ജോർഡിയുടെ അന്വേഷണങ്ങൾ 2

ജോർഡിയുടെ അന്വേഷണങ്ങൾ 2
Jordiyude Anweshanangal Part 2 രചന : ജോൺ സാമുവൽ
Previous Parts

പഠിക്കാൻ മിടുക്കാനായതുകൊണ്ട് അഞ്ചാം ക്ലാസ്സു കഴിഞ്ഞപ്പോത്തന്നെ ‘അമ്മ സ്കൂളിൽ വന്നു ഇംഗ്ലീഷ് മീഡിയം ഡിവിഷനിൽ നിന്നും മലയാളം മീഡിയം ഡിവിഷനിലേക്ക് എന്നെ മാറ്റി സ്ഥാപിച്ചു. സ്വർഗം കിട്ടിയ അവസ്ഥയാരുന്നു എനിക്ക്. അല്ല നാലാം ക്ലാസ്സു വരെയും ഞാൻ മലയാളം മീഡിയംതന്നെ ആയിരുന്നു. അപ്പോഴാണ് അടുത്തുള്ള മാനേജ്മെന്റ് സ്കൂളിൽ, ഒരു ഡിവിഷൻ മാത്രം ഇംഗ്ലീഷ് മീഡിയം തിടങ്ങുന്നുവെന്നും , അത് അഞ്ചാം ക്ലാസ് തൊട്ട് പത്താം ക്ലാസ്സ്‌ വരെ ഉണ്ടെന്ന വിവരവും പൈപ്പിൻ ചോട്ടിൽ നിന്നു വെള്ളം പിടിച്ചോണ്ടിരുന്ന എന്റെ അമ്മച്ചിയുടെ ചെവിയിലെത്തുന്നത്. എന്റെ കഷ്ടകാലം !!!ഞാൻ അങ്ങനെയാണ് ഇംഗ്ലീഷ് മീഡിയത്തിൽ അഞ്ചില് പഠിക്കുന്നത്.

എല്ലാ ക്ലാസ്സിലെയും എ ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ബാക്കി ഡിവിഷനുകൾ മലയാളം മീഡിയവും ആയിരുന്നു.

ആ എന്നതായാലും ആറാം ക്ലാസിൽ മലയാളം മീടിയത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.

ആറ് ബി (VI B) അതായിരുന്നു എന്റെ ക്ലാസ്സ്.

ഇനി അങ്ങോട്ടുള്ള കഥയിൽ അവനുണ്ട് . അവന്റെ പേര് : ജെസ്വിൻ

ഒരു മിഡ്ടെം പരീക്ഷയുടെ സമയത്താണ് ഞാനവനുമായി കമ്പനി ആവുന്നത്. അതുവരെ ക്ലാസ്സിലുണ്ടെങ്കിലും അത്ര വലിയ കൂട്ടൊന്നും ആയിരുന്നില്ല.

അന്ന് മോളി ടീച്ചർ കണക്കു പരീക്ഷയുടെ പേപ്പർ തന്ന ദിവസം ;

ടീച്ചർ എല്ലാവരുടെയും പേര് വിളിച്ചു പേപ്പർ കൊടുക്കകയാണ്. മാർക്ക് ഒന്നും ടീച്ചർ വിളിച്ചു പറയില്ല പേര്‌ മാത്രമേ വിളിക്കു. അതുകൊണ്ട് തന്നെ ഞാനടക്കമുള്ള കുറെ എണ്ണത്തിന് അതൊരു വലിയ സമാധാനമായിരുന്നു. അങ്ങനെ ടീച്ചർ പേരു മാത്രം വിളിച്ചു
പരീക്ഷ പേപ്പറേല്ലാം കൊടുത്തിട്ട് ചോദ്യപ്പേപ്പർ എടുത്തു ഉത്തരങ്ങൾ വായിക്കാൻ തുടങ്ങി.

അങ്ങനെ വായിക്കുമ്പോൾ ആർക്കെങ്കിലും മാർക് കിട്ടാനുണ്ടെങ്കിൽ അത് നോട്ട് ചെയ്ത് വെച്ചിട്ട് അവസാനം ടീച്ചറിനെ കൊണ്ടുപോയി കാണിക്കണം. അപ്പൊ ടീച്ചർ അതു നോക്കി മാർക് കിട്ടാനുള്ളതാണെങ്കിൽ കൊടുക്കും.

അങ്ങനെ എല്ലാവരും മാർക് മേടിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കുന്ന സമയത്താണ് ജെസ്വിന്റെ ഒരു മാരക എന്റ്റി

അവൻ ടീച്ചറിന്റെ അടുത്ത് ചെന്നിട്ട് പറഞ്ഞു

” ടീച്ചറെ ഈ വഴിക്കണക്കിൽ എന്റെ മൂന്നാമത്തെ സ്റ്റെപ്പ് തെറ്റാണ് അവസാന ഉത്തരം മാത്രമേ ശെരിയൊള്ളു , പക്ഷെ ടീച്ചർ എനിക്ക് അതിനു മുഴുവൻ മാർക്കും തന്നിട്ടുണ്ട്. അത് കുറച്ചു തരാമോ ? “

എല്ലാവരും ഞെട്ടിത്തരിച്ചു നിന്നു.

അവന്റെ സത്യസന്ധതയെ ടീച്ചർ വാനോളം പുകഴ്ത്തി.

മൈനസ് പ്ലസ് ആകിയും ഒന്ന് ഏഴാക്കിയും പൂജ്യം എട്ടാക്കിയും എന്തേലും മാർക് കൂടുതല് മേടിക്കാൻ പറ്റുമോ എന്ന് തപ്പിക്കൊണ്ടിരുന്ന എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.

ഈ ലോകം മൊത്തം ഒരൊറ്റ നിമിഷത്തേക്ക് അവനെ മാത്രം നോക്കുന്ന പോലെ തോന്നി എനിക്ക്.

എനിക്ക് പിന്നെ ഉടായിപ്പ് ഒന്നും കാണിക്കാൻ തോന്നിയില്ല. ഞാനവിടെ അനങ്ങാതിരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ വീണ്ടും അവന്റെ പരീക്ഷ പേപ്പറുംകൊണ്ട് എഴുന്നേറ്റു. ക്ലാസ്സിലുള്ള എല്ലാവരും ഒരിക്കൽ കൂടി അവനിലേക്ക് ചുരുങ്ങി.

മോളി ടീച്ചർ അഭിമാനപൂർവം അവൻ വരുന്നതും നോക്കി നിന്നു.

അവൻ ടീച്ചറിന്റെ അടുത്തു ചെന്നു പരീക്ഷാ പേപ്പറുകൾ തിരിച്ചും മറിച്ചും കാണിക്കുന്നത് കണ്ടു.

ടീച്ചർ അതൊക്കെ ശ്രദ്ധയോടെ നോക്കുന്നതും കണ്ടു.

അൻപതിൽ പതിനാറ് മാർക് കിട്ടി , അതിൽ നാലു മാർക് അവന്റെ സത്യസന്ധതയും തിന്ന് ബാക്കി പന്ത്രണ്ട് മാർക്കുമായി ടീച്ചറിന്റെ അടുത്തേക്ക് പോയ അവൻ തിരിച്ചു വന്നപ്പോ അവന്റെ മാർക്ക് 23 !!!

“സത്യസന്ധതയ്ക്ക് ദൈവം നൽകിയ അംഗീകാരം”

ടീച്ചർ പറഞ്ഞു.

പക്ഷേ എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവനോട് അല്പം അസൂയ അപ്പൊ തോന്നി എന്നു കൂട്ടിക്കോ.

എന്നിലെ കുറ്റാന്വേഷകൻ ഉണർന്നു. പണ്ട് മൂന്നിൽ പടിക്കുമ്പോ ഐബിയുടെ മോഷണം പോയ ഗ്ലിറ്റെർപെൻ ക്യാപ് കണ്ടുപിടിച്ചു കൊടുത്ത ചരിത്രമുള്ള ആളാണ് ഞാൻ.

ഒരു മിനിറ്റത്തേക്ക് ഞാൻ കണ്ണടച്ചിരുന്നു . എന്റെ ചിന്താ മണ്ഡലത്തിൽ ഞാൻ വെലിയേറ്റങ്ങൾ സൃഷ്ടിച്ചു.

പന്ത്രണ്ട് മാർക്ക് ഉള്ള അവനു എങ്ങനെയാണ് പതിനൊന്നു മാർക്കുകൾ കൂടുതൽ കിട്ടുക ?

അതെങ്ങനെയാണ് അത്രയും മാർക്കിന്റെ ഉത്തരങ്ങൾ ടീച്ചർ കാണാതെ പോയത് ?

ഞാൻ ചിന്തിച്ചു !

” ഭയങ്കരാ , കൊളടിച്ചല്ലോ ഇപ്പൊ ഏതിനോക്കെയാടാ മാർക് കൂട്ടിക്കിട്ടിയത് ? “

ഞാൻ നൈസ്ആയിട്ട് അവനോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി.

അവന്റെ മറുപടിയനുസരിച്ച് അവനു രണ്ടാമത് മാർക് കിട്ടിയത് 9, 14, 18 എന്നീ മൂന്ന് ചോദ്യങ്ങൾക്കാണ്‌.

ഇതിൽ ഒൻപതാമത്തെ ചോദ്യം രണ്ടു മാർക്കിന്റേതും പതിനാലാമത്തെ ചോദ്യം മൂന്നു മാർക്കിന്റേതും പതിനെട്ടാമത്തെ ചോദ്യം ആറു മാർക്കിന്റേതുമാണ്.

അതായത് അവനു ആ മൂന്നു ചോദ്യങ്ങൾക്കും മുഴുവൻ മാർക്കും കിട്ടിയിരിക്കുന്നു എന്ന്.

2+3+6=11 . അങ്ങനെയാണ് പന്ത്രണ്ടിൽ നിന്നും ഇരുപതിമൂന്നിലേക്കുള്ള അവന്റെ യാത്ര.

ഈ രണ്ടു മർക്കിന്റെയും മൂന്നു മാർക്കിന്റെയും ഉത്തരങ്ങൾ ടീച്ചർ കാണാതെ പോയിട്ടുണ്ടാകാം. പക്ഷെ ഈ ആറു മാർക്കിന്റെ വഴിക്കണക്ക് എങ്ങനെയാണ് ടീച്ചർ കാണാതെ പോകുന്നത് ?

ഞാനെത്ര ആലോചിച്ചിട്ടും വ്യക്തമായ ഒരുത്തരം കിട്ടിയില്ല.

പിന്നീട് ഞാൻ വേറെ ആർക്കൊക്കെയാണ് ഇതുപോലെ മാർക് കൂട്ടി കിട്ടിയത് എന്നാലോചിച്ചു.

അനന്തു , രോഹിണി , അജ്മൽ ഇവർ മൂന്നുപേർക്കുമാണ് അവനെ കൂടാതെ മാർക് കൂട്ടി കിട്ടിയവർ.

അവനോട് ചോദിച്ചപോലെ ഇവർ മൂന്നുപേരോടും അവർക്ക് രണ്ടാമത് മാർക് കിട്ടിയ ചോദ്യങ്ങൾ ഏതൊക്കെയാണെന്നും എത്രയൊക്കെയാണെന്നും ഞാൻ അന്വേഷിച്ചു.

അനന്തുവിന് ഒന്നരമാർക്കാണു കൂട്ടി കിട്ടിയത്, രോഹിണിക്ക് ഒന്നും, അജ്മലിന് അരയും.

എന്റെ മനസ്സിലെ സംശയങ്ങൾ വർധിച്ചു വന്നു.

എന്നാലും എങ്ങനെയാണ്‌ ആ വഴിക്കണക്ക് ടീച്ചർ കാണാതെ പോകുന്നത് ?

ഞാൻ തലകുത്തി നിന്ന് ആലോചിച്ചു.

അപ്പോഴേക്കും ഇന്റർവെല്ലിന് ബെൽ അടിച്ചു . ചോദ്യപ്പേപ്പറിലെ ചോദ്യങ്ങളും ഉത്തരങ്ങളും നോട്ട് ബുക്കിൽ നാളെത്തന്നെ എഴുതിക്കാണിക്കണമെന്നു പറഞ്ഞിട്ട് ടീച്ചർ പോയി.

പെട്ടെന്നാണ് ഞാനത് ശ്രദ്ധിച്ചത്.

ജെസ്വിൻ ചോദ്യങ്ങളുടെ ഉത്തരം എഴുതാൻ അജ്മലിന്റെ ചോദ്യപ്പേപ്പർ മേടിക്കുന്നു. എന്റെ മനസ്സിൽ വീണ്ടും സംശയങ്ങൾ മുളച്ചു .

പിന്നീട് കളിയായിട്ട് ഞാൻ ജെസ്‌വിനോട്

” എടാ നിന്റെ ചോദ്യപ്പേപ്പർ ഒന്നു തരാവോ ഞാനാ പതിനെട്ടാമത്തെ വഴിക്കണക്ക് എഴുതീലെടാ “

എന്നും പറഞ്ഞ് അവന്റെ ചോദ്യപ്പേപ്പർ മേടിച്ചു നോക്കി.

അവന്റെ ചോദ്യപ്പേപ്പറിൽ അവൻ എഴുതി
വെച്ചിരിക്കുന്ന ഉത്തരങ്ങൾ 9, 14 , 18 എന്നീ ചോദ്യങ്ങളുടേത്
മാത്രം.

അതായത് അവനു രണ്ടാമത് മാർക് കിട്ടിയ
ചോദ്യങ്ങളുടെ ഉത്തരങ്ങൾ മാത്രം.

എന്റെ സംശയങ്ങൾക്കുള്ള വ്യക്തമല്ലാത്ത ഒരുത്തരമായിരുന്നു അവന്റെ ആ ചോദ്യപ്പേപ്പർ.

അവൻ ആ ചോദ്യപ്പേപ്പറിൽ ഉത്തരങ്ങൾ എഴുതിയിരിക്കുന്ന രീതിയും അതിനു കാരണമായിരുന്നു.

ടീച്ചർ പെട്ടെന്ന്
ഉത്തരങ്ങൾ പറഞ്ഞു പോകുമ്പോൾ പെട്ടെന്ന്
ഞങ്ങളത് എഴുതി എടുക്കുമ്പോൾ ഇവനെഴുതിയിരിക്കുന്നത് പോലെ വടിവൊത്ത അക്ഷരത്തിൽ എഴുതാൻ സാധിക്കില്ല. അതായത് അവൻ ആ ഉത്തരങ്ങൾ ചോദ്യപ്പേപ്പറിൽ നേരത്തേ എഴുതിക്കൊണ്ടുവന്നതാവാനാണ് സാധ്യത. അങ്ങനെയാണെങ്കിൽ പരീക്ഷ പേപ്പർ കയ്യിൽ കിട്ടിയ സമയത്ത് അവൻ ക്ലാസിലിരുന്ന് ആരും കാണാതെ
എഴുതി ചേർത്തവയാണ് ആ ഉത്തരങ്ങൾ. സംശയം തോന്നതിരിക്കാൻ പരീക്ഷ എഴുതിയ സമയത്തു തന്നെ മനപ്പൂർവം തെറ്റിച്ചതാണ് അവൻ സത്യസന്ധത കാണിച്ചു ആദ്യം മാർക്ക് കുറപ്പിച്ച ആ ഉത്തരവും.

