ആദ്യമായി പെണ്ണു കാണാൻ പോകുന്നതിന്റെ ഒരു പേടിയും വിറയലും ടെൻഷനും ചമ്മലും ഒക്കെ കൊണ്ടാണ് ഞാനവളെ പെണ്ണു കാണാൻ പോയത്…,
അതിന്റെ കൂടെ പോകേണ്ട സ്ഥലമാണെങ്കിൽ എനിക്ക് യാതൊരു പരിചയവുമില്ലാത്ത സ്ഥലവും..,
അവിടെ എത്തിയിട്ടും ഒരു എട്ടും പൊട്ടും തിരിയുന്നില്ല ചോദിക്കാനാണെങ്കിൽ റോഡിൽ ഒരു പൂച്ച കുഞ്ഞു പോലുമില്ല….,
എന്റെ കൂടെ വന്നവനാണെങ്കിൽ എന്റെ അത്ര പോലും സ്ഥല പരിചയമില്ല ഞാനാ സ്ഥലത്തിന്റെ പേരെങ്കിലും കേട്ടിട്ടുണ്ട് അവൻ അങ്ങനെ ഒരു സ്ഥലമുണ്ടന്ന് അറിയുന്നത് തന്നെ ഇപ്പോഴാണ്…,
എന്റെ അമ്മച്ചി എവിടെ നിന്നാണാവോ ഈ ജാതി വയ്യാവേലി കേസ് ഒക്കെ തേടി പിടിച്ച് വളരെ കറക്റ്റായി എന്റെ തലയിൽ തന്നെ വെച്ചു തരുന്നത്….?
സംഗതി നാട്ടിലെ പള്ളിയിലുളള ഒരു സിസ്റ്റർ പറഞ്ഞു കൊടുത്തതാണ് അമ്മച്ചിയോട്
ഈ പെണ്ണിന്റെ കാര്യം, സിസ്റ്റർ നല്ല അഭിപ്രായം പറഞ്ഞതു കൊണ്ട് തന്നെ അമ്മച്ചിക്കവളെ മാത്രം മതി എന്നായി…,
പെൺവീട്ടുകാർ വളരെ നല്ല കൂട്ടരാണെന്നും പെണ്ണിനത്യാവശ്യം പഠിപ്പുണ്ടെന്നും ഒരു തല്ക്കാലിക ജോലിയുണ്ട്ന്നും കേട്ടതോടെ അമ്മച്ചി പിന്നെ എനിക്ക് ഇരിക്കപൊറുതി തന്നിട്ടില്ല…,
ഞങ്ങൾ ചെല്ലുന്നതിന്നും മുന്നേ മറ്റാരെങ്കിലും പോയി കണ്ടുറപ്പിച്ചലോ എന്ന ഭയമാണ് അമ്മച്ചിക്ക്, അതൊഴിവാക്കാണ്
ഇപ്പം തന്നെ എന്നെ ഉന്തി തളളിവിട്ടത്…,
സംഭവം ഒക്കെ ശരി തന്നെ
പക്ഷെ ഇത്ര നേരമായിട്ടും ഒറ്റ മനുഷ്യനെ പോലും വെളിയിൽ കാണാത്തത് ഞങ്ങൾക്ക്
കുറച്ച് അമ്പരപ്പുണ്ടാക്കി..,
അപ്പോഴാന്ന് അതു വഴി വന്ന ഒരു ബൈക്കുകാരനെ കണ്ടത് അയാളാണ് പറഞ്ഞത് കുറച്ചു നീങ്ങി ഒരു പള്ളിയുണ്ടെന്നും അവിടെ അന്വേഷിച്ചാൽ അറിയാമെന്നും…,
അങ്ങനെ ഞങ്ങൾ അങ്ങോട്ട് പോയി….!
പള്ളിക്കു മുന്നിൽ എത്തിയതും ഒരു പെൺകുട്ടി പള്ളിയിൽ നിന്നിറങ്ങി വരുന്നതു കണ്ടു.,
അവൾ അടുത്തെത്തിയതും ഞങ്ങൾ ആദ്യം ചോദിച്ചു..,
ഈ നാട്ടിൽ താമസക്കാരോന്നുമില്ലേ….??
ഒറ്റ ഒരാളെയും പുറത്തു കാണാനില്ലാലോയെന്ന്………? ?
അപ്പോൾ അവൾ പറഞ്ഞു..,
ഇന്നിവിടെ ഒരു മരിപ്പുണ്ട്…..!
വികാരിയച്ഛനും നാട്ടുകാരും ഒക്കെയവിടെ യാണ്…,
പിന്നെ ഇന്നാണെങ്കിൽ ഞായറാഴ്ച്ചയും, അതുകൊണ്ടായിരിക്കും എന്നവൾ മറുപടി പറഞ്ഞതോടെ കുറച്ചാശ്വാസമായി…..
പിന്നെ ഞങ്ങൾ അവളോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അവൾ ഞങ്ങൾക്കു പോകേണ്ട വീടും കാര്യങ്ങളും കൃത്യമായി പറഞ്ഞു തന്നു…,
തുടർന്ന് അങ്ങോട്ട് പോകാനായി ബൈക്ക് സ്റ്റാർട്ട് ചെയ്തതും അവൾ ഞങ്ങളെ നോക്കി ചോദിച്ചു
അല്ലാ, ഇനി അങ്ങോട്ട് പോണോ…? ?
അവളുടെ ചോദ്യം കേട്ട് ഞാനവളെ നോക്കിയതും അവളെന്നോട് പറഞ്ഞു.
നിങ്ങൾ കാണാൻ വന്ന പെണ്ണ് ഞാനാണ്..!
അവളതു പറഞ്ഞതും പെട്ടന്നാ നിമിഷം അവളോട് എന്തു മറുപടി പറയണമെന്നറിയാതെ ഞാൻ നിന്നു കുഴങ്ങി….
അതൊന്നും ശ്രദ്ധിക്കതെ അവൾ പറഞ്ഞു,
സ്വത്തും പണവും പഠിപ്പും കുടുംബ മഹിമയും ഒക്കെ വേണ്ടുവോള്ളമുണ്ട്
പക്ഷെ പെണ്ണിനു നിറമില്ല…..!
ഞാനെന്റെ അപ്പനെ പോലെയാ…!
അപ്പോഴാണ് ഞാനവളെ ശരിക്കും ശ്രദ്ധിച്ചത് ശരിയാണ്
നിറം കുറവുണ്ടവൾക്ക്,
കറുപ്പെന്നു പറഞ്ഞൂടാ, ഇരു നിറമാണ്,
ഞാനവളെ തന്നെ സസൂക്ഷമം നോക്കവേ അവളെന്നോടു പറഞ്ഞു എന്റെ കഴിഞ്ഞ പതിനാറ് ആലോചനകളും മുടിങ്ങിയത് കെട്ടാൻ പോകുന്ന പെണ്ണിന് നിറം കുറവായതിന്റെ പേരിലാണ്….!
സ്വന്തം നിറം പോലെ പാലപ്പത്തിന്റെ നിറം ഒന്നും പ്രതീക്ഷിച്ചു അങ്ങോട്ടു വന്നിട്ട് ഒരു കാര്യവുമില്ല,
പെണ്ണിനാണേൽ നാടൻ ചിക്കൻ കറിയുടെ നിറമാണ്, അവിടെ ചെന്നാൽ ഒരു ചായ കിട്ടും എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല….!
ഇനി അതല്ല പെണ്ണിനെ കാണാതെ പോയാൽ പറഞ്ഞു വിട്ടവരോട് എന്തു പറയും എന്നൊരു വേവലാധി ഉണ്ടെങ്കിൽ
ഞാൻ പോയതിനു പിന്നാലെ തന്നെ വന്നോള്ളൂട്ടോ……..!
അതും പറഞ്ഞവൾ മുന്നോട്ടു നടന്നു നീങ്ങി…,
ആ സമയം അവൾ പറഞ്ഞ പാലപ്പത്തിന്റെയും ചിക്കൻ കറിയുടെയും തമാശ ആസ്വദിക്കുകയായിരുന്നു ഞാൻ…..,
ഇതെല്ലാം നടന്നത് ഒരു പള്ളിക്കു മുന്നിലായതു കൊണ്ടും, അവൾക്കു പറയാനുള്ള കാര്യങ്ങൾ അവൾ തുറന്നു പറഞ്ഞതു കൊണ്ടും,
എനിക്കെന്തോ അവളെ വല്ലാണ്ടങ്ങു പിടിച്ചു….!!!
