അമ്മനൊമ്പരങ്ങൾ

തിളച്ചു പൊങ്ങി വന്ന പാൽ തൂകി വീഴുന്നതിനു മുൻപേ ടീന സ്റ്റൗ സിം ചെയ്തു.റാക്കിലേക്ക് തിരിഞ്ഞ് കൈയ്യെത്തി തേയില പ്പാത്രം എടുത്തപ്പോഴാണ് തലേന്ന് വാങ്ങണമെന്ന് കരുതി മറന്നത് തെയിലയാണെന്ന് ഓർമ്മ വന്നത്.
ശ്ശൊ…
അവൾ തലയിൽ കൈവച്ച് ദീർഘമായി നിശ്വസിച്ചു .ഇനി കാപ്പിപ്പൊടിയിട്ടേക്കാം. ആദ്യം കുറച്ച് ബഹളം വച്ചാലും എബി അതു കുടിച്ചോണ്ട് ഓഫീസിൽ പൊക്കോളും. അല്ലെങ്കിൽ തന്നെ ഈയിടെയായി ഭയങ്കര മറവിയാണ്. ഈയിടെ എന്നു പറഞ്ഞാൽ കൃത്യം ആറ് മാസക്കാലമായി ഈ മറവി കലശലായിട്ട്.പ്രസവത്തിനു ശേഷം മരുന്ന്, റെസ്റ്റ് എന്നൊക്കെപ്പറഞ്ഞ് നാട്ടിൽ നിന്നിരുന്ന കാലത്തു ഈ ലോകത്തിൽ എന്തൊക്കെ സുനാമിയുണ്ടായിട്ടുണ്ടോ എന്നു ചോദിച്ചാൽ ടീനയ്ക്കറിയില്ല. അതിനു ആ സമയത്ത് പത്രം വായന പോയിട്ട് മൊബൈൽ നോക്കാൻ പോലും സമമതിക്കില്ലായിരിന്നു വല്ല്യമ്മച്ചി . കുഞ്ഞിൻ്റെ കാര്യം മാത്രം നോക്കിയാൽ മതി എന്നാണ് ഉത്തരവ്. അതിനു മാത്രമേ സമയമുണ്ടായിരുന്നുള്ളൂ താനും.പക്ഷെ ഇപ്പോ ഈ മഹാനഗരത്തിൻ്റെ തിരക്കുകളിലേയ്ക്ക് വീണ്ടും തിരിച്ചെത്തിയത് കഷ്ടപ്പെടു നേടിയ ജോലിയിലേയ്ക്ക് പ്രസവാവധി കഴിഞ്ഞ് തിരിച്ചു കയറാൻ വേണ്ടിയാണ് .പണിയെല്ലാം വേഗത്തിൽ തന്നെ തീർക്കണം. ഇന്ന് മോനെ ഡെ കെയറിൽ ആക്കിയിട്ടു വേണം ജോലിക്ക് തിരികെ ജോയിൻ ചെയ്യാൻ. മോനെ നോക്കാൻ അമ്മച്ചി വരാനിരുന്നതാണ്.പെട്ടെന്നാണ് വല്ല്യമ്മച്ചി ബാത്ത് റൂമിൽ തെന്നി വീണത്. കാലിനു പൊട്ടലുണ്ട്.അതുകൊണ്ട് അമമച്ചിക്ക് കൂടെ വരാൻ പറ്റിയില്ല. മോനെ ഡെ കെയറിൽ വിട്ടു പരിശീലിപ്പിക്കാൻ ഉള്ള ദിവസങ്ങളും കിട്ടിയില്ല. ഇന്ന് ആദ്യമായി അവിടെ കൊണ്ടു ചെന്നാക്കണം. അവൻ അവിടെ എങ്ങനെ പൊരുത്തപ്പെടുമെന്ന് അറിയില്ല. അതൊക്കെയോർത്തിട്ട് ആകെപ്പാടെ ടെൻഷൻ ആണ്. ഒന്നിലും ഒരു ശ്രദ്ധ കിട്ടുന്നില്ല. അതിനിടയിലാണ് ഈ മറവിയും.

ടീനാ …. വാ… മോനുണർന്നു….

