പഴുതാരകള്‍ വന്നിറങ്ങുന്നു

പുരുഷോത്തമന്‍ നായര്‍ , അയാളൊരു മാതൃകാ പുരുഷനായിരുന്നു. ഓഫീസ് മേധാവികള്‍ പലരും പലപ്പോഴും അയാളെക്കുറിച്ച് മറ്റു പലരോടും പറയാറുണ്ട്. “ദേ നോക്കിയേ പുരുഷോത്തമന്‍ നായരെ പോലെയായിരിക്കണം. ഓഫീസിലെത്തിയാല്‍ ഒന്ന് തുമ്മണമെങ്കില്‍ പോലും ചായ കുടിക്കുമ്പോഴോ ഭക്ഷണം കഴിക്കുമോഴോ ആയിരിക്കും. ജോലിയിലാണെങ്കിലോ.. കിറുകൃത്യം…”

കൃത്യ സമയത്ത് ഓഫീസില്‍ വരികയും അധിക ജോലികളുണ്ടെങ്കില്‍ അതും കൂടി ചെയ്ത് തീര്ത്തിട്ടേ അയാള്‍ വീടിനെ കുറിച്ച് ചിന്തിക്കുക പോലുമുള്ളു. അതു കൊണ്ട് തന്നെ അയാളുടെ മേശപ്പുറത്ത് ചുവപ്പ് നാടകളുടേ കൂമ്പാരങ്ങളുമില്ല. ചൂട് വെള്ളം നിറച്ച നീല നിറത്തിലുള്ള ഫ്ലാസ്കും ചുവന്ന മഷി പേനയും മാത്രം അയാളുടെ കൂട്ടുകാരായി, ഓഫീസില്‍ വൈകിയിരിക്കുന്ന സമയത്തൊക്കെ പ്യൂണ്‍ ഗോവിന്ദന്‍ നായരും അയാളുടെ നല്ല മനസ്സ് തൊട്ടറിയുകയായിരുന്നു. വീട്ടുകാര്യങ്ങളും ചിലപ്പോഴൊക്കെ നാട്ടുകാര്യങ്ങളും ഓഫീസ് വിട്ടിറങ്ങുമ്പോള്‍ അയാള്‍ ചോദിക്കുക പതിവാണ്. അതു കൊണ്ട് തന്നെ ഗോവിന്ദന്‍ നായര്‍ക്ക് അയാള്‍ ദൈവത്തെ പോലെയാണ്. ഒന്നുമില്ലെങ്കിലും അത്യാവശ്യം വന്നാല്‍ മുട്ടാനൊരു വാതിലുണ്ടല്ലോന്ന് ഗോവിന്ദന്‍ നായര്‍ ഭാര്യയോട് അഭിമാനത്തോടെ പറയുമായിരുന്നു.

