ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 14
Bahrainakkare Oru Nilavundayirunnu Part 14 | Previous Parts
Author : റഷീദ് എം ആർ ക്കെ
ഞാനും റൈഹാനത്തും തമ്മിലുള്ള പ്രണയത്തിന്റെ വസന്തകാലത്താണ് അന്നൊരു ദിവസം എനിക്ക് കോളേജിലെ എന്തോ പ്രോഗ്രാമിന് വേണ്ടി കുറച്ച് കാഷ് അത്യാവശ്യമായി വരുന്നത്. ജോലിയും മറ്റും ഇല്ലാത്തതിനാൽ എനിക്കന്ന് എന്ത് ആവശ്യം വന്നാലും പൈസ ഉമ്മയോട് പറഞ്ഞ് ഉപ്പയുടെ കയ്യിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. അന്നും പതിവ് പോലെ വീട്ടിൽ വന്ന് ഉമ്മയോട് കാര്യങ്ങൾ പറഞ്ഞ് ഉപ്പയോട് കാഷ് വാങ്ങി തരണം എന്നൊക്കെ പറഞ്ഞതായിരുന്നു പക്ഷേ ഞാൻ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് പിന്നീട് വീട്ടിൽ സംഭവിച്ചത്.
കാഷ് കോളേജിൽ എത്തിക്കേണ്ട ദിവസത്തിന് തലേന്ന് വൈകുന്നേരം പാടത്തെ പന്തുകളിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയ ഞാൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ ” ഉമ്മാ ഇങ്ങള് ഉപ്പയോട് വാങ്ങിയ ആ കാഷ് തന്നെ നാളെ കോളേജിൽ കൊടുക്കാൻ ഉള്ളതാ എല്ലാവരും കൊടുത്തു.. ” എന്ന് പറഞ്ഞപ്പോൾ ഞാനൊട്ടും പ്രതീക്ഷിക്കാതെ ഉമ്മ പറഞ്ഞു ” ഞാൻ ഉപ്പാനോട് ചോദിച്ചിട്ടില്ല ഉപ്പാന്റെ കയ്യിൽ പൈസയുണ്ടാവില്ലെ
ന്നെനിക്കറിയാം.. അടുത്ത പ്രാവശ്യം നിന്റെ ഫീസ് കൊടുക്കല് തന്നെ എങ്ങനെയാന്നറിയില്ല അപ്പോഴാണ് ആവശ്യമില്ലാത്ത ഓരോ പരിപാടിക്ക് കാഷ്.. ! നിനക്കെന്താ ഇവിടുത്തെ അവസ്ഥകൾ ആലോചിക്കാൻ ബുദ്ധിയില്ലേ..?? ” എന്ന് ഉമ്മ പറഞ്ഞതും കൂടുതലൊന്നും ചിന്തിക്കാതെ ദേഷ്യം തലക്ക് കയറിയ ഞാൻ ഭക്ഷണം കഴിച്ചിരുന്ന പ്ലേറ്റ് ടേബിളിൽ നിന്നും തട്ടി തെറിപ്പിച്ചു.
എന്നിട്ടും ദേഷ്യവും വിഷമവും മാറാതിരുന്നപ്പോൾ
ഉമ്മയുമായി കുറെ നേരം ആ മഗ്രിബിന്റെ സമയത്ത് കയർത്ത് സംസാരിക്കുകയുണ്
ടായി കാരണം വീട്ടുകാരുടെ അവസ്ഥയോ ഉപ്പയുടെ അവസ്ഥയോ എനിക്കന്ന് അറിയില്ലായിരുന്നു.
ഞാൻ നിന്നോട് തുടക്കത്തിൽ പറഞ്ഞിരുന്നല്ലോ കോളേജിൽ അടിച്ച് പൊളിച്ച് നടക്കുന്ന ഒരു കാലമുണ്ടായിരുന്
നു എനിക്കെന്ന് അന്നായിരുന്നു ഈ സംഭവവും ..