എബിയുടെ വിളിയാണ്. ടീനയുടെ അടുക്കളപ്പണി കഴിയുന്നവരെ മോനെ നോക്കൽ എബിയുടെ ജോലിയാണ്. നോക്കൽ എന്നു പറഞ്ഞാൽ ഉറങ്ങുന്ന കുഞ്ഞിൻ്റെ കൂടെക്കിടന്നുറങ്ങൽ അത്ര മാത്രമേ ചെയ്യു.ടീന കൈയ്യിലിരുന്ന പാത്രത്തിൽ നിന്നും കഴുകിയ അരി മുഴുവൻ കലത്തിലേക്ക് നീക്കിയിട്ടു. എന്നിട്ട് കൈ കഴുകി തുടച്ച് ബെഡ്‌റൂമിലേക്ക് ഓടി. കുഞ്ഞു എബി മൂത്രത്തിൽ കുളിച്ച് കിടക്കുകയാണ് .

എന്താ എബീ ഇത് ? നനഞ്ഞ തുണി മാറ്റി ചരിച്ചു കിടത്തി തട്ടിക്കൊടുത്തിരുന്നെങ്കിൽ വീണ്ടും അവൻ ഉറങ്ങിയേനെ.. എൻ്റെ പണിയൊന്നും ആയിട്ടില്ല. ഇതൊക്കെ ഒന്നു ചെയ്യതു കൂടെ..?

ടീനയ്ക്ക് ദേഷ്യം വന്നു തുടങ്ങി. എങ്ങിനെ ദേഷ്യം വരാതിരിക്കും. കുഞ്ഞിൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കുകയെന്നത് ടീനയുടെ മാത്രം ഉത്തരവാദിത്തമാണ് എന്ന പോലെയാണ് എബിയുടെ മട്ട്.

ങ്ങാ… നീ എടുത്തു തുണി മാറ്റ്.

എന്നു പറഞ്ഞ് എബി തിരിഞ്ഞു കിടന്നു.
ടിന കുഞ്ഞിനെ എടുത്ത് നനഞ്ഞ തുണിയെല്ലാം മാറ്റി പുതിയവ ഇട്ടു കൊടുത്തു. അവൻ കുഞ്ഞിക്കണ്ണുകൾ തുറന്ന് ടീനയുടെ മുഖത്ത് നോക്കി മോണകാട്ടി ചിരിക്കാൻ തുടങ്ങി.

ഹും… ഇന്നത്തെ ഉറക്കം കഴിഞ്ഞോടാ കുഞ്ഞിക്കള്ളാ… വാ നമുക്ക് പാപ്പം ഉണ്ടാക്കാൻ പോകാം.

അവൾ മോനെ വാരിയെടുത്ത് ഉമ്മ വച്ച് അടുക്കളയിലേക്ക് പോയി. സ്റ്റൗവ്വിൽ ഇരുന്ന അരികലത്തിൽ നിന്നും വെള്ളം തിളച്ച് തൂവുന്നുണ്ടായിരുന്നു.ടീന സ്റ്റൗ ഓഫ് ചെയ്തു. അടുത്ത മുറിയിൽ നിന്നും പായ എടുത്ത് കൊണ്ടുവന്ന് ഒറ്റക്കൈ കൊണ്ട് അത് അടുക്കളയുടെ തറയിൽ ഒരറ്റത്തായി വിരിച്ച് കുഞ്ഞിനെ അതിൽ കിടത്തി.അവന് കളിക്കാനായി ഒരു കിലുക്കവും എടുത്ത് അടുത്തിട്ടു കൊടുത്തു.
ഓരോ ജോലികൾ ചെയ്യുമ്പോഴും ഇന്ന് ആദ്യമായി പോകുന്ന ഡെ കെയറിലെ അന്തരീക്ഷവുമായി മോൻ എങ്ങനെ പൊരുത്തപ്പെടും എന്നതായിരുന്നു അവളുടെ ചിന്ത.പായിൽ കമിഴ്ന്നു കിടന്നു കളിക്കുന്ന കുഞ്ഞ് കുറച്ച് മണിക്കൂറികൾക്കുള്ളിൽ മറ്റൊരു അന്തരീക്ഷത്തിൽ… അമ്മയുടെ സാമീപ്യമില്ലാതെ അവൻ പേടിച്ച് കരയുമെങ്കിലോ … ? കുഞ്ഞുങ്ങളുടെ ശല്യം കുറയ്ക്കുവാൻ ചില ഡെകെയറുകളിൽ അവർക്ക് പാലി നോടൊപ്പം ഉറങ്ങാനുള്ള മരുന്നുകൾ പൊടിച്ച് ചേർത്ത് കൊടുക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. അവിടെയും ഇങ്ങനെയൊക്കെയായിരിക്കുമോ? ചില വാട്സാപ്പ് വീഡിയോകളിലൊക്കെ കണ്ടിട്ടുള്ളതു പോലെ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവരും ഉണ്ടാകുമോ അവിടെയും ? ടീനയുടെ ചിന്തകൾ കാടുകയറി.

ചായ എവിടെ?

എബി എഴുന്നേറ്റ് വന്ന് ഡൈനിംഗ് ഹാളിലെ കസേരയിലിരുന്ന് ചോദിച്ചു.

ദാ.. ‘ അവൾ കപ്പ് എബിയുടെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു. ചായ അല്ല ഇന്നു കാപ്പിയാണിട്ടത്.തെയില വാങ്ങാൻ മറന്നു പോയി.
ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചുടാക്കാൻ വച്ചേക്കു മോനെ കുളിപ്പിക്കാൻ. ഞാൻ അവനു പാലു കൊടുക്കട്ടെ.

ടീന ചിണുങ്ങി കരയാൻ തുടങ്ങിയ കുഞ്ഞിനെ വാരിയെടുത്ത് ബെഡ് റൂമിലേക്ക് പോയി.

ഹും…

എബി പത്രം കൈയ്യിലെടുത്ത് അലസമായി മൂളി.

വയർ നിറഞ്ഞ സന്തോഷത്തിൽ കളിക്കാൻ തുടങ്ങിയ കുഞ്ഞിൻ്റെ അടുത്തായി രണ്ടു തലയിണ എടുത്ത് തട വച്ച് ടീന കുഞ്ഞിനെ കുളിപ്പിക്കുവാനുള്ള വെള്ളം എടുക്കാനായി അടുക്കളയിലേക്ക് ഓടി. പ്രതീക്ഷിച്ച പോലെ അടുപ്പിൽ വെള്ളം ഉണ്ടായിരുന്നില്ല. വെള്ളം വെച്ചില്ലേ എബീ എന്നു ചോദിച്ച് ഡൈനിംഗ് ഹാളിലേക്ക് നോക്കിയപ്പോൾ ഒഴിഞ്ഞ കപ്പ് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.. ഹാളിൽ നിന്നും എബി ആരോടൊ ഫോണിൽ സംസാരിക്കുന്ന ശബ്ദം മാത്രം..

കുഞ്ഞിനെ പുതിയ ഉടുപ്പിടുവിച്ച് അവന്ന് വേണ്ട സ്നഗ്ഗിയും പാൽക്കുപ്പിയും എല്ലാം ഒരു ബാഗിലാക്കി. കുഞ്ഞിനെ ബേബി കരിയർ ബാഗിൽ കിടത്തി ടീന ബാഗ് പതിയെ നെഞ്ചോടു ചേർത്ത് പുറകിൽ ശ്രദ്ധയോടെ അതിൻ്റെ ക്ലിപ്പ് ഇട്ടു. സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു പതിയെ റോഡിലേക്കിറക്കി. അവനുമായി പുറത്തു പോകുമ്പോഴെല്ലാം ഇങ്ങനെയാണ് ചെയ്യാറുള്ളതെങ്കിലും അവൻ എപ്പോഴും തൻ്റെ നെഞ്ചോടു ചേർന്നു തന്നെ ഉണ്ടാകുമായിരുന്നു എന്ന ചിന്ത അവളുടെ നെഞ്ചിൽ തീ കോരിയിടുനുണ്ടായിരുന്നു.

