All together – 1


ഇത് ഒരു ക്രൈം ത്രില്ലെർ ആണ്, പക്ഷെ ത്രില്ല് ഉണ്ടായിരുന്നോ ഇല്ലയോ എന്നെല്ലാം വായിച്ചിട്ടു നിങ്ങളാണ് പറയേണ്ടത്. ഭാഗങ്ങളാക്കി നിങ്ങൾക്ക് മുൻപിൽ എത്തിക്കാൻ ശ്രമികുന്ന ഈ കഥയുടെ ആദ്യ ഭാഗമാണ് ‘ ഒരുക്കൂട്ട് ‘. വായിച്ചു കഴിഞ്ഞ് അഭിപ്രായം തീർച്ചയായും പറയണം, അത് മോശം അഭിപ്രായം ആണെങ്കിലും പറയാൻ മടിക്കരുത്. നിങ്ങളുടെ സ്വന്തം – അണലി.

*————-*————*

ഘടികാരത്തിൽ 10 മണി ആയെന്നു കണ്ടപ്പോൾ ഞാൻ കണ്ണടകൾ ഊരി ബെഡിന് സൈഡിൽ കിടന്ന ടേബിളിൽ വെച്ച്, കൈയിൽ ഇരുന്ന പോക്കറ്റ് ലാപ്ടോപ് അടച്ചു നീക്കി വെച്ച് ബെഡിൽ കിടന്നു. പ്ലീസ് ടേൺ ഓഫ്‌ തി ലൈറ്സ് എന്ന് പറഞ്ഞപ്പോൾ റൂമിലെ ലൈറ്റ്റുകൾ എല്ലാം ഓഫ്‌ ആയി. എന്റെ അടുത്ത് കിടന്നു ഉറങ്ങുന്ന സഹധര്‍മ്മിണിയെ നോക്കി മെല്ലെ കണ്ണുകൾ മൂഡി. 32 വർഷം നീണ്ട് നിന്ന ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ഇന്ന് പടി ഇറങ്ങിയതിന്റെ നിർവൃതി എന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു.

ഐ. ജി തൃലോക് തമ്പാന്റെ വിടവാങ്ങൽ സഹപ്രവർത്തകർ നല്ല രീതിയിൽ തന്നെ നടത്തി. മടുത്ത് വീട്ടിൽ വന്ന് കേറിയപ്പോൾ മക്കളുടെയും ബന്ധുക്കളുടെയും വക കേക്ക് മുറിക്കലും പാർട്ടിയും എല്ലാം. മനസ്സ് കുതിക്കുമ്പോൾ ശരീരം കിതക്കും, അതാണ്‌ പ്രായം. നല്ല പോലെ തളർന്നു ആണ് വന്ന് കിടന്നത് എങ്കിലും ഉറക്കം തിരിഞ്ഞു നോക്കുന്നില്ല.

ഓർമ്മയിൽ കഴിഞ്ഞ 32 വർഷങ്ങൾ ഒരു മിന്നായം പോലെ തെളിഞ്ഞു വന്നു. ആനന്ദവും, വിഷാദവും, ഉല്‍ക്കണ്ഠയും, നിഗൂഢതകളും എല്ലാം നിറഞ്ഞ 32 വർഷങ്ങൾ. ഓർമ്മ വെച്ച നാൾ മുതലുള്ള ആഗ്രഹമായിരുന്നു പോലീസ് കുപ്പായം, അത് കൊണ്ട് തന്നെ ആണ് സിവിൽ സർവീസ് എക്സാമിന് നാലാം റാങ്ക് ഉണ്ടായിരിന്നിട്ടും വീട്ടുകാരുടെ ഐ.എ.സ് എന്ന നിർബന്ധം അവഗണിച്ചു ഐ.പി.സ് തിരഞ്ഞു എടുത്തത്. ആ തീരുമാനം ശെരിയായിരുന്നു എന്ന് കാലം തെളിയിച്ചു. ഇന്ന് ഐ. ജി ഓഫീസിൽ നിന്ന്‌ കസേര കൈമാറി ഇറങ്ങുമ്പോൾ മനസ്സിൽ നല്ല അഭിമാനം തോന്നി, ഇന്ത്യയിലെ തന്നെ ഏറ്റവും പേരു കേട്ട ഒരു ക്രൈം ഇൻവെസ്റ്റിഗെഷൻ ഓഫീസർ ആയി ആണ് വിരമ്മിക്കുന്നത്.

എന്റെ ഓർമ്മയുടെ താളുകളിൽ എവിടെയോ നല്ലരി എന്ന ഗ്രാമവും ഓടി വന്നു, അസ്ഥിയിൽ ഒരു കുളിർ അനുഭവപ്പെട്ടത് ഞാൻ അറിഞ്ഞു. എന്നെ ഞാൻ ആക്കി മാറ്റിയ ഒരു കേസ് ആയിരുന്നു നല്ലരി, ഇത്ര ഏറെ വൈഷമ്യമായ ഒരു കേസ് പിന്നീട് ഒരിക്കലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. നല്ലരി എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടി എത്തുന്നത് ആ കാലത്ത് ഞാൻ അനുഭവിച്ച അശാന്തിയും ഏറ്റുവാങ്ങിയ നഷ്ടങ്ങളും ആണ്.

നല്ലരി, കേരളത്തിനും തമ്മിഴ്നാടിനും ഇടയിൽ സ്ഥിതി ചെയുന്ന തോട്ടം തൊഴിലാളികൾ തിങ്ങി പാർക്കുന്ന ഒരു കൊച്ച് ഗ്രാമം. എപ്പോഴും മാരി മാനത്തു തങ്ങി നിൽക്കുന്ന, തേയില ചെടികൾ കരിമ്പടം പടർത്തിയ, വനത്തെ പരിരംഭണം ചെയ്ത് കിടക്കുന്ന അവളുടെ പേര് മറ്റ് പലരെയും പോലെ ഞാനും ആദ്യം കേൾക്കുന്നത് 2025 ഒക്ടോബർ 4ന് വാർത്താ ചാനലുകളിൽ നിന്നും ആണ്. യുവത്വത്തിന്റെ കലിപ്പും കഴപ്പും എന്റെ പ്രവർത്തികളെ നിയന്ത്രിച്ചിരുന്ന കാലം.

ഞാൻ അന്ന് ക്രൈം ബ്രാഞ്ചിൽ അസിസ്റ്റന്റ് സുപ്രീംൻഡന്റ് ഓഫ് പോലീസ്, അതായതു എ.സ്.പി യായി ജോലി ചെയുന്ന കാലം. ക്രൈം ബ്രാഞ്ചിൽ വന്ന് ആദ്യം ലഭിച്ച കേസ് കായംകുളത്തു ബേക്കറി നടത്തി വന്നിരുന്ന ഒരു യുവാവിന്റെ ദുരൂഹ മരണം ആയിരുന്നു. കേരളാ പോലീസ് 2 മാസം അന്വഷണം നടത്തിയിട്ടും ഒരു തുമ്പ് പോലും കിട്ടാത്ത കേസ് അവസാനം നാട്ടുകാരുടെ പോരാട്ടത്തെ തുടർന്ന് ക്രൈം ബ്രാഞ്ചിന് കൈ മാറി.

ഞാൻ നേതൃത്വം കൊടുത്ത ടീം ആ ക്രൂരകൃത്യം ചെയ്ത പ്രതികളെ മൂന്ന് ദിവസങ്ങൾ കൊണ്ട് വെളിച്ചത്തു കൊണ്ടുവന്നു, അയാളുടെ ജീവൻ കവര്‍ന്നെടുതത്തു സ്വന്തം ഭാര്യയും അവളുടെ കാമുകനും ആയിരുന്നു. ചെറു പ്രായത്തിൽ തന്നെ ഇങ്ങനെ ഒരു കേസ് തെളിയിച്ച എനിക്ക് അന്ന് ഡിപ്പാർട്മെന്റിൽ നല്ല ഒരു പേരും, വളരെ അധികം അഭിനന്ദനങ്ങളും ലഭിച്ചു.

എന്റെ ഫോണിൽ വർഷയുടെ കോൾ വന്നത് പ്രഭാതഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ്. എന്റെ കൂടെ ട്രെയിനിങ് ക്യാമ്പിൽ വർഷയും ഉണ്ടായിരുന്നു. ക്യാമ്പിൽ വെച്ച് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു, അതിന് ശേഷം പിന്നെ കോൺടാക്ട് ഇല്ലാതെ ആയി. ഇത്രയും നാളുകൾക്കു ശേഷം ഇങ്ങനെ ഒരു ഫോൺ കാൾ എന്തിനായിരിക്കും, അവൾ ഇടുക്കിയിൽ എ. സ്. പി ആയി അധികാരം ഏറ്റത്തു മാത്രമാണ് അവസാനമായി കിട്ടിയ അറിവ്. ഞാൻ ഫോൺ എടുത്ത് ‘ഹലോ’ പറഞ്ഞു. ‘തൃലോക് അല്ലേ’ എന്ന് അവൾ തിടുക്കത്തിൽ ചോദിച്ചു. ‘അതേല്ലോ പറഞ്ഞോ വർഷ’, ഞാൻ മറുപടി നൽകി. ‘നീ ഇപ്പോൾ ട്രിവാൻഡ്രത്ത് അല്ലേ, ഒന്ന് ന്യൂസ്‌ ഓണാക്കി നോക്ക്’. ഞാൻ എനിക്ക് സാമ്പാർ വിളമ്പി തന്നുകൊണ്ടിരുന്ന അമ്മയോട് ന്യൂസ്‌ ഓൺ ആകാൻ പറഞ്ഞു. അമ്മ ടീവി ഓൺ ആക്കി ഒരു ന്യൂസ്‌ ചാനൽ വെച്ചു. നല്ലരി എന്ന ഒരു ഗ്രാമത്തിൽ നടന്ന ഒരു കൊലപാതകം ആണ് ചർച്ചാ വിഷയം, ഒരു മധ്യവയസ്ക്ക അതിദാരുണമായി സ്വഭവനത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു, പോലീസുകാർ അവിടെ ചെന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചെന്നും അറിഞ്ഞു.

‘ഞാൻ വാർത്ത കണ്ടു വർഷ, നിന്റെ സ്റ്റേഷൻ പരുതിയിൽ ആണോ ഈ സ്ഥലം’. ‘അല്ലാ ഇത് പൈനാവ് സ്റ്റേഷൻ പരുതിയിൽ വരുന്ന സ്ഥലം ആണ്, പക്ഷെ ഞാനും പോയിരുന്നു അവിടെ’. ‘എന്നിട്ട്‌ നിനക്ക് എന്ത് തോന്നി മോഷ്ണ ശ്രമം ആണോ’ , ഞാൻ ആകാംഷയോടെ ചോദിച്ചു. ‘ഇത്ര ക്രൂരമായി ഒരു കൊലപാതകം ഞാൻ ഇതിനു മുൻപ്പു കണ്ടിട്ടേ ഇല്ലാ, ആ വീടിന്റെ ചുമരിൽ മുഴുവൻ രക്തം തെറിച്ചു കിടക്കുന്നു, ഇരുപതിൽ ഏറെ ആഴത്തിൽ ഉള്ള മുറിവുകൾ ഞങ്ങൾ എണ്ണി, മരിച്ചു കഴിഞ്ഞും ആ സ്ത്രീയുടെ കഴുത്ത് അറത്തു മാറ്റിയിരിക്കുന്നു, മോഷ്‌ടിക്കാൻ വരുന്ന ഒരാൾ ഇങ്ങനെ എല്ലാം ചേയുമോ’.

‘ഇല്ലാ, മോഷ്‌ടിക്കാൻ വരുന്ന ഒരാൾ കൊലപാതകം ചെയ്‌തെങ്കിൽ എത്രയും പെട്ടന്ന് അവിടെ നിന്നും രക്ഷപെടുക ആയിരിക്കും ചെയ്യുക’. അമ്മ എന്നെ തോണ്ടി എന്താ കാര്യം എന്ന് കൈ കാണിച്ചു ചോദിക്കുന്നുണ്ടായിരുന്നു. ‘നിന്റെ നിഗമനം അറിയാൻ ആണ് ഞാൻ വിളിച്ചത്, നിനക്ക് തെറ്റ് പറ്റാറില്ല എന്ന് എനിക്കറിയാം’, അവൾ അത് പറഞ്ഞപ്പോൾ എനിക്ക് നല്ല അഭിമാനം തോന്നി.

‘ആദ്യം ഫോറെന്സിക്ക്‌ റിപ്പോർട്ട്‌ വരട്ടെ, റേപ്പ് ചേയ്യപെട്ടിട്ടുണ്ടോ എന്ന് നോക്ക്, അത് ഇല്ലേൽ ആ സ്ത്രീയോട് പക ഉള്ളവരുടെ എല്ലാം ഡീടൈയിൽസ് എടുത്ത് അവരെ ചോദ്യം ചെയ്യാൻ തുടങ്ങിക്കോ’. ‘ഞാൻ എന്തേലും വിവരം കിട്ടിയാൽ നിന്നെ അറിയിക്കാം’, അവൾ അതും പറഞ്ഞ് കട്ട്‌ ചെയ്തു. പറ്റുമെങ്കിൽ ആ ക്രൈം സീനിൽ നിന്നും എടുത്ത ഫോട്ടോകൾ എനിക്ക് ഒന്ന് അയക്കാൻ പറഞ്ഞ് ഞാൻ ഒരു മെസ്സേജ് അയച്ചു.

എന്റെ മെസ്സേജ് അവൾ കണ്ടില്ല എന്ന് തോനുന്നു, മറുപടി ഒന്നും വന്നില്ല. എന്റെ മനസ്സിൽ നിന്നും ആ ചിന്തയെ മറ്റ് പല ചിന്തകളും വന്ന് മൂടി കളഞ്ഞു.

രണ്ട് ദിനങ്ങൾ കൂടെ കടന്നു പോയി, കുട്ടികളിൽ കണ്ട് വരുന്ന ആക്രമണ ചിന്താഗതി എന്ന വിഷയത്തിൽ ഞാൻ പോലീസുകാർക്ക് ഒരു സെമിനാർ എടുത്ത് തിരിച്ചു ഇറങ്ങുമ്പോൾ ആണ് എന്റെ ഫോണിൽ വന്ന് കിടന്ന 27 മിസ്സ്ഡ് കാൾ ഞാൻ കണ്ടത്. അതിൽ അമ്മയുടെയും, വർഷയുടെയും, അനുപമയുടെയും പിന്നെ കുറേ പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും എല്ലാം കാൾസ് ഉണ്ടായിരുന്നു. എ.ഡി.ജി.പി ദേവൻ സാർ എന്ന പേര് കണ്ടപ്പോൾ ഞാൻ പെട്ടന്ന് തന്നെ തിരിച്ച് വിളിച്ചു. ‘ തൃലോക്, താൻ അറിഞ്ഞോ നല്ലരി എന്ന സ്ഥലത്ത് വീണ്ടും ഒരു ഹോമിസൈഡ് കൂടെ നടന്നു ഒരു സ്കൂൾ കുട്ടി ആണ് ഈ തവണ ഇര ആയത്, ഈ കേസുകൾ തമ്മിൽ ബന്ധം ഉണ്ടെന്ന് പറഞ്ഞ് ഇപ്പോൾ തന്നെ ധാരാളം ആളുകൾ മാധ്യമങ്ങളിലൂടെ എല്ലാം ക്രൈം ബ്രാഞ്ച് അന്വഷണം ആവിശ്യ പെടുന്നുണ്ട്’ .

‘ ഞാൻ എന്താ ചെയ്യണ്ടേ എന്ന് പറഞ്ഞോ സാർ’ , അതല്ലാതെ ഞാൻ എന്ത് പറയാൻ ക്രൈം ബ്രാഞ്ചിന്റെ പരമോന്നതനായ ദേവൻ സാറിനോട്. ‘താൻ ഈ കേസ് ഏറ്റെടുക്കണം , നാളെ ഒഫീഷ്യൽ ആയി തനിക്കു കേരളാ പോലീസ് കേസ് കൈ മാറും, ഒരു ടീമും നാളെ തന്നെ തൃലോകിനെ ജോയിൻ ചേയ്യും’. ‘ഓക്കേ സാർ’ എന്ന് മാത്രം ആണ് ഞാൻ പറഞ്ഞത്. ‘ഏതേലും ആളുകളെ ടീമിൽ ചേർക്കണം എന്ന് താൻ പ്രത്യേകം ആഗ്രഹിക്കുന്നുണ്ടേൽ പറഞ്ഞോ’ എന്ന് കൂടി സാർ പറഞ്ഞു. ‘എന്റെ കൂടെ കായംകുളം കേസ് അന്വേഷിച്ച ടീമിൽ ഉണ്ടായിരുന്ന ക്രൈം ബ്രാഞ്ച് സി. ഐ എൽസണെ ടീമിൽ ചേർക്കണം സാർ ‘ എന്ന് ഞാൻ പറഞ്ഞു. സാർ അതിന് അനുമതി തന്നു. ഞാൻ എന്റെ വാഹനത്തിന്റെ അടുത്തേക്ക് ചെന്നപ്പോൾ സാരഥി ചെറിയാൻ ചേട്ടൻ വണ്ടിയിൽ നിന്ന് ഇറങ്ങി സല്യൂട്ട് തന്നു. ‘ഇന്ന് നമ്മുക്ക് നല്ലരി വരെ പോണം’ എന്ന് ഞാൻ പുള്ളിയോട് പറഞ്ഞു. ‘ആ കേസ് സാറിനു ആണോ’ ‘അതേ നാളെ ഒഫീഷ്യൽ ആയി കേസ് നമ്മുക്ക് കിട്ടും’ ഞാൻ അയാളോട് പറഞ്ഞു. ‘തല വേദന കേസ് ആണെന്ന് തോനുന്നു സാറേ, ഇതിൽ നിന്ന് ഒഴിവാകാൻ പറ്റുമെങ്കിൽ നല്ലതാ’. പക്ഷെ എന്റെ ഉള്ളിൽ ഈ കേസ് എനിക്ക് കിട്ടിയതിന്റെ സന്തോഷം ആയിരുന്നു. എന്നെ വീട്ടിൽ കൊണ്ടുപോയി എത്തിച്ചിട്ട് ചെറിയാൻ ചേട്ടൻ വീട്ടിൽ ചെന്ന് അത്യാവശം ഒരു ആഴ്ച്ച നല്ലരിയിൽ നിൽക്കാൻ ആവിശ്യമായ സാധനങ്ങൾ എടുത്ത് എന്നെ വിളിക്കാൻ വരണം. അത് പറഞ്ഞപ്പോൾ ചെറിയാൻ ചേട്ടൻ തലയാട്ടി .

ഞാൻ വണ്ടിയിൽ കേറി ഇരുന്നപ്പോൾ ചെറിയാൻ ചേട്ടൻ ചോദിച്ചു ഇന്ന് തന്നെ പോകണമോ സാറേ, നാളെ രാവിലെ ഇറങ്ങിയാൽ പോരെ. ഞാൻ മറുപടി പറയാതെ ഇരുന്നപ്പോൾ ചെറിയാൻ ചേട്ടനും പിന്നെ ഒന്നും പറഞ്ഞില്ല. ഞാൻ വർഷയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. രണ്ട് ക്രൈം സീനിൽ നിന്നും ഉള്ള ഫോട്ടോസ് അയച്ചിട്ടുണ്ടെന്നും അവൾ പറഞ്ഞു. അവളുടെ കൈയിൽ നിന്ന് തന്നെ നല്ലരി പോലീസ് സ്റ്റേഷന്റെ നമ്പർ വാങ്ങി അവിടെയും ഞാൻ വരുന്ന വിവരം അറിയിച്ചു.

വീട്ടിൽ ചെന്ന് കാര്യങ്ങൾ പറഞ്ഞപ്പോൾ മുതൽ അമ്മയുടെ മുഖത്ത് കടന്നൽ കുത്തിയത് പോലെ ആയി. അച്ഛൻ മരിച്ചതിന്റെ ആണ്ട് പോലും കഴിഞ്ഞിട്ടില്ലാ, അതിന് ഇടക്ക് മകന്റെ അപകടം പിടിച്ച ജോലിയും എല്ലാം അമ്മക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ തുണിയും, മറ്റു സാധനങ്ങളും എല്ലാം ബാഗിൽ ആക്കുന്നതിനു ഇടയിൽ അമ്മയെ എങ്ങനെ എങ്കിലും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അവസാനം സൂക്ഷിക്കണം എനിക്ക് നീ മാത്രമേ ഒള്ളൂ എന്ന് ഓർക്കണം, ഇതും പറഞ്ഞ് അമ്മ മനസ്സ് ഇല്ലാ മനസ്സോടെ എന്നെ യാത്രയാക്കി.

ഞാൻ വണ്ടിയിൽ ഇരുന്ന് തന്നെ വർഷ അയച്ച ഫോട്ടോസ് എടുത്തു നോക്കി. അടുക്കളയിൽ ആയിരുന്നു ആദ്യത്തെ മദ്യവയസ്ക്ക മരിച്ചു കിടന്നത്, അവരുടെ തല അൽപ്പം മാറി കതകിനു അടുത്ത് കിടക്കുന്നു. വർഷ പറഞ്ഞത് സത്യം ആണെന്ന് എനിക്ക് മനസ്സിലായി, അതി ക്രൂരമായ ഒരു കൊലപാതകം. കതകു തകർത്തു അല്ല ആക്രമി വീട്ടിൽ കേറിയത്‌ എന്ന് ഫോട്ടോയിൽ നിന്ന് തുറന്നു കിടന്ന കതക് വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ ഇര ഒരു പെൺകുട്ടി ആയിരുന്നു, അവളുടെ ശരീരം ലഭിച്ചത് ഗവണ്മെന്റ് സ്കൂളിനോട് ചേർന്നു കിടന്ന പറമ്പിൽ നിന്നും ആണ്.

ആ കൊച്ച് കുട്ടിയുടെ ദേഹത്തും എണ്ണി തീർക്കാൻ പറ്റാത്ത അത്രയും മുറിവുകൾ ഉണ്ടായിരുന്നു. രണ്ടാമത്തെ ക്രൈം സീനിൽ നിന്നുള്ള ഫോട്ടോസ് ഒന്നുടെ സൂം ചെയ്ത് നോക്കിയപ്പോൾ ആ പെൺകുട്ടിയുടെ കഴുത്തിൽ ആക്രമി ആഴത്തിൽ കടിച്ച് പറിച്ചിട്ടുണ്ടെന്നു മനസ്സിലായി, എന്റെ ശരീരം ഒന്ന് വിറച്ചു എന്ന് പറയുന്നത് ആണ് വാസ്തവം. ഞാൻ അപ്പോൾ തന്നെ വർഷയെ വിളിച്ച് ഈ കാര്യം തിരക്കി. അവൾ അത് അവർ കണ്ടെന്നും, ഫോറെൻസിക്ക് വന്ന് അവിടെ നിന്നും ഉമ്മിനീരിന്റെ ട്രേസ് കിട്ടുമോ എന്ന് അറിയാൻ സാമ്പിൾ എടുത്തു എന്നും അറിയിച്ചു.

പല്ലുകളുടെ പാട് വെച്ച് ജോ മാർക്ക്‌ ട്രേസ് ചേയണമെന്നും ഞാൻ അവളോട്‌ പറഞ്ഞു. ഫിംഗർ പ്രിന്റ് പോലെ തന്നെ ഓരോരുത്തർക്കും ജോ മാർക്കും വ്യത്യസ്തം ആയിരിക്കും. കുറച്ചു ദൂരം കാറിന്റെ ജനാലയിലൂടെ എല്ലാം വീക്ശിച്ചു ഇരുന്ന ഞാൻ കാറിൽ കിടന്ന് കുറേ നേരം മയങ്ങി പോയി. സാറേ ഒരു ചായ കുടിച്ചാലോ, തങ്കമണി ആയി ഇവിടം കഴിഞ്ഞാൽ പിന്നെ കട ഒന്നും കാണാൻ സാധ്യത ഇല്ലാ എന്ന് ചെറിയാൻ ചേട്ടൻ പറഞ്ഞു .

ഞങ്ങൾ ഇറങ്ങി ഓരോ ബൂസ്റ്റും ദോശയും കഴിച്ചു. എവിടെ എത്തി എന്ന് ചോദിച്ച് നല്ലരി പോലീസ് സ്റ്റേഷനിൽ നിന്ന് വിളി വന്നു. നല്ലരി കേസ് അന്വഷണവുമായി വന്നതാണോ എന്ന് ചായകടക്കാരനും ചോദിച്ചു. അതെ എന്ന് ഉത്തരം നൽകി ഞങ്ങൾ വണ്ടിയിൽ തിരിച്ചു കയറി. കാണുന്നവരോട് എല്ലാം കേസ് അന്വേഷിക്കാൻ വന്നത് ആണെന്ന് പറയണോ സാറേ എന്ന് ചെറിയാൻ ചേട്ടൻ ചോദിച്ചു, വേണം എന്ക്കിലെ അവർക്കു ഈ കേസിനെ കുറിച്ച് എന്തേലും അറിയാമെങ്കിൽ പറയുകയുള്ളു എന്ന് ഞാൻ മറുപടി നൽകി. മദ്ധ്യരാത്രം ആയപ്പോൾ ആണ് ഞങ്ങൾ നല്ലരിയുടെ അടുത്തുള്ള ഒരു ചെറിയ ടൗണിൽ എത്തിയത്, അതിന്റെ പേര് ആമകുളം എന്നായിരുന്നു .

ആ ചെറിയ ടൗണിൽ കൈയിൽ എണ്ണാവുന്ന അത്രയും കടകൾ മാത്രമേ ഉണ്ടായിരുന്നുള്ളു, അതിൽ ഒന്ന് ഒരു ഹോട്ടൽ ആയിരുന്നു. ഹോട്ടൽ മദാലിസ, അവിടുത്തെ ഒരു ഡ്യൂലക്സ് റൂമിൽ ആയിരുന്നു എനിക്കുള്ള സഹവാസ അനുമതി. അവിടെ ഞങ്ങളെ കൊണ്ടുപോയി ചേർത്തത് നല്ലരി പോലീസ് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ അർഷാദ് ആണ്. സാർ റസ്റ്റ്‌ എടുത്തോ, നാളെ നമ്മുക്ക് ക്രൈം സീൻ പോയി കാണാം. വിക്ടിംസിന്റെ ബോഡി ഇപ്പോൾ എവിടെയാണ്? ഞാൻ ചോദിച്ചു. സാർ, ഫസ്റ്റ് വിക്ടിമിന്റെ ബോഡി തൃശൂർ മെഡിക്കൽ കോളേജിൽ വിദഗ്‌ദ്ധ പരിശോധനക്കായി അയച്ചു.

രണ്ടാമത്തെ ബോഡി ഇപ്പോൾ കട്ടപ്പന ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഉണ്ട്, അയാൾ പറഞ്ഞ് പൂര്‍ത്തിയാക്കി. നമുക്ക് രണ്ടാമത്തെ വിക്ടിമിന്റെ ബോഡി പോയി കണ്ടാലോ? ഞാൻ ചോദിച്ചു. ഇപ്പോൾ വേണമോ സാർ, നാളെ രാവിലെ ബോഡി തൃശ്ശൂരിന് കൊടുത്ത് വിടുന്നതിനു മുൻപ്പ് പോയി കണ്ടാൽ പോരെ. പോര, ഇപ്പോൾ പോയി നമ്മുക്ക് ഒന്ന് കാണാൻ പറ്റുമോ എന്ന് അർഷാദ് നോക്കു. ഞാൻ പോസ്റ്റ്‌ മോർട്ടം നടത്തുന്ന ഡോക്ടറിനെ ഒന്നു വിളിച്ചു നോക്കാം സാർ. താങ്ക്സ് മിസ്റ്റർ അർഷാദ്. അയാൾ അവിടെ നിന്നു തന്നെ ഡോക്ടറെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ചെന്നാൽ കാണാം എന്ന് പറഞ്ഞു സാറെ. ഞങ്ങൾ മൂന്ന് പേരും അവിടെ എന്റെ വാഹനത്തിൽ ചെന്നു.

ഇന്നത്തെ പോലെ എല്ലായിടത്തും എലെക്ട്രിക്കൽ കാർ ഒന്നുമില്ല, അന്ന് പെട്രോളിയം പോലുള്ള ഇന്ധനത്തിൽ ഓടുന്ന കാറുകൾ ആയിരുന്നു കൂടുതലും. ഞങ്ങൾ കട്ടപ്പന ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഞങ്ങളെയും കാത്തു പോസ്റ്റ്‌ മോർട്ടം നടത്തിയ ഡോക്ടർ വീണ നിൽപ്പുണ്ടായിരുന്നു. ഒരു മുപ്പതഞ്ചു വയസ്സ് തോന്നികുന്ന കൊഴുത്ത ഒരു സ്ത്രീ ആയിരുന്നു അവർ. ഗുഡ് മോർണിംഗ് ഡോക്ടർ, ഈ സമയത്ത് വിളിച്ചു വരുത്തിയത് ബുദ്ധിമുട്ടായോ. ഹേയ് ഇല്ലാ, ഞാൻ പോസ്റ്റ്‌ മോർട്ടം കഴിഞ്ഞ് തിരിച്ചു വീട്ടിൽ പോവാൻ തുടങ്ങിയപ്പോൾ ആണ് സാറു വിളിച്ചത്. നമ്മുക്ക് ബോഡി പോയി കണ്ടാലോ, ഞാൻ തിരക്കി. ഇതു വഴി സാർ എന്നും പറഞ്ഞു അവർ എനിക്കു മുന്നിൽ അകത്തോട്ടു നടന്നു. മോർച്വറി എന്ന് മുകളിൽ എഴുതി വെച്ചിരുന്ന ഒരു റൂമിൽ ഞങ്ങൾ പ്രിവേശിച്ചു. അവിടെ തീവ്രമായ തണുപ്പും രൂക്ഷമായ ദുര്‍ഗന്ധവും നിറഞ്ഞ് നിന്നിരുന്നു.

ലൈറ്റ് ഇട്ടപ്പോൾ മുറിയുടെ ഇരു സൈഡിലും വലുപ്പം കൂടിയ ഫ്രീസറുകൾ ഉണ്ടായിരുന്നു. അതിൽ 11 എന്ന് നമ്പർ ഉണ്ടായിരുന്ന ഒരു ഫ്രീസർ തുറന്ന് ഒരു ഹാഡ്ലിൽ പിടിച്ചു ഡോക്ടർ വലിച്ചപ്പോൾ വെളുത്ത പോളി സിപ്പ് ബാഗിൽ പൊതിഞ്ഞു വെച്ച ബോഡി പുറത്തേക്ക് തെന്നി വന്നു, അവർ അത് സ്ലൈഡ് ചെയ്ത് റൂമിന്റെ നടുവിലായി കിടന്ന ഒരു മേശയുടെ പുറത്ത് കൊണ്ടുവന്നു വെച്ചു. ആ മേശയുടെ മുകളിലായി ഓജസ്വിയായ ഒരു ലൈറ്റ് പ്രഭ ചൊരിഞ്ഞു. വിക്ടിം 18 വയസുള്ള ഒരു പെൺകുട്ടി ആണ്, മരണം നടന്നത് കഴുത്തു ഒടിഞ്ഞാണ് ട്രെക്കിയ പൊട്ടിയിട്ടുണ്ട്, ആ സിപ്പ് കവർ തുറക്കുന്നതിനു ഇടയിൽ ഡോക്ടർ പറഞ്ഞു. സിപ്പ് കവർ തുറന്നപ്പോൾ രക്തത്തിൽ പൊതിഞ്ഞു ഒരു ചെറിയ പെൺകുട്ടി കിടന്നു, അവളുടെ ശരീരം വിളറി നീല നിറം സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു.

അവളുടെ വയറു തുന്നി കെട്ടി വെച്ചിരിക്കുന്നു, ശരീരത്തിൽ പല ഇടത്തും മാർക്കർ ഉപയോഗിച്ചു ഓരോന്നും മാർക്ക്‌ ചെയ്തിരുന്നു ഈ കാഴ്ച്ച കണ്ടപ്പോൾ തന്നെ അർഷാദ് മൂക്ക് പൊതിഞ്ഞു മോർച്ചറിയിൽ നിന്ന് ഇറങ്ങി. ഈ മാർക്കിങ്സ് എന്തിനാ, ചെറിയാൻ ചേട്ടൻ ചോദിച്ചു. ഈ മാർക്ക്‌ ചെയ്തിരിക്കുന്ന സ്ഥലങ്ങളിൽ എല്ലാം മുറിവുകൾ ഉണ്ട്, അത് വിദഗ്‌ദ്ധ പരിശോധനക്കായി ചെല്ലുമ്പോൾ അവർ ശ്രദ്ധിക്കാൻ ആണെന്ന് ഡോക്ടർ പറഞ്ഞു.

മരണം നടന്നത് രാവിലെ ആയിരിക്കണം ബോഡിയുടെ ഒരു പഴക്കം വെച്ച്, മുറിവുകൾ മരിച്ചു കഴിഞ്ഞ് കത്തി കൊണ്ട് ഉണ്ടാക്കിയതാണ് എന്ന് ഡോക്ടർ പറയുമ്പോൾ ഞാൻ അവിടെ നിന്നും ഡോക്ടർ നൽകിയ കൈ ഉറ എടുത്ത് അണിഞ്ഞു. വർഷ അയച്ചു തന്ന ഫോട്ടോയിൽ നിന്നും ആ ബോഡി കിടന്ന രീതി ഞാൻ ഓർത്തെടുത്തു. ഞാൻ ആ ബോഡിയുടെ ഇടത്തു സൈഡ് എന്റെ കൈ കൊണ്ട് ഞെക്കി നോക്കി. ബോഡി ഏതു സമയത്താണ് ഫ്രീസറിൽ കൊണ്ടുവന്നു വെച്ചത്, ഞാൻ ചോദിച്ചു. സാർ അത് ഒരു അഞ്ചു മണിയോടെ ആണ് എന്ന് ഡോക്ടർ മറുപടി നൽകി. അപ്പോൾ മരണം നടന്നത് രാവിലെ 9നും 10നും ഇടക്ക് ആയിരിക്കണം അല്ലേ. അതെ, അതു തന്നെ ആണ് എനിക്കും തോന്നിയെ എന്ന് ഡോക്ടർ പറഞ്ഞു. സാറിനു അത് എങ്ങനെയാ മനസ്സിലായെ എന്ന് ചെറിയാൻ ചേട്ടൻ ചോദിച്ചു.

ഹൃദയത്തിന്റെ പ്രവർത്തനം നിൽക്കുമ്പോൾ ശരീരത്തിൽ കൂടെ ഉള്ള രക്ത ഓട്ടം നിലക്കും അതിന് ശേഷം രക്തം ഗുരുത്വാകര്‍ഷണം വഴി ഭൂമിയുടെ ഏറ്റവും ചേർന്നു കിടക്കുന്ന ശരീരഭാഗത്തു ചെന്ന് അടിയും, ഈ ബോഡി കിടന്നത് ഇടതു സൈഡ് ഭൂമിയോട് ചേർന്നാണ് അതിനാൽ അവിടെ കെട്ടി കിടക്കുന്ന രക്തത്തിന്റെ അളവ് നോക്കി മരിച്ച സമയം പറയാൻ പറ്റും. ഫ്രീസറിൽ വെക്കുമ്പോൾ ഈ പ്രവണത അവസാനിക്കും എന്നും ഞാൻ കൂട്ടി ചേർത്തു.

ബോഡിയിലെ മുറിവുകൾ ഓരോന്നും ഞങ്ങൾ നോക്കി വിലയിരുത്തി. ഇത് ചെയ്ത ദുഷ്ടനെ എങ്ങനെയെങ്കിലും പിടിക്കണം സാറെ, ഞങ്ങൾ ഇറങ്ങുമ്പോൾ ഡോക്ടർ പറഞ്ഞു. തിരിച്ചു ഹോട്ടലിൽ ചെന്ന് കിടക്കുമ്പോൾ എനിക്കു മൂന്നു കാര്യങ്ങൾ മനസ്സിലായിരുന്നു. ഈ രണ്ട് കൊലപാതകങ്ങളും ചെയ്തത് ഒരേ ആളാണ്. ഇരകൾ മരിച്ചു കഴിഞ്ഞും അവരുടെ ശരീരത്തിൽ മുറിവുകൾ വരുത്തി അത് കണ്ട് സംതൃപതി നേടുന്ന ഒരു സൈക്കോ ആണ് നമ്മൾ തേടുന്ന കുറ്റവാളി. ഒരു കുട്ടിയുടെ കഴുത്ത് അനായാസം ഒടിച്ചു കൊല്ലാൻ മാത്രം ശക്തിയുള്ള ഒരു രക്ത ദാഹി ആണ് ഇതെല്ലാം ചേയുന്നത്. ഈ സൂചനകൾ എല്ലാം വിരൾ ചൂണ്ടുന്നത് ഒരു സീരിയൽ കൊലയാളിയിലേക്ക് ആണോ എന്ന ചോദ്യം എന്നിൽ പുകഞ്ഞു.

7 ഒക്ടോബർ 2025. ഞായർ. ഞാൻ ഉറങ്ങാതെ സൂര്യോദയം നോക്കി കിടന്നു. ആ കാലത്ത് ഓരോ കേസും എനിക്കു ആവേശം ആയിരുന്നു. രാവിലെ 2 വണ്ടി പോലീസിന്റെ അകംപടിയോടെ ഞങ്ങൾ നല്ലരിയിലേക്ക് തിരിച്ചു. രാവിലെ 8 മണിയോടെ ആദ്യത്തെ ക്രൈം നടന്ന വീട്ടിൽ എത്തി. ശക്തമായ മാരിയും മഞ്ഞും അവിടേക്കുള്ള യാത്ര ദുസ്സഹമാക്കിയിരുന്നു. ഞങ്ങൾ അവിടെ ചെന്നപ്പോൾ കുറേ ഏറെ ആളുകൾ അവിടെ ചുറ്റും നിന്നിരുന്നു. ഈ കേസ് കേരളാ പോലീസിൽ നിന്നും ക്രൈം ബ്രാഞ്ചിനു കൈ മാറുന്നതിന്റെ സൂചനയാണോ താങ്കളുടെ ഈ വരവ്, അത് ചോദിച്ച പത്രപ്രവർത്തകനെ പോലീസുകാർ എന്റെ അടുത്ത് നിന്നും പിടിച്ചു മാറ്റി. എനിക്കു കുട ചൂടി കൂടെ നടന്ന ചെറിയാൻ ചേട്ടന്റെ തോളിൽ കൈ ഇട്ട് ഞാൻ ആദ്യത്തെ ക്രൈം നടന്ന വീട്ടിൽ പ്രവേശിച്ചു.

രക്തത്തിന്റെയും, മണ്ണിന്റെയും, ഏതോ ഒരു രാസപദാര്‍ത്ഥത്തിന്റെയും വാസന എന്റെ നാസിക തുളച്ചു കേറി. ഞാൻ ആ രാസപദാര്‍ത്വം ഏതാണ് എന്നു ആലോചിച്ചു നോക്കിയെങ്കിലും മനസ്സിൽ പേര് ഓടി വരുന്നില്ല. ഞാൻ ചുറ്റും കണ്ണുകൾ ചലിപ്പിച്ചു. 800 സ്‌ക്വർ ഫീറ്റ് വരുന്ന ഒരു കോൺക്രീറ്റ് വീട്, ഈ അടുത്ത നാളുകളിൽ എന്നോ വീടിന് പുതിയ പെയിന്റ് അടിച്ചിരിക്കുന്നു. വീടിന്റെ വെളിയിലോട്ടു ഇറങ്ങാൻ 2 വാതിലുകൾ, ഒന്ന് ഹാളിലും രണ്ടാമത്തേത് അടുക്കളയിലും ആണ്. രണ്ട് ഡോറിലെയും കുറ്റി സ്ഥാനത്തു തന്നെ ഉണ്ട്‌, അതുകൊണ്ട് വിക്ടിം ഡോർ തുറന്നു കൊടുത്തിട്ടു തന്നെയാണ് കൊലപാതകി അകത്തു കേറിയത്‌.

ഭർത്താവ് മരിച്ചിട്ട് അനേകം നാളുകൾ ആയിട്ടില്ലാ എന്നത് ഭിത്തിയിൽ കിടന്ന പുതിയ ഫോട്ടോയും, അതിൽ തൂക്കി ഇട്ട വാടി തീർന്ന മുല്ല മാലയും സൂചിപ്പിച്ചു. സാർ വിക്ടിമിനു 56 വയസ്സ് ഉണ്ട്, പേര് മെറിൻ. ഒറ്റക്കു ആയിരുന്നു താമസം, ഭർത്താവ് ബിജോ മൂന്നു മാസം മുൻപാണ് മരിച്ചത് എന്ന് ഒരു സ്.ഐ റാങ്കിൽ ഉള്ള പോലീസുകാരൻ വന്ന് പറഞ്ഞു. ആ പോലീസുകാരന്റെ പേര് ഗിരി എന്നാണെന്നു ഷർട്ടിലെ നെയിം ടാഗിൽ നിന്നും ഞാൻ മനസ്സിലാക്കി. ഇവരുടെ മകളുടെ കല്യാണം കഴിഞ്ഞ് ഉടനെ ആയിരുന്നല്ലേ ബിജോയുടെ മരണം, ഞാൻ ഷെൽഫിൽ ഇരുന്ന ഒരു ആൽബം മറിച്ചു നോക്കുന്നതിന് ഇടയിൽ ചോദിച്ചു. അത് സാറിനോട് ആരു പറഞ്ഞു, അയാൾ ആശ്ചര്യം മറച്ചു വെക്കാതെ ചോദിച്ചു. മകളുടെ കല്യാണ ആൽബത്തിൽ ഈ ബിജോയും ഉണ്ടെല്ലോ, ഞാൻ കൈയിൽ ഇരുന്ന ആൽബം ഗിരിയെ കാണിച്ചു. മകളുടെ കല്യാണത്തിന് ആയിരിക്കണം വീട് പെയിന്റ് അടിച്ചത്.

ഞങ്ങൾ ഹാളിൽ നിന്നും അടുക്കള ഭാഗത്തു ചെന്നു. ബോഡി കിടന്ന സ്ഥലം ചോക്കു കൊണ്ട് അടയാളം വരച്ചിരിക്കുന്നു. ബോഡി കിടന്നത് ഇവിടെയാണ്, തല വെട്ടി മാറ്റിയ രീതിയിൽ മാറി കിടന്നു. ചോക്കു കൊണ്ടു ഒരു വട്ടം തറയിൽ വരച്ചിരിക്കുന്നത് ചൂണ്ടി കാണിച്ച് ഗിരി പറഞ്ഞു. ബോഡി ആദ്യം കണ്ടത് ആരാണ്?. അത് ഇവിടെ മീൻ വിൽക്കാൻ വരുന്ന നൗഷാദ് എന്നൊരു കച്ചവടക്കാരനാണ് സാറെ . വിക്ടിം മരിച്ച ടൈം അറിഞ്ഞോ?. ഡോക്ടർ വീണ പറഞ്ഞത് അനുസരിച്ചു രാത്രി 11നും 12നും ഇടയ്ക്കു ആണ് സാറെ മരണം സംഭവിച്ചത്. ക്രൈം നടന്നത് ഇവിടെ വെച്ച് അല്ലല്ലോ, ഞാൻ ചോദിച്ചു.

ഇവിടെ വെച്ച് തന്നെ ആവാനാണ് സാർ സാധ്യത ഇതിനു ഏറ്റവും അടുത്തുള്ള വീട് 200 മീറ്റർ അകലെ ആണ് , അത് പറഞ്ഞത് അർഷാദ് ആണ്. ഇത് എന്താണ് അർഷാദേ, ഞാൻ അടുക്കളയിലെ കലത്തിൽ ഇരുന്ന കുറച്ച് ചോറു എടുത്ത് കാണിച്ച് ചോദിച്ചു. ഇത് ചോറല്ലേ സാർ, അയാൾ തല ചൊറിഞ്ഞു ചോദിച്ചു. ഇത് ചോറ് ആയിരുന്നു കൃത്യ സമയത്തു സ്റ്റോവ് നിർത്തിയിരുന്നെങ്കിൽ ,. അപ്പോൾ ചോറു അടുപ്പിൽ ഇട്ടു കഴിഞ്ഞപ്പോൾ അക്രമി ഇവിടെ വന്നു അല്ലേ, അത് പറഞ്ഞത് ഗിരി ആണ്. സാർ ഞാൻ എന്റെ ഭാവനയിൽ ഇവിടെ നടന്ന കാര്യങ്ങൾ ഒന്ന് പറഞ്ഞു നോക്കട്ടെ. പറയു ഗിരി, എന്ന് ഞാൻ പറഞ്ഞുകൊണ്ട് അടുക്കളയുടെ വാതിൽ തുറന്നു. വീടിന്റെ പുറകു ഭാഗം കാടു പിടിച്ചു കിടന്നിരുന്നു, അതിലൂടെ ഒരു ചെറിയ നടപ്പാത്ത കാടു പിടിച്ച് കിടക്കുന്നു.

ഇവിടെ മെറിൻ അരി അടുപ്പിൽ വെച്ചു കഴിഞ്ഞപ്പോൾ മെയിൻ ഡോറിൽ കൊട്ടു കേട്ടു. പോയി തുറന്നപ്പോൾ പരിചയമുള്ള ഒരാൾ, അവൾ വന്ന ആളെ വിളിച്ചു അകത്തു കേറ്റി ഇരുത്തുന്നു. സംസാരത്തിന് ഇടയിൽ അടുപ്പിൽ ഇരിക്കുന്ന അരിയുടെ കാര്യം ഓർമ്മ വന്ന അവൾ അതു നോക്കാൻ അടുക്കളയിൽ പോയി. അക്രമി പുറകെ ചെന്ന് കൈയിൽ ഒളിപ്പിച്ചു വെച്ച ആയുധം ഉപയോഗിച്ച് അവളുടെ തലയിൽ അടിക്കുന്നു. മെറിൻ ആ നിമിഷം തന്നെ മരിച്ചു നിലത്തു വീണു. അതിന് ശേഷം അയാൾ കൈയിൽ ഇരുന്ന കത്തി ഊരി വെട്ടി മുറിവുകൾ ഉണ്ടാക്കുന്നു. എന്നിട്ട് ഇവിടെ നിന്നും അയാൾ താഴെ ഉള്ള തോട്ടിൽ പോയി രക്തം കഴുകി കളയുന്നു. അവിടെ നിന്നും പാലം കേറി അയാൾ അപ്പുറത്ത് നിർത്തി ഇട്ടിരുന്ന വാഹനത്തിൽ രക്ഷപെട്ടു. ഇത്രെയും പറഞ്ഞു തീർത്തിട്ട് അയാൾ ഞങ്ങളെ അഭിമാനത്തോടെ നോക്കി. ഇവിടെ അടുത്ത് പുഴയും പാലവും എല്ലാം ഉണ്ടോ? ഞാൻ ചോദിച്ചു. ഉണ്ട് സാർ, ഈ പുറകിലൂടെ കിടക്കുന്ന വഴി നേരെ പുഴയിലോട്ടാണ്, ആരോ മറുപടി നൽകി.

ഗിരി, തന്റെ ഭാവനയിൽ ഉള്ള കഥയിൽ കുറച്ചു പ്രശ്നങ്ങൾ ഉണ്ട്. അതെന്തെല്ലാം ആണ് സാർ. ആദ്യം തന്നെ മരണം നടന്ന സമയം 11നും 12നും ഇടയിൽ ആണ്, ആ സമയത്തു ആരാണ് ചോറ് വെക്കുക. അതും ശരിയാണ് സാർ. അതുപോലെ തന്നെ ഈ അസമയത്തു ഒരു ആണു വരുമ്പോൾ ഡോർ തുറന്ന് അകത്തു കേറ്റണമെങ്കിൽ അത് അത്രയും വേണ്ടപെട്ട ഒരാൾ ആവുകയില്ലേ. ആവാം സാർ, ആദ്യം തന്നെ അവരുടെ വേണ്ടപ്പെട്ടവരെ ആണ് സസ്‌പെക്ട് ലിസ്റ്റിൽ ഉൾപെടുത്തിയത്. ഞാൻ എന്റെ മനസ്സിൽ തോന്നിയ ഒരു നിഗമനം പറയാം. പറയു സാർ.

ഞാൻ കിച്ചൻ ഡോറിനോട് ചേർന്നുള്ള ജനലിന്റെ ചുവട്ടിൽ ഇരുന്ന പിവിസി കുഴൽ കൈയിൽ എടുത്തു കഥ പറയാൻ തുടങ്ങി. സമയം ഒരു 8നും 9നും ഇടയ്ക്കു വിക്ടിം അടുപ്പിൽ അരി ഇട്ടിട്ട് ഈ കുഴൽ കൊണ്ടു ഊതി തീ കത്തിക്കാൻ നോക്കുന്നു. അടുക്കള വാതിലിൽ ആരോ കൊട്ടി വിളിച്ചപ്പോൾ വിക്ടിം ജനാലയിലൂടെ പുറത്തേക്ക് നോക്കുന്നു. പരിചയമുള്ള മുഖം കണ്ടപ്പോൾ അവർ കതക്കു തുറന്ന്. വന്ന ആൾ എന്തോ ആവിശ്യം പറഞ്ഞപ്പോൾ അവർ അയാളുടെ കൂടെ വെളിയിൽ ഇറങ്ങുന്നു, അയാൾ അവരെ കൂട്ടി കൊണ്ടു അൽപ്പം മുന്നോട്ട് പോയിട്ടു അവളുടെ തലയിൽ അടിച്ചു ബോധം കെടുത്തുന്നു. പിന്നെ എടുത്തു ചുമന്നു വേറെവിടെയോ കൊണ്ടുപോയി ക്രൂരമായി കൊല്ലുന്നു.

അവളെ അവിടെ നിന്നും എടുത്തുകൊണ്ടു പോയ അയാൾ അവളുടെ ശരീരത്തിൽ ഈ മുറിവുകൾ എല്ലാം ഉണ്ടാക്കിയതിനു ശേഷം തിരിച്ചു വീട്ടിൽ കൊണ്ടുവരുന്നു. കുറ്റം നടന്നത് ഇവിടെ ആണെന്ന് തോന്നിപ്പിക്കാൻ അയാൾ ഇവിടെ വെച്ചും കുറേ മുറിവുകൾ കൂടെ ഉണ്ടാകുന്നു. സാർ ഇതൊക്കെ എന്ത് അടിസ്ഥാനത്തിൽ ആണ് സാറു പറയുന്നത്, ഇടയ്ക്കു കേറി ഒരു പ്രായം ചെന്ന പോലീസുകാരൻ ചോദിച്ചു. ഞാൻ ക്രൈമിന്റെ ഫോട്ടോ കണ്ടപ്പോൾ ശ്രദ്ധിച്ച രണ്ട് കാര്യങ്ങൾ ഉണ്ടായിരുന്നു, ഒന്ന് ഇത്രയും ക്രൂരമായ ഒരു കൊലപാതകം ഇവിടെ നടന്നാൽ ഇതിലും വളരെ ഏറെ രക്തം കാണണ്ടതാണ്. ഇവിടെ തന്നെയാണ് കൊലപാതകം നടന്നത് എന്ന് തോന്നിപ്പിക്കാൻ കൊലയാളി ഇവിടെ ബോഡി കൊണ്ടുവന്നു ഇട്ടതിനു ശേഷം കത്തി കൊണ്ട് മുറിവുകൾ വീണ്ടും ഉണ്ടാക്കി അതിൽ പെറ്റിയ രക്തം ഭിത്തിയിൽ,

റൂഫിലും എല്ലാം ചിതറിച്ചു , അതു കൊണ്ടാണ് ഇത്രയും ഉയരത്തിൽ രക്ത തുള്ളികൾ തെറിച്ചതു. രണ്ടാമത്തെ കാരണം വിക്ടിമിന്റെ മുറിവുകളിൽ ആഴത്തിൽ ഉള്ളവ ബോഡിയുടെ മുൻ ഭാഗത്താണ് അവ കാലിന്റെ ഭാഗത്തു നിന്ന് വെട്ടിയതും കുത്തിയതുമാണ്, പുറം തിരിഞ്ഞു ഇവിടെ കിടന്ന വിക്ടിമിന്റെ പുറം ഭാഗത്തു ഉണ്ടായിരുന്ന വെട്ടുകൾ ആഴം കുറഞ്ഞവയും തലയുടെ ഭാഗത്തു നിന്ന് വേഗത്തിൽ വെട്ടിയതും ആണ്, ഈ ഭിത്തിയിൽ തെറിപ്പിക്കാനുള്ള രക്തത്തിനു വേണ്ടി. അവർ ആരും ഒന്നും പറയുന്നില്ല, ഞാൻ കഥ തുടർന്നു. അതിനു ശേഷം തല വെട്ടി മാറ്റി തട്ടി തെറിപ്പിക്കുന്നു. എന്നിട്ടു അയാൾ അടുക്കള ഡോറിന്റെ കതകു പൂട്ടി മെയിൻ ഡോർ തുറന്നിട്ടു പുറതിറങ്ങി. അവിടെ നിന്നും നടന്നു രക്ഷപ്പെടുന്നു. ഞാൻ പറഞ്ഞു കഴിഞ്ഞപ്പോഴും എല്ലാവരും വായും പൊളിച്ചു നിൽക്കുകയായിരുന്നു.

വിക്ടിമിന്റെ തൊഴിൽ എന്തായിരുന്നു, ഞാൻ അവരോടു ചോദിച്ചു. സാർ കൃഷി ആയിരുന്നു, നേരെത്തെ ഇവിടുത്തെ ഗവണ്മെന്റ് സ്കൂളിൽ ആയ ആയിട്ടു ജോലി ചെയ്തിട്ടുണ്ട്. ഇവരുടെ ഭർത്താവോ?. ബിജോ ഇവിടുത്തെ പള്ളിയിലെ കപ്യാരായിരുന്ന, മൂന്നു മക്കൾ ഉണ്ട് സാറെ. മൂന്നും പെണ്ണ്മക്കൾ, അവർ എല്ലാവരെയും കെട്ടിച്ചു വിട്ടു കഴിഞ്ഞ് ഇവർ ഇവിടെ ഒറ്റക്കു ആണ് താമസം.
ഇൻവെസ്റ്റിഗേഷൻ എവിടെ വരെയായി, ഞാൻ തിരിഞ്ഞു ഗിരിയോട് ചോദിച്ചു. മരണ കാരണം തലയുടെ പിൻഭാഗത്തായി സ്ഥിതി ചെയുന്ന പാരിയെറ്റൽ ലോബിൽ ഏറ്റ ശക്തമായ അടി ആണ്, റേപ്പ് നടന്നിട്ടില്ല സാർ. സാർ ഇവരുടെ ബന്ധുക്കളെയും അടുത്ത സുഹൃത്തുകളെയും എല്ലാം വിളിച്ചു ഒരു പ്രിലിമിനറി മൊഴി എടുത്തു, പിന്നെ സമീപവാസികളുടെ എല്ലാം വീട്ടിൽ ചെന്ന് മൊഴി രേഖപെടുത്തി. ഡോഗ് സ്‌ക്വാഡ് ഇന്ന് വരും സാർ, ഫോറെൻസിക്ക് റിപ്പോർട്ട്‌ വരേണ്ട സമയം ആയി. ഈ വഴി നടക്കുമ്പോൾ ഒരു പുഴ ഉണ്ടെന്ന് പറഞ്ഞില്ലേ, നമ്മുക്ക് അതൊന്നു പോയി കണ്ടാലോ എന്ന് ഞാൻ ചോദിച്ചപ്പോൾ അവർ മുന്നിൽ ഇറങ്ങി. ഇറങ്ങിയപ്പോൾ തന്നെ ദൂരെ പുഴ കാണാമായിരുന്നു, നല്ല പോലെ മഴ പേയ്യുന്നത് കൊണ്ട് എനിക്കു കുട ചൂടി തന്ന് ചെറിയാൻ ചേട്ടൻ കൂടെ വന്നു.

ഞങ്ങൾ പുഴയുടെ അടുത്ത് എത്തി. ആളുകൾ കുളിക്കാനും അലക്കാനും എല്ലാം വരുന്ന ഒരു സ്ഥലം ആയിരുന്നു അത്. അതിന് കുറുകെ ഒരു ചെറിയ തൂക്കു പാലമുണ്ടായിരുന്നു. തൂക്കുപാലം വെള്ളപാച്ചിലിൽ ഏറെ കുറേ മുങ്ങി കിടക്കുന്നു. ഈ പാലത്തിലെ വുഡ് സാമ്പിൾ നാലു സ്ഥലങ്ങളിൽ നിന്നും കളക്റ്റ് ചെയ്തു ഫോറെൻസിക്ക് ഡിപ്പാർട്മെന്റിൽ ഏൽപ്പിക്കണം, ഞാൻ അവരോടു പറഞ്ഞു. സാർ രണ്ട് ദിവസമായി നിലയ്ക്കാത്ത മഴ ആണ്, സാമ്പിൾ എടുത്താലും രക്തം വീണിട്ടുണ്ടോ എന്ന് അറിയാൻ പറ്റുമോ?. പറ്റും, മൈക്രോ ഓർഗാനിസങ്ങളുടെ സാമീപ്യം കണ്ടു പിടിക്കാം.

അവിടം വീക്ഷിച്ചു തീർന്നപ്പോൾ ഞങ്ങൾ തിരികെ നടന്നു. എന്റെ മനസ്സിൽ രണ്ട് ചോദ്യങ്ങൾ ഉദിച്ചു, എങ്ങനായിരിക്കും പാലതിലൂടെ ഒരാൾ ബോഡിയും പിടിച്ചു ഇത്രയും ദൂരം ആരും കാണാതെ നടന്നു നീങ്ങിയത്?. രണ്ടാമതായി ഒരാൾ എന്ത് പറഞ്ഞു വിളിച്ചപ്പോൾ ആയിരിക്കും അടുക്കള വാതിൽ വഴി ഇറങ്ങി ഓടി ചെന്നത്?. സാർ ഫോറെൻസിക്ക് ഡിപ്പാർട്മെന്റിൽ നിന്നും ഒരു കാൾ വരുന്നുണ്ട്, ഞങ്ങൾ തിരിച്ചു വിക്ടിമിന്റെ വീട്ടിൽ ചെന്നപ്പോൾ ഒരു പോലീസുകാരൻ അയാളുടെ ഫോൺ എനിക്കു നേരെ നീട്ടി. അത് ഏറ്റുവാങ്ങി ഞാൻ പറഞ്ഞു, തൃലോക് തമ്പാൻ ക്രൈം ബ്രാഞ്ച്. സാർ ബോഡിയുടെ പ്രെലിമിനറി ഫോറെൻസിക്ക് റിപ്പോർട്ടിന്റെ കാര്യങ്ങൾ പറയാൻ വിളിച്ചതാണ്. കേൾക്കാം പറഞ്ഞോ, ഞാൻ ഫോണിൽ പറഞ്ഞു. സാർ ഫിംഗർ പ്രിന്റ്സ് ഒന്നും കിട്ടിയില്ല, ശേഖരിച്ച സംപ്ലിൽ പലതും ഇവിടെ എത്തിയപ്പോൾ ഉപയോഗശൂന്യം ആയിരുന്നു.

ആ വീട്ടിൽ നിന്നും എടുത്ത സാമ്പ്ൾസിൽ ഇല്ലാത്ത കുറച്ചു ഡസ്റ്റ് സാമ്പിൾസ് ബോഡിയിൽ നിന്നും കിട്ടി. അതിനാൽ തന്നെ കൊല നടന്നത് വേറെ എവിടെ എന്ക്കിലും ആയിരിക്കാം. ബോഡിയിലെ മുറിവുകൾ മരണം നടന്നു കഴിഞ്ഞ് 4 മണിക്കൂറിനു ഉള്ളിലായി പലപ്പോഴായി ഉണ്ടാക്കിയവ ആണ്. ഏറ്റവും അവസാനം ആണ് തല വെട്ടി മാറ്റിയത്. വേറെ എന്തെല്ലാം സാമ്പിൾസ് ആണ് ബോഡിയിൽ ഉണ്ടായിരുന്നത്, ഞാൻ തിരക്കി. സാർ ബോഡിയിലും ബോഡി കിടന്ന സ്ഥലത്തും കോമൺ സാൾട്, പോള്ളൻ,ക്വാർട്ടസ്, നക്രിറ്റ്, ആക്റ്റീവ് ക്ലോറിൻ എല്ലാമാണ് സാർ ബോഡിയിൽ മാത്രം കണ്ടത് ഹൈഡ്രജൻ പേരോക്സൈഡും പിന്നെ കുറേ മൃഗങ്ങളുടെ കോശങ്ങളും ആണ്. മൃഗതിന്റെ എന്ന് പറഞ്ഞാൽ, ഞാൻ ചോദിച്ചു. മനുഷ്യന്റെ അല്ല എന്ന് മാത്രമേ ഇപ്പോൾ അറിഞ്ഞിട്ടുള്ള സാർ, ഫർതർ ഡീറ്റെയിൽസ് വരുമ്പോൾ വിളിച്ചു അപ്ഡേറ്റ് തരാം.

നിങ്ങൾ ഏത് ധൂളി ഇട്ടാണ് ഫിംഗർ പ്രിന്റ്സ് ശേകരിച്ചതു എന്ന് ഞാൻ തിരക്കിയപ്പോൾ അലൂമിനിയം ഫ്ലാക്സ് എന്ന് ഉത്തരം ലഭിച്ചു. അലൂമിനിയം ആക്റ്റീവ് ക്ലോറിനുമായി രാസമാറ്റം സംഭവിച്ചു അതുകൊണ്ടാണ് ഫിംഗർ പ്രിന്റ്സ് ലഭികാതെ പോയെ. ഒന്നുടെ ബ്ലാക്ക് മഗ്നെറ്റ് പൌഡർ ഉപയോഗിച്ച് സാമ്പിൾ കല്ലെക്ട ചെയ്തു ടെസ്റ്റ്‌ ചെയ്യണം എന്നും ഞാൻ അവരോടു പറഞ്ഞു. ഏതു രൂപത്തിൽ ആയിരിക്കും സാർ ആക്റ്റീവ് ക്ലോറിൻ അവിടെ വന്നത് എന്ന് ഫോണിലെ അശരീരി ചോദിച്ചു. വാതക രൂപത്തിൽ, അതായിരുന്നു എനിക്കു ഈ ഭവനത്തിൽ കേറിയപ്പോൾ ക്ലോറിന്റെ വാസന മനസ്സിലാവാതെ ഇരുന്നത്. എന്റെ ചിന്തയിൽ ഒരു ചോദ്യം ഉണ്ടായിരുന്നു, എങ്ങനെയാണ് ഇവിടെ കൊലയാളി ആക്റ്റീവ് ക്ലോറിൻ കൊണ്ടുവന്നത്. കാൾ കഴിഞ്ഞപ്പോൾ ഞാൻ എന്റെ കൂടെ ഉണ്ടായിരുന്ന പോലീസുകാരോട് പറയാൻ തുടങ്ങി, ഇപ്പോൾ നമ്മുക്ക് കിട്ടിയ വിവരങ്ങൾ വെച്ചു നമ്മൾ അന്വഷിക്കുന്ന കൊലയാളി ഒരു യുവാവോ മധ്യവയസ്സനോ ആണ്.

നല്ല ആരോഗ്യം ഉള്ള ഒരാൾ. ഇവിടെ ഉള്ള വിക്ടിമുമായി നേരിട്ട് പരിചയം ഉള്ള ഒരാൾ. കെമിക്കൽ ഫീൽടുമായി ബന്ധമുള്ള ഒരാൾ. അതെ സാർ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന് ഗിരി ചോദിച്ചു. നാളെ മുതൽ ഇവിടെയുള്ള ഓരോ വീട്ടിലും നിങ്ങൾ ടീമുകൾ ആയി തിരിഞ്ഞ് പോണം. അവരുമായി സംസാരിച്ചു അടുത്തു ഉള്ളവരെ കുറിച്ച് ചോദിക്കണം, വീടിന്റെ അകത്തു കൂടെ വളർത്തു മൃഗങ്ങൾ പാര്‍ക്കുന്ന വീടുകളും, രസതന്ത്രശാസ്ത്രവുമായി ഇടപഴകി ജീവിക്കുന്നവരെയും ചേർത്തു ഒരു ലിസ്റ്റ് നിർമ്മിക്കണം. സംശയം തോന്നുന്നവരുടെ പേരുകൾ എടുത്ത് അവരെ ചോദ്യം ചെയ്യണം പൂട്ടി കിടക്കുന്ന വീടുകൾ, സ്റ്റോർ റൂമുകൾ എല്ലാം സെർച്ച്‌ ചെയ്യണം. 24 x 7 നും പോലീസ് വണ്ടി നല്ലരിയുടെ എല്ലാ മുക്കിലും മൂലയിലും ചുറ്റി നടക്കണം. സംശയിക്കതക്ക സാഹചര്യത്തിൽ ആരെ കണ്ടാലും വിളിച്ചു റിപ്പോർട്ട്‌ ചെയ്യണം. നമ്മൾ തിരയുന്ന പ്രതി അക്രമകാരിയാണ്, അതുകൊണ്ട് തന്നെ ഒറ്റക്കു പോയി ആരുമായും ഇന്റർഫെയർ ചെയെല്ല്.

ഇതെല്ലാം പറഞ്ഞു ഞങ്ങൾ അവിടെ നിന്നും പുറത്തു ഇറങ്ങി. മാധ്യമപ്രവർത്തകരെ ഒഴിവാക്കി ഞാൻ വണ്ടിയിൽ കേറി രണ്ടാമത്തെ ബോഡി കിട്ടിയ സ്ഥലത്തേക്ക് തിരിച്ചു. രണ്ട് സ്ഥലങ്ങളും തമ്മിൽ ഒരു 15 മിനിറ്റ് യാത്രയെ ആവിശ്യം ഉണ്ടായിരുന്നുള്ളു. അവിടെ ചെല്ലുന്നതിനു മുൻപ് തന്നെ ഒഫീഷ്യൽ ആയി നല്ലരി കേസ് എനിക്കു കൈമാറി മെയിൽ വന്നു, അതിന്റെ ഒരു ആവേശം എനിക്കു നല്ലതുപോലെ ഉണ്ടായിരുന്നു. ഞങ്ങൾ ഗവണ്മെന്റ് സ്കൂളിന്റെ ഗ്രൗണ്ടിൽ എത്തിയപ്പോൾ തന്നെ നല്ല ജനതിരക്ക് കണ്ടു, മഴ തോഴ്നെങ്കിലും ആകാശം ഇരുണ്ടു തന്നെ നിന്നു . അവിടെ ചെന്ന് ഇറങ്ങിയപ്പോൾ പ്രായമുള്ള ഒരു DYSP റാങ്കിൽ ഉള്ള പോലീസ് ഓഫീസർ എന്റെ അടുത്തു വന്നു. സാർ ഞാൻ വിജയ് നായർ, നല്ലരി സ്റ്റേഷനിലെ പി ർ ഓ ആണ്.

കുട്ടിയുടെ ബോഡി ആദ്യം കാണുന്നത് ഇവിടെ ഗ്രൗണ്ടിൽ കളിക്കാൻ വന്ന പിള്ളേരാണ് . ബോഡി കിടന്നത് എവിടെയാണ് ഞാൻ ചോദിച്ചു. അത് അവിടെ കാണുന്ന പറമ്പിൽ ആണ് സാർ. അയാൾ കൈ ചൂണ്ടിയ സ്ഥലത്തേക്ക് ഞങ്ങൾ നടന്നു. വിക്ടിം ഈ സ്കൂളിൽ ആണോ പഠിക്കുന്നത്? ഞാൻ തിരക്കി. അതെ സാർ, കുട്ടി വീട്ടിൽ നിന്നും നടന്ന് സ്കൂളിൽ വരുന്നത് കണ്ടവർ ഉണ്ട്‌ സാർ. സ്കൂളിൽ ഉള്ളവർ ആരേലും വിക്ടിം സ്കൂളിൽ വന്നതു കണ്ടോ?. ചോദ്യം ചെയ്തു തീർന്നില്ല സാർ, അയാൾ തല ചൊറിഞ്ഞു പറഞ്ഞു. ഞങ്ങൾ വിക്ടിം കിടന്ന സ്ഥലത്തെത്തി, അവിടെ നിറച്ചു മരങ്ങളും അതിലൂടെ കേറി കിടന്ന കുരുമുളക് ചെടികളും ആയിരുന്നു. ആ സ്ഥലം മരങ്ങളുടെ മറ കാരണം ഇരുണ്ടിരുന്നു, ചീവീടിന്റെ ശബ്ദം എന്നിൽ അസ്വസ്ഥതയുണ്ടാക്കി. ഇവിടെ അടുത്ത് വീടുകൾ ഒന്നുമില്ലേ, ഞാൻ അടുത്ത് വീടുകൾ ഒന്നും കാണാത്തതിനാൽ ചോദിച്ചു.

പുഴയുടെ അക്കരെ കുറച്ചു വീടുകൾ ഉണ്ട്‌ സാർ, അത് ഞങ്ങളുടെ പുറകെ വന്ന ഗിരിയാണ് പറഞ്ഞത്. ബോഡി കണ്ട സമയം ഏതാണ് എന്ന് ഞാൻ വിജയ് നായരോട് ചോദിച്ചു. സാർ ബോഡി കണ്ടത് ഇന്നലെ വൈകിട്ടു മൂന്ന് മണിയോടെ ആണ്, ഇവിടെ ക്രിക്കറ്റ്‌ കളിച്ചു കൊണ്ടിരുന്ന കുട്ടികളാണ് സാറേ പന്ത് എടുക്കാൻ പോയപ്പോൾ ബോഡി കണ്ടത്. ഇവിടെ നിന്നും പുഴ വരെ എത്ര ദൂരം വരും എന്ന് ഞാൻ തിരക്കിയപ്പോൾ ഒരു 200 മീറ്റർ എന്ന് ആരോ ഉത്തരം പറഞ്ഞു. ഗഗനം വീണ്ടും മഴ തുള്ളികൾ പൊഴിക്കാൻ തുടങ്ങി. പുഴയിൽ നിന്നും ബോഡി കിടന്ന സ്ഥലത്തേക്ക് ഉള്ള വഴിയിൽ നിന്നും ഫൂട്ട് പ്രിന്റ്സ് ശേകരിക്കാൻ ഞാൻ പറഞ്ഞു. അവിടെ നിന്നും മഴ നനയാത്ത ഞങ്ങൾ സ്കൂളിന്റെ ഊട്ടുപുരയിൽ കേറി നിന്നു.

സാർ ഈ കൊലപാതകവും മറ്റൊരുടത്തു നടന്നിട്ട് ഇവിടെ കൊണ്ടുവന്നു ബോഡി ഇട്ടതാണോ? ഗിരി ചോദിച്ചു. അതെ എന്ന് മാത്രം പറഞ്ഞ് ഞാൻ ചുറ്റുപാടും നോക്കി. ഈ സ്കൂളിൽ സി സി ടി വി ക്യാമറ ഒന്നുമില്ലേ? ഇല്ലാ എന്ന് അവർ പറഞ്ഞു.

സാർ മരിച്ച കുട്ടിയുടെ പേര് സാരിക എന്നാണ്, അച്ഛൻ മാത്രമേ ഒള്ളൂ ഇവിടെ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുവാ പേര് സരോജ്, ആൾ കുറച്ച് ഉടായിപ്പ് ആണ് . ഈ കുട്ടിയുടെ അച്ഛൻ കുട്ടിയെ ലൈംഗിക ചൂഷണം ചെയുന്നു എന്ന് ഒരു കംപ്ലയിന്റ് കുറച്ചു നാൾ മുൻപ് കിട്ടിയിരുന്നു, പക്ഷെ കുട്ടി അത് നിഷേധിച്ചു അതു കൊണ്ടു തന്നെ ആ കേസിൽ തുടരന്യഷണം ഒന്നും നടത്തിയില്ല, ഗിരി തന്നെ ആണ് അതും പറഞ്ഞത്. പെറ്റീഷൻ തന്നതു ആരായിരുന്നു, എന്ന് ഞാൻ തിരക്കി. ആ കുട്ടിയുടെ ക്ലാസ്സ്‌ ടീച്ചർ ആണ് സാറേ അശ്വതി ടീച്ചർ. ഈ അശ്വതി ടീച്ചറിനെ എനിക്കു ഒന്ന് കാണാൻ പറ്റുമോ?. അതു ഇന്ന് തന്നെ ശരിയാക്കാം സാർ.

വിക്ടിമിന്റെ അച്ഛനെ കസ്റ്റഡിയിൽ എടുക്കണം , കേസ് രജിസ്റ്റർ ചെയ്യേണ്ട. കേസ് രജിസ്റ്റർ ചെയ്താൽ ലോക്കൽ സ്റ്റേഷനിൽ നിന്നും സസ്പെക്ടിനെ ക്രൈം ബ്രാഞ്ചിനു ലഭികണമെങ്കിൽ ഉള്ള പേപ്പർ വർക്സ് ഒഴിവാക്കാൻ ആണ് ഞാൻ അത് പറഞ്ഞത്. സാർ സ്കൂളിന് അകത്തു ചെന്ന് നമ്മുക്ക് നിൽക്കാം, അശ്വതി ടീച്ചറിനെ അവിടേക്കു വിളിക്കാം എന്നും ഗിരി പറഞ്ഞു. ഞങ്ങൾ സ്കൂളിന് ഉള്ളിൽ കേറി ഇരുന്നു. ഇവിടെ തന്നെ ആയ ആയിട്ടു ജോലി ചെയ്ത സ്ത്രീയല്ലേ ആദ്യത്തെ വിക്ടിം, ഞാൻ ഗിരിയോട് ചോദിച്ചപ്പോൾ അതെ എന്ന് അയാൾ പറഞ്ഞു. സാർ, ഈ കൊലകൾ രണ്ടും ചെയ്തത് സരോജ് ആയിരിക്കുമോ? ഗിരി എന്നെ സംശയത്തോടെ നോക്കി.

ആവാൻ വഴി ഇല്ലാ, വിക്ടിം സ്കൂൾ യൂണിഫോമിൽ ആണ് മരിച്ചു കിടന്നത്. അതുകൊണ്ടു തന്നെ സ്കൂളിൽ വരുന്ന വഴി കൊലയാളി തട്ടികൊണ്ടുപോയി കൊന്നത് ആവാം, ഞാൻ ഗിരിയെ അറിയിച്ചു. സാർ ക്രൈം സീൻ കണ്ടിട്ട് സാറിനു എന്ത് തോനുന്നു?. ഇത് ക്രൈം സീൻ അല്ല ഗിരി, ബോഡി ഡം ചെയ്ത സ്ഥലം മാത്രമാണ്. ബോഡിയിൽ നിന്നും ശേഖരിച്ച വിരൽ അടയാളം കൊണ്ടു കാര്യം ഇല്ലാ, പക്ഷെ ചുറ്റുപാടുമുള്ള മരങ്ങളിലോ, മതിലിലോ നിന്നു വെല്ലോം വിരൽ അടയാളം കിട്ടിയാൽ അത് ഈ കേസിലെ ഒരു ബ്രേക്കിങ് പോയിന്റ് ആവും. സാമ്പിൾസ് ഇന്ന് തന്നെ കല്ലെക്ട്ട് ചെയാം സാർ, പക്ഷെ മഴ പെയ്തത്കൊണ്ടു എത്രമാത്രം വിജയിക്കും എന്ന് അറിയില്ല, ഗിരി നിരാശയോടെ പറഞ്ഞു.

കുറച്ചു നേരം അവിടെ ഞാനും ഗിരിയും ഇരുന്നപ്പോൾ ഒരു സ്ത്രീ അവിടേക്കു വന്നു, കാണാൻ നല്ല ഐശ്വര്യമുള്ള വട്ട മുഖം. അവരുടെ നെറ്റിയിൽ സിന്ദൂരവും ഒരു കറുത്ത പൊട്ടും ഉണ്ട്‌. ഞങ്ങളെ കണ്ടപ്പോൾ അവർ ഒന്ന് ചിരിച്ചു. സാർ, ഇതാണ് അശ്വതി മിസ്സ്‌ എന്ന് ഗിരി പറഞ്ഞു. ഇരിക്കു മിസിസ്സ് അശ്വതി, ഞാൻ ഒരു കസേര കാണിച്ചു പറഞ്ഞപ്പോൾ അവർ അവിടെ ഇരുന്നു. അശ്വതി മിസ്സിന്റെ ക്ലാസ്സിലെ വിദ്യാർത്ഥി ആയിരുന്നല്ലേ വിക്ടിം. അതെ സാർ, അവർ പറഞ്ഞു.

കുറേ നാളുകൾക്കു മുൻപ് ആ കുട്ടിയുടെ അച്ഛന് എതിരെ ഒരു കംപ്ലയിന്റ് തന്നില്ലാരുന്നോ? ഗിരി അവരോടു ചോദിച്ചു. ഉവ്വ് സാറേ, ആ കുട്ടിയുടെ അച്ഛൻ അവളെ ദുരുപയോഗം ചേയ്യുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ ഞാൻ ഒരു കേസ് പോലീസ് സ്റ്റേഷനിൽ കൊടുത്തു, പക്ഷെ ആ കുട്ടിക്ക് ഭയം ആയിരുന്നു. ആ കുട്ടിയാണോ അച്ഛന്റെ ചെയ്തികളെ കുറിച്ച് പറഞ്ഞത്, ഞാൻ ചോദിച്ചു. അതെ സാർ, ആ കുട്ടിയുടെ സംസാരത്തിൽ നിന്നു തന്നെയാണ് ഈ കാര്യം മനസ്സിലായത്. അന്ന് കേസ് കൊടുത്തപ്പോൾ വിക്ടിമിന്റെ അച്ഛന്റെ റിയാക്ഷൻ എന്തായിരുന്നു എന്ന് ഞാൻ തിരക്കി. സാർ അയാൾ എന്റെ അടുത്ത് വന്നു കുറച്ചു മോശമായി ആണ് സംസാരിച്ചത്. ഇന്നലെ രാവിലെ വിക്ടിം ക്ലാസ്സിൽ വന്നിരുന്നോ?. ഇല്ലെന്ന പറഞ്ഞു കേട്ടത്, ഞാൻ ഇന്നലെ ലീവ് ആയിരുന്നു എന്നും ആ സ്ത്രീ പറഞ്ഞു.

ഒരു കാൾ വന്നപ്പോൾ ഗിരി പുറത്തേക്കു പോയി. മിസ്സിന് ആരെ എങ്കിലും സംശയം ഉണ്ടോ? ഞാൻ അവരോടു ചോദിച്ചു. സാർ, അത് പിന്നെ എനിക്കു ആ കുട്ടിയുടെ അച്ഛനെ തന്നെ ആണ് സംശയം.

സാർ ഡോഗ് സ്‌ക്വാഡ് ആണ് വിളിച്ചത് നായകൾ പുഴയുടെ അരികിൽ വരെ സ്മെൽ ട്രേസ് ചെയ്തു ചെന്നു, അതും പറഞ്ഞ് ഗിരി കേറി വന്നു. പുഴയുടെ ചുറ്റും ഉള്ള വീടുകളിൽ എല്ലാം ഡോഗ് സ്‌ക്വാഡിനെ കൊണ്ടു പോയി സെർച്ച്‌ ചേയ്യണം. ഞങ്ങൾ അശ്വതി ടീച്ചറിനോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. നല്ലരി പോലീസ് സ്റ്റേഷൻ ആയിരുന്നു ഞങ്ങളുടെ അടുത്ത പ്രാപ്യസ്ഥാനം. എന്റെ കൂടെ തന്നെയാണ് ഗിരിയും വാഹനത്തിൽ വന്നത്.

സാർ, പട്ടാ പകൽ ഇത്രയും ആളുകൾ ഉള്ള ഒരു സ്ഥലത്ത് നിന്നും എങ്ങനയാവും ആ കുട്ടിയെ നമ്മുടെ കില്ലർ പിടിച്ചുകൊണ്ട് പോയത്? ഗിരിയുടെ ആ ചോദ്യം തന്നെ ആണ് എന്നെയും അലട്ടി കൊണ്ടിരുന്നത്. എങ്ങനെയാണു നമ്മുടെ കില്ലർ ആരുടേയും ശ്രെദ്ധ പിടിച്ചു പറ്റാതെ ഒരു കുട്ടിയെ സ്കൂളിൽ നിന്നോ അല്ലേൽ അതിനു അടുത്തു നിന്നോ തട്ടി കൊണ്ടു പോയത്. ഫോറെൻസിക്ക് റിപ്പോർട്ട്‌ എന്ന് വരും ഗിരി? ഞാൻ ചോദിച്ചു. നാളെ ഒരു പ്രിലിമിനറി റിപ്പോർട്ട്‌ തരാം എന്നു പറഞ്ഞു സാർ.

ഞങ്ങൾ നല്ലരി പോലീസ് സ്റ്റേഷനിൽ എത്തി കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു പോലീസ് വണ്ടിയിൽ സരോജിനെ കൊണ്ടുവന്നു. അയാളെ അകത്ത് ഒരു റൂമിൽ കൊണ്ടുപോയി ഇരുത്തിയിട്ടു എന്നെ ഒരു കോൺസ്റ്റബിൾ വന്നു വിവരം അറിയിച്ചു. ഞാനും ഗിരിയും അകത്തേക്ക് പ്രവേശിച്ചു. ഇതെന്താ വെള്ളരിക്ക പട്ടണമോ? സരോജ് ഞങ്ങളെ കണ്ടപ്പോൾ ശബ്‌ധം ഉണ്ടാക്കി. വെള്ളരിക്ക ആണോ മത്തങ്ങ ആണോ എന്നെല്ലാം പറഞ്ഞു തരാടോ, സരോജിന്റെ തലയിൽ പുറകിൽ നിന്നും ഒരു തട്ടു കൊടുത്തു കൊണ്ടു അർഷാദ് പറഞ്ഞു. എല്ലാരും ഒന്ന് പുറത്തോട്ടു നിൽക്കാമോ, ഞാൻ സരോജിന് എതിരു ഒരു കസേര വലിച്ചിട്ട് പറഞ്ഞു.

എന്റെ വാക്കുകൾ കേട്ടു എല്ലാരും പുറത്തേക്കു നടന്നു. എന്നെ രക്ഷിക്കണം സാർ, ഞാൻ അല്ല എന്റെ കുഞ്ഞിനെ കൊന്നത്. അയാളുടെ വാക്കുകളിൽ സത്ത്യം ഉണ്ടെന്ന് എനിക്കു തോന്നി. മിസ്റ്റർ സരോജ്, ഞാൻ ചോദിക്കുന്നതിനു സത്ത്യം പറഞ്ഞാൽ നിങ്ങൾക്ക് പോവാം, ഞാൻ അതു പറഞ്ഞപ്പോൾ അയാൾ തല ആട്ടി ശെരി എന്ന് കാണിച്ചു. കുറച്ചു നാൾ മുൻപ് നിങ്ങൾ മകളെ ആക്രെമിക്കുന്നു എന്നൊരു കേസ് വന്നില്ലേ. അതു ആ ടീച്ചർക്ക്‌ വട്ടാ സാറേ, അയാൾ ഉദാസീനമായി പറഞ്ഞു. ആ കേസിൽ എന്തേലും സത്ത്യം ഉണ്ടോ? ഞാൻ സൗഹാര്‍ദ്ദപരമായി തിരക്കി.

ഇല്ല സാറേ, ആ കേസ് അപ്പോഴേ തള്ളി പോയതല്ലേ. നാളെ വിക്ടിമിന്റെ ഫോറെൻസിക്ക് റിപ്പോർട്ട്‌ വരും, അപ്പോൾ നിങ്ങളു പറഞ്ഞത് കള്ളം ആണെങ്കിൽ രണ്ടു കൊല കേസിനു ആണ് അകത്തു പോകുക. ഞാൻ അതു പറഞ്ഞപ്പോൾ അയാളുടെ കണ്ണിൽ ഭയം നിറയുന്നത് കണ്ടു. സാറേ എന്റെ ഭാര്യ മരിച്ചിട്ടു 10 വർഷമായി, ഞാൻ അത്യാവിശം മദ്യപിക്കും. അയാൾ മടിച്ചു പറയാൻ തുടങ്ങി. മദ്യം തലക്കു പിടിച്ചു വീട്ടിൽ ചെല്ലുമ്പോൾ എന്റെ മകൾ ഉറങ്ങി കിടക്കുക ആയിരിക്കും, ഞാൻ കുറേ നാൾ എന്നെ തന്നെ തളച്ചു നിർത്തി. ഡെസ്കിൽ വെച്ചിരുന്ന ഗ്ലാസ്സിലെ വെള്ളം അയാൾ എടുത്തു കുടിച്ചു വീണ്ടും പറയാൻ തുടങ്ങി, ഞാനും ഒരാണല്ലേ സാറേ.

ആരും അറിയില്ല എന്ന് തോന്നിയപ്പോൾ ഞാൻ മോശമായി പെരുമാറാൻ തുടങ്ങി, പക്ഷെ ഒരിക്കലും അവളെ കൊല്ലാൻ ഒന്നും എന്നെ കൊണ്ടു പറ്റില്ല സാറേ. എന്റെ മുന്നിൽ കൈ കൂപ്പി അയാൾ പൊട്ടി കരഞ്ഞു. അതു വിക്ടിം ക്ലാസ്സ്‌ ടീച്ചറിനോട് പറഞ്ഞു, അവർ ഒരു പോലീസ് കംപ്ലയിന്റ് കൊടുത്തപ്പോൾ നിങ്ങൾ മകളെ ഭീഷണിപെടുത്തി അല്ലേ? ഞാൻ തിരക്കി. അതെ സാർ, തല കുനിച്ചു അയാൾ പറഞ്ഞു. ഞാൻ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ ഗിരി എന്റെ അടുത്തേക്കു ഓടി വന്നു. പോക്ക്‌സോയും, ഐ പി സി 201നും ചുമത്തി കേസ് എടുക്കണം എന്ന് ഗിരിയെ നോക്കി ഞാൻ പറഞ്ഞു. അപ്പോൾ ഇയാൾ അല്ലേ സാർ കില്ലർ? അതു ചോദിക്കുമ്പോൾ ഗിരിയുടെ മുഖത്തു നിരാശ ഉണ്ടായിരുന്നു. അല്ലാ എന്ന് പറഞ്ഞു ഞാൻ സ്റ്റേഷന് പുറത്തു വന്നു. അഴിക്കാൻ നോക്കുന്നത് അനുസരിച്ചു കൂടുതൽ മുറുകുന്ന ഒരു കേസ് ആണ് ഇതെന്നു എനിക്കു മനസ്സിലായി. എന്നെ സഹായിക്കാൻ നിയമിച്ച ടീം നാളെ വരും എന്ന് ഞാൻ മെസ്സേജ് വഴി അറിഞ്ഞു. എന്റെ ഫോണിൽ വീണ്ടും അനുപമയുടെ ഒരു കാൾ വന്നു, എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയ കാൾ ഞാൻ കട്ട്‌ ചെയ്തു.

ഈ കേസുകളിൽ ഇതു വരെ പ്രതിയെ കണ്ട വിറ്റ്‌നെസ്സ് ഇല്ലാ, ഒരു ഫിംഗർ പ്രിന്റ് പോയിട്ടു ഫൂട്ട് പ്രിന്റ് പോലും ഇല്ലാ. പലപ്പോഴും സീനിയർ ഓഫീസർസ് പറഞ്ഞു കേട്ട ഒരു ഗോഡ് ഗിവൺ എവിഡൻസ് ഈ കേസിൽ ഇല്ലാ. ഞാൻ സഞ്ചരിക്കുന്ന വഴി തെറ്റിപോയൊ എന്ന ചിന്ത എന്നെ അലട്ടുന്നു. നാളെ രണ്ടാമത്തെ ക്രൈമിന്റെ ഫോറെൻസിക്ക്‌ റിപ്പോർട്ട്‌ വരുമ്പോൾ എന്തേലും ക്ലൂ കിട്ടും എന്ന പ്രതീക്ഷയിൽ ആണ് ഞാൻ തിരിച്ചു ഹോട്ടലിൽ ചെന്നത്.

ഹോട്ടലിൽ ചെന്ന് ഒന്നു കുളിച്ചു ഇറങ്ങിയപ്പോൾ ഡോറിൽ ആരോ ശക്തമായി കൊട്ടുന്നത് ഞാൻ കേട്ടു. ആരാ, ചെറിയാൻ ചേട്ടൻ ആണോ എന്ന ചോദ്യത്തിനു ഉത്തരം കിട്ടിയില്ല. എന്റെ കൈ യൂണിഫോം പാന്റിന്റെ സൈഡിൽ നിന്നും IOF .32 റിവോൾവർ എടുത്തു വലം കൈയിൽ ശരീരത്തിന്റെ പുറകിൽ ഒളിപ്പിച്ചു . ഇടം കൈ കൊണ്ട് ഡോറിന്റെ ലോക്ക് തുറന്ന് ഒരു അടി ഞാൻ പുറകോട്ട് മാറി. എന്റെ കൈകൾ ചെറുതായി വിറക്കുന്നുണ്ട് എന്നതായിരുന്നു സത്ത്യം.തുടരും…