ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 5
Bahrainakkare Oru Nilavundayirunnu Part 5 | Previous Parts
ആദ്യരാത്രിയുടെ സങ്കൽപ്പങ്ങൾ മനസ്സിലിട്ട് റൂമിലേക്ക് ചെന്ന ഞാൻ ബാത്‌റൂമിൽ കയറി ഉളൂ ചെയ്ത് പുറത്തേക്കിറങ്ങി അവളോട് ചോദിച്ചു ” നിനക്ക് ഉളൂ ഉണ്ടോ ? ഉണ്ടെങ്കിൽ വരൂ
നമുക്ക് രണ്ട് റകഹത്ത് സുന്നത്ത് നമസ്ക്കരിക്കാം പുതിയ ജീവിതം തുടങ്ങല്ലേ . ” അത് കേട്ടതും അവൾ പറഞ്ഞു ” നിങ്ങള് നിസ്‌ക്കരിച്ചാ പോരെ എനിക്ക് കിടക്കണം…!!! “
എന്തൊക്കെയാണ് നടക്കുന്നതെന്ന് മനസ്സിലാവാത്തവനെ പോലെ
ഞാനവളോട് ഇരിക്കൂ എനിക്ക് കുറച്ച് സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ഞാൻ രണ്ട് റകഹത്ത് സുന്നത്ത് നമസ്ക്കരിച്ചു.
സുജൂദിൽ കിടന്നപ്പോൾ കണ്ണ് നിറഞ്ഞത് ഞാനറിയുന്നുണ്ടായിരുന്നെങ്കിലും കാരണമെന്താണെന്ന് മനസ്സ് പറഞ്ഞില്ല…
സലാം വീട്ടി ഞാനവളുടെ അടുത്തേക്ക് ചെന്നു .
ഇതിനിടക്ക് കൂടെ നടക്കുന്ന മുസ്ലിയാരായ ഒരു കൂട്ടുകാരൻ ആദ്യരാത്രി ഭാര്യയുടെ തലയിൽ കൈ വെച്ച് ചൊല്ലാനുള്ള ഒരു ദുആ എഴുതി തന്നിരുന്നു . സുന്നത്ത് നിസ്‌കരിക്കാൻ വരാതിരുന്ന അവളുടെ സ്വഭാവം കണ്ടപ്പോൾ ഞാനാ ദുആ വേണ്ടന്ന് വെച്ചു എന്ന് പറഞ്ഞ് അൻവർ ചിരിച്ചെങ്കിലും ഞാൻ ചിരിച്ചില്ല കാരണം അവന്റെ എല്ലാ നാഡികളും വേദന സഹിച്ച് ചുണ്ടു മാത്രം ചിരി അഭിനയിക്കുകയാണെന്നറിയായിരുന്നു.
നിസ്ക്കാരം കഴിഞ്ഞ് വന്ന ഞാനവളോട് പറഞ്ഞു ” ഞാനീ പറയുന്ന കുറച്ചു കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണം . ഇതെന്റെ ഭാര്യ അറിഞ്ഞിരിക്കണമെന്നു എനിക്ക് നിർബന്ധമുണ്ട്. കൂടെ നിനക്കെന്തെങ്കിലും എന്നോട് പറയാനുണ്ടെങ്കിലും പറയണം .
‘എന്റെ വീട്ടുകാരെ അറിയാമല്ലോ അവരോടൊന്നും ഇന്ന് കാണിച്ച പോലെയുള്ള കാര്യങ്ങൾ ഇനി കാണിക്കാതിരിക്കാൻ നീ ശ്രദ്ധിക്കണം. നിന്നെ അവർക്ക് വലിയ കാര്യമാണ് അത് കൊണ്ട് അവരോടൊക്കെ മിണ്ടുകയും കൂടെയിരുന്നു സംസാരിക്കുകയും ഒക്കെ ചെയ്യണം . പുതിയ വീടാണ് ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ട് നിനക്ക് തോന്നുകയാണെങ്കിൽ നിന്റെ വീട്ടിലത് അറിയിക്കുന്നതിന് മുൻപ് എന്നോട് പറയുക കാരണം ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഞാനറിയാതെ നിനക്കുണ്ടായാൽ നിന്റെ വീട്ടുകാരേക്കാൾ അതിലിടപെടാൻ കഴിയുക എനിക്കായിരിക്കും. ഇതിനർത്ഥം ഇവിടെ പ്രശ്നങ്ങളാണ് എന്നല്ല അഥവാ ഇവിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ മറ്റുള്ളവർ കേട്ട് അവരിലൂടെ ഞാനതറിയാനുള്ള ഒരവസരം ഉണ്ടാവരുത് .
ആരെങ്കിലും നിന്നെ മാറ്റി നിർത്തുകയോ, വേദനിപ്പിക്കുകയോ ചെയ്‌താൽ ഒറ്റപ്പെട്ടു എന്ന് ചിന്തിച്ച് ടെൻഷൻ അടിക്കാൻ നിൽക്കരുത് നിന്റെയൊപ്പം ഇവിടെ എന്നും ഞാനുണ്ടാവും അത് കൊണ്ട് ഇവിടെയുള്ള ബുദ്ധിമുട്ടുകൾ നിന്റെ വീട്ടുകാരെ അറിയിച്ച് അവരെ വേദനിപ്പിക്കരുത് കാരണം അവർ നിന്റെ കൂടെയില്ലാതെ ജീവിക്കുന്നവരാണ്. അവരെ എന്റെ വാക്കുകൾ മറന്ന് എന്തെങ്കിലും അറിയിച്ചാൽ അതെനിക്ക് ഇഷ്ടമില്ലാത്തതും ഞാൻ പൊരുത്തപ്പെട്ടു തരാത്ത കാര്യവുമായിരിക്കും .
എന്റെ കാര്യങ്ങൾ ഇതുവരെ എന്റെ ഉമ്മയാണ് നോക്കിയിരുന്നത് ഇനി മുതൽ നീ വേണം നോക്കാൻ . എന്നെ സ്നേഹിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് നമ്മുടെ ഇനിയുളള ജീവിതത്തിൽ ഉണ്ടായാലും നീ എന്റെ ഉപ്പയേയും, ഉമ്മയേയും മാറ്റി നിർത്തരുത്. നിന്നെ പോലെ അവരും എനിക്ക് പ്രിയപ്പെട്ടവരാണ്…. എന്നൊക്കെയുള്ള കുറെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയല്ലേ പുസ്തകങ്ങളിൽ അച്ചടിച്ച് പഠിപ്പിക്കുന്ന ഒന്നല്ലല്ലോ ദാമ്പത്യ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. പിന്നെ അറിയാത്ത കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ടത് ഭർത്താവിന്റെ കടമയുമാണല്ലോ..
ഞാനിത്രയൊക്കെ പറഞ്ഞു കൊടുത്ത് അവളെ നോക്കിയപ്പോൾ തിരിച്ചൊന്നും പറയാതെ ” ഉപദേശം കഴിഞ്ഞെങ്കിൽ ഞാൻ കിടക്കട്ടെ ” എന്നൊരു മറുപടി കിട്ടിയതും കൂടുതലൊന്നും ആലോചിക്കാതെ
ഞാനവളോട് ഉറങ്ങാൻ പറഞ്ഞു.
കെട്ടുന്ന പെണ്ണിനോട് ആദ്യരാത്രിയിൽ ഒരുപാട് സംസാരിച്ചിരിക്കണം എന്നൊക്കെയുണ്ടായിരുന്നു മനസ്സിൽ എല്ലാം തകരുന്നതിന്റെ തുടക്കമാണോ ഇതെന്ന് ഞാനപ്പോൾ ഭയന്നു . കൂടുതൽ ചിന്തിച്ച് കൂട്ടാൻ മനസ്സിനവസരം കൊടുത്തില്ല. ആദ്യരാത്രി പിന്നെയാക്കാം അവളൊരുപാട് ക്ഷീണിച്ചിട്ടുണ്ടാകും രാവിലെ മുതൽ തുടർച്ചയായി ഇങ്ങനെ നിന്നത് കൊണ്ടാവും എന്നൊക്കെ അങ്ങോട്ട് ഉറപ്പിച്ച് ഞാനും കിടന്നു .
ഉറക്കം വരുന്നുണ്ടായിരുന്നില്ല . അവളുടെ സംസാര രീതികളും ഭാവങ്ങളും ഓർത്തപ്പോൾ മനസ്സിനെന്തോ അസ്വസ്ഥത അനുഭവപ്പെട്ടു . തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കിയെങ്കിലും ഉറക്കം വരില്ലെന്ന് തോന്നിയപ്പോൾ എഴുന്നേറ്റ് വീണ്ടും രണ്ട് റകഹത്ത് സുന്നത്ത് നമസ്ക്കരിച്ചു. ചില ദുഖങ്ങളൊക്കെ മാറി കിട്ടാൻ ഖിബ്‌ലയിലേക്ക് തിരിച്ച് വിരിച്ച മുസല്ലയിലിരിക്കണം . നിസ്‌കാരവും പ്രാർഥനയും കഴിഞ്ഞ് സമയം നോക്കിയപ്പോൾ സുബഹിക്ക് ഒരുപാട് സമയം ബാക്കിയുണ്ടായിരുന്നു . പതുക്കെ ഞാനും കിടന്നു . സ്വപ്നങ്ങളുടെ തകർച്ച തുടങ്ങുന്ന കാഴ്ചകളും അതിൽ നിന്നും പെറ്റ ടെൻഷനും, ക്ഷീണവും കാരണം പിന്നെ ഉറങ്ങാതിരിക്കാൻ കണ്ണുകൾക്കും കഴിഞ്ഞു കാണില്ല ഉറങ്ങി .