ചിരിച്ച മുഖത്തോടെ നിൽക്കുന്ന ആയമാർ ഓരോ അമ്മമാരുടെ കൈയ്യിൽ നിന്നും കുഞ്ഞുങ്ങളെ ഏറ്റുവാങ്ങുന്നുണ്ടായിരുന്നു. അവർ സമയമെടുത്ത് ക്ഷമയോടെ കുഞ്ഞുങ്ങളുടെ അമ്മമാരെ ജോലിത്തിരക്കിലേയ്ക്ക് മറയുവാൻ സഹായിച്ചു കൊണ്ടേയിരുന്നു.ടീന കുറച്ചു നേരം ഇതൊക്കെ കണ്ടു കൊണ്ടു നിന്നു. ഒരു വലിയ ഹാൾ നിറയെ കുഞ്ഞുങ്ങൾ… പല പ്രായക്കാർ … പലതരത്തിലും നിറത്തിലുമുള്ള കളിപ്പാട്ടങ്ങൾ …
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്നു പാടി നിറങ്ങളോട് കൂടിയ വെളിച്ചം വിതറി കറങ്ങുന്ന പാവ കൈയ്യിൽ പിടിച്ച ഒരു ആയ വന്ന് ടീനയുടെ കൈയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി. അവൻ യാതൊരു പിണക്കവും കൂടാതെ അവരുടെ കൈകളിൽ ചിരിച്ചു കൊണ്ടിരുന്നു.നോട്ടം മുഴുവൻ ആ പാവയിലായിരുന്നു. കുഞ്ഞിൻ്റെ ബാഗ് ടീന ആയയെ ഏൽപ്പിച്ചു. അവർ അത് ഏറ്റു

വാങ്ങിക്കൊണ്ടു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അവളുടെ ചങ്കുപറിയുന്നത് പോലെ തോന്നി. ടീന ഓടിച്ചെന്ന് കുഞ്ഞിൻ്റെ മുഖത്ത് നിറയെ ഉമ്മ വച്ചു.
അമമ വേഗം വരാട്ടോ… മിടുക്കനായിട്ടിരിക്കണേ… അവൻ്റെ കൈയ്യിൽ ഉമ്മ വയ്ക്കുമ്പോഴേക്കും അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു.

മാഡം ധൈര്യമായി പൊക്കോളൂ. ഇവിടുത്തെ നമ്പർ കൈയ്യിലുണ്ടല്ലോ. രജിസ്റ്റർ ചെയ്തപ്പോൾ തന്ന റസീപ്റ്റിൽ ഉള്ള നമ്പർ തന്നെ.

മനസ്സില്ലാ മനസ്സോടെ തിരികെ നടന്ന് സ്കൂട്ടറിൽ കയറുമ്പോഴും അവൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ടേ യിരുന്നു. ജോലി രാജി വച്ചാലെന്താ എന്നു വരെ ചിന്തിച്ചു പോയി. ആദ്യമായാണ് കുഞ്ഞിനെ പിരിഞ്ഞിരിക്കുന്നത്. ഒരു പകൽ മുഴുവൻ എങ്ങനെ തളളിനീക്കുമെന്ന് ചിന്തിച്ച് അവൾക്ക് ഭ്രാന്തു കയറിത്തുടങ്ങി.
ഓഫീസിലെത്തിയപ്പോൾ കുഞ്ഞിൻ്റെ വിശേഷങ്ങളിറയാൻ എല്ലാവരും ചുറ്റും കൂടി.

ടീന എന്തായാലും തടിച്ചിട്ടൊന്നുമില്ല.ഫിഗർ മെൻ്റെയിൻ ചെയ്തിട്ടുണ്ട്.

B സെക്ഷനിലെ വേണുവിൻ്റെ കമൻ്റ് .ആ അലവലാദി വേണുവിനെ ടീനയ്ക്കിഷ്ടമേയല്ല. അയാളെ നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി അവൾ ഇന്ദു ചേച്ചിയുടെ കാബിനിലേയ്ക്ക് നടന്നു. ഓഫീസിലെ ടീനയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയാണ് ഇന്ദു. ടീനയുടെ സീനിയർ ആണങ്കിലും അവർ ഉറ്റ ചങ്ങാതിമാരാണ്.ടീനയുടെ മുഖം കണ്ടപ്പോഴേ ഇന്ദുവിന് കാര്യം മനസ്സിലായി.
എൻ്റെ ടീന .. നീ പേടിക്കുന്നതു പോലെ ഒന്നും ഉണ്ടാകില്ല. നിൻ്റെ കൈയ്യിൽ നമ്പർ ഉണ്ടല്ലോ ഒന്നു വിളിച്ചു നോക്ക്, അല്ലെങ്കിൽ ഇന്ന് ഹാഫ് ഡേ എടുത്തോളൂ.. കുറച്ച് ദിവസം വരെ ഈ പ്രയാസം ഉണ്ടാകും. അത് കഴിഞ്ഞാൽ എല്ലാം ശരിയായിക്കോളും.

ഇന്ദു ടീനയെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു.