ സമൂഹം അവൾക്ക് സ്വയം ചാർത്തിക്കൊടുക്കുന്ന പേരാണ് വേശ്യ , തേവിടിശ്ശി അല്ലെങ്കിൽ അഴിഞ്ഞാട്ടക്കാരി എന്നൊക്കെ..ഒരു പെണ്ണ് നശിക്കണമെങ്കിൽ അതിന് പിറകിൽ ഒരു ആണുമുണ്ടാവും..എങ്കിലും അവനൊരിക്കലും വേശ്യൻ എന്നോ അഴിഞ്ഞാാട്ടക്കാരൻ എന്നോ ആരും വിശേഷിപ്പിക്കറില്ല..
ഓരോ ദിനങ്ങളും പലരുടേ വേഷത്തിലും അവളോട് ക്രൂരത കാട്ടികൊണ്ടേയിരുന്നു..
അപ്പോഴും അരങ്ങിൽ അവളറിയാതെ ചിലർ അവൾക്കു വേണ്ടി ചരടു വലിക്കുന്നുണ്ടായിരുന്നു..

‘ഹലോ…ആ
ടാ…നീ പറഞ്ഞപോലെ ഒക്കെ ചെയ്തിക്ക്ണ്..ഓൾക്ക് വേണ്ട പണി ഞാൻ കൊടുത്തിണ് ..അത് പോരേ നിനക്ക്..
ഓ..അതോർത്ത് നീ വിഷമിക്കണ്ടാ…ഇനീം സമയമുണ്ടല്ലോ..അതൊക്കെ ഞാനേറ്റു..പിന്നെയ് ഇയ്യ് ന്റെ കാര്യം മറക്കണ്ടാ..
എന്നാ ശരി..ഞാൻ പിന്നെ വിളിക്കാ…’

മറുതലക്കൽ മുഴങ്ങുന്ന മറുപടി അവ്യക്തമായിരുന്നെങ്കിലും അതും കേട്ട്കൊണ്ടായിരുന്നു ബിസിനസ്സ് പാർട്ട്ണർ കൂടിയായ അനസ് കടന്നുവന്നത്..

“എന്താ കാസിംക്കാ..ആർക്കോ ഇട്ട്പണിയുന്ന കാര്യാണല്ലോ ഫോണിൽ വെളമ്പ്ണേ..ആരാണാവോ ഇന്നത്തെ ഇര”

“ആ..അതൊരു നല്ല കോള് തന്നെയാടാ..ആള് ഇവടത്തെ സ്റ്റാഫ് തന്നെയാ..ഇത് മറ്റേ കേസ് ആണ്..ഇതിനിടക്ക് കഥകള്‍.കോംവാട്ടസപ്പിലൊക്കെ വന്ന് വല്യ വിവാദായ പുള്ളിയാ..ഇവളറിയാതെ ആരോ പറ്റിച്ച പണിയാ ഈ വീഡിയോ …സ്വന്തം ഭർത്താവിനെ പറ്റിച്ച് മറ്റൊരുത്തനൊപ്പം…..പേരു സോഫിയ..”

“ആ ..ഞാൻ കേട്ടിരിന്നു അങ്ങനൊരു സംഭവം..കണ്ടിട്ടില്ലാ..”
അനസ് ആകാംക്ഷയോടെ പറഞ്ഞു..
“അല്ലാ..അത് ശരിക്കും ഉള്ളതാണോ…”

“ആ ..ആർക്കറിയാ..അതൊന്നും നമ്മളറിയേണ്ട ആവശ്യല്ലാ..ബിസിനസ്സ് മൈൻഡോടെ കാണുമ്പോ അതൊന്നും ചികയേണ്ട ആവശ്യം നമുക്കില്ലല്ലോ..
അവളെ‌ വെച്ച് വേണം നാല് കാശുണ്ടാക്കാൻ…ചുമ്മാ കൊറച്ച് എരിവ് കേറ്റിട്ടാ മതി..ബാക്കി ജനങ്ങളായിക്കോളും.”

“സാർ ..ചായ..”
അകത്തേക്ക് കയറിവന്ന പ്യൂൺ രമേശൻ രണ്ടുപേർക്കുമായി ചാായ നൽകി..
ചൂട് ചായ ചുണ്ടോടടുപ്പിക്കുന്നതിനിടയിൽ കാസിം അയാളോട് പറഞ്ഞു
,”രമേശാ..നീ ആ സോഫിയയെ ഞാൻ വിളിക്കുന്നെന്ന് പറ‌…”

“ശരി സാർ..”

പാതി തുറന്ന വാതിലിനിടയിലൂടെ സോഫിയേയും പ്രതീക്ഷിച്ചുകൊണ്ട് അയാൾ വികൃതമായ ഒരു ചിരി പാസാക്കി അവളുടെ വരവിനായി കാത്തിരുന്നു..

“ആ..പിന്നെ …കാസിംക്കാ..സ്വീറ്റ്സ്നെല്ലാം കുറച്ചൂടെ ഓർഡർ കിട്ടിട്ടുണ്ട്..ബിസിനസ്സെല്ലാം നമ്മക്ക് ഒന്നൂടെയൊന്നു പൊലിപ്പിക്കണം..ഹെൽപ്പിനായി ഒരാളെ കൂടി വെച്ചാലോ എന്നാലോചിക്കാ ഞാൻ..”

“..അനസേ..എന്താ വേണ്ടതെന്ന് വെച്ചാൽ ഇയ്യ് ചെയ്യ്..കസ്റ്റമേർസിനു മടുപ്പുണ്ടാക്കുന്നയൊന്നും നമ്മളെ ഭാഗത്ത് നിന്നുമുണ്ടാവരുത് എനിക്കത്രേ പറയാനുള്ളു..”

“അതോർത്ത് ഇങ്ങൾ പേടിക്കണ്ടാ..ഉഷാറാക്കണ കാര്യം നമ്മളേറ്റു കാസിംക്കാ..”

“ആ ..എനിക്ക് അന്നെ ആ വിശ്വാസമുള്ളോണ്ടല്ലേ ചെറുപ്രായായിട്ടും അന്നെ നമ്മൾ പാർട്ട്ണറാക്കിയേ..ന്റെ ബേക്കറികളൊക്കെ അന്നെ ഏല്പിച്ചെ..”

“കൂടുതൽ സുഖിപ്പിക്കല്ലേ കാസിംക്കാ..കാശിന്റെ കാര്യത്തിലും ഇതൊക്കെ ഉണ്ടായാാ മതി..”

“എന്താാ അനസേ..ഇയ്യ് ന്നെ അങ്ങനാാണോ കരുതിയേക്ക്ണെ..ഇപ്പോ തന്നെ ഈ സോഫിയാന്റെ കാര്യത്തിൽ ലക്ഷങ്ങളാാ നമ്മക്ക്‌ കിട്ടാൻ പോണേ..ഓളെ ഒന്നു മെരുക്കി കൊടുത്താ മാത്രം മതി അയാൾക്ക്..”

“ആർക്ക്..ആർക്കാ അവളുടെ കാര്യത്തിലിത്ര താല്പര്യം..?”

“ആ..അതൊക്കെ ഇപ്പോ സസ്പെൻസ്…എല്ലാം ഞാൻ ലക്ഷ്യം കണ്ടിട്ട് പറയാ..”

മറ്റെന്തോ പറയാനൊരുങ്ങി വന്ന അനസിന്റെ കാതുകളിലേക്കൊരു സ്ത്രീ ശബ്ദം ഒഴുകിയെത്തി..

“സാർ..എന്നെ വിളിച്ചോ..”

മധുരമായ ആ ശബ്ദത്തിന്റെ ഉടമയെ തേടി അനസ് പിറകിലേക്കൊന്നു തിരിഞ്ഞു നോക്കി..

ആ മുഖം കണ്ട അവൻ ഒരു നിമിഷം സ്തബ്ദനായി ഇരുന്നു..
പതിയെ ചുണ്ടുകൾ ആ നാമം ഉരുവിട്ടു കൊണ്ടിരുന്നു..

‘സോ..സോഫി…സോഫിയ…’

അനസിനെന്തോ കണ്ണിൽ ഇരുട്ട് കയറ്ണ പോലെയൊക്കെ തോന്നി..
അങ്ങനൊരു കാഴ്ചയല്ലേ താൻ കണ്ടത്..കാലങ്ങളായി തിരഞ്ഞു നടന്ന പെണ്ണ്..ഇപ്പോഴിതാ കയ്യെത്തും ദൂരത്ത്..പക്ഷേ താൻ കേട്ട സത്യങ്ങൾ..?
പടച്ചോനേ ..ഒരു കാലം താൻ മനസ്സിൽ പൂവിട്ട് പൂജിച്ചിരുന്ന തന്റെ സോഫിയെ കുറിച്ചാണോ കാസിംക്കാ ഇത് വരേ പറഞ്ഞിരുന്നേ..ഇല്ലാാ ..ഞാനിത് വിശ്വസിക്കില്ലാ..എവിടെയോ എന്തോ ചതി പറ്റിയിരിക്കുന്നു..പക്ഷേ ആ വീഡിയോ..ആ വീഡിയോ ക്ലിപ് ഏറ്റവും വലിയ തെളിവാണല്ലോ..അത് എങ്ങനെ അവിശ്വസിക്കും..

“എന്താ അനസേ..ഇയ്യ് ഇരുന്നു പിറുപിറുക്ക്ണേ.. അനക്കെന്താ പറ്റിയെ”
കാസിംക്കായുടെ വാക്കുകൾ കാടുകയറിപ്പോവുന്ന അവന്റെ ചിന്തകളെ പിടിച്ചു നിർത്തി..

“എന്ത് ..എ..ന്താ….എന്താ പറഞ്ഞേ..” ചിന്തയിൽ നിന്നുണർന്നവൻ പിന്തിരിഞ്ഞു നോക്കിയപ്പോയേക്കും സോഫിയ അവിടെ നിന്നും മറഞ്ഞിരുന്നു..

“കാസിംക്കാ…അത്…അതാണോ ഇങ്ങൾ പറഞ്ഞ … ”
അനസിനു വല്ലാാത്തൊരു വിങ്ങലുണ്ടായി

“അതേടാ‌…അത് തന്നെയാ ഞാൻ പറഞ്ഞ ആ ചരക്ക്..ഇപ്പോ നമ്മളെ ഭാഗ്യക്കുറിയും..”
അയാളുടെ വാക്കുകൾ കേട്ടപ്പോ ചെവിയടച്ചൊന്ന് കൊടുക്കാനാണവനു തോന്നിയത്..പതിയേ ചെയറിൽ നിന്നെണീറ്റവൻ പോവാനായൊരുങ്ങി..

“അല്ല ..അനസേ.ഇയ്യ് പോവാണോ..ഇന്നത്തെ കണക്കൊന്നും ക്ലിയറല്ലല്ലോ..”
ബ്രഡ് കമ്പനിക്ക് പുറമേ ഒന്നു രണ്ടു ബേക്കറിയും കൂടി ഉണ്ട് കാസിംക്കാക്ക് എല്ലാറ്റിലും ഓർഡർ പിടിക്കുന്നതും സ്വീറ്റ്സ് എത്തിച്ചു കൊടുക്കുന്നതുമെല്ലാം അവനായിരുന്നു

“ആ..എനിക്ക് ഭയങ്കര തലവേദന..ഞാാൻ പിന്നെ വരാം കാസിംക്കാ..ഇന്നൊന്നു പോയി റെസ്റ്റെടുക്കട്ടെ…”

“എന്നാ ആയ്ക്കോട്ടെ..ഞാൻ നിർബന്ധിക്ക്ണില്ലാ..അനക്ക് കാശെന്തേലും വേണോ ഇപ്പോ..”

“വേണ്ടാ ഇക്കാ.. ”
അനസിന് എങ്ങനേയെങ്കിലും സോഫിയയുടെ അടുത്തെത്താനായിരുന്നു ധൃതി..
വൈകുന്നേരമായതോണ്ട് സ്റ്റാഫുകളെല്ലാം പോവാനുള്ള തയ്യാറെടുപ്പിലാണ്..ഏകദേശം പത്തിരുപതോളം പേർ വരും..അനസ് അവർക്കിടയിൽ സോഫിയയുടെ മുഖം പരതികൊണ്ടിരുന്നു..ചിലരോടെല്ലാം ചോദിച്ചെങ്കിലും പുച്ഛം കലർന്ന ചിരിയോടെ അവർ കൈമലർത്തി…

“അനസ്ക്കാ ആരെയാ അന്വേഷിക്ക്ണേ..”
ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയതും പിറകിൽ തന്നെയുണ്ടായിരുന്നു സുഹ്റ..
“കുറേ നേരായി ഞാൻ ശ്രദ്ധിക്ക്ണ്..എന്താ അനസ്ക്കാ കാര്യം..”

സുഹ് റ അവിടെ പണ്ടുമുതലേ ഉള്ള ഒരു അംഗമാണ് അതോണ്ട് കഴിഞ്ഞു പോയതും ഇപ്പോഴുള്ളതുമായ ഒട്ടു മിക്ക സ്റ്റാഫിനേയും മുതലാളിമാരേയും അവൾക്ക് നല്ല പരിചയമായിരുന്നു

“ആ..സുഹ് റയോ…ഞാൻ ഇവിടെ ഒരു സ്റ്റാഫില്ലേ ..സോഫിയ എന്നു പേരുള്ള… ”
അനസ് പറഞ്ഞു മുഴുമിക്കും മുമ്പേ സുഹ്റ ഇടയിൽ കയറി പറഞ്ഞു

“ഓ..അവളോ..അവളിപ്പോ അങ്ങോട്ടിറങ്ങിയല്ലോ ഇക്കാ.. വല്ലാതെ പിന്നാലെ കൂടണ്ടാ ട്ടോ..അത്ര നല്ല പുള്ളിയല്ലാന്നാ കേൾക്ക്ണേ..”

“എന്താ സുഹ്റാ .ആരെങ്കിലും എന്തെങ്കിലും പറയുന്നെന്ന് കരുതി ഒരാളെ പെട്ടെന്നങ്ങോട്ട് വിലയിരുത്താൻ പറ്റ്വോ…”

“ആ..അത് പിന്നെ…അതും ശരിയാ..””
കൂടുതൽ സുഹ്റയോട് കിന്നരിക്കാനൊന്നും അനസ് നിന്നില്ലാ..കാരണം സുഹ്റക്ക് അവനോടുള്ള ഒരു ഇഷ്ടം ..അതവനു നല്ലപോലെ അറിയാം..അറിഞ്ഞിട്ടും അറിയാാത്ത ഭാാവത്തിൽ നടിക്കാണ്..കാരണം ഇനിയൊരു പെണ്ണിനെ മനസ്സിൽ കുടിയിരുത്താൻ അവനാവില്ലാ എന്നുള്ളത് തന്നെ..ഒരു കുഞ്ഞിനെ നൽകി എന്നെന്നേക്കുമായി അവൾ…. തന്റെ തസ്ലി… ഈ ഭൂമുഖത്ത് നിന്ന് മറഞ്ഞു പോയതിനു ശേഷം മറ്റൊരു പെണ്ണിന്റെ മുഖത്ത് പോലുംനോക്കാൻ തോന്നീട്ടില്ലാ..പക്ഷേ ഇപ്പോ…താൻ ആദ്യമായി സ്നേഹിച്ച പെണ്ണിനെ മുന്നിൽ കണ്ടപ്പോ മനസ്സു വീണ്ടും പതറുകയാണോന്നൊരു തോന്നൽ…

ബൈക്കുമെടുത്ത് ഇറങ്ങി ആ മുഖം അന്വേഷിച്ചു..‌ചെറിയൊരു പോക്കറ്റ് റോഡ് താണ്ടിയെങ്കിൽ മാത്രമേ ബസ്റ്റോപ്പിലെത്തൂ..
ഓർമ്മകളേയും വഹിച്ചുകൊണ്ടവനാ ഇരു ചക്ര വാഹനത്തേ പതിയേ നിരത്തിലേക്കിറക്കി…സോഫിയേയും ലക്ഷ്യമാക്കിയുള്ള ഓട്ടമാണേലും ഓർമ്മകളവനെ നാലു വർഷം പിറകോട്ട് വലിച്ചു..
സോഫിയ എന്ന മാലാഖ കൊച്ചിനരികിലേക്ക്…
പ്രൈവറ്റ് ഹോസ്പിറ്റലിന്റെ വരാന്തയുടെ ഒരു മൂലയിൽ വേദന കൊണ്ട് പുളയുന്ന ആ ഇരുപത്തിമൂന്ന് വയസ്സായ യുവാവിന്റെ അരികിലേക്ക്..
രക്തത്തിൽ കുളിച്ച് കിടക്കുന്ന അവൻ വേദന കൊണ്ട് പിടയുമ്പോ അറിയാതെ മുറുകെപ്പിടിച്ചിരുന്നത് ആ കരങ്ങളെയായിരുന്നു..
സിസ്റ്റർ സോഫിയെ..
തന്നെ മുറുകെ പിടിച്ച കൈകളിലേക്കും മുഖത്തേക്കുമൊന്നു നോക്കിയ സോഫിയോട് അയാൾ തൊഴുകൈകളോടെ കെഞ്ചി..

“സിസ്റ്ററേ എന്നൊന്നു കൊന്നു തരാൻ പറയ്..നിക്ക് വയ്യ ഈ വേദന ഇനിം…
എന്നെ ചികിത്സിക്കാനാവൂലേൽ ആ ഡോക്ടറോട് പറ കൊല്ലാൻ…”

ആർത്തു കരയുന്ന ആ യുവാവിന്റെ തലയിലൊന്നു തലോടിയ
ശേഷം പതിയെ ആ കൈകൾ അടർത്തിമാറ്റി അവൾ നെഴ്സിങ് റൂമിലേക്കോടി…
അയാളുടെ കരച്ചിൽ സോഫിയുടെ മനസ്സിൽ ഏതോ ഓർമ്മകളുടെ കൂൂട്ടിലേക്ക് കൊണ്ടുപോയി..വിധി പണ്ടൊരിക്കൽ അങ്ങനൊരു രംഗത്തിനവളെ സാക്ഷിയാക്കിയതാണ്..ഈ ലോകത്ത് അവൾക്ക് സ്വന്തമാണെന്നാശ്വസിക്കാവുന്ന ഒരേയൊരാൾ.. അവളുടെ ഉമ്മ.. ഏഴ് വയസ്സുള്ളപ്പോ തന്റെ ഉമ്മയും ഇതുപോലൊരു ആശുപത്രി വരാന്തയിലിരുന്ന് കേണത് ഇന്നും മങ്ങാതെ ഈ കണ്ണുകളിൽ‌ തെളിഞ്ഞു നിൽപ്പുണ്ട്..അന്നെന്റെ ഉമ്മാനെ ഒന്നു രക്ഷപ്പെടുത്തിയിരുന്നെങ്കിൽ ഇന്നാ വാൽസല്യത്തിന്റെ നിറകുടമായ തന്റെ ഉമ്മ… കൂടെയുണ്ടാവുമായിരുന്നില്ലേ..ഒരിക്കലും താൻ തനിച്ചാവില്ലായിരുന്നു..ഇന്ന് ഒറ്റപ്പെട്ടവൾ എന്ന വാക്കിന്റെ പര്യായമായിരിക്കുകയാണീ സോഫി..
ഓർമ്മകളെ കൂട്ടുപിടിച്ചുള്ള ആ കണ്ണീർകണങ്ങളുടെ ഒഴുക്ക് മനസാക്ഷി വിളിച്ചുണർത്തും വരേ തുടർന്നുകൊണ്ടേയിരുന്നു..
‘എണീക്ക് സോഫീ..എണീക്ക്..അയാൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യ്..മരണത്തിനു വിട്ടുകൊടുക്കാതെ അയാളെ രക്ഷിക്ക്..’
ഒരു മന്ത്രണം പോലെ മനസ്സിനകത്ത് ഉരുവിട്ട് കൊണ്ടിരിക്കുന്ന വാക്കുകളെ അനുസരിക്കാനെന്നോണമായിരുന്നു പിന്നീടുള്ള അവളുടെ നീക്കങ്ങൾ…തുടച്ചു കളഞ്ഞു ആ കണ്ണീർ തുള്ളികളെ..ഇനിയൊരാളും തന്റെ കണ്മുന്നിൽ വെച്ച് ചികിത്സയില്ലാതെ മരണത്തെ പുൽകാതിരിക്കാൻ വേണ്ടി..ഉറച്ചൊരു കാൽ വെപ്പോടെയവൾ കടമകളെ മുറുകെപ്പിടിച്ച് മുന്നോട്ട് നടന്നു..
അല്ല നടക്കുകയല്ലാായിരുന്നു..ഓടുകയായിരുന്നു..സിസ്റ്റർ ആതിരയുടെ അരികിലേക്ക്…

“നോക്ക് ആതിരാ..നീ കണ്ടില്ലേ അവിടെ ഒരു പേഷ്യന്റ് വേദനയുമായി മല്ലിട്ട് ചോരയിൽ കുളിച്ച് കിടക്ക്ണേ..നിനക്കൊന്നു ഡോക്ടറെ അറീക്കായിരുന്നില്ലേ..നിന്റെ ബ്ലോക്കിലെ പേഷ്യന്റല്ലേ അത്..”

“എന്റെ സോഫീ ..ഞാനെന്താക്കാനാ..ഞാൻ പറഞ്ഞതാ ആ ഡോക്ടറോട്..അപ്പോ പറഞ്ഞു അയാൾക്ക് ഒരു സർജറി വേണം പോലും ..അതിനു ബന്ധുക്കളാരേലും വന്ന് സൈൻ ചെയ്ത് തരാതെ ചെയ്യൂലാാ എന്നുള്ള വാശിയിലാ അയാാൾ..ബന്ധുക്കളെ വിവരറിയിച്ചീണ്..അവരു വരാതെ നമ്മൾക്കൊന്നും ചെയ്യാൻ പറ്റൂലാാ..”
ഒരു നെടുവീർപ്പോടെ ആതിര തുടർന്നു…

“ഇപ്പോ കാലിനു മാത്രേ പരിക്ക് കാണുന്നുള്ളു..ഒരു സ്കാനിംഗ് കഴിഞ്ഞാലേ തലയുടെ കാര്യം പറയാൻ പറ്റൂന്നാ പറഞ്ഞേ..”
വാർഡിലെ പേഷ്യൻസിനുള്ള മരുന്ന് അടുക്കി വെക്കുകയായിരുന്നു ആതിര..സോഫിക്ക് എല്ലാം കൂടി കേട്ടപ്പോ വെപ്രാളമായി..

“അപ്പോ….അതിനിടയിൽ അയാൾക്ക് വല്ലതും സംഭവിച്ചാൽ…”

“സംഭവിച്ചാലെന്താ..ആ പേഷ്യന്റിനും കുടുംബത്തിനും നഷ്ടം..അത് ഒരു ആക്സിഡന്റ് കേസാ..ആരോ ഇവിടെ കൊണ്ടോന്ന് തട്ടീട്ട് പോയി…പിന്നാലേ നടന്നാൽ പുലിവാലാവൂന്ന് കരുതിണ്ടാവും..എന്നാലും ഹോസ്പിറ്റൽ വരേ കൊണ്ടോരാനുള്ള മനസ്സെങ്കിലും കാണിച്ചല്ലോ..അത്ര പോലും മനസ്സ് ഇവടത്തെ ഡോക്ടർക്കില്ലാാണ്ടെ പോയി..കേസ് രജിസ്ടർ ചെയ്തൊക്കെ വരുമ്പോഴേക്കും അയാളുടെ ജീവൻ ബാക്കി കിട്ടിയാലായി..”

“ആതിരാ..ഏത് ഡോക്ടറാ ഇന്ന് ഡ്യൂട്ടിയിലുള്ളെ..”

“ഡോ..അനിൽ.. അയാൾക്കാ ഇന്ന് ഡ്യൂട്ടി..നിനക്കറിയാവുന്നതല്ലേ അയാൾടെ സ്വഭാവം ..പറഞ്ഞാ പറഞ്ഞതാ..”

മനസാക്ഷി ദ്രവിച്ചു പോയ ആ മനുഷ്യനെ മനസ്സാൽ ശപിച്ചു കൊണ്ടവൾ
എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ അയാൾക്കരികിലേക്ക് ഓടി…

ഡോക്ടറുടെ അടുത്തേക്കോടുന്ന സോഫിയെ പിടിച്ചു നിർത്താൻ ആതിര ശ്രമിച്ചെങ്കിലും പരാജയമായിരുന്നു..

“സോഫീ നിക്ക്. ‌..നീയിതെന്തിനുള്ള പുറപ്പാടാ ..വേണ്ടാത്ത വയ്യാവേലി ഒന്നുമെടുത്ത് തലേൽ വെക്കണ്ടാട്ടോ…”

സിസ്റ്റർ ആതിരയുടെ വാക്കുകൾക്കൊന്നും ചെവി കൊടുക്കാതെ സോഫി ഡോക്ടർ അനിലിന്റെ അടുത്തെത്തി..

“ഡോക്ടർ..ആ ആക്സിഡന്റ് കേസിലെ പേഷ്യന്റ്…”
സോഫിയ നിന്ന് കിതച്ചു..

“എന്താ സിസ്റ്റർ ..എന്തുപറ്റി..?”

“രക്ഷിക്കണം ഡോക്ടർ..അയാളെ ..അതെന്റെ കസിനാ… ചെറുപ്പം മുതലേ കളിച്ചു വളർന്നവരാ ഞങ്ങൾ…അവനില്ലാതെ…..”
സോഫി ഡോക്ടർക്കു മുന്നിലിരുന്നു കരയാൻ തുടങ്ങി

“ഡോണ്ട് വെറി സിസ്റ്റർ..ഇങ്ങനെ വിഷമിക്കാതിരിക്കൂ…അയാൾക്കുടൻ ഒരു സർജറി വേണ്ടി വരും ..അതിനുള്ള കാശൊക്കെയുണ്ടോ ഇയാൾടെകയ്യിൽ..എങ്കിൽ ഓപ്പറേഷൻ ഉടനെ ചെയ്യാം…”

ഹോ..അപ്പോകാശാണ് മെയിൻ പ്രോബ്ലം..ഒരു നിമിഷം ഒന്നാലോചിച്ച ശേഷം സോഫി സമ്മതം മൂളി..പിന്നെ എല്ലാം പെട്ടെന്നായിരുന്നു..
സിസ്റ്റർ ആതിരയുടെ ശബ്ദം കേട്ടാണ് താൻ അന്ന് ആ മയക്കത്തിൽ നിന്നുണർന്നത്..

“ഹലോ..ഇയാൾടെ നെയിം എന്താ…?” ആതിര മെല്ലെ കവിളിൽ തട്ടി ചോദിച്ചു…
വേദന കടിച്ചമർത്തികൊണ്ടവൻ മറുപടി നൽകി

“അനസ്..”

“ഉം..ഇപ്പോ എങ്ങനെയുണ്ട്..?”
ഫയലിൽ നെയിമും അഡ്രസ്സും രേഖപ്പെടുത്തുന്നതിനിടയിൽ സിസ്റ്റർ ആതിര ചോദിച്ചു…
മുഖത്തൊരു പുഞ്ചിരി വരുത്തി പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു..

“ആഹാ..ഇയാൾ എങ്ങോട്ടാ ഇറങ്ങി ഓടുന്നേ..രണ്ട് മേജർ ഓപ്പറേഷൻ കഴിഞ്ഞിരിക്കാ..
ഇന്നലെ നടന്നത് വല്ലതും ഓർമ്മയുണ്ടോ..”

..ഇല്ലാ..ഒന്നും ഓർത്തെടുക്കാൻ പറ്റുന്നില്ലാ..രക്തത്തിൽ കുളിച്ച് ഇവിടെ കിടക്കുമ്പോ ദൈവത്തിന്റെ മാലാഖ തനിക്കു മുന്നിൽ വന്ന് നിന്നത് ഓർമ്മയുണ്ട്..അതേ .ആ മാലാഖയുടെ മുന്നിൽ കേണപേക്ഷിച്ചതോർമ്മയുണ്ട്..പിന്നീടാണ് അറിഞ്ഞത് ആ മാലാഖ സോഫി ആയിരുന്നെന്ന് ..ആ കാരുണ്യം മാത്രാണ് തന്റെ ശരീരത്തിലൂടൊഴുകുന്ന ഈ ശ്വാസത്തിനു കാരണമെന്ന്..ഓപ്പറേഷൻ ഇത്തിരി വൈകിയിരുന്നെങ്കിൽ ഇന്നു താനില്ലാ… സ്വന്തം കഴുത്തിലും കാതിലുമുള്ള പൊന്ന് എടുത്ത് ഓപ്പറേഷനു വേണ്ടിയുള്ള മരുന്നു വാങ്ങിച്ചത് എന്നൊക്കെ പിന്നീട് ആതിര സിസ്റ്റർ പറഞ്ഞറിഞ്ഞത്..എല്ലാം ആ മാലാഖപെണ്ണിനു തോന്നിയ ദയ മാത്രം..ഐ സി യു വിൽ കിടക്കുമ്പോ ആദ്യം കാണാൻ കൊതിച്ചത് ഉമ്മയേയും ഉപ്പയേയും ആയിരുന്നില്ലാ സോഫിയെ ആയിരുന്നു..ഒരു മാസക്കാലം ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടിയപ്പോഴും ഒരു പ്രയാസം തോന്നിയില്ലാാ..പ്രയാസപ്പെട്ടത് അന്നു ഡിസ്ചാർജ് ആയി പോവുമ്പോ ആയിരുന്നു..കഴിഞ്ഞില്ലാാ അന്ന് മനസ്സിലെ ഇഷ്ടം പറയാനായി..പിന്നീട് റെസ്റ്റും അതു കഴിഞ്ഞു ഉപ്പാന്റെ മരണവും എല്ലാംകൂടി കഴിഞ്ഞ് തിരികെ വന്നപ്പോഴേക്കും സോഫിയും കൂട്ടുകാരിയും ഹോസ്പിറ്റൽ മാറിയിരുന്നു..പിന്നെ‌ തിരയാത്ത സ്ഥലങ്ങളില്ല..
കഴിഞ്ഞതെല്ലാം ഇപ്പോഴും ഇന്നലെയെന്ന പോലെ ഓർമ്മയിൽ മങ്ങാതെ തെളിഞ്ഞു കിടപ്പുണ്ട്..മഞ്ഞുതുള്ളിയുടെ നൈർമ്മല്യതയുള്ള ആ സോഫിയെ ആണിന്ന് കാസിംക്കാ പറഞ്ഞത്..ഓർമ്മകളെ കൂട്ടുപ്പിടിച്ചങ്ങനെ നടന്നടുത്ത് സോഫിക്ക് മുന്നിലെത്തിയതറിഞ്ഞില്ലാ…ബസ്റ്റോപ്പിൽ നിൽക്കുന്നവർക്കിടയിൽ നിന്നും സോഫിയെ പരതി കണ്ടെത്തിയപ്പോഴേക്കും അവൾക്ക് പോവാനുള്ള ബസ്സ് മുന്നിലെത്തിയിരുന്നു..
നിരാശയോടെ അനസ് അകന്നുപോവുന്ന സോഫിയേയും നോക്കിയിരുന്നു..

‘എന്റെ സോഫീ…എന്റെ മനസ്സമാധാനവും കയ്യിലേന്തിയാ നിന്റെ യാത്ര.. ഇതിന്റെ യാഥാർത്യമെന്തന്നറിയാതെ ഈ അനസിന് ഇനി ഉറക്കമില്ലാ…’

വീട്ടിലെത്തിയിട്ടും അവനേതോ ചിന്തയിൽ മുഴുകിയങ്ങനെ ഇരിക്കുന്നത് കണ്ടാണ് ഉമ്മ സൈനബത്താ അവനരികിലേക്ക് വന്നത്..

“എന്താ കുഞ്ഞോ..ഇയ്യ് കുറേ നേരായല്ലോ ഈ ഇരിപ്പ് തൊടങ്ങീട്ട്..എന്താ ഇയ്യ് ആലോചിക്ക്ണേ..”

“അത് ..പിന്നേ…ഒന്നുല്ലാാ മ്മാ..ഞാൻ വെറുതേ..”

“എന്താ കുട്ട്യേ..ഇയ്യ് മ്മാനോട് പറയാൻ പറ്റിയതാണേൽ പറയ്..ഇവടെ ഉമ്മാക്ക് കൂട്ട് ഇയ്യും അനക്ക് കൂട്ട് ഉമ്മയും മാത്രേ ഉള്ളു എന്ന് അനക്കറിയാലോ..നമ്മക്ക് രണ്ടാക്ക് കൂട്ടായി അന്റെ മോള് കൊച്ചുട്ടിയും…ഇയ്യ് മ്മാനോട് ഒന്നും മറച്ചു വെക്കാറൂം ഇല്ലാ..ഇപ്പോ എന്താ അന്റെ സങ്കടത്തിനു കാരണം അതും ഉമ്മാനോട് പറയാൻ പറ്റാത്തത് വല്ലതും ആണോ..”

