1999 ജൂലെ മാസം
ഒരു അലറിയുള്ള കരച്ചിൽ കേട്ടാണ് അടുത്ത ബെഡ്ഡിലെ റീന ചേച്ചി മാളുവിനെ കുലുക്കി വിളിച്ചത്.
“മാളൂക്കുട്ടി എന്താ നിനക്കു പറ്റിയെ! എന്തിനാ അലറി കരഞ്ഞത് ” .
ങ്ങേ ഞാനോ’?
നിഷ്ക്കളങ്കതയോടെ മാളു പറഞ്ഞു. ഞാൻ കരഞ്ഞില്ലല്ലോ ചേച്ചി. ഞാൻ എന്തിന് കരയണം. ഇല്ല ഞാൻ കരഞ്ഞില്ല. ഉത്തരം പറഞ്ഞ് മാളൂവീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു….!
അടുത്ത ദിവസം നേരം പുലർന്നപ്പോൾ എല്ലാവരും മാളുവിനെ അതിശയത്തോടെ നോക്കാൻ തുടങ്ങിയിരുന്നു… എന്തൊ അപരാധം ചെയ്തതു പോലെ മാളു അവരുടെ മുന്നിൽ തലകുനിച്ചു നിന്നു ….
ഒറ്റയ്ക്കിരുന്നു മാളു തലേ ദിവസത്തെ കാര്യം ഓർത്തെടുക്കാൻ ശ്രമിച്ചു.. ഇല്ല കൃത്യമായി ഒന്നും ഒാർത്തെടുക്കാൻ സാധിക്കുന്നില്ല …..
രാവിലെ എണീറ്റു പ്രാഥമിക കാര്യങ്ങളെല്ലാം തീർത്ത് രാവിലത്തെ ചായകുടിയും കഴിഞ്ഞിരിക്കുമ്പോയാണ് മാളുവിന്റെജോലി സ്ഥലത്തെക്ക് ഒരു ജീപ്പ് ഇരമ്പി വന്നു നില്ക്കുന്നത് കണ്ടത് . അതിൽ നിന്നും മാളുവിന്റ വീടിന്റെ അടുത്തുള്ളവർ ഇറങ്ങി വന്നു. അവർ ഹോസ്റ്റൽ വാർഡൻ എലിസബത്ത് ചേച്ചിയുമായി എന്തൊക്കെയൊ സംസാരിക്കുന്നത് മാളു കാണുന്നുണ്ടായിരുന്നു !
അൽപ്പസമയത്തിനു ശേഷം വാർഡൻ അടുത്ത് വന്നു പറഞ്ഞു
“മാളു വേഗം റെഡിയാക് – വീടു വരെ പോകണം. ലീവ് ഞാൻ പറഞ്ഞ് എടുത്തോളാം “
മാളുവിന് എന്തെന്നില്ലാത്ത പരിഭ്രാന്തി തുടങ്ങി ..
“എന്തിനാ ചേച്ചി”
അവൾക്ക് ഒന്നും മനസ്സിലാവുന്നില്ലായിരുന്നു …” എന്തിനാ ചേച്ചി ” എന്ന് വീണ്ടും ആവർത്തിച്ച് ചോദിച്ചിട്ടും വന്നവരോ ചേച്ചിയോ ഒന്നും വിട്ടു പറഞ്ഞതുമില്ല.
റൂമിലുള്ള ഡീന ചേച്ചി കൂടെ വാർഡന്റെ മുറിയിൽ പോയി വേഗത്തിൽ തിരിച്ചു വന്നു പറഞ്ഞു
“മാളൂ വേഗം റെഡിയാക് “എന്ന് പറഞ്ഞ് അവളെ ബാഗ് പായ്ക്ക് ചെയ്യാൻ സഹായിച്ചു ..പുറപ്പെടാൻ നേരം ചേച്ചി കൈയ്യിൽ നിന്നും കുറച്ചു പൈസയെടുത്തു മാളുവിന് നേരെ നീട്ടി.. മാളു അത് നിരസിച്ചു…
വന്നവരോടൊപ്പം യാത്ര തിരിക്കാനായി താഴേയ്ക്ക് ഇറങ്ങുമ്പോൾ പരിചയമുള്ള എല്ലാവരും ഓടി വന്നു ചോദിച്ചു തുടങ്ങിയിരിന്നു …. “മാളൂ എങ്ങോട്ടാണ് ഇപ്പോയെന്ന് “
വീട്ടിൽ പോകുന്നു എന്ന മറുപടിയിൽ ഒതുക്കി അവൾ കലങ്ങിമറിയുന്ന മനസുമായി നാട്ടിലേക്ക് തിരിച്ചു..
വണ്ടിയിൽ ഇരിക്കുന്ന നാട്ടുകാർ ഓരോന്നും ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ട്. ഒന്നും അവൾക്ക് മനസിലാവുന്നില്ല. മാളുവിന്റെ മനസിൽ ഒരു ചോദ്യം മാത്രം എന്തിനാണ് ഇവർ വന്ന് എന്നെ കൊണ്ടു പോകുന്നത് ചോദിച്ചിട്ടാണെൽ ആരും കൃത്യമായ മറുപടി തരുന്നുമില്ല .വീട്ടിൽ എന്താണ് സംഭവിച്ചത്. ഉത്തരം ആരും പറയുന്നില്ല. വണ്ടിയിലിരുന്ന് ബഹളം വച്ചു ചോദിച്ചപ്പോളാണ് കൂടത്തിലുള്ള ഒരാൾ പറഞ്ഞത് ജിജോ ചേട്ടന് സുഖമില്ലന്നും നമ്മൾ ഹോസ്പിറ്റലിലേക്ക് പോകുവാണെന്ന് മാത്രം.
