ജീവൻറ ജീവനായ പ്രണയം – 2



നിങ്ങളുട സപ്പോർട്ടിന് നന്ദി ആദ്യത്തെ പാർട്ടിന്റെ ലിങ്ക് എനിക്ക് ഇവിടെ ചേർക്കാൻ അറിയാത്തത് കൊണ്ട് ആദ്യ പാർട്ട് വായിക്കാത്തവർ ഒന്നാം പാർട്ട് വായിച്ചേ ശേഷം തുടർന്ന് വായിക്കുക ……..

സെല്ലിനുള്ള ലാത്തിയുടെ അടിയുടെ ശബ്ദം കേട്ടാണ് അൻവറും രാഹുലും കണ്ണ് തുറന്നത് . എന്താ ഡാ രാത്രി കക്കാൻ പോയിരുന്നോ പുലർച്ച ഇങ്ങനെ ബോധം കെട്ട് ഉറങ്ങാൻ .., എണീറ്റ് ജോലിക്ക് ഇറങ്ങാൻ നോക്കടാ. പോലീസുകാരൻ മുരണ്ടു….,,

രാഹുൽ മുറ്റത്തേക്ക് നോക്കി ഇരുൾ ശരിക്ക് മാഞ്ഞിട്ടില്ല ഇവന്മാർക്ക് ഉറക്കവും ഇല്ലെ നാശം…,, അൻവറിന് റെസ്റ്റ് ഒന്നും ഉണ്ടായില്ല , വിറക് കീറാൻ മത്സരിച്ചു രാഹുലും അൻവറും…

ജയിലിൽ എത്തിയാൽ ഉള്ള ഗുണം ഇതാണ്.. ശിക്ഷ മൂന്ന് നേരം ഭക്ഷണവും നല്ല ജോലിയും അവസാനം അതിനൊത്ത ശമ്പളവും,, പിന്നെ ജയിലിൽ നിന്ന് ഇറങ്ങിയാലും വെറുതെ ഇരിക്കാൻ തോന്നില്ല ജോലി എടുത്ത് ശീലിച്ചത് കൊണ്ട് അന്തസ്സായി ജീവിക്കാം …

രാഹുൽ ആരോടെന്നില്ലാതെ പറഞ്ഞു…, പെട്ടന്നാണ് നിലവിളിയും ബഹളവും കേട്ടത് എല്ലാവരും അങ്ങോട്ടേക്ക് ഓടി , പ്രതികളെ പോലീസ് അവരവരുടെ സെല്ലിൽ ഇട്ട് പെട്ടന്ന് പൂട്ടി ,, ഒരു ജയിൽ പുള്ളി മാറ്റൊരു ജയിൽ പുള്ളിയെ വെട്ടിയതാണ് സംഭവം….,

ഇന്നിനി ആരെയും പുറത്ത്‌ ഇറക്കില്ല , അൻവറിനെ നോക്കി ഇരിക്കെ രാഹുൽ ഓർത്തു ഒന്ന് ചോദിച്ചു നോക്കിയാലോ കഴിഞ്ഞ കാലം.. ഭായ് ….

എന്താ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായത് , സത്യം പറയാലോ എനിക്ക് ഭായ് ഇങ്ങനൊക്കെ ചെയ്തു എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു , അൻവർ കണ്ണുകൾ അടച്ചു കൊണ്ട് ചുമരിൽ തല ചായ്ച് വെച്ച് ഇരുന്നു …, എന്നിട്ട് പറഞ്ഞു .., ശരിയാ ..

ഇങ്ങനൊരു ജീവിതം ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിട്ടില്ല ,,, പക്ഷെ ചെയ്യേണ്ടി വന്നു , എന്താ . ഭായി ശരിക്കും ഉണ്ടായത് , എന്നോട് പറയാൻ ബുദ്ധിമുട്ട് ഇല്ലങ്കിൽ…..!

മൂടി കെട്ടിയ മേഘവും ഭൂമിയിലേക്ക് പെയ്തിറങ്ങി, ശക്തമായി പെയ്യാതെ അൻവർ പറയുന്ന കഥകേൾക്കുവാൻ നിശബ്ദമായി പെയ്ത് കൊണ്ട് മഴതുള്ളികൾ കാതോർത്തു. കൂടെ രാഹുലും ….

വീട്ടിൽ ഉമ്മയും കല്യാണം കഴിഞ്ഞ ഇത്തയും ഞാനും , അളിയൻ ഗൾഫിൽ ആണ് (അളിയൻ അല്ലായിരുന്നു എനിക്കത് കുഞ്ഞ്‌ നാളിൽ നഷ്ടപ്പെട്ട എന്റെ ബാപ്പ ആയിരുന്നു ) പ്ലസ് വണ്ണിലേക്ക് പാസായപ്പോൾ അളിയൻ ആണ് എന്റെ വലിയ സ്വപ്നമായ ബൈക്ക് വാങ്ങിതന്നത് ,,

മെയിൻ ഹോബി ഫ്രണ്ട്സ് തന്നെയാണ് .., അവരോടൊപ്പം തന്നെയാണ് ഒരു ദിവസത്തിന്റെ മുക്കാൽ മണിക്കൂറുകളും ,,, ഒരു പ്ലസ് വൺകാരന്റെ കുരുത്തക്കേടും അടിച്ചു പൊളിയുമായി ഞാൻ നടന്നു…., ഉച്ച സമയം, എല്ലാവരും മൂക്ക്മുട്ടെ തിന്നുന്ന ഇടവേള നേരം , നാലാം ക്ലാസ് മുതൽ പ്ലസ് റ്റു വരെയാണ് ഈ വിദ്യാലയം….. അൻവർ .. ഡാ . നീ ഇങ്ങോട്ട് വന്നേ ,,,

എന്റെ കൈയിൽ പിടിച്ചു കൊണ്ട് ഷബീർ ആളൊഴിഞ്ഞ ക്ലാസ് റൂമിൽ കയറി ഇരുന്നു… എന്താ ഷെബി ,,



അളിയാ എനിക്കൊരു ഹെല്പ് വേണം നിന്റെ , ഷബീർ പറഞ്ഞു എന്തിനാ ഡാ നമുക്കിടയിൽ ഫോർമാലിറ്റി.