“അല്ല ഉമ്മാ..എന്റെ ഉമ്മാനോട് മറച്ചു വെക്കാനായിട്ട് ഈ കുഞ്ഞുന് എന്താാ ഉള്ളേ..ഉമ്മാ..ഞാനിന്നവളെ കണ്ടിനു..ആ സോഫിയാനെ…”

അതു പറഞ്ഞതും സൈനുത്തായുടെ മുഖം കുറ്റബോധത്താലും അതിലേറേ ആകാംക്ഷയാലും വിവർണ്ണമായി..
സൈനുത്തായുടെ മുഖം വാടാൻ കാരണം മറ്റൊന്നുമല്ല..ഒരിക്കൽ ഈ ഉമ്മയും ഉപ്പയും കാരണമാണ് തന്റെ മോന് സോഫിയെ നഷ്ടമായത്..സ്വന്തം മോനെ രക്ഷപ്പെടുത്തിയ കുട്ടിയാന്നറിഞ്ഞിട്ടും ആരുമില്ലാത്ത ഒരു അനാഥയെ വീട്ടിലേക്ക് കൊണ്ടുവരാൻ താല്പര്യമില്ലാ എന്നു വാാശിപിടിച്ചതിനാലാണ് അന്നാ ആലോചനക്ക് മുടക്കം വന്നത്..ഒടുവിൽ എല്ലാ സത്യങ്ങളും മനസ്സിലാക്കി സമ്മതംകഥകള്‍.കോംമൂളിയപ്പോ തിരഞ്ഞുപോയതാ…. അപ്പോഴേക്കും വൈകിപ്പോയി.‌..അഡ്രസ്സറിയാതെ അവൾക്ക് വേണ്ടി എന്റെ കുഞ്ഞു ഒരുപാട് അലഞ്ഞില്ലേ..എവിടേയും കണ്ടെത്താനുമായില്ലാ..പിന്നീട് രോഗശയ്യയിലായ ഉപ്പാനെയോർത്ത് അന്നൊരുപാട് നിർബന്ധിക്കേണ്ടി വന്നു മറ്റൊരു വിവാഹത്തിന്..ഒടുവിൽ സമ്മതം നൽകിയപ്പോ ആ വിവാഹ ബന്ധത്തിന് അധികം ആയുസ്സും ഇല്ലാതെ പോയി..രണ്ടു വർഷത്തിലായി രണ്ടു മരണത്തിനു സാക്ഷിയാകേണ്ടി വന്നു ഈ വീട്..ഉപ്പാന്റെയും പ്രിയപ്പെട്ട ഭാര്യയുടേയും ..എല്ലാാം വിഷമങ്ങളും ന്റെ കുഞ്ഞു ആ മനസ്സിൽ ഇട്ട് വിങ്ങിപ്പൊട്ടാണ്..

“ഉമ്മാ..ഇങ്ങളെന്താ ചിന്തിക്ക്ണേ…?”

“ഒന്നുല്ലാാ കുഞ്ഞോ…ഇയ്യ് പറയ്..എവിടെ വെച്ചാ സോഫിനെ കണ്ടത്…? എന്താ ഓള് ടെ വർത്താനം…?”
അനസ് ഉണ്ടായതെല്ലാം ഉമ്മാനോട് പറഞ്ഞു..

“കുഞ്ഞോ..ഇയ്യോളോട് പറഞ്ഞോ അന്നുപറയാൻ കഴിയാഞ്ഞ ആ കാര്യങ്ങളൊക്കെ..?”

“ഇല്ല മ്മാാ..നിക്ക് ഓളോടൊന്നു സംസാരിക്കാൻ പോലും കഴിഞ്ഞിട്ടില്ലാ..പിന്നെങ്ങനാ പറയാ ഞാൻ ഓളെ കുഞ്ഞാക്കാണെന്ന്..പണ്ടെന്നോ കൂടെ കളിച്ചെന്നും വെച്ച് ആ പ്രായത്തിലുള്ളൊക്കെ ഇപ്പോ ഓർമ്മണ്ടാവോ.. മാത്രോം അല്ല..ഓളെ ഓർമ്മയിൽ ഓളെ ഉമ്മ മാത്രേ ഉള്ളു…ഓളെ സംസാരത്തിൽ ഉപ്പാനോടും ബാക്കിള്ളോരോടും ഒക്കെ‌ ഓൾക്ക് വെ റുപ്പാ..പിന്നെ എങ്ങനാ മുറച്ചെറുക്കനായ ഇന്നോട് ണ്ടാവാ..തിരുത്തി കൊടുക്കാൻ അന്നൊരുപ്പാപ്പ ഉണ്ടായിനു ഓർഫനേജിൽ..ഇന്നയാള് ജീവിച്ചിരിപ്പുല്ല..ഒന്നുമാത്രമറിയാം ഉമ്മാ..ഓളെ കെട്ടിയത് ഏതോ അജ്മൽ എന്നുപേരുള്ള ഒരാളാണെന്ന്”

അതു പറഞ്ഞപ്പോയവന്റെ ശബ്ദമൊന്നിടറിയോ എന്ന് തോന്നി സൈനുത്താക്ക്..
ഉമ്മാന്റെ മടിയിൽ തല വെച്ചു കിടന്നുകൊണ്ടവൻ തുടർന്നു..

“അല്ല മ്മാ..ഇങ്ങക്ക് തോന്നുന്നുണ്ടോ സോഫി അങ്ങനൊരു തെറ്റു ചെയ്യുന്ന്…”

“ഇല്ല മോനേ..ഒരിക്കലുമില്ലാ..അത്രക്ക് തങ്കപ്പെട്ട സ്വഭാവാ ആ കുട്ടിക്ക്..പക്ഷേങ്കില് സാഹചര്യമാണെല്ലാരേം ചീത്തയാക്ക്ണേ..പിന്നെ തെളിവും ഉണ്ടല്ലോ…നമ്മൾ ഇപ്പോ എന്താാ പറയാ..ന്നാലും ഓളൊരു തെറ്റും ചെയ്തില്ലാാന്ന് വിശ്വസിക്കാനെന്നാ ഈ ഉമ്മാക്കും ഇഷ്ടം…എന്തെന്നെ ആയാലും സത്യം ഒരിക്കൽ പുറത്ത് വരാതിരിക്കൂലല്ലോ..”

ശരിയാണ്…സത്യം പുറത്തു വരാതിരിക്കില്ലാ..കാലവും സത്യവും തമ്മിലൊരു ബന്ധമുണ്ട്..
അവയ്ക്കിടയിലുള്ള ഒരു പാലമാണ് ക്ഷമ..കാത്തിരുന്നേ മതിയാവൂ..പക്ഷേ ക്ഷമയില്ലാത്തത് തനിക്കാണ്..എങ്ങനെയെങ്കിലും ആ സത്യത്തിന്റെ പിറകേ ഓടി ചെല്ലണം ..കാാലത്തിനു വിട്ടുകൊടുക്കാതെ അവയെ കണ്ടെത്തണം ..ഏതു ഇരുളിന്റെ മറവിലാണേലും…

പിറ്റേന്ന് രാവിലെ തന്നെ അനസ് ബസ്റ്റോപ്പിൽ സ്ഥാനം പിടിച്ചു..സോഫി ബസ്സിറങ്ങിയതും അവൻ അവൾക്കു മുന്നിലെത്തിയെങ്കിലും‌ അവൾ അറിയാത്ത ഭാവത്തിൽ കടന്നു പോയി..

“സോഫീ ..നീയെന്നെ ഓർക്കുന്നില്ലേ..ഞാൻ അനസ്..പണ്ടു ഹോസ്പിറ്റലിൽ നിന്ന് നിന്റെ കാരുണ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട അനു..”

ഭാവഭേദങ്ങളൊന്നുമില്ലാതെ അവനെയൊന്നു നോക്കിയ ശേഷം സോഫി ഒന്നും ഉരിയാടാതെ തന്റെ ജോലി സ്ഥലം ലക്ഷ്യമാക്കി നടന്നു..

“സോഫീ..പ്ലീസ്..എനിക്ക് സംസാരിക്കാനൊരവസരം തന്നൂടെ നിനക്ക്..”

തിരിഞ്ഞൊരു നോട്ടമോ ഒരു പുഞ്ചിരിയോ പ്രതീക്ഷിച്ചു നിന്ന അവനു പക്ഷേ നിരാശയായിരുന്നു ഫലം..
ഒന്നു രണ്ടു ദിവസം അങ്ങനെ കടന്നുപോയി..പക്ഷേ വഴിയരികിൽ കാത്തു നിന്ന് സമയം നഷ്ടമല്ലാതെ മറ്റൊരു ദയയും അവളുടെ ഭാഗത്തു നിന്നും ഉണ്ടായില്ലാ..കൂടുതൽ അങ്ങോട്ടടുത്തു ചെല്ലുവാനും അവനു ധൈര്യമുണ്ടായില്ലാ..കാരണം ഒരു ചീത്തപേരിനാൽ അലങ്കാരമായ അവളുടെ നാമത്തിനു തിളക്കം കൂട്ടാൻ താൻ കൂടി ഒരു കാരണമാവണ്ടാ എന്നവനു തോന്നി..
പക്ഷേ .മനസ്സമാധാനം നഷ്ടപ്പെട്ട അവനു ഇരിക്കപ്പൊറുതിയില്ലാതെയായി..അങ്ങനെയാണ് അന്ന് വൈകുന്നേരം അവളെ ഫോളോ ചെയ്യാൻ അവൻ തീരുമാനിച്ചത്..ബസ്സിറങ്ങി ധൃതിയിൽ നടന്നുപോവുന്ന അവൾക്ക് പിന്നാലെ അവനും പോയി..ഒരു വളവ് കഴിഞ്ഞ് ഒരു ഗേറ്റും തുറന്നു ഒരു ടെറസിട്ട വീട്ടിലേക്കായിരുന്നു അവൾ കയറിപ്പോയത്..കോളിംഗ് ബെല്ല് അടിച്ച അവൾക്ക് മുന്നിലേക്ക് യുവതിയായ ഒരു ഹിന്ദു സ്ത്രീ വാതിൽ തുറന്നു വന്നു..പരിചയ മുഖം പോലെ തോന്നിയ അവനാ മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി..
‘സിസ്റ്റർ ആതിര..’

അതേ..ആതിര തന്നെ..സോഫിയേക്കാൾ കൂടുതൽ താനന്നു മനസ്സു തുറന്നു സംസാരിച്ചത് സിസ്റ്റർ ആതിരയോടായിരുന്നു..
അനസിന്റെ മുഖത്ത് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ഒരു പുഞ്ചിരി വിരിഞ്ഞു..

പിറ്റേന്ന് സോഫി ജോലിക്ക് പോയ സമയം നോക്കി അനസ് ആതിരയുടെ വീട്ടിലെത്തി..

അതിശയഭാവത്തിൽ ഉറ്റു നോക്കി കൊണ്ടിരിക്കുന്ന ആതിരയെകണ്ട് അവനൊരു പുഞ്ചിരിയോടെ ചോദിച്ചു..

“ആതിരക്ക് എന്നെ മനസ്സിലായില്ലേ..”

“ആഹാ..ഇതു നല്ല ചോദ്യം..ഇയാളല്ലേ ഞങ്ങളെ മറന്നു കളഞ്ഞത്..പിന്നെ ഒരിക്കലെങ്കിലും ഒന്നു ഹോസ്പിറ്റലിൽ വരുമെന്ന് കരുതി..”
ആതിര കുറ്റപെടുത്തുന്ന പരിഭവത്തോടെ പറഞ്ഞു..

“അത്..പിന്നെ..എന്റെ റെസ്റ്റ് കഴിഞ്ഞതോടെ ഉപ്പാന്റെ മരണവും എല്ലാം കൂടി കഴിഞ്ഞപ്പോ നിങ്ങളെ കാണാനായി വന്നതാ…അപ്പോഴേക്കും രണ്ട് സിസ്റ്റർമാരും അവിടെന്ന് മുങ്ങിയെന്നുള്ള വിവരം കേട്ടത്..”

“ഉം..പിന്നെ എന്താ ഇയാൾടെ വിശേഷം..കല്യാണമൊക്കെ കഴിഞ്ഞോ…”

“ആ..കല്യാണമൊക്കെ കഴിഞ്ഞു..അതൊക്കെ പറയാം ..ഇയാൾടെ സോഫീടേം വിശേഷം പറ..”

പാതി മറച്ചു വെച്ച തന്റെ കഥക്ക് മുന്നേ അവരുടെ വിശേഷം അറിയാനായിരുന്നു അനസിനു തിടുക്കം..

“എന്റെ കല്യാണം കഴിഞ്ഞു..ഹസ്സ് എറണാകുളം ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു.. ആഴ്ചയിലൊരിക്കലൊന്നു വന്ന് തല കാണിച്ചു പോവും..ഒരു വാവയുണ്ട്.. ഞാൻ ഒരു ഹോസ്പിറ്റലിൽ പോവുന്നുണ്ട്..കുറച്ച് ഡേയ് ലീവെടുത്ത്..”

“സോഫിയോ..?”

അനസിന്റെ ചോദ്യത്തിനൊരു നിമിഷം അവൾ മൗനം പാലിച്ചു നിന്നു..

“പറ ആതിരാ..സോഫിയുടെ വിശേഷം എന്താ…?”

“അതൊക്കെ ഒരു കഥയാ അനൂ..അതു പറയാതിരിക്കാ നല്ലത്..”

“നീ പറ‌..ആതിരാ… ഒരു കഥ കേൾക്കാനൊക്കെ എനിക്ക് സമയമുണ്ട്…”

അനസിന്റെ നിർബന്ധത്തിനു വഴങ്ങി
നാലുവർഷം മുന്നേ നടന്ന ആ കഥയുടെ തിരനോട്ടത്തിലേക്ക് ആതിര അനസിനെയും കൊണ്ട് കടന്നുപോയി..സോഫിയയുടെയും അജ്മലിന്റേയും പ്രണയത്തിൽ വിരിഞ്ഞ ആ വസന്ത കാലത്തിന്റെ ഓർമ്മകളിലേക്ക്…
പിന്നീട് ചിന്നിച്ചിതറി വീണ അവരുടെ ജീവിതത്തിലേക്ക്….

അനസിനു കുടിക്കാൻ ഒരു കോഫികൊടുത്തുകൊണ്ട് അവൾ തുടർന്നു..

“അനൂ..സോഫിയുടെ ജീവിതത്തെക്കുറിച്ച് പറയുന്നതിനു മുന്നേ നീ അജുനെ കുറിച്ചറിയണം..അജ്മൽ എന്ന അജുനെ കുറിച്ച്…”

ആ‌തിരയുടെ ഓരോ വാക്കുകൾക്കും കാതോർത്തു കൊണ്ട് അനസ് അവൾക്കുമുന്നിലൊരു കൊച്ചു കുട്ടിയെപോലിരുന്നു..
കോഴിക്കോട് മാവൂരിന്നടുത്തുള്ള ഒരു കൊച്ചുഗ്രാമത്തിലാണ് ഈ അജ്മലിന്റെ വീട്.. ഇവരുടെ നാടിനെക്കുറിച്ചു പറയാണേൽ അത് വർണ്ണനകൾക്കതീതമായിരിക്കും
പ്രകൃതി അതിന്റെ നിറച്ചാർത്തത്രയും നൽകി‌ സമ്പന്നമാക്കിയ വയലോരങ്ങളിൽ അഹങ്കാരത്തോടെ ഞെളിഞ്ഞു നിൽക്കുന്ന നെൽക്കതിരുകളും കളകളാരവങ്ങളിലൊഴുകി വരുന്ന അരുവികളും കുട്ടിക്കുറുമ്പന്മാരുടെ വികൃതിക്കു മുന്നിൽ തെന്നി വഴുതി മാറുന്ന പരൽ മീനുകളും ഓരോ പുൽനാമ്പുകളുടേയും ചുംബനമേറ്റു കിടക്കുന്ന മഞ്ഞുകണങ്ങൾ പ്രഭാതകിരണങ്ങളുമായേറ്റുമുട്ടി മഴവില്ലുതീർത്ത് തണുപ്പിന്റെ ആവാരം പുതച്ചുറങ്ങുന്ന ഒരു ഗാന്ധർവ്വ സുന്ധരിയെപ്പോലെ മനോഹരിയായ നാട് …സായാഹ്ന വേളയിൽ പാടവരമ്പത്ത് ചേക്കേറുന്ന ദേശാടനപക്ഷികളിൽ മലമുഴക്കി വേഴാമ്പൽ മുതൽ പുള്ളിയുടുപ്പണിഞ്ഞ പൂമ്പാറ്റ വരേ ആ നാടിന്റെ നാമത്തെ എടുത്തുകാട്ടി സന്ദർശകരുടെ മിഴികളിൽ പറുദീസ തീർക്കുന്നു..
..ആ ഗ്രാമത്തിന്റെ ഒരു മൂലയിൽ മൂന്നു മുറികളും ഒരു കിച്ചണും ഡൈനിംഗ് ഹാളും സിറ്റൗട്ടുമായി പാതി തേച്ച ചുമരുകൾക്കുള്ളിലായൊതുങ്ങി റോഡരുകിൽ ഒരു കുഞ്ഞു വീടുണ്ട് അതാണ് അജ്മലിന്റെ വീട്..അവിടെ ഉമ്മ ഖൈറുന്നീസയും രണ്ടുമക്കളും..അജ്മൽ, ഷമീല
പഠിച്ചതും വളർന്നതും എല്ലാം മാവൂർ പ്രദേശത്ത് തന്നെ..പ്രത്യേകിച്ച് പറയാൻ മാത്രം ബന്ധുക്കളൊന്നുമില്ലാ…ഖൈറുത്താക്ക് ഒരു സഹോദരനുണ്ട് റഫീഖ്…പാലക്കാട് ആയിരുന്നു ആദ്യം ഇവർ..പിന്നെ അജ്മലിനു രണ്ടു വയസ്സായത് തൊട്ട് ഇങ്ങോട്ട് കുടിയേറിയതാന്നാ കേട്ടത്… അത്യാവശ്യം തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയിലായിരുന്നു ഉപ്പയുള്ള കാലത്തോളം ജീവിച്ചിരുന്നേ..പിന്നെ അവനു പത്താം ക്ലാസിൽ പഠിക്കുമ്പോ ഉപ്പാനെ നഷ്ടപ്പെട്ടു..എല്ലാവരേയും പോലെ ജീവിതഭാരമൊന്നും ചുമക്കേണ്ടി വന്നില്ലാ..എന്നു വെച്ചാ ഉമ്മ ഖൈറുത്താ അതിനനുവദിച്ചില്ലാ..മറ്റുള്ള വീടുകളിൽ അടുക്കളപ്പണിക്കും മറ്റും പോയി ഖൈറുത്താാ രണ്ടു മക്കളേയും ഒരു അല്ലലും അറീക്കാതെ വളർത്തി കൊണ്ടു വന്നു..അതിന്റെ എല്ലാ കുറവും നമ്മളേ അജ്മലിൽ കാണാനുമുണ്ടായിരുന്നു ട്ടോ…
എന്നാലിനി അജ്മലിനെയൊന്നു പരിചയപ്പെടാം..

“ന്റെ പൊന്നാര അജ്മലേ…ആ ഫോൺ അവിടെടേലും വെച്ചിട്ട് കുറച്ചരി വാങ്ങികൊണ്ടോര്..ഉച്ചക്ക് വല്ലതും മ്ണ്ങ്ങണന്നുണ്ടേല്..”
ഉമ്മ ഖൈറുത്താന്റെ സ്ഥിരം പല്ലവിയാ ഇത്…

“ആ.. മ്മാ..ഇങ്ങളൊന്ന് മിണ്ടാണ്ടിക്കി ഒരു സ്വൈര്യം തന്നൂടെ ഇൻ ക്ക്..ഞാനും ഒരു മനുഷ്യനല്ലേ..”

“ഹും .മനുഷ്യൻ..മനുഷ്യനാണേൽ ഇത്തിരി മനുഷ്യത്വം ഉണ്ടാവും ..അനക്കതില്ലല്ലോ..”

“ന്നാ..മ്മാ..ഇങ്ങൾ പുന്നാരമോൾ ഷമീലയോട് പറയ്..ഓക്ക് മൻഷ്യത്വം കുറച്ച് കൂടുതലല്ലേ..”

“അജോ..ഓള് പ്രായം തികഞ്ഞൊരു പെണ്ണാണ്..പോത്ത് പോലെത്തെ ഇയ്യ് ഇവടെ ഉണ്ടാവുമ്പോ ഓളാണോ പോവണ്ട്യേ…”
പിന്നെ അജ്മലിനൊന്നും പറയാനില്ലാായിരുന്നു..

ഓ..അങ്ങാടി മുഴുവൻ തെണ്ടുമ്പോ ഇവരൊന്നും പെണ്ണുങ്ങളല്ലാ..വീടിന്റെ ഉമ്മറത്തുള്ള പീട്യേലൊന്ന് പോവുമ്പോ ഇവരൊക്കെ പ്രായം തെകഞ്ഞ പെണ്ണുങ്ങൾ..ഹും..പിറുപിറുത്തോണ്ട് അജ്മൽ ഫേസ്ബുക്കിലേക്ക് കണ്ണും നട്ടിരുന്നു..രാവിലെയിട്ട സെൽഫിയുടെയും പോരാത്തതിനു സ്റ്റോറിയുടെയും ലൈക്കിന്റേയും കമന്റിന്റേയും എണ്ണം നോക്കി എണ്ണം പഠിക്കായിരുന്നു..ലൈക്കിടാത്തവരെ കാലു പിടിച്ചും ഭീഷണിപ്പെടുത്തിയും ലൈക്കിന്റെ എണ്ണം വാരിക്കൂട്ടുന്ന തിരക്കിലായിരുന്നു അവൻ
കമന്റുകൾ അവന്റെ മനസ്സിനെ കോരിത്തരിപ്പിച്ചു..ഹോ….
എനിക്ക് വജ്ജ പടച്ചോനെ..ഞാനത്രക്ക് സംഭവാണോ..

ഇതൊക്കെ കേട്ടാ തോന്നും അജു വല്യ എഴുത്തുകാരനാണെന്ന്..അല്ലാട്ടോ..വല്ലവനും എഴുതിയ അക്ഷരങ്ങളെ സ്വന്തം നാമം കൊണ്ട് പേരുകേൾപ്പിക്കുക അത്രേ ഉള്ളു….കോപ്പിയടി രാമൻ എന്ന് പേരു കൊണ്ട് പ്രശ്സ്തനായ ഒരു ഡിഗ്രിക്കാരൻ…എങ്ങനെയൊക്കെയോ ഡിഗ്രിയെന്ന കടമ്പ കഴിഞ്ഞ് ഇപ്പോ വീട്ടിലെ വിശ്രമ വേള വേണ്ടോളം ആസ്വദിക്കുന്നു…. എന്തെങ്കിലും ചില്ലറ പണികിട്ടിയാൽ പോവും..അതേയ് പെരക്കാർക്ക് വേണ്ടീട്ടൊന്നും അല്ലാാ ട്ടോ..അവൻ ക്ക് വേണ്ടീട്ട് തന്ന്യാ..ഫോണിൽ റീചാർജ്ജ് ചെയ്യാനും ഇപ്പോയെത്തെ ട്രൻഡ് എന്ന പേരിൽ ഇറങ്ങുന്ന പലതും സ്വന്തമാക്കാനുള്ള കഷ്ടപ്പാടാ എല്ലാം…എന്നാലും പാവാണ് … ..മെയിൻ ജോലി ഫേസ്ബുക്കിൽ..

പാവം ഓന്റെ ഉമ്മ ഖൈറുത്താ അധ്വാനിച്ച് കൊണ്ടോര്ണതോണ്ട് വീട് പട്ടിണിയില്ലാ..അവന്റെ പൊന്നാര പെങ്ങളോന്നുള്ളതിപ്പോ ..പ്ലസ്ടുവിന്റെ പടികയറാനുള്ള തയ്യാറെടുപ്പിലാണ്….ഇതൊക്കെയാ നമ്മളെ കഥാപാത്രം അജ്മൽ ..

“ശ്..ശ്..അജ്മലേ..കൂയ്.. ”
ഒരു വിസിലടി ശബ്ദം..ഇതിപ്പോ എവ്ടന്നാ..

“ടാ..മരങ്ങോടാാ..ഇങ്ങട്ട് നോക്ക് ഇത് ഞമ്മളാ..
ഷംസു..”
ഒന്നു തൊട്ടിന്നു വരേ കൂടെ നിന്ന് അജ്മലിന്റെ എല്ലാ നല്ലശീലങ്ങളും അതുപോലെ ജീവിതത്തിൽ പകർത്തിയെടുത്ത ഉറ്റ സുഹൃത്താണ് ഷംസു…

“ഓ..ഇയ്യായിരുന്നോ..ന്താ പോത്തേ അനക്ക്..നേർക്കു നേരെ ഒന്നു വന്നൂടെ..”

“ആ ന്നിട്ട് വേണം അന്റെ മ്മ ന്നെ തല്ലിക്കൊല്ലാൻ..അന്റെ കൂടെ ഇനി ന്നെ കാണര്തെന്നാ ന്നോട് പറഞ്ഞേക്ക്ണേ..”

“ഓ..ന്റെ മ്മാക്ക് ന്റെ കാര്യത്തിൽ വല്ലാത്ത വേവലാതിയാടാ..അതോണ്ടാ…”

“ഒലക്ക..ന്നോട് പറഞ്ഞേക്ക്ണേ..അന്റെ കൂടെ നടന്ന് ന്നോടും കൂടി വെടക്കാവരുത്.. ന്നാ…”

“ഓ..ബല്യ കാര്യം..ഇയ്യൊന്നു മിണ്ടാണ്ടെ പോയേ..”

“ആ..ഞാനിപ്പോ അന്നോടൊരു കാര്യം പറയാനാ വന്നേക്ക്ണേ..”

പിറകിൽ വന്ന ഖൈറുത്താനെ അതിനിടയിൽ ഷംസു കണ്ടില്ലായിരുന്നു..

“ടാ..ഷംസൂവേ…ഇങ്ങോട്ട് പോര്..കണ്ടേക്ക്ണ്..”

“രണ്ടും കൂടി ഓരോന്നൊപ്പിച്ചിങ്ങനെ തേരാപാരാ നടന്നോളി..പെരേൽക്ക് ഉള്ള ഒരു ചിന്തേം വേണ്ടാ..ടാ ഷംസോ..അന്നെ പോലല്ല ഓന് ..അനക്ക് രണ്ടു പെങ്ങന്മാരുണ്ടേലും നയിച്ച് കൊണ്ടോരാൻ ഒരു ബാപ്പ ഉണ്ട്..ഇവന്റ കാര്യം അങ്ങനാണോ..ഇങ്ങളാ പാത്തുതാത്താന്റെ ഷൈജലിനെ കണ്ട് പഠിക്ക്..ഇങ്ങളെ കൂടെ പഠിച്ചതന്നെയല്ലേ ഓനും…”

ഇളിഭ്യനായി നിക്കാ..ഷം സൂ.
നമ്മളെ കഥാനായകൻ ഇതൊന്നും കേൾക്ക്ണില്ലാാ..ന്താച്ചാൽ ഓന് ചെവീൽ കുത്തിച്ചീരാനായിട്ട് ഇയർഫോണുണ്ട്..ഫുൾ വോളിയത്തിൽ വെച്ചേക്ക്ണതോണ്ട്..ഓനെ വന്ന് ആരേലും കട്ടോണ്ട് കൊണ്ടോയാലും ഓനറീലാ..

“ടാ അജ്മലേ..ഇയ്യ് വല്ലതും കേൾക്ക്ണ്ടോ പൊട്ടാ..അന്റെ മ്മ പറയ്ണേ…ആ ഹാ…നമ്മൾ മാത്രം സഹിച്ചാ പോരല്ലോ ഉപദേശം ഇയ്യൂടെ ഒന്നു കേട്ടോക്ക്യാ…”
അതും പറഞ്ഞ് ചെവിയിലേ ഇയർഫോൺ ഊരിയെരേറുകൊടുത്തു ഷംസു..

” ടാ..ബലാലേ..അന്നെ ഞാൻ ..”
ഷംസു പിന്നെ അവിടെ നിന്നില്ലാ..ഓടെടാ ഓട്ടം..
പിന്നാലേ ഓനും ഓട്ണ്ട് പക്ഷേ എന്തോ നീങ്ങുന്നില്ലാാലോ ..എന്താപ്പോ…ന്റെ കാലിനെന്താാ പറ്റിയേ..ബേജാറോടെ അജ്മലൊന്നു തിരിഞ്ഞു നോക്കി..

“ന്റെമ്മോ….”

“ന്റെ മ്മച്ചീയേ ..ഇങ്ങളാ ഷർട്ടീന്ന് ബിടിൻ..ഓനെ ഞാനിന്ന് കൊല്ലും..”

“ഇയ്യ് ഓനെ കൊല്ലാൻ നടന്നോ..ഞാൻ പറയ്ണതൊന്നും കേക്കണ്ടാ..”
അജ്മൽ പിന്നാലെ വരുന്നില്ലാന്ന് കണ്ടപ്പോ ഷംസൂന് ധൈര്യായി…

“ടാ..അജ്മലെ..ഇയ്യ് ധൈര്യണ്ടേൽ അങ്ങാടീലോട്ട് വാ..നമ്മൾ അവടെ ഉണ്ടാാവും‌‌..”

അതും പറഞ്ഞോടുന്ന ഷംസൂനെ നോക്കിക്കൊണ്ടിരിക്കേ വീണ്ടും തുടങ്ങി ഖൈറുത്താന്റെ ഉപദേശം..

“എന്റെ അജോ..അന്നെപോലെ തന്നെയല്ലേ ആ ഷൈജല്..അവനിപ്പോഴും മര്യാദക്ക് കോളേജിൽ പോയി പഠിച്ച് ഓനിക്ക് അന്തസായി ഒരു പണി ചെയ്യുന്നുണ്ട്..ന്നാാ അനക്കോ..”

“അല്ലമ്മാ..ഓനിക്കിപ്പോ എന്താ പണി..ഇങ്ങളെന്നെ പറയ്..”

“ആ..അതെനിക്കറീലാ..ഓന് പണിയില്ലാത്തോണ്ടാണോ ഓന്റെ കാശോണ്ടാ ആ പെര നന്നാക്കിയെ ..മാത്രല്ല..അവടെ ഒരു നാലു ചക്ര വണ്ടിം ഉണ്ട്..ഒക്കെ ഓന് തന്നെ വാങ്ങിയാ..അങ്ങനാ ചങ്കൂറ്റള്ള ആൺകുട്ടിയള്..അല്ലാതെ അന്റെ മാതിരി തോന്നുമ്പൊ പണിക്ക് പോവലല്ല..ഒന്നുല്ലേലും ഒരു പെണ്ണു കെട്ടാനായിലെ ബലാലേ അനക്ക്..”

“ഓ..തൊടങ്ങി…അതു വേണേൽ ഇപ്പോ വേണേലും കെട്ടാലോ..
ഇമ്മാ..
ഓനൊക്കെ പ്ലസ്ടു എങ്ങനാ ജയിച്ചേ അറിയോ..കോപ്പിയടിച്ചോണ്ടാാ..കോപ്പിയടിച്ച്…”

“ഓ..ഇയ്യ് പിന്നെ ബല്യ മാന്യനാണല്ലോ..അന്നെ ഞാൻ തന്നെ അല്ലേ പെറ്റത് അജ്മലേ…പിന്നേയ് നാല് കായ് ഉണ്ടാക്കാണ്ടെ പെണ്ണും കെട്ടി ഇപ്പൊരേൽ അടഞ്ഞുകൂടിനിക്കാന്ന് വല്ല പൂതിയും ന്റെ മോനിണ്ടേല് അതങ്ങട് മാറ്റിവെച്ചേക്ക് ട്ടോോ..”
അതും പറഞ്ഞ് ഖൈറുത്താ ചൂലുമായി മാറാല അടിക്കുന്നതിനിടയിൽ അവനെ ചെരിഞ്ഞൊന്നു നോക്കി അടുക്കളയിലോട്ട് പോയി..

“..ഹും…ഈ ഷൈജല് എന്നും എനക്കൊരു പാരയാ…എന്തുപറഞ്ഞാലും ഉമ്മച്ചിക്കൊരു ഷൈജലുണ്ട്..”