വൈകിവരുമെങ്കിലും പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന ശീലമൊന്നും അയാള്‍ക്കില്ല. ഭാര്യയുടെ കൈകൊണ്ട് ഉണ്ടാക്കി സ്നേഹത്തോടേ അടുത്തിരുന്ന് നാട്ടുകാങ്ങളും പിന്നെ ഇടയ്ക്കൊക്കെ കുശുമ്പും അടുത്ത വീട്ടിലെ ‘കൊശവന്‍ നായര്‍ ’ (അങ്ങിനെയാണ്‍ അവള്‍ കേശവന്‍ നായരെ വിളികുന്നത്) കള്ളു കുടിച്ച് വന്ന് ഭാര്യ് യെ തല്ലുന്ന കാര്യവും കൊച്ചുങ്ങള് നിലവിളീച്ച് കൊണ്ട് വീട്ടിലേക്ക് വരുന്ന കാര്യ് വും ഒക്കെ ചിരിയോടേ അയാള്‍ കേട്ടിരിക്കാറുണ്ട്. എന്നും എന്തെങ്കിലുമൊക്കെ കഥകള്‍ അവള്‍ ഭക്ഷണത്തിനൊപ്പം വിളമ്പുക പതിവാണ്‍. ഒന്നും കിട്ടിയില്ലെങ്കില്‍ ആ ആഴ്ചയില്‍ വായിച്ച ആഴ്ചപ്പതിപ്പിലെ ‘സുനിതാ മേനോന്‍’ ട്യൂഷന്‍ പഠിപ്പിക്കുന്ന ചെറുക്കന്‍ റെ കൂടെ ഓടിപ്പോയ കാര്യമെങ്കിലും ഭാര്യ ഇടയ്ക്ക് ദു:ഖത്തോടെയും അതിലധികം സന്തോഷത്തോടെയും അയാളൊട് പറഞ്ഞ് കേള്‍പ്പിക്കും. രാവിലെ മുതല്‍ വൈകുന്നേരം വരെ വീട്ടിലൊറ്റയ്ക്കിരിക്കുന്ന ഭാര്യ്യുടെ ഏകാന്തത മനസ്സിലാക്കിയിട്ട് തന്നെയാണ്‍ അയാള്‍ ഇത്തരം ഗോസിപ്പുകളൊക്കൊക്കെ കൂട്ടു നില്‍ക്കുകയും താല്പര്യപൂര്‍വ്വം തലവച്ച് കൊടുക്കുകയും ചെയ്യുന്നത്. മകന്‍ രണ്ടാം ക്ലാസിലായതില്‍ പിന്നെ രാവിലെ തന്നെ പോവുകയും വൈകുന്നേരം മാത്രമേ തിരിച്ച് വരികയും ഉള്ളൂ. പോകും മുമ്പ് തിക്കിതിരക്കി ഭക്ഷണവും ഇടയ്ക്ക് കഴിക്കാനുള്ള ലഘുഭക്ഷണവും ഉണ്ടാക്കി മകന്‍ കൊടുത്ത് വിട്ടാല്‍ പിന്നെ ഭാര്യ സുമതി തികച്ചും ഫ്രീ ആണ്‍. അങ്ങിനെ പറയാമെങ്കിലും സുമതി സമ്മതിച്ച് തരില്ല. കാരണം ക്ലീനിങ്ങും വാഷിങ്ങുമൊക്കെ പിന്നെ ആരു ചെയ്യും എന്ന് തിരിച്ച് ചോദിക്കും

അവള്‍ അടുത്ത വീട്ടില്‍ പുതുതായ് താമസത്തിനു വന്ന കുടുംബത്തെകുറിച്ച് ഭാര്യ പറയുന്നത് അങ്ങിനെയാണ്. ബാങ്കുദ്ദ്യോഗസ്ഥയായ ഭാര്യ്യും പിന്നെ ഈ അടുത്ത് കാലം വരെ ബിസ്സിനസ്സ് ഫീല്‍ഡില്‍ തിളങ്ങിയിരുന്ന ഭര്‍ത്താവ് മുകുന്ദന്‍ മേനോന്‍ പെട്ടെന്ന് ബിസ്സിനസ്സ് മതിയാക്കി വീട്ടില്‍ തന്നെ ഇരിപ്പ് തുടങ്ങി. ഭാര്യയുടെ ആങ്ങളമാര്‍ കമ്പനി ഒരു വിധം നടത്തിക്കൊണ്ട് പോകുന്നുണ്ട്. മുകുന്ദന്‍ മേനോന്‍ രാവിലെ ആയാല്‍ വെളുത്ത ടി ഷര്‍ട്ടും ജോഗിങ്ങ് ഷൂവുമായി ഇറങ്ങും ഒരു രണ്ട് മൂന്ന് മണിക്കൂര്‍ നേരത്തേക്ക്. അതു കൊണ്ടെന്താ.. ഉണ്ടായിരുന്ന ഷുഗറും പ്രഷറുമൊക്കെ പമ്പകടന്നു. പിന്നെ കുളിയൊക്കെ കഴിഞ്ഞ് ഗാര്‍ഡനിങ്ങ് പരിപാലനം തന്നെയാണ്.

“പൂക്കള്‍ ജീവിതത്തിന്‍ രെ ഭാഗം തന്നെയാണ്‍. അവ ചിരിച്ച് നില്‍ക്കുന്നത് കാണാന്‍ എന്തു ഭംഗിയാ “ മുകുന്ദന്‍ മേനോന്‍ എപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കും.
അങ്ങിനെയിരിക്കുമ്പോഴാണ്‍ ഒരു ദിവസം ഒരു നാരകത്തിന്‍ റെ ചെടിയുമായി സുമതിയുടെ അടുക്കല്‍ മുകുന്ദന്‍ മേനോണ്‍ വരുന്നത്. മാതള നാരകം സുമതിക്ക് അച്ചാറിട്ട് കഴിക്കാന്‍ വല്യ കൊതിയാണെന്ന് അറിയാവുന്നതു പോലെയാണ്‍ അതുമായുള്ള വരവ്. ഏതൊരു കല്യാണത്തിനു പോയാലും ഒന്നും രണ്ടും മൂന്നും തവണ അച്ചാറ് കഴിക്കുക സുമതിയുടെ ഒരു കീഴ്വഴക്കമാണ്‍. നീ എന്തേ മധുരമുള്ള ഒരു ഓറഞ്ച് പോലും കഴിക്കാതെ ഈ അച്ചാറ് മാത്രം കഴിക്കുന്നതെന്‍ റെ സുമതീന്ന് “ പുരുഷോത്തമന്‍ നായര്‍ പലപ്പോഴും ചോദിക്കുക പതിവാണ്.

“മാതള നാരകം ഉണ്ടെങ്കില്‍ പാമ്പുകളൊന്നും വീട്ടില്‍ കയറില്ല സുമതി. അത് വീടിനൊരു ഐശ്വര്യം കൂടിയാണ്”

ചെടികള്‍ പൂത്തു നില്‍ക്കുന്നത് കാണാന്‍ തന്നെ എന്തൊരു ഭംഗിയാ അല്ലേ..”

വല്യ് കമ്പനിയുടെ മാ‍നേജര്‍ ആയിരുന്ന് ആള്‍ ഇപ്പോള്‍ നാട്ടുമ്പുറത്തെ ഒരു സാധാരണ കൃഷിക്കാരനായിരിക്കുന്നു. തോളില്‍ ഒരു മേല്‍മുണ്ട് കാലില്‍ നീളത്തിലുള്ള ചെരുപ്പ്. മുകുന്ദന്‍ മേനോന്‍ റെ ഗാര്‍ഡനിങ്ങ് വികസിക്കുന്നതോടൊപ്പം സുമതിയുടെ മാതള പ്രേമവും ഒപ്പം മറ്റ് നിരവധി ചെടികളും സസ്യങ്ങളും വീടിന്‍ റെ ചുറ്റുവട്ടം മുഴുവന്‍ നിറയാന്‍ തുടങ്ങി. എന്നും ചെടികളെ സ്നേഹിച്ചിരുന്നു പുരുഷോത്തമന്‍ നായര്‍ കല്യാണം കഴിഞ്ഞതില്‍ പിന്നെ ഒന്നിനും സമയമില്ലാതായി. പിന്നെ ഓഫീസ് ജോലിയുടെ ഒരു കൃത്യത. അതു കൊണ്ട് തന്നെ പുരുഷോത്തമന്‍ നായര്‍ “മോന്‍ നല്ല പ്രകൃതിയുടെ തണുപ്പ് ഉറങ്ങുകയെങ്കിലും ചെയ്യാലോ” എന്ന് മനസ്സില്‍ പറയുകയും ചെയ്തു.

അങ്ങിനെ പൂത്ത് തളിര്‍ക്കാന്‍ പിന്നെ അധികനേരമൊന്നും വേണ്ടി വന്നില്ല. മുകുന്ദന്‍ മേനോന്‍ ഇടയ്ക്കിടെ ഓരോ ചെടികളുമായി വന്ന് പൂന്തോട്ടങ്ങളുടേയും പച്ചക്കറികളുടെയും സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുകയും അതിന്‍ വളമിടുന്നതിന്‍ റെയും ഇലകളിള്‍ പുഴു ശല്യമില്ലാതിരിക്കാന്‍ മരുന്നടിക്കുന്നതിന്‍ റെയും ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്തു.

സുമതിക്ക് ഇപ്പോള്‍ പഴയതു പോലെ തീരെ സമയം കിട്ടുന്നേയില്ല. പറമ്പ് എന്ന് പറയാന്‍ അധികമൊന്നുമില്ലെങ്കിലും ഉള്ള പതിനഞ്ച് സെന്റില്‍ ഇപ്പോള്‍ മുറ്റത്തുവരെ പലതരം ചെടികള്‍ ഇടം പിടിച്ച് കൊണ്ടിരിന്നു. സമയം പോകുമല്ലോ ഒപ്പം വിരസത മാറിക്കിട്ടുകയും ചെയ്യും എന്നതു കൊണ്ട് തന്നെ പുരുഷോത്തമന്‍ നായര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ പരാതികളൊന്നും ഉണ്ടായിരുന്നില്ല.

