വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 7

“മാർത്താണ്ഡൻ..”

തിരുമേനിയുടെ കണ്ണുകൾ വികസിച്ചു.

നെറ്റിയിൽനിന്നും ഒരുതുള്ളി വിയർപ്പ് അടർന്ന് കവിളിലേക്കൊലിച്ചിറങ്ങി.

“അവൻ നിന്നെ സ്പർശിച്ചോ ?..”

ഗൗരിയുടെ മുഖത്തേക്കുനോക്കാതെ കണ്ണുകളടച്ചുകൊണ്ട് ശങ്കരൻതിരുമേനി ചോദിച്ചു.

“ഇല്ല്യാ, പക്ഷെ എന്തോ അയാളാകെ അസ്വസ്ഥനായിരുന്നു.”

“മ്, അറിയാം.”

തിരുമേനി പതിയെ നീലനിറമുള്ള ജലത്തിലേക്കിറങ്ങി.

കൈകുമ്പിൾ തെളിനീരെടുത്ത് തലവഴി പുറകിലേക്കൊഴിച്ചു.

“മുത്തശ്ശനറിയോ അയാളെ ?..”

ഈറനോടെ അവൾ കല്പടവുകളിലേക്ക് കയറിയിരുന്നുകൊണ്ട് ചോദിച്ചു.

“ഉവ്വ്, വർഷങ്ങൾക്കുമുൻപ് ഞാനും മഹാമാന്ത്രികനായ ചന്ദനക്കാവ് കൃഷ്ണമൂർത്തിയും ചേർന്ന് നാടുകടത്തിയതാ.

കന്യകയായ പെൺകുട്ടികളെ വശീകരിച്ചുകൊണ്ടുവരിക, എന്നിട്ട് പൂജാതികർമ്മങ്ങൾ ചെയ്ത് അവന്റെ കാമവെറിക്ക് ഉപയോഗിച്ച ശേഷം തലയിൽ മഞ്ഞൾപൊടിയിട്ട് നാഡിഞരമ്പിനെ ബന്ധിച്ച് ആ ശരീരത്തിൽനിന്നും ജീവനെ പുറത്തെടുക്കുക.”

“ദേവീ..”

ഗൗരി നനഞ്ഞൊട്ടിയ നെഞ്ചിൽ കൈവച്ചുകൊണ്ട് വിളിച്ചു.

“അല്ല മുത്തശ്ശാ, വശീകരണം മന്ത്രവാദത്തിലുള്ളതാണോ?..”

“മ്, അതെ.”

തിരുമേനി പകുതിയോളം കുളത്തിലേക്കിറങ്ങിയിട്ട് പതിയെ ഗൗരിക്ക് സമാന്തരമായി നിന്നു.

തിരുമേനി തുടർന്നു.

“ദുര്‍മന്ത്രവാദവിധികളില്‍ വശ്യപ്രയോഗവും ഉള്‍പ്പെടുന്നുണ്ട്.

വശീകരണം, ആകര്‍ഷണം, മോഹനം എന്നിവ അതിന്റെ ഭാഗമാണ്.

മന്ത്ര-യന്ത്രൗഷധികളുടെ പ്രയോഗം ഇതില്‍ നമുക്ക് കാണാം. ലോകവശ്യം, സര്‍വ്വവശ്യം, രാജവശ്യം, സ്ത്രീവശ്യം, പതിവശ്യം, പുരുഷവശ്യം എന്നിങ്ങനെ വിവിധങ്ങളായ വശ്യ പ്രയോഗങ്ങളുണ്ട്.

ഇതൊക്കെ വശീകരണത്തിൽപ്പെടും.”

പതിയെ തിരുമേനി തെളിനീരുപോലെയുള്ളജലത്തിൽ മുങ്ങിനിവർന്നു.

സ്നാനം കഴിഞ്ഞ് തിരുമേനി ഗൗരിയെയും കൂട്ടി മനയിലേക്ക് ചെന്നു.

അരുണൻ തിരശീലയിട്ടുതുടങ്ങി.

കിഴക്കുഭാഗത്ത് തിങ്കൾ നിലാവെളിച്ചം ചൊരിയാൻ തയ്യാറായിനിന്നു.

അടുത്തുള്ള ശിവക്ഷേത്രത്തിൽനിന്നും ഭക്തിഗാനങ്ങൾ ഒഴുകിയെത്തി ഗൗരിയുടെ കർണ്ണപടത്തിൽ തട്ടിനിന്നു.“ഈ ഭക്തിഗാനം കേൾക്കുന്ന ക്ഷേത്രം അടുത്തണോ മുത്തശ്ശാ ?..”

“മ്, അതെ, നമുക്ക് രാവിലെ പോകാം.”

ഉമ്മറത്തേക്കുകയറി തിരുമേനി കിണ്ടിയിൽ നിന്നും ശുദ്ധജലമെടുത്ത് ഒരുതവണകൂടി കാലുകൾ കഴുകി ശുദ്ധിവരുത്തി.

നേരെച്ചെന്നുകയറിയത് ഇടനാഴി കഴിഞ്ഞുള്ള വലതുഭാഗത്തെ കിഴക്കോട്ടുമുഖമുള്ള പൂജാമുറിയിയിലേക്കായിരുന്നു.

കൂടെച്ചെന്ന ഗൗരി അവിടുത്തെ കാഴ്ച്ചകൾ കണ്ട് അമ്പരന്നു നിന്നു.

നിലത്ത് പട്ടിൽ ഭദ്രകാളിയുടെ വലിയൊരു വിഗ്രഹം. ദേവിയുടെ കാലുകൾ കുങ്കുമംകൊണ്ട് മൂടിയിരിക്കുന്നു.

ചുറ്റിലും ദീപം കൊളുത്തി പൂജാമുറിയെ വർണ്ണാലങ്കാരമാക്കിയിട്ടുണ്ട്.

തിരുമേനി നിലത്ത് പീഠത്തിലിരുന്ന് കൈവിളക്കിൽ തിരിയിട്ടുകത്തിച്ചു.

ശേഷം ദേവിയെ സ്തുതിച്ചുകൊണ്ട് നാമങ്ങളാൽ അഭിഷേകം ചെയ്തു.

പ്രാർത്ഥന കഴിഞ്ഞ് തിരുമേനി അംബികചിറ്റയെ വിളിച്ച് നിലവറയിലെ പരദേവതകൾക്ക് വിളക്ക് തെളിയിക്കുവാൻ കൈവിളക്ക് ചിറ്റയുടെ നേരെ നീട്ടി.

അംബികചിറ്റ വിളക്ക് ഏറ്റുവാങ്ങി ഗൗരിയെയും വിളിച്ച് നിലവറയിലേക്ക് നടന്നു.

അടുക്കള ഭാഗത്തുനിന്ന് അല്പം വലത്തോട്ടുമാറി ചെറിയ ഇടനാഴിയിലൂടെ അവർ മുന്നോട്ടുനടന്നു.

ഓരോ കാൽപാദങ്ങൾ വയ്ക്കുംതോറും അന്ധകാരം ചുറ്റിലും വ്യാപിച്ചുകൊണ്ടിരുന്നു.

“ചിറ്റേ, ന്തൊരു ഇരുട്ടാ “

അംബികചിറ്റയുടെ ഇടതുകൈയിൽ ഗൗരി പിടിമുറുക്കി.

അല്പം നടന്നതിനുശേഷം നിലവറക്ക് സമാന്തരമായി ഒരുവാതിൽ അടഞ്ഞുകിടക്കുന്നതുകണ്ട ഗൗരി ചിറ്റയോട് കാര്യം തിരക്കി.

“മനക്കലിൽ ദുർമരണപ്പെട്ടവരുടെ ആത്മാക്കളെ അച്ഛൻ അടക്കംചെയ്തത് ഈ അറക്കുള്ളിലാ”

ചിറ്റ കൂടെയുണ്ടെങ്കിലും ഭയം അവളെ വേട്ടയാടിയിരുന്നു.

ക്ഷയിച്ചുപോയ വിജാവിരിയുടെ ശബ്ദം

നിലവറയുടെ വാതിൽ തുറന്നപ്പോൾ

നിറഞ്ഞൊഴുകി.

കൈവിളക്കിന്റെ വെളിച്ചത്തിൽ കല്ലുകൊണ്ട് രൂപകൽപന ചെയ്ത് പരദേവതകളെ ഗൗരി പൂർണ്ണമായും കണ്ടു.

എണ്ണക്കറ പിടിച്ച ചിരാതിൽ കൈയിൽകരുതിയ എണ്ണയൊഴിച്ച് തിരിയിട്ടുകത്തിച്ചു.

ഗൗരി ചിറ്റയുടെ പ്രവർത്തനങ്ങൾ കണ്ട് അദ്‌ഭുതപ്പെട്ടുനിന്നു.

“ഹോ, എന്നാലുമെന്റെ ചി….”

പറഞ്ഞു മുഴുവനാക്കാൻ നിൽക്കുമ്പോഴേക്കും അംബികചിറ്റ ഗൗരിയുടെ ആർദ്രമായ ചുണ്ടുകൾ കൈകൊണ്ട് പൊത്തിപ്പിടിച്ചു.

“ശ്………….”മിണ്ടാരുതെന്ന് ആംഗ്യം കാണിച്ചുണ്ട് അവർ അല്പനേരം കണ്ണുകളടച്ചു നിന്നു.

ചുറ്റിലും നോക്കിയ ഗൗരിക്ക് അവളുടെ ഹൃദയമിടിപ്പിന്റെ ശബ്ദം പുറത്തേക്ക് കേൾക്കാമായിരുന്നു.

“തിരിഞ്ഞുനോക്കാതെ വാ മോളേ…”

കണ്ണുകൾ തുറന്ന് ചിറ്റ ഗൗരിയുടെ ചെവിൽ പതിയെ പറഞ്ഞു.

വിളക്കിന്റെ മഞ്ഞവെളിച്ചതിൽ ചിറ്റ നിലവറയുടെ വാതിൽ അഴിയിട്ടുപൂട്ടി.

കൈവിളക്കും പിടിച്ചുകൊണ്ട് ചിറ്റ മുന്നിൽ നടന്നു.

പിന്നിൽ ആരൊക്കെയോ നിലവിളിക്കുന്ന ആ ശബ്ദം കേട്ടയുടനെ അംബികചിറ്റ ഗൗരിയുടെ കൈയുംപിടിച്ച് വേഗത്തിൽ നടന്നു.

തിരിഞ്ഞുനോക്കിയ ഗൗരി അന്ധകാരത്തിൽ ആരൊക്കെയോ കൈകാലുകളിട്ടടിച്ച് നിലവിളിച്ചു കരയുന്നതുപോലെ തോന്നി.

“ചിറ്റേ..വിട്, ആരോ അവിടെ ?..”

ഗൗരി തന്റെ കൈകൾ ബലമായി കുടഞ്ഞു.

അപ്പോഴേക്കും അവർ ഇടനാഴികയിലെത്തിയിരുന്നു.

നിലാവെളിച്ചം കിളിവാതിലിലൂടെ അകത്തേക്കുകടന്നുവന്നു.

“ഹും, ”

ചിറ്റയുടെ കൈവിട്ട് ഗൗരി ദേഷ്യത്തോടെ ഉമ്മറത്തേക്കുനടന്നു..

“മുത്തശ്ശാ..”

ഉമ്മറത്തിണ്ണയിൽ ഇരിക്കുകയായിരുന്ന തിരുമേനിയെ ഗൗരി നീട്ടിവിളിച്ചു.

“എന്താ മോളേ?”

ചാരുകസേരയിൽ ഇരുന്നുകൊണ്ട് അദ്ദേഹം ചോദിച്ചു.

“അവിടെ, നിലവറക്കുള്ളിൽ ആരോ കരയുന്നു.”

“അവിടെയൊന്നുല്ല്യാ കുട്ട്യേ, നിനക്ക് തോന്നിതാകും”

തിരുമേനി അവളെ പറഞ്ഞു സമാധാനിപ്പിച്ചു.

“അല്ല..! ഞാൻ കേട്ടു.”

അതിനെക്കുറിച്ച് കൂടുതലൊന്നും പറയാതിരിക്കാൻ തിരുമേനി അവൾ ഫോണിലൂടെ വിളിച്ചുചോദിച്ച കാര്യത്തെ കുറിച്ചു ചോദിച്ചു.

അപ്പോളാണ് താൻ മുൻപുകണ്ട കറുത്തരൂപത്തെകുറിച്ച് ഗൗരി ഓർത്തെടുത്തത്.