ചെറുപ്പം തൊട്ടേ ഷൈജലും അജ്മലും തമ്മിൽ ശത്രുതയിലാ..കാരണം മറ്റൊന്നുമല്ലാ…പരസ്പരമുള്ള ഈ താരതമ്യം തന്നെ..ആ കാര്യത്തിൽ രണ്ടുപേരുടേയു ഉമ്മമാർ തമ്മിൽ ഭയങ്കര മത്സരായിരുന്നു.ഈ താാരതമ്യം നാട്ടുകാർക്കു മുന്നിലും അവരു പറയാൻ മടി കാണിച്ചില്ലാ…അതോണ്ടു തന്നെ നാൾക്കു നാൾ ഇവർക്കിടയിലുള്ള ശത്രുതയും വളർന്നുകൊണ്ടിരുന്നു..എന്നിരുന്നാലും പരസ്പരം കാണുമ്പോ ഒരു സംസാരമൊക്കെ ഉണ്ടെയ്നു…ഇപ്പോ ഓരോ കാരണങ്ങളാൽ ശത്രുത വീണ്ടും കൂടി..
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും അവർക്കിടയിലൂടെ കടന്നുപോയെന്നല്ലാതെ
ഖൈറുത്താ എന്തൊക്കെ എങ്ങനൊക്കെ ഉപദേശിച്ചാലും ന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല എന്ന പോളീസിയുമായി അവൻ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടും ….

.കാലം കുറേയായി ഉമ്മായും മോനും ഈ കളി തുടങ്ങീട്ടെങ്കിലും ഇവിടെ തോറ്റുകൊടുക്കുന്നതെപ്പോഴും ഉമ്മ തന്നെയായിരിക്കുമെന്നതിലൊരു മാറ്റവുമില്ലാ..
വയസ്സ് പത്തിരുപത്തിമൂന്നായിട്ടും ഓന്റെ സ്വഭാവത്തിന് ഇന്നും ഒരു മാറ്റവുമില്ലാ..

കോളിംഗ് ബെല്ലിന്റെ മധുര സംഗീതം ഒരലർച്ചപോലെയവന്റെ കാതുകളിൽ വന്ന് പതിച്ചപ്പോൾ സുഖനിദ്രക്ക് അല്പം തടസ്സം നേരിട്ടു എന്നല്ലാാതെ തിരിഞ്ഞു കിടന്നവൻ ആ വിടവ് തീർത്തു വീണ്ടും നിദ്രയിൽ അഭയം പ്രാപിച്ചു..ചങ്കായ ചങ്ങാതിയുടെ സ്വഭാവം നല്ലപോലെയറിയാവുന്ന ഷംസു മറുപടിക്ക് കാത്തുനിൽക്കാാതെ അകത്തേക്കോടി..

“…അജോ.. ടാ…അജ്മലേ.. എണീക്ക്.”
പരിഭ്രാന്തിയോടെയുള്ള ഷംസുവിന്റെ വിളി കേട്ട്
അലസതയോടെ കണ്ണും തിരുമ്മി അവനെയൊന്നു നോക്കി..
“എന്താടാ…”

“ടാ…അങ്ങാടീല് വെച്ച്….”

അജ്മലിന്റെ ചോദ്യത്തിനുത്തരം നൽകാനാവാതെ ഷംസു നിന്ന് കിതക്കുകയായിരുന്നു…

ഉറക്കച്ചടവോടെ കണ്ണും തിരുമ്മികൊണ്ട് അജു ചോദിച്ചു..

“എന്താടാ ..എന്താാച്ചാ ഒന്നു പറഞ്ഞ് തൊലക്ക്..”

“അജോ..അന്റെ ഉമ്മ…അവിടെ..അവിടൊരാക്സിഡന്റ്…എല്ലാരും കൂടി ഹോസ്പിറ്റലീക്ക് കൊണ്ടോയിക്ക്ണ്..”
എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചവൻ ശ്വാാസം വിട്ടു.

“ങ്ഹേ..ഉമ്മനെയോ..”
ഒരു ഞെട്ടലോടെ കിടക്കയിൽ നിന്നെണീറ്റ് അജ്മൽ
എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു നിന്നു..

“അജോ…അതു ഖൈറുത്താ തന്നെയാ…ഞാൻ കണ്ടിക്ക്ണ്..ഇയ്യ് വാ..നമ്മക്ക് വേം ഹോസ്പിറ്റൽക്ക് പോവാ..”

“ന്താ…ന്താ ന്റെ മ്മച്ചിക്ക് പറ്റിയേ…ഷംസുക്കാ ഇങ്ങള് പറയ്..”
അലമുറയിട്ട് കരയുന്ന ഷമീലയെ എന്തുപറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ അവരും…

“ഷമിയേ..ഇയ്യ് കരയാണ്ടിരിക്ക്..ഞങ്ങളൊന്നു പോയി നോക്കട്ടേ..ഷംസോ ഏതു ഹോസ്പിറ്റലിലേക്കാ കൊണ്ടോയേ..”
ഡ്രസ്സ് മാറുന്ന ധൃതിക്കിടയിൽ അജ്മൽ ചോദിച്ചു..

“മുക്കത്തെ ഏതോ ഹോസ്പിറ്റലിലേക്കാ…
അതൊക്കെ നമ്മക്ക് ചോദിച്ചറിയാ..ഇയ്യ് വേഗം വാ..ഞാൻ വണ്ടീം ആയിട്ടാ വന്നേ..”

“ഇക്കാക്കാ…ഞാനും വര്ണ്ട്.അല്ലാണ്ടെ നിക്കിവിടെ സമാധാനണ്ടാവൂലാാ..”
ഷമീലയുടെ നിർബന്ധപ്രകാരം അവളേയും കൂട്ടി
വല്ലപ്പോഴും ഷംസു ഓടിക്കാറുള്ള ഓട്ടോയിൽ ആശുപത്രി ലക്ഷ്യമാക്കി അവർ കുതിച്ചു..
ആർക്കും ഒന്നും പറയാനില്ലാ…അവർക്കുമുന്നേ അവരുടെ മനസ്സവിടെ ഹോസ്പിറ്റലിൽ നിലയുറപ്പിച്ചിരുന്നു…
കുട്ടിക്കാലം മുതലേ ഉള്ള ഓർമ്മകളവരിൽ തികട്ടി വരാൻ തുടങ്ങി..ഷമീലയുടെ തേങ്ങലുകൾ അപ്പോഴും നിലച്ചിരുന്നില്ല..എന്താണ് സംഭവിച്ചതെന്നറിയാതെ അവർ വീർപ്പുമുട്ടുകയായിരുന്നു..

അവരവിടെ എത്തിയപ്പോയേക്കും ഒരു പട തന്നെ യുണ്ടായിരുന്നു ഹോസ്പിറ്റലിൽ..
ഹമീദ്ക്കാ, കബീർക്കാ,ആമിനത്താ സാബിത്താ..തുടങ്ങി കേട്ടറിഞ്ഞെത്തുന്നവർ വേറെയും..അത് വേറേ ഒന്നും കൊണ്ടല്ലാ..ഖൈറുത്താ എല്ലാവർക്കും അത്രക്ക് പ്രിയപ്പെട്ടവരായിരുന്നു..അവരുടെയെല്ലാം വീട്ടിലെന്താവശ്യമുണ്ടേലും വേഗം ഓടിയെത്തുന്നത് ഖൈറുത്താന്റെ
അരികിലേക്കാണ്..കല്യാണവീടാണേലും സൽക്കാര വീടാണേലും മരണ വീടാണേലും എല്ലാം അവിടെ ഒരു നേതൃത്വം വഹിച്ച് ഖൈറുത്താ ഉണ്ടാവും….ആരോടും കണക്ക് പറഞ്ഞ് കാശ് വാങ്ങിക്കൂലാ..ഇഷ്ടമുള്ളത് സ്വീകരിക്കും..ഇല്ലായെങ്കിൽ ചെയ്തു കൊടുക്കുന്ന ജോലിയിൽ മടുപ്പൊന്നും കാണിക്കൂലാ..അതോണ്ട് തന്നെ എല്ലാവരും കണ്ടറിഞ്ഞു തന്നെയവരെ സഹായിക്കാറുണ്ടായിരുന്നു.

“മോനേ ഇയ്യ് സമാധാനപ്പെട് ..ഉമ്മാക്കൊന്നും സംഭവിക്കൂല..”
അയൽ വാസിയായ ഹമീദ്ക്കാ ആശ്വസിപ്പിച്ചെങ്കിലും അവന്റെ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഏതെല്ലാമോ വഴികളിലൂടെ അങ്ങനെ ഓടിക്കൊണ്ടിരുന്നു.

“എന്താ ഇക്കാ ഉണ്ടായേ…”.ഷംസുവിന്റെ ചോദ്യത്തിനുത്തരം നൽകിയത് ആമിനത്താ ആയിരുന്നു..

“ഖൈറു എന്റെ പെരേന്ന് പണിം കഴിഞ്ഞിറങ്ങിവരെയ്നു..
ഒരു ജീപ്പ് വന്നിടിച്ചതാ..അയാളെ പറഞ്ഞിട്ട് കാര്യല്ലാ..റോഡിലേക്ക് ഇറങ്ങിയതും വണ്ടിന്റെ മുന്നിലേക്ക് കുഴഞ്ഞു വീഴായിരുന്നു..”

ജീവിതത്തേയും മരണത്തേയും രണ്ടു തുലാസിൽ അളന്നു കൊണ്ട് വരാനിരിക്കുന്ന വിധിയെയും കാത്ത് ഐസിയു വിന്റെ ഇടനാഴികളിൽ അവർ പ്രാർത്ഥനയോടെ ഇരുന്നു…
ഒന്നും പറയാറായിട്ടില്ല എന്ന ഡോക്ടറുടെ പ്രസ്താവനക്കു മുന്നിൽ സെക്കന്റുകൾ മിനിട്ടുകളാായും മിനിട്ടുകൾ മണിക്കൂറുകളാായും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു..ഒടുവിൽ ഇരുളിനെ സാക്ഷിയാക്കി ഡോക്ടർ ആ വിധിക്കുത്തരം നൽകി..

“പേടിക്കാനൊന്നുമില്ലാ ..അപകടനില തരണം ചെയ്തിട്ടുണ്ട്..”

അൽഹംദുലില്ലാഹ്..നാഥനൊരായിരം സ്തുതിയർപ്പിച്ച് അജ്മൽ ആ വരാന്തയിൽ നിന്നൊരു ദീർഘശ്വാസം വിട്ടതപ്പോയായിരുന്നു..ഉമ്മാന്റെ വിലയെന്താന്ന് ആ മണിക്കൂറുകൾ താണ്ടിയപ്പോ താൻ ശരിക്കുമറിഞ്ഞതാണ്..മാത്രവുമല്ല എന്നും ഉമ്മാനെ കുറ്റപ്പെടുത്തിട്ടേ ഉള്ളൂ..ഒരു പക്ഷേ തെറ്റു തിരുത്താൻ നാഥൻ ഒരവസരം തന്നതാവാം..
ഐ സിയുവിന്റെ ചില്ലുജാലകത്തിലൂടവൻ ഉമ്മയെ ആദ്യമായ് കാണുന്നപോലെ നോക്കി നിന്നു..ആ നോട്ടത്തിനപ്പോൾ കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയുണ്ടായിരുന്നു..അവനു പിറകിലായി വിതുമ്പികൊണ്ട് ഷമീലയും..

“ഇതിലാരാ അജ്മൽ..”
ഡോക്ടറുടെ കണ്ണുകൾ അവർക്കിടയിൽ അജ്മൽ എന്ന വ്യക്തിയെ പരതി നടന്നു..

“ഞാനാ ഡോക്ടർ..”
മുന്നിലേക്ക് വന്നു നിൽക്കുന്ന ആ ചെറുപ്പക്കാരനെ ഡോക്ടർ സസൂക്ഷ്മം ഒന്നു വീക്ഷിച്ചു..
അത്യാവശ്യം തണ്ടും തടിയും അതിനൊത്ത ഉയരവും ആരോഗ്യവുമുള്ള സുമുഖനായ ഒരുചെറുപ്പക്കാരൻ..ഇരുപത്തിമൂന്ന് ആവ്ണേ ഉള്ളുവെങ്കിലും അതിനേക്കാൾ വളർച്ച തോന്നിക്കുന്ന ശരീരം..പൗരുഷം മുഖത്തെഴുതി വെച്ചിട്ടുണ്ട്..ഡോക്ടർക്ക് അവനെ കണ്ടപ്പോ അദ്ഭുതം തോന്നി..

“ഹോ ..ഇയാളാണോ..എന്റെ കാബിനിലേക്ക് വരൂ..കുറച്ച് സംസാരിക്കാനുണ്ട്..”

അജ്മൽ ഡോക്ടറുടെ അടുത്തേക്ക് പോവനൊരുങ്ങുമ്പോഴേക്കും ഹമീദ്ക്കാ അരികിലേക്ക് വന്നു..
“മോനേ ..എന്നാ ഞങ്ങളിറങ്ങട്ടെ..എന്താവശ്യമുണ്ടേലും വിളിക്കാൻ മടിക്കരുത് ട്ടോ..ഞങ്ങളൊക്കെ ഉണ്ടാവും..”

അവരുടെ നല്ല മനസ്സിനു മുന്നിൽ കൃതജ്ഞതയോടെ തലയാട്ടികൊണ്ടവൻ പറഞ്ഞു..
“ആയിക്കോട്ടേ..ഹമീദ്ക്കാ ആരുല്ലാത്ത ഞങ്ങളോട് ഇങ്ങളൊക്കെ ഇത്രേം കരുണ കാട്ടിയല്ലോ.. ”
അതുപറയുമ്പോയവന്റെ കണ്ണുകളെന്തിനോ നിറഞ്ഞിരുന്നു..
“അങ്ങനൊന്നും വിചാരിക്കണ്ട അജോ..ഞങ്ങളൊക്കെ എന്നും കൂടെ ഉണ്ടാവും..ഇയ്യ് ഇപ്പോ ഡോക്ടറുടെ അടുത്തേക്ക് ചെല്ല്…”

ഡോ.നവാസ് എന്ന നെയിം ബോർഡിന്റെ മുന്നിൽ അക്ഷമനായി ഡോക്ടറുടെ വാക്കുകൾക്കായി കാതോർത്തിരിക്കുമ്പോൾ അവനൊറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ..ഉമ്മാനെക്കുറിച്ച് നല്ലത് മാത്രമേ ആ നാവിൽനിന്ന് വരാവുള്ളൂ പടച്ചോനേ എന്ന്..

പക്ഷേ പ്രതീക്ഷക്കു വിപരീതമായിരുന്നു ചോദ്യങ്ങളെല്ലാം..

“അജ്മലിനിപ്പോ എത്ര വയസ്സായി…?’
എന്റെ വയസ്സുമായി ഇവിടെപ്പോ എന്താ ബന്ധം എന്ന് സംശയിച്ചുകൊണ്ട് അവനതിനുത്തരം നൽകി..
“ഇരുപത്തിമൂന്ന് ആവുന്നു..”
“ഏതു വരേ പഠിച്ചു….?”

..ഇയാളെന്തിനായിതൊക്കെയറിയ്ണേ.എന്ന് മനസ്സിൽ പിറുപിറുത്തോണ്ട് അവൻ പറഞ്ഞു..

“ബി.കോം കഴിഞ്ഞു..”

“ഞാൻ പറയാൻ വന്നത് മറ്റൊരു കാര്യമാണ്.
എന്താന്നു വെച്ചാൽ ഇയാൾടെ ഉമ്മ രണ്ടു വർഷത്തോളമായി എന്റെ പേഷ്യന്റാണ്..ഉമ്മാനോട് ഞാൻ കുറേ തവണ വാണിംഗ് കൊടുത്തതാണ് ഭാരമുള്ള ജോലി ഒന്നും ചെയ്യരുത്..ബിക്കോസ് ഷീ ഈസ് എ ഹാർട്ട് പേഷ്യന്റ്..ഒരു മോനുണ്ടെന്ന് പറഞ്ഞപ്പോ ഞാനിത്രേം പ്രതീക്ഷിച്ചില്ലാ..ഇയാളുണ്ടായിട്ടുമെന്തിനാ ഇയാൾടേ ഉമ്മയിങ്ങനെ കഷ്ടപ്പെടുന്നതെന്ന് മനസ്സിലാവുന്നില്ല..”

ഡോക്ടറുടെ വാക്കുകൾ അജ്മൽ ശ്വാസമടക്കിപ്പിടിച്ചുകൊണ്ടു ശ്രവിക്കുകയായിരുന്നു..
രണ്ടു വർഷമായി ഡോക്ടറുടെ ചികിത്സയിലോ…
അതവനിൽ പുതിയൊരു അറിവായിരുന്നു..കുറ്റബോധം കൊണ്ട് അവന്റെ തല കുനിഞ്ഞിരുന്നു

“ഡോക്ടർ..ഇതൊന്നും ഞാൻ…”
പറയാൻ വാക്കുകളില്ലാതെയവന്റെ നാവുകൾ ഡോക്ടറുടെ മുന്നിൽ കീഴടങ്ങി..

“എനിക്കറിയാം ..പറഞ്ഞിട്ടുണ്ടാാവില്ലാന്ന്..അതോണ്ടാണല്ലോ ഇന്നീ അവസ്ഥ വന്നതും..മിസ്റ്റർ അജ്മൽ..ഉമ്മ നഷ്ടപ്പെട്ടാലേ അതിന്റെ വേദനയറിയൂ..അങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്ന വ്യക്തിയാ പറയുന്നതെന്നു കൂട്ടിക്കോളൂ..”

“ഉം..ഇനി ഞാൻ ശ്രദ്ധിച്ചോളാം ഡോക്ടർ”

“..പിന്നെ നിങ്ങളുടെ ഭാഗ്യം കൊണ്ടാ ഇന്ന് ഉമ്മാനെ തിരിച്ചു കിട്ടിയത്..തലക്ക് ചെറിയ പരിക്ക് ഉണ്ട്..സ്റ്റിച്ച്ട്ടിട്ടുണ്ട് പേടിക്കാനൊന്നുല്ലാ..
ഞാൻ കുറച്ച് മരുന്നിനെഴുതി തരാം‌..അതൊക്കെ ഇന്നു തന്നെ വാങ്ങിക്കണം..പിന്നെ ഒരാഴ്ച ഇവിടെ നിൽക്കേണ്ടി വരും..വീട്ടിൽ പോയാൽ റെസ്റ്റുടുക്കാൻ സമയല്ലാലോ..ഇവിടാവുമ്പോ ഇഷ്ടംപോലെ സമയം കിട്ടിക്കോളും..”

ഡോക്ടർ എഴുതി തന്ന മരുന്നു ഷീട്ടുമായി എന്തു ചെയ്യണമെന്നറിയാതെ റൂമിന്റെ പുറത്തു കടക്കുമ്പോഴും അവന്റെ പോക്കറ്റിൽ നിന്ന് മുഷിഞ്ഞൊരു അമ്പതു രൂപ നോട്ട് അവനെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു..ആലോചനയിൽ മുഴുകികൊണ്ടു വരുന്ന അജ്മലിന്റെ അടുത്തേക്ക് ഷംസുവും ഷമീലയും ഓടി വന്നു..

“എന്താടാ.എന്താ ഡോക്ടർ പറഞ്ഞേ…?”

“ഒന്നുല്ലാ ടാ റെസ്റ്റെടുക്കാൻ…ഒ‌രാഴ്ച ചിലപ്പോ ഇവിടെ നിൽക്കേണ്ടി വരും.”

അതും പറഞ്ഞവൻ തന്റെ മാറോട് പറ്റി വീർപ്പുമുട്ടികഴിയുന്ന ആ നോട്ടെടുത്ത് പുച്ഛഭാവത്തിലൊന്നു ചിരിച്ചിട്ട് തിരികെവെച്ചു..അതോടെ സകല അഹങ്കാരവും കൈവെടിഞ്ഞ് അത് വീണ്ടും അവന്റെ മാറിൽ ഒതുങ്ങിക്കൂടി..
..മരുന്നിന് കാശെങ്ങനെയൊപ്പിക്കുമെന്നൊരു നിശ്ചയവുമില്ലാ..കഷ്ടപ്പാടിലെല്ലാം കൈത്താങ്ങായിരുന്ന ആ ആളിതാ ഇന്ന് അബോധാവസ്ഥയിൽ വിധിയുടെ വികൃതിക്കടിമപ്പെട്ട് കിടക്കുവാണ്..
ഹോസ്പിറ്റൽ വരാന്തയിലെ ജനലഴിയും പിടിച്ച് വിദൂരതയിലേക്കെങ്ങോ കണ്ണും നട്ടിരിക്കുകയായിരുന്നു അജ്മൽ .
“എന്താാടാ‌.എന്തേലും പ്രശ്നമുണ്ടോ..പറയ്..”
കൈത്തണ്ടയിൽ പിടിച്ചു കുലുക്കുന്ന ഷംസുനോടെന്തു പറയണമെന്നറിയാതെ തലചെരിച്ചൊന്നു നോക്കി..
കാർമേഘം പോലിരിണ്ട് കൂടിയ മുഖത്തോടെ തന്നെ നോക്കുന്ന ആത്മസുഹൃത്തിന്റെ മുഖത്ത് പെട്ടെന്നൊരു സൂര്യതേജസ്സ് തെളിഞ്ഞുവന്നു..കാരണം മറ്റൊന്നുമല്ല തന്നെ നോക്കി പുഞ്ചിരി തൂകികൊണ്ട് ഷംസുവിന്റെ പോക്കറ്റിലുണ്ടായിരുന്ന നൂറിന്റെ നോട്ടുകൾ..

മറുപടി പറയുന്നതിനു പകരം. അജ്മൽ ഷംസുനേ ഒന്നു വാരിപ്പുണർന്നു..പകച്ചു നിൽക്കയാണ് ഷമീല
“മോനേ അജോ..ഇയ്യ് ആ കീശേന്ന് പിടിവിട്ടാളാ..അന്ന് ഇയ്യൊന്ന് കെട്ടിപ്പിടിച്ച് ന്റെ ആയിരം രൂപയാ മുക്കിയേ..”

അപ്പോഴേക്കും ഷംസുവിന്റെ കീശ കാലിയായിരുന്നു..

“ഷംസോ..ഇതു അഞ്ഞൂറ് തികച്ചില്ലല്ലോ..” കാശെണ്ണിക്കൊണ്ട് നിൽക്ക്ണ അജ്മലിനെ നോക്കി ഷംസു നിന്ന് യാചിച്ചു…

“എടാ തെണ്ടീ..അത് കറണ്ട്ബില്ലടക്കാൻ ബാപ്പ തന്നാണ്..അതെടുക്കല്ലെ ബലാലേ..”

“ഇയ്യൊന്നു പോടാ..കറണ്ടുബില്ലടച്ചില്ലേൽ വെളിച്ചണ്ടാവൂലാന്നല്ലേ ഉള്ളൂ..ആദ്യം മരുന്നിനുള്ള കാശ് ഉണ്ടാക്കട്ടേ..”
രണ്ടുപേരുടേം അടിപിടി കണ്ടിട്ട് ഷമീലക്ക് കലി കയറി..

“ഒന്നു നിർത്ത്ണ്ടോ രണ്ടാളും…ഇക്കാക്കാ എന്താ ഇങ്ങളോട് ഡോക്ടർ പറഞ്ഞേ..ഉമ്മാക്കെന്താ…?”

“അതൊന്നുല്ലാ ഷമിയേ..ഒരാഴ്ചകൂടി ഇവിടെ കിടന്നിട്ട് റെസ്റ്റെടുക്കാൻ പറഞ്ഞു..കുറച്ചൂടെ കഴിഞ്ഞാ റൂമിലേക്ക് മാറ്റും..
ഞങ്ങൾ കഴിക്കാനെന്തേലും വാങ്ങിട്ട് വരാ..വിശക്ക്ണില്ലേ അനക്ക്..”

രാത്രി ഏറെ വൈകിയ ശേഷം ഖൈറുത്താനെ റൂമിലേക്ക് മാറ്റി..
ക്ഷീണമുള്ള ആ കണ്ണുകളിൽ കണ്ണീരിന്റെ നനവു പടർന്നിരുന്നു… അവ കണ്ണുകളിൽ നിന്നുരുണ്ട് പതിയെ അജ്മലിന്റെ കൈത്തണ്ടയിൽ വീണു പതിച്ചു..
“ഉമ്മാ..എന്താ ഉമ്മാ..എന്തിനാ ഇങ്ങൾ വിഷമിക്ക്ണേ…. “

ഉമ്മന്റെ തലയിൽ തലോടിക്കോണ്ട് അവൻ അടുത്തിരുന്നു
ഓർമ്മവെച്ചതിനു ശേഷം ആദ്യമായിട്ടാവും അജ്മൽ ഇത്രെയും സ്നേഹത്തോടെ ഉമ്മയെ വിളിക്കുന്നത്..
അദ്ഭുതവും സങ്കടവും ഇഴുകി ചേർന്ന മുഖത്താൽ ഖൈറുത്താ എന്തോ പറയാൻ തുനിയവേ നെഴ്സ് വിലക്കി..
“ഇപ്പോ ഒന്നും സംസാരിക്കണ്ടാ..നല്ല ക്ഷീണമുണ്ട്..നന്നായൊന്നു റെസ്റ്റെടുക്കൂ..”

പൊന്നുമോന്റെ തലോടലിനാൽ അന്നത്തെ രാത്രിയിലെ ക്ഷീണമോ വേദനയോ ആ ഉമ്മായെ അലട്ടിയിരുന്നില്ലാ..അങ്ങനെ
ഇരുട്ടിനെ പുറംതള്ളികൊണ്ട് പകൽ വെളിച്ചം പതിയേ കടന്നുവന്നു..

“ന്റെ സോഫീ ഒന്നു വേഗം നടക്ക്..ഇന്നും വൈകിയാല് ആ സൂപ്രണ്ട് ജലജ മേഡത്തിന്റെ കയ്യിന്ന് കണക്കിന് കിട്ടും..”

“ദാ വര്ണു ആതിരാാ…”

സോഫി ഓടിവന്നതും റോഡരികിൽ ഉണ്ടായിരുന്ന ഒരു വലിയ കല്ലിൽ തട്ടി എതിർദിശയിൽ മരുന്നും വാങ്ങി വരുന്ന അജ്മലിന്റെ ദേഹത്തേക്ക് മറിഞ്ഞു വീണു..
റോഡരികിൽ ചിന്നഭിന്നമായി കിടക്കുന്ന മരുന്നിന്റെ മണം അജ്മലിന്റെ മൂക്കിലേക്കടിച്ചു കയറി.. പൊട്ടിചിതറിയ കുപ്പിയിലേക്കും സോഫിയയിലേക്കും അവൻ മാറി മാറി നോക്കി.. കൂട്ടുകാരന്റെ സ്വഭാവം ശരിക്കറിയാവുന്ന ഷംസു ഇനി വരാനിരിക്കുന്ന സംഭവങ്ങളെ മുന്നിൽ കണ്ടവനെ തടയാനൊരുങ്ങവേ ഒരു നിമിഷം യാഥാർത്യം വീണ്ടെടുത്ത് അജ്മൽ സോഫിയുടെ അരികിലേക്ക് പാഞ്ഞടുത്തു‌..

ചോരകൊണ്ടലങ്കരിച്ച കൈമുട്ടിൽ നിന്നുമുള്ള നീറ്റൽ വകവെക്കാതെ കൂട്ടുകാരി ആതിരയുടെ കൈ പിടിച്ചു പതിയെ എഴുന്നേൽക്കുമ്പോൾ സോഫി കണ്ടത് തനിക്ക് നേരെ ചീറിയടുക്കുന്ന അജ്മലിനെയായിരിന്നു..

“എടീ..നിന്നെ ഞാൻ..”

സംഭവിച്ചതെന്താന്നറിയാതെ അന്ധാളിച്ചു നിൽക്കുകയായിരുന്നു സോഫിയും ആതിരയും..

“എവിടെ നോക്കിയാാടി നീയൊക്കെ നടക്ക്ണേ..അന്റെ മുഖത്തെന്താടീ കണ്ണില്ലേ..രാവിലെത്തന്നെ ഒരുങ്ങിക്കെട്ടിയങ്ങു പൊറപ്പെട്ടോളും..”

ദേഷ്യം അരിച്ചുകയറിയ അജ്മൽ എന്തൊക്കെയോ നിന്നു വിളമ്പി..

“സോ..സോറീ..” പ്രതീക്ഷിക്കാത്തതും ഇതുവരേ കേട്ടിട്ടുമില്ലാത്ത തെറിക്കു മുന്നിലവൾ ഒന്നു പതറി..

“എന്തോന്ന്…ചോറിയോ…എല്ലാംചെയ്ത് കഴിഞ്ഞിട്ടോരു സോറി..അതുപറഞ്ഞാ ഒക്കെ ആയല്ലോ..എന്റെ രൂപ എത്രയാ ഇയ്യ് പൊട്ടിച്ച് കളഞ്ഞേ അറിയോ..ന്നിട്ട് അവളൊരു സോറി..”

ഷംസുന്റെ കയ്യിന്ന് ഇരന്നു വാങ്ങീട്ടാ ഉമ്മാക്ക് മരുന്നു വാങ്ങാനുള്ള കാശ് ഒപ്പിച്ചത്..അതാ ഇപ്പോ ഒരു പെണ്ണ് കാരണം തകർന്നു തരിപ്പണമായത്..

“സാർ..മനപ്പൂർവ്വല്ലാലോ..അറിയാതെ കല്ലു തടഞ്ഞൊന്നു വീണതല്ലേ..”
സോഫിയുടെ ഡ്രസ്സിൽ പറ്റിപ്പിടച്ച അഴുക്കുകൾ ഒരു തൂവാല കൊണ്ട് തട്ടിമാറ്റുന്നതിനിടയിൽ ആതിര പറഞ്ഞു….

“പോടീ ..അന്നോടാരാ ചോദിച്ചേ..ഞാൻ പറഞ്ഞത് ഇവളോടാ..ഇവള് പറയട്ടേ..കാണാൻ കൊള്ളാവ്ണ ആൺപിള്ളേരെ കാണുമ്പോ ചില പെണ്ണുങ്ങൾക്കുള്ളതാ ഈ ഇളക്കൊക്കെ..”

“ങ്ഹേ.. കാണാൻ കൊള്ളാവുന്ന….ആര്..?”

തടയാനിറങ്ങി പുറപ്പെട്ട ഷംസു ഒരു നിമിഷം അതു കേട്ട് അദ്ഭുതതത്തോടെ വായും പൊളിച്ച് അജ്മലിനേം നോക്കി നിന്നു..

എന്നാലും ന്റെ അജോ..പെൺപിള്ളേരെ പറഞ്ഞുപറ്റിക്കണതിലും ഒരു ലിമിറ്റൊക്കെ ഇല്ലേ ന്റെ ചങ്ങായീ..
നേരിട്ട് പറയണോന്നുണ്ട്..അതും പറഞ്ഞ് ഇപ്പോ അങ്ങോട്ട് ചെന്നാ മതി..ഓൻ എല്ലൂരി കയ്യി തരും..അതോണ്ട് മനസ്സോണ്ട് പറഞ്ഞു തൃപ്തിയടഞ്ഞു..

“അജോ ..എടാ..ഇയ്യ് വിട്ടേക്ക് …ഓര് അറിഞ്ഞോണ്ട് ചെയ്തൊന്നും അല്ലല്ലോ..”

“അന്നോടാാരേലും ചോദിച്ചോ ഷംസുദ്ദീനെ …ഓള് പറയട്ടേ ഞാൻ ഓളോടാ ചോദിച്ചേ…”
അപ്പോഴേക്കും വൈറ്റ് കളറിൽ റെഡ് പൂക്കൾ കൊണ്ട് തുന്നിയ ചുരിദാറിൽ ചോരയുടെ പൂക്കളം തീർത്തുകൊണ്ട് കാൽ മുട്ടിൽ നിന്നും രക്തതുള്ളികൾ അടർന്നു വീഴുന്നുണ്ടായിരുന്നു…വേദന കടിച്ചമർത്തി അവൾ പൊട്ടി വീണ കുപ്പിയിലേക്ക് നോക്കി..കുനിഞ്ഞു നിന്നു അതിൽ നിന്നും മരുന്നിന്റെ നെയിം വായിച്ചെടുത്തു‌.ബാഗു തുറന്നു തതുല്യമായ കാശെടുത്തു അവന്റെ കൈകളിലേക്ക് വെച്ചു‌കൊടുത്തു..
എന്തോ പറയാനാഞ്ഞ അവന്റെ മുഖത്തേക്ക് നോക്കി..
“മതി ..നിർത്ത്…ഇയാൾക്ക് കാശ് കിട്ടിയാ പോരേ..ഇന്നാാ നഷ്ടമായ മരുന്നിന്റെ കാശ് തികച്ചും ഉണ്ട്..ഇനിം കുറഞ്ഞു പോയീണേൽ..പറഞ്ഞാ മതി..”

അതും പറഞ്ഞ്
ആതിരയുടേ തോളിൽ പിടിച്ച് അവൾ മെല്ലെ നടന്നു..ഒരു നിമിഷം അതു നോക്കി നിന്ന് അജു കാശുമായി വീണ്ടും മരുന്നു ഷാപ്പിലേക്ക് നടന്നു..

“ന്നാലും ന്റെ അജോ..അങ്ങനൊന്നും.. പറയേണ്ടിയിരുന്നില്ലാ..ആ കുട്ടീടെ കാലിനെന്തോ പറ്റിക്ക്ണ്..”