പിറ്റേന്ന് മുതൽ ഞാനെന്തൊക്കെയാണോ കിനാവ് കണ്ടത് അതിനെല്ലാം വിപരീതമാണ് സംഭവിച്ച് കൊണ്ടിരുന്നത് . അവൾക്കെന്തോ എന്നോടും എന്റെ വീട്ടുകാരോടും ഒരു പുച്ഛമായിരുന്നു. വീട്ടുകാരോട് കൂടുതൽ സംസാരിക്കില്ല. എന്റെ കുടുംബക്കാർ ആരെങ്കിലും വീട്ടിൽ വന്നാൽ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങുകയോ അവരുടെ അടുത്തേക്ക് വരികയോ ചെയ്യില്ല . ഇതിനേക്കാളെല്ലാം എന്നെ തളർത്തിയത് ഞാനെന്ത് പറഞ്ഞാലും തർക്കുത്തരം പറയുന്ന സ്വഭാവവുമായിരുന്നു .
നിന്നോട് പറയുമ്പോഴാണ് ഈ സംഭവം ഓർമ്മവരുന്നത്
ഒരിക്കൽ ആരോ അവളുടെ ഈ സ്വഭാവത്തെ കുറിച്ച് പറയുന്നത് കേൾക്കാനിടവന്നപ്പോൾ റൂമിൽ നിന്നും ഞാനവളോട് പറഞ്ഞു ” നിനക്ക് എന്നെയോ എന്റെ കുടുംബത്തെയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്ന് പറയാം. അല്ലെങ്കിൽ നിനക്കെന്തെങ്കിലും ബുദ്ധിമുട്ട് ഇവിടെ ഉണ്ട് എങ്കിൽ എന്നോട് പറ അല്ലാതെ ഇങ്ങനെ മനസ്സിലെന്തെങ്കിലും വെച്ച് എല്ലാരോടും പെരുമാറിയാൽ എനിക്കത് അറിയാനുള്ള കഴിവൊന്നുമില്ല. ” എന്ന് പറഞ്ഞപ്പോളവൾ പറഞ്ഞ മറുപടിയായിരുന്നു ” ഞാനിങ്ങനെയാണ് നിങ്ങൾ കാരണമാണ് എന്റെ പഠിത്തം മുടങ്ങിയത് .. !”
ഞാൻ കാരണമോ ???
അതെ നിങ്ങൾ കാരണം തന്നെ . എന്നെ പഠിക്കാനായക്കാതെ കെട്ടി കൊണ്ടുവന്നത് നിങ്ങളല്ലേ ?
ഞാൻ നിന്റെ വീട്ടുകാരോട് കല്യാണത്തിനു മുൻപ് പറഞ്ഞിരുന്നല്ലോ കല്യാണം കഴിഞ്ഞാൽ പിന്നെ ക്ലാസിനു പോകുവാൻ കഴിയില്ലെന്ന് . അന്ന് നിന്റെ വീട്ടുകാർ അതൊന്നും കുഴപ്പമില്ല കല്യാണം കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ ഇഷ്ടമാണ് അതെല്ലാം എന്ന് പറഞ്ഞത് നീ അറിഞ്ഞതല്ലേ … ? പിന്നെ ഞാനങ്ങനെ നിന്റെ പഠിത്തം മുടക്കും ?? നീ ക്ലാസ്സിനു പോകുന്ന വഴിക്ക് പിടിച്ച് വണ്ടിയിലിട്ട് കൊണ്ടുവന്നതാണോ ഇവിടേക്ക് ?
നിന്റെ ഉപ്പാക്ക് ഇപ്പോൾ വിളിച്ചു ചോദിച്ചു നോക്കണോ ഞാൻ ഇക്കാര്യങ്ങൾ മുൻപ് പറഞ്ഞിരുന്നോ ഇല്ലേ എന്ന്.. ??
ഈ ചോദ്യങ്ങൾക്കുള്ള അവളുടെ മറുപടി ” നിങ്ങൾ പൊന്നും വേണ്ട പൈസയും വേണ്ട എന്നൊക്ക പറഞ്ഞതോണ്ട് അവരപ്പോൾ അങ്ങനെ പറഞ്ഞതാവും . അല്ലാതെ അവരെന്ത് പറയാൻ എനിക്ക് ക്ലാസിനു പോകണം അല്ലെങ്കിൽ എന്റെയടുത്ത് നിന്ന് ഇത്രയൊക്കെ പ്രതീക്ഷിച്ചാ മതി . എനിക്കിങ്ങനെയൊക്കെ ആവാനേ പറ്റൂ “.
എന്ത് മറുപടി പറഞ്ഞാലും പേടിയില്ലാതെ തിരിച്ചു പറയുമെന്ന് തോന്നിയതോടെ പിന്നെ ഞാനൊന്നും പറഞ്ഞില്ല . പൊന്നും വേണ്ട പൈസയും വേണ്ടാന്ന് പറഞ്ഞ് ഞാൻ ഇറക്കി കൊണ്ടുവന്നവൾ എന്ന മറുപടി എന്റെ മുഖത്തടിക്കുന്നത് പോലെയായിരുന്നു . അതും അവളുടെ സൌന്ദര്യം കണ്ടിട്ട് .
