മാറ്റമില്ലാത്ത ചില മാറ്റങ്ങൾ

ഹോട്ടൽ ലോബിയിൽ ഭർത്താവു വരുന്നത് കാത്തു ഇരിക്കുമ്പോഴാണ് അയാളെ കണ്ടത്. ഇത് അയാൾ തന്നെയോ. ഞാൻ ഒരു നിമിഷം ആകാംക്ഷാഭരിതയായി. ആ തിരിച്ചറിവിൽ എന്റെ ഹൃദയം ഒന്ന് അധികം മിടിച്ചുവോ? ഇരുപത്താറു വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും അയാൾ ഇടയ്ക്കു മനസിലേക്ക് അനുവാദമില്ലാതെ കയറി വരാറുള്ളത് ഒരു ചെറിയ കുറ്റബോധത്തോടെ ഓർത്തു.

എഞ്ചിനീയറിംഗ് കോളേജിൽ സീനിയർ ആയിരുന്നു. അപ്പന്റെ ഒരു പ്രിയപ്പെട്ട വിദ്യാർത്ഥി കൂടിയും. ഒരേ ജാതി. ഒരേ മതം. സാമ്പത്തിക സ്ഥിതിയിലും വലിയ വ്യതാസമില്ല . പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാൻ വഴി ഇല്ല. ഒരു പതിനെട്ടു്കാരിയുടെ ചിന്തകൾ. അയാളെ കാണാറുള്ള ദിവസങ്ങൾ പോക്കറ്റ് ബുക്കിൽ ചുവന്ന മഷിയിൽ കുറിച്ചിട്ട നാളുകൾ. അയാളുടെ കോഴ്സ് തീർന്നു അയാൾ അമേരിക്കയിലേക്ക് ഉപരിപഠനത്തിനു പോയി. എന്റെ പഠിത്തം കഴിഞ്ഞു, കല്യാണ വർത്തമാനങ്ങൾ വീട്ടിൽ തുടങ്ങി. അയാളോടുള്ള എന്റെ താല്പര്യം അറിയുന്ന എന്റെ ചേട്ടൻ അപ്പന്റെ അടുത്ത് അയാളുടെ പേര് നിർദേശിച്ചു. അപ്പന് വിരോധം ഒന്നും ഉണ്ടായില്ല. പക്ഷെ ആലോചനയുമായി പോകില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു. അയാൾക്ക്‌ താൽപര്യമില്ലെങ്കിൽ അപ്പൻ ചോദിച്ചാൽ നിരസിക്കാൻ ബുധിമുട്ടുണ്ടായാലോ ? ചേട്ടൻ തന്നെ അയാളോട് ചോദിക്കുന്ന കാര്യം ഏറ്റെടുത്തു. ആ സമയത്തു പോസ്റ്റൽ സർവീസ് ആണ് ഒരേ വഴി. മറുപടിക്കായി കാത്തിരുപ്പു ഒരു മാസം. അങ്ങനെ മറുപടി വന്നു. പെണ്ണിന് തടി കൂടുതൽ! അങ്ങനെ എന്റെ ആ വൺവേ പ്രേമത്തിന് അറുതിയായി. ഇനി വീട്ടിൽ ആരും എനിക്ക് വേണ്ടി കല്യാണം ആലോചിക്കേണ്ട എന്ന നിർദ്ദേശത്തോടെ ഞാൻ ജോലിക്കായി ആയി മദ്രാസിലിലേക്കു വണ്ടി കയറി.

വർഷങ്ങൾക്കു ശേഷം വീട്ടുകാരെ വിഷമിപ്പിച്ചാണെങ്കിലും മനസിന് ഇഷ്‌ടപ്പെട്ട പുരുഷനെ വിവാഹം ചെയ്തു. എന്റെ തടി പ്രശ്നമല്ലാത്ത ഒരാൾ. കളിയാക്കി എന്നെ ‘ഗുണ്ട്’ എന്ന് വിളിക്കുമെങ്കിലും എന്നെ എന്റെ എല്ലാ കുറവുകളോടും കൂടി സ്നേഹിച്ച ഒരാൾ.
അയാൾ എന്നെ തന്നെ നോക്കുകയാണ്. ആളുകൾ എന്നെ രണ്ടാമതും കൂടി നോക്കുന്നത് ഇപ്പോൾ എനിക്ക് പുത്തിരി അല്ല. മദിരാശി ജീവിതം എന്നെ മാറ്റിയിരിക്കുന്നു. യോഗാഭ്യാസം എന്റെ പൊണ്ണത്തടി അലിയിച്ചിരിക്കുന്നു. ചിട്ടയായ ഭക്ഷണം, നഗര ജീവിതം തന്ന സോഫിറ്റിക്കേഷൻ എല്ലാം എന്നെ ഒരു സുന്ദരി ആക്കിയിരിക്കുന്നു.

‘അനു അല്ലേ?’ എന്ന് പറഞ്ഞു അയാൾ എന്റെ അരികിൽ വന്നു കൈ നീട്ടി. ‘എന്താണ് ഇവിടെ? അമേരിക്കയിൽ അല്ലേ’ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. ഞാൻ അയാൾക്ക് കൈ കൊടുത്തു. അയാൾ എന്നെ സൂക്ഷിച്ചു നോക്കിയാ ശേഷം ‘നീ വല്ലാതെ മാറിയിരിക്കുന്നു അനു’ എന്ന് പറഞ്ഞു. അതിനു ഒരുത്തരം കൊടുക്കും മുന്നേ എന്റെ ഭർത്താവും, അയാളുടെ ഭാര്യയും ഞങ്ങളുടെ അടുത്തേക്ക് വന്നു. പതിവ് പരിചയ പെടുത്തൽ. കുരിയൻ എന്ന് പറഞ്ഞു പരിചയപ്പെടുത്തിയതും ഭർത്താവ് എന്നോട് കണ്ണുകളാൽ ആ ചോദ്യം ചോദിച്ചു. അതെ അയാൾ തന്നെ, എന്റെ കണ്ണുകൾ ഉത്തരവും കൊടുത്തു. ഭർത്താവിന്റെ മുഖത്തു ഒരു ഊറിയ ചിരി. കുറച്ചു നേരം സംസാരിച്ചതിന് ശേഷം ഞങ്ങൾ വിട പറഞ്ഞു.

കാറിൽ ഇരിക്കുമ്പൾ ഭർത്താവ് എന്റെ കൈയിൽ പതിയെ പിടിച്ചു ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു, ‘അയാളോട് ഒരു നന്ദി പറയാമായിരുന്നു’. ഭർത്താവ് പറഞ്ഞത് പക്ഷെ ഞാൻ കേട്ടില്ല. ഞാൻ മനസ്സിൽ ആലോചിക്കുകയായിരുന്നു, ‘കർമ്മം, അല്ലെങ്കിൽ സുന്ദരനും സുമുഖനും ആയ അയാൾക്ക്‌ ഈ കുട്ടിയാന മാതിരിയുള്ള ഭാര്യയെ കിട്ടിയതെങ്ങനെ?’
‘മനസ്സിനൊരു തൃപ്തി വന്നു അല്ലെ?’ ഭർത്താവിൻെറ കമെന്റ്! എന്റെ ചിന്തകൾ ഭർത്താവ് മനസിലാക്കിയ ജാള്യതയോടെ ഞാൻ അദ്ദേഹത്തിന്റെ വിരലുകൾ പതിയെ പിടിച്ചമർത്തി…