ഇടക്കൊക്കെ ഉമ്മയുമായി അങ്ങനെ വഴക്കിടാറുണ്ട് അന്നെന്തോ ഞാൻ ഒരുപാട് സമയം വീട്ടുകാരുമായി വഴക്കിട്ടു.. ഉമ്മയോടുള്ള ദേഷ്യം കൊണ്ടൊന്നുമല്ലായിരുന്നു അങ്ങനെ. എനിക്കപ്പോൾ കോളേജിലെ ആ പ്രോഗ്രാമായിരുന്നു വലുത് . കാഷ് കിട്ടാത്ത ദേഷ്യം മുഴുവനും ഉമ്മയോടും ദേഷ്യം കൂട്ടാൻ കെൽപ്പുള്ള കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്ന പെങ്ങന്മാരോടും തീർക്കുമ്പോഴാണ് പതിവില്ലാതെ ആ സമയത്ത് എന്റെ റൂഹ് റൈഹാനത്ത് അങ്ങോട്ട് വരുന്നത്.
അവളെ കണ്ടതും അതുവരെ എന്നെ പിടിച്ച് കുലുക്കിയ ദേഷ്യം എവിടേക്കാണ് ഞാനറിയാതെ ഓടിയൊളിച്ചത് എന്നറിഞ്ഞില്ല. ദേഷ്യത്തോടെ പറഞ്ഞിരുന്ന കാര്യങ്ങൾ മുഴുവനാക്കാൻ മറന്ന് പെട്ടെന്ന് നിശബ്ദനായ ഞാൻ മുന്നിലൂടെ വന്ന റൈഹയെ ഒന്നു നോക്കി . അവളെന്നെ നോക്കാതെ ഉമ്മയുടെ അടുത്തേക്ക് ചെന്ന് എന്തൊക്കെയോ സംസാരിച്ച് അവർ അപ്പുറത്തേക്ക് പോയി.
ടേബിളിൽ നിന്നും ഞാൻ തട്ടിയിട്ട ചോറ്റ് പാത്രവും, ചോറും പെറുക്കി എടുക്കുന്ന പെങ്ങളെ നോക്കിയപ്പോൾ അവൾ ” പാവത്തിന് പൈസ കിട്ടീലെ ഠോ” എന്ന് പറഞ്ഞ് കളിയാക്കിയതും അവളോട് “നീ നിന്റെ കാര്യം നോക്ക്യാ മതിയെടീ… ” എന്നും പറഞ്ഞ് അവളോട് വീണ്ടും ഉടക്കാൻ നിന്നപ്പോൾ റൈഹാനത്ത് ഞാൻ കേൾക്കത്തക്ക രീതിയിൽ അപ്പുറത്ത് നിന്നും ഒന്ന് ചുമച്ചു അതോടെ ഞാൻ വീണ്ടും മിണ്ടാതെ നിന്നു.
അടുക്കള ഭാഗത്ത് സംസാരിച്ച് നിൽക്കുന്ന റൈഹ വരുന്നതും കാത്ത് ഞാൻ കുറെ നേരം കോലായിയുടെ ഭാഗത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു. റൈഹ എന്റെ അടുത്തെവിടെയെങ്കിലും ഉണ്ടായാൽ ഞാനവൾക്ക് വേണ്ടി മാത്രം ജീവിക്കുമായിരുന്നു. അതുകൊണ്ടാണല്ലോ അവളെന്റെ ജീവിത സഖിയായി വേണമെന്ന് ഒരുപാട് മോഹിച്ച എനിക്ക് നൽകാതെ വിധി വിലക്കേർപ്പെടുത്തി നോവിച്ചതും എന്റെ ആരുമല്ലാതാക്കിയതും..
എന്തോ വാങ്ങുവാനാണെന്നും പറഞ്ഞ് ആ നേരത്ത് വന്ന അവൾ കുറെ നേരം വീട്ടുകാരോട് സംസാരിച്ചിരുന്ന ശേഷമാണ് പോകുവാണ് എന്ന് ഉമ്മയോട് പറഞ്ഞ് പുറത്തേക്ക് ഇറങ്ങാനൊരുങ്ങിയ
ത്.
