എന്റെ അനിയൻ

ജനാല മെല്ലെ തുറന്നപ്പോഴേക്കും മനസ്സിന് കുളിരെന്നോണം ഇളം തെന്നൽ എന്റെ ശരീരത്തെ തൊട്ട് തലോടി വീശി അടിക്കുന്നുണ്ടായിരുന്നു..

ആദ്യ രാത്രിയുടെ അതി ഭാവുകത്വം ഒന്നുമില്ലെങ്കിലും ചുണ്ടിന് പുഞ്ചിരി സമ്മാനിക്കാൻ പണ്ടെന്നോ കണ്ട സിനിമയിലെ ശ്രീനിവാസനും പാർവതിയുമിങ്ങനെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു…

പൊന്നും പണവും പരിസരവും മാത്രം നോക്കിയിരുന്ന അമ്മയുടെയും
അച്ഛന്റെയും പിടിവാശിക്കപ്പുറം കാലങ്ങളായി ആരുമറിയാതെ ആത്മാർഥമായി സ്നേഹിച്ച ന്റെ അമ്മുവിനെ നഷ്ടപ്പെടുമെന്നാണ് കരുതിയത് ദൈവ കൃപയിൽ ഇന്നവളെന്റെ വധു ആയി തീർന്നിരിക്കുന്നു…

ചിന്തകളും സ്വപ്നങ്ങളും നിറഞ്ഞു നിൽക്കുന്നതിനിടെ പെട്ടന്നാണ് പിന്നിൽ നിന്ന്..

മഹിയേട്ടാ…!!

ഫോണിലൂടെയുള്ള എന്റെ സ്ഥിര വർണ്ണനകൾ വീണ്ടുമൊരിക്കൽ കൂടി കേൾക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ടാവും എന്റെ നോട്ടം പൂർത്തീകരിക്കും മുമ്പ് അറിയാമെന്ന ഭാവത്തിൽ അവൾ കൈ ഉയർത്തി കാട്ടിയിരുന്നു..

മഹിയേട്ടാ.. ശ്രീനി എന്തേ നമ്മുടെ വിവാഹത്തിൽ സഹകരിക്കാതിരുന്നത്??

ശ്രീനി അനിയനാണ്…

പിറന്ന നാൾ മുതൽ അമ്മയുടെയും അച്ഛന്റെയും പ്രിയപ്പെട്ടവൻ.. അവനോർമ്മ വെച്ച കാലമ്മുതലിന്നോളം എന്നെ സ്നേഹിച്ചിട്ടില്ല മറിച്ചു ദ്രോഹിച്ചിട്ടേയുള്ളു..

വീട്ടിലെ ജോലികളെല്ലാം ചെയ്യാൻ വിധിക്കപ്പെട്ടവൻ, അമ്മയുടെ ശകാരം കേൾക്കാൻ അർഹതപ്പെട്ടവൻ, പശുവിനെ നോക്കാനും പാടത്തെ പണിക്കുമെല്ലാം അച്ഛന്റെ കയ്യാളായി നില്കേണ്ടവൻ.. എന്നിങ്ങനെ മാത്രമായി ഞാൻ തീരുമ്പോൾ തല്ല് കൂടാൻ വന്ന് അമ്മയോടാവലാതി ബോധിപ്പിച്ചു അച്ഛന്റെ ചൂരൽ കശായത്തിനു ഞാൻ ഇരയാകുമ്പോൾ ഒളിഞ്ഞു നിന്ന് കൈകൊട്ടി ചിരിക്കുന്ന അനിയനോട് ഒരുതരം വെറുപ്പ് തന്നെയായിരുന്നു…

SSLC, പ്രീഡിഗ്രിയൊക്കെ ഉയർന്ന മാർക്കോടെ പാസ്സായപ്പോൾ അച്ഛനോട് സൈക്കിൾ വേണമെന്ന് ഞാൻ ആവശ്യപ്പെട്ടു..

” മഹി നീ പഠിച്ചു മുന്നേറി സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്ക്, അപ്പോ പിന്നെ നിന്റാഗ്രഹങ്ങൾ സ്വന്തമാക്കലോ ” എന്നായിരുന്നു അച്ഛനെനിക്ക് തന്ന മറുപടി..

കോളേജ് പഠനം തുടങ്ങുമ്പോഴേക്കും ബുള്ളറ്റും വിലപിടിപ്പുള്ള ഫോണുമാണ് ശ്രീനിക്ക് അച്ഛൻ സമ്മാനമായി നൽകിയത്, നാളിതുവരെ അവനോളം സ്ഥാനമെനിക്കീ വീട്ടിൽ കിട്ടിയിട്ടില്ല…..

തീക്കനലുകൾക്ക് സമാനമായി തിങ്ങി നിറഞ്ഞ എന്റെ കനലോർമ്മകൾ
പങ്കുവെക്കുമ്പോൾ അക്ഷമയോടെ നല്ലൊരു കേഴ് വിക്കാരിയായി അമ്മു മാറിയിരുന്നു…

അച്ഛൻ വാങ്ങി നൽകിയ വണ്ടിയും ഫോണും വിറ്റു എന്ന് മാത്രമല്ല ഹോസ്റ്റൽ,കോളേജ് ഫീസെന്നൊക്കെ പറഞ്ഞു വാങ്ങിയ ക്യാഷ് മുഴുവൻ കൂട്ടുകാർക്കൊത്‌ അടിച്ചു പൊളിച്ചെന്ന് അറിഞ്ഞപാട് കാലങ്ങൾക്ക് ശേഷം എന്റെ കൈ അവന്റെ കവിളിലേക്ക് പതിയുമ്പോൾ തടസ്സം നില്ക്കാൻ അമ്മയോ ശകാര വർഷമായി അച്ഛനോ എത്തിയില്ല…

വിശപ്പിന്റെ വിലയറിഞ്ഞു വളന്നവനാ ഈ മഹി കഷ്ടപ്പാടിന്റെ കാണാ കയങ്ങൾ താണ്ടി ഇതുവരെ എത്തുന്നതിടെ അനാവശ്യമായി ഒരു രൂപ പോലും ഞാൻ നഷ്ടപ്പെടുത്തിയിട്ടില്ല അറിയ്യോ???

അന്നാദ്യമായി അച്ഛൻ എന്നെ ഓർത്തൊരായിരം സന്തോഷിച്ചിട്ടുണ്ടാവുമെന്ന് ആ കണ്ണുകളിൽ നിന്ന് ഞാൻ വായിച്ചെടുത്തിരുന്നു, ശാപങ്ങളുമായി ‘അമ്മ ശ്രീനിയെ ആട്ടിപ്പുറത്താക്കുമ്പോൾ മറുത്തൊന്നും ഉരിയാടാതെ ഉമ്മറത് അച്ഛൻ ഇരിപ്പുണ്ടായിരുന്നു…….

വാക്കുകൾക്ക് വിരാമം കുറിക്കുമ്പോൾ എന്നെ ഓർത്തു അഭിമാനിക്കുമെന്ന് കരുതിയ അമ്മുവിൻറെ മുഖം കാർമേഘം നിറഞ്ഞ ആകാശം പോലെ സങ്കടം തളംകെട്ടിയിരുന്നു..

മാഹിയേട്ടാ ശ്രീനി ഇങ്ങടേക്ക് വരാറില്ലേ..

FacebookTwitterWhatsAppFacebook MessengerShare
മ്…ഇരുൾ വീണാൽ ദേ ആ ഉമ്മറത് വന്ന് കിടക്കും, കഴിച്ചതന്വേഷിക്കാനോ കുശലം പറയാനോ ഇവിടാരും പോയിട്ടില്ല..

എന്നിലെ നന്മകളോർത്തു തിളങ്ങുമെന്ന് കരുതിയ ആ കരിമിഴികളിൽ നിന്ന് കണ്ണുനീർ താഴേക്ക് പതിക്കുമ്പോൾ കാര്യമറിയാതെ ഞാനൽപമൊന്ന് പരിഭ്രമിച്ചു…

“മഹിയേട്ടാ കൂടെപ്പിറപ്പുകൾ ഇല്ലാതെ പോകുന്നവരുടെ മനസ്സിന്റെ വിങ്ങലുകൾ മറ്റുള്ളവർ എത്ര കണ്ട് മനസ്സിലാക്കുമെന്ന് അറിയില്ല, പക്ഷേ ശ്രീനിയെ പോലൊരു അനിയൻ എനിക്ക് കിട്ടിയതിൽ ദൈവത്തോടെന്നും ഞാൻ നന്ദി പറയാറുണ്ട്..”

