കുഞ്ഞന്റെ മലയിറക്കം

കുഞ്ഞന്റെ മലയിറക്കം
Kunjante Malayirakkam BY ANI Azhakathu

മുക്കാൽ ഭാഗത്തോളം കത്തിത്തീർന്ന മെഴുകുതിരി നാളത്തിലേക്ക് അവൻ തന്റെ കണ്ണുകളെ ഉറപ്പിച്ചു നിർത്താൻ ശ്രമിച്ചു. പുറത്തുനിന്നും ജനാലയിലൂടെ അടിച്ചുവരുന്ന കാറ്റിൽ ആ മെഴുകുതിരി നാളം അവന്റെ ഉള്ളിൽ വിഹ്വലതയുടെ ബിംബങ്ങൾ സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു. പുറത്ത് ഇരുട്ട് വല്ലാതെ ഘനീഭവിച്ചുകിടന്നിരുന്നു. ഏതോ ഭയാനകനായ പെരുംപാമ്പ് ഇരയെ വിഴുങ്ങുന്നകണക്കെ പകലിന്റെ അവസാനത്തെ വെള്ളിത്തകിടിനെയും അന്ധകാരം വിഴുങ്ങിയിരിക്കുന്നു.

ഒരു വല്ലാത്ത മഴക്കോള് അന്തരീക്ഷത്തെ ആകമാനം മൂടിയിരിക്കുന്നു. വീശിയടിക്കുന്ന തണുത്തകാറ്റിൽ യക്ഷിപ്പാറയുടെ നെറുകയിൽ പൂത്തുനിന്നിരുന്ന പാലപ്പൂവിന്റെ ഗന്ധം പരന്നൊഴുകുന്നു. അവൻ ശ്വാസം ഉള്ളിലേക്ക് ആഞ്ഞുവലിച്ചു. ആ വലിയ പാലമരത്തിന്റെ ചില്ലകൾ കാറ്റിൽ ആടി ഉലയുന്നുണ്ടാവാം? അതിന്റെ വെളുത്തപൂക്കൾ അവിടവിടെയായി ചിതറിക്കിടക്കുന്നുണ്ടാവാം?

മഴ പെയ്താൽ അതെല്ലാം വെള്ളത്തിൽ ഒലിച്ചുപോകും. നാളെക്കാലത്ത് അവ പെറുക്കാൻ പറ്റാണ്ടാകും… എങ്ങിനെയാ ഈ സമയത്ത് യക്ഷിപ്പാറയിൽ തനിച്ച് പോവുക?

പുറത്ത് കാറ്റിന്റെ ശക്‌തി കൂടിക്കൂടി വന്നു കൊണ്ടേയിരിക്കുന്നു, കത്തിയെരിയുന്ന മെഴുകുതിരിയുടെ ഒരുവശം ഉരുകി ഒലിച്ചിറങ്ങി, കാറ്റിൽ അത് അണഞ്ഞുപോകുമോ? അവൻ രണ്ടു കൈകൾകൊണ്ടും ആ നാളത്തെ അണയാതെ മറച്ചു പിടിക്കാൻ ശ്രമിച്ചു. കൈകളുടെ നിഴൽ കുമ്മായം തേച്ച വെളുത്ത ഭിത്തിയിൽ കറുത്ത ചിത്രങ്ങൾ കോറിയിട്ടു. ഏതോ ഭീകരനായ കഴുകൻ ചിറക്കുകൾ വിടർത്തി നിൽക്കുന്നതു പോലെ… അതിന്റെ വായിൽ നിന്നും ചുവന്ന തീ നാളങ്ങൾ പുറപ്പെട്ടുന്നുണ്ടോ….? അതിന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നോ…? ഈ ഇരുട്ടിലും അവ തിളങ്ങുന്നുണ്ടാവാം..?

അവന്റെ കൈകളിലേക്ക് മെഴുകുതിരിനാളത്തിന്റെ ചൂട് തട്ടാൻ തുടങ്ങിയപ്പോൾ അവൻ തന്റെ കൈകൾ പുറകോട്ട് വലിച്ചു…

ഈ തീനാളത്തിന് ഇത്രമാത്രം ചൂടുണ്ടോ…? പൊള്ളിച്ചുവന്നിരിക്കുന്ന കൈകളിലേക്ക് അവൻ സൂക്ഷിച്ച്നോക്കി… അവൻ വിരലുകളെ ചുണ്ടോടു ചേർത്തൂ…… പിന്നീടവയെ ഒരു കൈക്കുഞ്ഞ് മുലനുണയുന്ന ലാഘവത്തോടെ വലിച്ചു കുടിച്ചു……… വിരലുകളിൽ നിന്നും വേദനയുടെ ഉറവയെ തന്റെ വയറ്റിലേക്ക് വലിച്ചെടുത്തു കൊണ്ടേ ഇരുന്നു……. വേദന മെല്ലെ അലിഞ്ഞില്ലാതായി.

ഈ ചെറിയ മെഴുകുതിരിനാളത്തിന് ഇത്രത്തോളം വേദനിപ്പിക്കാൻ കഴിഞ്ഞെങ്കിൽ…… അന്ന് തന്റെ വട്ടനച്ഛന് എത്രമാത്രം വേദനിച്ചിരിക്കാം…? പക്ഷേ എന്നിട്ടും വട്ടനച്ഛൻ എന്തുകൊണ്ടാണ് കരയാതിരുന്നത്..? തെക്കെ അയ്യത്ത് വെട്ടിയ കുഴിയുടെ മുകളിൽ നിറയെ മാവിന്റെ വിറകുകൾ നിരത്തിവച്ച് വട്ടനച്ഛനെ അതിൽ കിടത്തി എരിയുന്ന തീപന്തം എന്റെ കയ്യിൽ തന്നിട്ട് കൊളുത്താൻ പറഞ്ഞു. കത്തിക്കരുതേ എന്നു ഞാൻ അലറി കരഞ്ഞിട്ടും എന്നെക്കൊണ്ട് ബലമായി തീ കൊളുത്തിപ്പിച്ചു…. എന്റെ അമ്മ പോലും തടയാതിരുന്നത് എന്റെ സങ്കടത്തിന്റെ ആഴം കൂട്ടി….. അമ്മ ദൂരെ മാറിനിന്ന് വിതുമ്പിക്കരയുന്നുണ്ടായിരുന്നു.

ചുവന്ന തീനാളങ്ങൾ ആർത്തിയോടെ അച്ഛനെ മൂടുന്നത് ഒരു വല്ലാത്ത ഭയത്തോടെ നോക്കിനില്ക്കാനെ എനിക്കു കഴിഞ്ഞുള്ളൂ.

അന്ന് ഒരു മഴ പെയ്തിരുന്നെങ്കിൽ അച്ഛൻ തിരിച്ചു വന്നേനെ, പക്ഷെ മറ്റുള്ളവരെ പോലെ മഴയും എന്റെ വാക്കുകൾ ചെവിക്കൊണ്ടില്ല. മാവിന്റെ വിറക്കുകൾ ഓരോന്നായി കത്തി അമർന്നു കൊണ്ടിരുന്നു, ചുറ്റും കൂടിനിന്നിരുന്ന നാട്ടുകാർ ഓരോരുത്തരായി പതിയെ പിരിഞ്ഞു പോയി, അവസാനത്തെ വിറകുകഷ്ണവും കത്തിയമർന്നു…. തീക്കനലുകളുടെ അടുത്തേയ്ക്കവൻ നീങ്ങി നിന്നു…. ചുവന്ന കനലുകളിൽ നിന്നും ചാരപ്പാടകൾ വീണടിയുന്നു. കനലുകളുടെ തീവ്രമായ ചൂട് അവന്റെ ശരീരത്തിലേയ്ക്ക് കത്തിക്കയറുന്നു. വട്ടനച്ഛൻ അതിനുള്ളിൽ ഉണ്ടായിരുന്നില്ല. എന്നാൽ വട്ടനച്ചന്റെ കണ്ണിലെ കനലുകൾ എരിഞ്ഞു നിൽക്കുന്നു.

അച്ഛൻ എവിടെപോയി……?

അന്നു രാത്രിയിൽ അമ്മയുടെ മടിയിൽ കിടന്നപ്പോൾ ഞാനീ ചോദ്യം അമ്മയോട് ചോദിച്ചു…. കരഞ്ഞുകലങ്ങിയ കണ്ണുകളിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അമ്മ പറഞ്ഞു…

” ദൂരെ…ദൂരെ… ഒരിടത്ത്……

നമ്മുടെ പാറേലപ്പൂപ്പൻ വന്നു വിളിച്ചോണ്ടുപോയി…. പാറേലപ്പൂപ്പൻ എന്നു കേട്ടപ്പോൾ അവന്റെ മനസ്സ് ഒന്നിളകി മറിഞ്ഞൂ…. യക്ഷിപ്പാറയുടെ മുകളിൽ ഉള്ള ആ പാലമരത്തിന്റെ ചോട്ടിലിരിക്കുന്ന ആ കറുത്ത കല്ലാണത്രെ പാറേലപ്പൂപ്പൻ….. നമ്മുടെ ഈ നാടിനെ മുഴുവൻ കാത്തുരക്ഷിക്കുന്നത് പാറേലപ്പൂപ്പൻ ആണത്രേ..!

താൻ പലപ്പോഴും അമ്മയോടൊപ്പം യക്ഷിപ്പാറയിൽ ചെന്ന് പാറേലപ്പൂപ്പന് മുറുക്കാനും, ചാരായവും കൊടുക്കാറുണ്ടായിരുന്നു… തിരിഞ്ഞു നോക്കാതെ മലയിറങ്ങാൻ അമ്മ പറഞ്ഞിരുന്നു… തിരിഞ്ഞുനോക്കിയാൽ അപ്പൂപ്പൻ അതൊന്നും തൊടില്ല പോലും….. പിന്നീട് അമ്മ അറിയാതെ അവൻ പോയി നോക്കുമ്പോൾ മുറുക്കാനും, ചാരായവും അവിടെ കണ്ടിരുന്നില്ല..! അപ്പൂപ്പൻ എടുത്തിരിക്കാം…..! അപ്പോഴെല്ലാം നാണുപ്പണിക്കർ ചുണ്ടത്ത് ഏതോ നാടൻ പാട്ടുമായി അതു വഴി മലയിറങ്ങുന്നത് കാണാമായിരുന്നു…..

വട്ടനച്ഛൻ പാറേലപ്പൂപ്പന്റെ അടുത്താണെങ്കിൽ ഒരാപത്തും വരില്ല തീർച്ച…..

അവന് തെല്ലൊരാശ്വാസം തോന്നി……. പക്ഷേ ഭയം ജനിപ്പിച്ച കുറേ സംഭവങ്ങളും മനസ്സിൽ ഉണ്ട്……..

ഒരു പത്താംമുദയത്തിന് യക്ഷിപ്പാറയിൽ ഊരാളിയപ്പൂപ്പൻ വന്ന് ഉറഞ്ഞുതുള്ളി…….. എന്തൊകെയോ വിളിച്ചു പറഞ്ഞു…… ചാരായത്തിന്റെ രൂക്ഷഗന്ധം അവിടെ ആകമാനം തളം കെട്ടി നിന്നിരുന്നു…… കയ്യിൽ പിടിച്ചിരുന്ന ശൂലത്തിലെ മണികൾ ഒച്ച ഉണ്ടാക്കിക്കൊണ്ടേയിരുന്നു….. ഊരാളിയപ്പൂപ്പന്റെ ദേഹത്ത് അന്ന് പാറേലപ്പൂപ്പൻ കയറുമത്രെ…! പാറേലപ്പൂപ്പന് പറയാനുള്ളതൊക്കെ ഊരാളിയപ്പൂപ്പനെക്കൊണ്ട് പറയിപ്പിക്കും…. പിന്നീട് പൂവൻകോഴിയുടെ കഴുത്തിലെ ചുടുചോര വലിച്ചുകുടിച്ച്, ബോധം മറഞ്ഞ് നിലത്തു വീഴും…

കറുത്ത പൂവൻകോഴിയുടെ കഴുത്തിലേക്ക് ഊരാളിഅപ്പൂപ്പന്റെ പല്ലുകൾ ആഴ്ന്നിറങ്ങുബോൾ ആ പൂവൻ കോഴിയുടെ ദയനീയമായ കരച്ചിൽ അലിഞ്ഞ് തീരുന്നത് അവൻ നിസ്സഹായതയോടെ നോക്കിനിന്നു…… പിന്നീട് എത്രയോ രാത്രികളിൽ ആ കരച്ചിൽ കേട്ട് അവൻ ഞെട്ടിയുണർന്നിരുന്നു…

ഊരാളിഅപ്പൂപ്പൻ….. ഊരാളിഅപ്പൂപ്പൻ….. എന്ന് പുലമ്പിക്കെണ്ടേയിരിക്കും… പിന്നയാ രാത്രി ഉറക്കമില്ലാത്തതായി മാറും. അപ്പോഴെല്ലാം പുറത്ത് ചങ്ങല കിലുക്കം കേൾക്കാമായിരുന്നു……

വട്ടനച്ഛന്റെ കാലിലെ ചങ്ങലയാണോ ഒച്ചയുണ്ടാക്കിയിരുന്നത്…..?

അമ്മ പറഞ്ഞ കഥയാണ് അപ്പോഴെല്ലാം മനസ്സിലേക്ക് കടന്നു വന്നിരുന്നത്….

പാറേലപ്പൂപ്പന്റെ പോക്കു വരവുണ്ടത്രേ…..!

ഒരു കയ്യിൽ എരിയുന്ന തീ പന്തവും, മറ്റേ കയ്യിൽ ചങ്ങലയും പിടിച്ചുകൊണ്ട് യക്ഷിപ്പാറയിൽ നിന്നും അക്കരെയുള്ള അപ്പൂപ്പൻപാറയിലേക്ക് എല്ലാ ദിവസവും പാറേലപ്പൂപ്പന്റെ പോക്കു വരവുണ്ടത്രേ…..! പാറേലപ്പൂപ്പൻ പോകുന്ന വഴിയിൽ ആരെങ്കിലും നിന്നാൽ, അത് മനുഷ്യനോ, മൃഗങ്ങളോ എന്തുമാകട്ടെ പിറ്റെ ദിവസം ചത്തു കിടക്കുന്നത് കാണാം…..! ആ ശരീരത്ത് ചങ്ങലയുടെ പാടുകളും കാണാം……!

ഈ കഥകൾ അവന്റെ കുഞ്ഞു മനസ്സിൽ ഭീതിയുടെ വിത്തുകൾ വിതച്ചു… എന്തൊക്കെ ആയാലും നമ്മുടെ നാടിന് നാശവും, ദോഷവും ഉണ്ടാകാതെ കാത്തു രക്ഷിച്ചു പോരുന്നത് പാറേലപ്പൂപ്പൻ തന്നെയല്ലേ… അതു കൊണ്ട് എപ്പോഴെല്ലാം യക്ഷിപ്പായുടെ നെറുകയിലെ ആ കറുത്ത കല്ലിന്റെ മുന്നിൽ എത്തിയാൽ അറിയാതെ കൈതൊഴുതു പിടിക്കാറുണ്ടായിരുന്നു… ചുണ്ടുകൾ അറിയാതെ മന്ത്രിക്കും “എന്റെ അപ്പൂപ്പാ……. കാക്കണേ…….”

ഉറക്കമില്ലാത്ത രാത്രികളിൽ പലപ്പോഴും പാറേലപ്പൂപ്പന്റെ പല രൂപങ്ങളും അവന്റെ പിഞ്ചു മനസ്സിലേക്ക് ആവാഹിക്കപ്പെടുമായിരുന്നു….പാറേലപ്പൂപ്പന്റെ പല്ലുകളിൽ പൂവൻകോഴിയുടെ ചൂടുചോരപുരണ്ടിരുന്നു…. കയ്യിലെ ഇരുമ്പു ചങ്ങല തന്റെ വട്ടനച്ഛന്റെ കാലിലെതിന്റെ അത്രതന്നെ വലിപ്പമുള്ളതായിരുന്നു…… അപ്പൂപ്പൻ തന്നെ വലതുകൈ നീട്ടി അരികിലേക്ക് വിളിക്കും, മടിയിലിരുത്തും പിന്നെ ചെവിയിൽ ചൂണ്ടുകൾ ചേർത്ത് “കുഞ്ഞാ………” എന്ന് നീട്ടി വിളിക്കും…. തന്റെ അമ്മവിളിക്കുന്നതുപോലെ…. ആ വിളി അവന് ഏറെ ഇഷ്ടമായിരുന്നു…. വാത്സല്യത്തിന്റെ പരകോടിയിൽ എത്തപ്പെടുന്ന നിമിഷം….

പക്ഷേ തന്റെ വട്ടനച്ഛൻ ഒരിക്കൽ പോലും അങ്ങനെ വിളിച്ചിട്ടില്ല… എന്തിന് സ്നേഹത്തോടെ ഒരു വാക്കു പോലും സംസാരിച്ചിട്ടില്ല…. പക്ഷേ എപ്പോഴും സ്വയം എന്തെക്കെയോ പുലമ്പിക്കൊണ്ടേയിരിക്കും….. അവ്യക്ക്തമായ അടക്കം പറച്ചിലും, ചിരിയും, തേങ്ങിക്കരച്ചിലും…. പല രാത്രികളിലും ഉറക്കെ നിലവിളിക്കുമായിരുന്നു…. പിന്നെ കഞ്ഞി കുടിക്കാൻ പുറത്തു വച്ചിരുന്ന ഇരുമ്പുപാത്രത്തിന്റെ ഒച്ചയും…. പല ദിവസങ്ങളിലും ആ നിലവിളി ശബ്ദം അവനെ വല്ലാതെ ഭീതിപ്പെടുത്തുമായിരുന്നു….. അപ്പോഴെല്ലാം അമ്മയുടെ ദേഹത്തിനോട് ചേർന്നുകിടക്കും…. അമ്മയുടെ കൈകൾ എന്നെ മുറുക്കെ ശരീരത്തോട് ചേർത്തു പിടിക്കും…. കണ്ണുനീരിന്റെ നനവ് ഉമ്മകളായി എന്റെ നെറ്റിതടത്തെ നനയിച്ചിരുന്നു…..

വട്ടനച്ഛൻ…… നാട്ടുകാർ എന്റെ അച്ഛനു നല്കിയിരുന്ന പേര്….. പിന്നീടെപ്പോഴോ എന്റെ നാവിലും പലപ്പോഴും ആ പേര് വന്നു തുടങ്ങി…. അമ്മകരഞ്ഞു പറഞ്ഞിരുന്നു “കുഞ്ഞാ നീ ഒരിക്കലും അങ്ങിനെ വിളിക്കരുത്……. അച്ഛാ….. എന്നു വിളിക്കൂ……”

അച്ഛൻ…. അവന്റെ മനസ്സിലെ അച്ഛന്റെ രൂപത്തിന് ഒരു ഭയാനകമായ കോലത്തിന്റെ ഛായയായിരുന്നു…… പണ്ടെപ്പോഴോ കണ്ട ഭൈരവിക്കോലത്തിന്റെ ഛായ……. അച്ഛന്റെ ചുവന്ന കണ്ണുകൾ കത്തിനില്ക്കുന്ന തീപന്തങ്ങൾ പോലെ തീഷ്ണമായിരുന്നു……. പക്ഷേ അവയുടെ ഏതോ ഒരു കോണിൽ ഒരു പുത്രവാത്സല്യത്തിന്റെ ജ്വാലയും ഒളിപ്പിച്ചു വച്ചിരുന്നോ…? തണുപ്പു കാലങ്ങളിൽ ആ കണ്ണുകളുടെ വന്യതക്ക് തീഷ്ണത ഏറിയിരുന്നു…. രാത്രികാലങ്ങളിൽ കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞുമുറുകിയിരുന്നു….. ജഢ പിടിച്ച മുടി വലിച്ചുപിഴാൻ ശ്രമിക്കുന്നത് അവൻ ജനാലയിലൂടെ നോക്കി നിന്നിരുന്നു….. കാലിലെ ചങ്ങല വലിച്ചു പൊട്ടിക്കാൻ വെറുതെ ശ്രമിച്ചുകൊണ്ടിരിക്കും……

“എന്റെ അപ്പൂപ്പാ……. എന്റെ അച്ഛൻ മാത്രം എന്തെ ഇങ്ങനെ…….?”

ആ കുഞ്ഞു മനസ്സിൽ വേദനിപ്പിക്കുന്ന ആ ചേദ്യം ഉത്തരം കിട്ടാതെ ആവർത്തിക്കപ്പെട്ടു……..

പുറത്ത് നിന്നിരുന്ന തെങ്ങിന്റെ തലയിൽ പാതിരാക്കാറ്റ് ആഞ്ഞു പ്രഹരിക്കുന്നുണ്ടായിരുന്നു…… അതിന്റെ നിഴൽ മൂടിയഴിച്ചിട്ട ഒരു യക്ഷിയെ പ്പോലെ ഉറഞ്ഞു തുള്ളുന്നുണ്ടായിരുന്നു…… പൊന്തക്കാട്ടിൽ നിന്നും മിന്നാമിനുങ്ങുകൾ പറന്നുയർന്നു…….. വന്യമായ ചിരിയോടെ അച്ഛൻ ബഞ്ചിലേക്ക് മലർന്നു കിടന്നൂ……. ചങ്ങല ഉരഞ്ഞുണ്ടായ വടുക്കളിൽ ചലം മുറ്റി നില്ക്കുന്നുണ്ടായിരുന്നു…….

“കുഞ്ഞാ…. വന്നു കഞ്ഞി കുടിക്ക്…”

അമ്മയുടെ ശബ്ദം അവനെ ചിന്തകളിൽ നിന്നുണർത്തി….. പുറത്ത് മഴ ചാറാൻ തുടങ്ങിയിരിക്കുന്നു…… അന്തരീക്ഷത്തിൽ പുതുമണ്ണിന്റെ ഗന്ധം നിറയാൻ തുടങ്ങിയിരിക്കുന്നു……

അവന്റെ മനസ്സിൽ ഒരു നനുത്ത സ്വാന്തനമായി ആ മഴ മാറി….. പുറത്ത് അച്ഛൻ ഇല്ലാത്ത ബഞ്ചും, ചങ്ങലയും വിജനതയിൽ രണ്ട് ചോദ്യ ചിഹ്നങ്ങൾ പോലെ കാണപ്പെട്ടു….. ഒരു വല്ലാത്ത തണുപ്പുളളകാറ്റ് ജനാലയിലൂടെ അവനെ സ്പർശിച്ചു, അതോടൊപ്പം ഒന്നു രണ്ടു മഴത്തുള്ളികളും……

യക്ഷിപ്പാറയിലെ പാലപ്പൂ മുഴുവനും ഒലിച്ചു പോയിരിക്കും…… മഴയുടെ ശക്തി വർദ്ധിച്ചുകൊണ്ടേ ഇരുന്നൂ…… ദൂരെ യക്ഷിപായുടെ താഴ്വാരത്തിൽ നിന്നിരുന്ന റബ്ബർ മരത്തിൽ കാറ്റു പിടിക്കുന്നത് അവ്യക്തമായി കാണാൻ കഴിയുമായിരുന്നു…… വെള്ളിടിയുടെ തായ് വേരുകൾ അന്ധകാരത്തിലൂടെ ഭൂമിയിലേയ്ക്ക് ആഴ്ന്നിറങ്ങിയപ്പോൾ മുഴുവനും പൂത്ത പാലമരം വെള്ളി പുതച്ച് ഉറങ്ങുകയാണോ എന്ന് അവനുതോന്നി….. മുറ്റത്ത് കെട്ടി നിന്നിരുന്ന വെള്ളം ചങ്ങലയെ മുഴുവനായി മുക്കിക്കളഞ്ഞിരിക്കുന്നു….. അതിന്റെ നടുവിലായി ഒരു കൊച്ചു ദ്വീപുപോലെ ശൂന്യമായ ബഞ്ചും നിലകൊണ്ടൂ …

കാഞ്ഞൂത്തോട് നിറഞ്ഞു കവിഞ്ഞിരിക്കും….. നാളെ നീന്തിക്കളിക്കാൻ നല്ല രസമായിരിക്കും….. ഈ മഴനനഞ്ഞ് തോട്ടുവക്കിൽ പോയാല്ലോ….? വേണ്ട, പനിപിടിക്കും….തന്നെയുമല്ല പാറേലപ്പൂപ്പനെ തനിക്ക് പേടിയും ആണ്…. അയ്യോ…. പാലച്ചുവട്ടിലെ പാറേലപ്പൂപ്പൻ ഇപ്പോൾ നനഞ്ഞു കുളിച്ചു കാണുമല്ലോ? ഇല്ല അപ്പൂപ്പന് വല്ല്യശക്തിയുണ്ട് നനയില്ല….

യക്ഷിപ്പാറയുടെ താഴ്വാരത്തെ റബ്ബർതോട്ടത്തിനു മുന്നിലുള്ള മൺറോഡിൽ വെള്ളം നിറഞ്ഞിരിക്കും, ഒരു കൊച്ചു തോടുപോലെ ആയിക്കാണും…… ആ മൺറോഡിന്റെ അറ്റത്തു നിന്നും ഒരു ചെറിയ വെളിച്ചം ഇഴഞ്ഞു നീങ്ങുന്നത് അവന്റെ ദൃഷ്ടിയിൽ പെട്ടു….. മഴത്തുള്ളികളിൽ തട്ടി പ്രതിഫലിച്ച് അവ്യക്തങ്ങളായ രൂപങ്ങൾ ഉണ്ടാക്കിക്കൊണ്ട് അത് മെല്ലെ ഇഴഞ്ഞു നീങ്ങുന്നു…. ഏതോ വണ്ടിക്കാളക്കാരന്റെ വഴികാട്ടി ആയിരുന്നു ആ വെളിച്ചം….. ഇന്നത്തെ തന്റെ സ്വപ്നങ്ങളും, നാളയുടെ അപൂർണ്ണതയും, ദു:ഖങ്ങളും, പ്രത്യാശകളും ഒക്കെ കുത്തിനിറച്ച് ആ കാളവണ്ടി അതിന്റെ യാത്രയിൽ ആണ്……. അതിന്റെ അടിയിൽ തൂക്കിയിട്ടിരിക്കുന്ന റാന്തൽ താളാത്മകമായി ചലിച്ചുകൊണ്ടിരിക്കുന്നു…… ഈ തിമിർത്തു പെയ്യുന്ന മഴയും, ആ റാന്തലും എതോ മുജ്ജന്മത്തിൽ ഇണപിരിയാത്ത കമിതാക്കൾ ആയിരിക്കാം…. മഴത്തുള്ളികൾ വണ്ടിക്കാളകളുടെ കണ്ണുകളിലേക്ക് പതിക്കുന്നുണ്ടായിരിക്കും… അവയുടെ കാഴ്ചയെ അവ്യക്തമാക്കിക്കൊണ്ട് പൊട്ടിച്ചിരിക്കുന്നുണ്ടാകാം….. എങ്കിലും ചെളിവെള്ളം കെട്ടിനില്ക്കുന്ന ഈ വിജനമായ പാതയിലൂടെ യജമാനന്റെ ലക്ഷ്യത്തിനായി യാത്ര ചെയ്യുന്നു… അവയുടെ ചിന്തകളിൽ എന്തായിരിക്കും നിറഞ്ഞു നില്ക്കുന്നത്…? കുറെ വെക്കോലും, പിണ്ണാക്കും, പിന്നെ സ്വന്തം ലക്ഷ്യമാക്കിത്തീർത്ത യജമാനന്റെ ലക്ഷ്യത്തിലേക്ക് നീളുന്ന വഴികളും… ഇവറ്റകളല്ലെ യഥാർത്ഥ മനുഷ്യർ…. ആ വഴിയുടെ കാഴ്ച്ചയ്ക്കപ്പുറത്തേക്ക് ആ റാന്തലിന്റെ വെളിച്ചം യാന്ത്രികമായ ചലനത്തോടെ അലിഞ്ഞലിഞ്ഞില്ലാതെയായി…..,

പുറത്ത് കാറ്റ് അതിശക്തമായി വീശിയടിച്ചു… ചെറിയ ജനാലയിലൂടെ മഴത്തുള്ളികൾ വിളിക്കപ്പെടാത്ത അതിഥികളെ പ്പോലെ അപ്പോഴും വിരുന്നെതുന്നുണ്ടായിരുന്നു….. അവയുടെ സ്പർശം മനസ്സിനെ ഇളകി മറിച്ചു…. അവൻ മഴയേയും, മഞ്ഞിനേയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു….. തന്റെ അച്ഛനെ പോലെ….. ചെടികളും, പൂക്കളും ഒക്കെ ആയിരുന്നല്ലോ അച്ഛന്റെ കൂട്ടുകാർ…. സംസാരിക്കുന്നതും, ഹൃദയം പങ്കുവയ്കുന്നതും ഒക്കെ അവയോടു മാത്രമായിരുന്നല്ലോ….. അച്ഛനെ പേലെ അവയോടൊപ്പം കളിക്കാനും, സംസാരിക്കാനും അവൻ ഇഷ്ടപ്പെട്ടിരുന്നു…. പക്ഷേ അങ്ങനെ ഒക്കെ ചെയ്താൽ തന്നെയും നാട്ടുകാർ വട്ടൻ എന്നു വിളിക്കും…. അതോർക്കുമ്പോൾ ആ കുഞ്ഞു മനസ്സ് ഒന്നു പിടഞ്ഞു….

മുറിക്കുള്ളിലെ അരണ്ട വെളിച്ചം അവതെനോക്കി പുഞ്ചിരിക്കുന്നതായി അവനു തോന്നി….. വെളിച്ചത്തേക്കാളേറെ കറുപ്പിനോട് ആയിരുന്നു അവന്റെ ചങ്ങാത്തം….. ഈ കറുത്ത രാത്രിയിൽ വിരിയുന്ന പൂക്കളാക്കെ വെളുത്തതാണ്…. അവയ്‌ക്കെല്ലാം മനസ്സിനെ മയക്കുന്ന സുഗന്ധവും ഉണ്ട്….

ആറ്റുവക്കിലെ ചെമ്പകമരത്തിലെ വെളുത്ത പൂവുകൾ മഴയിൽ കൊഴിഞ്ഞിട്ടുണ്ടാവാം…. നാളെ കുഞ്ഞിലക്ഷ്മിക്ക് പറിച്ചു കൊടുക്കാം എന്ന് പറഞ്ഞിരുന്നതാണല്ലോ…. ഉള്ളിൽ നിറയെ ദുഃഖങ്ങൾ സൂക്ഷിക്കുന്ന അവളുടെ പുഞ്ചിരിക്കുപോലും ഒരു വിഷാദം ഉണ്ടായിരുന്നു….. ഇരുട്ടിനെ സ്നേഹിക്കുന്ന അവൾക്ക് ചെമ്പകപ്പൂക്കൾ ഒരുപാടിഷ്ടമായിരുന്നു……

കുഞ്ഞിലക്ഷ്മിയും, അമ്മയും മാത്രമേ വട്ടൻകുഞ്ഞൻ എന്ന് തന്നെ വിളിക്കാത്തവരായി ഈ ലോകത്ത് ഉണ്ടായിരുന്നുള്ളൂ…..

നാളെ എങ്ങിനെ അവൾക്കു പൂ പറിച്ചു കൊടുക്കും..? ആരും അറിയാതെ അക്കരയ്ക്ക് നീന്തിയാല്ലോ…? അവിടെ തേയിലക്കാടിനിടയിൽ ഉള്ള ചെമ്പകത്തിൽ നിന്ന് കൈനിറയെ പൂക്കളുമായി വരണം… അതുകൊണ്ട് കുഞ്ഞിലക്ഷ്മിയുടെ കൈയ്യും മനസ്സും നിറയ്ക്കണം…. അപ്പോൾ തീർച്ചയായും അവൾ പുഞ്ചിരിക്കും…..

എന്തു കൊണ്ടാണ് ആളുകൾ ചിരിക്കാത്തത്…? കുഞ്ഞിലക്ഷ്മി, അമ്മ അങ്ങിനെ പലരും അപൂർവ്വമായെ ചിരിക്കാറുള്ളൂ….. പക്ഷേ അച്ഛൻ….. ഒരുപാടു ചിരിക്കുമായിരുന്നു, കരയുമായിരുന്നു…. എന്നിട്ടും അച്ഛന് ഒരു മനുഷ്യനാകാൻ കഴിഞ്ഞില്ല….

ഒരു പട്ടിയെപ്പോലെ ജീവിതകാലം മുഴുവതും ഒരു കഷ്ണം ചങ്ങലയിൽ………

പുറത്ത് ചങ്ങല ശബ്ദിച്ചുവോ….?

അടുക്കളയിൽ പാത്രങ്ങൾ കുട്ടിമുട്ടിയ ശബ്ദമായിരുന്നു….

അവൻ അടുക്കള ലക്ഷ്യമാക്കി നടന്നു……

ആവി പറക്കുന്ന കഞ്ഞിയും മൂളകുപൊട്ടിച്ചതും ചാണകം മെഴുകിയ തറയിൽ അവനെയും കാത്തിരിപ്പുണ്ടായിരുന്നു….. വല്ലാത്ത വിശപ്പ്… മഴക്കാലമായാൽ പിന്നെ വിശപ്പ് അധികമാകും… ഭക്ഷണം കുറവും… ആ സമയത്ത് മാത്രമാണ് അവൻ മഴയെ വെറുത്തിരുന്നത്…. മഴക്കാലത്ത് അമ്മയ്ക്ക് പണി കുറവാണ്….. അപ്പോൾ പട്ടിണി കിടക്കേണ്ടി വരും…..

അവൻ ആർത്തിയോടെ ചുടുകഞ്ഞി ഊതിക്കുടിക്കാൻ തുടങ്ങി…. മേൽചുണ്ടിലും, തെറ്റിത്തടത്തിലും വിയർപ്പുകണങ്ങൾ പ്പൊടിഞ്ഞു……. അപ്പോഴും പുറത്ത് മഴനിർത്താതെ പെയ്തുകൊണ്ടേ ഇരുന്നു…… ദൂരെ ഏതോ ചാവാലിപ്പട്ടിയുടെ മോങ്ങൽ മഴയോടൊപ്പം അലിഞ്ഞു ചേർന്നു…..

കൈയും, മുഖവും കഴുകി അവൻ ജനാലയ്ക്കരുകിലായി നിലയുറപ്പിച്ചു… രാത്രികളിലും, മഴക്കാലത്തും അവനെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്നത് ഈ ജനൽ മാത്രം ആയിരുന്നു…..ആ ജനലിന്റെ ചെറിയ ചതുരത്തിനുള്ളിലെ പുറം ലോകത്തിന് ഒരു വന്യമായ സൗന്ദര്യം ഉണ്ടായിരുന്നു……. കറുപ്പും, വെളുപ്പും നിറഞ്ഞ ലോകം…കറുപ്പിന്റെ അഗാധതയിൽ വല്ലപ്പോഴും മാത്രം തെളിയുന്ന വെളുപ്പ്….. ഇതിൽ ഏതാണ് പരമമായ സത്യം…..കുറുപ്പോ….? വെളുപ്പോ….?

കറുപ്പിനെ സ്നേഹിക്കാനായിരുന്നു അവനിഷ്ടം….

അവനു പ്രീയപ്പെട്ടവയെല്ലാം കറുത്തവ ആയിരുന്നല്ലോ….

പാറേലപ്പൂപ്പൻ….., യക്ഷിപ്പാറ…., വട്ടനച്ഛൻ…., അമ്മ…. പിന്നെ കുഞ്ഞിലക്ഷ്മി….. അങ്ങനെ എല്ലാം……

യക്ഷിപ്പാറയിലെ ആലിനോട് ചേർന്നു കാണുന്ന പാറയിടുക്കിൽ കറുപ്പിന്റെ വന്യഭംഗിയുമായി ചെള്ളുകളുടെ ഒരു കൂട്ടം……. കാണാൻ നല്ല ഭംഗിയുണ്ടെങ്കിലും കുറേ നേരം നോക്കിനില്ക്കുബോൾ മേലാകെ ഒരു തരിപ്പ് അനുഭവപ്പെടുമായിരുന്നു…. ആ ആൽമരത്തിൽ തലകീഴായി തൂങ്ങികിടന്നിരുന്ന നരിച്ചീറുകൾ….. അന്ധകാരത്തിൽ അവയുടെ കണ്ണുകൾ വെട്ടിത്തിളങ്ങുമത്രേ…..! ഈ നരിച്ചീറുകളിൽ ചില വലിയ ഇനം ജന്തുക്കൾക്ക് വലിയ രണ്ട് കോമ്പല്ലുകൾ ഉണ്ടത്രേ….. അവ രക്തം കുടിക്കുമത്രേ…!

ഇതെല്ലാം കുഞ്ഞിലക്ഷ്മിക്ക് അവളുടെ അച്ഛൻ പറഞ്ഞു കൊടുത്തതാണ്…..അവൾ എനിക്കും….. അവളുടെ അമ്മയ്ക്ക് കുറേ പാട്ടുകൾ അറിയാം…. അവളെ അമ്മ പഠിപ്പിച്ച പാട്ടുകൾ എനിക്കുവേണ്ടി ഈണത്തിൽ പാടുമായിരുന്നു… അവളുടെ പാട്ടും കാഞ്ഞൂതോടിന്റെ ഓളങ്ങളും ലയിച്ച് ഒന്നാവുന്നതായി അവനുതോന്നിയിരുന്നു…. അപ്പോഴെല്ലാം അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…….

കുഞ്ഞിലക്ഷ്മിക്ക് അച്ഛനും, അമ്മയും വേണ്ടുവോളം സ്നേഹം കൊടുത്തിട്ടും ഒരു സന്തോഷമില്ലായ്മ എപ്പോഴും ആ മുഖത്ത് നിഴലിച്ചു നിന്നിരുന്നു…. പുറത്ത് മഴ നേർത്തു നേർത്തു വന്നുകൊണ്ടിരുന്നു…. അവന്റെ വീടിന്റെ മേൽക്കൂരയിൽ നിന്നും മഴവെള്ളം തുള്ളികളായി താളാത്മകമായി പുറത്ത് കെട്ടി കിടന്നിരുന്ന വെള്ളത്തിലേക്ക് പതിച്ചു കൊണ്ടേ ഇരുന്നു….. യക്ഷിപ്പാറയുടെ നെറുകയിലെ പാലമരത്തിന്റെ ചില്ലകളിൽ നിന്നും മഴത്തുള്ളികൾ ആ കറുത്ത കല്ലിലേക്ക് ഇറ്റിറ്റു വീണുകൊണ്ടേ ഇരുന്നു…….

പുറത്ത് കൂരിരുൾ കമ്പളം പുതച്ച് കിടക്കുന്ന പ്രകൃതി മഴയിൽ നനഞ്ഞു കുളിച്ച് നില്ക്കുന്നു…… മഴമേലങ്ങൾ പെയ്തൊഴിഞ്ഞിരിക്കുന്നു…. നിലാവിന്റെ വെള്ളിവെട്ടം മാനത്തിന് ഇത്തിരി വെളുപ്പു നല്കി… യക്ഷിപ്പായുടെ നെറുകയിലെ പാലമരത്തിന്റെ ചില്ലകൾക്കിടയിൽ ചന്ദ്രൻ മറഞ്ഞു നില്ക്കുന്നു…. മഴ പെയ്തപ്പോൾ പറന്നു പോയ നരിച്ചീറുകൾ ഇപ്പോൾ തിരികെ വന്ന് തലകീഴായി തൂങ്ങിക്കിടക്കുന്നുണ്ടാവാം…

“കുഞ്ഞാ….. പായ വിരിച്ചിട്ടുണ്ട്, വന്നു കിടന്നുറങ്ങ്….”

അവന്റെ അമ്മ ഉറക്ക ചുവടോടെ വിളിച്ചു പറഞ്ഞു……

അവന്റെ കുഞ്ഞു മനസ്സിൽ ചോദ്യങ്ങളുടെയും, ചിന്തകളുടെയും, കറുപ്പിന്റെയും, വെളുപ്പിന്റെയും ഒക്കെക്കൂടി ഒരു കറുത്ത കാർമേഘം പെയ്തൊഴിയാതെ മൂടിക്കെട്ടി നിന്നിരുന്നു……

ആ ചെറിയ മൺകുടിലിന്റെ വാതിൽ അടഞ്ഞു….. മെഴുകുതിരി അണച്ചു……കുമ്മായം തേച്ച ഭിത്തിയിൽ ഇപ്പോൾ കറുപ്പു നിറം മാത്രം…. അന്ധകാരം അവനെയും, അവൻ അന്ധകാരത്തേയും ഗാഢമായി പുണർന്നു……. പുൽപ്പായയിൽ മലർന്ന് മച്ചിലേക്ക് നോക്കിക്കിടന്നു….. പകൽ മുഴുവൻ പണിയെടുത്ത ക്ഷീണം കാരണം അമ്മ ഉറങ്ങിക്കാണും..

ചെറിയ ജനാലയിൽക്കൂടി നിലാവരിച്ചിറങ്ങുന്നുണ്ടായിരുന്നു….. നിശാചരികളായ കൂമന്റെ മൂളലുകൾ അവന്റെ കാതിന്നെ അലോസരപ്പെടുത്തി…… പുറത്ത് ഒരു ചങ്ങലകിലുക്കം….അവൻ ചെവിയോർത്തു….. അത് അകലെനിന്നും താന്റെ അടുത്തേക്ക് ഒഴുകിയെത്തുന്നത് അവനറിഞ്ഞു….. രണ്ടു കണ്ണുകളും മുറുക്കെ അടച്ചു പിടിച്ചു….. കാലുകൾക്ക് ഒരു വല്ലാത്ത ഭാരം അനുഭവപ്പെടാൻ തുടങ്ങി….. അവയിലേക്ക് ഒരു ഇരുമ്പു ചങ്ങലയുടെ തണുപ്പ് അരിച്ചിറങ്ങുന്നുണ്ടോ….? തന്റെ കാലുകൾ ചലിപ്പിക്കാനാവാത്ത വിധം അതിന്റെ ഭാരം ഏറിക്കൊണ്ടിരിക്കുന്നു…… പുറത്ത് കെട്ടിക്കിടന്നിരുന്ന ചെളി വെള്ളത്തിലൂടെ ആരോ ഒരാൾ പൊട്ടിയ ചങ്ങലയും വലിച്ചു കൊണ്ട് ഓടി മറയുന്നു…. വട്ടനച്ഛൻ ചങ്ങലപൊട്ടിച്ചു കാണുമോ….? അതിന് വട്ടനച്ഛൻ……..

“കുഞ്ഞാ…..”

പുറത്താരോ തന്റെ പേരെടുത്തു വിളിക്കുന്നു…… അവൻ പായയിൽ നിന്ന് മെല്ലെ എഴുന്നേറ്റു….. തന്റെ വലതു കാലിന് ഒരു വല്ലാത്ത ഭാരം ഒരു ചങ്ങല ബന്ധിച്ച പോലെ…. അവൻ തന്റെ കാല് വലിച്ചു വച്ച് നടന്നു…. തറയിലൂടെ ഒരു ചങ്ങല ഇഴയുന്ന ശബ്ദം ആ കൊച്ചു മുറിക്കുള്ളിൽ മുഴങ്ങിക്കേട്ടു……. ആ മൺകൂടിലിന്റെ വാതിൽ മലർക്കെ തുറന്നു….. അതാ അവിടെ ബഞ്ചിൽ ആരോ ഒരാൾ ഇരിക്കുന്നു….! വട്ടനച്ഛനാണോ….? അവന്റെ ഉള്ളിലെ ആ ചോദ്യം പക്ഷേ പുറത്തേക്ക് വന്നില്ല.

“കുഞ്ഞാ…..”

ആ രൂപം തന്റെ പേരെടുത്തു വിളിക്കുന്നു….. ഒരു കയ്യിൽ തീപന്തം മറ്റെതിൽ ചങ്ങല….. താൻ സ്വപ്നത്തിൽ കേട്ട ശബ്ദം, കണ്ട രൂപം…… അതേ…… പാറേലപ്പൂപ്പൻ……

അവന്റെ മനസ്സിൽ പെയ്യാൻ കൊതിച്ചു നിന്നിരുന്ന മഴമേഘം പെയ്തിറങ്ങി…… നിലാവിൽ കുളിച്ചു നിന്നിരുന്ന രാത്രിയുടെ മാറിൽ ആയിരം വസന്തങ്ങൾ പൂത്തിറങ്ങി…….. മുറ്റത്തെ അശോകച്ചെടിയുടെ ഇടയിൽ നിന്നും കൂമൻ ഒച്ച വച്ച് പറന്നുയർന്നു…. യക്ഷിപ്പാറയുടെ നെറുകയിലെ പാലമരത്തിൽ ഒരു വെള്ളിവെളിച്ചത്തിന്റെ വളയം ജ്വലിച്ചു നില്ക്കുന്നു….. ബഞ്ചിലിരുന്ന ആ രൂപം തന്റെ കയ്യിലെ എരിയുന്ന തീ പന്തം നിലത്ത് കുത്തി നിർത്തി….. വലത്തെ കൈ നീട്ടി അവനെ അരികിലേക്ക് വിളിച്ചു…… മുറ്റത്ത് കെട്ടിക്കിടന്നിരുന്ന ചെളി വെള്ളത്തിലൂടെ ചങ്ങല ഇഴഞ്ഞു നീങ്ങി….. നിലത്ത് കുത്തിവച്ചിരുന്ന തീപന്തം കൈയ്യിലെടുത്ത് അപ്പൂപ്പൻ ബഞ്ചിൽ നിന്നും എഴുന്നേറ്റ് അവന് പുറം തിരിഞ്ഞു നിന്നു… പിന്നെ തലതിരിച്ച് അവനെ മാടിവിളിച്ചു…. അവന്റെ കാലുകൾ യാന്ത്രികമായി ചലിച്ചുകൊണ്ടേ ഇരുന്നു….. വലതുകാലിന്റെ ഭാരം ക്രമാധീതമായി വർദ്ധിച്ചു വരുന്നു…. തിരിഞ്ഞു നോക്കാതെ പാറേലപ്പൂപ്പൻ തന്റെ യാത്ര തുടർന്നു…….. ചുറ്റിനുമുള്ള പൊന്തക്കാടുകളിൽ ചീവീടുകൾ അലറിക്കരയുന്നു…… പാറേലപ്പൂപ്പൻ തന്റെ ചുവടുകൾക്ക് വേഗം കൂട്ടി…. പിന്നാലെ അവനും….

മൺറോഡിലേക്ക് അവർ നടന്നു കയറി….

അവന്റെ കണ്ണുകൾ കാളവണ്ടി ചക്രങ്ങൾ തീർത്ത സമാന്തരപാതകളിൽ പതിച്ചു…. അവയിൽ ചെളി വെള്ളം കെട്ടിക്കിടന്നിരുന്നു….. അവർ ആ പാത പിൻതുടർന്നു…. ഒരിക്കലെങ്കിലും ഇവ കൂട്ടിമുട്ടുമോ….? ചെളിയിൽ അവന്റെ കാലുകൾ വഴുക്കുന്നുണ്ടായിരുന്നു……. എങ്കിലും പരമാവധി വേഗത്തിൽ അവൻ പിൻതുടർന്നു കൊണ്ടേ ഇരുന്നു… അവന്റെ മനസ്സിൽ ഒരു തരം നിർവികാരത തളം കെട്ടി നിന്നിരുന്നു…… ഭയം എങ്ങോ ഓടി ഒളിച്ചിരിക്കുന്നു….. മനസ്സിൽ കറുപ്പുമാത്രം തളംകെട്ടിക്കിടക്കുന്നു….. യക്ഷിപ്പാറയുടെ വലിപ്പം വർദ്ധിച്ചുകൊണ്ടിരിക്കുന്നു…. പാലപ്പൂവിന്റെ ഗന്ധം തീഷ്ണമായി അന്തരീക്ഷത്തിൽ നിറഞ്ഞു….. ആലിൻ കൊമ്പിലെ നരിച്ചീറുകൾ അലറിക്കരയുന്നുണ്ടായിരുന്നു…. അവയുടെ കോബല്ലുകളിൽ നിന്നും രക്തം പൊടിയുന്നുണ്ടായിരുന്നു……

അവൻ പുറകിലേക്ക് തിരിഞ്ഞു നോക്കി….. ദൂരെ തന്റെ കുടിൽ നേരിയ പുകയാൽ മറയ്ക്കപ്പെട്ടിരിക്കുന്നു…..

ഒരു നിമിഷം അമ്മയുടെ രൂപം മനസ്സിൽ തെളിഞ്ഞു…… ആ കവിൾ തടത്തിലുടെ കണ്ണുനീർ ഒലിച്ചിങ്ങുന്നുണ്ടായിരുന്നു…. ആ ചുണ്ടുകൾ കുഞ്ഞാ……… കുഞ്ഞാ……… എന്നു മന്ത്രിക്കുന്നുണ്ടായിരുന്നു….. അവന്റെ കാലുകൾ ഇടറി…… നടത്തത്തിന്റെ വേഗത കുറഞ്ഞു…… പാറേലപ്പൂപ്പന്റെ വേഗതയ്ക്കൊപ്പം അവനെത്താൻ കഴിയാതെയായി… പാറേലപ്പൂപ്പൻ യക്ഷിപ്പാറയുടെ നെറുകയിലെങ്ങോ മറഞ്ഞു…… വട്ടനച്ഛന്റെ നിലവിളി അവന്റെ കാതിൽ മുഴങ്ങി കൊണ്ടേ ഇരുന്നു….. അസഹ്യമായ ആ നിലവിളി അവന്റെ ചങ്കുതുളച്ചു കടന്നുപോയി…. രണ്ടു കൈകൾ കൊണ്ടും അവൻ തന്റെ കാതുകൾ പൊത്തിപ്പിടിച്ചു…… പാലമരത്തിന്റെ ചില്ലകൾക്കിടയിൽ നിന്നും ചന്ദ്രൻ പുറത്തേക്കു വന്നു…… ഒരു കാഴ്ചക്കാരനായി നിലകൊണ്ടു…….

ഏതോ കൂർത്ത മുൾച്ചെടിയിൽ അവന്റെ കാലിലെ ചങ്ങല ഉടക്കി വലിഞ്ഞു….. അവയുടെ കണ്ണികൾ അവന്റെ മാംസത്തിലേക്ക് ആഴ്ന്നിറങ്ങി……. അവനു പുറകിൽ അമ്മയുടെ പിൻവിളി ഉയർന്നുയർന്നു വന്നു…… അതിന്റെ പ്രതിധ്വനി യക്ഷിപ്പാറയുടെ മാറിൽ തട്ടി പടർന്നു കയറി…… ഒടുവിൽ നേർത്തു നേർത്ത് കാറ്റിലലിഞ്ഞ് ഇല്ലാതെയായി……….

അമ്മയുടെ രൂപത്തെ ഏതോ പുകമറയാൽ മൂടപ്പെട്ടു…… കുഞ്ഞിലക്ഷ്മി അവളും പുകമറയ്ക്കുള്ളിലേക്ക് നടന്നു കയറി…… ആ പുകച്ചുരുളുകൾക്കുള്ളിൽ വികലമായ രൂപങ്ങൾ ഉടലെടുത്തു, അവയ്ക്ക് കൈയ്യും, കാലുകളും മുളച്ചു, അവന്റെ ചുറ്റിനും ഉറഞ്ഞുതുള്ളി……

“ഹീയോയ്………”

ഊരാളിയപ്പൂപ്പന്റെ ആർപ്പുവിളി യക്ഷിപ്പാറയുടെ മലയിടുക്കുകളെ പ്രകമ്പനം കൊള്ളിച്ചു…… ശൂലത്തിൽ തൂങ്ങിയാടിയ ഓട്ടുമണികൾ കലപില ശബ്ദത്തിൽ പൊട്ടിച്ചിരിച്ചു…… ചാരായത്തിന്റെ രൂക്ഷഗന്ധം അവന്റെ നാസികകളെ തഴുകി…….

തൂശനിലയിൽ വിത്തും, കരിക്കും, കമുകിൻ പൂക്കുലയും…..

വെറ്റിലയും, ഒറ്റ രൂപാതുട്ടും, അടക്കയും……

ചുവന്ന പട്ടും, കറുത്ത പൂങ്കോഴിയും……..

അവന്റെ ഉള്ളിൽ വിഹ്വലതയുടെ അസംഖ്യം ബിംബങ്ങളായി പരിണമിച്ചു…….

അവൻ യക്ഷിപ്പാറയുടെ നെറുകയിലേക്ക് ഓടിക്കയറി…. അവന്റെ കാലിലെ ചങ്ങല പാറക്കൂട്ടങ്ങളിൽ തട്ടി തീപ്പൊരി ചിന്നി….. അതിന്റെ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി……..

പാലച്ചുവട്ടിലെ പ്രതിഷ്ഠക്കു മുന്നിലെ കൽവിളക്ക് ആളിക്കത്തി നില്ക്കുന്നു…… മഴയ്ക്കു പോലും അതിനെ അണയ്ക്കാൻ കഴിഞ്ഞിരുന്നില്ല….. അവനാ വിളക്കിന്റെ മുന്നിൽ മുട്ടുകുത്തി നിന്നു….. ഒരു തണുത്തകാറ്റ് അവനെ തഴുകി കടന്നു പോയി….. ഒരു വലിയ ഇരുമ്പുചങ്ങല അവന്റെ ശരീരത്തിലേക്ക് പതിച്ചു…… അത് തീർത്ത മുറിവുകളിൽ നിന്നും രക്തം ഒലിച്ചിറങ്ങി…… അവൻ അലറിക്കരയാൻ ശ്രമിച്ചെങ്കിലും ശബ്ദം തൊണ്ടയിൽ തന്നെ കുരുങ്ങിക്കിടന്നു….. മുറിവുകളിലൂടെ ചെള്ളുകൾ ഇഴഞ്ഞു നടക്കാൻ തുടങ്ങി…… നരിച്ചീറുകൾ പറന്നെതി രക്തം നക്കിത്തുടച്ചു…. അവയുടെ കോമ്പല്ലുകൾ ശരീരത്തിലേക്ക് തുളഞ്ഞു കയറി…… അവന്റെ മുന്നിലെ പാലമരത്തിൽ വലിയ ചങ്ങല കൊണ്ട് ബന്ധിക്കപ്പെട്ടിരുന്ന വട്ടനച്ഛൻ അവനെ നോക്കി പുഞ്ചിരിച്ചു……

“കുഞ്ഞാ…..”

അച്ഛൻ ആദ്യമായി വാത്സല്യത്തിന്റെ പരകോടിയിൽ എത്തപ്പെട്ടു…… ആ വിളിക്ക് അത്രമാത്രം മാധുര്യമുണ്ടായിരുന്നു…… അപ്പോഴും അച്ഛന്റെ ചങ്ങല തീർത്ത വടുക്കളിൽ ചലം മുറ്റി നിന്നിരുന്നു…. ഊരാളിയപ്പൂപ്പൻ അവർക്കു ചുറ്റിനും ഉറഞ്ഞു തുള്ളി….. ആ കാലുകളുടെ വേഗത അവനെ അതിശയിപ്പിച്ചൂ…..

ഉരാളിയപ്പൂപ്പൻ അവന്റെ നെറ്റിത്തടത്തിൽ ചുംബിച്ചു…… അപ്പൂപ്പന്റെ കൂർത്ത പല്ലുകൾ വെട്ടിത്തിളങ്ങുന്നത് അവൻ കണ്ടു…….. പിന്നീട് അവ അവന്റെ കഴുത്തിലേക്ക് ആഴ്ന്നിറങ്ങി…… അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി…… നാവു പുറത്തക്ക് തള്ളി…… ശ്വാസം കിട്ടാതെ കൈ കാലിട്ടടിച്ചു……

തന്റെ മൺകുടിലിന്റെ മുറ്റത്തെ ഒഴിഞ്ഞ ബഞ്ച് അവന്റെ ഉള്ളിൽ തെളിഞ്ഞു വന്നു…… അതിൽ നിന്നും അപ്പോഴും മഴത്തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു…… ആൽമരത്തിന്റെ സമീപത്തുള്ള പാറയിടുക്കുകളിൽ നിന്നും കറുത്ത ചെള്ളുകൾ പറന്നുയർന്നു….. അവ ചന്ദ്രനെ അന്ധകാരത്തിലേക്ക് വലിച്ചിഴച്ചു….. നരിച്ചീറുകൾ ആകാശത്തിന്റെ അനന്തതയിലേക്ക് പറന്നു മറഞ്ഞു……….

അപ്പോഴും അവന്റെ മൺകുടിലിനുള്ളിൽ അമ്മ നിദ്രയുടെ ആഴങ്ങളിലേക്ക് ഊളിയിട്ട് താഴ്ന്നിറങ്ങുകയായിരുന്നു…….. ഒന്നും അറിയാതെ……

ഉറഞ്ഞു തുള്ളിക്കൊണ്ടിരുന്നു ഭൈരവിക്കോലത്തിന്റെ മുഖത്തെഴുത്ത് മഴ വെള്ളത്താൽ വിക്രിതമാക്കപ്പെട്ടു……..ഭൈരവിക്കോലം ആസുരതാളത്തിന്റെ പരകോടിയിൽ നിന്നും ശമനതാളത്തിലേക്ക് കൊട്ടിയിറങ്ങി……. തളർന്നു മയങ്ങി…….

മൺകുടിലിനു മുന്നിലെ ബഞ്ചും, തുരുമ്പിച്ചു തുടങ്ങിയ ചങ്ങലയും ഏകാന്തതയെ പുണർന്ന് അവനെ കാത്തിരുന്നു…… വട്ടൻ കുഞ്ഞന്റെ മലയിറക്കവും പ്രതീക്ഷിച്ച്.