കല്ല്യാണത്തിന് ഞാനെടുത്ത തീരുമാനങ്ങളോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി . ഞാനെന്റെ ജേഷ്ട്ടത്തിയുടെയും, അനിയത്തിമാരുടെയും ജീവിതം ഒന്നാലോചിച്ചു നോക്കി ആ നിൽപ്പിൽ .
സ്ത്രീധനം വാരി കോരി കൊടുത്തിട്ടും ഭർത്താവിന്റെ വീട്ടിൽ ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്ന അവർ ഭർത്താക്കൻമാരെ കാണുമ്പോഴും അവരുടെ വീട്ടുകാരെ കാണുമ്പോഴും കാണിക്കുന്ന ബഹുമാനവും സ്നേഹവും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് . കാരണം അവര് കണ്ടതാണ് അവരെ കെട്ടിച്ച് വിടാൻ ഞങ്ങൾ വീട്ടുകാർ അനുഭവിച്ച ടെന്ഷന്സ്. ഞങ്ങൾ അനുഭവിച്ച ദുഖങ്ങളോളം വരില്ല അതൊന്നും
എന്നവർക്കറിയുമായിരിക്കും.
ഇവളിങ്ങനെ എന്റെ മുഖത്ത് നോക്കി ഇങ്ങനെയെല്ലാം പറയാൻ കാരണം അവളുടെ ഉപ്പയോ വീട്ടുകാരോ ഇവളെ കെട്ടിക്കാൻ ഒരു ടെൻഷനും അനുഭവിക്കുന്നത് കാണാഞ്ഞത് കൊണ്ടാണ് എന്ന് മനസ്സ് പറഞ്ഞു കൊണ്ടിരുന്നു . സ്ത്രീധനമായി പത്ത് പൈസ വാങ്ങിയിട്ടില്ല അവൾക്കു കൊടുത്ത മഹറിന് പുറമേ ബാക്കിയുളള സ്വർണ്ണവും ഞാൻ കൊടുത്തതായിരുന്നു അതൊക്കെ മറന്ന് സംസാരിക്കുന്നു. ഇതെല്ലാം ഓർമ്മപ്പെടുത്തി കൊടുത്ത് സ്നേഹം പിടിച്ചു വാങ്ങാൻ എന്റെ മനസ്സ് സമ്മതിച്ചില്ല ഡാ.
ക്ഷമിക്കാൻ എന്റെ ജീവിതം ഒരുപാട് പഠിപ്പിച്ചത് കാരണം എന്റെ നൊമ്പരങ്ങൾ മറ്റാരോടും പറഞ്ഞില്ല.
പിറ്റേന്ന് ഉമ്മയോട് അവള്ക്ക് ക്ലാസിനു പോകുവാൻ താല്പര്യമുണ്ടെന്നു പറഞ്ഞപ്പോൾ ഉമ്മ അതിനെന്താ പൊയ്ക്കോട്ടേ എന്ന് പറഞ്ഞു സമ്മതിച്ചു.
ക്ലാസിനു പോയി തുടങ്ങിയപ്പോൾ
ഇനിയെങ്കിലും ശെരിയാകുമെന്നു തോന്നിയെങ്കിലും ശെരിയായില്ല. എന്നോട് എന്തെങ്കിലുമൊക്കെ സംസാരിക്കാൻ തുടങ്ങി. വീട്ടുകാരോട് കൂടുതൽ അടുക്കുന്നത് കാണാൻ കഴിഞ്ഞില്ല.
ദിവസങ്ങൾ കഴിഞ്ഞു കൊണ്ടിരുന്നു. വൈകുന്നേരം കോളേജിൽ പോയി ഞാൻ കൊണ്ട് വരും വീട്ടിലെത്തുന്നത് വരെ ഒന്ന് ആക്റ്റീവ് ആയി സംസാരിക്കുകയോ മറ്റോ ചെയ്യില്ല . എനിക്കാണെങ്കിൽ വല്ലാത്ത ടെൻഷനും ഉണ്ടായിരുന്നു .
ഇടക്കിടക്ക് എന്റെ വീട്ടുകാരെ തമ്മിൽ തെറ്റിക്കാൻ കെൽപ്പുള്ള കാര്യങ്ങൾ വന്നു പറഞ്ഞു കേട്ടിരിക്കുമെന്നല്ലാതെ ഞാനൊന്നും തിരിച്ചു പറയില്ല . ആ കാരണം കൊണ്ട് കുറെ ദിവസം മിണ്ടാതെ നടക്കും അവസാനം ഞാൻ തന്നെ അങ്ങോട്ട് മിണ്ടും .