അമ്മുവിൻറെ അവ്യക്തമായ വാക്കുകൾക്ക് മുന്നിൽ എനിക്ക് അത്ഭുതമാണ് തോന്നിയത്…

“അമ്മു നീ ഇതാരുടെ കാര്യാ ഈ പറയണെ..നമ്മുടെ ശ്രീനിയോ…!!!!

“അതേ മാഹിയേട്ടാ.. ഇന്ന് ഞാൻ ഏട്ടന്റെ ഭാര്യയായി ഇവിടിങ്ങിനിരിക്കാൻ കാരണം ശ്രീനിയാണ്….!!!!

ശ്രീനിയോ..?? ഉത്തരം തേടുന്ന ഒരായിരം ചോദ്യങ്ങളെന്റെ മനസ്സിൽ നിറയാൻ തുടങ്ങിയിരുന്നു…

പെട്ടെന്ന് വിവാഹം വേണമെന്ന് ഏട്ടന്റമ്മ ശാട്യം പിടിച്ചപ്പോൾ ശരവേഗത്തിൽ വലിയൊരു തുക കണ്ടെത്താൻ അച്ഛന് കഴിയുമായിരുന്നില്ല ഏതൊന്നിന്റെയും അളവു കോൽ പണമാണെന്ന തിരിച്ചറിവിൽ ഏട്ടന്റെ ഭാര്യ ആവാൻ വിധിയില്ല എന്ന് ഉറപ്പിച് അച്ഛനോട് ഈ വിവാഹം വേണ്ടെനിക്കെന്ന് പറയാനിരുന്ന ദിവസം ജോലി കഴിഞ്ഞു വരവേയാണ് ശ്രീനിയെ കണ്ടത്..

((((( എന്നെ മനസ്സിലായോ മഹിയെട്ടന്റെ അനിയനാ, ദേ കാലമിത്രയായി ആ ഏട്ടന് വേദനകൾ മാത്രമാണ് ഞാൻ സമ്മാനിച്ചിട്ടുള്ളത്.. പ്രായമേറും തോറും തിരിച്ചറിവുകളും വർധിക്കുകയാണെടത്തി..ആ ഏട്ടന്റെ അനിയനാവാൻ കഴിഞ്ഞത് എന്റെ പുണ്യമാണ്.. ഏട്ടന്റെ ജീവനാണ് അമ്മുവേടത്തിയെന്നെനിക്കറിയാം, ഇപ്പോഴെങ്കിലും എന്നാൽ കഴിയും

വിധമെന്തെങ്കിലും ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഇനിയൊരിക്കലും ആ ഏട്ടന്റെ പുഞ്ചിരിക്കുന്ന മുഖമെനിക്ക് കാണാൻ കഴിഞ്ഞെന്ന് വരില്ല…

ഏടത്തി ഈ ക്യാഷ് വാങ്ങണം എന്റെ സമ്പാദ്യങ്ങളെല്ലാമാണിത്, ))))

മാഹിയേട്ടന്റെ സന്തോഷത്തിനു വേണ്ടി അന്നേൽപിച്ച പണത്തിനു ഇത്രയൊക്കെ ത്യാഗങ്ങൾ അനുഭവിച്ചെങ്കിൽ ശ്രീനിയേക്കാൾ നല്ല മനസ്സ് ആർക്കാണേട്ടാ ഉണ്ടാവുക….

അവളുടെ വാക്കുകളെന്റെ മനസ്സിലേക്കാണ് തറച്ചത്, ഹൃദയം പെരുമ്പറകൊട്ടി
കണ്ണീരുകൾ എന്റെ മിഴികളെ മൂടി കവിളിൽ നനവ് പടർത്തുമ്പോൾ കുറ്റബോധമെന്നെ വല്ലാതെ തളർത്തിയിരുന്നു…

ഇരുളിനെ ഭേദിച്ച് ഉമ്മറപ്പടി ലക്ഷ്യമാക്കി നടന്ന് നീങ്ങുമ്പോൾ…ഒരിക്കലും സ്നേഹിക്കാതെ പല ആവർത്തി ശപിച്ചിട്ടുള്ള ഈ ഏട്ടനോട് ക്ഷമിക്ക് ശ്രീനീ എന്നോരായിരം തവണ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു..