Kambikathakal ഇതൾ കൊഴിഞ്ഞൊരു നിശാഗന്ധി – 1

എല്ലാം കേട്ടുകൊണ്ട് മൗനമായി നിന്ന അരുണിനോടായി നന്ദന ഒരിക്കൽ കൂടി ചോദിച്ചു…

പറ അരുണേട്ടാ, കഴിഞ്ഞ മൂന്ന് വർഷങ്ങൾ എന്നെ ഇത്രയധികം സ്നേഹിചിച്ചിട്ടു പെട്ടന്നൊരു ദിവസം എല്ലാം വേണ്ടെന്ന് വെക്കാനെന്തുണ്ടായി..??

ഒരുമിച്ചുള്ള ജീവിതമൊരുപാട് ആശിച്ചു പോയി അരുണേട്ടാ..

ഇങ്ങനെ പിരിയാനായിരുന്നെങ്കിൽ എന്തിനാ അരുണേട്ടാ എന്നെ ഇത്ര സ്നേഹിച്ചത്????

വിറയാർന്ന ചുണ്ടുകളോടെ അത്ര നേരം അടക്കി പിടിച്ച മനസ്സിന്റെ വേദനകളൊന്നൊന്നായി പറഞ്ഞുകൊണ്ടവൾ കൈകൾ മുഖത്തേക്ക് ചേർത്തുപിടിച്ചു വിങ്ങിപ്പൊട്ടുമ്പോൾ,കരിമഷിയെ ഭേദിച്ച് കൊണ്ട് കണ്ണുനീർ കണങ്ങൾ ഒഴുകിക്കൊണ്ടേയിരുന്നു..

അരുണിന്റെ കണ്ണിലെവിടെയോ നനവ് പടർന്നിരുന്നു, അവളെ നെഞ്ചോട് ചേർത്തുപിടിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഹൃദയം പിളരുന്ന വേദനയോടെ കാണാത്ത ഭാവത്തിൽ കണ്ണ് മറ്റെവിടേക്കോ പായിച്ചിരുന്നു..

“മാറ്റങ്ങൾ അനിവാര്യമാണ് നന്ദു..നന്ദുവിന്റെ മനസ്സിലെ ആ സ്നേഹമുള്ള അരുണേട്ടൻ മരിച്ചു…”

എന്ന് മാത്രം പറഞ്ഞു അരുൺ നടന്നകലുമ്പോൾ നന്ദനയുടെ മനസ്സാകെ അവരുടെ പ്രണയകാലോർമ്മകൾ തിങ്ങി നിറഞ്ഞിരുന്നു..

‘അമ്മ പല ആവർത്തി പറഞ്ഞതാണ്, ഇത്രയധികം സ്വത്തും തറവാട്ട് മഹിമയുമുള്ള അരുണിനോടുള്ള അടുപ്പം നന്നല്ലെന്നു..
‘അങ്ങനെ പറയുമ്പോഴെല്ലാം, ദഹിപ്പിച്ചു കളയത്തക്ക നിലയിൽ ഒരു നോട്ടം മതിയായിരുന്നു അമ്മയുടെ വാക്കുകൾക്ക് വിരാമം കുറിക്കാൻ..

ഒരിക്കൽ പോലും വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ സ്പര്ശനം കൊണ്ടോ അരുണേട്ടന്റെ പ്രണയ തീവ്രത എന്നിൽ അടിച്ചേൽപിച്ചിരുന്നില്ല, സ്നേഹിക്കാൻ മാത്രം അറിയുന്നൊരാളെ കാരണമില്ലാതെ കുറ്റപ്പെടുത്താൻ എനിക്ക് കഴിയുമായിരുന്നില്ല എന്നിട്ടുമെന്തേ അരുണേട്ടനിങ്ങനെ എന്നുള്ള ചിന്ത നന്ദനയെ തളർത്തിയിരുന്നു..

അരുണിന്റെ വിളിയോ മെസേജോ പ്രതീക്ഷീച്ചു മുമ്പത്തേക്കാളധികം ഫോണിൽ മാത്രമായിരുന്നു അവളുടെ കണ്ണുകളും മനസ്സും തളച്ചിടപ്പെട്ടത്..

ദിവസങ്ങളൊന്നൊന്നായി കൊഴിഞ്ഞുപോകുമ്പോൾ തിരിനാളം അണഞ്ഞ വിളക്കുപോലെ നന്ദനയുടെ മൂകത ആ വീട്ടിലാകെ നിശബ്ദത അധികാരിപ്പിച്ചിരുന്നു..

“നന്ദു.. എനിക്ക് ആ കൊച്ചനോടിപ്പോ ചെറിയ ഒരിഷ്ടം തോന്നിത്തുടങ്ങിയിരിക്കുന്നു,അച്ഛനോട് കാര്യം ഞാൻ അവതരിപ്പിച്ചോളാം..”

“അമ്മ ഇതാരുടെ കാര്യാ ഈ പറയണത്..ആകാംക്ഷയും അതിലേറെ ഗൗരവത്തോടെയുമാണ് നന്ദന ചോദ്യ ശരമെറിഞ്ഞത്..”

അരുണിന്റെ കാര്യം തന്നാ..വാതയിലെ സുഭദ്ര, പൂക്കോട്ടൂരിലെ ശോഭന, നമ്മുടെ അയ്മുക്ക ഇവരൊക്കെ കിടപ്പാടം പോലുമില്ലാതെ വല്ലാത്തൊരു ദുരിത ജീവിതമായിരുന്നു ആ കൊച്ചനവർക്കെല്ലാം വീട് വെക്കാൻ പണം നല്കിയത്രേ…

കാരുണ്യ പ്രവർത്തിയിലൂടെ സൽപ്പേര് സമ്പാദിച്ചു പുതിയ ബന്ധങ്ങൾ തേടി പോവനാണോ അരുണേട്ടനവസാന കാഴ്ച്ചയിൽ സൂചിപ്പിച്ച മാറ്റങ്ങളുടെ അർഥമെന്ന നിലയിൽ വീണ്ടും നന്ദനയുടെ ചിന്തകൾ കാടുകയറിയിരുന്നു..

അമ്മേ.. ഈ ബന്ധം എനിക്കിനി വേണ്ട…!!!

മറുചോദ്യങ്ങൾക്കോ മറുപടിക്കോ നിൽക്കാതെ നന്ദന തിരിഞ്ഞു നടക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…

ഒരിക്കൽ കൂടി അരുണിന് മുന്നിൽ നിൽക്കാൻ അവസാന കാഴ്ചയിൽ നിന്ന് നാലു മാസം നന്ദനയ്ക്ക് കാത്തിരിക്കേണ്ടി വന്നു….

ചോദ്യങ്ങളൊരുപാട് ചോദിയ്ക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഒന്നിനുമാകാതെ ഉള്ളു പൊള്ളുന്ന വേദനയിൽ മുഖത്‌ കൃതൃമ ചിരിയോടെ നന്ദന അരുണിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..

” അറിവിലേക്കും അക്ഷരത്തിലേക്കും സമരത്തിലേക്കും പിന്നെ പ്രണയത്തിലേക്കും നടന്നടുത്ത ആ പഴയ കലാലയ ഓർമ്മകൾ മനസ്സിൽ നിറഞ്ഞപ്പോൾ നന്ദുവിനെ ഒരിക്കൽ കൂടി കാണണമെന്ന് ആശിച്ചു, നേരിൽ കണ്ട് യാത്ര ചോദിക്കണമെന്ന് കരുതി…”

യാത്രയോ!!! എന്ന ചോദ്യ ഭാവത്തിൽ അവൾ മുഖമൊന്നുയർത്തി

ഒരു ചെറു പുസ്തകം നന്ദനയിലേക്ക് നീട്ടി..

“ഈ പുസ്തകം നീ ഒന്ന് വായിക്കണം..”
എന്ന് മാത്രം പറഞ്ഞു അരുൺ തിരികെ നടക്കുമ്പോൾ…

“ഞാനിപ്പോ മരിച്ചു ജീവിക്കുന്നത് ഒരു തവണയെങ്കിലും അരുണേട്ടനോന്നു ചിന്തിക്കുമെന്ന് ആശിച്ചു പോയിട്ടുണ്ട്….” നിറമിഴികളോടെ നന്ദന വിധിയെ പഴിച്ചു കൊണ്ടേയിരുന്നു..

പ്രാണനായി സ്നേഹിച്ചവളോട് ഇനിയൊരിക്കലും കാണാൻ ആഗ്രഹമില്ലെന്ന നിലയിൽ യാത്ര പറയുമ്പോൾ..
” ഈ അരുൺ ദുഷ്ടനല്ല നന്ദു” എന്നോരായിരം തവണ പറയാൻ ആഗ്രഹിച്ചപ്പോഴും മനസ്സനുവദിക്കാതെ അവൻ നടന്നകന്നു..

വിരഹം തീർത്ത വേദനയിൽ തന്റെ കണ്ണീരിനു മുന്നിൽ മനസ്സലിയാതെ പോയ കാത്തിരിപ്പിനു മുന്നിൽ മുഖം തിരിഞ്ഞു നിൽക്കുന്ന അരുണിനെ മെല്ലെ അവൾ മറന്ന് തുടങ്ങിയിരുന്നു…

കാലത്തിന്റെ ഗതി ചക്രം തിരിയുമ്പോൾ ഇന്ന് നന്ദന സിദ്ധാർത്ഥിന്റെ ഭാര്യയാണ്, നയന മോളുടെ അമ്മയാണ്, ഭൂതകാലോർമ്മകളിലേക്ക് എത്തിനോക്കാറില്ലെങ്കിലും, ഉത്തരം കിട്ടാതെ പോയൊരു ചോദ്യ ചിഹ്നമായി മനസ്സിലെവിടെയോ അരുണിന്റെ മുഖം തെളിയാറുണ്ടായിരുന്നു..

(തുടരും)