“ഓ..പറഞ്ഞില്ലേൽ പൊട്ടാ..ഈ കാശ് ഇയ്യ് തരെയ്നോ ..”
മരുന്നു വാങ്ങിച്ച് തിരിച്ചു വരുമ്പോ ഷംസുന് വല്ലാത്തൊരു സംശയം..

“അല്ല അജോ..ഒക്കെ മനസ്സിലായിക്ക്ണ് ..പക്ഷേ എങ്കില് എനിക്കൊരു കാര്യം അങ്ങട്ട് മനസ്സിലായിക്കില്ലാ..”

“എന്ത്…?”

“അല്ലാ..അതിപ്പോ..ഈ കാണാൻ കൊള്ളാവ്ണ ചെറുപ്പക്കാർ എന്നുദ്ദേശിച്ചത്….?”

“ഓ.അതോ..അതന്നെപോലെ ഉള്ള അന്തംകമ്മികൾക്ക് പറഞ്ഞാൽ മനസ്സിലാവൂലടാ ഷംസോ..”

“ഉവ്വുവ്വേ..നമ്മക്ക് നല്ലോണം മനസ്സിലായെന്റെ അജുവേ..”

“നിന്ന് കിളിക്കാതെ വേഗം അങ്ങട് നടന്നൂട്..ഡോക്ടർ റൗണ്ട്സ്ന് വര്ണ ടൈമായി..”

ജനലഴിയിലൂടെ തുളച്ചു കയറുന്ന ഇളം വെയിലിന്റെ സ്പർശനമേറ്റു ഖൈറുത്താ മെല്ലെ കണ്ണു തുറന്നു..

“മോളേ …ഷമ്യേ..അജു എവടെ…?”

“ഇക്കാക്ക ഉമ്മാക്ക് മരുന്നു വാങ്ങിക്കാനായിട്ട് പോയതാ ഇപ്പോ വരും..കുറച്ചേരായി പോയിട്ട്..അവടേടെങ്കിലും കച്ചറകൂടീട്ട് നിക്ക്ണ്ടാവും..ദേഷ്യം മുന്നിലാണല്ലോ..ആരോടാ എന്താ പറയേണ്ടേ അറീലാ..”

മോളുടെ വർണ്ണന കേട്ട് ഖൈറുത്താ ചിരിച്ചു..
“ഒക്കെ ശരിയായിക്കോളും മോളേ..ന്റെ കുട്ടി നന്നാവും ഇയ്യ് നോക്കിക്കോ..”

ആലോചനയിൽ മുഴുകി കൊണ്ടോരോ സ്റ്റെപ്പും കയറുന്ന അജ്മലിനെ നോക്കി ഷംസു ചോദിച്ചു…

“അജോ ..ഇയ്യ് സ്വപ്നോം കണ്ട് നടന്നോണ്ട് ആ കുപ്പിം കൂടിയങ്ങ് പൊട്ടിച്ചാളാ..ഇനി അനക്ക് വിക്കാൻ ഈ ഞാനേ ഉള്ളു..അത് മറക്കണ്ടാ…”

“അതല്ലടാ ഷംസോ..ഞാനോർക്കെയ്നു…ഞാനാ കുട്ടിനോട് പെരുമാറിയെ കുറച്ച് കൂടിപ്പോയോന്ന്…”

“ആ..കൂടിപ്പോയീണ്..നല്ലോണം കൂടിപ്പോയീണ്..അനക്ക് ഇത്തിരി മനുഷ്യത്വം ഉണ്ടോ അജ്മലേ..ആ കുട്ടി എന്താ അന്നെപറ്റി വിചാരിച്ചിണ്ടാവാാ..ഛെ ..മോശം..വെരി മോശം..”

“എടാാ..ഇയ്യും അങ്ങനെ പറയല്ലേ..അനക്ക് അറിയാവുന്നതല്ലേ ന്റെ സ്വഭാവം …അപ്പോഴത്തെ ദേഷ്യത്തിന്..”

സംസാരിച്ച് കൊണ്ട് റൂമിന്റെ പടിവാതിലിലെത്തിയത് അവരറിഞ്ഞില്ലാ..ചാരിയിട്ട വാതിൽ പാളികൾ തുറന്ന ആ രംഗം കണ്ട് അജ്മലൊന്നു ഞെട്ടി..

റൗണ്ട്സിന് വന്ന ഡോക്ടറുടെ ഒപ്പം ടൗണിൽ വെച്ച് കണ്ട ആ രണ്ടു ലേഡീസുമുണ്ടായിരുന്നു..
അന്തം വിട്ട് വാ പൊളിച്ച് നിക്കുന്ന അജ്മലിന്റെ മുഖത്തേക്ക് നോക്കി ഷംസു ചോദിച്ചു..
“ന്താടാ ഇജ്ജ് കുന്തം പോലെ നിക്ക്ണേ..”

“ടാ..ഇതവളാ..”

“തവളയോ..”

തലകൊണ്ട് ആഗ്യം കാണിച്ച ഭാഗത്തേക്ക് ഷംസു ഒന്നു പാളി നോക്കി..

“ടാാ..അജോ…ഇതോളല്ലേ…പെട്ടു..ഓൾ ഇവടത്തെ ഡോക്ടറാ …അല്ലാലേ..നേഴ്സാ..”

ഇഞ്ഞിപ്പോ എന്താചെയ്യാ..നിക്കണോ പോണോ..”
ഒരു കാല് മുന്നോട്ടും ഒന്നു പിറകോട്ടും ആഞ്ഞുവെച്ച് ഷംസു അവനെ ചെരിഞ്ഞൊന്നു നോക്കി..

“ഹലോ ..മിസ്റ്റർ അജ്മൽ..അകത്തേക്ക് വരൂ ..ഞാൻ നിങ്ങളെ വെയിറ്റ് ചെയ്യായിരുന്നു..”
ഡോക്ടറുടെ വിളികേട്ട്
നിവൃത്തിയില്ലാതെ രണ്ടുപേരും അകത്തോട്ട് കയറി വന്നു..
കയറി വരുമ്പോൾ അജ്മൽ ഇടം കണ്ണിട്ട് ആ രണ്ടു മങ്കമാരുടേയും മുഖഭാവം ശ്രദ്ധിക്കുന്നുണ്ടായിരുന്നു…ദേഷ്യം കൊണ്ടാവണം മുഖം ചുവന്നിട്ടുണ്ട്..പുഞ്ചിരിക്കാൻ മറന്ന ആ മാലാഖമാർ അവനെ കണ്ടപ്പോൾ അലക്ഷ്യമായി മിഴികളെ എങ്ങോട്ടോ ആട്ടി വിട്ടു..

“ആ..പിന്നെ സോഫിയ..ആതിര..ഇതെനിക്ക് വളരെ വേണ്ടപ്പെട്ട പേഷ്യന്റ് ആണ്..അതോണ്ട് പോവുന്ന വരേ രണ്ടുപേരുടെയും ശ്രദ്ധ എപ്പോഴും ഇവർക്ക് കിട്ടിയിരിക്കണം..”

“ശരി ഡോക്ടർ..”
രണ്ടുപേരും ഒരേ സ്വരത്തിൽ തന്നെ പറഞ്ഞു

അത്യാവശ്യം വേണ്ട മരുന്നിന്റെ ലിസ്റ്റെഴുതി അടുത്ത് രോഗിയെ ലക്ഷ്യമാക്കി അവർ നടക്കുന്നതിനിടയിൽ ഇരുവരേയും നോക്കി ഒരു ചമ്മിയ ചിരിയുമായവൻ പറഞ്ഞു..

“സോറി..”

തുറിച്ചൊരു നോട്ടം നൽകി അവർ കടന്നുപോയി..വേച്ചു വേച്ചുള്ള അവളുടെ നടത്തത്തിൽ തന്നെ മനസ്സിലാക്കാമായിരുന്നു വേദനയെ അടിച്ചമർത്തിയുള്ള പോക്കാണതെന്ന്..

ഊറിചിരിച്ചു കൊണ്ട് നിൽക്കുന്ന ഷംസുവിനെ കണ്ടപ്പോ ഒരൊറ്റ തൊഴി വെച്ചുകൊടുക്കാനാ അപ്പോ തോന്നിയത്..

അകന്നു പോവുന്ന വെള്ള വസ്ത്രധാരിയായ ആ സുന്ദരി മാലാഖയെ ബഹുമാനത്തോടെ നോക്കി നിൽക്കവേ
തട്ടത്തിൻ കോന്തലക്കൽ കെട്ടിയ രണ്ടായിരം രൂപ അവന്റെ നേർക്ക് നീട്ടികൊണ്ട് ഖൈറുത്താ പറഞ്ഞു..

“മോനേ അജൂ…”

“എന്താ ഉമ്മാ..”

“ഇന്നാ ..അന്റേൽ പൈസൊന്നും കാണൂലാ..ഇത് ഇന്നലെ എനിക്ക് ആയിശുത്താ തന്ന പൈസയാാ..ഓലെ പെരേലേപണിക്ക്..ഇയ്യ് ഇതോണ്ട് വേണ്ടിയ മരുന്നെന്താച്ചാ വാങ്ങിക്കോ..പിന്നെ കുറച്ച് പൈസ ഉമ്മച്ചി കിടക്ക്ണ റൂമിലേ മേശേലും ഉണ്ട്..ഇയ്യ് അതും പോയി ഇങ്ങട് എടുത്തുണ്ടോര്..”

മടിച്ചു മടിച്ചാണേലും അവനാ കാശ് വാാങ്ങി..അല്ലാതെ മറ്റൊരു നിവൃത്തിയില്ലാായിരുന്നു..

ഇനിയും ഒരാവശ്യങ്ങൾക്കും ഉമ്മാക്ക് മുന്നിൽ കൈനീട്ടില്ലെന്ന ദൃഢപ്രതിജ്ഞയെടുത്ത അവനവിടെ വെച്ചൊരു തീരുമാനത്തിനടിത്തറയിട്ടു..
ലക്ഷ്യത്തിലെത്താനുള്ള എളുപ്പവഴി ചിന്തിച്ചുകൊണ്ടിരുവരും വാനോളമുയരത്തിലൊരു സ്വപ്നകൊട്ടാരം പണിയവേ പെട്ടെന്നായിരുന്നു അജ്മലിന്റെ ഫോൺ ശബ്ദിച്ചത്..
പ്രതീക്ഷകൾക്കൊരിടവേള നൽകികൊണ്ട് ഫോൺ അറ്റെൻഡ് ചെയ്ത അവൻ ആ വാർത്ത കേട്ട് ഞെട്ടി..

“എന്ത്..? എപ്പോ..?”

.ചെവിയോടോരം വെച്ചുകൊണ്ടുതന്നെ പുല്ലുമേഞ്ഞ ആശുപത്രി മൈതാനിയിൽ ആകാംക്ഷയോടെ തന്നെയുറ്റു നോക്കികൊണ്ടിരിക്കുന്ന ആത്മസുഹൃത്ത് ഷംസുവിന്റെ മുന്നിലവൻ തളർന്നിരുന്നു …

തരിച്ചു നിൽക്കുന്ന അജുവിനെ കുലുക്കി വിളിച്ചു കൊണ്ട് ഷംസു കാര്യം തിരക്കി..

“എന്താ അജോ..എന്താ..എന്താ ഉണ്ടാായേ..ആരാ വിളിച്ചേ..?”
ഞെട്ടലിൽ നിന്ന് മുകതനാവാതെ തന്നെ അവൻ ഷംസുവിനെ നോക്കി..

“എന്താടാ..ഒന്നു പറയ്..”

“അത്…ഹമീദ്ക്കായാ വിളിച്ചേ..വീട്ടിൽ ബാങ്കിന്ന് ആളു വന്നിനെന്ന്..വീടു ജപ്തി ചെയ്യാൻ…”

അതു കേട്ടപ്പോ ഷംസുവിലും ഒരു ഞെട്ടലുണ്ടായി..

“അല്ലെടാ..ഉപ്പാന്റെ കാലത്തുണ്ടായിരുന്ന ആ കടോ…അത് ഇതുവരേ വീടില്ലേ അജോ..”

“കുറച്ചു കാലായിട്ട് തവണ മുടങ്ങി കിടക്കാണെന്ന് ഉമ്മ പറഞ്ഞീനു..നാലു നാലര ലക്ഷത്തോളം വരും..ഇനിപ്പോ എന്താ ചെയ്യാാ ഒരു ഐഡിയയും ഇല്ലടാ..ആ വീട്ടിന്ന് ഉമ്മാനേം പെങ്ങളേം ആയിട്ടിറങ്ങേണ്ടി വര്വോ ടാ ഞാൻ”

ഇതു പറയുമ്പോയവൻ
നിറഞ്ഞ കണ്ണുകളെ കൈകൾ കൊണ്ട് തുടച്ചുമാറ്റുന്നുണ്ടായിരുന്നു

“ഇയ്യ് വെഷമിക്കാതിരിക്കി അജോ..നമ്മക്ക് എന്തേലും വഴിയൊക്കെ ഉണ്ടാക്കാ..”

“എന്തു വഴി ണ്ടാക്കാനാ ടാ..”

“അജോ..ഇയ്യിപ്പോ തന്നെ പോയി ആ ബാങ്ക് മാനേജറെ ഒന്നു കാണ്..ന്തേലും കുറച്ചൂടെ സാവകാശം തന്നാലോ…”

അങ്ങനെ ഇരുവരും ബാങ്ക് മാനേജറുടെ കാലു പിടിച്ച് രണ്ടു മാസത്തേക്ക് നീട്ടി കിട്ടി..പ്രാരാബ്ധങ്ങളുടെ ഭാണ്ഠക്കെട്ടുമായി ബാങ്കിന്റെ പടിയിറങ്ങുമ്പോൾ മുന്നോട്ട് പോവാനുള്ള വഴികളെല്ലാാം അവ്യക്തമായിരുന്നു..

“ഷംസോ..എന്താപ്പോ ചെയ്യാന്നാലോചിച്ചിട്ട് ഒരു എത്തും പിടിം കിട്ട്ണില്ലടാ..”

“എന്തു ചെയ്യാനാ ..എന്തേലും ജോലി നോക്കെന്നെ..”

അങ്ങനെ ഷംസുവും അജ്മലും കൂടി അറിയാവുന്നിടത്തെല്ലാം അന്വേഷിച്ച് ഒരു ജോലിക്ക് വേണ്ടി അലഞ്ഞു..പലരും പല കാരണങ്ങളും പറഞ്ഞവനെ ഒഴിവാക്കി..ഇപ്പോ വേക്കെൻസിയില്ലാ..ഉണ്ടാവുമ്പോ അറീയ്ക്കാം എന്ന് മറ്റു ചിലരും..

തളർന്നവശനായി ഓട്ടോയുടെ ഒരു മൂലയിൽ ഏതോ ചിന്തയുടെ ലോകത്തേക്കിറങ്ങി തിരിച്ചിരിക്കുന്ന കൂട്ടുകാരന്റെ പ്രതിബിംബം ആ കണ്ണാടിച്ചില്ലുകൾക്കുള്ളിലൂടെ ഷംസു കണ്ടു..

“അജോ..ഇയ്യ് ഇങ്ങനെ തളരാൻ മാത്രന്നും നമ്മളന്വേഷിച്ചിട്ടില്ലാട്ടോ..ഇനിം ഒരുപാട് വഴികൾ തുറന്നു കിടപ്പുണ്ട്..”

“എന്തു വഴിയാടാ ഷംസോ..ഇനി മുട്ടാാത്ത വാതിലില്ലല്ലോ.. എനിക്കൊന്നും ആരും ജോലി തരൂലാ..”

“അതൊക്കെ അനക്ക് തോന്നാ..ഇയ്യ് ഈ ഷംസുന്റെ വാതിൽ മുട്ടീട്ടില്ലാലോ..”

“എന്ത്..?”

സംശയത്തോടെ അജു ഷംസുനെ ഒന്നു നോക്കി…

“അതേടാ..ഒരു വഴിം കണ്ടില്ലേൽ ന്റെ ഓട്ടോ ഇയ്യ് ഓട്ടിക്കോ ടാ..നല്ല ഓട്ടോ കിട്ട്ണ സ്ഥലത്താ ഇവന്റെ വാസം…”

“അപ്പോ ..അനക്കോ..”

“ന്റെ അജോ..പ്രാരാബ്ധങ്ങളൊക്കെ ഇപ്പോ അന്റെ പിന്നാലെ അല്ലേ കൂടിയേക്ക്ണേ..ഓല് ന്റെ പിന്നാലെ വരുമ്പോ ഇയ്യ് ഇങ്ങട് തിരിച്ചു തന്നാ മതി പോരേ..”
പിന്നിൽ നിന്ന് ആ തോളിലൂടെ ഷംസുനെ അപ്പോ കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു അജു..നിറകണ്ണുകളുമായി..

“അജോ..സമയം എത്രായീന്നറിയോ..മൂന്നര..വാ എവിടേലും കേറിട്ട് വല്ലതും കേറ്റീട്ട് പോവാം ഇനി..”

ഹോട്ടലിൽ കയറി ചോറിനുള്ള ഓർഡർ കൊടുത്തിരിക്കുമ്പോഴായിരുന്നു പിന്നിൽ നിന്നൊരാൾ തോളിൽ വന്നു തട്ടിയത്..
“നാസർക്കാ..!!”
അവരുടെ വീടിന്റെ പണ്ടത്തെ ഒരു അയൽ വാസി.ഇപ്പോ വീടു വിറ്റു മറ്റൊരു സ്ഥലത്തേക്ക് മാറിയിട്ടുണ്ട്.
“എന്താ അജോ ..ഇവടെ ..എന്താ വിശേഷം..?”
വിവരങ്ങളെല്ലാം അദ്ദേഹത്തിനു മുന്നിൽ അവതരിപ്പിക്കുമ്പോഴും പ്രതീക്ഷയുടെ ഒരു നാമ്പു പോലും അവനിൽ മൊട്ടിട്ടുണ്ടായിരുന്നില്ലാ..

“അജോ ….ന്റെ വണ്ടീലേക്കൊരാളെ ആവശ്യണ്ട്..അനക്ക് ഡ്രൈവിംഗ് ഒക്കെ അറിയ്ണതല്ലോ.. ബാഗ്ലൂരും കോയമ്പത്തൂരൊക്കെ പോയി ഹോൾസെയിലായി മെറ്റീരിയൽസ് എടുത്തിട്ട് ഇവടെ നാട്ടിൽ വിൽക്കലാ ന്റെ പണി..അനക്ക് താല്പര്യണ്ടേൽ ഇയ്യ് ഡ്രൈവറായിട്ട് വാ നല്ല കാശും തരാ..”

ഇരുവരുടേയും മുഖത്ത് സന്തോഷത്തിന്റെ പൂത്തിരി കത്തി..ഫുഡ് കഴിക്കാൻ കയറിയത് ഒരു നിമിത്തമായി തന്നെ അവർ കരുതി..അങ്ങനെ ഒരാഴ്ച കഴിഞ്ഞ് വരാമെന്ന വ്യവസ്ഥയും പറഞ്ഞ് അവർ വീണ്ടും ഹോസ്പിറ്റലിലേക്ക് തിരിക്കുമ്പോൾ മനസ്സിലൽപ്പം ആശ്വാസമുണ്ടായിരുന്നു..

സാമാന്യം തിരക്കുള്ള ഹോസ്പിറ്റലായതു കൊണ്ടു തന്നെ കലപില ശബ്ദങ്ങൾക്കൊട്ടും കുറവുണ്ടായിരുന്നില്ല..
ചാരിയിരുന്നു കഞ്ഞികുടിക്കുകയായിരുന്ന ഖൈറുത്താ..മുഖത്തെ ക്ഷീണമെല്ലാം അൽപ്പം കുറഞ്ഞെങ്കിലും തലയിലെ കെട്ടഴിച്ചിരുന്നില്ല..വിശേഷങ്ങൾ തിരക്കിയുംസങ്കടങ്ങൾ പങ്കു വെച്ചും അജ്മലിന്റെ തോളിൽ ചാരികൊണ്ടവർ ഇരുന്നു..മരുന്നിന്റെ മടുപ്പുളവാക്കുന്ന ഗന്ധം മൂക്കിലേക്കടിച്ചു കയറുമ്പോ ഓടി രക്ഷപ്പെടാൻ തോന്നിയിരുന്നു അവന്..

അപ്പോഴായിരുന്നു അജു രാവിലെ നടന്ന സംഭവമോർത്തത്..

“ടാ..ഓളെന്നെ പ്രാകീട്ടുണ്ടാവും.ആ സോഫി…ഇന്നത്തെ ദിവസം മൊത്തം ഓരോ നൂലാമാലകളാ..
ഇയ്യ് വാ..നമ്മക്ക് ആ കാശ് അങ്ങട് കൊടുത്തേക്കാം..”

“ഇനി നാളെ പോയാ പോരേ അജോ..ഇപ്പോ സമയം എട്ടാായി..”

“പോരാ ഇന്ന് തന്നെ പോണം..അതിങ്ങനെ മനസ്സിലിട്ട് നീറ്റാൻ വയ്യ..”

“ആ …എങ്കി..ഇയ്യ് നടന്നൂട് അജോ..കുറേ നേരായി ഒരു തെണ്ടി വിളിച്ച് എടങ്ങേറാക്ക്ണ്.. ഓനെന്താ വേണ്ടെന്ന് ചോദിക്കട്ടേ..ഫോണിന്റെ ഡിസ്പ്ലേഅടിച്ചു പോയോണ്ട് ആരാന്നും മനസ്സിലാവ്ണില്ല…”

“ഹലോ..ആരാ താൻ ..കുറേ നേരായല്ലോ മനുഷ്യനെ കെടന്നെടങ്ങേറാാക്കാൻ തൊടങ്ങീട്ട്…അനക്കൊന്നു വേറെ പണിയില്ലേടോ..”
മറു തലക്കൽ അയാളുടെ മറുപടി മൊബൈലിന്റെ സിഗ്നൽ മിന്നി.. മറയുമ്പോലെ തന്നെ മുറിഞ്ഞുകൊണ്ടായിരുന്നു

“അന്റെ ബാപ്പ!!!”

“പ്ഫ..പുല്ലേ….. ബാപ്പാനെ പറഞ്ഞിണ്ടേൽ പല്ലു ഇയ്യ് നെലത്തിന്ന് പെറുക്കിയെട്ക്കെണ്ടി വരും പറഞ്ഞേക്കാം..”
അതും പറഞ്ഞ് അവന്റെ ഭാഗം ക്ലിയറാക്കി അവൻ മറുപടിക്കായി കാത്തു
“.ആ..ഇയ്യ് വീട്ടിൽക്ക് വാ..അനക്കുള്ളതവിടുന്ന് തരാ..അന്റെ വാപ്പ തന്നാ ഇത്..”
വായും പൊളിച്ചിരുന്നു പോയവൻ ..
“നിക്കി നിക്കി ബാപ്പേ.. വെക്കല്ലിൻ..ശ്ശോ ..വെച്ചോ ഫോൺ..ഒരു സോറി പറഞ്ഞ് നോക്കെയ്നി..ഞ്ഞിപ്പോ വീട്ടിൽക്ക് കേറ്ണ കാര്യത്തിലൊരു തീരുമാനായി..”

“എന്താടാ..കൊറേ നേരായല്ലോ
.ആരെയ്നു..”
കാത്തിരുന്ന് മുഷിഞ്ഞ അജു കൂട്ടുകാരന്റെ വിളറിയ മുഖം കാണുന്നുണ്ടായിരുന്നു..
“ഒന്നുല്ലാ അജോ അത് നമ്മളെ കസ്റ്റമർ കെയർ..ഇയ്യ് നടക്ക്..”‘

കാശുമായി
അജ്മൽ നെഴ്സിംഗ് റൂമിനടുത്തേക്ക് നടന്നു ..ആതിര പേഷ്യന്റ്സിനുള്ള മരുന്ന എടുത്തുവെക്കുന്ന തിരക്കിലായിരുന്നു..അരികിലെത്തെ കൗണ്ടറിൽ എന്തോ കുത്തിക്കുറിച്ചു കൊണ്ട് സോഫിയും..
അജ്മൽ അവർക്കരികിലേക്ക് നടന്നടുത്തു

“എസ്ക്യൂസ് മീ..”

ആതിര തലയുയർത്തികൊണ്ട് ചോദിച്ചു..
“ഊം..എന്തു വേണം..?”

“സിസ്റ്റർ…ഞാൻ നിങ്ങളുടെ കാശ് തരാൻ വന്നതാ..”

“അതിന് ഇയൾ എന്നോട് കാശൊന്നും വാങ്ങിച്ചില്ലാലോ..”

“ഈ മാഡത്തോടല്ലാ.. ആ മാഡത്തോട്…”
തലകൊണ്ട് ആംഗ്യത്തിൽ കാണിച്ചു അജ്മൽ സോഫിയെ നോക്കിയെങ്കിലും അവൾക്കൊരു കുലുക്കവുമുണ്ടായില്ലാാ..

“എങ്കിൽ ഇയാളവിടെപ്പോയി പറ…”

“അങ്ങനെ ആരുടെ മുന്നിലും തല കുനിക്കാത്ത അജ്മലും ഒരു പെണ്ണിന്റെ മുന്നിൽ മുട്ടു മടക്കിയിരിക്കുന്നു..ഷെയിം..ഷെയിം…”
ഷംസുവിന്റെ പരിഹാസത്തിനൊരു മറുപടിയെന്നോണം പല്ലിറുമ്മികൊണ്ട് എന്തോ പിറുപിറുത്തോണ്ടവൻ സോഫിക്ക് മുന്നിലേക്ക് നീങ്ങി..

“ഹലോ..സോഫിമാഡം അറിയാതെ ഒരു തെറ്റ് പറ്റിയതാ സോറിട്ടോ..”
ഹലോ..ഹലോ.. വിൻഡോക്ക് അടുത്തു ചെന്ന് മുട്ടി വിളിച്ചിട്ടും അവൾ അവനെ കണ്ടതായി പോലും ഭാവിച്ചില്ലാ…ഓരോ ജോലികളിൽ വ്യാപൃതയായിക്കൊണ്ടിരുന്നു.. അജ്മലിനു മനസ്സിലായി അവൾ മനപ്പൂർവ്വം തന്നെ അവഗണിക്കയാണെന്ന്…
ഷംസു ആണേൽ ചിരിയൊതുക്കാൻ വല്ലാണ്ടെ കഷ്ടപ്പെട്ണ്ട് …അങ്ങനെ അവന്റ മുന്നിൽ തോറ്റു പിന്തിരിയാൻ അവനും തയ്യാറല്ലാ..
കടന്നൽ കുത്തിയ മുഖവുമായി ചില്ലുകൂട്ടിലിരിക്കുന്ന ആ മാലാഖകൊച്ചിന്റ്റെ മുന്നിൽ അജ്മലിന്റെ അടവുകളോരോന്നും പരാജയപ്പെട്ടുകൊണ്ടേയിരുന്നു..

രാപ്പകലുകൾ ഉദയാസ്തമയങ്ങൾക്കങ്ങനെ വഴിമാറിക്കൊടുക്കാൻ തുടങ്ങിട്ടിപ്പോ രണ്ടു ദിവസമായി..അതുപോലെ തന്നെ
അജ്മലിന്റെ ക്രോപ്പായങ്ങളും..
എന്തൊക്കെ കാട്ടിട്ടും പെണ്ണിന്റെ മുഖത്തൊരു ഭാവവ്യത്യാസവുമില്ലാ..
അവസാനം സഹികെട്ട് അവൻ പറഞ്ഞു…..

“സോഫീ..ഐ ലവ് യൂ..”
അതുകേട്ടതും സോഫി തുറിച്ചൊന്നവനെ നോക്കുകയാാണുണ്ടായത്..

“ഹാഊ…അപ്പോ പൊട്ടത്തിയല്ലാ..പ്രതികരണശേഷി ഒക്കെ ഉണ്ട്..
അപ്പോഴായിരുന്നു പിന്നിൽ നിന്നും കുത്തുന്ന പോലെയുള്ള ഷംസുന്റെ മറുപടി..
“അല്ലാ..അജോ..വല്ലതും നടക്കോ..”

“മിണ്ടാണ്ടിരുന്നോ ഷംസോ എനിക്കങ്ങോട്ട് ചൊറിഞ്ഞുവര്ണ്ട്..ഓള് ന്റെ പെണ്ണുപിള്ളയാണെൽ ഇപ്പോ കാാണായിരുന്നു..”

“അല്ലാ..അജോ..ഇയ്യ് ഓളോട് അയിന്റെ എടേല് എന്തോ പറയ്ണത് കേട്ടല്ലോ..സത്യാണോ..അനക്ക് എന്തേലും തോന്നി തുടങ്ങിക്ക്ണോ…”.

“ഹേയ്..ചുമ്മാ..”

ഷംസുവിനോടൊന്നു കണ്ണിറുക്കി കൊണ്ടവൻ അവളെയും നോക്കി പ്രേമത്തിന്റെ സിഗ്നൽ കണ്ണുകൾ കൊണ്ടും മറ്റും അവൾക്ക് നേരെ പ്രയോഗിച്ചു കൊണ്ടേയിരുന്നു.
“ഒരാഴ്ച എന്തേലുമൊക്കെ ടൈം പാസ് വേണ്ടേ….”

“ഓ..ഇയ്യ് അന്റെ സ്ഥിരം പരിപാടി ഇവടേം തൊടങ്ങിക്കോ..ഹോസ്പിറ്റലിലാ നമ്മൾ ..അല്ലാണ്ടെ അന്റെ ആ പഴയ കോളേജിലല്ലാ..ആദ്യക്കെ വല്യ ജോറിൽ തൊടങ്ങും..പിന്നെ അനക്ക് മടുക്കുമ്പോ കൈകഴുകും..”
ഷംസുവിന്റെ വാക്കുകളൊന്നും അവന്റെ മനതാരിലേക്ക് കയറിയില്ലാ..അവനപ്പോഴും ചില്ലുക്കൂട്ടിലെ സ്വർണപ്രതിമപോൽ തിളങ്ങുന്ന ആ സുന്ദരികൊച്ചിനെ നോക്കികൊണ്ടേയിരുന്നു… ഒരു തരം വാശിയോടെ..

“ങ്ഹേ… ബെസ്റ്റ്..അപ്പോ അതിനു വേണ്ടിയാലേ രണ്ടീസായിട്ടുള്ള അന്റെ ഈ ക്രോപ്പായങ്ങളൊക്കെ.. ലേ.. ഇതുവരേ ഓക്കൊരു കുലുക്കവും ല്ലാാ..നാലീസവൂടി കഴിഞ്ഞാ നമ്മൾ ഇവടന്നു സ്ഥലം വിടും..ഇഞ്ഞി എപ്പോ വളക്കാനാ ന്റെ അജോ..”

“ഡാ..ഷംസോ..എനിക്കീ വെള്ളവസ്ത്രണിഞ്ഞ മാലാഖമാരോട് പണ്ടേ ഒരു ബഹുമാനാ..എന്താ അറീലാ..ഈ പെങ്കൊച്ചിനെ കണ്ടപ്പോ ഞാൻ സ്വപ്നം കാണുന്ന ആ മാലാഖ ഭൂമിയിലേക്ക് ഇറങ്ങി വന്നപോലെ..അത്രക്കും… എന്തോ.”.

“മതി അജോ ..നിർത്തിക്കാളാ..അനക്ക് പ്രേമം തലക്ക് പിടിച്ച് പിരാന്തായതാ..ഈ സൂക്കേട് അന്റെ ഉമ്മാനോട് പറഞ്ഞാലേ മാറുള്ളു..”

അത് പറയാനായവൻ ഓടുമ്പോ പി‌ന്നാലെ അജ്മലും ഓടി.. അങ്ങനെ രണ്ടും കൂടി ആശുപത്രി വരാന്തയിലിരുന്നു അടിപിടിയായി..അതും കണ്ടോണ്ടായിരുന്നു ഷമീനാ അങ്ങോട്ട് വന്നത്..

“ഒന്നു നിർത്ത്ണ്ടോ …രണ്ടും കൂടി ചെറ്യകുട്ട്യോളെപ്പോലെ..ഇത് നമ്മളെ പെര യല്ല..”
രണ്ടുപേരേയും ഒന്നു മാറി മാറി നോക്കി എന്തോ മനസ്സിൽ വെച്ചപോലെ ഷമി തുടർന്നു..

“പിന്നേയ്…രണ്ടിനോടും കൂടി ഇപ്പോ തന്നെ അർജന്റായിട്ട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിണ് ഉമ്മച്ചി..
അതും പറഞ്ഞ് ഷമി റൂമിലോട്ട് നടന്നകന്നു..
അവൾക്കു പിന്നിലായി കൊണ്ട് അജ്മലും ഷംസുവും..

റൂമിന്റെ മുന്നിലെത്തിയ അവർ ഉമ്മാന്റെ അരികിൽ നിൽക്കുന്നയാളെ കണ്ടൊന്നു ഞെട്ടി..പിന്നെ പരസ്പരം മുഖത്തോട് മുഖം നോക്കി…

റൂമിൽ ഉമ്മാന്റെ അരികിലായി സോഫിയ…
കാര്യം ഏകദേശം രണ്ടാൾക്കും പിടികിട്ടി..സോഫി എല്ലാം ഉമ്മാനോട് വന്നു പറഞ്ഞിണ്ടാവുമെന്നവർക്കുറപ്പായിരുന്നു..