ഈ സമയത്ത് ഞാൻ കോലായയിലേക്ക് ചെന്ന് അവിടെ കാത്തുനിന്നു. അതിലൂടെ വന്ന അവൾ എന്നോട് ചെറുതായൊന്ന് ചിരിച്ച് നാളെ എന്നാന്ഗ്യം കാണിച്ചു. രണ്ട് ദിവസം മുൻപ് കൊടുത്ത എന്റെ പ്രണയലേഖനത്തിനുള്ള മറുപടി നാളെ കിട്ടുമെന്നുള്ള ആ സിഗ്നൽ കണ്ടപ്പോൾ ഞാനൊരുപാട് സന്തോഷിക്കുകയുണ്ടായി കാരണം അവളെനിക്കായി മാത്രം എഴുതി തരുന്ന ആ കത്തിലെ അക്ഷരങ്ങൾക്ക് മഷിയുടെ മണത്തേക്കാൾ കൂടുതൽ അവളുടെ ചുടു നിശ്വാസത്തിന്റെ ചെറു ചൂടും, മയിലാഞ്ചി മായാത്ത ആ കയ്യിന്റെ മണവുമായിരുന്നു. സ്നേഹാർദ്രമായ ആ വരികൾ രാത്രികളിൽ ഉറങ്ങാതെയിരുന്ന് ഞാൻ പലവട്ടം വായിക്കുമായിരുന്നു. നിനക്കറിയോ എന്റെ ഹൃദയത്തിനെ മത്ത് പിടിപ്പിക്കാൻ കെൽപ്പുള്ള ഒരു ലഹരി തന്നെയായിരുന്നു റൈഹാനത്തിന്റെ അന്നത്തെ ആ പ്രണയലേഖനങ്ങൾ.
മറുപടിയെഴുതിയ കത്ത് നാളെ തരാമെന്നവൾ പറഞ്ഞപ്പോൾ അതുവരെ മനസ്സിനെ അസ്വസ്ഥനാക്കിയ സങ്കടങ്ങൾ ഉരുകി പോയത് ഞാനറിഞ്ഞു .
പിറ്റേന്ന് മഗ്രിബ് നമസ്ക്കരിച്ച് വരുമ്പോൾ പതിവ് പോലെ കിണറ്റിനരികിൽ കാത്തു നിൽക്കുന്ന അവൾ എന്നെ കണ്ടതും കയ്യിലുള്ള എഴുത്ത് ആരെങ്കിലുമുണ്ടോന്ന് നോക്കി ഇട വഴിയിലേക്കിട്ടതും ഞാനതെടുത്ത് അവളോടൊന്ന് ചിരിച്ച് കൂടുതലവിടെ നിൽക്കാതെ വേഗം വീട്ടിലേക്ക് നടന്നു.
അൻവറിന്റെ കഥ കേട്ടിരിക്കുമ്പോഴാണ്
പ്രണയിച്ച പെണ്ണ് നീട്ടുന്ന പ്രണയലേഖനം കയ്യിൽ കിട്ടുമ്പോൾ ആത്മാർത്ഥമായി അവളെ പ്രണയിക്കുന്ന ഒരാണിന്റെ മനസ്സിനനുഭവപ്പെടുന്ന അനുഭൂതികൾ മുഴുവനും ഞാനാദ്യമായി കാണുന്നത്.
അൻവർ തുടർന്ന് പറയാൻ തുടങ്ങി..
അന്നാണെങ്കിൽ കയ്യിൽ കിട്ടിയ ആ
എഴുത്തൊന്ന് പൊട്ടിച്ച് വായിക്കാൻ എനിക്കൽപ്പം കാത്തു നിൽക്കേണ്ടി വന്നു. കാരണം ആ ദിവസം വീട്ടിലേക്ക് ഏതോ കുടുംബക്കാർ എന്തോ ആവശ്യത്തിനായി വന്നതായി ഞാനോർക്കുന്നു. അവരൊക്കെ വീട്ടിൽ നിന്നും പോയതും ഞാനെന്റെ റൂമിൽ കയറി വാതിലടച്ച് പെട്ടെന്ന് കത്തിന്റെ കവർ പൊട്ടിച്ചു.
ഒരുപാട് കത്തുകൾ അവളെനിക്ക് തന്നിട്ടുണ്ടെങ്കിലും ഓരോ കത്തും എനിക്ക് ആദ്യമായി വായിക്കുന്ന അനുഭൂതിയായിരുന്നു നൽകിയിരുന്നത് കാരണം അവളുടെ പരിഭവങ്ങളില്ലാത്ത വിശേഷങ്ങളും “ദുനിയാവിലെ മുഴുവൻ സ്നേഹവും നിറഞ്ഞ എന്റെ പ്രിയനറിയാൻ റൈഹയെന്ന നിന്റെ പെണ്ണെഴുതുന്നത്…. ” എന്ന് തുടങ്ങുന്ന കത്തിലെ ആദ്യ വരികളിലൂടെയും കണ്ണുകളോടുമ്പോൾ അരികത്തിരുന്ന് അവളെന്നോട് കിസ്സകൾ കൊഞ്ചി പറയുകയാണെന്ന് തോന്നി പോകും.
കത്ത് വായിച്ച് തുടങ്ങിയതും എല്ലാം മറന്ന് ആ അക്ഷരങ്ങളിൽ മാത്രം ജീവനർപ്പിച്ച് നിൽക്കുമ്പോൾ അവളെഴുതിയിരുന്നു
” ഞാനിന്നലെ മഗ്രിബിന് നിന്റെ വീട്ടിലേക്ക് വന്നപ്പോൾ നീ ഉമ്മയോടും പെങ്ങന്മാരോടും ചൂടായി സംസാരിക്കുന്നതൊക്കെ ഞാൻ കേട്ടു. എന്തൊരു ദേഷ്യമാണ് നിനക്ക്. അതല്ല നീ എന്നെ കണ്ടപ്പോൾ എന്തിനാ നിർത്തി കളഞ്ഞത് ? എന്നവൾ ചോദിച്ചപ്പോൾ ആ ചോദ്യത്തിന്റെ ഉദ്ദേശ്യം എനിക്കപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞില്ല. കത്ത് മുഴുവൻ വായിച്ച് തീർന്നിട്ടും മതി വരാതെ ആ വരികളെല്ലാം ഞാൻ വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരുന്നു.
എഴുത്ത് കിട്ടിയാൽ മറുപടി വൈകുന്നതിഷ്ടമല്ലാത്ത അവളെ ഓർമ്മ വന്നതും ഞാനപ്പോൾ തന്നെ മറുപടി എഴുതി തുടങ്ങി. എത്ര വർണ്ണിച്ചാലും വാക്കുകൾ മടുക്കാതെ കിട്ടുമായിരുന്നു അവളുടെ സ്നേഹത്തെ കുറിച്ച് കത്തിലെഴുതുമ്പോൾ. അവൾ ചോദിച്ച ചോദ്യങ്ങൾക്കൊക്കെ മറുപടിയെഴുതി.
അവളെ കണ്ടപ്പോൾ എന്തുകൊണ്ടാണ് ഉമ്മയുമായി നടക്കുന്ന വഴക്ക് നിർത്തി കളഞ്ഞത് എന്നുള്ളതിന്റെ കാരണം പറഞ്ഞ് മുഹബ്ബത്ത് പാകി മുളപ്പിച്ച വരികളിൽ ഞാനെഴുതി…
” മാലാഖ ആരാണെന്ന് ചോദിച്ചാൽ ഏത് നിറഞ്ഞ സദസ്സിലും എഴുന്നേറ്റ് നിന്ന് അതെന്റെ റൈഹാനത്താണ് എന്ന് ഉറക്കെ വിളിച്ച് പറയാൻ ഒരുപാടാഗ്രഹമുള്ള എന്റെ നോവറിഞ്ഞ പെണ്ണേ … റൈഹാ.. നീ എനിക്ക് ഈ ദുനിയാവിനേക്കാൾ പ്രിയപ്പെട്ടതാണ്.. നിന്നെ ആദ്യമായി നിന്റെ വീട്ടിൽ വെച്ച് ഞാനന്ന് കണ്ടില്ലായിരുന്
നെങ്കിൽ ഞാനീ ലോകത്തെ ഇത്രക്ക് സ്നേഹിക്കുമായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഞാനിന്നലേ എന്റെ വീട്ടുകാരുമായി വഴക്കിട്ട് നിൽക്കുന്ന സമയത്ത് നിന്നെയൊരു നോട്ടം കണ്ടതും ഞാനടങ്ങിയത്, എന്റെ ദേഷ്യം മടങ്ങിയത്, ഞാനെല്ലാം മറന്നത്..
നീ അരികത്തുള്ളപ്പോൾ ഈ അൻവറിന്റെ ഓരോ നിമിഷവും നിനക്ക് വേണ്ടി മാത്രമായിരിക്കും.. ഒരുപക്ഷെ എന്റെ ഉമ്മയേക്കാൾ, ഉപ്പയേക്കാൾ, പെങ്ങന്മാരേക്കാൾ കൂടുതൽ ഞാനിന്ന് സ്നേഹിക്കുന്നതും ഇഷ്ട്ടം കൊതിക്കുന്നതും നിന്റേത് മാത്രമാണ്. എന്നൊക്കെ മനസ്സ് തുറന്നെഴുതിയ ആ കത്ത് പിറ്റേന്നവൾക്ക് കൊടുത്തെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും അതിന് മറുപടി കിട്ടിയില്ല.
മാത്രവുമല്ല ബസ്സ് സ്റ്റോപ്പിൽ വെച്ചും, കോളേജിൽ വെച്ചും എന്നെ കണ്ടാൽ എന്റെ കണ്ണുകളിലേക്ക് ദൂരെ നിന്നും നോക്കി ചിരിക്കുമായിരുന്ന അവളെ പിന്നീടെനിക്ക് കാണാൻ കഴിഞ്ഞില്ല കൂടെ ഇടവഴിയിലൂടെ ഞാൻ പോകുമ്പോൾ അവൾ വീടിനകത്താണെങ്കിൽ വീടിന് പുറത്തേക്കിറങ്ങി എന്റെ തിരിഞ്ഞു നോക്കൽ പ്രതീക്ഷിച്ച് നിൽക്കുമായിരുന്ന അവൾ എന്നെ കാണുമ്പോൾ മാറി നടക്കാൻ തുടങ്ങി എന്താണ് സംഭവിക്കുന്നത് എന്നറിയാത്തതിനാൽ എന്റെ ദിവസങ്ങള്ക്ക് മങ്ങലേറ്റു കൊണ്ടിരിക്കുകയായിരുന്നു. ഉറങ്ങി തീർക്കേണ്ട രാവുകൾ പകല് പോലെ ഉണർന്നെന്നെ നെറ്റിയും ചുളിച്ച് നോക്കി കൊണ്ടിരുന്നു.
അവളോട് എന്താണ് നിനക്ക് പറ്റിയതെന്ന് ചോദിക്കാൻ ഒരവസരം കിട്ടാതെ ഞാൻ വല്ലാതെ തളർന്ന് പോകുമെന്നുറച്ച സമയത്താണ് കോളേജ് വരാന്തയിൽ വെച്ച് നിവർത്തിയില്ലാത
െ അന്നാദ്യമായി അവളെ തടഞ്ഞു നിർത്തി ” എന്താണ് റൈഹാ ഇങ്ങനെ.. ? എന്താന്ന് പറ. ? എനിക്ക് പറ്റുന്നില്ല.. അറിയാല്ലോ എന്നെ.. ഇങ്ങനെ ഒഴിവാക്കാൻ മാത്രം ഞാൻ എന്താണ് നിന്നോട് ചെയ്തത് ഒന്ന് പറ പ്ലീസ് എനിക്ക് വയ്യ ഇങ്ങനെ നിന്നോട് മിണ്ടാതെ നടക്കാൻ ” എന്നൊക്കെയുള്ള എന്റെ ഖൽബ് പൊട്ടിയ വാക്കുകൾ കേട്ടതും അവൾ ചൂടായി കൊണ്ട് പതുക്കെ പറഞ്ഞു
” ഞാൻ വൈകിയിട്ട് മറുപടി തരാം ഇപ്പോൾ മുന്നിൽ നിന്ന് മാറി നിൽക്ക് ശല്ല്യം ചെയ്യരുത്.. !” എന്ന് പറഞ്ഞതും ഞാൻ പിന്നീടൊന്നും ചോദിക്കാൻ കഴിയാതെ സൈഡിലേക്ക് മാറി നിന്നു. അവളെന്നെ ഗൗനിക്കാതെ ക്ലാസ്സിലേക്ക് കയറുന്ന ആ കാഴ്ച്ച കണ്ടതും പിന്നീടവിടെ നിൽക്കാതെ ഞാൻ ബാഗുമെടുത്ത് കോളേജിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
ബസ്സ്റ്റാൻഡിൽ പോയി കുറെ നേരം നിന്നെങ്കിലും എന്നോട് ആദ്യമായി ദേഷ്യപ്പെട്ട് സംസാരിച്ച റൈഹാനത്തിന്റെ മുഖം മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് കാരണം കൂടുതലവിടെ നിൽക്കാതെ ഞാൻ വേഗം വീട്ടിലേക്ക് ബസ്സ് കയറി. വീട്ടിലെത്തി ആരോടും സംസാരിക്കാതെ റൂമിൽ കയറി വാതിലടച്ച് കുറെ നേരം കിടന്നു.
ഇങ്ങനെ വെറുക്കാൻ മാത്രം ഞാനവളോട് ചെയ്ത തെറ്റ് മാത്രം അപ്പോഴും എനിക്കറിയില്ലായിരുന്നു. പ്രണയമെന്ന ലഹരിക്ക് അടിമപ്പെട്ട ഞാൻ റൂമിൽ കിടന്ന് ആ മുഖം ആലോചിച്ചും നഷ്ട്ടപ്പെടുകയാണോ എന്നും ഓർത്തും ചെരിഞ്ഞും മറിഞ്ഞും കിടന്ന് മണിക്കൂറുകൾ നീക്കി കൊണ്ടിരുന്നു .
വൈകുന്നേരമായപ്പോൾ
അസർ നമസ്ക്കരിച്ച് പാടത്ത് പോയെങ്കിലും അന്ന് കളിക്കാനിറങ്ങിയില്ല ഗ്രൗണ്ടിനൽപ്പം ദൂരെയായി വരമ്പിൽ ആകാശത്തേക്കും നോക്കി ഞാനങ്ങനെ കിടന്നു. എന്തൊക്കെയോ മനസ്സ് വിളിച്ച് പറയുന്നുണ്ടായിരുന്നു ഓരോന്ന് ആലോചിക്കും തോറും നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി.
കൂടുതൽ വൈകാതെ ലെറ്റർ കിട്ടാൻ സമയമായെന്നറിയിച്ച് പടിഞ്ഞാറിലൊളിച്ച സൂര്യനെ യാത്രയാക്കിയ മാനത്തിന്റെ വേദന വിളിച്ചോതുന്ന ചുവന്ന മുഖത്തെ നോക്കിയിരിക്കുമ്പോൾ ദൂരെനിന്നും മഗ്രിബ് വാങ്ക് എന്നേയും വിളിച്ച് കാതിലേക്കെത്തി.
പിന്നീട് കൂടുതലവിടെ നിന്നില്ല കൂട്ടുകാരെ കാത്തുനിൽക്കാതെ ഞാൻ പള്ളിയിലേക്ക് നടന്നു. നമസ്ക്കാരം കഴിഞ്ഞതും “നാഥാ എന്റെ റൈഹ എന്നെ വെറുക്കരുതേ ” എന്ന് മാത്രം പ്രാർത്ഥിച്ച് ഞാൻ പള്ളിയിൽ നിന്നും പുറത്തേക്കിറങ്ങി.
പാതി ഇരുട്ട് മൂടിയ ഇടവഴിയിലൂടെ മനസ്സ് നിറയെ വേദനയും, പ്രണയിച്ച പെണ്ണിന്റെ മനസ്സിൽ ഞാനെന്താണ് ഇങ്ങനെ വെറുപ്പിക്കാൻ മാത്രം ചെയ്തു കൂട്ടിയാതെന്നറിയാതെ ഇബാദത്തുകളിലേക്ക് മുഴുകാൻ മുസല്ലവിരിച്ചിരുന്ന് തബാറക്ക സൂറത്തോതി തുടങ്ങുന്ന പെണ്ണുങ്ങളുള്ള വീടുകൾക്ക് മുന്നിലൂടെ റൈഹാനത്തിന്റെ കത്തും പ്രതീക്ഷിച്ച് ഞാൻ നടന്നു.
ദൂരെ നിന്നും വരുന്ന എന്നേയും പ്രതീക്ഷിച്ച് ഞങ്ങളുടെ പ്രണയത്തിന് സാക്ഷിയായ ആ കിണറ്റിനരികിൽ കാത്ത് നിൽക്കുന്ന റൈഹാനത്തിനെ കണ്ടതും ഞാൻ വേഗത്തിൽ നടന്നു. ഞാനങ്ങോട്ട് എത്തിയതും അവൾ കത്ത് ഇടവഴിയിലേക്കിട്ട് എന്നെ വല്ലാത്തൊരു നോട്ടവും നോക്കി വീടിനുള്ളിലേക്ക് കയറി.
അവളകത്തേക്ക് കയറിയതും ഞാനാ ലെറ്ററുമെടുത്ത് എന്റെ വീട്ടിലേക്ക് നടന്നു. ഹൃദയം വല്ലാതെ മിടിക്കുന്നുണ്ട
ായിരുന്നു.
മനസ്സിലൊന്നുമില്ലാതെ എന്റെ റൈഹ എന്നോടിങ്ങനെ പെരുമാറില്ലെന്ന
റിയാമായിരുന്നു. അവളെന്നെ ഉപേക്ഷിച്ചാൽ അതൊന്നും സഹിക്കാൻ എനിക്ക് കഴിയില്ലല്ലോ എന്നൊക്കെ വേവലാതി പിടിച്ച് ചിന്തിച്ച മനസ്സുമായി ഞാൻ റൂമിലേക്ക് കയറി.
അവളുടെ ഓരോ എഴുത്തും കയ്യിൽ കിട്ടിയാൽ അത് പെട്ടെന്ന് സന്തോഷത്തോടെ വായിക്കാൻ ഖൽബ് നിർബന്ധിക്കുമായിരുന്നു പക്ഷേ അന്നാ എഴുത്ത് തുറന്ന് വായിക്കാൻ ഞാനൊരുപാട് പ്രയാസമനുഭവിക്കേണ്ടി വന്നു. കൂടുതലൊന്നും ആലോചിച്ച് നിൽക്കാതെ ഞാൻ കത്ത് തുറന്ന് വായിക്കാൻ തുടങ്ങി .
അക്ഷരങ്ങളിലൂടെ മനസ്സിഴയുമ്പോൾ കണ്ണും മനസ്സും ഒരുപോലെ കണ്ണീരൊഴുക്കിയത് കൊണ്ടാവണം എഴുത്ത് മുഴുവനായി വായിക്കാൻ ഞാൻ നന്നായി പ്രയാസപ്പെട്ടു.
…….
…….
കൂടുതൽ ഒന്നും പറയാതെയിരിക്കുന്ന
അൻവറിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവന്റെ നിറഞ്ഞ കണ്ണുകളിൽ നിന്നുമിറ്റി വീഴുന്ന കണ്ണീര് കണ്ടതും ” എന്താ അൻവർ..? എന്തിനാ കരയുന്നത്.. ? കണ്ണ് തുടക്ക്.. പറ എന്താണവൾ എഴുതിയിരുന്നത്.. ? എന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ
” അവളെന്നെ ഇത്രക്ക് സ്നേഹിച്ചിട്ടും എന്താ പടച്ചോനെനിക്കവള
െ നൽകാഞ്ഞത്.. ” എന്നൊക്കെ പറഞ്ഞ്
ഭൂതകാലങ്ങളിലേക്ക് തിരികെ പോയ അവനെ തിരികെ കൊണ്ടുവരാൻ ഞാനാ വിമാനത്തിലിരുന്ന് വല്ലാതെ ബുദ്ധിമുട്ടേണ്ടി വന്നു കാരണം അവനോടൊപ്പം ഞാനും ആ കാലത്തേക്ക് അവനോടൊപ്പം സഞ്ചരിച്ചിരുന്നു.
” ഡാ . ആളുകൾ ശ്രദ്ധിക്കുന്നു കരയല്ലേ ” എന്ന് ഞാൻ പതുക്കെ പറഞ്ഞപ്പോഴാണ് അവൻ കരച്ചിൽ മതിയാക്കി ബാക്കി പറയാൻ തുടങ്ങിയത്..
അൻവറിനന്ന് അവന്റെ ഹുബ്ബറിഞ്ഞ പെണ്ണ് റൈഹാനത്ത് എഴുതി നീട്ടിയ ആ പ്രണയനൊമ്പരക്കാറ്റേറ്റ കത്തിലെ വരികളും പിന്നീട് സംഭവിച്ചതും ഒരു നെടുവീർപ്പോടെ ഓർത്തെടുത്ത് അവൻ വിവരിക്കുമ്പോൾ പിന്നീട് വിമാനത്തിലിരുന്ന് നിറഞ്ഞ കണ്ണുകളിൽ എന്റെതുമുണ്ടായിരുന്നു..
( തുടരും )
” ഒരിക്കൽ ദുനിയാവ് കാണാൻ പറഞ്ഞ് പറ്റിച്ച സ്വപ്നങ്ങളുടെ ആരുമറിയാത്ത ഓർമ്മകളുമായി ജീവിതം തീർക്കുന്ന ചിലരുണ്ട് നമുക്കിടയിൽ…. “