ജിജോ ചേട്ടായി മാളുവിനെ ജീവനു തുല്യം സ്നേഹിക്കുന്ന കൂടെപിറപ്പാണ്
എന്താണ് ചേട്ടായിക്ക് പറ്റിയെ മിനിയാന്ന് വന്ന് മാളുവിനെ കണ്ടിട്ട് പോയതാണല്ലോ ?ചിന്തകൾ അവളുടെ മനസിനെ കടിഞ്ഞാണില്ലാതെ കാട്ടിലലയുന്ന കുതിരയെ പോലെ ലക്ഷ്യമില്ലാതെ ചിന്തകളെ അലയാൻവിട്ടു തുടങ്ങിയിരുന്നു … എർണ്ണാകുളത്തു നിന്നും മലബാറിലേക്ക് നല്ല ദൂരമുള്ളതിനാൽ കൂടെ ഉള്ളവർ മാളുവിനെ ഭക്ഷണം കഴിപ്പിക്കാൻ പല ഹോട്ടലുകളുടെ മുമ്പിൽ നിർത്തുകയും ഇറക്കുകയും ചെയ്തു. എന്നാൽ മാളുവിന്റെ വിശപ്പ് എപ്പൊഴേ കെട്ടടങ്ങിയിരുന്നു.
വീടിനോടുക്കും തോറും എന്തോ സംഭവിച്ചിരിക്കുന്നു എന്ന് മാളുവിന് ബോധ്യമായി- പരിചയമുള്ളവർ താടിക്ക് കൈയ്യും കൊടുത്ത് നടന്നു പോകുന്നത് വണ്ടിയിലിരുന്ന് മാളുവിന് കാണാമായിരുന്നു. ജീപ്പ് നിർത്തി ഇറങ്ങുമ്പോൾ അവൾ കണ്ടു.. വീടിന്റെ മുറ്റത്ത് പന്തലും ലൈറ്റുകളും ക്രമികരിച്ചിരിക്കുന്നു. എന്താണ് സംഭവിച്ചത്. ആർക്കാണ്. എന്ന് വീണ്ടും വീണ്ടും മനസിൽ പലയാവർത്തി ചോദ്യങ്ങൾ മിന്നിമറഞ്ഞു ….. വീടിന്റ മുറ്റത്തെത്തിയേപ്പോൾ വല്യേട്ടനും, കുഞ്ഞേട്ടനും ഓടി വന്ന് കെട്ടി പിടിച്ച് കരയാൻ തുടങ്ങി – അവൾ ചുറ്റും കണ്ണാടിച്ചു. ബാക്കിയുള്ളവർ എവിടെ- അമ്മ, ചാച്ചൻ മറ്റുള്ള ഏട്ടൻമാർ – മുറ്റം കടന്ന് മാളു ഉമ്മറകോലായിൽ പ്രവേശിച്ചു… അകത്തളത്തേയ്ക്ക് നോക്കിയപ്പോൾ ഒരു മേശയുടെ മുകളിൽ പെട്ടിയ്ക്കുള്ളിലായി വെള്ളയിൽ പുതപ്പിച്ച് കിടത്തിയിരിക്കുന്നു.
മുഖം ചരിച്ചു പിടിച്ചു മാളു ആരാണെന്ന് നോക്കി… ഒരു വശത്തു കൂടെ നോക്കിയപ്പോൾ മുഖം മാളു വിന്റ അച്ചൻ ആണെന്ന് തോന്നി. ഉള്ളിൽ ഒരു വെള്ളിടിയോടെ ഒന്നും കൂടി നോക്കി – അല്ല അച്ഛനല്ല ഇത് മാളുവിന്റെ ജിജോ ചേട്ടായിയാണ് …. എല്ലാവരും മാളുവിനെ കണ്ടപാടെ കൂട്ടക്കരച്ചിൽ – പിന്നെ മാളുവിന് ചുറ്റും നടന്നത് എന്തെന്നറിയില്ല. ആരൊക്കെയൊ ചേർന്ന് പിടിച്ച് മുറിയിൽ കൊണ്ടുപോയി കിടത്തി.
മാളു കണ്ണു തുറന്നപ്പോൾ കണ്ടത് – തനിക്കു ചുറ്റും ഇരുന്ന് ഏങ്ങലടിച്ച് കരയുന്നവരെയാണ്.അങ്ങനെ സ്വപ്നത്തിലും ജീവിതത്തിലും ജിജോ എന്ന ചേട്ടൻ മാളുവിനെ വിട്ടുപിരിഞ്ഞിരിക്കുന്നു…..
തലേ ദിവസം താൻ സ്വപ്നത്തിൽ അലറിയെണീറ്റ ദുഃസ്വപ്നം എന്തായിരുന്നുവെന്ന് മാളു മനസ്സിലൊന്നു കൂടിയോർത്തെടുത്തു ….
തന്നേ നോക്കി പുഞ്ചിരുച്ചു കൈവീശി നടന്നകലമ്പോൾ ദൂരെ നിന്നു വന്ന എന്തോ എന്ന് ശക്തിയായി ഇടിച്ചു തെറിപ്പിച്ചു ചോരയിൽ കുളിച്ചു കിടന്നു മാളൂ മാളൂ എന്ന് വിളിക്കുന്ന ഒരവ്യക്തമായ മുഖമായിരുന്നു …… അത് സ്വപ്നത്തിലൂടെ തന്നോട് യാത്ര പറയാൻ വന്ന ജിജോ ചേട്ടനായിരുന്നുവെന്ന് മനസ്സിലാക്കാൻ ഒരു പകലിന്റെ ദൈർഘ്യം കൂടി വേണ്ടി വന്നിരുന്നു ………
……….മിനി ഷാജി.✍……