തിരുവട്ടൂർ കോവിലകം 7

തിരുവട്ടൂർ കോവിലകം 7
Story Name : Thiruvattoor Kovilakam Part 7

Author : വിശ്വനാഥൻ ഷൊർണ്ണൂർ

Read from beginning

കോവിലകത്ത് നിന്നും പുറപ്പെട്ട കാർ ഇരുട്ടിനെ കീറി മുറച്ച് ഏകദേശം രണ്ട് കിലോമീറ്റര്‍ പിന്നിട്ടു.
വിരസതയകറ്റാൻ കാറിലെ സ്റ്റീരിയോ ഓൺ ചെയ്തു.
ഗുലാം അലി പാടി തുടങ്ങി..

“ഹം തെരേ ശെഹേർ മേ ആയെ ഹേ
മുസാഫിർ കി തരഹ്..
സിർഫ്‌ ഏക്‌ ബാർ മുലാകാത്ത് കെ
മൌകാ ദേദെ….”

സ്റ്റിയറിങ്ങിൽ താളം പിടിച്ച് പാട്ടിന്റെ ഒഴുക്കിനനുസരിച്ച് വളരെ പതിയെ വണ്ടിയെ മുന്നോട്ടേക്ക് നയിച്ചു.
കുറച്ച് ദൂരം കൂടി പിന്നിട്ടതും കാർ ആൾത്താമസം ഇല്ലാത്ത ഒരു വനപ്രദേശത്ത് എത്തിപ്പെട്ടു.

പെട്ടെന്ന് പാടിക്കൊണ്ടിരുന്ന സ്റ്റീരിയോ തനിയെ ഓഫായി . ഓടിക്കൊണ്ടിരുന്ന കാറിന്റെ ഹെഡ് ലൈറ്റുകൾ ഓഫായി ഒരു മുരൾച്ചയോടെ വണ്ടി നിന്നു.
പിന്നീട് എത്ര ശ്രമിച്ചിട്ടും വണ്ടി സ്റ്റാർട്ട്‌ ആയതെയില്ല.

ബോണറ്റ് പൊക്കാനുള്ള ലിവർ താഴ്ത്തി വണ്ടിയിൽ നിന്നും ഇറങ്ങാൻ നേരം,
പെട്ടെന്ന് സുകുവിന്റെ പിൻ കഴുത്തിലൂടെ
ഇരുകൈകൾ കൊണ്ട് ആരോ അമർത്തി ചുറ്റിപ്പിടിച്ചതായി സുകുവിന് അനുഭവപ്പെട്ടു. തിരിഞ്ഞു നോക്കാനുള്ള ശ്രമം പാഴായി പോയെങ്കിലും മുന്നില് ഘടിപ്പിച്ച ഗ്ലാസ്സിലൂടെ ആ രൂപം കണ്ട് സുകു പേടിച്ച് നിലവിളിച്ചു .

കറുത്ത് തടിച്ച ഒരു രൂപം . കണ്ണുകളുടെ സ്ഥാനത്ത് പഴുത്തൊലിക്കുന്ന രണ്ട് ഗോളങ്ങൾ, സർപ്പത്തിന്റേത് പോലേ അറ്റം പിളർന്ന നാക്ക് , പുറത്തേക്ക് ഇറങ്ങി നിൽക്കുന്ന കോമ്പല്ലുകൾ . വളർന്നു നിൽക്കുന്ന നഖങ്ങൾ .

ഭീകര രൂപത്തെ കണ്ട സുകു നിലവിളിച്ചു കൊണ്ട് തിടുക്കത്തിൽ എങ്ങിനെയോ കഴുത്തിലെ പിടി വിടുവിച്ച് കൊണ്ട് കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി എങ്ങോട്ടെന്നില്ലാതെ ഓടാൻ തുടങ്ങി . ലൈറ്റുകൾ തെളിയിച്ച് ഡ്രൈവര്‍ ഇല്ലാതെ ആ കാറും സുകുവിന്റെ പിറകേ അതേ വേഗത്തിൽ പാഞ്ഞു പുറകിലേക്ക് തിരഞ്ഞു നോക്കിക്കൊണ്ട് ഓടിയിരുന്ന സുകു പെട്ടന്ന് എന്തിലോ തട്ടി റോഡിലേക്ക്
മലർന്നടിച്ചു വീണു.

മുഖമുയർത്തി നോക്കിയ സുകുവിന്റെ ഉള്ളില്‍ നിന്നും വന്ന നിലവിളി തൊണ്ട കുഴിയിൽ കുടുങ്ങി നിന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.
മുന്നില്‍ തിളങ്ങുന്ന കണ്ണുകളും അഴിഞ്ഞു വീണ കേശഭാരവും ചോരയൊലിക്കുന്ന ദ്രംഷ്ടകളുമായി ഒരു സ്ത്രീ രൂപം .

ആ സ്ത്രീ രൂപം അവനെ ഒരു കയ്യില്‍ തൂക്കിയെടുത്ത് ദിഗന്ധങ്ങൾ പിളരുമാറുച്ചത്തിൽ അട്ടഹസിച്ചു. എന്നിട്ടവനെ അടുത്ത് കണ്ട മരച്ചുവട്ടിലേക്ക് വലിച്ചെറിഞ്ഞു.
എന്നിട്ടും അരിശം തീരാതെ തീ തുപ്പിക്കൊണ്ടവൾ അവന്റെ അടുത്ത് ചെന്ന് അവനെ നോക്കി ഭയാനകമായ ശബ്ദത്തില്‍ മുരണ്ടു.

തൊട്ടു മുന്നിലെ മരത്തിന്റെ ഏറ്റവും ഉയർന്ന കൊമ്പിലേക്കവൾ
തുറിച്ചു നോക്കിയപ്പോൾ
ആ കൊമ്പിൽ നിന്നും ഒരു കാട്ടുവള്ളി തനിയേ താഴോട്ടിറങ്ങി വന്ന് സുകുവിന്റെ കഴുത്തില്‍ കുരുങ്ങി . കുരുക്ക് ഊരിമാറ്റാൻ സുകു ഒരു വിഫല ശ്രമം നടത്തി . അവന്റെ പരവശം കണ്ടപ്പോള്‍ അവള്‍ കൂടുതല്‍ കൂടുതല്‍ ഉച്ചത്തില്‍ ചിരിച്ചു കൊണ്ടിരുന്നു .

പിന്നെ അവള്‍ മുരണ്ട് കൊണ്ട് വീണ്ടും മുകളിലേക്ക് നോക്കി, ആ നോട്ടത്തിൽ കാട്ടുവള്ളി സുകുവിനേയും കൊണ്ട് മേലോട്ട് ഉയര്‍ന്നു . ഉയരും തോറും സുകു കാലുകളിട്ടടിക്കാൻ തുടങ്ങി ഒരാള്‍ പൊക്കത്തിൽ ഉയർന്നപ്പോൾ കാട്ടു വള്ളി നിശ്ചലമായി . വായുവില്‍ തൂങ്ങി നിന്ന സുകു ജീവനു വേണ്ടി പിടഞ്ഞു കൊണ്ടിരുന്നു .

അവസാനം കണ്ണുകള്‍ പുറത്തേക്ക് തള്ളി നാവ് കടിച്ച്പിടിച്ച്
തുടകൾ മാന്തിപ്പൊളിച്ച് നിശ്ചലമായി .
നാവിലൂടെ ചോരയും ഉമിനീരും ഒലിച്ചിറങ്ങി. തൂങ്ങിക്കിടക്കുന്ന സുകുവിനേ നോക്കി പൊട്ടിച്ചിരിച്ച് കൊണ്ട് ഒടുങ്ങാത്ത പകയുമായി ആ രൂപം ഇരുളിന്റെ ഇടനാഴിയിലേക്ക്‌ ഊളിയിട്ടു.

ഈ സമയം ഇതൊന്നും അറിയാതെ കോവിലകം ശാന്തമായ ഉറക്കത്തിലായിരുന്നു.
പുലർക്കാലത്ത് എപ്പഴോ എയര്‍പോർട്ടിലേക്ക് കാർ അയച്ചില്ലേ എന്ന് ചോദിച്ചു കൊണ്ട് ശ്യാം വിളിച്ചപ്പോഴാണ് അവന്തിക ഉറക്കമുണർന്നത്.

“സുകു വന്നിട്ടുണ്ടല്ലോ ശ്യാമേട്ടാ “

“ഇവിടെ എത്തിയിട്ടില്ല വിളിച്ചിട്ട് കിട്ടുന്നില്ല”

“പിന്നെ എവിടെ പോയി”

“എനിക്ക് എങ്ങനെ അറിയാനാ, ഞാന്‍ ഏതായാലും ടാക്സി വിളിച്ചു വരാണ്”

ഫോണ്‍ വെച്ച ശേഷം അവന്തികയുടെ ചിന്ത മുഴുവന്‍ സുകു എങ്ങോട്ട് പോയി എന്നതായിരുന്നു .

അവന്തിക താഴേക്കിറങ്ങി ചെന്ന് മേനോനോട് കാര്യം പറഞ്ഞു .

“വല്ല അപകടവും സംഭവിച്ചതായിരിക്കുമോ”
“ആകെ അനർത്ഥങ്ങളാണല്ലോ മോളേ”

മേനോന്റെ സംസാരം ഒരു ജ്യോത്സ്യനെ കാണുന്നതിലേക്ക് കടന്നു .

അവന്തിക അവിടുന്ന് അടുക്കളയിലേക്ക് നടന്നു പോയി .
ഈ സമയം കോവിലകത്തേക്ക് ശ്യാം വന്ന ടാക്സി കാർ വന്നു നിന്നു . ടാക്സി ഇറങ്ങി ശ്യാം പൂമുഖത്തേക്ക് കയറിയപ്പോള്‍ അങ്ങോട്ട് കടന്നു വന്ന മേനോന്‍ പറഞ്ഞു

“മോൻ കുളിച്ച് ഫ്രഷ് ആയിട്ട് വാ …
കുറച്ച് സംസാരിക്കാനുണ്ട് “

“ശരി, അച്ഛാ എന്ന് പറഞ്ഞു അകത്തേക്ക് പോയി.

പെട്ടന്നാണ് കോവിലകത്തേക്ക് ഒരാള്‍ ഓടിക്കിതെച്ചെത്തിയത്
അയാള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് മേനോന്‍ തലയില്‍ കൈവെച്ച്

“ദേവീ മഹാമായെ എന്തിനാണ് ഇങ്ങനെ പരീക്ഷിക്കുന്നത് ” എന്ന് പറഞ്ഞ് ഉമ്മറപ്പടിയിൽ തരിച്ചിരുന്നുകൊണ്ട്
മോനേ ശ്യാം എന്നുറക്കെ വിളിച്ചു.

ആഗതൻ പറഞ്ഞു പോയ കാര്യങ്ങള്‍ കേട്ട ശ്യാം സുന്ദർ അവിടെ കിടന്ന മറ്റൊരു കാർ എടുത്ത് പുറത്തേക്ക് പോയി .

ശ്യാമിന്റെ കാർ ചെന്നു നിന്നത് സുകുവിന്റെ ബോഡി തൂങ്ങി കിടന്ന മരച്ചുവട്ടിലായിരുന്നു. അവിടെ ഇൻക്വസ്റ്റ് തെയ്യാറാക്കി കൊണ്ട് പോലീസുകാർ നില്പുണ്ട് ശ്യാം എസ് ഐ യോട് കാര്യങ്ങളൊക്കെ പറഞ്ഞു. എന്നിട്ട് ബ്രോക്കർ കുഞ്ഞപ്പന്റെ വീട് ലക്ഷ്യമാക്കി പോയി കുറേ അന്വേഷണങ്ങൾക്കിടയിൽ അവസാനം കുഞ്ഞപ്പന്റെ വീട് കണ്ടെത്തി .

ആ വീട്ടിലേക്ക് കയറിയ ശ്യാം അടഞ്ഞു കിടക്കുന്ന വീടിന്റെ കതകിൽ രണ്ട് മൂന്ന് തവണ മുട്ടി . കുറച്ച് കഴിഞ്ഞപ്പോള്‍ അപ്പുറത്ത് നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു ചോദിച്ചു .

“ആരാ?

“കുറച്ച് ദൂരേന്നാ … കുഞ്ഞപ്പന്റെ വീടല്ലേ ഇത് ?

“അതേ ……. പിന്നീട് ആ സ്ത്രീ പറഞ്ഞ വാക്കുകള്‍ കേട്ട് ശ്യാം സുന്ദർ ഞെട്ടിത്തരിച്ചവിടെ ഇരുന്നു പോയി ….!

(തുടരും………)