“ടാ..അജോ..അനക്കിപ്പോ മനസ്സിലായിലേ എന്തിനാ അന്റെ ഉമ്മയിപ്പോ വിളിപ്പിച്ചേന്ന്..ടാ….ഉപദേശിച്ച് കൊല്ലാൻ..സോഫി ഒക്കെ ഉമ്മാനോട് പറഞ്ഞിണ്ടാവും..ഇയ്യെന്നെ പോയാ മതി.അല്ലേലും ഇതില് നിക്കൊരു പങ്കും ല്ലാലോ..”

“അയ്യെടാ..ഇയ്യ് അങ്ങനെ പോയാലെങ്ങനാ..ഇതിന്ന് അവസാനം വരേ ഇയ്യും കൂടെ ഉണ്ടാവും..”

ഷംസുന്റെയും കൈ പിടിച്ചു റൂമിലേക്ക് കടക്കാനിരിക്കുമ്പോൾ സോഫിയോടുള്ള ഉമ്മാന്റെ ചോദ്യം അവരെയവിടെത്തന്നെ പിടിച്ചു നിർത്തി..

“മോളെ വീട് എവിടെയാ..?”

വെളുത്തു തുടുത്തൊരാ മുഖത്ത് പുഞ്ചിരി വിരിയുന്നതൊരു ആശ്ചര്യത്തോടവൻ നോക്കി കാണുകയായിരുന്നു..

“അതു കുറച്ചു ദൂരയാ ഉമ്മാ..വടകര..”

സോഫിയുട മധുരമൂറുന്ന ആ വാക്കുകൾ കേട്ട് ശ്വാസം പോലും വിടാൻ മറന്നുകൊണ്ടൊരു പ്രതിമ കണക്കെ നിൽക്കുകയായിരുന്നു അവൻ..

“അപ്പോ വടകരേക്ക് എങ്ങനാ മോള് പോവാ..രണ്ടാഴ്ച കഴിഞ്ഞാവും ലേ..”

ഖൈറുത്താന്റെ കൈനിവർത്തി പ്രഷർ നോക്കുന്നതിനിടയിലവൾ ഒരു നിമിഷം അവരുടെ മുഖത്തേക്ക് തന്നെ കണ്ണിമവെട്ടാതെ നോക്കികൊണ്ടിരുന്നു.. ..കണ്ടുമറന്ന ഈ മുഖത്തിന് തന്റെ ഓർമ്മയിലേ ഉമ്മാന്റെ ഛായയുണ്ടോ …അതോ തന്റെ തോന്നലാണോ..
തന്റെ മുഖറ്റത്തേക്ക് തന്നെ ഉറ്റു നോക്കികൊണ്ടിരിക്കുന്ന സോഫിയെ നോക്കി ഖൈറുത്താ പറഞ്ഞു..

“പറയാനിഷ്ടല്ലാച്ചാ പറയണ്ടാാട്ടോ മോളേ..മോളോടെനിക്കെന്തോ ഒരു അടുപ്പം പോലെ തോന്നി..അതോണ്ട് ചോദിച്ചെന്നേ ഉള്ളൂ..”

“ഹേയ്….അങ്ങനൊന്നും ഇല്ല ഉമ്മാ…എനിക്ക് പോവാനായിട്ട് അവിടെ ആരുമില്ലാ…അതോണ്ടാ…
ഞാനിവിടെയൊരു ഹോസ്റ്റലിലാ താാമസം..”

“അപ്പോ..മോളെ ഉപ്പയും ഉമ്മയുമൊക്കെയോ..”

പുച്ഛം കലർന്നൊരു ചിരി ആ ചുണ്ടുകളിലൂടെ കടന്നുപോയി..

“എനിക്ക് ആറു വയസ്സുള്ളപ്പോ എന്റെ ഉമ്മ പോയി…ന്നെ നോക്കാനെന്നും പറഞ്ഞ് ഉപ്പ വേറെ കല്യാണോം കഴിച്ചു..പക്ഷേ എന്റെ എളേമ്മ ഓരോ കാര്യങ്ങൾ പറഞ്ഞു ഉപ്പാനെ വശത്താക്കി..ഉപ്പാക്കും എളേമാക്കും ഞാനൊരു ഭാരാന്ന് തോന്നിയപ്പോ ഓരെന്നെ കോഴിക്കോട് ഒരു ഓർഫനേജിൽ കൊണ്ടാക്കി..സ്വന്തം ഉപ്പയാന്ന് പറഞ്ഞാൽ അവിടെ എടുക്കൂലാന്ന് പറഞ്ഞ് ഒരു ബന്ധുവിന്റെ മോളാന്ന് പറ‌ഞ്ഞു ഉപ്പ അവിടെ കൊണ്ടോയാക്കിയതെന്ന് പിന്നീടവിടുള്ളോരു പറഞ്ഞാ അറിയ്ണേ..
പിന്നെ പഠിച്ചതും വളർന്നതും ഒക്കെ അവിടെയാ..നല്ലപ്പോലെ പഠിക്കാനാണവിടെ കൊണ്ടോയാക്കിയതെന്നും ഉപ്പ ഒരു ദൂരയാത്ര കഴിഞ്ഞു വന്നുടനെ മോളെ കൂട്ടികൊണ്ടോയ്ക്കോളാന്നു പറഞ്ഞതും ഓർമ്മയുണ്ട്…ഉപ്പാന്റെ ആ വരവും പ്രതീക്ഷിച്ചോണ്ട് അന്നൊക്കെ എല്ലാ ദിവസവും അവിടെത്തെ ഗേറ്റിനരികിൽ പോയിരിക്കായിരുന്നു..പിന്നെ ക്രമേണ നിക്ക് ബോധ്യായി..ഇങ്ങനെ ഒരു മോളെ കാണാൻ ആ ഉപ്പ ഇനി ഒരിക്കലും വരൂലാന്ന്…”

ഒരു കഥ കേട്ടിരിക്ക്ണ പോലെ ഷമീലയടക്കം എല്ലാവരും സോഫീടെ മുഖത്തേക്ക് തന്നെ കണ്ണും നട്ടിരിക്കായിരുന്നു…തന്റെ സ്വന്തമെന്ന് തോന്നിയ ആരോ പോലെ തോന്നിയതോണ്ടാവാം തെല്ലൊരു മടികൂടാതെ എല്ലാം അവർക്കു മുന്നിൽ വെട്ടി തുറന്നത്..

“ഉപ്പാന്റെം ഉമ്മാന്റെം വേറേ ബന്ധുക്കളാരും ഇല്ലേ മോളേ..”

ഖൈറുത്താന്റെ ആ ചോദ്യത്തിനുള്ള മറുപടിക്കായി വാതിലിനപ്പുറം മറ്റൊരു പിടക്കുന്ന മനസ്സും കാതോർത്തിരിക്കുന്നുണ്ടായിരുന്നു ..അജ്മലിന്റ്റെ..

“അറിയില്ല ഉമ്മാ..ഞാനന്ന് ചെറിയ കുട്ടിയല്ലേ..എന്റെ അവ്യക്തമായ ഓർമയിലിന്നും തെളിയാതെ കിടക്കുന്നൊരു മുഖമുണ്ട്..എന്റെ അമ്മായിടെ..സ്വന്തം ഉപ്പാക്കില്ലാത്ത സ്നേഹം ഓര്ക്ക് എങ്ങനെണ്ടാവാനാ.. ഒരുപാട് കാലം കാത്തിരുന്നു അവരേയും..നാളിതുവരേയായിട്ടും അങ്ങനാരേം ഞാനിന്നോളം കണ്ടില്ലാ…ഇനി യെനിക്ക് കാണുകേം വേണ്ടാ”

ഒരു ചെറുപുഞ്ചിരിയോടെ സോഫി എല്ലാം പറഞ്ഞു തീർക്കുമ്പോഴേക്കും അവളുടെ കണ്ണുകളിൽ നനവു പടർന്നിരുന്നു..

“സാരല്യ മോളേ..”
എന്തു പറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ വിഷമിക്കുന്ന ഖൈറുത്താാക്ക് മുന്നിൽ വിഷയം മാറ്റാനെന്നോണമാായിരുന്നു പിന്നീടവൾ സംസാരിച്ചത്..

“എന്നാ ശരി ഉമ്മാ..മരുന്നൊക്കെ നല്ലപോലെ കഴിക്കണേ..ഡോക്ടർസാറ് ഞങ്ങളെ പ്രത്യേകം പറഞ്ഞേൽപ്പിച്ചിട്ടുള്ളതാ… അറിയാലോ..”

ഒരു ശാസനാ രൂപത്തിൽ ഖൈറുത്താനെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചവൾ അവിടെ നിന്നും പുറത്തു കടന്നു..അകതാരിൽ ഒളിഞ്ഞു കിടക്കുന്ന ആ കദനകഥയെ പുറത്തേക്ക് തുറന്നു വിട്ടപ്പോൾ ഒഴുകാൻ വെമ്പി നിൽക്കുന്ന ആ കണ്ണീർ തുള്ളികളെയവൾ കൺപീലികളാൽ തടഞ്ഞുവെച്ചു..

പുറത്തേക്ക് കടക്കുമ്പോഴാണ് വാതിൽക്കൽ പതുങ്ങി നിൽക്കുന്ന അജ്മലിനെയും ഷംസുവിനേയും അവളുടെ ശ്രദ്ധയിൽ പെട്ടത്..ഒരു ദയാർദ്രമായ മിഴികളാൽ ഉറ്റു നോക്കി കൊണ്ടിരിക്കുന്ന അജ്മലിന്റെ മിഴികൾ തന്നോടായെന്തോ സ്വകാര്യം പറയുന്ന പോലെയവൾക്ക് തോന്നി..എന്തുപറയണമെന്നറിയാതെ നിശ്ചലനായി നിൽക്കുന്ന അജ്മലിനെ മറികടന്നു അവൾ വേഗത്തിൽ നടന്നു..

“അജോ..ഇയ്യ് എന്താലോചിച്ച് നിൽക്കാ..‌”
നിറഞ്ഞു വന്ന മിഴികൾ കൈകൊണ്ടു തുടച്ചു മാറ്റുമ്പോൾ അജ്മൽ അവിടെ ഒരു തീരുമാനത്തിനു അടിവരയിട്ടു..

“അതേ..നീ…നീമാത്രമാണ് സോഫീ.. ഇനിയീ ഭൂമുഖത്തെന്റെ പെണ്ണ്..”
മിന്നിമറിയുന്ന താരകങ്ങൾക്കൊപ്പം പുഞ്ചിരി തൂകി നിൽക്കുന്ന അമ്പിളിക്കെത്ര ഭംഗിയുണ്ടോ അത്രക്കും മനോഹരിയാണെന്റെ പെണ്ണും അവളുടെ മനസ്സും..

…സമാധാനത്തിന്റെ പൊൻപ്രഭവീശാൻ തന്റെ ജീവിതവീഥിയിലേക്കവളെ കൈപിടിച്ചോട്ടെയോ എന്ന് മാനസത്തിൽ തത്തിക്കളിക്കുന്ന മോഹങ്ങളോടവൻ പതിയെ മന്ത്രിക്കുന്നുണ്ടായിരുന്നു..മനസ്സിന്റെ സമ്മതം ഒരു മൃദു മന്ത്രണം പോലെയന്റെ നാവുകൾ അതേറ്റു ചൊല്ലി
””ഇഷ്ടായി…”””

“എന്താാ അജോ അന്റെ കണ്ണു നിറഞ്ഞിരിക്ക്ണേ..”

ഷംസുവിനു മനസ്സിലായി കൂട്ടുകാരന്റെ മനസ്സിൽ അതൊരു വേദനയുണ്ടാക്കീണെന്ന്..അല്ലെങ്കിലും ഷംസുനു അജ്മലിനെ അറിയ്ണപോലെ മറ്റാർക്കാ അറിയാ..
പെട്ടെന്ന് ദേഷ്യപ്പെടും അതിലേറെ സ്നേഹവും ഒഴുക്കും..അടുത്തറിയുന്നവർക്കേ ഓന്റെ ആ മനസ്സ് കാണാനൊക്കൂ..

“ഇയ്യ് ആ കണ്ണൊക്കെ നല്ലപോലെ തൊടക്ക്..ഉമ്മാന്റെ അടുത്തേക്കാ പോണേ..അല്ലേൽ ഇനി അതിനുത്തരം പറഞ്ഞ് കൊഴങ്ങും..”

ഷംസുവിന്റെ വാക്കുകളെ അനുസരിക്കാനെന്നപോലെ കണ്ണും മുഖവും തുടച്ച് ഉമ്മാന്റെ അടുത്തേക്ക് നടന്നു..

“ആ..അജോ..ഇങ്ങുവാ..നിങ്ങളോട് രണ്ടാളോടും കൂടി ഒരു കാര്യം പറയാനാ വരാൻ പറഞ്ഞെ..”

ഉമ്മാക്ക് പറയാനുള്ളതെന്താന്ന് അറിയുവാനായി ഇരുവരും കാതും കൂർപ്പിച്ചിരുന്നു..

“പാവം കുട്ടി..”
ഖൈറുത്താ അപ്പോഴും സോഫിയെ ഓർത്ത് നെടുവീർപ്പിടുകയായിരുന്നു..

“എന്താ ഉമ്മാ പറയാനുള്ളേ..” ജിജ്ഞാസയോടെ അജ്മൽ ഉമ്മാനോട് ചോദിച്ചു..

“ആ..അതോ..ഷംസോ.. അന്റെ വീട്ടീന്ന് വിളിച്ചിനു..അനക്ക് ബുദ്ധിമുട്ടാവൂലേൽ ഒന്നുവന്നു മുഖം കാണിക്കാൻ പറഞ്ഞിക്ക് ന് അന്റെ ബാപ്പാ..”

“അതിപ്പോ ഉമ്മാ ഞാൻ അജൂനൊരു സഹായത്തിന്..”

“ഇവടെപ്പോ ഒരാളെ ആവശ്യൊന്നുല്ലാലോ ന്റെ ഷംസോ..ഇയ്യ് വേണേൽ അന്റെ ചങ്ങായിനേം കൂട്ടിക്കോ…ഇവിടെ ഇപ്പോ ഷമി ഉണ്ടല്ലോ…”

“അതിപ്പോ ഷമി ചെറ്യ കുട്ടിയല്ലേ മ്മാ..പെട്ടെന്നെന്തേലും ആവശ്യം വന്നാപ്പോ ഓളെന്താക്കാനാ”
ഉമ്മാന്റെ തീരുമാനം അംഗീകരിക്കാനാവാതെ അജ്മൽ ഇടയിൽ കയറി പറഞ്ഞു ..

“അതിപ്പോ ..ഉമ്മാ ഇപ്പോ പോയാൽ ഓന്റെ പ്ലാനിഗ് ഒന്നും നടക്കൂലല്ലോ…”

“എന്തു പ്ലാനിംഗ്..” ഖൈറുത്താ ഇരുവരേയും മുഖത്തേക്ക് മാറി മാറി നോക്കി..

പറഞ്ഞുപോയതിനു ശേഷാ ഷംസുന് അബദ്ധം മനസ്സിലായേ..ചെരിഞ്ഞ് ഇടം കണ്ണിട്ടൊന്നു നോക്കിയപ്പോ ന്റെമ്മോ അജ്മലിന്റെ മുഖത്ത് തന്നെ കൊന്നു തിന്നാനുള്ള ദേഷ്യം അവനു കാണാമായിരുന്നു…എല്ലാം കണ്ടിട്ട് ഇരുവരേയും സംശയത്തോടെ വീക്ഷിക്കുകയായിരുന്നു ഷമീല..

“എന്തു പ്ലാനിംഗാ ഷംസുക്കാ ഹോസ്പിറ്റലിനു ബോംബിടാനോ മറ്റോ ആണോ…”

ഷംസു അജുനേ മെല്ലെ പാളി നോക്കിയപ്പോ ..ഇയ്യ് പൊറത്തേക്ക് വാ തെണ്ടീ..അനക്ക് ഞാൻ തരാ എന്ന മുഖഭാവവും വരുത്തി നിക്കാണ് അജ്മൽ..
“അല്ല ഷമിയേ അനക്ക് പഠിക്കാനൊന്നുല്ലേ..പോയി പഠിച്ചൂട്..ഉള്ള ബുക്കൊക്കെ കെട്ടിപ്പേറി കൊണ്ടോന്നീണല്ലോ ഇങ്ങട്”
..
അതും പറഞ്ഞിരുവരും മെല്ലെ തടി
തപ്പാനൊരുങ്ങുമ്പോഴായിരുന്നു പിറകിൽ നിന്നും ഉമ്മാന്റെ വിളി..

“അജോ..”

പിന്തിരിഞ്ഞു നോക്കിയ അവൻ ഉമ്മാന്റെ വിളിക്ക് കാരണം തേടി ആ മുഖത്തേക്ക് തന്നെ മിഴികളും നട്ടിരുന്നു

“ബാങ്കില് കൊടുക്കാനുള്ള തവണകാളൊക്കെ മൊടങ്ങികിടക്കാ അജോ..എപ്പളാ ഓല് നമ്മളെ പെരേം പറമ്പും കൊണ്ടോവാ ..അറീലാ..”

പ്രാരാബ്ധങ്ങളുടെ മാറാപ്പും തോളിലേറ്റി തളർന്ന ഖൈറുത്താ ഇനിയെന്ത് ചെയ്യണമെന്ന ഭാവത്തോടെ പ്രിയ പുത്രനു നേരെ ദയനീയതയോടെയൊന്നു നോക്കി..

“അതൊന്നും ഓർത്തിപ്പോയെന്റെ ഉമ്മ ബേജാറാവണ്ടാ എല്ലാറ്റിനും നമുക്ക് വഴിയുണ്ടാക്കാം..”

വിഷാദം കലർന്നൊരു പുഞ്ചിരിയോടെ മറുപടി നൽകിയ ശേഷം അജ്മൽ പുറത്തേക്ക് കടന്നു..

ഷമീലയുടെ മുഖത്ത് അപ്പോഴും സംശയത്തിന്റെ ആ ഭാവം തെളിഞ്ഞിരിപ്പുണ്ടായിരുന്നു..

“അല്ല മ്മാ …ഇക്കാക്കക്കും ഷംസുക്കാക്കും എന്തോ ഒരു ഒളിച്ചു കളിയില്ലേ ..?”

” എന്ത് ഒളിച്ചുകളി..അത് പിന്നെ ഓരെ എപ്പളും അങ്ങനെന്നല്ലേ ഷമിയേ..അതോണ്ടല്ലേ ഓരെ നാട്ട്കാർ ടോം ആൻഡ് ജെറിന്നും കപ്പിൾസ്ന്നും ഒക്കെ വിളിക്ക്ണത് ..ഇയ്യ് കേൾക്കലില്ലേ…”
അതുകൊണ്ടൊന്നും തൃപ്തിവരാത്ത ഷമീലാന്റെ സംശയക്കണ്ണുകളെപ്പോഴും അവർക്കും ചുറ്റിലും പരതി നടന്നു..
ചുണ്ടിലൊരു പുഞ്ചിരിയുമായി സ്വപ്നലോകത്തങ്ങനെ പാറി നടക്കുന്ന ഒരു പൂമ്പാറ്റയെ പോലെ…പ്രണയത്തിന്റെയാ മധു നുകരാനായവൻ മരുന്നിന്റെ ഗന്ധം നിറയുന്ന ഇടനാഴിയിലൂടങ്ങനെ പാറി നടക്കാൻ തുടങ്ങിട്ടിപ്പോ രണ്ടു ദിവസമായി…:
മറ്റുള്ളവരുടേ വേദനകളിൽ സ്വയം അലിഞ്ഞില്ലാതാവുന്ന അജ്മൽ എന്ന ആ യുവാവിന്റെ ഹൃദയം സോഫിയുടെ സങ്കടങ്ങൾക്ക് മീതെ പറന്നു നടന്നു…
..ഓരോ നിമിഷവും അവളോടുള്ള സ്നേഹത്തിനാാഴം വർദ്ധിച്ചു കൊണ്ടേയിരുന്നു..മാത്രമല്ലാ ഉമ്മാനോടുള്ള അവളുടെ അടുപ്പം സംസാരം സ്നേഹം എല്ലാം അവനെ കൂടുതൽ കൂടുതൽ അടുപ്പിക്കുന്ന തരത്തിലേക്ക് മാറിക്കൊണ്ടിരുന്നു..എല്ലാവരോടും അവൾ സംസാരിക്കും ചിരിക്കും ഒരാളൊഴിച്ച്.അവളെ നാൾക്കു നാൾ മനസ്സിന്റെ അടിത്തട്ടിലിട്ട് പൂജിക്കുന്ന അജ്മൽ..അവനെ മാത്രം അവൾ അകറ്റി നിർത്തി..
..ഷംസുവിനോട് വരേ അവൾ ഓരോരോ തമാശകൾ പറയുന്നുണ്ട്.‌.ആ അവഗണന അവനു വല്ലാത്തൊരു വേദന സൃഷ്ടിച്ചിരുന്നു…

“ന്റെ അജോ..ഇനി രണ്ടീസം കൂടിയല്ലേ ഉള്ളൂ..ഇയ്യ് എങ്ങനൊക്കെ പിന്നാലെ കൂടീട്ടും ഓൾ അടുക്കുന്നേ ഇല്ലാലോ..ഓൾക്ക് ചിലപ്പോ ഇതൊന്നും ഇഷ്ടപ്പെട്ണുണ്ടാവില്ല..”

“ഉം..”
ഉത്തരമായൊന്നു മൂളിയെന്നല്ലാതെ അവന്റെ വാക്കുകൾക്ക് പ്രത്യേകിച്ചൊരു മറുപടി അവന്റെ ഭാഗത്ത് നിന്നുണ്ടായില്ലാ..

“ഇയ്യെന്താ ടാ ഒന്നും മിണ്ടാാത്തേ..രണ്ടീസായിട്ട് അനക്കൊരു ഉഷാറുല്ലല്ലോ ചങ്ങായീ..”

“ഒന്നുല്ലടാ..”

“അനക്കീ മിണ്ടാണ്ടിരിക്കൽ തീരേ ചേര്ണില്ലാാാട്ടോ അജ്മലേ..ഏതോ ഒരു പെണ്ണിനും വേണ്ടീട്ട് ഇയ്യ് അന്റെ വീറും വാശീം ഇങ്ങനെ കളയരുത് ട്ടോ..”

“അല്ലെടാ..ഷംസൂ.. ഞാൻ ആലോചിക്കെയ്നു…ഈ വാശീം ദേഷ്യോം ഉള്ളോരെയൊന്നും ആർക്കും സ്നേഹിക്കാൻ കഴില്ലായിരിക്കും ലേ..അതോണ്ടല്ലേ അവളും….”

ഹോസ്പിറ്റലിന്റെ നാലാം നിലയിലെ വരാന്തയിൽ നിന്നും താഴേക്ക് കണ്ണു നട്ടും സ്വയം വിലയിരുത്തിക്കൊണ്ടവൻ പറഞ്ഞു..

“പോടാ..ദേഷ്യോവും വാശിയൊക്കെ ഈ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതെന്ന്യാ..പക്ഷേങ്കില് അതിനോടൊപ്പം നല്ലോണം സ്നേഹവും ഒഴുക്കണം.. അപ്പോ പിന്നെ ഒരു പെണ്ണും വിട്ട്പോവത്തില്ലാ..
ഇയ്യ് അത് വിടെന്റെ അജോ..ഓളല്ലങ്കിൽ വേറെ ഒരുത്തി ണ്ടാവും‌അന്നെ സ്നേഹിക്കാൻ …അന്റെ ജീവിതത്തിലേക്ക് വരാൻ ..പോവാൻ പറ ഓളോട്..”

പനിച്ചൂടിൽ നിറഞ്ഞു നിന്ന രോഗികൾക്കൊപ്പം പനി പിടിച്ച മറ്റൊരു മനവും കൂടി അവർക്കിടയിൽ സ്ഥാനം പിടിച്ചു.അത് അജ്മലിന്റെയായിരുന്നു..കൂട്ടുകാരന്റെ ആ അവസ്ഥ കണ്ടു നിക്കാനാവാത്ത ഷംസുവും അതിനൊരു പോംവഴി എന്താന്ന് തല പുകഞ്ഞാലോചിച്ചുകൊണ്ടേയിരുന്നു..

ഈ സമയം കാന്റീനിൽ നിന്നും ഭക്ഷണവും കഴിച്ച് സേവനത്തിനായി ഒരുങ്ങി വരികയായിരുന്നു സോഫിയും ആതിരയും..

“ന്നാലും സോഫീ..അവൻ നിന്നോട് ആത്മാർഥമായിട്ട് തന്നെയാട്ടോ പറയുന്നതെന്നാ എനിക്ക് തോന്ന്ണേ..അനക്കൊന്നു സമ്മതം മൂളിക്കൂടേ ടാ..”

“ഒന്നു പോ ആതി…ഇയ്യ് ഇതെന്തറിഞ്ഞിട്ടാ..എന്റെ കാര്യോക്കെ അനക്ക് അറിയാവുന്നതല്ലേ..ന്റെ ലൈഫിൽ സന്തോഷം വിധിച്ചിട്ടില്ല…ഞാനായിട്ടെന്തിനാ അയാളെക്കൂടി….”

“ന്നാലും സോഫീ..നിനക്കവനോട് ഉള്ളിന്റെയുള്ളിലൊരിഷ്ടം മൊട്ടിട്ടില്ലേ എന്നൊരു സംശയം..”

“അത്..പിന്നെ ആതീ..ഞാൻ..”
സോഫി പറഞ്ഞു മുഴുമിക്കും മുന്നേ ഒരു എമർജെൻസി കേസ് ആംബുലൻസിന്റെ സഹായത്തോടെ അലറി വിളിച്ചെത്തി..

രക്തത്തിൽ കുതിർന്ന ആ രൂപം സ്ട്രക്ചറിൽ കാഷ്യാലിറ്റിയിലെ ഡോക്ടറുടേ അടുത്തേക്ക് കുതിക്കുന്നുണ്ടായിരുന്നു
..താൽക്കാലികമായി ആ സംഭാഷണത്തിനു വിരാമമിട്ടു കൊണ്ട് അവർ തിരക്കിന്റെ ലോകത്തേക്ക് ഊളിയിട്ടു..

രാത്രി ഭക്ഷണവും കഴിഞ്ഞ് വരാന്തയുടെ ഒരരൊഴിഞ്ഞ കോണിലിരുന്ന് ചൂടു പിടിച്ച രാഷ്ട്രീയ ചർച്ചകളെ ചവച്ചുതുപ്പുമ്പോയായിരുന്നു
ദൂരെ‌ നിന്നൊരു രൂപം അവർക്കു നേരെ ഓടി വരുന്നത് ഷംസുവിന്റെ ശ്രദ്ധയിൽപ്പെട്ടത്..ഇരുളിൽ പൊതിഞ്ഞ ആ നിഴൽ രൂപമെന്തന്നറിയാതെ ഭീതിയോടെയവൻ അരികിലിരിക്കുന്ന അജ്മലിനെ തട്ടി വിളിച്ചു..

ഇരുളിന്റെ മറവിൽ ആളെ വ്യക്തമാവുന്നില്ല…ഭീതിയുടെ നിഴൽ വിരിച്ച മുഖവുമായി ഷംസു അജ്മലിന്റെ പിറകിലേക്ക് മെല്ലെ മറഞ്ഞു നിന്നു..
സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു..ഉറക്കം വരാത്തതിനാലൊന്നു പുറത്ത് വന്നിരിക്കാന്ന് പറഞ്ഞ് റൂമിന്റെ പുറത്ത് ഒരൊഴിഞ്ഞ സ്ഥലം തപ്പി ഇറങ്ങിയതാ..
സാവധാനം യാഥാർത്യം അവർക്കുമുന്നിൽ വ്യക്തത തീർത്തു..
ഒരു സ്ത്രീയാണത്..മൂന്നാലാള് കൂടി അവളെ ഓടിക്കുന്നു…
ഓടി വരുന്ന ആ രൂപത്തിനു താനുമായൊരു ആത്മബന്ധം അവനനുഭവപ്പെട്ടു..ഓടി വന്ന ആ സ്ത്രീ വീഴാൻ ഭാവിക്കവേ അവന്റെ കൈകളാൽ അവളെ താങ്ങിയെടുത്തു…അങ്ങിങ്ങാായി പ്രകാശിക്കുന്ന നേർത്ത വെളിച്ചം..അരണ്ട വെളിച്ചത്തിൽ അവനാ മുഖം തിരിച്ചറിഞ്ഞു..

“സോഫീ..നീ…നീ എവിടുന്നാ ഈ സമയത്ത്..”

ഒരു ഭയപ്പാടോടെ പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ഇരുളിനെ മറയാക്കി നിൽക്കുന്ന മൂന്ന്പേർ അവളെ ലക്ഷ്യം വെച്ച് പിന്നാലെ തന്നെയുണ്ടായിരുന്നു..പറയാതെ പറഞ്ഞ ആ നോട്ടത്തിൽ നിന്ന് തന്നെ അജ്മൽ എല്ലാം വായിച്ചെടുത്തു..അവൻ അവർക്കു പിന്നലെ ഓടിയടുത്തെങ്കിലും അപ്പോഴേക്കും അവർ ഇരുളിലേക്ക് ഉൾവലിഞ്ഞിരുന്നു..

“സോഫീ..ആരാ..ആരാ അതൊക്കെ…? എന്തിനാ അവർ നിന്റെ പിന്നാലേ ഓടിയത്..”

അപ്പോഴും അവളിൽ നിന്നാ പേടി അകന്നുമാറിയിരുന്നില്ലാ..ഒരു കൊച്ചു കുട്ടിയെപോലെ അവനെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി..ഒറ്റപ്പെട്ട ആ ലോകത്ത് തന്റെ സംരക്ഷണത്തിനാായൊരാളെ തിരയുകയായിരുന്നു സോഫി..
അജ്മലിനു മനസ്സിലായി അവൾ വല്ലാാതെ പേടിച്ചരണ്ടിരിക്കയാണെന്ന്…അവളുടെ വിറക്കുന്ന കൈകൾ അപ്പോഴും അവനെ വരിഞ്ഞു മുറുക്കിയിരുന്നു..

“പറയ് സോഫീ ..ആരാ അവർ..എന്തിനാ നിന്നെ ഓടിച്ചേ..”

“അത് ഞാ..ഞാൻ ഫോൺ ചെയ്യാൻ…അതു വഴി..അപ്പോ..”
താൻ മുന്നിൽ കണ്ട ആ ഞെട്ടിക്കുന്ന സത്യങ്ങൾ
പുറത്തു പറയാനാവാതെയവൾ അവർക്കു മുന്നിൽ നിന്നു പരുങ്ങി..

“അതേയ്..സോഫിമേഡം..ഫോൺ ചെയ്യാനെന്തിനാ ആരുല്ലാത്ത സ്ഥലത്തൂടെ ഒറ്റക്ക് പോയേ..ആ ഒഴിഞ്ഞ വരാന്തയിൽ പകൽ പോലും വരാൻ പേടിയാ‌‌..അവിടെ ഉള്ള റൂമിലാണേൽ ആൾതാമസോം ഇല്ലാാ..”

ഷംസുവിന്റെ ഉപദേശത്തിനു മുന്നിൽ മൗനിയായിരുന്നെങ്കിലും അവളുടെ ദയനീയത നിറഞ്ഞ നോട്ടത്തിൽ എല്ലാം സ്വീകരിച്ചിരിക്കുന്നെന്ന് മനസ്സിലായി..

“വാ ..ഷംസൂ..സോഫീനെ ഏതായാലും റൂമിലെത്തിക്കാം..”

അജ്മലിന്റെ തോളിൽ ചാരിയവൾ ആ ഇടനാഴിയിലൂടെ നേഴ്സിംഗ് റൂം ലക്ഷ്യമാക്കി നടന്നകന്നു..

ഉലകം കീഴടക്കിയ സന്തോഷത്തോടെ അജ്മലും കൂട്ടുകാരന്റെ സന്തോഷത്താൽ മതിമറന്നാഹ്ലാദവൗമായി ഷംസുവും..
അപ്പോഴും ഇരുളിന്റെ മറവിൽ അവരറിയാതെ രണ്ടു കണ്ണുകൾ അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു..

അന്നു അജ്മലിന്റെ കിനാവിലൊരു കൂട്ടുകൂടാൻ ആ മൊഞ്ചത്തിക്കുട്ടിയും ഉണ്ടായിരുന്നു..സോഫിയ..