പത്ത് ദിവസം കൂടുമ്പോൾ അവളുടെ വീട്ടിലേക്ക് പോകണമെന്ന് പറയും . ആദ്യമൊക്കെ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് അതൊരു ശീലമായതോടെ ഞാൻ പറഞ്ഞു ഞാൻ നാട്ടിലുള്ളപ്പോൾ ഇങ്ങനെ പോകണോ ഞാൻ ലീവ് കഴിഞ്ഞു പോയാൽ നീ അവിടെ പോയി നിന്നോ . എന്ന് പറഞ്ഞതവൾക്ക് പിടിച്ചില്ല . “നിങ്ങൾ ആറ് മാസം കഴിഞ്ഞു പോകുന്നതുവരെ ഞാനിവിടെ ഇങ്ങനെ നിൽക്കണോ …? എനിക്ക് പോകണം ചോദിച്ചന്നെ ഒളളൂ ചോദിക്കാതെ പോകാനും എനിക്കറിയാം എന്റെ ഉപ്പ വന്നു കൊണ്ട് പൊയ്ക്കോളും . “
മറ്റാരെങ്കിലും ഇവളെന്നോടീ കാണിക്കുന്നത് അറിയുമോ എന്നൊരു ഭയം കാരണം അവൾ പറയുന്നതിനൊക്കെ ഞാൻ അനുസരിക്കാൻ തുടങ്ങി.
കല്ല്യാണം കഴിഞ്ഞിട്ട് രണ്ടര മാസം ആയിട്ടുള്ളൂ അപ്പോഴേക്കും ഇങ്ങനെയുള്ള സംസാരങ്ങൾ . എന്റെ അവസ്ഥ പടച്ചവനോട് മാത്രം പറഞ്ഞ് വേറെ ആരേയും അറിയിച്ചില്ല . നല്ല ഹാപ്പിയാണ് എന്ന് എല്ലാവരെയും തോന്നിപ്പിച്ചു. വീട്ടുകാർ എന്നേയും തോന്നിപ്പിക്കുകയായിരുന്നു എന്ന സത്യം പിന്നീടാണ് ഞാൻ അറിയുന്നത് . മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും എന്റെ ഉളള സമാധാനവും നഷ്ടപ്പെടുകയായിരുന്നു .
വീട്ടിലിങ്ങനെ ഇരിക്കുന്നത് കൊണ്ടാണോ ഇവളിങ്ങനെ എന്ന് തോന്നി എവിടെയെങ്കിലും എന്തെങ്കിലും കാണിക്കാൻ കൊണ്ട് പോയാൽ വണ്ടിയിൽ നിന്നും ഇറങ്ങില്ല. ഇറങ്ങിയാൽ ഒരിടത്തങ്ങനെ നിൽക്കും ഇതൊക്കെ കണ്ട് വല്ല അസുഖവും ആണോ എന്ന സംശയത്തോടെ നടക്കുമ്പോഴാണ് കൂടെയുള്ള ഒരുത്തൻ ഒരു ദിവസം നിന്റെ കെട്യോൾക്ക് തലക്കെന്തെങ്കിലും പ്രശ്നം ഉണ്ടോന്ന് പ്രതീക്ഷിക്കാതെ ചോദിച്ചത്
കാരണം തിരക്കിയപ്പോൾ ” ഒരു ദിവസം വഴിയിൽ വെച്ച് ഇവളെ കണ്ടപ്പോൾ അൻവർ എവിടെ എന്ന് ചോദിച്ചതും അവൾ ചൂടായി കൊണ്ട് പറഞ്ഞത്രേ ” അൻവറിനെ ബാഗിലിട്ട് നടക്കലല്ലേ എന്റെ പണീന്നു ” അവനങ്ങനെ പറഞ്ഞത് കേട്ടപ്പോൾ അവള് നിന്നെ താങ്ങിയതാണ് എന്ന് പറഞ്ഞ് ഞാനാ വിഷയം മാറ്റി.
അൻവറിന്റെ കഥ കേട്ടിരിക്കുന്നതിനിടക്ക്
“ഒരു ഡോക്ടറെ കാണിക്കാൻ ശ്രമിക്കായിരുന്നില്ലേ നിനക്ക്..? ” എന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ പറഞ്ഞു
ശ്രമിച്ചതാണ്… നല്ല രീതിയിൽ വിളിച്ചപ്പോൾ എന്നെ ആദ്യം കാണിക്കാൻ പറഞ്ഞു പിന്നീട് കുറെ ദിവസം ആ പേരിലായിരുന്നു വഴക്ക് .
ക്ലാസ് കഴിഞ്ഞു വന്നൊരു ദിവസം എനിക്കിന്നു വീട്ടിൽ പോകണം എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു നാല് ദിവസം ആയിട്ടല്ലേ ഒളളൂ വന്നിട്ട്.?? കുറച്ച് കഴിഞ്ഞിട്ടിനി പോകാം എന്ന് പറഞ്ഞതും എന്റെ ഉപ്പ ചെല്ലാൻ പറഞ്ഞതാ ഞാൻ പോകും എന്ന് പറഞ്ഞവൾ എന്റെ മുഖത്ത് നോക്കി ദേഷ്യം കാണിച്ചപ്പോൾ ഞാനും വിട്ടു കൊടുത്തില്ല . പോയിട്ടുണ്ടെങ്കിൽ ഈ അൻവർ ആരാണെന്നു നീ അറിയും എന്ന് പറഞ്ഞു പേടിപ്പിച്ചു നോക്കി അങ്ങനെയെങ്കിലും അവളൊന്നു മാറി കിട്ടിയാലോ എന്ന് പ്രതീക്ഷിച്ചു . അന്ന് രാത്രി അവൾ ഉറക്കെ കരയുന്നത് കേട്ടാണ് ഞാൻ ഞെട്ടിയുണരുന്നത്.
വീട്ടുകാർ ഉണരുന്നതിനു മുൻപ് കാര്യം തിരക്കിയപ്പോൾ അവൾക്കപ്പോൾ വീട്ടിൽ പോകണമെന്ന് പറയുന്നു.
വെറുതെയൊന്നു ടെസ്റ്റ് ചെയ്യാൻ വേണ്ടി നീ ഡ്രസ്സ് മാറ്റിക്കോ ഞാൻ ഓട്ടോക്കാരനെ വിളിക്കട്ടെ എന്ന് പറഞ്ഞപ്പോൾ ഡ്രസ്സ് മാറ്റാൻ ഒരുങ്ങുന്ന അവളെ കണ്ടപ്പോഴാണ് സുഹൃത്ത് ചോദിച്ച അന്നത്തെ ചോദ്യം സത്യമാണെന്നു ഏറെക്കുറെ ഉറപ്പായത് .
കാരണം
രാത്രി രണ്ട് മണിക്ക് ഒരു വണ്ടിയും കിട്ടില്ലെന്നും ആ സമയത്ത് അവളുടെ വീട്ടിലേക്ക് പോകേണ്ട കാര്യങ്ങളൊന്നും തന്നെ അവളുടെ വീട്ടിൽ ഉണ്ടായിട്ടില്ലെന്നും അറിയാമായിരുന്നു.
ഓട്ടോക്കാരൻ രാവിലെ വരാന്നു പറഞ്ഞ് വിളിച്ചു എന്നും രാവിലെ പോകാമെന്നും പറഞ്ഞതോടെ കരച്ചിലും വാശിയും നിന്നു. അതായിരുന്നു അവളുടെ ആവശ്യവും.
അങ്ങനെ അവളെ പിറ്റേന്ന് വീട്ടിൽ കൊണ്ടാക്കി വരുന്ന വഴിക്ക് കൂടെ പഠിച്ച ഒരുത്തനുണ്ടായിരുന്നു ആ ഭാഗത്ത് അവനെ ചെന്ന് കണ്ടു . അവളുടെ വീട്ടുകാരെ കുറിച്ച് വെറുതെ അന്വേഷിച്ചപ്പോഴാണ് ആ ഭാഗത്തുള്ള ഒട്ടുമിക്ക വീട്ടുകാരോടും മിണ്ടാതെ അകന്നു നിൽക്കുന്ന കുടുംബമാണ് അവളുടേത് എന്നറിയുന്നത്.
“കെട്ടുന്നതിന് മുൻപ് എന്നോടൊന്നു ചോദിക്കായിരുന്നെടാ “എന്നവൻ പറഞ്ഞത് കേട്ടപ്പോൾ ഒന്നും പറയാനെനിക്ക് കിട്ടിയില്ല . കാരണം എനിക്കറിയില്ലായിരുന്നു ഞനിങ്ങനെ ഒരവസ്ഥയിൽ എത്തുമെന്നും വിധി എന്നെ ഇങ്ങനെ വേട്ടയാടുമെന്നും ഉളള കാര്യങ്ങൾ.
അവനോട് യാത്ര പറഞ്ഞു വീട്ടിലേക്ക് തിരിച്ചു .സമാധാനം നഷ്ടപെട്ട ഞാൻ വീട്ടിലെത്തി ഉമ്മയോടും ഉപ്പയോടും ആദ്യമായി അവളെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചു നോക്കിയെങ്കിലും അവരെല്ലാം മറച്ചു വെച്ച് ഒന്നും പറഞ്ഞില്ല . കാരണം എന്റെ അവസ്ഥകൾ അവരെ ഞാൻ കാണിച്ചിരുന്നില്ലല്ലോ .
അതുകൊണ്ടെന്നെ വേദനിപ്പിക്കണ്ട എന്ന് കരുതിയതാവും .