ഇതെല്ലാം എന്റെ കണ്ടെത്തലുകളാണ്. പക്ഷെ അപ്പോഴും കുറ്റം തെളിയിക്കാൻ എന്റെ കയ്യിൽ തെളിവുകളുണ്ടായിരുന്നില്ല.

അതു തെളിയിക്കണമെങ്കിൽ എനിക്ക് അവന്റെ പരീക്ഷാ പേപ്പർ കൂടി കട്ടേണ്ടതുണ്ട്.

ആതു കിട്ടാൻ ഞാൻ ഒരു ശ്രമം നടത്തിനോക്കി.

ഞാൻ സ്റ്റാഫ്‌റൂമിൽ ചെന്ന്
എനിക്ക് ഒരുത്തരത്തിനു മാർക്ക് കിട്ടാനുണ്ടെന്നും പറഞ്ഞ് മോളി ടീച്ചറെ കണ്ടു.

അപ്പൊ ടീച്ചർ പരീക്ഷാപേപ്പേർ എല്ലാം കൂടി എടുത്തുകൊണ്ട് വരുമല്ലോ. അറ്റന്റൻസ് രെജിസ്റ്റർ അനുസരിച്ച് എന്റെ റോൾ നമ്പർ കഴിഞ്ഞാണ് അവന്റെ നമ്പർ . അപ്പൊ എന്റെ പേപ്പർ ടീച്ചർ എടുത്തു നോക്കുമ്പോ അവന്റെ

പേപ്പർ എനിക്ക് സൂത്രത്തിൽ ഒന്നു നോക്കാമല്ലോ !!!
അതായിരുന്നു പ്ലാൻ.

പക്ഷെ ടീച്ചർ സ്റ്റാഫ്‌റൂമിലെ അലമാരയിൽ നിന്നും എന്റെ പേപ്പർ മാത്രം എടുത്തുകൊണ്ട് വന്നിട്ട് മാർക്ക് കിട്ടാനുള്ള ഉത്തരം കാണിക്കാൻ എന്നോട് പറഞ്ഞു.

അവസാന പ്രതീക്ഷയും അസ്തമിച്ചു നിരാശനായ ഞാൻ ഏതോ ഒരു നമ്പർ പറഞ്ഞു. ടീച്ചർ ആ ചോദ്യവും എന്റെ ഉത്തരവും നോക്കിയിട്ട് എന്റെ മുഖത്തേക്കൊന്നു നോക്കി.

പിന്നീട് ക്ലാസില് ഉത്തരങ്ങൾ വായിച്ചപ്പോൾ ശ്രദ്ധിക്കാതിരുന്നതിന് അടിയും തന്ന് ക്ലാസ്സിലേക്ക് വിട്ടു.

പക്ഷേ,
അന്ന് ആ സ്റ്റാഫ് റൂമിൽ വെച്ച് എൻ്റെ ആ അന്വേഷണം അവസാനിച്ചില്ല !

ഞങ്ങൾ ഏഴാം ക്ലാസിലേക്ക് കയറി .
VII B യിൽ മിഡ്ടെം പരീക്ഷയ്ക്ക് വേണ്ടി ഞാൻ കാത്തിരുന്നു ! പരീക്ഷ കഴിഞ്ഞു പരീക്ഷാപേപ്പർ തരുന്ന ദിവസം എത്തി. അന്ന് ഞങ്ങളുടെ കണക്ക്‌ ടീച്ചർ ആൻസി ടീച്ചറാണ്. ടീച്ചർ ക്ലാസിൽ എല്ലാവരെയും വിളിച്ച് പരീക്ഷ പേപ്പറുകൾ നൽകി. ഉത്തരങ്ങൾ വായിക്കുകയും ചെയ്തു.

ഞാൻ എന്റെ പരീക്ഷാ പേപ്പേറിലേക്ക് നോക്കിയതുപോലുമില്ല. എന്റെ എല്ലാ ശ്രദ്ധയും അവനിലേക്കായിരുന്നു.