മോന്‍ സ്കൂളില്‍ നിന്ന് വന്ന ഉടുപ്പ് മാറുമ്പോഴാണ്‍ ബെഡ് റൂമില്‍ ഒരു കോണില്‍ പുതപ്പിന്‍ അടിയിലായി ഒരു പഴുതാര ശ്രദ്ധയില്‍ പെട്ടത്. പാറ്റ, പല്ലി , പഴുതാര ഇവയൊക്കെ കണ്ടാല്‍ മോന്‍ നിലവിളിക്കുക സ്വാഭാവികമായതു കൊണ്ട് തന്നെ

“ ഓ ഒരു പഴുതാരയെ കണ്ടതിനാണൊ നീ ഇങ്ങനെ നിലവിളിക്കുന്നത്”

എന്ന് പറഞ്ഞു കൊണ്ട് കൈകൊണ്ട് അതിനെ എറ്റുത്ത് മുറ്റത്തേക്ക് വലിച്ചെറിയുകയും ഒന്നും സംഭവിക്കാത്തതു പോലെ സുമതി അടുക്കളയിലേക്ക് കയറിപ്പോവുകയും ചെയ്തു.

രാത്രി വൈകിയെത്തിയ പുരുഷോത്തമന്‍ നായര്‍ ഇടയ്ക്ക് മകന്‍ പഴുതാരയെ സ്വപ്നം കണ്ട് പേടിച്ച് കരയുന്ന മകനെ ചേര്‍ത്ത് കിടത്തുകയും പപ്പയുള്ളപ്പോള്‍ ഒരു പഴുതാരയും നിന്റെയടുത്ത് വരില്ലെന്ന് ധൈര്യം കൊടുക്കുകയും ചെയ്തു.
.
മുറ്റത്തും പറമ്പിലും ഒക്കെ പഴുതാരകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് പുരുഷോത്തമന്‍ നായര്‍ കാണാതിരുന്നില്ല. വിവരം ഭാര്യ് സുമതിയെ അറിയിക്കുകയും മുറ്റത്തും വരാന്തയിലുമൊക്കെയായി നട്ടു നനച്ചിരിക്കുന്ന ചെടിച്ചട്ടികള്‍ പുറത്തേക്ക് മാറ്റാന്‍ ജോലിക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍നല്‍കുകയും ചെയ്തിട്ടാണ്‍ പുരുഷോത്തമന്‍ നായര്‍ ഓഫീസിലേക്ക് പോയത്. ഓഫീസില്‍ പോകാന്‍ ഗേറ്റില്‍ എത്തിയപ്പോഴാണ്‍ മുകുന്ദന്‍ നായര്‍ പുതിയ ഏതോ ചെടിയുടെ വിവരങ്ങളുമായി വീട്ടിലേക്ക് വരുന്നത്. കുശലങ്ങള്‍ ചോദിച്ച് മറ്റൊന്നും മിണ്ടാതെ അയാള്‍ പടികളിറങ്ങി.

ഓഫീസില്‍ വളരെ തിരക്ക് പിടിച്ച് കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ്‍ ഫയലുകള്‍ക്കിടയില്‍ നിന്ന് ഒരുപഴുതാര പതിയെ തയയുയര്‍ത്തി നോക്കുന്നത് പുരുഷോത്തമന്‍ നായരുടെ ശ്രദ്ധയില്‍ പെട്ടത്. അയാള്‍ പതിവിലധികം ഒച്ചയെടുത്തു കൊണ്ട് ഗോവിന്ദന്‍ നായരെ വിളിക്കുകയും പഴുതാര വന്നതിനെ കുറിച്ചും ക്ലീന്‍ ചെയ്യാത്തതിനെ കുറിച്ചും ഏറെ നേരം സംസാരിച്ചു.

“സര്‍ അത് പഴുതാരയൊന്നുമായിരുന്നില്ല. ഫയലുകള്‍ എല്ലാം തന്നെ പൊടിപിടിക്കാതെയുമുണ്ട് സാര്‍ . അവിടെയൊക്കെ നോക്കിയെങ്കിലും ഒറ്റ പഴുതാര പോലുമുണ്ടായില്ല സാര്‍ . സാധാരണ ഈര്‍പ്പമുള്ളിടങ്ങളിലാണ്‍ പഴുതാരകളെ കാണുക”

ഗോവിന്ദന്‍ നായര്‍ അയാളുടെ മനസ്സിനെ ഒന്ന് ശാന്തമാക്കാന്‍ ശ്രമിച്ചു.

അയാള്‍ ഒന്നും മിണ്ടാതെ നോക്കിക്കൊണ്ടിരിക്കുന്ന ഫയലില്‍ ചുവനന്‍ പേന കൊണ്ട് വെറുതെ ഒരു പഴുതാരയുടെ നീളമുള്ള ചിത്രം വരച്ചു. കുറച്ച് നേരം കൂടി ഓഫീസിലിരുന്ന ശേഷം ഒരാഴ്ചാത്തെ ലീവ് എഴുതി ക്കൊടുത്ത് പുരുഷോത്തമന്‍ നായര്‍ ഓഫീസില്‍ നിന്നിറങ്ങി.

ടൌണിലിറങ്ങി പഴുതാരകളെ നശിപ്പിക്കാനുള്ള മരുന്നുകളെ കുറിച്ച് മെഡിക്കല്‍ സ്റ്റോറുകളിലും സ്റ്റേഷനറികടകളിലും അന്യേഷിച്ചു നടന്നു. പലരും പലതരം മെഡിസിനുകള്‍ കൊടുത്തെങ്കിലും അയാള്‍ക്ക് ഒന്നിലും തൃപ്തി തോന്നിയില്ല മാത്രവുമല്ല ‘ഫെര്‍ഗു’ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് സെയിത്സ്മാന്‍ പറഞ്ഞത്

“ പഴുതായരയല്ലേ സാര്‍ അത് ഒന്ന് രണ്ട് ദിവസം കൊണ്ട് പോയിക്കോളും.”

“അത് നീയാണോ തീരുമാനിക്കുന്നതെന്ന്’ കയര്‍ക്കാനും പുരുഷോത്തമന്‍ നായര്‍ തയ്യാറായി. അയാളുടെ മനസ്സില്‍ നീളന്‍ പഴുതാരകളപ്പോള്‍ ഇഴഞ്ഞ് നടന്നു കൊണ്ടേയിരുന്നു. അയാളപ്പോളോര്‍ത്തത് ‘കുഞ്ഞു മോനേ പഴുതാര ഉപദ്രവിക്കുമോ? സുമതിയുടെ വെളുത്ത് ഭംഗിയുള്ള കാല്‍ വിരലുകളില്‍ പഴുതാര നടന്നു കയറുമോ..

ഓര്‍ക്കുമ്പോള്‍ അയാള്‍ക്ക് എത്രയും പെട്ടെന്ന് വീട്ടിലെത്താനും എല്ലാ പഴുതാര ക്കൂട്ടങ്ങളേയും ചുട്ട് ചാമ്പലാക്കാനും തോന്നി. നിനച്ചിരിക്കാതെ കൃഷിയാപ്പീസറുമായി സംസാരിക്ക്കുന്നതിനിടയില്‍ ഒരു പഴുതാര അയാളുടെ കാലിനിടയിലൂടെ ഷൂസിലേക്ക് കയറി പതിയ അയാളുടെ കാലിലേക്ക് കയറാന്‍ തുടങ്ങി. കൃഷിയാപ്പീസറതിനെ തട്ടിക്കളഞ്ഞു കൊണ്ട് ഇതൊക്കെ പതിവുള്ളതല്ലേന്ന് ചിരിക്കുകയും ചെയ്തു.

“ഏട്ടനെന്താ ഈ വെപ്രാളപ്പെടുന്നേ..മുറ്റത്തും പറമ്പിലുമൊക്കെ മരുന്നു തളിച്ചല്ലോ.. എല്ലായിടവും വൃത്തിയാക്കിയിടുകയും ചെയ്തു. ഇനി യിപ്പോള്‍ പഴുതാരയെ പേടിക്കേണ്ടല്ലോ..പോരാത്തതിന്‍ പഴുതാരകള്‍ അത്ര വലിയ ഉപദ്രവകാരികളൊന്നുമല്ലേട്ടാ..”

അതിനിടയിലാണ്‍ സാമ്പത്തീക മാന്ദ്യം അനുഭവിച്ച് കൊണ്ടിരുന്ന അമേരിക്കയില്‍ നിന്ന് തെക്കേടത്തെ വാസുക്കുട്ടനും കുടുംബവും നാട്ടില്‍ തിരിച്ചെത്തിയത്. ഇനി കുറേക്കാലം ഇവിടെജീവിക്കാലോ പുരുഷട്ടാന്ന് വന്നതിന്റെ പിറ്റേദിവസം ഇടവഴിയില്‍ വച്ച് കണ്ടപ്പോള്‍ വാസു ക്കുട്ടന്‍ പറയുകയും ചെയ്തു. പുരുഷോത്തമന്‍ നായര്‍ അപ്പോള്‍ വെറുതെ ചിരിക്കുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ്‍ അമേരിക്കയില്‍ നിന്ന് കൊണ്ട് വന്ന വളര്‍ത്തു മത്സ്യങ്ങള്‍ കേരളത്തിലെ സാദാ ഭക്ഷണം കഴിച്ച് വണ്ണം വയ്ക്കുന്നതും പ്രവചനാതീത്മായി വളരുന്നതും വാര്‍ത്തയായത്. സുമതി അപ്പോള്‍ പറയുകയും ചെയ്തു,

“വാസുക്കുട്ടന്‍ എവിടെയായലും പേരും പ്രശസ്തിയും തന്നെ. ദാ കണ്ടില്ലേ;.. വെറുതെ കിടന്നോരു മീന്‍ ഇപ്പോള്‍ തടിച്ചുരുണ്ട് ഒരു നാലു വയസ്സുള്ള കുഞ്ഞു പോലുണ്ട്. ഇപ്പോഴതിനെ വട്ടക്കുളത്തിലിട്ടേക്കുകയാണ്‍”

ദിനം പ്രതി വണ്ണവും ഉയരവും കൂടുന്ന അമേരിക്കന്‍ മത്സ്യം നാടിനും നാട്ടാര്‍ക്കും ആപത്താണെന്ന് മനസ്സിലാക്കാ‍ന്‍ അധികം താമസമൊന്നുമുണ്ടായില്ല. അതിനു പുറകെ വാസുക്കുട്ടന്‍ മത്സ്യ സംരക്ഷകരുടേയും ഒപ്പം സര്‍ക്കാര്‍ സംവിധാനങ്ങളുടേയും പുറകെ ഓടി ഓടി അതിനെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവുണ്ടക്കുകയായിരുന്നു. ഓര്‍ത്തപ്പോള്‍ പുരുഷോത്തമന്‍ നായര്‍ക്ക് തലയിലൊരു പെരുപ്പ് അനുഭവപ്പെട്ടു.

ഭാര്യയും മോനും നല്ല ഉറക്കമാണ്. ശബ്ദമുണ്ടാക്കാതെ കട്ടിലിനു പുറകിലും താഴെയുമായി ടോര്‍ച്ചടിച്ച് ഒരോ മൂലയും പരിശോധനയാരംഭിച്ചു. പെട്ടെന്നാണ്‍ വാതിലില്‍ മുട്ടു കേട്ടത്. ഒന്നല്ല രണ്ട് തവണ. പുരുഷോസ്ത്തമന്‍ നായര്‍ ഭയ ചകിതനായി.

വാസുക്കുട്ടന്റെ വളര്‍ത്തു മത്സ്യം അയാളുടെ ചിന്തകളെ വട്ടക്കുളത്തിലിട്ട് കുത്തിമറിച്ചു. ഒന്നും ചെയ്യാനാവാതെ ഒരു നിമിഷം നിന്നെങ്കിലും ശ്വാസമടക്കിപ്പിടിച്ച് മുറിക്കകത്തേക്ക് കയറാന്‍ വെമ്പുന്ന പഴുതാരകളെ പുരുഷോത്തമന്‍ നായര്‍ കണ്ടു. കയ്യില്‍ കരുതിയ നീളന്‍ ടോര്‍ച്ച് ഒന്ന് അനക്കാന്‍ പോലുമാകാതെ അയാള്‍ ശ്വാസമില്ലാതെ കിടന്നു.

എല്ലായിടവും കയറി ഇറങ്ങിയ പഴുതാരകള്‍ സുമതിയുടെ ക്യൂട്ടെക്സിട്ട വിരലുകളിലേക്ക് ഇപ്പോ കയറുമല്ലോന്‍റെ മുച്ചിലോട്ടമ്മേന്ന് നിലവിളിച്ച് ശ്വാസം പുറത്ത് വരാനാകാതെ പുരുഷോത്തമന്‍ നായര്‍ ബോധമറ്റ് കിടന്ന് പോയി. അപ്പോഴും സുമതിയും മകനും നല്ല ഉറക്കം തന്നെയായിരുന്നു.