തുടർന്നവളുടെ വീട്ടിലെത്തി പെണ്ണു കാണൽ കഴിഞ്ഞ ശേഷം അവളോടൊന്നു സംസാരിക്കണം എന്നു പറഞ്ഞപ്പോൾ അവൾക്കു തന്നെ അത്ഭുതം….”
തുടർന്നവൾക്കു മുന്നിലെത്തിയതും ഞാൻ പറഞ്ഞു.,
എനിക്ക് ചിക്കൻ കറിയുടെ
നിറമുള്ള പെണ്ണിനേക്കാൾ ഇഷ്ടം…….?
എന്നു പറഞ്ഞു ഞാൻ ഒന്നു നിർത്തിയതും,
അവൾ ഞാനിനി എന്താണു പറയാൻ പോകുന്നതെന്നറിയാൻ എന്നെ തന്നെ നോക്കി,
അതു കണ്ടതും ഒന്നു ചിരിച്ച് ഞാനവളോടു പറഞ്ഞു…,
ചോക്കളേറ്റിന്റെ നിറമുള്ള പെണ്ണിനേയാണ്……! ”
ഞാനതു പറഞ്ഞു തീർന്നതും ഉള്ളിലുറങ്ങി കിടന്ന സന്തോഷങ്ങളെ കൂട്ടു പിടിച്ച് അവളുടെ മിഴികൾ എനിലേക്ക് വിടർന്നു,
വീട്ടിൽ തിരിച്ചെത്തിയതും ഞാൻ എന്റെ അമ്മച്ചിയോടു പറഞ്ഞു
അവൾ കാണാൻ ഒരൽപ്പം നിറം കുറവാണ് പക്ഷെ എനിക്ക് ആ പെങ്കൊച്ചിനെ തന്നെ മതിയെന്ന്…,
പെങ്ങൾമാരും അടുത്ത ബന്ധുകളും അതിന്റെ പേരിൽ കുറച്ചു മുഖം കറുപ്പിച്ചെങ്കിലും
അതൊന്നും അത്ര വലിയ കാര്യമായില്ല…,
എന്റെ തീരുമാനം ശരിയായിരുന്നു എന്നും
അവൾ സ്നേഹത്തിന്റെ ഒരു മാലാഖയാണെന്നും വിവാഹം കഴിഞ്ഞ അന്നു തന്നെ എനിക്ക് മനസിലായി…..,
അന്നു രാത്രി എന്റെ മുറിയിലെത്തിയ അവൾ ബെഡിൽ ഇരിക്കുകയായിരുന്ന എന്റെ അടുത്തു വന്ന് ഒന്ന് എഴുന്നേറ്റു നിൽക്കാമോ ” എന്നു ചോദിച്ചു അവൾക്കായി ഞാൻ എഴുന്നേറ്റതും,
അവൾ എന്റെ നെഞ്ചിലേക്കു ചേർന്ന് എന്നെ കെട്ടിപ്പിടിച്ചു..,
അടുത്ത നിമിഷം തന്നെ അവൾ വിട്ടു മാറുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല അവൾ അങ്ങിനെ തന്നെ നിന്നു എന്തോ അപ്പോൾ അവളെ പിടിച്ചു മാറ്റാൻ എനിക്കും തോന്നിയില്ല…,
പതിയെ അവളുടെ ശരീരത്തിന്റെ നറും ചൂട് എനിലേക്കും പടർന്നു കയറി,
ആ നറും ചൂട് അവളുടെ സ്നേഹത്തിന്റെ ആദ്യ അടയാളമായിരുന്നു…,
പിന്നെ അതൊരു ശീലമായി ദിവസവും അവളെ വിട്ടു പിരിയാൻ നേരവും,
രാത്രി തിരിച്ചെത്തിയാലും അവൾ ആ കെട്ടിപ്പിടുത്തം മുടക്കിയില്ല…,
ഒരു ദിവസം അവളുമായി വഴക്കുണ്ടാക്കി ദേഷ്യം പിടിച്ചു നിന്ന ആ ദിവസം പോലും ഞാനൊന്ന് മടിച്ചെങ്കിലും.,
അവൾ അന്നും ചിരിക്കാതെയും അവളെന്നെ ആലിംഗനം ചെയ്തു തുടർന്ന് വീട്ടീന്ന് ബൈക്ക് എടുത്തു പുറത്തിറങ്ങിയ ഞാൻ
കുറച്ചു ദൂരം ചെന്നതും എനിക്കെന്തോ പോലെ അപ്പോൾ തന്നെ വണ്ടി നിർത്തി ഫോണിൽ അവളെ വിളിച്ചു
അവൾ ഫോൺ എടുത്തതും ഞാൻ പറഞ്ഞു
ഐ ലൗ യൂ…”
അതു മാത്രമേ പറഞ്ഞുള്ളൂ,
അതിൽ അവളോടുള്ള ക്ഷമയും സ്നേഹവും ഇഷ്ടവും എല്ലാമുണ്ടായിരുന്നു…,
ഒരാളുടെ നിറമല്ല അവരുടെ സ്നേഹത്തിന്റെ അളവെന്ന് അതെന്നെ ബോധ്യപ്പെടുത്തി അവൾ എന്നെ എല്ലാ തരത്തിലും സ്നേഹിച്ചു,
ഞാനവളെയും…!!
എന്നാൽ
നാട്ടിലെ പലർക്കും ഞാൻ ചെയ്തത് വലിയൊരപരാധമായി തോന്നി,
ചിലർ പറഞ്ഞു സ്വത്തും പണവും മോഹിച്ചാണ് ഞാനവളെ കെട്ടിയതെന്ന്,
ഞാനതൊന്നും മുഖ വിലകെടുത്തില്ല…,
അന്നേരമാണ് നാട്ടിലെ പ്രമുഖനും പണക്കാരനുമായ ഊക്കൻ വർഗ്ഗീസ് ചേട്ടന്റെ മോന്റെ കല്ല്യാണം വന്നത്…,
അതൊരു ഗംഭീര കല്യാണമായിരുന്നു എൻജിനീയറിങ്ങ് കോളേജുകളിലെ ഒാണാഘോഷം പോലെ കൂളിങ്ങ് ഗ്ലാസ്സൊക്കെ വെച്ച് തലെക്കെട്ടും
കെട്ടി പെണ്ണിന്റെ വക ഡപ്പാൻ കൂത്ത് ഡാൻസും ചെണ്ടമേളവും ബാന്റ് സെറ്റും വെടിക്കെട്ടും ഒക്കെയായി നല്ല പൊടിപൂര കല്യാണം…!
പെണ്ണാണെങ്കിൽ തുമ്പപ്പൂവിന്റെ നിറവും വെൺമയുള്ള ഒരു പെണ്ണും….!!!
അന്ന് ക്ലബ്ബിലെത്തിയതും നട്ടുക്കാർക്ക് എന്നെയും എന്റെ പെണ്ണിനെയും അവളെയും തമ്മിൽ താരതമ്യം ചെയ്തു സംസാരിക്കാൻ അതൊരു കാരണമായി, കുറ്റവും കുറവും കണ്ടെത്തലു തന്നെ…
കൂടെ എന്നെ ഒന്നു തരം താഴ്ത്തുക എന്നതാണു മറ്റൊരു ലക്ഷ്യം,
പക്ഷെ
നാലു മാസത്തിനു ശേഷം
ആ പെണ്ണ് വേറെ ഒരുത്തനോടൊപ്പം ഒളിച്ചോടി പോയി എന്ന വാർത്ത പരന്നതോടെ അവരെല്ലാം പിന്നെയും ക്ലബിൽ ഒത്തു കൂടി അവിടെ അവർ എന്നെ കണ്ടതും അവർക്ക് ഒരു ചമ്മൽ,
അതോടെ അവരെല്ലാം അന്ന് എന്റെ പെണ്ണിനെ കളിയാക്കിയതിന്റെ പകരം വീട്ടാൻ ഞാനും തീരുമാനിച്ചു….!!
ആ പെണ്ണു ഒാടി പോയതിനേ കുറിച്ചുള്ള സംസാരം പൊടിപൊടിക്കെ ഞാനവിടെ കൂടിയ എല്ലാവരോടുമായി പറഞ്ഞു…,
ഒരിക്കൽ നിങ്ങളെല്ലാം കൂടി എന്നെ കുറെ കളിയാക്കിയില്ലെ ഇനി ഞാൻ നിങ്ങളോട് ഒരു കര്യം പറയാം അതു കേട്ട് നാളെ ഇതു പോലെ മറ്റുള്ളവരെ കളിയാക്കണോ
എന്നു നിങ്ങൾക്കു തീരുമാനിക്കാം എന്ന്….!!!
അവർക്കാർക്കും ഉത്തരമില്ലെന്നു വന്നതോടെ
അവരോട് ആ കഥ പറയാൻ ഞാൻ തീരുമാനിച്ചു….!!
അവർ ശാന്തരാണെന്ന് മനസിലായതോടെ അവരെ നോക്കി ഞാൻ പറഞ്ഞു….,
തായ്ലാന്റ് (ആദ്യകാലങ്ങളിൽ അത് സയാം എന്നാണറിയപ്പെട്ടിരുന്നത്)
ആ കാലത്ത് 1957- ൽ അവിടത്തെ ഒരാശ്രമത്തിൽ വസിച്ചിരുന്ന സന്ന്യാസിമാർക്ക് അവരുടെ ദേവാലയത്തിലെ ശ്രീബുദ്ധന്റെ ഒരു വലിയ കളിമൺ പ്രതിമ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കേണ്ട ആവശ്യം വന്നു..,
അന്ന് ബാങ്കോക്ക് നഗരത്തിലൂടെ പണി തീർക്കാൻ ഉദേശിച്ചിരുന്ന പുതിയ ഹൈവേക്കു വേണ്ടി അവിടം ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്ന് അറിഞ്ഞപ്പോഴാണ് ആശ്രമവും പ്രതിമയും മറ്റൊരിടത്തേക്ക് മറ്റാൻ അവർ തയ്യാറായത്…,
പത്തരയടിയോളം ഉയരവും രണ്ടര ടണ്ണിലധികം ഭാരവും അസാമാന്യ വലിപ്പമുള്ള ആ കളിമൺ പ്രതിമ ഉയർത്തി മാറ്റാൻ ക്രെയിൻ കൊണ്ടു വന്നുവെങ്കിലും വിഗ്രഹമുയർത്താൻ ശ്രമിച്ചപ്പോൾ അമിതഭാരം മൂലം ക്രെയിൻ ഒടിഞ്ഞു വീഴുമെന്ന നിലയായി,
അതിനിടക്ക് കനത്ത മഴയും വന്നു..,
ആശ്രമത്തിലെ മുഖ്യസന്ന്യാസിക്ക് ആ വിശുദ്ധ വിഗ്രഹത്തിന് യാതൊരുവിധ കേടുപാടും സംഭവിക്കരുതെന്ന് നിർബന്ധവുമുണ്ടായിരുന്നു അതു കൊണ്ടു തന്നെ അതെല്ലാം കണ്ട് വിഗ്രഹം താഴെയിറക്കി വെക്കാൻ അദേഹം നിർദേശിച്ചു,
കൂടെ മഴയേറ്റ് വിഗ്രഹം നനയാതിരിക്കാൻ വലിയൊരു ടർപ്പോളിൻ വിഗ്രഹത്തിനു മേലെ കെട്ടി ഉയർത്താനും അദേഹം നിർദേശിച്ചു.,
അന്നു സൂര്യസ്തമയത്തിനു ശേഷം വിഗ്രഹം പരിശോധിക്കാൻ മുഖ്യസന്ന്യാസി പിന്നെയും വന്നു.,
ടർപ്പോളിന്റെ അടിയിലുള്ള വിഗ്രഹം നനഞ്ഞിട്ടില്ലെന്ന് ഉറപ്പു വരുത്താൻ അദേഹം വിഗ്രഹത്തിനു ചുറ്റും ടോർച്ചടിച്ചു നോക്കവേ ടോർച്ചിന്റെ പ്രകാശം വിഗ്രഹം ഉയർത്താൻ ശ്രമിച്ചപ്പോൾ സംഭവിച്ച ചെറിയൊരു വിള്ളലിൽ തട്ടിയപ്പോൾ ഒരു ചെറിയ സ്ഫുരണം പ്രതിഫലിച്ചു വന്നത് അദേഹം ശ്രദ്ധിച്ചു.,
ആ സ്ഫുരണം ഒരു വിചിത്രമാണെന്നു തോന്നിയതു കൊണ്ട് സന്ന്യാസി ആ വിള്ളൽ ഒന്നു കൂടി ശ്രദ്ധിച്ചു പരിശോധിച്ചു.,
എന്നിട്ടും
സംശയം വിട്ടുമാറാതെ അദേഹം ആശ്രമത്തിൽ പോയി ഒരു ഉളിയും ചുറ്റികയും എടുത്തു വന്ന് ആ വിള്ളൽ കണ്ട ഭാഗത്ത് ചെത്താൻ തുടങ്ങി കുറച്ചു സമയം ചെത്തിയതും ആ പ്രകാശസ്ഫുരണം കൂടുതൽ വ്യക്തവും പ്രകടവുമായി.,
ആ സന്ന്യാസിമുഖ്യൻ മണിക്കൂറുകൾ ചിലവിട്ട് കഠിനമായി അദ്ധ്വാനിച്ചപ്പോൾ കളിമൺ പാളികൾ ഇളകി മാറി.
അതോടെ
ആ ബുദ്ധസന്ന്യാസി അത്യപൂർവ്വമായ പൂർണ്ണമായും സ്വർണ്ണത്തിൽ തീർത്ത തനിത്തങ്ക ബുദ്ധവിഗ്രഹം ആദ്യമായി നേരിൽ കണ്ടു…….!!
ആ സ്വർണ്ണ വിഗ്രഹം എങ്ങിനെ കളിമൺ വിഗ്രഹമായി ഇത്രയും കാലം മൂടി കിടന്നു എന്നതിനെ കുറിച്ച് പിന്നീട് ചരിത്രകാരന്മാർ പറയുന്നത് ഇങ്ങനെയാണ്….,
വളരെ വളരെ വർഷങ്ങൾക്കു മുന്നേ ബർമ്മൻ സൈന്യം തായ്ലാന്റിനെ (സയാം) ആക്രമിക്കാൻ പ്ലാനിട്ടിരുന്നു ആസന്നമായ സൈനീകാക്രമണം ഭയന്ന് തങ്ങളുടെ വിലമതിക്കാനാവാത്ത ശ്രീബുദ്ധന്റെ ആ കനക വിഗ്രഹം നഷ്ടപ്പെടാതിരിക്കാൻ അന്നത്തെ ആ സന്ന്യാസിമാർ എല്ലാം ചേർന്ന് അവർ അത് കളിമണ്ണിൽ പൊതിയാമെന്നു തീരുമാനിച്ചു.,
ബർമ്മൻ പട്ടാളം ഒരിക്കലും ഒരു കളിമൺ പ്രതിമ മോഷ്ടിച്ചു കൊണ്ടു പോകിലെന്ന് അവർ കണക്കുക്കൂട്ടി….!
അതങ്ങിനെ തന്നെ സംഭവിക്കുകയും ചെയ്തു….!
എന്നാൽ നിർഭാഗ്യവശാൽ ബർമ്മൻ സൈനീകാക്രമണത്താൽ ആ ആശ്രമത്തിലെ എല്ലാ സന്ന്യാസിമാരും കൊല്ലപ്പെടുകയും
അതോടെ ആ രഹസ്യം പുറംലോകം അറിയാതെ പോവുകയുമായിരുന്നു….!!!
കഥ പറഞ്ഞു നിർത്തി,
അവൻ അവരോടു പറഞ്ഞു,
ഇതിൽ നിന്നു നിങ്ങൾക്കെന്തു മനസിലായി എന്നെനിക്കറിയില്ല….,
ഞാൻ ഉദേശിച്ചത് ഇത്രയേയുള്ളൂ,
ഈ കഥയിലെ ബുദ്ധപ്രതിമ പോലെയാണ് പല പെണ്ണുങ്ങളും….,
ചിലർ പുറമേക്ക് കളിമൺ പോലെയും അകത്ത് സ്വർണ്ണമായും ഇരിക്കുന്നു…,
ചിലർ പുറമേക്ക് സ്വർണ്ണമായും അകമേ കളിമണ്ണായും…..!!
ഞാനതു പറഞ്ഞതും ആരും ഒന്നും മിണ്ടിയില്ല….!!!