ഓര്‍മ്മ മരങ്ങള്‍

ഉമ്മറത്തിനോട് ചേര്‍ന്നുളള നീളന്‍ വരാന്തയുടെ തെക്കേയറ്റത്തിട്ടിരിക്കുന്ന നൂലെഴിച്ച ചാരുകസേരയില്‍ നോക്കെത്താ ദൂരത്തോളം തിരിഞ്ഞ് മറിഞ്ഞ് കിടക്കുന്ന നാട്ടുവഴികളിലേയ്ക്ക് കണ്ണഴിച്ച് വിട്ട് രാഘവന്‍ മാഷ് കിടന്നു. വരാന്തയിലെ പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന വെളിച്ചം തറയിലും ഭിത്തിയിലും വരയ്ക്കുന്ന നിഴല്‍ ചിത്രങ്ങളെ അയാള്‍ ശ്രദ്ധിച്ചില്ല. താഴേ തൊടിയില് കൊണ്ടെക്കെട്ടിയ ക്ടാവിന്‍റെ കരച്ചില്‍ പോലും കാതുകളിലൂടെ കയറിയിറങ്ങി പോകുന്നത് അയാളറിഞ്ഞില്ല. അപ്പോഴും വടക്കേ തൊടിയിലെ കല്‍ക്കെട്ടിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഞാവലില്‍ നിന്നും പാകമെത്തിയ ഞാവല്‍ പഴങ്ങള്‍ പൊഴിഞ്ഞ് വീണുകൊണ്ടിരുന്നു. വായനയ്ക്ക് ശേഷം നെഞ്ചോട് ചേര്‍ത്ത് വെച്ച ഇന്‍ലെന്‍റിന്‍റെ ഇളംനീല മേനിയില്‍ പച്ച കുത്തിയ അക്ഷരങ്ങള്‍ കണ്ണില്‍ നിന്നും മായാതെ നില്‍ക്കുന്നതായി തോന്നി രാഘവന്‍ മാഷിന്. മനസ്സ് ഓര്‍മ്മകളുടെ കോണിപ്പടിയേറി തുടങ്ങുന്നത് മാഷറിഞ്ഞു. വീണ്ടും വീണ്ടും വര്‍ഷങ്ങളോളം അ്ഷരങ്ങള്‍ തടഞ്ഞ് മങ്ങിയ കണ്ണടയുടെ ചില്ലുകളിലൂടെ കുഞ്ഞുണ്ണിയെഴുതിയ വരികള്‍ മാഷ് തപ്പി തടഞ്ഞ് വായിച്ചെടുത്തു. ഇനിയും കുഞ്ഞുണ്ണിയുടെ കത്തുകള്‍ തന്നെ തേടി വരില്ല, കുഞ്ഞമ്മിണിയുടെ വിശേഷങ്ങള്‍ തന്നെ തേടി വരില്ല…..

‘കുഞ്ഞമ്മിണി’ അവള്‍ തനിക്കെന്നും കുഞ്ചുവായിരുന്നു. ചെറുപ്പം മുതല്‍ ഒപ്പം കളിച്ച് വളര്‍ന്നവള്‍. പുഴയോരത്തും കളിത്തട്ടിലും തന്‍റെ അണിവിരല്‍ തൂങ്ങി നടന്നവള്‍. കണ്ണ് തുറക്കാത്ത കുന്നിക്കുരുവാണ് മഞ്ചാടിക്കുരുവെന്ന് പറഞ്ഞ് കുഞ്ചുവിനെ കളിപ്പിച്ച് തന്‍റെ കൈയ്യിലെ മഞ്ചാടി മണികള്‍ നല്‍കി അവളുടെ കൈയ്യിലെ കുന്നിക്കുരുക്കൂട്ടം പലപ്പോഴും താന്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസം കഴിയുമ്പൊ അവള്‍ വരും. ”കുന്നിക്കുരുക്കുഞ്ഞ് ഇത് വരെ കണ്ണ് തുറന്നില്ല ചേട്ടൂ” എന്ന പരിഭവത്തോടെ. ചൂടേറ്റ് അതിന്‍റെ ജീവന്‍ വെടിഞ്ഞിട്ടുണ്ടാവുമെന്ന് പറഞ്ഞ് താനാശ്വസിപ്പിക്കും അപ്പൊ. അങ്ങനെയെത്രയോ നിഷ്കളങ്കമായ നിമിഷങ്ങള്‍. കാല പ്രയാണത്തിന്‍റെ ഏതൊക്കെയോ കോണില്‍ അവളോടുളള ഇഷ്ട്ടം ചിലപ്പോഴൊക്കെ ഒരു ഗുല്‍മോഹറായി മനസ്സില്‍ ഉടലെടുത്തിട്ടുണ്ട്. അപ്പോഴൊക്കെ അത് താന്‍ തന്നെ നുളളിയെറിഞ്ഞിട്ടുമുണ്ട്….

കലാലയ ജീവിതത്തിന്‍റെ ഉള്‍ച്ചുഴികളില്‍ പെട്ട് വീടെത്തതിരുന്ന കാലങ്ങളിലാണ് തന്നിലെ സഖാവിനെ തേടി ‘നൈലാ ഹസ്സന്‍’ എന്ന ജൂനിയര്‍ പെണ്‍കുട്ടിയെത്തുന്നത്. കലാലയത്തിന്‍റെ പച്ചത്തളിര്‍പ്പില്‍ ദൃഢമായ സൗഹൃദം പ്രണയത്തിലേയ്ക്ക് വഴി മാറാന്‍

അധികം കാലമൊന്നും വേണ്ടി വന്നില്ല. കലാലയ രാഷ്ട്രീയത്തിന്‍റെ സമര മുഖങ്ങളിലെന്നോ ജ്വലിച്ച് നിന്ന തന്‍റെ വ്യക്തിത്വത്തിന്‍റെ സംരക്ഷണം മാത്രമായിരുന്നു അവളുടെ ലക്ഷ്യം എന്നത് തിരിച്ചറിയാന്‍ പിന്നേയും കാലമേറെയെടുത്തു. പക്ഷെ ആത്മാര്‍ത്ഥ പ്രണയത്തിന്‍റെ ഉളളറകളിലേയ്ക്കെവിടെയോ താനപ്പോഴേയ്ക്കും വീണ് പോയിരുന്നു…

കലാലയ ജീവിതം അവസാനിച്ചതോടെ തറവാടിന്‍റെ നടുത്തളത്തിലെ മുല്ലപ്പന്തലിന് കീഴിലെ ചാരു കസേരയിലും, ഒറ്റമുറിയിലും പുസ്തകങ്ങളുമായി താന്‍ ബന്ധിക്കപ്പെട്ടു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരു തരം ഒളിച്ചോട്ടം. ഓര്‍മ്മകളില്‍ നിന്നും, മനസ്സ് പെട്ട് പോയ പ്രണയത്തിന്‍റെ ആഴമേറിയ മുറിവില്‍ നിന്നും എല്ലാത്തില്‍ നിന്നുമുളള ഒളിച്ചോട്ടം. വായിച്ച് കൂട്ടിയ പുസ്തകങ്ങളില്‍ ഒന്നിന്‍റെ പോലും ഉളളടക്കങ്ങള്‍ ഇന്നും തനിക്കോര്‍മ്മയില്ല. നഷ്ട്ട പ്രണയത്തിന്‍റെ ദുരന്ത നായകന്‍ ആ ഓര്‍മ്മകളുടെ കാവല്‍ക്കാരനും കൂടിയാണെന്ന് ചങ്ങാതിമാരിലാരൊക്കെയോ കളിയാക്കിയപ്പോഴും തന്‍റെ ആത്മാര്‍ത്ഥ പ്രണയത്തെയോര്‍ത്ത് താന്‍ ദുഃഖിച്ചില്ല….

അച്ഛന്‍റെ പണവും സ്വാധീനവും നേടി തന്ന അദ്ധ്യാപക വേഷത്തിലും പിടിച്ച് നില്‍ക്കാനായില്ല തനിക്ക്. പേരിനൊപ്പം ‘മാഷെന്ന’ പ്രയോഗം ചേര്‍ത്ത് കിട്ടി എന്നല്ലാതെ ആ അന്തരീക്ഷത്തിനും തന്നെ മാറ്റാനായില്ല. അതോടെ അച്ഛന്‍ തന്നോട് സംസാരിക്കാതെയായി. അച്ഛന്‍റെ മരണത്തിന്‍റെ അവസാന നാളുകള്‍ വരെ തുടര്‍ന്ന മൗനം. അച്ഛന്‍റെ മരണ ശേഷം അമ്മയും അമ്മാവനും ചേര്‍ന്നാണ് കുഞ്ചുവിനെ തനിക്ക് കല്യാണമാലോചിച്ചത്. കുട്ടിക്കാലം മുതല്‍ ഒരുമിച്ച് കളിച്ച് വളര്‍ന്നവര്‍, പരസ്പരം തിരിച്ചറിഞ്ഞവര്‍ ഇതൊക്കെയായിരുന്നു അമ്മയുടെയും അമ്മാവന്‍റെയും ധാരണ. പക്ഷെ അവരുടെയൊക്കെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണ് ഇത് നടക്കില്ല എന്ന് താന്‍ തുറന്നടിച്ചത്….

അന്ന് രാത്രി തന്നെ ആരോടും പറയാെ തെങ്കാശിയ്ക്ക് വണ്ടി കയറി. വീടുമായി യാതോരു ബന്ധവുമില്ലാതെ മൂന്ന് മാസങ്ങള്‍. ഒരു വിഷുവിന്‍റെ തലേന്നാണ് തിരിച്ച് തറവാട്ടിലെത്തിയത്. പിറ്റേന്ന് കാലത്ത് എല്ലാക്കൊല്ലത്തെയും പതിവ് പോലെ കുഞ്ചു വീട്ടില്‍ വന്നു. അമ്മയുടെയും തന്‍റെയും കൈ നീട്ടം വാങ്ങാന്‍. അടുത്ത കൊല്ലം കൈനീട്ടം തരണമെങ്കില്‍ അങ്ങ് കെട്ട്യോന്‍റെ വീട്ടിലേയ്ക്ക് വരേണമെന്നും തമാശയായി നേര്‍ത്ത വേദനയോടെയവള്‍ പറഞ്ഞു. അമ്മ വിളമ്പി തന്ന ഇഡ്ഢലിയും അവല് വിളയിച്ചതും കഴിച്ച് അവള്‍ക്കൊപ്പം വടക്കേത്തൊടിയിലെ കല്‍ക്കെട്ടിലിരിക്കുമ്പൊ രണ്ട് പേര്‍ക്കുമിടയില്‍ നേര്‍ത്ത നിശ്വാസങ്ങളുടെ ബന്ധമേയുണ്ടായിരുന്നുളളു. പരസ്പരം ഒന്നും സംസാരിക്കാന്‍ കഴിയാതെ നിശ്വാസങ്ങളുടെ പിരിമുറുക്കത്തില്‍