നീ കാര്യം പറഞ്ഞോ ഞാൻ അത് ചെയ്തിരിക്കും , ആത്മ വിശ്വാസത്തോടെ ഞാൻ പറഞ്ഞു , ഡാ.. എന്റെ മനസ്സിൽ ഒരു മൊഞ്ചത്തി കൂടിട്ട് മാസങ്ങളായി നീ ഒന്ന് എനിക്ക് വേണ്ടി അവളോട് സംസാരിക്കാമോ ?… ഡാ കള്ളകാമുക ഞാനറിയാതെ നിനക്കൊരു പ്രേമമോ ,,, അവന്റെ തോളിൽ കൂടി കൈ ഇട്ട് കൊണ്ട് ഞാൻ ചോദിച്ചു . ആരാ അളിയാ പെണ്ണ് നമ്മുക്ക് ശേരിയാക്കാം ,,

ഞാനവന് ധൈര്യം കൊടുത്തു ,, ഒൻമ്പതാം ക്ലാസ്സിലെ ആ പൊട്ടിത്തെറിച്ച റിനീഷ ഇല്ലെ അവളാണ് , എന്റെ മനസ്സ് കീഴടക്കിയ ഒരെ ഒരു പെണ്ണ്. ഷബീർ അത് പറഞ്ഞപ്പോൾ പൊട്ടിതെറിച്ചത് എന്റെ ഹൃദയം ആയിരുന്നു ,, അപ്പോഴേക്കും ക്ലാസ് ബെൽ മുഴങ്ങി , ഹെലോ… എന്താ ഇവിടെ എന്നുള്ള ചോദ്യം , അന്തം വിട്ടിരുന്ന എന്നെ ഞെട്ടിച്ചു ,,

നോക്കുമ്പോ മിസ്സാണ് മുന്നിൽ . ചുറ്റും നോക്കിയപ്പോ അഞ്ചാം ക്ലാസ് കുട്ടികൾ എന്നെ ഒരു അത്ഭുത ജീവിയെ പോലെ നോക്കുക ആയിരുന്നു…. ഷെബി എപ്പോഴ എന്റെടുത്ത്‌ നിന്ന് എഴുന്നേറ്റ് പോയത് …’ ഒന്നും അറിഞ്ഞില്ല ബെല്ലടിക്കുന്ന ശബ്ദം എന്റെ ഹാർട്ട്ബീറ്റ് ആണെന്ന കരുതിയെ ….! മിസ്സ് പരിഹാസ രൂപത്തിൽ എന്നോട് ചോദിച്ചു ..

എന്താ അൻവർ പ്ലസ് വണ്ണിൽ നിന്ന് അഞ്ചാം ക്ലാസിലേക്ക് തോറ്റ് പോയോ ,, അത് കേട്ട് ആ പീക്കിരി കുട്ടികൾ ചിരിച്ചു .മിസ്സിന്റെ ഒരു ഓഞ്ഞകോമഡി എന്ന് മനസ്സിലോർത്ത്‌ ഞാൻ എന്റെ ക്ലാസ്സിലേക്ക് നടന്നു…. ഷെബി എന്റെ ആത്മാർത്ഥകൂട്ടുകാരിൽ ഒരാൾ ആണ് … അവന്റെ മനസ്സ് ഞാൻ അറിഞ്ഞ നിലയ്ക്ക് അവനോട് പറയാൻ വയ്യ ,, കഴിഞ്ഞ 2 വർഷമായി നിശബ്ദമായി ഞാൻ നെഞ്ചിൽ കൊണ്ട് നടക്കുന്ന പെണ്ണാണ് റിനീഷ എന്ന് …



എത്രയോ വട്ടം അവളോട് ഇഷ്ട്ടം പറയാൻ പോയതാ ..



അവസാനം പട്ടി ചന്തക്ക് പോയ പോലെ തിരിച്ചു വരും…



അവളൊരു പ്രത്യേക ക്യാരക്റ്റർ ആണ് , ഇഷ്ടമല്ലന്ന് മുഖത്തു നോക്കി പറയുന്നത് മാത്രമല്ല .,, ഫ്രണ്ട്സിന്റെ മുന്നിലിട്ട് തൊലി ഉരിക്കും…,



അങ്ങനെ ഒരുത്തന് എട്ടിന്റെ പണി കിട്ടിയതാ ,, അവളോട് ഇഷ്ട്ടം പറയാൻ പോയിട്ട്…..



ക്ലാസ്സിലേക്ക് കയറുന്നതിന് പകരം ഞാൻ പോയത് , ഗ്രൗണ്ടിലെ മരച്ചുവട്ടിലാണ് പ്ലാനും പ്ലാനിംങ്ങും ഒറ്റയ്ക്കിരുന്ന് കണക്ക് കൂട്ടി

..അങ്ങനെ ഒരു തീരുമാനം എടുത്തു ഞാൻ … ഷെബിന്റെ ഇഷ്ടവും എന്റെ ഇഷ്ട്ടവും റിനിയെ അറിയിക്കുക,,



എന്നിട്ട് അവള് തീരുമാനിക്കട്ടെ ഞങ്ങളിൽ ആരെ വേണമെന്ന് ,



പടച്ചോനെ എന്നെ മതിന്ന് അവള് പറയണേ …



അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു ….



പിറ്റേന്ന് റിനീഷയോട് ഇത് പറയുവാനുള്ള അവസാരത്തിനായി ഞാൻ കാത്തു നിന്നു ഉച്ച ആയപ്പോൾ എനിക്ക് അവളെ കിണറ്റിൻ കരയിൽ വെച്ച്‌ കൂട്ടുകാരികൾ ഇല്ലാതെ കിട്ടി …,



ചെറിയ കുട്ടികൾക്ക് ചോറ് തിന്ന പ്ലെറ്റ് കഴുകാനായി കിണറ്റിൽ നിന്നും വെള്ളം കോരി കൊടുക്കുക ആയിരുന്നു ,,,,



റിനീ…



ഇവളെന്ത കേട്ട മൈന്റ് ഇല്ലല്ലോ , ശബ്ദം പുറത്തു വന്നലല്ലെ കേൾക്കു എന്ന് എന്റെ ഹൃദയത്തിൽ നിന്ന് ആരോ പരിഹസിച്ച പോലെ ,,,



രണ്ടും കല്പിച്ചുകൊണ്ട് ഞാൻ വിളിച്ചു



റിനീ……



അവളെന്നെ നോക്കി ,



പിന്നൊന്നും പറയാൻ കിട്ടുന്നില്ല എനിക്ക്.



ഉറുമ്പ് കടിച്ച പോലുള്ള എന്റെ നിൽപ്പ് കണ്ടിട്ടാവണം അവളെന്റെ അടുത്തേക്ക് നടന്നു വന്നു …



എന്താ അൻവർക്കാ ?.. പുഞ്ചിരിയോടെ അവൾ ചോദിച്ചു..,


ഹേയ്… ഒന്നുല്ല… വെറു…തെ…



തൊണ്ട വരളും പോലെ പടച്ചോനെ കയ്യിന്ന് പോവാണല്ലോ ,, എപ്പോഴത്തേയും പോലെ ആവാൻ പാടില്ല ഇന്ന് ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു …. ,



തിരികെ നടക്കുന്ന അവളെ ഞാൻ വിളിച്ചു ,



എന്ത ,, വെറുതെ വിളിച്ചതാണോ ?.. അവളെന്നോട് ചോദിച്ചു …

എനിക്ക് റിനീയോട് ഒരു കാര്യം…. , വീണ്ടും തൊണ്ട വരളും പോലെ ഒരു പെണ്ണിനോട് സംസാരിക്കുമ്പോ ഉമിനീരിന് ഇത്രയ്ക്ക് വരൾച്ച ആണോ ഞാൻ ചിന്തിച്ചു. ….,



വെള്ളം വേണോ ?.. റിനീഷയുടെ ചോദ്യത്തിൽ കുറച്ചൊന്നുമല്ല ചമ്മിയത് ഞാൻ….



അതെ അൻവർക്ക .. ഇത് പോലുള്ള കുറെ പേർ മുന്നിൽ വന്ന് നിന്നിട്ടുള്ളത് കൊണ്ട് ഈ കാള വാല് പൊക്കുന്നത് എന്തിനാണെന്ന് അറിയാം,,,



എനിക്ക് വേറെ ഒരാളെ ഇഷ്ടമാണ് .. ആള് എന്നോട് ഇഷ്ട്ടം തുറന്നു പറഞ്ഞു……,,



എനിക്കും ഇഷ്ടമായി ആ തുറന്നു പറച്ചിലും പ്രൊപ്പോസലും തന്റേടമുള്ള ചെറുപ്പക്കാരനെ ഏത് പെണ്ണാ ഇഷ്ട്ടപ്പെടാത്തെ ….



അവളുടെ ആ പുഞ്ചിരി കൊല ചിരിയായാണ് എനിക്ക് തോന്നിയത് ,,



എന്ന ശരി അൻവർക്ക ഞാൻ പോവാ…



അതും പറഞ്ഞവൾ നടന്നകന്നു……



കണ്ണ് നിറയുന്നത് ആരും കാണാതിരിക്കാൻ ഞാൻ കിണറ്റിൻ കരയിലേക്കും…,



എന്റെ സ്വപനങ്ങൾ കത്തി കരിഞ്ഞു എന്ന് പറയേണ്ടിതില്ലല്ലോ ,,



എന്നെ ഭക്ഷണം കഴിക്കാൻ നിർബന്ധിച്ച ഉമ്മച്ചിയോട് ആദ്യമായി ഞാൻ ചൂടായി

….

ഇത്താത്തയോട് ഒന്നും പറഞ്ഞില്ല എന്റെ കൂട്ടുകാരിയാണ് ഇത്താത്ത ..



അവസാനം ഇത്താത്ത പറഞ്ഞത് പോലെ തന്നെ സംഭവിച്ചു ,,



ഇത്താത്തയുടെ മടിയിൽ തല വെച്ച് കിടന്നു കൊണ്ട് ഒരു ദിവസം ഞാൻ പറഞ്ഞു ..



ഇത്തൂ… ഇന്നേക്ക് രണ്ടു വർഷമായി ഞാൻ റിനീയെ സ്നേഹിക്കാൻ തുടങ്ങിയിട്ട്….

എന്റെ തല മുടിയിടകൾക്കിടയിൽ കൂടി വിരലോടിച്ചു കൊണ്ട് ഇത്തൂ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു ….,



ഡാ ..അനു നീ ഇനിയും നിന്റെ ഇഷ്ട്ടം ഒളോട് പറഞ്ഞില്ലെങ്കിൽ കാത്തു വച്ചൊരു കസ്‌തൂരി മാമ്പഴം കാക്ക കൊത്തി പോവുംട്ടാ..,



ഇത്തൂന്റെ മടിയിൽ നിന്നും എണീച്ചിരുന്ന് കൊണ്ട് ഞാൻ പറഞ്ഞു ..



ഇല്ല മോളെ ഇത്തൂ അവളെ ഇത്തൂന്റെ നാത്തൂൻ ആയി ഈ വീട്ടിൽ തന്നെ ഞാൻ കൊണ്ട് വരും ,,



കൊണ്ട് വന്നില്ലെങ്കിൽ നിന്നെ വേറെ പെണ്ണ് ഞാൻ കെട്ടികൂല മോനെ…



അല്ല ഇത്തൂ .ഇസ്ലാമിൽ മൂന്ന് വരെ കെട്ടാമെന്ന., അത് കൊണ്ട് അത് കാര്യമാക്കണ്ട..



ഇത്തൂ കൈ വീശും മുമ്പ് ഞാൻ പുറത്തേക്ക് ഓടി…



ഇന്നത്തെ കാര്യം അറിഞ്ഞാൽ ഇത്തൂ വിഷമിക്കും വേണ്ട ഒന്നും ആരും അറിയണ്ട…

സ്കൂളിൽ പോവാൻ തോന്നാതെ ആയി അവളും അവളുടെ ഒരു കാമുകനും .. എല്ലാവരോടും എനിക്ക് ദേഷ്യം ആയിരുന്നു .. സ്കൂളിൽ നിന്ന് നാട് വിട്ട് പോയാലൊന്ന് വരെ ആലോചിച്ചു …,



അവരെ രണ്ടു പേരെയും ഒന്നിച്ചു കാണുന്നതിലും ബേധം അതാണെന്ന് തോന്നി..



ദിവസങ്ങൾ കൊഴിഞ്ഞു പോയി…. എന്റെ ഉന്മേഷവും…. മുമ്പൊക്കെ അവളെ കാണുമ്പോ ഹൃദയം ദഫ് മുട്ടുമായിരുന്നു മുഹബ്ബത്തിന്റെ ,,,



ഇപ്പൊ അവളെ കാണുമ്പോ ഹൃദയം പറയാ ഇത്ര വർഷം സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ പറ്റാത്തവൻ പോയി ആത്മഹത്യ ചെയ്യ ഡാ എന്ന് ,,



നമ്മൾ ഇഷ്ട്ടപ്പെടുന്ന എന്ത് തന്നെ ആയാലും മറ്റൊരാൾ സ്വന്തമാക്കുമ്പോഴാണ് അത് വരെ നമുക്ക് ഇല്ലാത്ത വെപ്രാളവും ടെൻഷനും തുടങ്ങുന്നത് ,, ഇഷ്ടത്തിന്റെ ആഴം സ്വയം തിരിച്ചറിയുന്നത് പോലും നഷ്ടപ്പെടുന്നുന്ന് തോന്നുമ്പോഴാണ് ,,,



അളിയാ… നീ ഇവിടെ ഇരിക്കുകയാണോ എന്താ കളിക്കാൻ വരുന്നില്ലെ ,, ഷെബി ആയിരുന്നു അത്



ഞാൻ അവനോട് ചോദിച്ചു ഡാ.. നിനക്ക് റിനീഷയെ ഇഷ്ടമായിരു

ന്നല്ലെ ?..

എന്നിട്ടും അവൾക്ക് വേറെ പ്രേമം ഉണ്ടെന്ന് അറിഞ്ഞിട്ട് നിനക്ക് വിഷമം ഇല്ലെ ?.



എന്റെ മുഖത്തേക്ക് കുറച്ചു സമയം നോക്കിട്ട് ഷെബി ചോദിച്ചു ,



എനിക്കവളോട് ഒരു മണ്ണാങ്കട്ടയും ഉണ്ടായിരുന്നില്ല പക്ഷെ നിനക്ക് ഉണ്ടായിരുന്നു റിനീഷയോട് കടുത്ത പ്രേമം ,,



നീ എന്താ ഡാ കരുതിയെ നിന്റെ കൂടെ നടക്കുന്ന ഞങ്ങൾ പൊട്ടന്മാരാണെന്നോ ?..



ഞാൻ അങ്ങനൊരു ഡ്രാമ ഇട്ടത് പോലും നിന്റെ ഉള്ളിലുള്ളത് പുറത്തു വരട്ടെന്ന് കരുതിയാണ് …



ഷെബിയോട് പറയാൻ എനിക്ക് മറുപടി ഒന്നും ഉണ്ടായില്ല ,,



നിനക്ക് വിധിയില്ല അനു .

അവളെ നല്ല ചെക്കൻ കൊത്തി കൊണ്ട് പോയി , ഷെബി പറഞ്ഞു ….



കുത്തട കുത്ത്…, നെഞ്ചിൽ തന്നെ കയറി ഇരുന്ന് കുത്ത്‌. എനിക്ക് സങ്കടവും ദേഷ്യവും വന്നു…,



അത് വിട്ടേക്ക് അളിയാ… അവൾക്ക് നിന്നെ കിട്ടാനുള്ള ഭാഗ്യമില്ല അതാണ് ഇങ്ങനൊക്കെ സംഭവിച്ചത് ,,, ഷെബി എന്നെ ആശ്വസിപ്പിക്കാൻ അത്രയും വലിയ നുണ പറഞ്ഞു ആത്മാർത്ഥയുള്ള കൂട്ടുകാരൻ…,



വാ ഡാ… ഇനി കുറച്ചു ടൈം കൂടി ഉള്ളു ഗ്രൗണ്ടിൽ പോവാം ….,



നീ നടന്നോ ഞാൻ വരാം ഷെബീ… ഗ്രൗണ്ടിൽ പോവാനുള്ള മൂടോന്നും ഇല്ലയിരുന്നെങ്കിലും അവന് വേണ്ടി ഞാൻ ഗ്രൗണ്ടിലേക്ക് നടന്നു.., അപ്പോഴാണ് അവളെന്റെ മുന്നിൽ വന്ന് നിന്നത് ,,



( കുറച്ചു ദിവസം മുമ്പ് ഉണ്ടായ ആ സംഭവത്തിന് ശേഷം ഞാനവൾക്ക് മുന്നിൽ പോവാറില്ലായിരുന്നു. റിനി വരുന്ന കാണുമ്പോ വഴി മാറി നടക്കും .. ഇല്ലങ്കിൽ അവളെ കാണുമ്പോ എന്താ എനിക്ക് സംഭവിക്കാ എന്ന് അറിയില്ല..



അതിന് മുമ്പ് രണ്ടു വർഷം പഠിക്കുന്നതിലും കൂടുതൽ അവളെയാണ് ശ്രദ്ധിച്ചത് അവള് ശ്രദ്ധിച്ചത് വേ

റെ ആളെയും…)

അൻവർക്കാ..



മുഖത്ത് അവിശ്യത്തിൽ അധികം ബലം പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു ,,



മ്മ്മ് എന്താ …..



ഇങ്ങക്ക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് ശരിക്കും ആണോ ?.. അവൾ എന്നോട് ചോദിച്ചു…..



എന്റെ മുഹബ്ബത്ത്‌ ഒരു സെക്കന്റ് കൊണ്ട് പപ്പടം പോലെ പൊടിച്ച് ഇല്ലാതാക്കിയവളാണ് ,,, ഇപ്പൊ വീണ്ടും ഉറക്കത്തിന്ന് വിളിച്ചിട്ട് ബിരിയാണി വിളമ്പണോ എന്ന് ചോദിക്കുന്നത് ,,



വേണ്ട അദ്യം ഈ ചോദ്യത്തിന് പിന്നിലുള്ള കാര്യം അറിയട്ടെ . എന്നിട്ടാവാം കൈ കഴുകലും പ്ലേറ്റ് മലർത്തലും …..,,



അതിന് തന്നോട് ഇഷ്ടമാണെന്ന് ഞാൻ എപ്പോഴ പറഞ്ഞത് , ഞാൻ ചോദിച്ചു



അത് കേട്ടതും അവളൊന്ന് വിളറി ..അല്ലാ… അന്ന് . കിണറ്റിൻ കരയിൽ വെച്ച്‌…..



അവളെ സംസാരത്തിലെ പതർച്ച കണ്ട് ഞാൻ ശരിക്കും മനസ്സിൽ ചിരിച്ചു…



അന്ന് ഞാൻ റിനീഷയോട് പറഞ്ഞോ എനിക്ക് ഇഷ്ടമാണെന്ന് , താൻ തന്നെയാ ഓരോന്ന് ഊഹിച്ചു പറഞ്ഞത് ,



അവളുടെ മുഖമൊക്കെ ചുവന്നു വരുന്നുണ്ടായിരുന്നു.. വല്ലാത്തൊരു ഭംഗി ആയിരുന്നു ആ മാറ്റം കാണുവാൻ …..