നേരം പുലർന്ന ഉടനെ ഇന്നലെ നടന്ന സംഭവത്തിന്റെ വിശദാംശമറിയാനെന്ന മട്ടിൽ സോഫിയയെ കാണാനെത്തിയെങ്കിലും അപ്പോഴേക്കും സോഫിയും ആതിരയും സ്ഥലം വിട്ടിരുന്നു..
ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർമാരെല്ലാം മാറിയിരുന്നു..
“സിസ്റ്റർ …സോഫി സിസ്റ്റർ..എവിടെ..ഒന്നു കാണാൻ…”

“അയ്യോ…അവരു പോയല്ലോ ..ഇന്ന് നൈറ്റ് ആണവർക്ക് ഡ്യൂട്ടി..വരുമായിരിക്കും..നല്ല പനിയുമായിട്ടാ പോയേക്ക്ണത്”

എന്തോ ഒരു നഷ്ടബോധവും പേറി അവനങ്ങനെ നിമിഷങ്ങൾ തള്ളി നീക്കി.
ഷംസു രാവിലെ തന്നെ വീടു വരേ പോവാന്ന് പറഞ്ഞ് പോയതാ
.സോഫിയോട് കിന്നാരം പറഞ്ഞ് സമയംപോക്കാന്ന് കരുതി താനതിനപ്പോ സമ്മതോം മൂളി..ഇപ്പോ കടിച്ചതുംപിടിച്ചതും ഇല്ലാണ്ടാായി..
സമയംകൊല്ലാനായി വാട്ട്സപ്പിലും ഫേസ്ബുക്കുംതന്നെ ശരണം..ഉമ്മാക്കിന്നൊരു സ്കാനിംഗ് പറഞ്ഞതോണ്ട് പുറത്തേക്കെങ്ങോട്ടും പോവാനുമ്മ വിടുന്നും ഇല്ല..
അന്നേറെ വൈകിട്ടും സോഫി വന്നില്ലാ..ഇരിക്കപൊറുതിയില്ലാതായ അജ്മൽ വീണ്ടും സോഫിക്കു വേണ്ടി പരതി നടന്നെങ്കിലും കണ്ടെത്തിയില്ലാ..എന്തോ സോഫിയെ ഒരിക്കലെങ്കിലും കാണാതെ മനസ്സിനൊരു സമാധാനം കിട്ട്ണില്ലാ..കാണണം ഇന്നു തന്നെ…എന്തും വരട്ടേ എന്നും മനസ്സിലുറപ്പിച്ചോണ്ടവൻ ആ ഹോസ്റ്റലിന്റെ പടികടന്നു ..അപ്പോഴേക്കും സമയം രാത്രി പത്തുമണി കഴിഞ്ഞു കാണും..ഇരുട്ട് പരന്നു കിടക്കുന്ന അങ്കണത്തിലൂടെയവൻ പ്രകാശം പരത്തുന്ന സോഫിയുടെ മുഖം തേടി നടന്നു..ഹോസ്റ്റലിലെ ലൈറ്റ് അണയുന്നേ ഉള്ളു..ഹോസ്റ്റൽ സെക്യൂരിറ്റിഗാഡിന്റെ കണ്ണു തെറ്റിച്ചവൻ എങ്ങനെയൊക്കെയോ അകത്തു കടന്നു..പല റൂമിലും വെളിച്ചം ഉണ്ട്..എങ്കിലും സോഫിയുള്ള റൂം കണ്ടെത്തുന്നതെങ്ങനെയൊന്നൊരെത്തും പിടിയും ഇല്ലാ…സമാധാനത്തിനിറങ്ങിപ്പുറപ്പെട്ടെന്നേ ഉള്ളൂ..പകലാണെങ്കിൽ ആരെയെങ്കിലും കണ്ടു ചോദിക്കായിരുന്നു..ഇതിപ്പോ ആരെങ്കിലും കണ്ടാൽ തന്റെ എല്ലൂരി സൂപ്പാക്കും..വരാൻ തോന്നിയ നിമിഷത്തെ പ്രാകി കൊണ്ടവൻ തിരിച്ചു പോരാനായി പിന്തിരിഞ്ഞപ്പോ തൊട്ടടുത്ത റൂമിൽ നിന്നൊരു ശബ്ദം കേട്ടത്.. മങ്ങിയ വെളിച്ചം വീശി കൊണ്ടൊരു ബൾബിന്റെ പ്രകാശം മാത്രം…
ജനലുകൾ ആരോ വലിച്ചടക്കാാൻ ശ്രമിക്കുന്നുണ്ട് പക്ഷേ അത് അനുസരണയില്ലാതെ വീണ്ടും വീണ്ടും തെന്നിക്കളിക്കുന്നു..ഒരു നിമിഷം കാര്യമെന്താന്നറിയാൻ അവൻ മെല്ലെ ജനലരികിൽ വന്നു നിന്നു..ഒരപായ സൂചന തോന്നിയ അവൻ പെട്ടെന്നൊന്നു റൂമിലേക്കെത്തി നോക്കി..ആ കാഴ്ച കണ്ട് അജ്മലൊന്നു ഞെട്ടി..

ഇരുട്ടിന്റെ മറവിൽ ഒരു പെൺകൊച്ചിനെ ആരോ ആക്രമിക്കുന്നു..വായ് കൈകൊണ്ട് പൊത്തിപ്പിടിച്ചതിനാൽ ശബ്ദം ഒരു മൂളലും ഞെരക്കവുമായി മാത്രമേ പുറത്തേക്ക് വരുന്നുള്ളൂ….വല്ല മോഷ്ടാവായിരിക്കും..എന്തു ചെയ്യണമെന്നൊരു രൂപവുമില്ലാ..ഓടിചെല്ലാൻ ഇത് പബ്ലിക്കായ സ്ഥലമല്ല ..ലേഡീസ് ഹോസ്റ്റലാണ്…അധിക നേരം ചിന്തിച്ചു നിൽക്കാൻ ഒരു സഹോദരന്റെ വേഷം ജീവിതത്തിലണിഞ്ഞിരിക്കുന്ന അവനു കഴിഞ്ഞില്ലാ..അപ്പോ മനസ്സിൽ ഷമീല എന്ന തന്റെ പെങ്ങൾ മാത്രമായിരുന്നു മനസ്സിൽ..ആഞ്ഞു തള്ളി എങ്ങനെയൊക്കെയോ അവൻ വാതിൽ തുറന്നു.. ശബ്ദം കോലാഹലം നിറഞ്ഞ ഒരു അങ്കം തന്നെ അവിടെ നടന്നു..അപ്പോഴേക്കും ശബ്ദം കേട്ട് ഹോസ്റ്റലിലങ്ങിങ്ങായി വെളിച്ചം വീണിരുന്നു.. സെക്യൂരിറ്റി സ്റ്റാഫടക്കം ഏവരും ആ ശബ്ദത്തിനുറവിടം തേടി നട‌ന്നടുത്തു..ഹോസ്റ്റൽ വാർഡൻ ..മാസ്റ്റർ ലൈറ്റ് ഇട്ടതും മൽപ്പിടുത്തത്തിന്നിരയായി കൊണ്ടിരുന്ന അജ്ഞാതൻ അജ്മലിന്റെ കൈപിടിയിൽ നിന്നു വഴുതി മാറി ഓടി..പിറകേ ഓടാനൊരുങ്ങവേയാണ്..റൂമിന്റെ മൂലയിൽ നിന്നും തേങ്ങിക്കരയുന്ന ആ ശബ്ദം അവൻ കേട്ടതു..ഒരു നിമിഷം ആ മുഖത്തേക്കൊന്നു നോക്കിയ അവൻ സോഫിയെ കണ്ട് ഒരു അന്ധാാളിപ്പോടെയങ്ങനെ നിന്നു..അലങ്കോലമായി കിടന്ന ആ റൂമിന്റെ ഒരൊറ്റത്ത് ഭീതി നിഴലിക്കുന്ന മുഖവുമായി നില്ല്ക്കുന്ന അവളുടെ കണ്ണുനീർ ഒത്തിരി കഥകൾ അവനോടു പങ്കുവെക്കുന്നുണ്ടായിരുന്നു.. അജ്മൽ പതിയേ ആശ്വസിപ്പിക്കാനായവൾക്കരികിൽ നടുന്നടുക്കവേ പെട്ടെന്നാണ് അതു സംഭവിച്ചതു..പിറകിൽ നിന്നാരുടെയോ പ്രഹരമേറ്റ് അവൻ ബോധരഹിതനായി ആ ടൈൽസ് വിരിച്ച തറയിലേക്ക് ഊർന്നു വീണു..

ബോധം തിരിച്ചു കിട്ടിയ അജ്മൽ കണ്ണു തുറക്കും മുന്നേ തിരിച്ചറിഞ്ഞു.. ഉമ്മാക്ക് കൂട്ടിരിക്കാൻ വന്ന താനും ഉമ്മാക്കൊപ്പം ഇവിടെ അതേ ഹോസ്പിറ്റലിലിപ്പോ തളക്കപ്പെട്ടിരിക്കയാണ്..പാതി തുറന്ന മിഴികളുമായി അവൻ ചുറ്റിലുമൊന്നു നോക്കി..

തെളിയാത്ത ചിത്രം പോലെ ഒരാൾ നടന്നടുക്കുന്നു..കണ്ണും തിരുമ്മി വീണ്ടും വീണ്ടും നോക്കി..
ഷംസു…!

കണ്ണും തുറിച്ചു തന്നെ നോക്കി നിൽക്ക്ണ അജ്മലിനെ കണ്ടപ്പോ ഷംസുനു ചിരി പൊട്ടി..

“എന്താടാ..ഇജ്ജ് ന്നെ ആദ്യായിട്ട് കാണാണോ..ഇങ്ങനെ നോക്കി പേടിപ്പിക്ക്ണേ..”

“ഓ..ഇജ്ജ് എയ്നോ ..ഞാാൻ വിചാരിച്ചു …”

“എന്ത് ..ഇയ്യെന്താ വിചാരിച്ചേ..പറ അജ്മലേ..” ഷംസുവിന്റെ ഉത്സാഹത്തോടെയുള്ള ചോദ്യം കേട്ടപ്പോ അജ്മലിനു ദേഷ്യംവന്നു..

“അന്റെ തല…ഒന്നുപോ ഷംസോ..മനുഷ്യനിവിടെ വേദനായിട്ട് നിക്കുമ്പോയാ..”

അജ്മൽ തലയിൽ മെല്ലെ കൈവെച്ചു..നല്ല വേദനയുണ്ട്..അരക്കു താഴേ കാലിനും..കഴിഞ്ഞതെല്ലാം ഒന്നൂടേ റിവേഴ്സിലിട്ടു ചികഞ്ഞെടുത്തു..ഹോസ്റ്റലിന്റെ മതിലു ചാടിയപ്പോ കാലിനു പറ്റിയ മുറിവ്..അപ്പോ അതത്ര കാര്യാക്കീല.തലക്കുള്ളത് അവിടുന്നാരോ നൽകിയ സമ്മാനമാണ്..ഓർമ്മകളെ തപ്പിയെടുത്ത് തിരികേ വന്നപ്പോ ഷംസു വല്യ തിരക്കിലാണ്..സെൽഫി എടുക്കാ..ഫേസ്ബുക്കിലും വാട്ട്സപ്പിലും ഇടാൻ..

“എടാ..ഷംസോ..ഇയ്യ് ഈ സന്ദർഭം വല്ലാണ്ടങ്ങ് മുതലെടുക്കാ ലേ..”

“അതേ..ആണല്ലോ..ഇട്ട് പത്തുമിനിട്ട് പോലുമായില്ലാാ..എന്തോരം ലൈക്കാ മോനേ…കമന്റും ഉണ്ട്…നോക്ക് ഇയ്യ് വായിച്ചോക്ക്..”

“പോടാാ തെണ്ടീ..ഷംസോ..”

“അല്ലടാ ..പിരാന്താാ..ഇയ്യ് എന്തിനാ ആ നട്ട പാതിരാക്ക് ഹോസ്റ്റലിന്റെ മതില് ചാടാൻ പോയേ..ന്നിട്ടല്ലേ കിട്ടിയേ..അനുഭവിക്ക്..”

“എടാ..അത്..ഞാൻ ..”
അജ്മലിനെ പറയാനൊരവസരം കൊടുക്കാതെ ഷംസു വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞോണ്ടിരുന്നു..

“ഏതോ ഒരു പെണ്ണിനും വേണ്ടി ഓൻ ചാവാൻ പോയിക്ക്ണ്..ബലാലേ ..ഈന്റെ ബാക്കി അന്റെ ഉമ്മ പറഞ്ഞോളും …ഇയ്യ് അങ്ങട് ചെല്ല്..”

“ടാ ഷംസോ.. പൊട്ടാ..ഇയ്യ് ഞാൻ പറയ്ണതൊന്ന് കേൾക്ക്…”

“ഒലക്ക.. മതി ഇയ്യ് പറഞ്ഞതൊക്കെ…”
വാാതിലിനപ്പുറം വന്നു നിൽക്കുന്ന സോഫിയേയും ആതിരയേയും അപ്പോഴാണ് ഷംസു കണ്ടത്..

“ഞങ്ങൾക്കകത്ത് കയറി വരാലോ ലേ..”
അതും പറഞ്ഞോണ്ട് അകത്തേക്ക് കയറി വരുന്ന ആതിര സിസ്റ്റർക്കു പിന്നിലായി തലകുനിച്ചുകൊണ്ട് സോഫിയും അരികിലെത്തി..

“എന്താ ഇവിടെ രണ്ടുപേരും തമ്മിലൊരു ബഹളം..”
അവരെ കണ്ടു മെല്ലേ എഴുന്നേൽക്കാൻ ശ്രമിച്ച അജ്മലിനെ ആതിര ചാരി ഇരിക്കാൻ സഹായിച്ചു..

“അത് പിന്നെ…ലേഡീസ് ഹോസ്റ്റലിൽ പോവുമ്പോ ഓനെ കൂടെ കൂട്ടാത്തതിനു ന്നെ ചീത്ത വിളിക്കാ “

“ങ്ഹേ… ” കണ്ണും തള്ളിപ്പോയി ഷംസുന്റെ…
ഒരൊറ്റ മറുപടിയിൽ അവന്റെ വായ അടപ്പിച്ചപ്പോ ഒരു ചമ്മിയ ചിരിയുമായവൻ അവരുടെ മുഖത്തേക്കും നോക്കിയിരുന്നു.

ചിരിയടക്കിപ്പിടിച്ച മുഖവുമായി ആതിര ചോദിച്ചു..
“എങ്ങനെയുണ്ട് മിസ്റ്റർ അജ്മൽ ഇപ്പോ..ഇയാളെ കാണാഞ്ഞിട്ടവിടെ ഒരാൾക്ക് സമാധാനല്ലെയ്നു..പനി സുഖാവാനൊന്നു നേരല്ലായിരുന്നു..ഇങ്ങോട്ടൊന്നെത്തിയാ മതി…”

അജ്മൽ ഒളികണ്ണിട്ട് അവളെ നോക്കിയപ്പോൾ നാണം കൊണ്ടു ആ മിഴികൾ താഴ്ന്നിരുന്നു..

“അജ്മൽ ..സോഫി എന്റെ റൂംമേറ്റ് ആണ്..ഇന്നലെയെനിക്കെന്റെ വീടു വരേ പോവേണ്ടി വന്നു.. ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു….പിന്നേയ്…ആളറിയാതെയാ ഞങ്ങളുടെ മേഡം ഇയാളെ‌ തല്ലിയത്..പോലീസ് കേസാക്കേണ്ട വിഷയാണ്..വന്ന മോഷ്ടാവിന് കൊടുക്ക്ണ അതേ ശിക്ഷക്ക് ഇയാളും അർഹനാണല്ലോ.. പിന്നെ സോഫി കാല് പിടിച്ചു പറഞ്ഞോണ്ട് അവരിത് വിഷയാക്കില്ലാ..”

“അത് പിന്നെ..അയാാളാരാന്ന് തിരിച്ചറിഞ്ഞോ മേഡം..”

“ഇല്ലാ..അത്പോട്ടേ‌.സോഫിക്ക് ഇയാളോടെന്താ പറയാനുണ്ടെന്ന്..തൽക്കാലം ..നമുക്കിവിടൊന്നൊന്ന് മാറി കൊടുക്കാം ലേ..”
ഷംസുവിനെ നോക്കി ആതിര പറഞ്ഞു..

ഹൃദയം ഹൃദയത്തോട് സംസാരിക്കുന്ന ആ നിമിഷം വന്നെത്തി.. എന്തുപറയണമെന്നറിയാതെ അവർ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു..മൗനത്തെ കൂട്ടുപിടിച്ച് വാക്കുകൾക്ക് ക്ഷാമം നേരിട്ട ആ നിമിഷങ്ങളിൽ വിലങ്ങിട്ട നാവിന് ആരാാദ്യം കെട്ടയിക്കും എന്ന് നിശ്ചയമില്ലാ..എങ്കിലും പരസ്പരമൊരായിരം കഥകൾ മിഴികളിൽ നിന്നടർന്നു വീണിരുന്നു.. നാണമുറ്റി നിൽക്കുന്ന മുഖത്ത് കണ്ണീരിന്റെ നനവുപടർന്നപ്പോൾ അജ്മൽ പതിഞ്ഞ ശബ്ദം കൊണ്ട് ആ മൗനത്തിന്റെ ബന്ധനം അറുത്തു മാറ്റി..

“സോഫീ..”

“ഉം..”

“ഇയാൾ കരയാണോ..ന്തിനാ കരയ്ണേ..”

“ഹേയ്..ഒന്നുല്ലാ..അജുക്കാ..ഞാൻ കാരണം ഇങ്ങള്..”

“അയ്യേ..ഇയാൾ കാരണം എനിക്കെന്തുപറ്റീന്നാ..ഇതൊക്കെ ഞങ്ങളെ സ്ഥിരം പരിപാടിയല്ലേ
..തല്ലു വാങ്ങിക്കലും കൊടുക്കലും ഒക്കെ..അതൊന്നും കാര്യാക്കണ്ടാ ട്ടോ..അതിരിക്കട്ടേ..ഇയാൾക്കെന്നെ ഇഷ്ടായോ…”

“ഊം..” മുഖത്തേക്ക് നോക്കാതെ തന്നെയായിരുന്നവളുടെ മറുപടിയും..

“എത്രേ..? ”
ആകാംഷയുറ്റിയ മുഖവുമായി അവൻ അവളുടെ നാണം കൊണ്ടാൽ താഴ്ന്ന ആ മുഖത്തേക്ക് തന്നെ മിഴികളും നട്ടിരുന്നു..വരച്ചുവെച്ച പോലുള്ള ആ പുരികവും വിടർന്ന കണ്ണുകളും ആ വട്ടമുഖത്തിന്റെ ഭംഗി വിളിച്ചോതുന്നതായിരുന്നു…

“ഒരുപാട്… ”
അല്പനേരത്തെ മൗനത്തിനു ശേഷം അവളുത്തരം നൽകി..

“ഒരുപാടെന്ന് വെച്ചാ…?”

“അതിപ്പോ എങ്ങനാ പറയാ..അജുക്കാ ഊഹിക്കുന്നതിലുമപ്പുറം..”

“എന്നിട്ടാണോ ഇത്രേം നാൾ എന്നോട് മിണ്ടാതെ അകറ്റി നിർത്തിയേ..”

“അത്….പിന്നെ….”

“സോഫീ…ഇയാളോട് ഞാനൊരു കാര്യം ചോദിക്കട്ടേ…”
സോഫിയുടെ ഉത്തരത്തിനായി പ്രതീക്ഷിച്ചിരിക്കുമ്പോഴായിരുന്നു ഖൈറുത്താ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടത്..

“അജ്മലേ…”

ഉമ്മാന്റെ ഉച്ചത്തിലുള്ള വിളികേട്ടു അവൻ തിരിഞ്ഞു നോക്കി..രൗദ്രഭാവ വേഷത്തിലുള്ള ആ നിൽപ്പ് കണ്ടപ്പോ അവന്റെ നെഞ്ചിടിപ്പ് കൂടിയിരുന്നു..ഉമ്മ ഇനി വല്ലതും പറഞ്ഞാൽ അതൂടി താങ്ങാനൊരു പക്ഷേ സോഫി എന്ന പാവം പെണ്ണിന് കഴിഞ്ഞെന്നു വരില്ലല്ലോ എന്നോർത്തായിരുന്നു അത്..

ഉമ്മാന്റെ പിറകിലായി ഷംസുവും ഉണ്ട്..ഒരു അങ്കം നേരിൽ കാണാൻ റെഡിയായി വരാ ഓൻ..
കലി തുള്ളി വരുന്ന ഉമ്മാനെ എങ്ങനെ നിയന്ത്രിക്കണമെന്നറിയാതെയവൻ കുഴങ്ങി..

“ഉമ്മാ..ഞാൻ… “

വാക്കുകൾ വിഴുങ്ങിക്കൊണ്ട് കഷ്ടപ്പെടുന്ന അജ്മലിനെ ഒരു നോട്ടം കൊണ്ട് നിലക്ക് നിർത്തി അവർ തുടർന്നു..

“നിർത്ത് ‌..ഇയ്യ് ഒന്നും പറയണ്ടാ..”

അതും പറഞ്ഞ ഖൈറുത്താ നേരെ സോഫിയുടെ നേർക്ക് നടന്നടുത്തു…

തുറിച്ച് നോക്കി നിൽക്കുന്ന ഖൈറുത്താന്റെ മുന്നിൽ പേടിച്ചരണ്ട് നിൽക്കയായിരുന്നു..സോഫി..
ഖൈറുത്താ അവളെ അരികിലേക്ക് വിളിച്ചു നെറ്റിയിൽ ഒരു മുത്തം നൽകി..

“ന്റെ മോള് …പേടിച്ചു പോയോ..”

ഒരു പുഞ്ചിരിയോടെ ഉമ്മ പറയുന്നത് അജ്മൽ ശ്രദ്ധയോടെ കേൾക്കുകയായിരുന്നു..

“മോളെ ആദ്യമായി കണ്ടതുമുതൽ ന്റെ മനസ്സിലും ഉണ്ടായിനു ഇങ്ങനൊരാഗ്രഹം..അതിന്റെ ഇടയിലാ ഷംസു ഞങ്ങളോട് കാര്യക്കൊ പറഞ്ഞത്..”

ഷംസുവിനെ നോക്കി കണ്ണുരുട്ടുന്ന അജുനെ നോക്കി ഉമ്മ തുടർന്നു..
“ഇയ്യ് ഓനെ നോക്കി പേടിപ്പിക്കൊന്നും വേണ്ടാ അജോ..അന്റെ പെങ്ങൾക്ക് ആദ്യേ സംശയം ഉണ്ടേയ്നു..പോലീസാര് ചോദ്യം ചെയ്യ്ണ പോലെ ചോദിച്ചപ്പോയാ ഓനൊക്കെ പറഞ്ഞേ..
പിന്നെയ്..രണ്ടാളോടും കൂടി പറയാ..പ്രേമിച്ച് നടക്ക്ണെയ്നൊക്കെ നമ്മൾ എതിരാ..ഇഷ്ടാാച്ചാൽ നമ്മള് പെട്ടെന്ന് തന്നെയങ്ങു നിക്കാഹ് കഴിച്ച് തരും..ന്നിട്ട് എന്താച്ചാ ആയിക്കോളി..”
സോഫിയുടെ തലയിൽ തലോടിക്കൊണ്ടിരിക്കയായിരുന്ന ഖൈറുത്താ പറഞ്ഞു..

“മോളിപ്പോ പോയി റെസ്റ്റെടുക്ക്..നല്ലപോലെ പനി പിടിച്ചോണ്ടല്ലേ ഇവടന്ന് പോയേ..ഞങ്ങളേതായാാലും നാളെ ഡിസ്ചാർജാവല്ലോ..”

ഉമ്മാന്റെ നിർബന്ധത്തിനു വഴങ്ങി അവൾ ഹോസ്റ്റലിലേക്കു തന്നെ മടങ്ങി..;.സോഫിയുടെ മുഖത്ത് വിരിഞ്ഞ സന്തോഷത്തിന്റെ ഭാവങ്ങൾ വർണ്ണനകൾക്കതീതമായിരുന്നു…പ്രണയാർദ്ദമായ ആ മിഴികൾ വീണ്ടും വീണ്ടും അവനെയെത്തി നോക്കുന്നുണ്ടായിരുന്നു.. നിറഞ്ഞ മനസ്സുമായി അജ്മൽ ആ മുഖം തന്റെ ഹൃദയത്തോട് ചേർത്തു വെച്ചു ഒരു മൂളിപ്പാട്ടും പാടി യാഥാർത്യമാക്കാൻ കൊതിക്കുന്ന കിനാവിലേക്ക് ഊളിയിട്ടു..

?മുഹബ്ബത്തിൻ കനിക്കിത്ര മധുരമുണ്ടോ മുത്തേ…
കരളിലെ കനവിനിത്ര സുഗന്ധമുണ്ടോ..?

പ്രണയത്തിൽ കോർത്തെടുത്ത ദിനങ്ങളങ്ങനെ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു.. ഇണങ്ങിയും പിണങ്ങിയും രാവും പകലും അവർക്ക് വേണ്ടി മാത്രമായി …
അതിനിടയിൽ സോഫി ആ ‌ഹോസ്പിറ്റലിലെ ജോലി ഉപേക്ഷിച്ചു മറ്റൊരു ഹോസ്പിറ്റലിൽ പോയി ജോയിൻ ചെയ്തു..അതുകൊണ്ടു തന്നെ ഖൈറുത്തായുടെ ആഗ്രഹം പോലെ തന്നെഅവരു തമ്മിലൊരു കൂടിക്കാഴ്ചക്കൊരവസരം കിട്ടിയിരുന്നില്ലാ..
നിലാവു പൊഴിക്കുന്ന അമ്പിളിയോടും കൺചിമ്മി തുറക്കുന്ന താരകങ്ങളോടും വിരഹത്തിന്റെ വേദന പങ്കുവെച്ചും കൊണ്ടവർ ദിവസങ്ങൾ കഴിച്ചു കൂട്ടി..എന്നെങ്കിലും യാഥാർത്യമാവുന്ന ആ സ്വപ്നങ്ങൾക്ക് ചിറകു വിരിക്കണമെങ്കിൽ പ്രാരാബ്ധങ്ങൾ പടിയിറങ്ങി പോവണമെന്നവർക്ക് നിശ്ചയമുണ്ടായിരുന്നു..അതുകൊണ്ട് തന്നെ അതിനുവേണ്ടി തന്നാലാവുന്ന വിധം പ്രയത്നിക്കുമെന്നവൻ തീരുമാനിച്ചു..
.

അന്ന് ഡോക്ടറുടെ ഉപദേശം കണക്കിലെടുത്ത് അജ്മലിൽ കുറച്ചൂടെ ഒരു തന്റേടവും പക്വതയും ഒക്കെ വന്നു തുടങ്ങി..
സദാ സമയവും ഫേസ്ബുക്കിൽ അടിഞ്ഞു കൂടിയിരുന്ന അവൻ പതിയേ എല്ലാ സൗഹൃദങ്ങളിൽ നിന്നും അകന്നു തുടങ്ങി..സൗഹൃദം അത് സോഫിക്ക് മാത്രമുള്ളതായി..അവരുടേതാായ ലോകത്തെ സ്വപ്നങ്ങളെ യാഥാർത്യത്തിന്റെ ലോകത്തേക്ക് കൊണ്ടു വരാൻ അവൻ കഠിനമായി പരിശ്രമിക്കാൻ തുടങ്ങി..അതിനു വേണ്ടി സോഫി അവന്റെ മുന്നിലെ ഒരുമ്മാന്റെ വാത്സല്യവും ഒരു ഭാര്യയുടെ നിയന്ത്രണവും ഒരു പെങ്ങളുടെ സ്നേഹവും എല്ലാം അവനിൽ വാരിക്കോരി കൊടുത്തു..അവളില്ലാത്ത ലോകത്ത് അവനൊരു വട്ടപൂജ്യമായിരുന്നു..സ്വന്തമായൊരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാൻ അവളുടെ ഉപദേശവും പ്രയത്നവും അവനെ സഹായിച്ചു.. എല്ലാം കൂടി ഒരു കുടുംബനാഥനാവാനുള്ള പ്രാക്ടീസ് അവൻ നേടിയെടുത്തിരുന്നു…. .ലോങ് ആയി പോവുന്ന വണ്ടികളിൽ ഡ്രൈവറായി പോവുന്നതിനു പുറമേ അവനെകൊണ്ടാവുന്ന എല്ലാ ജോലികളും അവൻ ചെയ്തു നോക്കൻ തുടങ്ങി..ഒന്നുരണ്ട് ദിവസങ്ങൾ കഴിഞ്ഞു മാത്രമേ മടങ്ങി വരാറുള്ളു….കിട്ടുന്ന കാശ് അനാവശ്യമായി ചിലവഴിക്കാതെ മാസാമാസങ്ങളിൽ ഒരു നിശ്ചിത തുക ബാങ്കിൽ അടക്കും ….ഷമീലയെ കല്ല്യാണം കഴിപ്പിക്കുവാനുള്ള പണം അതു വേറേയും സ്വരൂപിക്കും…കാരണം അതിനു ശേഷം മാത്രമേ തന്റെ പ്രാണേശ്വരിയെ ഈ കുടിലിലേക്ക് കൊണ്ടുവരാനൊക്കൂ,..

അങ്ങനെയിരിക്കെ ഒരു ദിവസം അജ്മൽ കോഴമ്പത്തൂരിലേക്കുള്ള ലോഡുമായി പോവുകയായിരുന്നു…
ഓരോരോ ഓർമ്മകൾക്ക് തിരികൊളുത്തി അവക്കൊപ്പം കത്തിതീരുന്ന ജന്മങ്ങളേയും ഓർത്തങ്ങനെ ഡ്രൈവ് ചെയ്യുന്നതിനിടയിലാണ് ഷംസുനെ ഓർത്തത്..വിളിച്ചിട്ടിപ്പോ ഒരാഴ്ചയാാവാനായി..അവൻ വിളിക്കുമ്പോഴൊക്കെ താൻ എന്തെങ്കിലുമൊക്കെ തിരക്കിലായിരിക്കും ..പിന്നെ വിളിക്കാമെന്ന് കരുതി മറക്കും..ഡ്രൈവിംഗിനിടയിൽ

വെറുതേ അവനൊന്നു വാട്ട്സപ്പ് ഓണാക്കി..ഷംസുവിന്റ് മെസ്സേജ് കുന്നോളമുണ്ട് ,ഏറെയും തെറി..ഒന്നിനും താൻ മറുപടി കൊടുത്തിട്ടില്ലാ..പടച്ചോനെ ..ന്റെ ഷംസൂ..ഞാൻ എങ്ങനാ അന്നെ മറന്ന് പോയേ..
ഷംസുനു ഒരു ഹായ് വിട്ടു മറുപടിക്കും വേണ്ടി കാത്തിരുന്നു..തിരികെ റിപ്ലെ ഒന്നും വന്നില്ലാ..കുറേ ചാറ്റിയപ്പോ പരാതിയുടെ ഒരു പെട്ടിപൊട്ടിച്ചുകൊണ്ട് അവൻ തിരികെയെത്തി..

“ന്താ മൊയന്തേ അനക്ക് വേണ്ടത്..ഒരു പെണ്ണിനെ കിട്ടിയോക്കുമ്പോ അന്റെ വാലായി നടന്നീനെ ന്നെ ഇയ്യ് മറന്നിലേ..ഇപ്പോ എന്ത് ഒലക്കക്കാ മെസ്സേജ് അയച്ചേ..”

“ന്റെ ഷംസോ ഇയ്യ് പെണങ്ങല്ലേ..എന്തൊക്കെ പറഞ്ഞാലും എന്റെ ആദ്യത്തെ ഭാര്യ ഇയ്യ് തന്നെയാ..അത് കഴിഞ്ഞിട്ടേ സോഫി ഉള്ളു..”
ചിരിച്ചുകൊണ്ടുള്ള ഒരു സ്മൈലിയും വിട്ട് അവനത് ഒതുക്കാൻ ശ്രമിച്ചെങ്കിലും പരിഭവത്തിന്റെ മുഖം മൂടി അഴിക്കാൻ ഷംസു തയ്യാറല്ലായിരുന്നു..പൊതുവേ എല്ലാർക്കുമിടയിൽ ഒരു പറച്ചിലുണ്ട് അജ്മലിന്റെ ഭാര്യയാ ഷംസു എന്ന്..അജു എവിടെയുണ്ടോ അവിടെ ഷംസുവും ഉണ്ട്.

“ഇയ്യ് ഒന്നു പോ പോത്തേ..നിക്ക് അന്നോടൊന്നും പറയാനില്ലാ..പൊയ്ക്കോ എങ്ങോട്ടാച്ചാാൽ..”

“ആഹാ…എന്നാ അജു പോവുംട്ടോ..പിന്നെ പറഞ്ഞിട്ട് കാര്യല്ലാാ..”

അതും പറഞ്ഞ ആ ചാറ്റ് അവസാനിപ്പിക്കവേ..പെട്ടെന്നാണ് അജ്മലിന്റെ
വാട്ട്സപ്പിലേക്ക് ഒരു അജ്ഞാത നമ്പറിൽ നിന്നൊരു മെസ്സേജ്..
കൂടെ ഒരു ഫോട്ടോയും..
ഒരു നിമിഷം ആ ഫോട്ടോയിൽ തന്നെ നോക്കി നിന്ന അജ്മൽ പെട്ടെന്ന് വല്ലാതായി..മുന്നിലുള്ളതൊന്നും കാണാൻ പറ്റാത്ത വിധത്തിൽ കണ്ണിൽ ഇരുട്ട് കയറിത്തുടങ്ങിയിരുന്നു..ഓടിക്കൊണ്ടിരിക്കുന്ന വണ്ടി അനുസരണയില്ലാതെ എങ്ങോട്ടൊക്കെയോ പാഞ്ഞു..പതിയിരിക്കുന്ന അപകടം തിരിച്ചറിഞ്ഞിട്ടും നിയന്ത്രിക്കാനാവതെ അജ്മലും… മിന്നിമറഞ്ഞ ഉമ്മാന്റെ മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ വേദനയോടെ അവൻ ഉറക്കെ വിളിച്ചു…
“ഉമ്മാാാാ…”

അജ്മലിന്റെ ആ ഉമ്മാ എന്നുള്ള വിളി ദൂരങ്ങൾ താണ്ടി ഖൈറുത്താന്റെ അരികിലെത്തിയിരുന്നു..ഉച്ചമയക്കത്തിൽ നിന്നു ഞെട്ടിയുണർന്ന അവരുടെ നാവിൻ തുമ്പിൽ നിന്നടർന്നു വീണതും ആ നാമമായിരുന്നു..
“അജു..മോനേ അജൂ..”
ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ പിറുപിറുക്കുന്ന ഉമ്മാന്റെ അരികിലേക്ക് പുസ്തകം മടക്കിവെച്ച് ഷമീല കടന്നു വന്നു..

“എന്താ മ്മാ..ഇക്കാക്ക വരാനാവ്ണല്ലേ ഉള്ളു..ഇങ്ങളെന്തേയ് വല്ല സ്വപ്നോം കണ്ടോ..”
ഷമി അരികിൽ വന്ന് തട്ടി വിളിച്ചപ്പോ വെപ്രാളത്തോടെ എഴുന്നേൽക്കാൻ ശ്രമിക്കായിരുന്നു ഖൈറുത്താ..

“ആ..ഇയ്യ് ഓനെ ഒന്നു വിളിച്ചോക്യാ ഷമിയേ..”

“ആഹ്..നല്ല കഥയായി..ഇക്കാക്കനെ ഞാനിപ്പോ വിളിച്ച് നോക്കീട്ടേ ഉള്ളൂ..എനിക്ക് കുറച്ച് സാധനൊക്കെ വാങ്ങിക്കാനുണ്ടേയ്നു…റേഞ്ചില്ലാാന്നാ പറയ്ണേ..ഇക്കാക്ക ഇന്ന് രാത്രിയാവുമ്പോ എത്തും ന്നല്ലേ രാവിലെ വിളിച്ചപ്പോ പറഞ്ഞേ..”

“ന്നാലും എന്തോ ഒരു ബേജാറ് മനസ്സില്..”

“അതെപ്പോയും ഉമ്മ അജുക്കാന്റെ കാര്യം മാത്രം ചിന്തിക്ക്ണോണ്ടാ..അല്ലെങ്കിലും സ്വപ്നത്തിൽ കാണ് ണതൊക്കെ അതേപോലെ സംഭവിക്കോ ഉമ്മാ..അങ്ങനാണേൽ ഈ ഷമി ഇപ്പോ എവിടെത്തേണ്ടതാ..”
ഉമ്മാനെ അതും പറഞ്ഞ് സമാധാനിപ്പിച്ചോണ്ടവൾ പുസ്തകത്താളുകളിലേക്ക് മുഖം താഴ്ത്തി..

പകൽക്കിനാവ് പകല് പോലെ മാഞ്ഞുപോവും എന്ന തത്ത്വത്തിനടിവരയിട്ട് ഖൈറുത്താ മനസ്സിനെ സമാധാനിപ്പിച്ചു കൊണ്ട് പിന്നീടോരോ ജോലിയിൽ മുഴുകി..
സായാഹ്ന സമയത്തിത്തിരി കിട്ടിയ ഇടവേളക്ക് വീടിനോടടുത്ത പറമ്പുകളിൽനിന്ന് വിറകു ശേഖരിക്കുമ്പോഴായിരുന്നു നിർത്താതെയുളള ഫോണിന്റെ ശബ്ദം കേട്ടത്..

“ന്റെകുട്ട്യേ..ഇയ്യ് കേൾക്ക്ണില്ലേ ഫോൺ ബെല്ലടിക്കണത്..ഒന്നെട്ത്ത് നോക്ക്യൂടെ അനക്ക്..അജു എങ്ങാനും വിളിക്കണതാണെങ്കിലോ..ഏത് സമയത്തും ഒരു പുസ്തകോം പിടിച്ചോണ്ടുണ്ടാവും ഓള്..ഈ പെരേല് നടക്ക്ണതൊന്നും അറിയണ്ടാ..”
എന്തൊക്കെയോ ചൊല്ലി പറഞ്ഞുകൊണ്ട് ഖൈറുത്താ ഫോൺ അറ്റൻഡ് ചെയ്തു..

“ഹലോ..ഉമ്മാാ..ഇത് ഞാനാ ഉമ്മാ സോഫി…”

“ഹാ..മോളോ..എന്താ അന്റെ വർത്താനൊക്കെ..”

“അത്..ഉമ്മാ..നല്ല വിശേഷം..അജുക്കാ പോയിട്ട് വന്നോ…വിളിച്ചിട്ട് കിട്ട്ണില്ലാ..”

“ആ..ഓനിന്ന് രാത്രി ആവുമ്പോഴേക്കും എത്തും എന്നല്ലേ..പറഞ്ഞിക്ക്ണേ..എന്താ മോളേ ഇയ്യ് ചോദിച്ചേ..”

“അത്..ഒന്നുല്ലാ ഉമ്മാ..സ്വിച്ച് ഓഫ് ആയപ്പോ ഞാൻ പേടിച്ചതാ.. ന്നോട് പിണങ്ങിയോന്ന് ..ഇന്ന് മിന്നൽ പണിമുടക്ക് ണ്ടായോണ്ട് ബസ്സ് കിട്ടാത്തോണ്ട് കുറച്ച് പാട്പെട്ടോയി..അതിനിടേൽ വന്ന കോളൊന്നും എടുക്കാൻ പറ്റീലാ..”

“അതോണ്ടൊന്നും ആവൂലാ മോളേ..
ചിലപ്പോ ഫോണിന്റെ ചാർജ് തീർന്നിണ്ടാവും..”

“ഉം..എന്നാ ഞാൻ വെക്കട്ടേ ഉമ്മാ..അജുക്കാ വന്നിട്ടൊന്നു വിളിക്കാൻ പറയണേ..”
അതും പറഞ്ഞു സോഫി വെക്കുമ്പോഴും ഖൈറുത്താ ആരോടെന്നില്ലാതെ പിറുപിറുക്കുന്നുണ്ടായിരുന്നു..

‘കല്യാണത്തിനു മുന്നേ ഉള്ള ഈ ഫോൺ വിളി എനിക്ക് തീരേ അങ്ങട് പിടിക്ക്ണില്ലാാ..പക്ഷേങ്കില് ഈ അജ്മലിനോട് അതൊക്കെ പറഞ്ഞിട്ട് കാര്യണ്ടോ..
രണ്ടിന്റേയും നിക്കാഹ് വേഗം നടത്താന്ന് വെച്ചാാ..ഷമീലാക്ക് ഒരു ആലോചന വന്നിട്ട് രണ്ടൂടി ഒപ്പമാക്കാന്നായിരുന്നു പ്ലേൻ..ന്നാ പിന്നെ അത്രേം ചെലവ് കുറയേയ്നു…ഇങ്ങനാണേലിപ്പോ അയിനൊന്നും നേരണ്ടാവൂലാ..”.

“എന്താ ഉമ്മാ ഇങ്ങള് ഒറ്റക്കിരുന്ന് വർത്താനം പറയ്ണേ….”

“ഒന്നുല്ലാാ ന്റെ കുട്ട്യേ…
ഞാനിപ്പോഴത്തെ കോലം മാറിയ കാലത്തെ കുറിച്ച് പറഞ്ഞതാാ…”

ഓരോന്ന് ഓർത്തങ്ങനെ കോലായിലൊരറ്റത്ത് നിസ്കാരാവും കഴിഞ്ഞ് വന്നിരിക്കാൻ തുടങ്ങീട്ട് കുറേ നേരാായി ഖൈറുത്താ..

“ന്താ ഉമ്മാ..ഇങ്ങൾ കുറേ നേരാായല്ലോ മുസയഫും കയ്യിൽ പിടിച്ച് കിനാവ് കാണാൻ തുടങ്ങീട്ട്..ഈ ലോകത്തൊന്നും അല്ലേ..”

ഷമീനാന്റെ വിളി കേട്ട് ഖൈറുത്താ ചിന്തയിൽ നിന്നുണർന്നു….
“ആ..ഷമിയേ..ഉമ്മ ഇപ്പോ കിനാവൊക്കെ കാണാാൻ തൊടങ്ങിക്ക്ണ്.പക്ഷേങ്കില് ആ കിനാവില് നിറയേ..ഇയ്യും അന്റെ ആങ്ങള അജ്മലിനേയും കുറിച്ചുള്ള ആധികളാ…
ഇയ്യ് സമയെത്രായീന്നൊന്നു ആ ക്ലോക്കിലേക്കൊന്ന് നോക്കിക്കേ..”

“സമയം ഒമ്പതുമണിയായി ഉമ്മാ..”

“സുബ് ഹാനള്ളാാ..അത്രൊക്കെ ആയോ..ന്നിട്ട് അജു എവടെപ്പോയി..ഓൻ സാധാാരണ എട്ടുമണിക്ക് മുന്നായി ഇങ്ങെത്താറുള്ളതാണല്ലോ…ഇയ്യ് ആഫോണെടുത്ത് ഓനെയൊന്നു വിളിച്ചോക്കിയാ ഷമിയേ…”

ഷമി ഫോണെടുത്ത് വിളിച്ചപ്പോയൊക്കെ ഫോൺ സ്വിച്ച് ഓഫ് തന്നെ.. ഖൈറുത്താന്റെ മനസ്സിൽ വേവലാതിയുടെ ഒരു അരങ്ങേറ്റം തന്നെ ഉണ്ടായി..ഇത്രേം നേരായിട്ട് ന്റെ കുട്ടി എവിടെ..പടച്ചോനേ..വല്ല ഇടങ്ങേറിലും പെട്ടോ..ന്റെ കുട്ടിനേ കാത്തോളണേ..

ഇരുട്ട് വീണ്ടും വീണ്ടും കട്ടി പ്രാപിച്ച് അവർക്ക് മുന്നിൽ അട്ടഹസിക്കുന്നുണ്ടായിരുന്നു…അന്ന് രാത്രി ഖൈറുത്താക്ക് ഉറക്കം വന്നതേയില്ലാ..വരും വരാതിരിക്കില്ലാാ എന്ന പ്രതീക്ഷയേ കൂട്ടു പിടിച്ച് അവർ ഓരോ നിമിഷത്തേയും തള്ളി നീക്കി..

സമയം പുലർച്ചേ നാലുമണിയായെന്നറീച്ച് കൊണ്ട് ഘടികാരം അവർക്കു മുന്നിൽ തലയാട്ടി..ഉണർന്നു കിടക്കുന്ന ആ മിഴികളിലും ഒരു ഞെട്ടലുണ്ടാക്കി സുബ് ഹി ബാങ്കു വിളിച്ചു..കാത്തിരിപ്പിന്റെ ആ വേദന അതൊരു വല്ലാത്ത നോവാണ്..സുബ് ഹി നിസ്കരിച്ച് അവർ മനം നൊന്ത് റബ്ബിന്റെ മുന്നിൽ പ്രിയ പുത്രനു വേണ്ടി കേണു..ആരെയാണ് വിളിക്കേണ്ടതെന്നൊരു രൂപവും അവർക്കു മുന്നിൽ തെളിഞ്ഞില്ലാ..

നേരം വെളുക്കാതെ ആരോട് പറയാനാ..
ആറുമണിയായപ്പോ..ഷംസുന്റെ നമ്പറിലേക്ക് വിളിച്ചു..

“ഷംസോ..ഇത് ഞാനാ അജുന്റെ ഉമ്മ”

“ന്താ ഉമ്മാ..ന്തുപറ്റി ഇങ്ങൾ രാവിലെ തന്നെ..”

“അത് മോനെ..ഇന്നലെയെങ്ങാനും അജു അന്നെ വിളിച്ചിനോ..ന്റ്റെ മോൻ ഇന്നലെയിങ്ങ് എത്തേണ്ടതാ..വിളിച്ചിട്ടാണേൽ കിട്ടുന്നുല്ലാ..നിക്ക് വല്ലാണ്ട് പേടിയാവ്ണ് മോനേ..”
ഒറ്റ ശ്വാസത്തിലൂടെയെല്ലാം പറഞ്ഞു തീർത്ത ഖൈറുത്താ ഒരു പൊട്ടിക്കരച്ചിലൂടെയാണതവസാനിപ്പിച്ചത്..

“ഉമ്മാ..ഇങ്ങൾ കരയാണ്ടിരിക്ക്..ഒരു ദിവസം അങ്ങോട്ടും ഇങ്ങോട്ടൊക്കെ ആവൂലേ ഉമ്മാ..ഇങ്ങളിങ്ങനെ ബേജാറായാലെങ്ങനാ..”

“ഇല്ല മോനേ..ന്റെ കുട്ടി നേരം വൈകാണേൽ അത് എപ്പോ ആണേലും എങ്ങനേലും വിളിച്ചു പറയാറുണ്ട്..”

“ഇങ്ങൾ കരയല്ലി ഉമ്മാ..ഞാനൊന്നന്വേഷിക്കട്ടേ..”
അതും പറഞ്ഞ് ഫോൺ വെച്ചെങ്കിലും എവിടെപ്പോയന്വേഷിക്കണമെന്നവനും ഒരെത്തും പിടിയുമില്ലാായിരുന്നു..കുറേ ദിവസായി തമ്മിൽ കണ്ടിട്ടും സംസാരിച്ചിട്ടുമൊക്കെ..ഇന്നലെ സംസാരിക്കാൻ വന്നപ്പോ തെറി വിളിച്ചകറ്റിയതും താൻ തന്നെ..പറഞ്ഞുപോയ ഓരോ വാക്കുകളും അവനെ വല്ലാതെ വിഷമത്തിലാാക്കി..
‘അജൂ നീ എവിടെയാ ..സോറിടാ..പറഞ്ഞതിനെല്ലാാം..

ആരെ വിളിക്കണമെന്നാാലോചിച്ചിരിക്കുമ്പോഴാ സോഫിടെ കാര്യം ഓർമ്മ വന്നത്‌..സോഫീടെ നമ്പർ ഡയൽ ചെയ്തോണ്ടിരിക്കുമ്പോ ഷംസു എന്ന വ്യക്തിക്ക് വേണ്ടി അവന്റെ നമ്പറിലേക്ക് മറ്റൊരാൾ ഡയൽ ചെയ്യുന്നുണ്ടായിരുന്നു..

ഷംസുവിന്റെ കോൾ കണ്ടതും സോഫി വേഗം അറ്റൻഡ് ചെയ്തു..

“ഷംസുക്കാ..അജുക്കാ ഇങ്ങളെ വിളിച്ചീനോ..ഞാൻ വിളിച്ചിട്ട് കിട്ട്ണില്ലാ..”

ഒരു കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു ആ വാക്കുകൾ..
“ന്താ സോഫി..ഓൻ ചെറിയ കുട്ടിയൊന്നുമല്ലല്ലോ..ഓൻ വാശിപ്പിടിച്ചെവിടേലും ഒളിച്ചിരിക്ക്ണ്ടാവും..ഇന്ന് കഴിഞ്ഞ് താനേ വന്നോളും..ഇയ്യ് വിഷമിക്കാണ്ടിരിക്ക് ..സോഫീ ഒരു കോൾ വരുന്നുണ്ട്..ഞാൻ പിന്നെ അങ്ങോട്ട് വിളിക്കാം”

മറുപടിക്ക് കാത്തിരിക്കാതെ തന്നെ ഫോൺ കട്ട് ചെയ്തു..അറിയാത്തൊരു നമ്പറിൽ നിന്ന് വരുന്ന ആ കോൾ ആരുടേതാാണെന്ന സംശയഭാവത്തോടെ തന്നെ കോൾ അറ്റൻഡു ചെയ്തു..

“ഹലോ..”

“ഹലോ..ഇത്… മിസ്റ്റർ അജ്മലിന്റെ ഫ്രണ്ടാണോ..”

“അതേ..ഇതാരാ..”
ആകാംക്ഷയോടെ ഷംസു
ആ മറുപടിക്ക് വേണ്ടി കാതോർത്തിരുന്നു..

“ഞാനിത് കോയമ്പത്തൂർ നിന്നാ വിളിക്ക്ണത്..ഇയാളുടെ ഫ്രണ്ട് അജ്മലിന്റെ ആധാർ കാർഡും ലൈസൻസും അടങ്ങിയ ഒരു പേഴ്സ് ആക്സിഡന്റായ വണ്ടിയിൽ നിന്നും കിട്ടീണ്…കൂടെ ഇയാൾടെ ഫോട്ടോയും നമ്പറും..”

“എന്ത്…അപ്പോ അജ്മൽ..അജ്മലെവിടെയാ..എന്താാ ഓന് സംഭവിച്ചത്.. പറയ്..”
ഉത്കണ്ഠാകുലനായ അവനൊരു ഭ്രാന്തനെപ്പോലെ അലറി…
കൂട്ടുകാരനെന്താണ് സംഭവിച്ചതെന്നറിയാതെ …

“അത് പിന്നെ അജ്മൽ…”

മുഴുമിക്കാത്ത വാക്കുകളെ തടഞ്ഞു വെച്ചുകൊണ്ട് ആ കോൾ ഡിസ്കണക്ടായി…കേട്ടവാക്കുകൾക്കെന്തർത്ഥം കൊടുക്കണമെന്നറിയാതെ ഷംസുവും തളർന്നുപോയിരുന്നു..

കുറച്ചു സമയമം ഷംസു സ്വന്തം ശരീരത്തെ നിശ്ചലതക്ക് വിട്ടുകൊടുത്തുകൊണ്ടങ്ങനെ ഇരുന്നു..പിന്നീട് ചാടിയെണീറ്റും കൊണ്ടവൻ വന്ന നമ്പർ തിരയാൻ തുടങ്ങി.. അക്കങ്ങളൊന്നും തെളിയുന്നില്ലാ..മങ്ങിയകന്നു നിന്നുകൊണ്ട് തന്റെ ഫോണു പോലും തന്നോട് ക്രൂരത കാട്ടുന്നപോലെയവനു തോന്നി..മിഴിനീർ അടർന്നുവീണു ചിത്രം വരക്കാൻ തുടങ്ങിയപ്പോളവൻ തിരിച്ചറിഞ്ഞു..ക്രൂരത കാട്ടുന്നത് മറ്റൊന്നുമല്ല തന്റെ പ്രിയപ്പെട്ട ചങ്ങായിയോടുള്ള സ്നേഹമാണതെന്ന്..
തിരിച്ചു വിളിച്ചു..

ഇല്ലാ..നമ്പർ പോണില്ലാാ..എന്താപ്പോ ചെയ്യാ…ആരോടാ പറയാ..
ഫോണിൽ നിന്ന് കണ്ണുകളെ അടർത്തി മാറ്റാനവനു തോന്നിയില്ലാ..ഒരു പക്ഷേ അയാളിനിം വിളിച്ചേക്കാം..

“ഇയ്യിത് ന്തേത്താ ഷംസോ ..വാലിന് തീപിടിച്ച മാതിരി അങ്ങോട്ടും ഇങ്ങോട്ടും ഇപ്പായ്ണേ..
ന്താ അനക്ക് തിന്നാനും കുടിക്കാനൊന്നും വേണ്ടേ..ഇയ്യ് കുറേ നേരായല്ലോ ആ കുന്ത്രാണ്ടോം തൊക്കിലിടുക്കി നടക്ക്ണ്.”

ഉമ്മാന്റെ ശകാരവാക്കുകൾക്കൊന്നും നഷ്ടമായ അവന്റെ ഉത്സാഹത്തെ കൊണ്ടു വരാനായില്ലാ..

“ആ..മ്മാ ഞാൻ കുടിച്ചോളാ..”

“എപ്പോ..കുടിച്ചോളാാന്ന്..ഇപ്പോ സമയത്രായീന്നനക്ക് വല്ല ബോധോം ഉണ്ടോ.
.പന്ത്രണ്ടര..”

ഇനിം ഉമ്മാനെ തൊള്ള പൂട്ടൂലാന്ന് മനസ്സിലാക്കിയ അവൻ ചായ കുടിക്കാനായിരുന്നപ്പോഴായിരുന്നു
പെട്ടെന്ന് ഫോൺ ശബ്ദിച്ചത്..
സകലതും തട്ടി മറിച്ചോണ്ടവൻ റൂമിലേക്കോടി..ആ വീട്ടിൽ ആകേ റേഞ്ചുള്ള സ്ഥലം..

പ്രതീക്ഷയോടെ ഫോണിലേക്ക് നോക്കിയപ്പോൾ അജ്മലിന്റെ ഉമ്മ ഖൈറുത്താ..
പടച്ചോനേ..ഇവരോട് ഞാനിനിയെന്തു സമാധാനം പറയും..എടുക്കണോ വേണ്ടയോ എന്ന സംശയത്തിനൊടുവിൽ അവൻ ആ വിളിക്ക് മറുപടി നൽകി..

“ഷംസോ..എന്തെങ്കിലും വിവരം കിട്ടീണോ ന്റെ കുട്ടീനെ പറ്റി..?”

“ആ ഉമ്മാ..ഓൻ കുറച്ചു മുന്നെ എന്നെ വിളിച്ചീനി..രണ്ടീസം കൂടി കഴിഞ്ഞിട്ടേ വരാാൻ പറ്റുള്ളുന്ന്..അവടെ കുറച്ചൂടെ പണിണ്ട്..ഫോൺ കേടായോണ്ടാ വിളിക്കാത്തേ.. ”
എങ്ങനെയോക്കെയോ അത്രേം പറഞ്ഞൊപ്പിക്കുമ്പോ വാക്കുകളിലിടർച്ച വീഴാതിരിക്കാനവനൊത്തിരി പാടുപെട്ടിരുന്നു..

“ഹാാഊ..ന്റെ കുട്ടിയേ..ഇത്രേം നേരാായിട്ട് ന്നെ ഇങ്ങനെ തീ തീറ്റിക്കണ്ടിനോ..അനക്കിത് നേരത്തൊന്നു വിളിച്ച് പറഞ്ഞൂടെയ്നോ.”

..”അതുമ്മാ..ഞാൻ കൊറച്ച് ..തിരക്കിൽ…”

“മതി ഷംസോ ..നിർത്തിക്കാളാ..നിക്ക് മനസ്സിലായി..എല്ലാർക്കും അവനവന്റെ കാര്യേ ഉണ്ടാവൂ…ഞാൻ ന്റെ സങ്കടം കൊണ്ട് പറഞ്ഞെന്നേ ള്ളൂ..”

ഉമ്മാ ..ഇങ്ങളങ്ങനെ പറയല്ലേ…ഈ ഷംസുന്റെ സങ്കടപ്പോ എത്രാന്ന് ഇങ്ങക്കറിയോ
എന്നൊക്കെ പറയണമെന്നുണ്ടാായിരുന്നു..പക്ഷേ..സാധിക്കുന്നില്ലാ..

അജ്മലിന്റെ ഒന്നു രണ്ടുഫ്രണ്ട്സിനെ കോണ്ടാക്ട് ചെയ്തെങ്കിലും അവർക്കൊന്നും ഒരു വിവരവും ഇല്ലാ..കാരണം കുറച്ചു കാലായിട്ട് എല്ലാരിൽ നിന്നും അകന്നു കഴിയുകയായിരുന്നല്ലോ..

വിധി..അതെന്താണേലും അനുഭവിച്ചല്ലേ പറ്റൂ..

ഇന്നൊരു ദിവസം അതെങ്ങനെയെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ നാളെ …നാളെ തന്നെ പോവണം ..സ്റ്റേഷനിൽ ഒരു പരാതി കൊടുക്കണം..ഏറെക്കുറേ മനസ്സിനെ പാകപ്പെടുത്തിയവൻ നാളെ കേൾക്കാൻ പോവുന്ന നോവുന്ന വാർത്തയെ മുന്നിൽ കണ്ടു നിദ്രയെ ക്ഷണിച്ചെങ്കിലും കണ്ണുകൾ അതിനു തയ്യാറായിരുന്നില്ല..ഉറ്റ ചങ്ങാതിയുടെ കുട്ടിക്കാലം മുതലുള്ള ഓർമ്മകളവനിൽ തികട്ടി വന്നു …നീറിപ്പുകയുന്നയവന്റെ മനസ്സ് വീണ്ടും ലക്ഷ്യമില്ലാതലഞ്ഞു നടക്കാൻ തുടങ്ങി..

പെട്ടെന്നായിരുന്നു
കോളിഗ് ബെല്ലിന്റെ ശബ്ദം പുറത്തെ നിശബ്ദതയെ വെല്ലുവിളിച്ചും കൊണ്ടകത്തെത്തിയത്..
സമയം പതിനൊന്നു കഴിഞ്ഞല്ലോ..
ആരാ ഈ സമയത്ത് ..ചിന്തിച്ചുകൊണ്ടിരിക്കവേ അപ്പോഴേക്കും ഷംസുവിന്റെ ഉപ്പ സുബൈർക്കാ വാതിൽ തുറന്നു വന്നയാളോടെന്തൊക്കെയോ സംസാരിക്കുന്നതവനവ്യക്തമായി കേൾക്കാമായിരുന്നു..ആരെങ്കിലുമായിക്കോട്ടേ താനതൊക്കെയെന്തിനു ശ്രദ്ധിക്കണം..
വീണ്ടും
പുതപ്പിനുള്ളിൽ ചുരുണ്ടുകൂടിയവൻ നിദ്രക്ക് വേണ്ടി കേണു..പെട്ടെന്നായിരുന്നു വാതിൽ തള്ളിത്തുറന്നുകൊണ്ടാരോ അകത്തേക്ക് കടന്നു വന്നത്..അയാൾക്കൊപ്പം പുറത്ത് നിന്നും അകത്തേക്ക് കടന്നു വന്ന പ്രകാശം ആ രൂപത്തെ തന്റെ മുന്നിൽ തെളിച്ചുകാണിക്കാൻ തിടുക്കം കൂട്ടി..ചുളിഞ്ഞ് നിൽക്കുന്ന പുരികം നിവർത്തി ആ മുഖത്തെ തിരിച്ചറിഞ്ഞപ്പോൾ നവരസങ്ങളിലേറെയും ഷംസുന്റെ മുഖത്ത് മിന്നി മറഞ്ഞിരുന്നു…

***********************************

അന്ധകാരത്തെ മറികടന്നു വെളിച്ചം പതിയെ പടികടന്നെത്തിയപ്പോഴേക്കും ഖൈറുത്താന്റെ വീട്ടുജോലികളെല്ലാം ഏകദേശം കഴിഞ്ഞിരുന്നു..

പത്രത്താളുകളിൽ കണ്ണും നട്ട് വാർത്തകളെ വിശകലനം ചെയ്യുകയായിരുന്ന ഷമീലയെ കണ്ടപ്പോൾ ഖൈറുത്താക്ക് അരിശം കേറി..

“ന്റെ ഷമീലാ ..ന്തെങ്കിലുമൊരു പണിക്ക് കൂടിത്തന്നൂടെ അനക്ക്..നാളെ ഒരുത്തന്റെ കൂടെ കെട്ടിച്ചയക്കാനുള്ള പെണ്ണാ..ആ ബോധം വല്ലതും ഉണ്ടോ അനക്ക്..അമ്മായിമ്മാ ചായേം ണ്ടാക്കി തൊള്ളേലേക്ക് അള്ളിത്തരുംന്നും വിചാരിച്ചിരുന്നോ ട്ടോ”

ഉമ്മാന്റെ വാക്കുകളെ സംഗീതമാക്കി അലസതകളേയും കൂട്ടുപിടിച്ചങ്ങനെ ചടഞ്ഞിരിക്കുമ്പോഴായിരുന്നു അങ്കണങ്ങളെ ചവിട്ടി മെതിച്ചും കൊണ്ടൊരു ഓട്ടോ അവരുടെ മുറ്റത്തേക്ക് പാഞ്ഞെത്തിയത്..

ഓട്ടോയിൽ നിന്നിറങ്ങി ഞൊണ്ടി ഞൊണ്ടി വരുന്ന ആളെ കണ്ട് ഇരുന്ന ഇരുപ്പിൽ നിന്നറിയാതെയവൾ എണീറ്റ്പോയി..
അജ്മലും ഷംസുവും.

“ഉമ്മാ…ഇങ്ങളൊന്നിങ്ങോട്ട് വരീ വേഗം….”
അതും വിളിച്ച് പറഞ്ഞവൾ മുറ്റത്തേക്കോടി..വിടർന്ന കണ്ണുകളാലവനെയടിമുടിയൊന്നു വീക്ഷിച്ചു..വെളുത്ത സുന്ദരമായ മുഖത്ത് അങ്ങിങ്ങായി ചെഞ്ചായം പൂശിയ പോലുള്ള ചുവന്ന പാടുകൾ..ശരിക്ക് നിൽക്കാൻ പോലും വയ്യ…കാലിനൊരു കെട്ടും..കൈകൾക്ക് പോലും താങ്ങ് കൊടുത്തിട്ടുണ്ട്..

“ന്താ ഇക്കാാക്കാ ഇതൊക്കെ..ന്താ ഈ പറ്റിയതൊക്കെ..”

അപ്പോഴേക്കും ഖൈറുത്താ ഓടി വന്നു..
“മോനേ അജോ..ന്ത് കോലാ ടാ ഇത്..അനക്ക് എന്താ പറ്റിയേ..എവിടെയ്നു ഇയ്യ്”
മൗനമായ മുഖഭാവത്തോടെ നിന്നുവെന്നല്ലാതെ അവൻ മറുപടിയൊന്നും നൽകിയില്ലാ..

“ഷംസോ..ഇയ്യെങ്കിലും ഒന്നു തൊള്ള തൊറന്ന് പറഞ്ഞാ..ന്താ ഓനിക്ക് പറ്റിയേ..”

“അത് പിന്നെ ഉമ്മാ ..പേടിക്കാനൊന്നുല്ലാ..ഈ കാണ്‌ന്ന പരിക്കൊക്കെ തന്നേ ഉള്ളൂ..ഓൻ ലോഡുമായി പോവുമ്പോ.. നിയന്ത്രണം വിട്ട് എവിടെയോ പോയിടിച്ച്..”
ഷംസു ഉണ്ടാായതെല്ലാം ഖൈറുത്താക്ക് മുന്നിൽ വിവരിച്ചു..

“എന്നെ വിളിച്ച അയാൾ പിന്നെ അജ്മലിനെ കണ്ടുമുട്ടുകയും നഷ്ടപ്പെട്ട സാധനങ്ങൾ ഒനിക്ക് തിരിച്ചു കൊടുക്കെയ്നു..”

എല്ലാം കേട്ടതും ഖൈറുത്താ കരയാൻ തുടങ്ങി..ഏതോ നിർവികാരതയിൽ മൂകനായി കട്ടിലിൽ ചാരി അജു അങ്ങനെ ഇരുന്നു..

“ഉമ്മാ..ഇങ്ങൾ കരയല്ലി..കൂടുതലൊന്നും പറ്റീട്ടില്ലാലോ.അതിന് നമ്മൾ പടച്ചോനോട് നന്ദി പറയല്ലേ വേണ്ടത്..ഇങ്ങളിപ്പോ ഓനിക്ക് എന്തേലും കുടിക്കാൻ കൊടുക്കി ..നല്ല ക്ഷീണം കാണും..”
ഷംസുന്റെ വാക്കു കേട്ട് ഉമ്മാ കണ്ണും തുടച്ച് അടുക്കളയിലേക്ക് നടന്നു..പോവുന്നതിനിടയിൽ ഉമ്മ പറഞ്ഞു..

“അജോ..ഇയ്യ് ആ കുട്ടീനെ ഒന്നു വിളിച്ചാളാ..അന്നെ കാണാഞിട്ട് ഓള് വല്ലാണ്ട് വിഷമത്തിലാ..”

ഉമ്മ അതു പറഞ്ഞതും ഉടൻ തന്നെ അജ്മലിന്റെ ഭാഗത്ത് നിന്നൊരു മറുപടിയുണ്ടായി..

