ഒരു മുത്തശ്ശി കഥ

മാതു എന്ന പതിമൂന്നു കാരിയുടെ ലോകം മുഴുവൻ തന്റെ തറവാടും മുത്തശ്ശിയുമായിരുന്നു.
പിന്നെ അമ്മാത്ത് ചിലവിടുന്ന അവധിക്കാലവും..
മുത്തശ്ശിയുടെ പഴങ്കഥകൾ കേട്ടാണുറക്കം. ചാത്തനും മാടനും മറുതയുടെയും ഒരു നൂറു കഥകളറിയാം മുത്തശ്ശിക്ക്..
സന്ധ്യയ്ക്ക് നിലവിളക്കു കൊളുത്തി നാമം ജപിച്ചു കൊണ്ടിരുന്ന മുത്തശ്ശിയുടെ മടിയിലേക്കവൾ ചാടിക്കേറിയിരുന്നു കൊഞ്ചിത്തുടങ്ങി…
മ്മ്… എന്നിട്ട്…?
എന്നിട്ട് ?
ബാക്കി പറ മുത്തശ്ശി..
ഒടിയന്റെ കഥേടെ ബാക്കി പറയ് മുത്തശ്ശി…
ആസ്വദിച്ചു കേട്ടുകൊണ്ടിരുന്ന കഥ ഇടയ്ക്ക് വച്ച് നിർത്തിയതിൽ മാതു പരിഭവിച്ചു.
എന്നിട്ടെന്താ….
അയാൾ തന്റെ കൊടുവാൾ കൊണ്ടെറിഞ്ഞ് മുന്നിൽക്കണ്ട ചെടിയെ വെട്ടിയരിഞ്ഞു വീഴ്ത്തി.
പിറ്റെ ദിവസം രാവിലെ എഴുന്നേറ്റുനോക്കുമ്പോൾ അയാളുടെ കാലുകൾ ആരോ വെട്ടിമാറ്റിയിരിക്കുന്നു.
ആര്…?
മാതുവിന് സംശയം തീരുന്നതേയില്ല
ആകാംക്ഷയും കൂടി വരുന്നു..
ആരാ മുത്തശ്ശി ?
അതും ഒടിയനാണോ ചെയ്തത്?
ഒടിയനാണോ അയാളുടെ കാല് വെട്ടിമാറ്റിയത്.?
എന്തിനാ അങ്ങിനെ ചെയ്തത്?
ഹാ… ഒടിയൻ തന്നെ.. അല്ലാണ്ടാരാ
എന്തിനാണെന്നു ചോദിച്ചാൽ എന്താ ഞാൻ പറയ്യാ…?
ഒടിയൻ അങ്ങനാ.. കൺകെട്ട് വിദ്യകൾ എല്ലാം ഒടിയനുണ്ട്..
ഒടിവിദ്യ കൊണ്ട് കളവും കൊലയും ഒക്കെ ചെയ്യും. ഒടിയന്റെ ഈ വിദ്യയെപ്പറ്റി കേട്ടിട്ട് പേടിച്ച് മരിച്ചുപോയവരും ഒരുപാടുണ്ട് .
ഒടിവിദ്യയൊ ?
എന്നു വച്ചാന്താ മുത്തശ്ശി?
ഈ ഒടിവിദ്യ..?
മാതുവിന്റെ സംശയം ഏറിവന്നു
ഒടിവിദ്യയോ !
പറയാം

ഗർഭിണികളായ പെണ്ണുങ്ങളെ മന്ത്രവാദം കൊണ്ട് അവരറിയാതെ വയറ്റിലുള്ള അവർടെ കുഞ്ഞുങ്ങളെ എടുത്ത് ആ കുഞ്ഞുങ്ങളുടെ ശരീരത്തിനുളളിൽ നിന്നുള്ള വെള്ളം ചില പച്ചിലകളുമായി ചേർത്ത് മന്ത്രം ജപിച്ചു കൊണ്ട് ഒരു മരുന്നുണ്ടാക്കും.ഈ മരുന്ന് ചെവിയിൽ പുരട്ടിയാൽ പിന്നെ അവർ വിചാരിക്കുന്ന രൂപത്തിൽ മാത്രേ മറ്റുള്ളവർക്ക് ഒടിയനെ കാണാൻ സാധിക്കൂ..
അപ്പോ ഇതാണ് ഒടിവിദ്യ ലേ…?
ഉം.. ഇതാണ് ഒടിവിദ്യ.
ഈ വിദ്യ ഉപയോഗിച്ചാണ് ഒടിയൻമാർ കൊലയും മറ്റും നടത്തുന്നത് അല്ലേ മുത്തശ്ശി…?
ഒടിയനെപ്പറ്റി ഒരു കഥ കൂടി പറ മുത്തശ്ശി ?
ഒരിക്കൽ ഒരിടത്ത് ഒരു മാന്ത്രികൻ ഉണ്ടായിരുന്നു.. ഒരു ദിവസം അയാൾ പൂജകളൊക്കെ കഴിഞ്ഞ് രാത്രി വീട്ടിലേക്ക് വരുകയായിരുന്നു.. പെട്ടെന്ന് ആ മാന്ത്രികന്റെ മുന്നിലേക്ക് രണ്ടു കാളകൾ നിൽക്കുന്നു. കണ്ണടച്ച് ധ്യാനിച്ച ശേഷം അയാൾ ആ കാളകളെ സൂക്ഷിച്ചു നോക്കി, അവയ്ക്ക് അംഗഭംഗമുണ്ടായിരുന്നതായി അയാൾ കണ്ടു.
അംഗഭംഗമോ….
ന്നു വച്ചാൽ….?
അംഗഭംഗം ന്നു വച്ചാൽ ഏതെങ്കിലും ഒരവയവം ഇല്ലാതിരിക്കുക. ശരിക്കും നോക്കിയാൽ ഒടിയൻമാരെ തിരിച്ചറിയാൻ സാധിക്കും.
ഒടിയൻമാർ പൂർണ്ണതയുള്ളവരായിരിക്കില്ല,
ഹാ എന്നിട്ട് ആ മാന്ത്രികൻ..?
ആ മാന്ത്രികൻ ആ ഒടിയൻമാരെ പിടിച്ചുകെട്ടിയിട്ടു എന്നിട്ട് ചെവിയിലെ ദ്രാവകം തുടച്ചു കളഞ്ഞു
അപ്പോത്തന്നെ അവർ രണ്ടു നഗ്നരായ മനുഷ്യരായി മാറി..
മുത്തശ്ശി ഈ ഒടിയൻമാർ ശരിക്കും ഉണ്ടോ…?
അങ്ങിനെ ചോദിച്ചാൽ ഉണ്ടെന്നാണ് വിശ്വാസം. അനുഭവവും അതാണ് മോളേ,
പണ്ടുകാലത്തൊക്കെ വീട്ടുജോലികളും കൃഷി സ്ഥലം നോക്കുന്ന ജോലികളും എല്ലാം ചെയ്തിരുന്നത് ഒടിയൻമാരായിരുന്നു.
എന്ത് ആവശ്യപ്പെട്ടാലും അതു സാധിച്ചു തരുമായിരുന്നു.
ആഹാ… മുത്തശ്ശി കണ്ടിട്ടുണ്ടോ ഒടിയനെ?
ഉണ്ടല്ലോ.. നമ്മുടെ തറവാട്ടിൽ ഒടിയൻമാരുണ്ട്.
പണ്ട് പത്തുമുപ്പത് കുട്ടകങ്ങളിൽ നിമിഷ നേരം കൊണ്ട് എനിക്ക് വെള്ളം നിറച്ചു തന്നിട്ടുമുണ്ട്. എല്ലാ ജോലികളും ചെയ്യിക്കുമായിരുന്നു മോൾടെ മുത്തച്ഛനത് വശമുണ്ടായിരുന്നു.
എങ്ങിനെ അറിയാം?
അവർ എങ്ങനാ കാണാൻ?
കാണാൻ…
മുത്തശ്ശി ഒന്നാലോചിച്ചു.
വല്ല ആടായോ കോഴിയായോ പശുവായോ പൂച്ചയായോ ഒക്കെ വരാം, അവയ്ക്ക് അംഗഭംഗമുണ്ടാകും അങ്ങിനെ തിരിച്ചറിയാം.
മാതുവിന് ആകാംക്ഷയേറി
കൂടെ ആരാധനയും..

കഥകേട്ട് അവളുടെ കണ്ണുകൾ വിടർന്നിരുന്നു.
അതിശക്തൻമാരാണെങ്കിലും ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ മിടുക്കരാണിവർ
മുത്തശ്ശി തുടർന്നു….
ഒടിയനെ സേവിച്ചിരുന്നവരും ധാരാളമുണ്ട്.. അവർക്ക് വേണ്ടി, അവരാഗ്രഹിക്കുന്ന എന്തും ഒടിയൻമാർ ചെയ്തു കൊടുക്കും.
ആണോ….?
മാതു ആശ്ചര്യപ്പെട്ടു!
ശരിക്കും ഒടിയൻ പാവാല്ലേ മുത്തശ്ശി?
അതെ…
പണ്ടു ജന്മിമാരുടെ അടിയാളൻമാരായിരുന്നു ഇവർ.അടിച്ചമർത്തപ്പെട്ട വർഗ്ഗം. പണിയെടുക്കാനും കഷ്ടപ്പെടാനും മാത്രം വിധിച്ചി ട്ടുള്ള ഒരു കൂട്ടം.
ജന്മിമാരുടെ ക്രൂരതകൾ സഹിക്കവയ്യാതെ സ്വയരക്ഷക്കായി ഇങ്ങനായതാവാം…
അതുമല്ലെങ്കിൽ തിരിച്ച് ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ജന്മികൾ തന്നെ ഭീകര പരിവേഷം നൽകിയതാവാം.
രാത്രികാലങ്ങളിൽ അടിയാളൻമാരെ കൃഷി സ്ഥലം നോക്കാനേൽപ്പിച്ച് ഇരുട്ടിന്റെ മറവിൽ അടിയാളക്കുടിലുകളിൽത്തന്നെ നിർവൃതി തേടിയിറങ്ങുന്ന ജന്മിത്തത്തിന്റെ കാടത്തം കണ്ട് സഹിക്കവയ്യാതെ ദുർമന്ത്രവാദത്തിന്റെ മറ്റൊരു മുഖമായി തീർന്നതാണവർ എന്ന രഹസ്യം മുത്തശ്ശി മാതുവിനോടു പറഞ്ഞില്ല.
അവളതു മനസ്സിലാക്കാറായിട്ടില്ലലോ..
അപ്പോ നമ്മൾ ഇഷ്ട്ടപ്പെട്ടാൽ നമുക്കു വേണ്ടതെല്ലാം ഒടിയൻ ചെയ്തു തരൂലേ മുത്തശ്ശീ….?
ഉവ്വല്ലോ.. ചെയ്തു തരും
പക്ഷെ ആരെയും നമ്മൾ നോവിക്കരുത്.അങ്ങിനെ ചെയ്താൽ ആ നോവിന്റെ ഫലം നമുക്ക് തന്നെ ഭവിക്കും മോളെ…
അതുകൊണ്ട് മുത്തശ്ശിടെ പൊന്നുമോൾ ആർക്കും ദ്രോഹമുള്ള കാര്യങ്ങൾ മനസ്സിലോർക്കുക പോലും ചെയ്യരുത്ട്ടോ
ഇല്ല മുത്തശ്ശി.. സത്യം!
അറിഞ്ഞുകൊണ്ടോ അരുതാത്ത കാര്യങ്ങൾക്കോ മോളാരേം വേദനിപ്പിക്കില്ലാട്ടോ
മാതു മുത്തശ്ശിയുടെ മടിയിൽ കിടന്നു പറഞ്ഞു..
പക്ഷെങ്കി ഒടിയനെക്കണ്ടാൽ അമ്മാത്തു പോകുമ്പോൾ രാത്രി ഉറങ്ങുമ്പോൾ പേടിപ്പിക്കാൻ വരുന്ന പഴുതാരയെ കൊല്ലാൻ മോളു പറയും മുത്തശ്ശി..
ഒടിയനോടു ഞാൻ പറയും
മാതു പരിഭവിച്ചു.
മുത്തശ്ശി കണ്ണുകൾ ഇറുക്കിയടച്ചു..
നാമജപം തുടങ്ങി