“നിനക്കറിയോ ഒരു ഭർത്താവിന് ഭാര്യയിൽ നിന്നും കിട്ടേണ്ടതിനൊക്കെ വസ്ത്രമായിട്ടോ അല്ലെങ്കിൽ അവളുടെ വീട്ടിലേക്ക് കുറച്ച് ദിവസം പറഞ്ഞയക്കുകയോ ചെയ്യേണ്ട എന്റെ ഗതികേട്. അങ്ങനെ ഞാനൊരു വിഡ്ഢിയെ പോലെ അവൾ പറയുന്നതൊക്കെ നിന്നു കൊടുത്തു . അതായിരുന്നു എന്റെ അവസ്ഥ. “
എല്ലാം സഹിച്ചു എന്റെ വിധിയാണെന്ന് ചിന്തിച്ച് ക്ഷമിച്ചു ഇന്നല്ലെങ്കിൽ നാളെ അവൾ മാറുമെന്ന് പ്രതീക്ഷിച്ചു പക്ഷേ എന്നിട്ടും എനിക്കറിയാത്ത ഒന്നുണ്ടായിരുന്നു ഞാനവളോട് ചെയ്ത തെറ്റെന്താണെന്നു ??എന്റെ കുടുംബം അവളോട് എന്ത് ചെയ്തെന്നു ??.
പ്രേമം വല്ലതും ഉണ്ടോന്നറിയാൻ അവൾ പഠിക്കുന്ന കോളേജിൽ പോയി അന്വേഷിച്ചപ്പോൾ ഒരുത്തൻ പറഞ്ഞ മറുപടിയാണ് “അവളെയൊക്കെ ആരെങ്കിലും പ്രേമിക്കോ പ്രേമിച്ച അവന്റെ ലൈഫ് പോകും .”
ഭർത്താവാണ് എന്ന് ഞാനവനോട് പറഞ്ഞില്ല കാരണം അവന്റെ ദയനീയ നോട്ടം കൂടി കാണാനുള്ള മനക്കരുത്ത് എനിക്കുണ്ടായിരുന്നില്ല.
പലവട്ടം ഞാനവളോട് ചോദിച്ചു നോക്കി എന്നെ ഇഷ്ടപെട്ടിട്ടില്ലെങ്കിൽ തുറന്ന് പറയാൻ . അതിനൊന്നും മറുപടി പറയില്ല .. ചില നേരത്ത് സൗദിക്ക് പെട്ടെന്ന് തിരിച്ചു പോയാലോ എന്ന് തോന്നുമായിരുന്നു പക്ഷേ കഴിഞ്ഞിരുന്നില്ല അവളെങ്ങനെ ആയിരുന്നാലും അവളെ സ്നേഹിക്കാനും മാറ്റിയെടുക്കാനും ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു . കെട്ടിയ പെണ്ണല്ലേ നമ്മളല്ലാതെ അവരെ ആര് മാറ്റിയെടുക്കും എന്നൊക്കെയുള്ള ചിന്തകളായിരുന്നു അന്നെനിക്ക് .
അൻവറിന്റെ വാക്കുകൾ കേട്ടിരിക്കുമ്പോൾ
എന്തിനാണ് പടച്ചോനെ ഇവനെയിങ്ങനെ പരീക്ഷിക്കുന്നത് എന്ന് മനസ്സിൽ തോന്നി കൊണ്ടിരുന്നു .
അവൻ തുടർന്ന് പറയാൻ തുടങ്ങി. എന്റെ വീട്ടിൽ ആരോടും സംസാരിക്കുകയോ മറ്റോ ചെയ്യാത്ത അവൾ അവളുടെ കുടുംബത്തിൽ പെട്ടവരെ കാണുമ്പോൾ സംസാരിക്കുന്നതും, സൽക്കരിക്കുന്നതും . എന്നേയും എന്റെ വീട്ടുകാരെയും കുറിച്ച് എന്തൊക്കെയോ വലിയ പ്രശ്നങ്ങൾ അവളിലൂടെ അറിഞ്ഞത് പോലെ അവളുടെ വീട്ടുകാരും ഞങ്ങളോടൊരു പുച്ഛത്തോടെ പെരുമാറുന്നതും കാണാൻ തുടങ്ങിയപ്പോൾ ആ കുടുംബത്തോടും എനിക്ക് വെറുപ്പായി . അതോടെ അവളുടെ വീട്ടിലേക്ക് പോകുന്നതും മറ്റും ഞാൻ കുറച്ചു കൊണ്ടിരുന്നു .
അവളുടെ ഈ സ്വഭാവം കാരണം അവൾ എന്റെ വീട്ടിൽ ഉളള സമയത്ത് ഞാൻ വീട്ടിലേക്ക് വരാനൊക്കെ വൈകുമായിരുന്നു. വരുമ്പോൾ അവൾ കിടന്നിട്ടുണ്ടാവും . അവളുറങ്ങുന്നത് തന്നെയായിരുന്നു എനിക്കാശ്വാസം കാരണം വെറുപ്പിക്കുന്നത് കാണണ്ടല്ലോ .
കല്ല്യാണം കഴിഞ്ഞിട്ടും ഞാനന്നും ഒറ്റപ്പെട്ടവനെ പോലെ നടന്നു . ഫ്രണ്ട്സിന്റെയൊക്കെ ദാമ്പത്യജീവിതം കാണുമ്പോൾ സങ്കടം കൊണ്ട് കരഞ്ഞ് പോയിട്ടുണ്ട്. വല്ലപ്പോഴും അവൾ സംസാരിക്കും അതും ഞാനെന്തെങ്കിലും അങ്ങോട്ട് ചോദിച്ചാൽ മറുപടി മാത്രം .
ഒരിക്കലും സ്വപ്‌നങ്ങൾ കണ്ട് കാത്തിരിക്കരുതെന്ന് പറഞ്ഞ് മനസ്സിനെ തല്ലി പഠിപ്പിക്കുകയായിരുന്നു ജീവിതം.
ദിവസങ്ങൾ കഴിഞ്ഞിട്ടും വീട്ടിലെ കാര്യങ്ങളിൽ ഇറങ്ങുകയോ അവരുമായി ഇടപഴകി നോക്കുകയോ ചെയ്യാഞ്ഞത് കണ്ട് സഹികെടുമ്പോൾ എന്തെങ്കിലും ഞാൻ പറഞ്ഞു കൊടുക്കാൻ ശ്രമിച്ചാൽ അപ്പൊ അവിടെ നിന്നും എഴുന്നേറ്റ് പോകും .
എനിക്ക് ക്ഷമ കൂടുതലാണെന്ന് എല്ലാവരും പറയുന്നത് കേൾക്കാറുണ്ട് അത് സത്യമാണെന്നു എനിക്കും തോന്നി തുടങ്ങിയിരുന്നു . അതുകൊണ്ടായിരുന്നു ഒരാണിന് സഹിക്കാൻ കഴിയാത്ത ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ആരേയും അറിയിക്കാതെ അവൾ എന്റെ കിനാവിലെ രാജകുമാരിയാവുന്ന ദിവസവും കാത്ത് ഞാനിരുന്നത് .
അങ്ങനെ നടക്കുമ്പോഴാണ് അന്നൊരു ദിവസം അവൾ പതിവുപോലെ അവളുടെ വീട്ടിലേക്ക് നിൽക്കാൻ പോയത് . ആ സമയത്ത് ഒരു ദിവസം ഫ്രണ്ടിന്റെ ബൈക്കുമെടുത്ത് ടൗണിൽ പോയി സാധനങ്ങൾ വാങ്ങി ബസ്സ് സ്റ്റാൻഡിലൂടെ നടന്നു വരുമ്പോഴാണ് അവളുടെ ഉമ്മയെ അവിടെ വെച്ച് പ്രതീക്ഷിക്കാതെ കാണുന്നത്.
ഏതോ ഡോക്ടറെ കാണുവാൻ ഇറങ്ങിയതാണെന്നും വന്നപ്പോൾ ബസ്സ് ആ സമയത്ത് ഇല്ലെന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കൊണ്ട് വിടാമെന്ന് പറഞ്ഞു ബൈക്കിൽ കയറ്റി വീട്ടിലേക്ക് തിരിച്ചു . മക്കളും വാപ്പയുമൊക്കെ അഹങ്കാരികളും , പെരുമാറാൻ അറിയാക്കാത്തവരും ആണെന്ന് അയൽവാസികളും മറ്റും പറഞ്ഞ കൂട്ടത്തിൽ ആ സ്ത്രീയെ കുറിച്ച് നല്ലത് മാത്രമേ പറഞ്ഞിരുന്നൊള്ളൂ. കൂടെ എനിക്കും വെറുപ്പുണ്ടായിരുന്നില്ല. അതുകൊണ്ട് മാത്രമായിരുന്നു അന്നവളെ കാണുവാൻ ഒരു തിടുക്കവും ഇല്ലാഞ്ഞിട്ടും അവളെ കാണാല്ലോ എന്നും പറഞ്ഞ് അവരെ ബൈക്കിൽ കയറ്റി അവളുടെ വീട്ടിലേക്ക് യാത്ര തിരിച്ചത്.
പടച്ചവൻ എന്റെ ജീവിതത്തിലെ മറ്റൊരു പരീക്ഷണം കൂടി നടത്തുവാൻ ഒരുങ്ങുന്നതിന്റെ തുടക്കമായിരുന്നു ആ യാത്ര. എന്റെ ജീവിതത്തിലെ ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ആ നശിച്ച യാത്ര ….
അൻവർ തന്റെ ജീവിതത്തിലെ കരട് കണ്ടുതുടങ്ങിയ ആ കഥ പറയാൻ തുടങ്ങി.
“തുടരും ”
_________________________
” നമ്മൾ കാണാത്തതും, കേൾക്കാത്തതുമായ കാഴ്ചകളിൽ ചിലത് കഥകളിലൊതുങ്ങി പോയിരുന്നെങ്കിൽ എന്ന് കൊതിച്ച് പോകുന്നവയാണ് “