കഥ: ചെറിയമ്മ
Cheriyamma : രചന: രാജീവ്
……………………………
“തറവാട്ടു കുളത്തിലെ നീലത്താമര പറിച്ചാൽ പനി വരും തീർച്ച ..”
വേനലവധിക്ക് സ്കൂൾ അടച്ചപ്പോൾ അമ്മ വീട്ടിൽ എത്തിയ ഉണ്ണിമായയും ഉണ്ണിരാമനും കുളത്തിലെ നീലത്താമര പറിക്കാൻ വാശി പിടിച്ചപ്പോൾ , അവരുടെ ചെറിയമ്മയായ ഇന്ദുലേഖ ഒരു മുന്നറിയിപ്പുപോലെ പറഞ്ഞു .
ഉണ്ണിമായയും ഉണ്ണിരാമനും എത്ര ചോദിച്ചിട്ടും അതിൻറ്റെ കാരണം പറയാൻ ചെറിയമ്മ തയ്യാറായില്ല .
എന്തായിരിക്കും ഇന്ദുലേഖ ചെറിയമ്മ അങ്ങനെ പറഞ്ഞത് …
ഉണ്ണിരാമൻ ആശങ്ക പ്രകടിപ്പിച്ചു .
” എന്തോ രഹസ്യം ഉണ്ട് …” അവരുടെ ചെങ്ങാതിയായ പ്രഹ്ലാദൻ സംശയം പ്രകടിപ്പിച്ചു.
“ഒരിക്കൽ ഞാൻ തറവാട്ടു കുളത്തിന്നു നീലത്താമര പറിച്ചപ്പോൾ രാമന്റെ ചെറിയമ്മ എന്റെ ചെവി പൊന്നാക്കി വിട്ടതാ…”പ്രഹ്ലാദൻ ഭീതിയോടെ പറഞ്ഞു.
” നമുക്ക് ചെറിയമ്മയോട് തന്നെ ചോദിച്ചാലോ ..” ഉണ്ണിരാമൻ പറഞ്ഞു.
” പറയില്ല ..ഞാൻ കൊറേ കെഞ്ചിയതാ ….” ഉണ്ണിമായ അറിയിച്ചു .
” ഇനി എന്താ ഒരു വഴി …” പ്രഹ്ലാദൻ ചിന്താധീനനായി .
” കാവും പാട്ടെ .. കേശവനോട് വിവരം ഒന്ന് ധരിപ്പിച്ചാലോ … കേശവൻ തറവാട്ടിലെ തെങ്ങേൽ കേറാൻ വരുമ്പോൾ രാമന്റെ ചെറിയമ്മയോട് ചോദിക്കും ..” പ്രഹ്ലാദൻ പറഞ്ഞു .
ഉണ്ണിമായയും ഉണ്ണിരാമനും അത് സമ്മതിച്ചു .
പ്രഹ്ലാദൻ കേശവനോട് കാര്യം പറഞ്ഞു .നാളെ രാമന്റെ ചെറിയമ്മയോട് ചോദിക്കാമെന്ന് കേശവൻ ഏറ്റു.
***
” ഇന്ദുലേഖക്കൊച്ചെ … തറവാട്ടു കുളത്തിലെ നീലത്താമര പറിച്ചാല്… പനിക്വോ.. ” വീടിനു പിന്നിലെ മറപ്പുരയിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ ആകാശത്തുനിന്നൊരു അശരീരി കേട്ട് ഇന്ദുലേഖ മുകളിലേക്ക് നോക്കി .
തെങ്ങിൻറ്റെ മുകളിൽ ഇരുന്ന കേശവൻ അവളെ നോക്കി പല്ലിളിച്ചു ചിരിച്ചു .
” കുട്ടിയോള് പറഞ്ഞു ..” ആയാൾ സൂചിപ്പിച്ചു .
” പുളിച്ചൊരു മൊഴിയാ … ൻറ്റെ നാവിൻ തുമ്പത്തു വരണേ…ഇന്നത്തോടെ തൻറ്റെ തെങ്ങുകേറ്റം മതിയാക്കി തരണുണ്ടു ഞാൻ … വീരഭദ്രേട്ടൻ ഒന്നിങ്ങു വന്നോട്ടെ .. ” ഇന്ദു ലേഖ ഉച്ചത്തിൽ പറഞ്ഞു .
വീരഭദ്രൻ ഇന്ദുലേഖയുടെ നേരാങ്ങളയാണ്.ആളൊരു മഹാ ചട്ടമ്പിയാണ്.
കേശവൻ പെട്ടന്ന് തെങ്ങിൽ നിന്ന് ഇറങ്ങി ഓടിക്കളഞ്ഞു.
***
കുട്ടികൾ , കാരണം തിരക്കി ഇന്ദു ലേഖയെ നിരന്തരം ശല്യം ചെയ്തുകൊണ്ടേയിരുന്നു ..
” വലിയൻ മാമയുടെ മോൾ കൃഷ്ണ വേണി പണ്ട് തറവാട്ടു കുളത്തിൽ മുങ്ങി മരിക്കുകയാ ഉണ്ടായേ.. കുളത്തിലെ നീലത്താമര ആരും പറിക്കുന്നത് അവൾക്കിഷ്ടമല്ല .. പനിവരും ..നല്ല പൊള്ളുന്ന പനി …” ഒടുക്കം ഒരു സന്ധ്യാ സമയത്ത് ഇന്ദുലേഖ ആ രഹസ്യം വെളിപ്പെടുത്തി .
ആരും കാണാതെ പറിച്ചെടുത്ത നീലത്താമര ഉണ്ണിമായയുടെ കയ്യിലിരുന്ന് വിറച്ചു .
തൂണിനു പിന്നിൽ സ്വർണ്ണ കസവുള്ള ചുമന്ന പാവാടയും ബ്ലൗസുമിട്ട് ഏതോ ഒരു പെൺകുട്ടി നിൽക്കുന്നത് പോലെ ഉണ്ണിമായക്കു തോന്നി ..
‘കൃഷ്ണ വേണി’ !
പെട്ടന്നവൾ ഒരലർച്ചയോടെ പിന്നിലേക്ക് മറിഞ്ഞു വീണു ..
ഇന്ദു ലേഖയും ഉണ്ണിരാമനും ഭയന്ന് പോയി ..
“ന്റെ… കൃഷ്ണാ… ന്റെ കുട്ടിക്കെന്തു പറ്റി…”
ശബ്ദം കേട്ട് അകത്തുനിന്നു ഓടി എത്തിയ ഭാനു മതി ഉറക്കെ ചോദിച്ചു.
ഉണ്ണിരാമന്റെയും ഉണ്ണിമായയുടെയും അച്ഛൻ ബലരാമനും ഓടി വന്നു .
നിലത്തു വീണു കിടക്കുന്ന ഉണ്ണിമായയെ അവർ അമ്പരപ്പോടെ നോക്കി നിന്നു.
അവൾ ബോധശൂന്യയായി കഴിഞ്ഞിരുന്നു .
” എന്താ.. ഇണ്ടായെ ..” മുത്തശ്ശനും മുത്തശ്ശിയും ഒരേ സ്വരത്തിൽ ഉറക്കെ ചോദിച്ചു .
ആർക്കും ഒന്നിനും ഉത്തരമില്ലായിരുന്നു..
***
രാത്രി തന്നെ വേണുക്കുട്ടൻ വൈദ്യര് വന്ന് ഉണ്ണിമായയെ നല്ലവണ്ണം പരിശോധിച്ചു.
” കുട്ടി വല്ലാണ്ട് ഭയന്നിട്ടുണ്ട് …” മരുന്നു കുറിപ്പടി ബലരാമന്റെ കയ്യിൽ കൊടുത്തു കൊണ്ട് വൈദ്യര് പറഞ്ഞു .
” കൃഷ്ണ വേണി … കൃഷ്ണവേണി ..” പാതിമയക്കത്തിൽ ഉണ്ണിമായ അവ്യക്തമായി പറഞ്ഞുകൊണ്ടിരുന്നു.
***
പിറ്റേന്ന് രാത്രി നല്ല ഉറക്കത്തിലായിരുന്ന ഉണ്ണിമായ ജന്നലിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് കണ്ണ് തുറന്നു ..
അവൾ ഭയത്തോടെ ജന്നലിലേക്കു തന്നെ തുറിച്ചു നോക്കി ..
അമ്മയും ചെറിയമ്മയും നല്ല ഉറക്കമാണ്.
അനുജൻ ഉണ്ണിരാമാൻ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ പടിഞ്ഞാറെ മുറിയിലാണ് കിടന്നത്.
അവൾക്കു നല്ല ഭയം തോന്നി…
അച്ഛൻ ഇന്ന് തിരിച്ചു പോകേണ്ടിയിരുന്നില്ലെന്ന് അവളോർത്തു.
പെട്ടന്ന് ജന്നൽപ്പാളി തുറന്നു ..
ജന്നലിനപ്പുറത്തു പുഞ്ചിരി തൂകികൊണ്ട് കൃഷ്ണ വേണി പ്രത്യക്ഷപ്പെട്ടു.!
അവളുടെ കണ്ണുകളിൽ നിന്നു രക്തം ഒലിച്ചു കൊണ്ടിരുന്നു ..
ഭയന്നു പോയ ഉണ്ണിമായ പൊടുന്നനെ അലറി ക്കരയാൻ തുടങ്ങി ..
ശബ്ദം കേട്ട് അവളുടെ അമ്മയും ചെറിയമ്മയും ചാടി എഴുന്നേറ്റ് കാര്യം തിരക്കി.
അവൾ ഭയന്നു വിറക്കുക മാത്രം ചെയ്തു കൊണ്ടിരുന്നു.
***
ഇന്ദുലേഖ തറവാട്ടു കുളത്തിൽ നിന്ന് നീലത്താമര പറിക്കുന്നത് പ്രഹ്ലാദൻ കാണാനിടയായി.
അവൻ ആ കാര്യം ഉണ്ണിമായയോടും ഉണ്ണിരാമനോടും ചെന്ന് പറയുകയും ചെയ്തു.
” നമുക്ക് ചെറിയമ്മയെ ഒന്നു ശ്രദ്ധിക്കണം ..” ഉണ്ണിമായ പറഞ്ഞു .
ഒരു ദിവസം അവർ കുളത്തിന്റെ മതിലിനപ്പുറത്തു ഒളിച്ചിരുന്നു…
ഇന്ദുലേഖ നീലത്താമര പറിക്കുന്ന കാഴ്ച കണ്ട് അവർ ഭയന്നു…
” കണ്ടോ .. നിൻറ്റെ ചെറിയമ്മയുടെ ദേഹത്ത് പ്രേതം ഉണ്ട്…” പ്രഹ്ലാദൻ ഉണ്ണിരാമനോട് പറഞ്ഞു .
ഉണ്ണിരാമൻ ഭയന്നു വിറച്ചു .
അവർ ചെറിയമ്മയെ പിന്തുടർന്നു.
നാഗത്താൻ കാവിലേക്കുള്ള വഴിയരികെ ചെറിയമ്മ ആരെയോ കാത്ത് നിൽക്കാൻ തുടങ്ങിയപ്പോൾ കുട്ടികളുടെ മുഖത്തെ ആകാംക്ഷക്ക് ആക്കം കൂടി വന്നു
.തൊട്ടടുത്ത തെച്ചിക്കാട്ടിൽ ഒളിച്ചിരുന്ന് അവർ ഇന്ദുലേഖയെ വീക്ഷിച്ചു കൊണ്ടിരുന്നു .
ചെറിയമ്മയുടെ അടുത്തേക്ക് ഒരാൾ നടന്നു വരുന്നത് അവർ കണ്ടു ..
ഇന്ദുലേഖയുടെ ചുണ്ടിൽ ഒരു പാൽ പുഞ്ചിരി വിരിഞ്ഞു ..
” മങ്ങാട്ടെ മണികണ്ഠൻ …” പ്രഹ്ലാദൻ അത്ഭുതത്തോടെ പറഞ്ഞു .
ഇന്ദുലേഖ കയ്യിലിരുന്ന നീലത്താമര മണികണ്ഠനു നേരെ നീട്ടി .
അയാൾ ഇന്ദുലേഖയുടെ കയ്യിൽ നിന്നും നീലത്താമര വാങ്ങി.
” ഇത് തൊണ്ണൂറ്റി ഒമ്പതാമത്തെ നീലത്താമര യാണ്… നൂറ്റൊന്നു തികയുമ്പോൾ നമ്മുടെ വിവാഹം നടക്കും… എന്നല്ലേ തന്റെ വിശ്വാസം.. തൻറ്റെ തറവാട്ടുകാർ നമ്മുടെ ബന്ധം അംഗീകരിക്കാത്ത സ്ഥിതിക്ക് തൻറ്റെ വിശ്വാസം നടക്കുമോന്നു നോക്കാം ..” മണികണ്ഠൻ ചിരിയോടെ പറഞ്ഞു .
” നടക്കും ..എനിക്കുറപ്പുണ്ട് .. . നൂറ്റിയൊന്നു നീലത്താമര കമിതാക്കൾ കാവിൽ വച്ചാൽ അവരുടെ മംഗല്യം നടക്കുമെന്ന് മുത്തശ്ശി പറഞ്ഞുള്ള അറിവാ.
ആ പിള്ളേര് നീലത്താമര പറിക്കാതിരിക്കാൻ ഞാൻ എന്തൊക്കെയാ പറഞ്ഞു വെച്ചിരിക്കുന്നതെന്നറിയോ .. ൻറ്റെ കൃഷ്ണ വേണിയെ ഞാൻ കൂട്ടുപിടിച്ചു … നീലത്താമര പറിക്കുന്നവർക്ക് അവൾ പനി വരുത്തുമെന്ന് പറഞ്ഞിരിക്കുകയാ. ഉണ്ണിമായ ശരിക്കും ഭയന്നു ..”
ചെറിയമ്മ പറഞ്ഞതു കേട്ട് ഉണ്ണിമായയും പ്രഹ്ലാദനും ഉണ്ണിരാമനും ഒരുനിമിഷം വാ പൊളിച്ചിരുന്നു പോയി .
***
ഒരിക്കൽ മണികണ്ഠന്റെ മൃതദേഹം പനയൂർ മനക്കാരുടെ കുളത്തിൽ പൊങ്ങി!
ഇന്ദുലേഖയുടെ വീട്ടുകാർ ചെയ്ത അരുംകൊലയാണെന്നു മണികണ്ഠന്റെ അച്ഛൻ ഇന്ദുലേഖയുടെ തറവാട്ടുമുറ്റത്തു വന്ന് വിളിച്ചു പറഞ്ഞു.
വീരഭദ്രൻ അയാളെ മർദ്ദിക്കുകയും ചെയ്തു.
മണികണ്ഠന്റെ മരണം ഇന്ദുലേഖയെ വല്ലാതെ തളർത്തിയിരുന്നു.
സ്ഥലകാല ബോധമില്ലാതെ ഇന്ദുലേഖ ചെറിയമ്മ സംസാരിക്കാൻ തുടങ്ങിയപ്പോൾ അവക്ക് കൃഷ്ണവേണിയുടെ ബാധ കയറിയതാണെന്നു പലരും വിശ്വസിച്ചു പോന്നു..
പിന്നീട് ചെറിയമ്മ മുഴു ഭ്രാന്തിയായി തറവാട്ടിലെ അകത്തളത്തിലൂടെ അലഞ്ഞു..
വേനലവധിക്ക് അമ്മവീട്ടിൽ എത്തുന്ന ഉണ്ണിമായയും ഉണ്ണിരാമനും ചെറിയമ്മയെ പൂട്ടി ഇട്ടിരിക്കുന്ന മുറിക്കു മുന്നിൽ നിറകണ്ണുകളോടെ നിൽക്കും.