ഞാൻ കാത്തിരുന്ന നിമിഷം വന്നു. ടീച്ചർ പറഞ്ഞു

” ആർക്കെങ്കിലും മാർക്ക് കൂടുതലോ കുറവോ ഉണ്ടെങ്കിൽ ഇപ്പൊ വരണം “

അവൻ എഴുന്നേൽകുന്നതും നോക്കി ഞാനിരുന്നു.

പക്ഷെ എന്നെ നിരാശനാക്കികൊണ്ട് അവൻ എഴുന്നേറ്റില്ല.

ഒരു വർഷത്തെ എന്റെ അന്വേഷണങ്ങൾ , കാത്തിരുപ്പ് ,
എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു തരിപ്പണമായി.

നിരാശയോടെ ഞാൻ എന്റെ പരീക്ഷാപേപ്പേറിലേക്ക്
നോക്കി.

ദൈവത്തിന്റെ കയ്യൊപ്പ് ഞാൻ അവിടെ കണ്ടു.

ഞാൻ എഴുതാതെ വെറുതെ നമ്പർ മാത്രം
ഇട്ടു വിട്ട ഒരു ചോദ്യത്തിന്റെ അവിടെ ആൻസി ടീച്ചർ ചുവന്ന മഷിക്ക് വരച്ചിട്ടിരിക്കുന്നു.

അതായത് ജെസ്വിന്റെ പേപ്പേറിലും ടീച്ചർ ഇതു തന്നെ ചെയ്തിട്ടുണ്ടാകും.

അവൻ പേപ്പർ കിട്ടിക്കഴിഞ്ഞു
എഴുതനായി നമ്പറും സ്ഥലവും ഇട്ടു വിട്ട ഇടത്തെല്ലാം ടീച്ചർ ഇതുപോലെ ചുവന്ന മഷിക്ക് വരച്ചിട്ടുണ്ടാകും. അതാവും അവൻ എഴുന്നേൽകാതിരുന്നത്. അതുകൊണ്ടാകും അവനു ഉത്തരങ്ങൾ ക്ലാസിൽ ഇരുന്ന് എഴുതാൻ പറ്റാതെ പോയത്. മോളി ടീച്ചർ ഇതുപോലെ ചുവന്ന മഷിക്ക് വരക്കുമായിരുന്നില്ല. എഴുതാത്ത ചോദ്യങ്ങൾ ടീച്ചർ നോക്കാറേ ഉണ്ടായിരുന്നില്ല.

എന്റെ ചിന്തകൾക്ക് ചൂടുപിടിച്ചു..

പിന്നെ അധികം സമയം നഷ്ടമാക്കാതെ സൂത്രത്തിൽ അവന്റെ അടുത്തു ചെന്ന് അവന്റെ പരീക്ഷാ പേപ്പറും ചോദ്യപ്പേപ്പറും ഞാൻ സൂഷ്മനിരീക്ഷണം നടത്തി.

അവൻ എഴുതാതെ നമ്പറും സ്ഥലവും ഇട്ടു വിട്ട ചോദ്യങ്ങൾ : 4, 7, 13 !

ടീച്ചർ ചുവന്ന മഷിക്ക് വരയിട്ടു വിട്ട ചോദ്യങ്ങൾ : 4 , 7, 13 !!

അവന്റെ ചോദ്യക്കടലാസിൽ അവൻ ഉത്തരങ്ങൾ എഴുതി വെച്ചിരുന്ന ചോദ്യങ്ങൾ : 4 , 7 , 13 !!!

ലോകം കീഴടക്കിയ വികാരത്തോടെ ഞാനെന്റെ സീറ്റിൽ ചെന്നിരുന്നു.

പക്ഷെ ഞാനത് ആരോടും

പറഞ്ഞില്ല, അവനോടൊട്ടു ചോദിച്ചതുമില്ല

കാരണം എന്റെ
ചോദ്യങ്ങൾ എന്നോട് തന്നെയാണ്. ഉത്തരങ്ങളും!!!