“വേണ്ടാ.. വിളിക്കണ്ട…അവളെയിനി എനിക്ക് വേണ്ടാാാ”
അപ്രതീക്ഷിതമായ ആ മറുപടി കേട്ട് ഉമ്മ അദ്ഭുതത്തോടെ അജ്മലിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

“അജോ..”

“ആ…ഇനിയാരും അവളുടെ പേരിവിടെ ഉച്ചരിക്കേം വേണ്ടാാ..”

“അജോ..ഇങ്ങോട്ട് നോക്ക്യാ..ഇയ്യെന്നാണോ ഈ പറയ്ണേ..”

സോഫിനെ കുറിച്ച് പറയുമ്പോ നൂറു നാവാ ചെക്കന്..ശുണ്ഠി പിടിപ്പിക്കാൻ താനും ഷമിം കൂടി എത്ര വട്ടം ഓളെ മോശാക്കി പറഞ്ഞിക്ക്ണ്..അപ്പോ ഷമിനെ തല്ലാൻ വരേ ഓങ്ങിയവനാ..ഇപ്പോ പെട്ടെന്നിതെന്താ പറ്റിയത് ഓനിക്ക്..ഖൈറുത്താക്ക് ആലോചിച്ചിട്ടൊരെത്തും പിടിയും കിട്ടിയില്ലാ..

“അന്റെ ബുദ്ധിം മറഞ്ഞുപോയോ..ന്താ ഷംസോ ഓനിപ്പറയ്ണേ‌..”

ഷമീനയുടേയും ഉമ്മാന്റെയും മുഖത്തുള്ള പോലെ ഞെട്ടലൊന്നും ഷംസുന്റെ മുഖത്ത് ഇല്ലാ..കാരണം ഓൻ ഇതിനു മുന്നേ ഞെട്ടിയതാണ്..

“അത് ഉമ്മാ..സോഫി..”

“വേണ്ട ഷംസോ.. ഇയ്യ് വേഗം പോവാൻ നോക്ക്..”
ഷംസു പറഞ്ഞു തുടങ്ങുന്നതിനിടയിൽ കയറി അജ്മൽ തടഞ്ഞു..

“ഇല്ല അജോ..ന്താ കാര്യമെന്ന് അന്റെ ഉമ്മേം കൂടി അറിയട്ടേ..”

അജ്മലിന്റെ വാക്കുകളെ ധിക്കരിച്ചു കൊണ്ട് തന്നെ ഷംസു അതു പറയാൻ തുടങ്ങി..ആകാംക്ഷയോടെയതു കേൾക്കാനായി ഷമീലയും ഖൈറുത്തായും ഷംസുവിന്റെ മുഖത്തേക്ക് തന്നെ കണ്ണും നട്ടിരുന്നു…

അജ്മലിന്റെ മനം മാറ്റത്തിന്റെ കാരണം പറഞ്ഞു തുടങ്ങുന്ന മുന്നേ അവന്റെ മുഖത്തേക്കൊരു നിമിഷം നോക്കി ഷംസു..അപ്പോഴും അവന്റെ മനസ്സിൽ ഒരു കനലെരിയുന്നതവനു കാണാമായിരുന്നു… ഖൈറുത്താക്ക് ക്ഷമയില്ലാതായി..

“ഇയ്യ് പറയ് ഷംസോ
.എന്താ കാര്യംച്ചാാൽ..”

“അതുമ്മാ..ഇന്നലെ ഓന്റെ ഫോണിൽക്ക് ഒരു മെസ്സേജ് വന്നിക്ക്ണ്..അയച്ചതാരാന്ന് അറീലാ..”

“എന്ത്..ന്ത് മെസ്സേജാ വന്നേക്ക്ണേ..”
അപ്പോഴേക്കും ഷംസുന്റെ ഫോൺ റിംഗ് ചെയ്തു..

“ഇത് നോക്കി ഉമ്മാ..സോഫിയാ വിളിക്ക്ണേ..ഇവന്റെ വർത്താനറിയാൻ ..ഇതിപ്പോ എത്രാമത്തെ വട്ടാ അറിയോ..കോൾ എടുക്കാൻ പോലും ഇവൻ സമ്മയിക്ക്ണില്ലാാ..ഞാനെന്താ പറയേണ്ടത്..”

“ഇയ്യ് ആദ്യം ഇതു പറ ഷംസോ..എന്തു മെസ്സേജാ വന്നേക്ക്ണതെന്ന്..”

“ആ..ഇവന്റെ ആജന്മ ശത്രു ഷൈജലി ല്ലേ..ഓനും ഓളും കൂടികാറിൽ പോവ്ണതും സംസാരിക്ക്ണതുമൊക്കെയുള്ള ഫോട്ടോ ആരോ എടുത്തിവനിക്ക് അയച്ചിരിക്ക്ണ്..”

.”.ഓഹോ..അപ്പോ അതാണ് കാര്യം ലേ..അതിനാണോ ഇവനീ മോന്തേം വീർപ്പിച്ചിരിക്ക്ണേ..”

“ഉമ്മാ‌..ഇ‌ങ്ങക്കിത് നിസ്സാരായിരിക്കും..പക്ഷേ എനിക്കിതങ്ങനെ തള്ളിക്കളയാൻ പറ്റൂലാ.. അത്രക്ക് ഞാൻ വെറുക്ക്ണ ആ തെണ്ടി ഷൈജലിന്റെ കൂടെയാ ഓള് കറങ്ങാൻ പോയെ..അങ്ങനൊരു പെണ്ണിനെ നിക്ക് വേണ്ട..”
അജ്മൽ വാശിയോടെ തന്നെ അതിനു മറുപടി നൽകി..
“അജോ..ഓരോന്ന് പറഞ്ഞ് ബന്ധം ഇല്ലാണ്ടാക്കാനെളുപ്പാ..പക്ഷേ അന്റേം ഓളെം മനസ്സിന്ന് പോവോ..ഷൈജൽ അത്ര കുഴപ്പക്കാരനാന്ന് നിക്ക് തോന്ന്ണില്ലാ..ഏതായാലും ഞാന് സോഫിനെ ഒന്നു വിളിച്ചോക്കട്ടേ.. സത്യമെന്താന്നറിയാലോ..”

ഖൈറുത്താ അപ്പോ തന്നെ സോഫീനെ വിളിച്ചു..

“ഉമ്മാ ഇങ്ങളാ ഫോണൊന്നു ലൗഡ് സ്പീക്കറിലിടി..എല്ലാാർക്കും കേൾക്കാലോ..”
വിളിക്കുന്നതിനിടയിൽ ഷംസു ഖൈറുത്താനോട് പറഞ്ഞു..

മനസ്സിന്റെ ആഴങ്ങളിൽ സ്പർശിച്ച ആ സ്നേഹബന്ധത്തിലൊരു വിള്ളൽ അവിടെ വീണിരിക്കുന്നു എന്ന് അവന്റെ ഉമ്മ തിരിച്ചറിയുകയായിരുന്നു..ആ സംശയത്തിന്റ കറ തുടച്ചു മാറ്റിയില്ലെങ്കിൽ സ്ത്രീ സമൂഹത്തെ മുഴുവൻ ആക്ഷേപിക്കുന്ന തരത്തിലേക്കവന്റെ മനസ്സൊഴുകിയേക്കാം..

എല്ലാം മുന്നിൽ കാണാൻ കഴിവുള്ള ഒരു പ്രതിഭയെപോലെയവന്റെ ഉമ്മ സോഫിയുടെ നമ്പർ ഡയൽ ചെയ്തു..

“ഹലോ..സോഫിമോളേ..ഇതു ഞാനാ അജുന്റെ ഉമ്മാ..
ആ..ഉമ്മാ..അജുക്കാന്റെ എന്തെങ്കിലും വിവരം കിട്ടിയോ ഉമ്മാ..”
സങ്കടം നിഴലിക്കുന്ന വാക്കുകളോടെയുള്ള സോഫിയുടെ ശബ്ദം ഇടറിയിരുന്നു..

“മോളേ..ഇയ്യ് ബേജാറാവണ്ടാ..ഓൻ ഇവിടെ എത്തിക്ക്ണ്..ഉമ്മ ഇപ്പോ വിളിച്ചത് വേറെ ഒരു കാര്യത്തിനാ..മെനിയാന്ന് മോളെ കൂടെ ഓട്ടോൽ ഉണ്ടായിനത് ആരെയ്നു..”

“അതുമ്മാ..അന്ന് മിന്നൽ പണിമുടക്കല്ലേയ്നോ ബസ്സ് ജീവനക്കാരും കോളേജ് കുട്ടികളും തമ്മില് പൊരിഞ്ഞ വഴക്കെയ്നു..അതിനിടയിൽ….ആർക്കോ എറിഞ്ഞ കല്ല് കൊണ്ടത് എന്റെ നെറ്റിയിലായിരുന്നു..ഒറ്റക്കയതോണ്ട് എന്തുചെയ്യണമെന്നറിയാതിരിക്കുമ്പോഴാ ഇക്കാന്റെ ഫ്രണ്ടെന്ന് പറഞ്ഞ് ഷൈജൽ എന്നൊരാൾ അയാളുടെ കാറിൽ വന്നത്..നെറ്റിപൊട്ടി ചോര ഒഴുകാൻ തുടങ്ങിയപ്പോ നിവൃത്തിയില്ലാാതെ എനിക്കപ്പോ കയറേണ്ടി വന്നു..ഇക്കാന്റെ ഫ്രണ്ടാന്ന് പറഞ്ഞിട്ട് മാത്രാ ഞാൻ കയറിയേ..ന്താ ഉമ്മാ. എന്തെങ്കിലും പ്രശ്നമുണ്ടോ..”

“ഇല്ല മോളേ..ഞാൻ ചോദിച്ചെന്നേ ഉള്ളൂ..
അജു കുറച്ച് കഴിഞ്ഞിട്ട് അന്നെ വിളിച്ചോളും ഇപ്പോ ഓൻ ഉറങ്ങാ…ന്നാ ഇയ്യ് വെച്ചോ..”

“ആയിക്കോട്ടേ ഉമ്മാ..”

ഫോൺ വെച്ച ശേഷം ഖൈറുത്താ അജ്മലിനെ തുറിച്ചൊന്നു നോക്കി..

“സമാധാനായോ അജോ അനക്കിപ്പോ..ഉറപ്പില്ലാാത്തൊരു കാര്യത്തിനു വേണ്ടി ഇങ്ങനെ തറപ്പിച്ച് പറയരുത് ട്ടോ..ഇയ്യ് ആദ്യം പോയി ആ ഷൈജലിനോട് നന്ദി പറയാ വേണ്ടത് ..ആ ആപത്തിന്ന് ഓളെ രക്ഷിച്ചെയ്നു..”

അജ്മലിന് അതിയായ കുറ്റബോധം തോന്നി..സോഫിയെ സംശയിച്ചു പോയല്ലോ..ആരുമില്ലാത്തൊരു പാവാണ് അവൾ എന്നറിഞ്ഞിട്ടും…!!.

അപ്പോ തന്നെ വിളിച്ചു സംസാരിച്ചു എല്ലാ തെറ്റുകുറ്റങ്ങളും പറഞ്ഞു തീർത്തതിനു ശേഷമായിരുന്നു ഷംസു വീട് വിട്ടത്..

“മോനേ..ഇയ്യ് ഇനി ആ പണിക്ക് പോണ്ടാ..ഇതുപോലെ ആധി പിടിക്കാൻ ഉമ്മാക്ക് പറ്റൂലാ ഇനിം..”

“ന്താ ഉമ്മാ…ഞാനിനിം ഇതുപോലെ വീടു വിട്ടൊക്കെ പോയീണല്ലോ…എന്നിട്ടിപ്പോ ഉമ്മക്കെന്താ ഇത്ര ബേജാറ്..”
ഒരു കൊച്ചു കുട്ടിയെപോലെ ഉമ്മാന്റെ മടിയിൽ തലവെച്ചു കിടക്കുകയായിരുന്നു അജ്മൽ..

“അത് പോലെയല്ല ന്റെ അജോ ഇപ്പോ..നിക്കെന്തേലും സംഭവിച്ചാൽ…”

പറഞ്ഞു തീരും മുമ്പേ അവൻ ഉമ്മാന്റെ വാ പൊത്തിപ്പിടിച്ചു..

“ന്റെ പൊന്നുമ്മാ ഒരു നൂറു വയസ്സു വരേ ജീവിക്കും..ന്താ പോരെ…”

“ഓഹോ..പിന്നെ അജോ ഞാനൊരു കാര്യം തീരുമാനിച്ചിക്ക്ണ്.ഇനീം ഇങ്ങളെ കാര്യം ഇങ്ങനെ നീട്ടികൊണ്ടായാ ശരിയാവൂലാ..വേഗം നിക്കാഹ് കഴിപ്പിക്കണം അന്നെ കൊണ്ട് ‌.അല്ലേൽ ഇയ്യ് ഇനിം ഓരോ കുത്തിതിരിപ്പും കൊണ്ട് വരും…”

“അതെങ്ങനാ ഉമ്മാ.‌ഷമിന്റെത് ശരിയാവാതെ..?”

“അതൊക്കെ അയിന്റെ വഴിക്ക് നടന്നോളും..അല്ലേലും ഓൾക്ക് വിളിക്കാൻ അധികാാരും ഇല്ലല്ലോ..അത് നമ്മക്ക് ചെറിയ തോതിലങ്ങോട്ട് നടത്താ..”

“എന്നാ പിന്നെ ഉമ്മാന്റെ ഇഷ്ടം..ഉമ്മാ..ഞാൻ നാളെ ഓളെ ഒന്നു പോയി കാണട്ടേ..എന്തോ മനസ്സിനു സമാധാനല്ല..ഓളെ തെറ്റിദ്ധരിച്ചുപോയോണ്ട്..”

“ഉം..ഇപ്പോ അനക്ക് കുറ്റബോധം ഉണ്ടല്ലേ..ന്റെ അജോ ..ഓരോന്ന് ചെയ്ത് കൂട്ടിട്ട് പിന്നെ അയ്യടാ പറഞ്ഞിട്ട് കാര്യല്ലാ..അതോണ്ട് ഉമ്മാക്ക് അന്നോട് പ്രത്യേകം പറയാാനുള്ള കാാര്യാ ഇത്..

ഇത്തരം സംശയങ്ങളൊന്നും ഇങ്ങളെ ദാമ്പത്യത്തിൽ കടന്നു കൂടാതെ മോൻ നല്ലോണം ശ്രദ്ധിക്കണം..ദാമ്പത്യജീവിതം എന്ന് പറഞ്ഞാലൊരു കണ്ണാാടി പോലെയാണ്..പൊട്ടിപ്പോയാൽ പിന്നീട് ചേർത്തുവെച്ചുപയോഗിക്കുന്നതിലർത്ഥമില്ല അതോണ്ട് പൊട്ടിപോവാതെ നമ്മൾ നല്ലപോലെ നോക്കണം..”

അജുന്റെ തലയിൽ തലോടിക്കൊണ്ട് ഖൈറുത്താ പറഞ്ഞു.

“ആ..ഉമ്മാ നിക്ക് മനസ്സിലാവ്ണ്ട്..”

അങ്ങനെ ഉമ്മാന്റെ സമ്മതത്തോടെ
പിറ്റേന്ന് രാവിലെ തന്നെ അജു സോഫിനെ കാണാൻ പോയി..
“സോഫീ..”

“എന്താ അജുക്കാാ..എന്താ ഇങ്ങൾക്ക് പറ്റിയേ..മേലാകെ പരിക്കുപറ്റിക്ക്ണല്ലോ..”

അതു പറയുമ്പോൾ സോഫിടെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു..

“അയ്യേ…സോഫീ…ഇയ്യെന്തിനാ കരയ്ണേ..നിക്കീ കണ്ണീര് തീരേ പിടിക്കൂലാട്ടോ..കണ്ണ് തൊടച്ചേ..ആൾക്കാർ ശ്രദ്ധിക്ക്ണ്ട്..”

സോഫി കർചീഫു കൊണ്ടു മിഴികൾ തുടച്ചു..കളിയും ചിരിയുമായി അന്നത്തെ സായാഹ്നം അവർക്ക് മുന്നിൽ തെളിഞ്ഞു നിന്നു..അരമണിക്കൂറോളം അവിടെ ചിലവഴിച്ചു തിരിച്ചു പോരുമ്പോൾ ..സോഫി അജുനോട് പറഞ്ഞു..

“ഇക്കാ ഇങ്ങൾക്ക് ന്റെ വക ചെറിയ ഒരു ഗിഫ്റ്റ് ..”

“എന്താടീ..”

“ഒരു മിനിട്ട് ഇപ്പം വരാ..”

അതും പറഞ്ഞു നെഴ്സിംഗ് റൂമിലേക്കോടിപ്പോയ അവൾ മിനിട്ടുകൾക്കകം തന്നെ തിരികെയെത്തി..കയ്യിൽ വർണ്ണക്കടലാസിനാൽ അലങ്കരിച്ചു വെച്ച ഒരു കുഞ്ഞു പെട്ടിയുമുണ്ടായിരുന്നു..

“ദാ..ഇങ്ങൾ തുറന്നു നോക്കി..”

ആകാംക്ഷയോടെ അജ്മൽ അതു വാങ്ങിക്കൊണ്ട് ആ ഗിഫ്റ്റിന്റെ പൊതിയോരോന്നായി അഴിക്കാൻ തുടങ്ങി..

വർണ്ണക്കടലാസിനാൽ അലങ്കരിക്കപ്പെട്ട ആ കുഞ്ഞു പെട്ടിയിൽ കുനു കുനേ എഴുതിയ അക്ഷരത്താൽ സ്നേഹപൂർവ്വം ഇക്കാക്ക് എന്നെഴുതിട്ടുണ്ടായിരുന്നു..

“ന്താ സോഫീ..ഈ പെട്ടിക്കകത്ത്..വല്ല ബോംബോ മറ്റോ ആണോ..”

“ആ..വല്യ ആറ്റം ബോംബാണ്…
ന്റെ അജുക്കാ..ഇങ്ങളൊന്നു തുറന്ന് നോക്കീ..”

വർണ്ണ ശബളമായ അവസാനത്തെ കടലാസും വലിച്ചു കീറി ആകാംക്ഷ നിറഞ്ഞ വദനവുമായി തന്റെ പ്രിയപ്പെട്ടവൾ നൽകിയ ആ സമ്മാനത്തെ പുറത്തേക്കെടുത്തു..എല്ലാ സങ്കടങ്ങളേയും ഊതിക്കെടുത്തി കൊണ്ടപ്പോഴേക്കുമവന്റെ മിഴികൾ ആനന്ദത്താൽ വിടർന്നിരുന്നു…

സ്ഫടികത്താൽ അലങ്കൃതമായ ആ ചില്ലുകൂട്ടിൽ മനോഹരമായ രണ്ടു യുവമിഥുനങ്ങളെ കൊത്തിവെച്ചിരിക്കുന്നു.. സ്നേഹത്താാൽ ചാലിച്ച റോസ്പൂക്കൾ തന്റെ പ്രിയതമനു നേരെ വെച്ചുനീട്ടുന്ന രീതിയിലായിരുന്നു ആ രൂപങ്ങൾ..അതിനു താഴേയായി..ഇറ്റാലിയൻ ഫോണ്ടിൽ ഐ ലവ് യു.. എന്ന് കൊത്തിവെച്ചിരുന്നു….
അജ്മലിന് അത് നന്നായി ഇഷ്ടപ്പെട്ടു.. അവളേ ചേർത്തുപിടിച്ച് മാറോടടുപ്പിക്കാൻ തോന്നി..

“ഇക്കാ..ഇതിലെന്റെ ജീവൻ ഒളിഞ്ഞിരിപ്പുണ്ട്..ഇത് നല്ല പോലെ സൂക്ഷിക്കണേ..”

ഒരു നിമിഷം
കണ്ണിമവെട്ടാതെ നോക്കി നിൽക്കുന്ന അജ്മലിന്റേയും സോഫിയുടേയും മിഴികൾ തമ്മിൽ സ്നേഹം കൊണ്ടൊരു സംഘട്ടനമുണ്ടായി..ഇഴുകിചേർന്ന കണ്ണുകളെ അടർത്തിമാറ്റികൊണ്ടവൻ അവിടെ നിന്നും യാത്രപറഞ്ഞ് പോവാനിറങ്ങി..

“ഇനിം ഞാനിവടെ നിന്നാ ശരിയാവൂല ന്റെ സോഫി..നിക്ക് നിന്നെ ഇപ്പോ തന്നെ കെട്ടികൊണ്ടോവാൻ തോന്നും..കൊണ്ടുപൊയ്ക്കോട്ടേ ഞാനിപ്പോ തന്നെ എന്റെ സോഫിയെ..”

സോഫിയുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു.. ആ മിഴികളിലേക്ക് നോക്കിയപ്പോൾ അവൾ തലതാഴ്ത്തി അലക്ഷ്യമായി ഭൂമിദേവിയോട് പുഞ്ചിരിക്കുന്നുണ്ടായിരുന്നു..

ഒരു മാസത്തിനുള്ളിൽ തന്നെ വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തി..
അജ്മലിന് വേണ്ടപ്പെട്ട ഫ്രണ്ട്സിനേയും അയൽ വാസികളേയും മാത്രം ക്ഷണിക്കപ്പെട്ട ആ സദസ്സിലേക്ക് അവന്റെ ആ ജന്മ ശത്രു എന്ന പേരിലറിയപ്പെട്ടിരുന്ന ഷൈജലിനേയും ക്ഷണിക്കപ്പെട്ടിരുന്നു..
പക്ഷേ ഇന്നവൻ അജ്മലിന്റെ ശത്രുവല്ല..അവന്റെ പ്രിയപ്പെട്ട ചങ്ങാതിമാരിലൊരാളായിരുന്നു.. അജ്മലിന്റെ വീട്ടിൽ ഓടി നടന്ന് എല്ലാ നിലക്കും അവന്റെ സാന്നിധ്യം അവനവിടെ തെളിയ്ച്ചു..
ഷംസുവിനെ മനപ്പൂർവ്വം അവനവഗണിക്കാൻ ശ്രമിച്ചു…എല്ലാം മനസ്സിലാക്കിയിട്ടും ഷംസു മൗനം പാലിക്കുകയായിരുന്നു..

“ഷംസുക്കാ ..ആ ഷൈജൽ ആളത്ര ശരിയല്ലാ ട്ടോ..അജ്മലിക്കാനോടൊന്നു സൂക്ഷിച്ചോളാൻ പറയ്…”
അതും പറഞ്ഞോണ്ടായിരുന്നു പന്തല് പണിക്കാരൻ ഫായിസ് അങ്ങോട്ട് വന്നത്.. ഷൈജലിന്റെ ചെയ്തികളെ കുറേ നേരമായി ഉയരത്തിൽ നിന്നും വീക്ഷിക്കുന്നുണ്ടായിരുന്നു അവൻ

“ഹേയ്..അതൊക്കെ നിനക്ക് വെറുതേ തോന്ന്ണതാ ഫായിസേ..കുറേ കാലായി പിണങ്ങി നടക്കല്ലെയ്നോ രണ്ടും കൂടി..ഇപ്പോഴെങ്കിലും ഒന്നു നന്നായി കണ്ടല്ലോ…”

“അതൊക്കെ ശരിയെന്നെ..ന്നാലും…
കാര്യം ഇങ്ങളും അജ്മലിക്കായും ന്റെ സീനിയറാ..ഇങ്ങൾ എന്നും ഇരട്ടകളെപോലെ കഴിയ്ണത് കാണാനൊരു രസയ്നു…ഇതിപ്പോ…”

വാക്കുകളെ മുഴുമിക്കാതെ ഫൈസൽ അവന്റെ ജോലിയിലേക്ക് തിരിഞ്ഞു..

ഷംസുന് ആ വാക്കുകളിലും കഴമ്പില്ലേയെന്നൊരു തോന്നൽ..അജ്മലിനെ ഇപ്പോഴൊന്നു തനിച്ചു കിട്ടുന്നേയില്ലാ..എപ്പോഴും ഷൈജൽ ഒട്ടിപ്പിടിച്ചോണ്ട് കൂടെ തന്നെയുണ്ട്..
ഒരൊഴിഞ്ഞ സമയം നോക്കി അജ്മലിന്റെ മുമ്പിലത് ബോധ്യപ്പെടുത്താനും അവൻ ശ്രമിച്ചിരുന്നു..

“അജോ..ഇയ്യ് ആ ഷൈജലിനെ അങ്ങനെയങ്ങട് അമ്പണ്ടാാട്ടോ..ഒരു ശത്രു മിത്രമായാലും ഒരു മിത്രം ശത്രുവായാലും സൂക്ഷിക്കണമെന്നാ..”

“പോടാ..അവൻ നമ്മൾ വിചാരിക്ക്ണ പോലൊന്നുമല്ലടാ..പാവാണ്…ന്റെ മനസ്സ് മോശായതോണ്ട് നിക്ക് അതു മനസ്സിലാക്കാൻ പറ്റീലാ..അത്രന്നെ..”

“ന്നാലും അജോ..”

“ഒരിന്നാലും ല്ലാ..അനക്കെന്താ ഓനോട് അസൂയയാ.. ഓനിങ്ങനെ ഓടി നടന്ന് പണിയെട്ക്ക്ണത് കണ്ടിട്ട്..”

“എനിക്കെന്തിന് അസൂയ ടാ..നിക്ക് തോന്നിയത് ഞാൻ പറഞ്ഞെന്നേയുള്ളൂ..
ആ..അജോ..കല്യാണത്തിന് അനക്കിടാനുള്ള ഡ്രസ്സ് ഒക്കെ വാങ്ങണ്ടേ..വാ നമ്മക്ക് പോയി വാങ്ങിട്ട് വരാാ..ഇനി നാളെ ഒരീസം കൂടിയല്ലേ ഉള്ളൂ..പിന്നൊന്നിനും സമയം കിട്ടൂലാ‌.”

“ആ..അത് ടാ..ഞാനാ ഷൈജലിനിം കൂട്ടിപോയി വാങ്ങി..ഓനിക്ക് ഓന്റെ ഇക്കാന്റെ കടേൽന്ന് എടുക്കണോന്ന് നിർബന്ധം പിടിച്ചപ്പോ..”

ഷംസുവിന്റെ മനസ്സിൽ എന്തിനോ വേണ്ടി എന്തെന്നില്ലാത്ത ഒരു നീറ്റൽ അന്ന് മനസ്സിലേക്ക് ഒഴുകിയിറങ്ങി..മനസ്സിലെ സങ്കടം ഒതുക്കി അവൻ പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു..

“ഉം..അതേതായാലും നന്നായി അജോ..നിക്ക് അല്ലേലും ഈ ഡ്രസ്സിന്റെ സെലക്ഷനൊന്നും വല്യ പിടിയില്ലാ..”

“ടാ..അജ്മലേ ഒന്നു വേഗം വാ..”
പുറത്തു നിന്നും ഷൈജലിന്റെ വിളിയായിരുന്നു..

“ഷംസോ ഇയ്യ് ആ പന്തൽ പണിക്കാരെ അടുത്തേക്ക് അങ്ങട് ചെല്ല്..ഒരാൾ കൂടെ ഇല്ലേൽ ഓല് എട്ടുമണിയായാലും പണി നിർത്തൂലാ..ഷോപ്പ് അടക്ക്ണ മുന്നേ ഞാൻ ഷൈജലിന്റെ ഒപ്പം പോയിട്ട്..മുടിയൊക്കെ ഒന്നു വെട്ടിട്ട് വരാ..”

ഒന്നു മൂളിയതിനു ശേഷം ഷംസു പന്തലിലേക്ക് ഊളിയിട്ടു..

“എന്തു പറയുന്നെടാ അന്റെ ഷംസു..എന്റെ കൂടെയിങ്ങനെ നടക്ക്ണത് ഓനിക്ക് പിടിക്ക്ണ്ടാവൂല ലേ..”
ഷംസുവിന്റെ നേരത്തേയുള്ള ആ ഉപദേശം എങ്ങനെയോ ഷൈജലിന്റെ ചെവിയിലെത്തിയിരുന്നു..

“ഹേയ്..അങ്ങനൊന്നുല്ല ടാ..ഓനൊരു പാവാാ…ന്റെ ചങ്കല്ലേടാ അവൻ‌..മാത്രല്ലാ ന്റെ പെരേലെ ഒരംഗത്തെപോലെയാ ഓന്..ഒരു കൂട്പ്പിറപ്പിനെ പോലെ ഒക്കെ നോക്കി നടത്തിക്കോളും അതോണ്ടെനിക്കൊരു ധൈര്യാ..”

“ഊം..”
അർത്ഥവത്തായ ഒരു മൂളലായിരുന്നു ഷൈജലിന്റെ ഭാഗത്ത് നിന്നും അതിനുള്ള മറുപടി..

ഏൽപ്പിച്ച ജോലി ഭംഗിയായി നിർവ്വഹിക്കുന്നുണ്ടേലും ഷംസുന്റെ മനസ്സാാകെ കലങ്ങി മറഞ്ഞിരിക്കായിരുന്നു..അജുന് വന്ന മാറ്റങ്ങൾ..ഹൃദയത്തിന്റെ പാതിയായി കൊണ്ട് നടന്ന തന്റെ പ്രിയ സുഹൃത്ത്..അറിയാതെ കണ്ണു നിറഞ്ഞുപോയി..

“ഷംസുക്കാ..ഇങ്ങളിതിവടെ എന്തെടുക്കാ..ഇന്നാ ഈ ചായകുടിക്ക്..”
ആവി പറക്കുന്ന കട്ടൻ ചായയുമായി ഷമീല മുന്നിൽ..

“ഒന്നുല്ലാ..ഷമിയേ..മേലോട്ട് നോക്കി പണി എടുക്കല്ലേ..കണ്ണിലെന്തോ പോയി..”

“എവടെ..നോക്കട്ടേ..”

“വേണ്ടടീ ‌..അത് പോയി..”

“ഉം..അസർ കളാഹ് ആവണ്ടേൽ ഇവടന്ന് നിസ്ക്കരിച്ചോളി ട്ടോ..”

“ആ ഷമിയേ… ഞാൻ ചായ കുടിച്ചിട്ടങ്ങോട്ട് വന്നോളാ..ഇയ്യ് പൊയ്ക്കോ..”

ഷൈജലും അജ്മലും കൂടി തിരിച്ചെത്തിയപ്പോ ഏഴുമണിയായിണ്..പന്തൽ പണിയൊക്കെ ഏകദേശമായി..വിങ്ങുന്ന മനസ്സുമായി ഷംസു ഓരോ ജോലികളും ഭംഗിയാക്കി..
അജ്മൽ അവന്റെ അരികിലേക്ക് വരുമ്പോഴേക്കും ഷൈജലിന്റെ വിളികേട്ട് തിരികേ പോവും..തന്റെ സ്ഥാനം തട്ടിയെടുക്കാൻ ഷൈജൽ വല്ലാതെ പാടുപെടുന്നുണ്ടെന്നവനു തോന്നി..

ഇല്ലാ..ഇനിം ഇവിടെ നിന്നിട്ട് ഈ അവഗണനയുടെ മാറാപ്പും തോളിലേറ്റി നടക്കാൻ വയ്യ..ഖൈറുത്താനോടെന്തേലും കാരണം പറഞ്ഞിവടന്നു മുങ്ങണം എന്ന് വിചാരിച്ചിരിക്കുമ്പോഴായിരുന്നു..ഷമിന്റെ വിളി..

“ഷംസുക്കാ…ഇങ്ങളൊന്നിവിടെ വരി..ഈ റൂമിന്റാാത്തെ ലൈറ്റ് കത്ത്ണില്ലാ..ന്താ പറ്റിയേ ഒന്നു നോക്കി..”

“ന്റെ ഷമിയേ..ഇയ്യ് അതന്റെ ഇക്കാക്കനോട് പറയ്..നിക്ക് നല്ല ക്ഷീണം ഞാൻ പോട്ടേ..”

“ആ.. ഇക്കാക്ക നല്ല തെരക്കിലാ..ആ മണ്ണുണ്ണിനെ ഇന്ന് കിട്ടൂലാ..നിക്ക് നാളെ ഒരു ക്ലാസ് ടെസ്റ്റ് ഉള്ളതാ ..പഠിക്കാനാ പ്ലീസ്..”

ശരീരത്തിന്റെ ക്ഷീണം വകവെക്കാതെ ഷംസു വൈദ്യുതി തകരാറ് പരിഹരിക്കാനായി ആ റൂമിലേക്ക് കയറി..അകത്തേക്ക് കയറിയതും പെട്ടെന്ന് പുറത്ത് നിന്നും ആരോ ശക്തിയായ് വാതിലടച്ചു ലോക്ക് ചെയ്തു..ഒരു ഞെട്ടലോടെ പിറകിലേക്ക് തിരിഞ്ഞു നോക്കിയ ഇരുവരും പുറത്തു നിന്നുമൊഴികിയെത്തുന്ന ആ അരണ്ട വെളിച്ചത്തിലങ്ങനെ പകച്ചു നിന്നു..