പിന്നെ എന്തിന അൻവർക്ക അന്ന് വെള്ളം കുടിക്കാത്ത…. എന്നെ കൊണ്ട് വെറുതെ പറയിപ്പിക്കല്ലെ എന്റെ മുന്നിൽ അഭിനയിക്ക ഇപ്പൊ ,,,,



ഇതാ.. പെൺ പിള്ളേരെ പ്രോബ്ലം നിന്റെ വിചാരം നീ കരുതുന്നതാണ് ശരി എന്നാ,, എന്റെ ഫ്രണ്ടിന് തന്നെ ഇഷ്ടമാണെന്ന് പറയാൻ വന്നതാ….. ഒന്നും കേൾക്കാൻ നിൽക്കാതെ താൻ വിധി പറഞ്ഞിട്ട് പോയില്ലെ ,,,,ഏത് ഫ്രണ്ടിന് ?. അവളെന്നോട് ചോദിച്ചു..



ഇനി അത് പറഞ്ഞിട്ട് എന്ത് കാര്യം , റിനീഷ ഇഷ്ട്ടപെടുന്ന ഒരാൾ ഉണ്ടല്ലോ ?.. ഹ്മ്മ് ഇഷ്ട്ടപ്പെടുന്ന ഒരാൾ അവന് വേറെ പെണ്ണിനോട് ഇഷ്ട്ടാണ് ,, ചതിയൻ അവൻ ഇത് വരെ അറിഞ്ഞിട്ടില്ല എനിക്കിത് അറിയാമെന്ന് … റിനീഷ കൂടുതൽ ദേഷ്യം പൂണ്ടു….,,



എന്റെ മനസ്സിൽ തൃശൂർപൂരവെടിക്കെട്ട് നടക്കുക ആയിരുന്നു ആ സമയം…



അൻവർക്കയോട് ഒരു സഹായം ചോദിക്കാൻ വന്നതാ ഞാൻ… അവൻ അറിയണം സ്നേഹിച്ചു വഞ്ചിക്കപ്പെട്ടവളെ പ്രതികാരം കണ്ണീരല്ലെന്ന് ,



തെല്ല് സംശയത്തോടെ ഞാൻ ചോദിച്ചു.. അതിന് ഞാൻ എങ്ങനെ സഹായിക്കാൻ ?..



അൻവർക്ക എന്നെ പ്രണയിക്കുന്നതായി അഭിനയിക്കണം അവന്റെ മുന്നിൽ നമ്മൾ കടുത്ത പ്രണയത്തിലാണെന്ന് അവന് തോന്നണം ,,



ഒരിക്കൽ സ്നേഹിച്ച പെണ്ണിനെ മറ്റൊരുത്തൻ സ്നേഹിക്കുന്നത് എത്ര വലിയ വഞ്ചകൻ ആയാലും സഹിക്കില്ല….. റിനീഷ പറഞ്ഞു നിർത്തി



ഞാൻ മനസ്സിലോർത്തു . ഇത് നീ എന്നോട് തന്നെ പറയണം , നഷ്ടപ്പെട്ടവന്റെ വേദന അവനെ അറിയിക്കാൻ നിനക്ക് എന്നെ തന്നെ ബലിയാട് ആക്കണം അല്ലെ ,,,

അൻവർക്ക ഒന്നും പറഞ്ഞില്ല , എന്റെ മൗനം കണ്ട് അവൾ ചോദിച്ചു



എനിക്ക് പറ്റില്ല റിനീഷ ഇത് പോലുള്ള ചീപ്പ് കളിക്ക് കൂട്ട് നിൽക്കാൻ ..



നീ എന്നോട് അന്ന് പറഞ്ഞത് ഓർമ്മയുണ്ടോ റിനി തന്റേടമുള്ള ചെറുപ്പക്കാരന അവൻ എന്ന് ,, അതെ തന്റേടം പെണ്ണിനും ഉണ്ടാവണം .. ആ തന്റേടം പ്രകടിപ്പിക്കേണ്ടത് അവന്റെ മുഖത്തു നോക്കി ചതിച്ചത് എന്തിനാണെന്ന് ചോദിക്കാനാ… പറ്റുമെങ്കിൽ ഒന്ന് പൊട്ടിക്കാനും .. അല്ലാതെ ഇത് പോലെ ചീപ്പ് റിവഞ്ച് അല്ല വേണ്ടത്,,,



ഉപദേശത്തിന് നന്ദി ഇനി ബുദ്ധിമുട്ടിക്കാൻ വരില്ല. അതും പറഞ്ഞവൾ എന്റെ അരികിൽ നിന്നും ഓടി പോയി…



റിനീഷ നിന്നെ സ്നേഹിക്കും പോലെ അഭിനയിക്കാൻ അല്ല എനിക്ക് ഇഷ്ട്ടം…..,, നീ എന്നെയും ഞാൻ നിന്നെയും അറിഞ്ഞു പ്രണയിക്കാനാണ് ഇന്നും ഞാൻ ആഗ്രഹിക്കുന്നതെന്ന് നീ അറിയുന്നില്ലല്ലോ റിനീ……,



അന്ന് വൈകുന്നേരം സ്കൂൾ വിട്ട് പോവുമ്പോൾ ഒരു പിൻവിളി ..



തേയ്‌…ചെക്കാ….

വിളി വീണ്ടും അവർത്തിച്ചപ്പോ ഞാൻ തിരിഞ്ഞു നോക്കി. …



റിനീഷ ഓടി വരുന്നു .



അവളെ ഓടി വരവും ചെക്കാ എന്നുള്ള വിളിയും ഇവൾക്ക് സമ നില തെറ്റിയോ എന്ന് ഞാൻ ചിന്തിച്ചു പോയി…,



അതേയ് ചെക്കാ ഇത് എന്റെ നോട്ട് ബുക്കാണ് , നിങ്ങളെ വീടിനടുത്തുള്ള എന്റെ കൂട്ടുകാരി രമ്യ നോട്സ് എഴുതാൻ ചോദിച്ചിരുന്നു , ഞാനാണെങ്കിൽ കൊടുക്കാനും മറന്നു.. അവളിന്ന് നേരത്തെ പോയി അത്കൊണ്ട് തിങ്കളഴ്ച്ച രാവിലെ ഇതവൾക്ക് കൊടുക്കണം..



അതെന്താ ഇന്ന് കൊടുത്താൽ , ഞാൻ ചോദിച്ചു …



നാളെയും മാറ്റന്നാളും ലീവ് ആയത് കൊണ്ട് അവൾ ഇന്ന് സ്കൂൾ വിട്ട് നേരെ അമ്മയുടെ തറവാട്ടിൽ പോവും…..,, തിങ്കളാഴ്ച്ച പുലർച്ചയെ വരൂ….. എന്താ ഇതും കൊടുക്കാൻ ബുദ്ധിമുട്ടുണ്ടോ ,,, റിനീഷ പറഞ്ഞു നിർത്തി..



അതൊക്കെ കൊടുക്കാം അല്ല ഈ ഉച്ചയ്ക്ക് ശേഷമുള്ള ചെക്കാ വിളി എന്താണെന്ന് മനസ്സിലായില്ല…… ബുക്കിനായി കൈ നീട്ടി കൊണ്ട് ഞാൻ ചോദിച്ചു ,



എനിക്ക് ഇഷ്ടമില്ലാത്തവരെ ഇക്ക എന്ന് ഞാൻ വിളിക്കാറില്ല അതും പറഞ്ഞവൾ നോട്ട് ബുക്ക് എന്റെ കയ്യിൽ തന്നിട്ട് തിരിച്ചു നടന്നു…..,,



അവളുടെ ഓരോ വാക്കും കത്തി മുന പോലെ ഒന്നും മിസ്സാവാതെ നെഞ്ചിൽ തന്നെ കൊണ്ടു ,,,

ആ നേരം നെഞ്ചിൽ നിന്നും പൊഴിഞ്ഞത് അവൾക്കായി ഞാൻ കാത്തു സൂക്ഷിച്ച ചുവന്ന പുഷ്പ്പ ദളങ്ങളും ……. മനസ്സിലെ നിലാവ് മാഞ്ഞു , സൂര്യനെ താരാട്ട് പാടി മടുത്ത താരകങ്ങളും ഉറങ്ങി ……



എനിക്ക് ഉറക്കവും ഇല്ല സ്വപ്നങ്ങളും ഇല്ല ,, എന്നാലും നെഞ്ചിൽ എവിടെയോ ഒരു കുളിര് ഇന്ന് റിനീയോട് കുറച്ചു നേരം സംസാരിക്കാൻ കഴിഞ്ഞല്ലോ ,



എന്നും അങ്ങനൊരു അവസരം ഉണ്ടാക്കി തരണേ നാഥാ.. അതിനുള്ള ചാൻസും ഇന്ന് ഇല്ലാതായില്ലെ , അവൾ ഇന്ന് ഇക്ക മാറ്റി ചെക്കാ എന്ന വിളിച്ചത് …



അപ്പോഴാണ് എന്റെ ശ്രദ്ധയിൽ ടേബിളിന് പുറത്തുള്ള ബാഗിന് മുകളിൽ വെച്ച റിനിയുടെ നോട്ട്സ് കണ്ടത് ….,,



ഞാൻ ബെഡിൽ നിന്നും എണീറ്റ് , ടേബിളിന് അരികിലുള്ള കസേര വലിച്ചിട്ട് അലസമായി ഇരുന്നു .. എന്നിട്ടാ നോട്ട് എടുത്തു (അവളുടെ കൈ പട കാണണം , അവളുടെ മൈലാഞ്ചി ചുവപ്പർന്ന നഖവിരൽ ചേർത്തു പിടിച്ചെഴുതിയ അക്ഷരങ്ങൾ വെറുതെ നോക്കി ഇരിക്കണം ,,



ഞാനാ ബുക്കിന്റെ ആദ്യപേജ് മറച്ചു .. (ഇവളെന്താ അത്തറ് ബുക്കിലാണോ തേയ്ക്കുന്നത് എന്ത് നല്ല സുഗന്ധം ആ സുഗന്ധം ഞാൻ കുറച്ചു നേരം കണ്ണടച്ച് ഇരുന്ന് കൊണ്ട് ആസ്വദിച്ചു…



ആ നേരം റിനീഷയെ ഞാൻ തൊട്ട് മുന്നിൽ എന്ന പോലെ കാണുക ആയിരുന്നു ……,,



ഡാ… ചെക്കാ നിനക്ക് ഉറങ്ങാൻ ആയില്ലെ ?.



പടച്ചോനെ അവള് ഇവിടെയും വന്നോ … ഞാൻ ഞെട്ടലോടെ കണ്ണ് തുറന്നു…



ഹൂ …. ഇത്തൂ ആണോ

പിന്നെ നീ എന്താ കരുതിയെ ഈ പാതി രാത്രി നിന്നെ നോക്കി ആര് വരാനാ …



ഇത്താത്ത ഉറങ്ങിയില്ലെ ?.ഇത് വരെ



ഇക്കാന്റെ ഫോൺ വന്നപ്പോ എണീറ്റതാണ് അപ്പോഴ ഇവിടെ വെളിച്ചം കണ്ടത് എന്റെ കൊച്ചനിയൻ എന്താ ഉറങ്ങാത്തെന്ന് അറിയാൻ വന്നതാണ് ,,, ഇത്തൂ ശ്വാസം വലിച്ചുകൊണ്ട് ചോദിച്ചു ..



അല്ല അനു എവിടുന്ന ഇത്രയും നല്ല അത്തറിൻ മണം .



ഞാൻ കസേരയിൽ നിന്ന് എണീറ്റ് റിനിയുടെ നോട്ട് ഇത്തൂന്റെ മുഖത്തോട് അടുപ്പിച്ചു ..



മ്മ്മ് ..ഹാ … എന്ത് നല്ല സുഗന്ധം ഇതെവിടുന്ന മോനു,,



ഇത് റിനി അപ്പുറത്തെ രമ്യക്ക് കൊടുക്കാൻ തന്നതാണ്.. രമ്യ ഇനി തിങ്കളാഴ്ച്ചയെ വരൂ…. ഞാൻ പറഞ്ഞു



അതിന് രമ്യ എവിടെ പോയി ഇത്താത്ത ചോദിച്ചു .



അവള് അമ്മയുടെ തറവാട്ടിൽ പോയി എന്ന റിനി പറഞ്ഞത് തിങ്കളാഴ്ച്ച രാവിലെ കൊടുക്കാൻ ഏല്പിച്ചതാണ് .. രമ്യ അവളുടെ വീട്ടിൽ തന്നെ ഉണ്ടല്ലോ… ഞാൻ കുറച്ചു മുമ്പ് ഇറച്ചിപത്തിരി കൊണ്ട് കൊടുക്കാൻ പോയപ്പോൾ കണ്ടതണല്ലോ , ഇത്താത്ത പറഞ്ഞു…



എന്ന അവള് പോയി കാണില്ല . ഞാൻ പറഞ്ഞു

മോനെ അനു.. ഇത് രമ്യക്ക് ഉള്ള ബുക്കാണെന്ന് എനിക്ക് തോന്നുന്നില്ല… ആ ബുക്കിൽ നിന്ന് വരുന്നത് ഒരു സ്കൂൾ സ്റ്റുഡന്റിന്റെ പുതുപുസ്തക ഗന്ധമല്ല….,, ഇത് അസ്സല് പ്രണയത്തിൻ ഗന്ധമാണ് മോനെ…. അതും പറഞ്ഞ് ഒരു കള്ള ചിരിയോടെ ഇത്തു വാതിൽ ചാരിയിട്ട് പോയി…..,

ഇത്തൂന്റെ ചിന്ത പോയൊരു പോക്ക് നോക്കണേ . .മ്മ്മ്.. ഇതിന് പ്രണയത്തിന്റെ ഗന്ധമാണോ ?.. ബെഡിൽ ചാരി ഇരുന്ന് ഞാൻ ആദ്യത്തെ പേജ് മറിച്ചു..



നാണമില്ലല്ലോ മറ്റൊരാളുടെ ബുക്ക് തുറന്നു നോക്കാൻ …. എന്തായാലും നോക്കി ഇനി മുഴുവൻ വായിച്ചിട്ട് ബുക്ക് പൂട്ടിയ മതി അനുമോൻ..



(പടച്ചോനെ ഇതെന്താ ,,, ഞാൻ വായിക്കുമെന്ന് അവളെങ്ങനെ മനസ്സിലാക്കി.. എന്ന പിന്നെ വായിച്ചിട്ട് തന്നെ കാര്യം , ഞാൻ വായന തുടർന്നു……..



കുറച്ചു കഷ്ടപ്പെട്ട് എഴുതിയതാണെ . പാതിയിൽ വെച്ച് വായന നിർത്തരുത്…..,,



ഇങ്ങളെ വിചാരമെന്താ ഞാൻ അങ്ങോട്ട് വന്ന് ഇഷ്ടം പറയുമെന്നോ ?..



അല്ല എന്ന് മറുപടി ആണെങ്കിൽ .. ഞാൻ ഒന്ന് ചോദിക്കട്ടെ പിന്നെ ഈ രണ്ടു വർഷം അൻവർക്ക എന്തിനാ എന്നോടുള്ള പ്രണയം മറച്ചു വെച്ച് നടന്നത് ?…



കണ്ണ് തള്ളണ്ട അൻവർക്കാക്ക് എന്നെ ഇഷ്ട്ടമാണെന്ന് . എന്നോട് കുറച്ചു മാസങ്ങൾക്ക് മുമ്പ് മറ്റൊരാൾ പറഞ്ഞിട്ട് ഞാൻ അറിഞ്ഞിരുന്നു …,



ഞാൻ ഓർത്തു എന്നിട്ടാണോ നീ വേറെ പ്രണയിക്കാൻ പോയത് . തുറന്നു പറയാൻ വന്ന എന്നെ അതിനൊന്ന് സമ്മതിച്ചത് പോലും ഇല്ലല്ലോ ,, ഞാൻ ബാക്കി അക്ഷരങ്ങളിലേക്ക് സഞ്ചാരം തുടങ്ങി ..

അക്ഷരത്തിന് വിത്യാസം കണ്ടു നല്ല ഭംഗി ആയിരുന്നു ആ എഴുത്തിന് ഇനി ആ എഴുത്ത് എന്താന്ന് അറിയണം …. ഞാൻ വായന തുടർന്നു



ഇങ്ങനൊരു എഴുത്ത്‌ ഒരിക്കലും ഞാൻ പ്രതീക്ഷിച്ചതല്ല … പക്ഷെ എഴുതേണ്ടി വന്നു ഇത് വായിച്ചിട്ട് എന്നെ മനസ്സിലാക്കുമെന്നോ വെറുക്കുമോ എന്നൊന്നും എനിക്കറിയില്ല …



അനു .. അങ്ങനെ വിളിച്ചോട്ടെ ഞാൻ..



കഴിഞ്ഞ മൂന്ന് വർഷമായി ഈ അനുനേ ഞാൻ സ്നേഹിക്കാൻ തുടങ്ങിയിട്ട്..



നമ്മൾ ഏകദേശം ഒരേ ടൈപ്പ് ആണ് .. അനു റിനീഷ അറിയാതെ അവളെ രണ്ടു വർഷം പ്രണയിച്ചു..

അത്പോലെ ഞാൻ മൂന്ന് വർഷമായി അനുനോട്. തുറന്നു പറയാൻ പേടിച്ചിട്ട് അനുവറിയാതെ അനുവിനെ സ്നേഹിക്കുന്നു…



എന്നേക്കാൾ ഒരു വർഷത്തെ സീനിയർ ആയ അനുവിനെ മൊഞ്ചുകണ്ടിട്ട് സ്നേഹിച്ചതല്ല ഞാൻ .. ആ മനസ്സിലെ നന്മ കണ്ട് ഇഷ്ട്ടപ്പെട്ട് തുടങ്ങിയതാണ്..



അനുവിനെ സ്നേഹിക്കാൻ മാത്രം അർഹത എന്നിൽ ഉണ്ടോ എന്നറിയില്ല …



സ്നേഹത്തിന് ഒന്നും നോക്കണ്ടല്ലോ മനസ്സിൽ തുടങ്ങിയ ഹൃദയം അത് ഏറ്റ് വാങ്ങി മുല്ലവള്ളി പോലെ പന്തലിക്കും….



ഇന്ന് ഉച്ച മുതൽ എഴുതി തുടങ്ങിയതാണ് ഈ ബുക്ക് ഞാനും റിനീഷയും കൂടി..



ഉച്ചയ്ക്ക് റിനീഷ വന്ന് അനുവിനോട് . കാമുകൻ ആയി അഭിനയിക്കുമോ എന്ന് ചോദിച്ചില്ലെ ..



യെസ് എന്നായിരുന്നു അനുവിന്റെ റിപ്ലൈ എങ്കിൽ ഞാൻ ഇങ്ങനൊരു എഴുത്ത്‌ എഴുതില്ലായിരുന്നു … എന്നോടൊപ്പം തീരുമായിരുന്നു ഈ പ്രണയവും ,,,



എനിക്കറിയാമായിരുന്നു അനു . നീ റിനീഷയെ രണ്ടു വർഷമായി പ്രണയിക്കുന്നത് ഞാൻ പറഞ്ഞിട്ടാണ് അവൾ അറിയുന്നത് പോലും…

പിന്നെ എല്ലാ ഞാറാഴ്ചയും ഫ്രണ്ട്സിനൊപ്പം വിളിക്കാത്ത കല്യാണത്തിന് ബിരിയാണി തിന്നാൻ പോവാറില്ലെ ?..



ആ ഞാറാഴ്ചകളിൽ അനുവിന്റെ ഈ വീട്ടിൽ വേറൊരു കാര്യം നടക്കാറുണ്ട് അതെന്താന്ന് അറിയോ ?… കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാറാഴ്ചകളിൽ ഞാൻ ഉച്ച ഭക്ഷണം കഴിക്കാറ് അനുവിന്റെ ഉമ്മച്ചിയുടെയും ഇത്തൂന്റെയും കൂടെയാണ്….



ഇപ്പൊ ശരിക്കും ഒന്ന് ഞെട്ടിയല്ലെ , രമ്യന്റെ വീട്ടിൽ പോവാന്ന് പറഞ്ഞ ഞാൻ എന്റെ വീട്ടിൽ നിന്ന് ഇറങ്ങാറ് …



ഇത് വരെ ഇത്തു ഇത് പറഞ്ഞില്ലല്ലോ , അതാണ് ഇത്തുവും ഞാനും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ്….,,



എത്ര വട്ടം അനുവിന്റെ മുറിയിൽ ഞാൻ വന്നു എന്നറിയോ , അയ്യേ എന്ത് വൃത്തിക്കെട്ട മുറിയാ അനുവിന്റെ



(ഞാനെന്റെ മുറി ആദ്യമായി കാണും പോലെ ഒന്ന് വീക്ഷിച്ചു , എനിക്ക് ഒന്നും വൃത്തികേടായി തോന്നിയില്ല . പിന്നെ ഇവൾക്കെന്ത അങ്ങനെ തോന്നാൻ ,, ഞാൻ വായന തുടർന്നു .

ടെബിളിൽ മുഴുവൻ ബുക്ക്സ് വാരി വലിച്ചിട്ടിന് . മുഷിഞ്ഞ ഡ്രസ്സ് ബെഡിലും കസേരയിലും…



അതൊക്കെ ഒന്ന് റെഡി ആക്കി വെച്ചൂടെ … ഡ്രസ്സ് ഒക്കെ മടക്കി അനുന്റെ ആൾ പൊക്കത്തിൽ ഒരു അലമാര ഉണ്ടല്ലോ അതിൽ വെച്ചൂടെ …….



എല്ലാത്തിനും ഉമ്മച്ചിന്റെയും ഇത്തൂന്റെയും കൈ എത്താൻ കാക്കണോ ,,,



ഇനി നമുക്ക് കാര്യത്തിലേക്ക് വരാം . അനു ഇതൊരു പൈങ്കിളി പെണ്ണിന്റെ നിസാര കാഴ്ചപ്പാടായി അവഗണിക്കരുത്….



(എന്തായിരിക്കും അങ്ങനൊരു കാര്യം ഞാൻ പേജ് മറിച്ചു കൊണ്ട് വായന തുടർന്നു…



ഇത്തുനോട് ഞാൻ അനുവിന്റെ ഇഷ്ട്ടനിഷ്ട്ടങ്ങൾ എല്ലാം ചോദിച്ചറിഞ്ഞിരുന്നു ..



അനുവിന്റെ അതെ ഇഷ്ടങ്ങൾ ആയിരുന്നു എന്റെ ഇഷ്ടങ്ങൾ .. രുചികളും നിറങ്ങളും എല്ലാം.. ഒന്നാണ് നമ്മുടേത് ,,



എനിക്ക് വിഷമം തോന്നിയ ഒരു കാര്യം ഉണ്ടായിരുന്നു അതിൽ ബൈക്ക് കിട്ടിയ ശേഷം അനു രാത്രി കാലങ്ങളിൽ തോന്നിയ സമയത്താണ് കയറി വരാറെന്ന് . ഇത്തു പറഞ്ഞിരുന്നു…..,, അതിലെന്ത ഇത്ര വലിയ കാര്യം എന്ന് ചിന്തിക്കുന്നുണ്ടാവാം അനു



അതിൽ കാര്യം ഉണ്ട്.., അനു ശ്രദ്ധിക്കാതെ പോയൊരു കാര്യം…



അസുഖമുള്ള ഉമ്മനെയും ഇത്തുനേയും തനിച്ചാക്കിട്ട് പാതിരാത്രി വരെ കറങ്ങി നടക്കുന്നത് ശരിയല്ല ട്ടോ ..

ഉമ്മാക്ക് വയ്യാതെ മറ്റോ ആയെങ്കിലോ ഇത്തു ഒറ്റയ്ക്ക് വിഷമിക്കില്ലെ ,,



രാത്രി എങ്കിലും അവർക്കൊപ്പം നിന്നുടെ അനുവിനെ കുറിച്ച് പറയാൻ ഉമ്മച്ചിക്കും ഇത്തുനും നൂറ് നാവാണ് .



അനുവിനെ കുറിച്ച് ഓർക്കുവാൻ എനിക്ക് ആയിരം മനസ്സുമാണ്



(ആരാണ് റബ്ബേ എന്നെ ഇത്ര സൂക്ഷമമായി സ്നേഹിക്കുന്ന പെണ്ണ് എന്നോടുള്ള സ്നേഹം അവളെന്റെ കുടുംബത്തിൽ കയറി വരെ തെളിയിച്ചിരിക്കുന്നു … ഇത്തൂ ….. നാളെ ശരിയാക്കി തരാട്ടോ ,, അവൾ ആരെന്ന് അറിയാൻ എനിക്ക് തിടുക്കമായി ഞാൻ വായന തുടർന്നു…..



തുടരും …….