Kambi Katha ഫേസ്ബുക്കിൽ പിച്ചവയ്ക്കുന്ന കാലം. 56 രൂപയ്ക്ക് 250 എംബി, അതും വെറും 21 ദിവസത്തേക്ക്. ഓരോ എംബിയും അരിഷ്ടിച്ചാണ് ചിലവാക്കുന്നത്. അതുകൊണ്ട് തന്നെ ഫേസ്ബുക്ക് ലൈറ്റായിരുന്നു നമ്മുടെ സ്ഥിരം കളിക്കളം.
തുടക്കകാരിയായതിന്റെ കൗതുകം നന്നായിട്ടുണ്ട്. അതുകൊണ്ടാണ് എന്ത് കണ്ടാലും ലൈക് അടിച്ചത്. അപ്പോഴാണ് ഒരു ചെക്കന്റെ പ്രൊഫൈൽ പിക്ചർ കണ്ടത്. എന്റെ ഫ്രണ്ട് ഒന്നുമല്ല കേട്ടോ. എന്റെ കൂട്ടുകാരന്റെ കൂട്ടുകാരനാണ് കക്ഷി. ബാക്ക്ഗ്രൗണ്ട് നല്ല പരിചയം ഉള്ളതുകൊണ്ടു കമന്റിട്ടു. ഇത് ഇന്ന സ്ഥലമല്ലേ എന്ന് ചോദിച്ചു കൊണ്ട്. അതെയെന്ന് മറുപടിയും കിട്ടി.
അത് അവിടെ കഴിഞ്ഞെന്ന് കരുതിയിരുന്നപ്പോഴാണ് മനുഷ്യനെ വഷളക്കാൻ വേണ്ടി 2 ജിബി ഇന്റർനെറ്റ്, നെറ്റ് സെറ്റർ വഴി ഫ്രീ കിട്ടിയത്. അപ്പോൾ തന്നെ ലാപ്ടോപിൽ കൂടി ഫേസ്ബുക്ക് ഉഴുതു മറിച്ചു. അങ്ങനെയാണ് ആ മെസ്സേജ് റിക്വസ്റ്റ് എന്റെ കണ്ണിൽ പെട്ടത്. അത് അയാളുടെയായിരുന്നു. കൂട്ടുകാരനെ വിളിച്ചു അയാളെ പറ്റി തിരക്കി. നല്ലവനാണെന്ന് അവന്റെ ഉറപ്പിൻമേലാണ് നല്ല വർത്താനപ്രിയായ ഞാൻ അത് അക്‌സെപ്റ് ചെയ്ത്. അങ്ങനെ ചാറ്റിങും തുടങ്ങി.
ചാറ്റ് ചെയ്ത് ഞങ്ങൾ നല്ല കൂട്ടായി. ക്ലാസ്സിലും ഹോസ്റ്റൽ മുറികളിലുമായി ചാറ്റിംഗ് പുരോഗമിച്ചു. ഒരു ദിവസം 24 മണിക്കൂറിൽ 15 മണിക്കൂറും ചാറ്റിങായിരുന്നു. എന്നെയും കുറ്റം പറയാൻ പറ്റില്ല. ചുറ്റുമുള്ള എല്ലാവരും ഫോണിൽ കുത്തുമ്പോൾ ഞാൻ മാത്രം എന്ത് ചെയ്യാനാണ്?
ചാറ്റിങ് ഫ്രണ്ടിനെ പറ്റി പറഞ്ഞില്ലല്ലോ. അവന്റെ പേര് “ജീവൻ”. ഞാൻ “ജീവ” എന്ന് വിളിക്കും. എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലിക്ക് വേണ്ടി ശ്രമിക്കുന്നു. അച്ഛൻ വിദേശത്താണ്. അമ്മ വീട്ടമ്മ. ഒരു ചേച്ചിയുള്ളതിന്റെ കെട്ടിച്ചും കഴിഞ്ഞു. ഞാൻ എപ്പോഴും ചോദിക്കും, മുഴുവൻ സമയവും ഓൺലൈനാണല്ലോ, വേറെ പണിയൊന്നുമില്ലേ എന്ന്. അപ്പൊ പറയും, വെളിയിൽ ജോലി ശരിയാകിയിട്ടുണ്ട് അച്ഛൻ. 6 മാസത്തിനുള്ളിൽ ഇവിടെ നിന്ന് പോകും. അതുവരെ ഇവിടെ അടിച്ചു പൊളിക്കാനാണ് തീരുമാനമെന്ന്.
ചാറ്റ് ചെയ്തു നല്ല കൂട്ടായപ്പോൾ ഫോട്ടോയും ഫോൺ നമ്പറും ചോദിച്ചു അവൻ. ചോദ്യം എനിക്ക് ഇഷ്ടമായില്ലെന്ന് മനസിലാക്കിയത് കൊണ്ട് പിന്നെ ചോദിച്ചിട്ടില്ല. എനിക്ക് വല്ല പ്രേമവും ഉണ്ടോയെന്ന് ഇടയ്ക്ക് ഇടയ്ക്ക് ചോദിക്കും. ഉണ്ടെന്ന് എത്ര പറഞ്ഞാലും വിശ്വസിക്കില്ല. എന്നെ പോലെ ഒരാൾക്ക് അതിന് സാധിക്കില്ലെന്നാണ് അവന്റെ പക്ഷം.
ഒരു ദിവസം അവൻ കാരണം എനിക്ക് ആദ്യമായി വഴക്ക് കേട്ടു . വേറെ ഒന്നുമല്ല. ഇത്രയും സമയം ഓൺലൈനിൽ കാണുന്നത് വീട്ടുകാർക്ക് അക്‌സെപ്റ് ചെയ്യാൻ പറ്റിയില്ല. അതോടെ സോഷ്യൽ മീഡിയ എല്ലാം കെട്ടി പെറുക്കി പത്തായതിന് മുകളിലിട്ടു. അന്നത്തെ ദേഷ്യത്തിന് ഞാൻ അവനെ ബ്ലോക്ക് ചെയ്തിരുന്നു. അവനോടു ചാറ്റ് ചെയ്തത് കൊണ്ടാണല്ലോ എനിക്ക് വഴക്ക് കേട്ടത്. അവൻ എങ്ങനെയെങ്കിലും എന്നെ കോൺടാക്റ്റ് ചെയ്യുമെന്ന് കരുതി. പക്ഷേ അതുണ്ടായില്ല. അവന്റെ മനസ്സിൽ എനിക്ക് സ്ഥാനമില്ലാത്തതുകൊണ്ടായിരിക്കാമെന്ന് കരുതി. പിന്നീട് കുറെ നാളത്തേക്ക് ആരുടേയും അനക്കം ഉണ്ടായിരുന്നില്ല.
അങ്ങനെ ഇരിക്കെ ഞങ്ങളുടെ രണ്ടുപേരുടെയും സുഹൃത്തായ റോജൻ വിളിച്ചത്.
“ഹലോ! നീതു അല്ലേ? ”
“അതെ. ആരാ ഇത് ?”
“ഡി ഞാൻ റോജനാണ്. ”
“നീ എന്താ ഈ സമയത്ത് വിളിച്ചേ?”
“ഡി നമ്മുടെ ജീവന് ഒരു ആക്‌സിഡന്റ് പറ്റി. അൽപ്പം സീരിയസാണ്. സിറ്റി ഹോസ്പിറ്റലാണ് ഇപ്പോ. ഞാൻ കണ്ടിട്ട് വീട്ടിലോട്ടു മടങ്ങുവാ. ”
“എപ്പോഴാ ആക്‌സിഡന്റ് പറ്റിയെ ?”
“ഇന്നലെ രാത്രിയിൽ”
“ഹും”
“ഒന്ന് പ്രാർത്ഥിക്കണേടീ. വെന്റിലേറ്ററിലാണ്. ”
“ശരി ഡാ”
എനിക്ക് ഉറപ്പായിരുന്നു അവൻ കള്ളം പറഞ്ഞതാണെന്ന്. രണ്ടുപേരും കൂടി പ്ലാൻ ചെയ്തതായിരിക്കും. അപ്പോഴാണ് എന്റെ ഒരു സുഹൃത്ത് അവിടെയുള്ള കാര്യം ഓർമ വന്നത്. അവളോട് ഒന്ന് തിരക്കാൻ പറഞ്ഞു. അവൾ പറഞ്ഞപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം എനിക്ക് മനസ്സിലായത്. തലയിൽ മൂന്നിടത്ത് രക്തം കട്ട പിടിച്ചിട്ടുണ്ട്. അന്തരീക രക്തസ്രാവവുമുണ്ട്. രക്ഷപെട്ടാൻ സാധ്യത കുറവാണ് പോലും. കേട്ടപ്പോഴേ എന്റെ ഉളള് കാറി. സത്യമാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. എല്ലാം ഒരു മിഥ്യയായിരിക്കണമേ എന്ന് ഉളളുരുകി പ്രാർത്ഥിച്ചു. ഉടനെ തന്നെ റോജനെ വിളിച്ചു.
“ഡാ ഇത് എങ്ങനെ സംഭവിച്ചു ?”
“എനിക്കും അറിയില്ലെടി. ഇന്നലെ ഞങ്ങൾ എല്ലാരും കൂടിയിരുന്നു വർത്താനം ഒക്കെ പറഞ്ഞതാ.”
“അവൻ ഓവർ സ്പീഡായിരുന്നോ?”
“നീ എന്താ ഈ പറയുന്നേ. അവന് പണ്ടേ സ്പീഡ് പേടിയാ. എന്റെ ബൈക്കിന്റെ പിന്നിൽ പോലും ഇരിക്കില്ല.”
“പിന്നെ ഇതെങ്ങനെ സംഭവിച്ചു ?”
“എനിക്കറിയില്ല. ഇന്നലെ നിന്നെ പറ്റി എന്നോട് സംസാരിച്ചിരുന്നു. ഒരുപാട് വിഷമിച്ചാ സംസാരിച്ചത്. ഞാൻ പറഞ്ഞതാ എന്റെ കൈയ്യിൽ നിന്റെ നമ്പർ ഉണ്ടെന്ന്. കൊടുക്കാമെന്ന് വരെ പറഞ്ഞു, അവന്റെ വിഷമം കണ്ടപ്പോൾ. പക്ഷേ സമ്മതിച്ചില്ല. നീ ബ്ലോക്ക് ചെയ്തത് എന്തിനാണെന്ന് പോലും അറിയില്ലെന്ന് പറഞ്ഞു. കാരണം ചോദിച്ചുപോലും നിന്നെ ഒരിക്കലും ബുദ്ധിമുട്ടിക്കാൻ വരില്ലെന്നായിരുന്നു അവന്റെ തീരുമാനം. മരിക്കുന്നതിന് മുൻപ് നിന്നെ കാണാൻ യോഗമില്ല എന്നും പറഞ്ഞു. അറം പറ്റിപ്പോയല്ലോ! അവന് നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു. നീ എന്താ അവനെ മനസിലാക്കത്തത്. അവന് എന്തെങ്കിലും സംഭവിച്ചാൽ……”
“നീ ഒന്ന് സമാധാനിക്ക്. അവന് ഒന്നും പറ്റില്ല. എന്റെ ഫ്രണ്ട് ഒരാൾ അവിടെയുണ്ട്. അവൾ എല്ലാം നോക്കിക്കൊള്ളും. ഞാൻ പ്രത്യേകം പറഞ്ഞു ഏല്പിച്ചിട്ട് ഉണ്ട്. ”
” അപ്പോ നീ വരില്ലേ കാണാൻ?”
“ഇല്ല. വരാൻ പറ്റില്ലെടാ. എന്നിട്ട് ഇന്നലെ എപ്പോഴാ അവൻ പോയത് ? ”
“വണ്ടിയും എടുത്തോണ്ടാണ് പോയത്. ഒരു 10.30 കഴിഞ്ഞു കാണും. സീതപ്പാലം ഹംബ് കഴിഞ്ഞ് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു എന്നാ കേട്ടെ. അവന്റെ ദേഹത്ത് കൂടി തന്നെ ബൈക്ക് കേറി. ഉരുണ്ടു വീണ വഴിയിൽ തല പോസ്റ്റിലും ഇടിച്ചു.”
“മതി. ഞാൻ പിന്നെ വിളിക്കാം:”
ഇത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്യാനേ എനിക്കു തോന്നിയുള്ളൂ. കരയാൻ പോലും കഴിഞ്ഞില്ല. എന്നും ആശുപത്രിയിൽ വിളിച്ചു തിരക്കും എങ്ങനെയുണ്ടെന്ന്. ഒരു മാറ്റവും ഉണ്ടായില്ല. എനിക്കു വേണ്ടി ആയിരിക്കാം 7 ദിവസം വരെ അവൻ പിടിച്ചു നിന്നത്. എന്ത് കൊണ്ടോ എനിക്ക് കാണാൻ വേണ്ടി പോലും പോകാൻ തോന്നിയില്ല. അവൻ വെറുമൊരു ഫേസ്ബുക്ക് ഫ്രണ്ട് മാത്രമായിരുന്നു എനിക്ക് എന്നായിരുന്നു എന്റെ ധാരണ. പക്ഷേ അത് തെറ്റായിരുന്നു. അവന് ഞാൻ ആരായിരുന്നാലും എനിക്ക് അവൻ നല്ല ഒരു സുഹൃത്തായിരുന്നു. പ്രണയമാകില്ലെന്ന് ഉറപ്പുളള ഒരു സൗഹൃദം. അവൻ എപ്പോഴും പറയുമായിരുന്നു.
“ഞാൻ നിനക്ക് എപ്പോഴും നല്ല ഒരു ഫ്രണ്ടായിരിക്കും. എന്നെ പറ്റി ഓർക്കുമ്പോൾ തന്നെ നിന്റെ മുഖത്ത് പുഞ്ചിരി വരണമെന്ന്.”
അത് ഞാൻ ഇപ്പോഴും അനുസരിക്കുന്നുണ്ട്. കുറച്ച് നാളത്തെ പരിചയം മാത്രമേ ഉള്ളായിരുന്നുവെങ്കിലും എന്റെ മനസ്സിൽ ഒരു സ്ഥാനമുണ്ടാക്കാൻ അവന് കഴിഞ്ഞു. അതുകൊണ്ടാണല്ലോ ഫേസ്ബുക്ക് തുറക്കുമ്പോൾ അവന്റെ പേരിന് നേരെ പച്ച തെളിയുന്നുണ്ടോയെന്ന് ഇന്നും നോക്കുന്നത്. തെളിയില്ലെന്ന് ഉറപ്പുണ്ടായിട്ടും…..
~ ശാരി പി പണിക്കർ ( ചാരു )