അവ്യക്തമായ ആ രൂപം…? Part 3 (പ്രേതം)

അകത്ത് കയറിയ ഞാൻ ആ മരിച്ച സ്ത്രീയുടെ ഫോട്ടോ മാലയിട്ട് ചുവരിൽ തൂക്കിയത് കണ്ടു.

അത് കണ്ടതും തിരിഞ്ഞു ഓടി ഉമ്മറപടിയിൽ തട്ടി നിലത്ത് വീണ എന്നെ അഭിയും അയാളും പിടിച്ചെഴുന്നേൽപ്പിച്ചു.

“എന്താടാ എന്താടാ പറ്റിയെ?”

“എടാ ആ മരിച്ച സ്ത്രീ, ആ… ആ പെൺകുട്ടിയെ എനിക്കറിയാം.

” എങ്ങനെ അറിയാം..?

ഞങ്ങൾ വീടിന്റെ പുറത്തിറങ്ങി ഞാൻ അവരോട് പറഞ്ഞു.

” ഈ സ്ത്രീയെ ഈ കുറച്ചു മാസങ്ങൾക്ക് മുൻപ് ഞാൻ രാത്രി ടൗണിൽ റെയിൽവ്വേ സ്റ്റേഷൻ പരിസരത്ത് വെച്ച് കണ്ടിട്ടുണ്ട്. മാത്രമല്ല ഞങ്ങളുടെ വണ്ടിയിൽ കയറിയിട്ടുമുണ്ട്. പുലർച്ചെ 3 മണിക്ക്.”

” 3 മണിക്കോ…???കൂടെയുള്ള ചെറുപ്പക്കാരൻ ചോദിച്ചു

**********************
” ഞങ്ങളുടെ മറ്റൊരു സുഹൃത്തുണ്ട്, വിപിൻ അവൻ രാത്രി ടൗണിലെ മാതൃഭൂമി പ്രസ്സിൽ നിന്നു ജീപ്പിൽ പത്രം എടുക്കുന്ന ജോലി ഉണ്ട്. ഞാൻ നാട്ടിൽ ഉണ്ടാവുമ്പോൾ ചില രാത്രികളിൽ ഞാനും അവനു കൂട്ടായി പോവാറുണ്ട്. രാത്രി 11.30 നു പോവും അവിടത്തെ പെട്രോൾ പമ്പിൽ ജീപ്പ് സൈഡാക്കി ഞങ്ങൾ അതിൽ കിടന്നുറങ്ങും പുലർച്ചെ 2 മണി കഴിഞ്ഞാൽ പത്രം എല്ലാം വണ്ടിയിൽ കെട്ടിവെച്ച് ഞങ്ങൾ തിരിക്കും. ഓരോ പീടിക തിണ്ണയിലും, വായനശാല പരിസരത്തൊക്കെ അതാത് ഏജൻറുമാരുടെ പത്രക്കെട്ടുകൾ ഇട്ട്. എല്ലാം കഴിഞ്ഞു നാട്ടിലെത്തുമ്പോൾ 8 മണിയാവും.

ഞങ്ങളുടെ റൂട്ട് ടൗണിൽ നിന്നും മാറി വളരെ ഉൾനാടൻ പ്രദേശത്തുകൂടെയായിരുന്നു. ഒരു ദിവസം പുലർച്ചെവരുമ്പോൾ റെയിൽവ്വേ സ്റ്റേഷൻ കഴിഞ്ഞു കുറച്ചകലെ ഒരു സ്ത്രീയെ കണ്ടു. നല്ല മഴയുണ്ടായിരുന്നു.

: “എടാ വിപി വണ്ടി നിർത്ത് ഒരാൾ കൈ കാണിക്കുന്നു ഒരു സ്ത്രീയാണെന്നു തോന്നുന്നു.”

“സ്ത്രീയോ.. ഇതിൽ കയറ്റാനൊന്നും പറ്റില്ല പോലീസ് ചെക്കിംഗ് ഉണ്ടാവും ഹൈവേയിൽ അവൻമാർ ഓരോന്നു ചോദിച്ചു ചൊറിഞ്ഞോണ്ടിരിക്കും.”

“എടാ രാത്രി ഒരു സ്ത്രീ മഴയത്ത് ലിഫ്റ്റ് ചോദിച്ചിട്ട് സഹായിക്കാത്തത് മോശമാണ്. നാളെ അവർക്ക് വല്ലതും പറ്റിയാൽ കുറ്റബോധമുണ്ടാവും. പോലീസ് ചെക്കിംഗ് ഒന്നുണ്ടാവില്ല, നമ്മൾ പോവുന്ന പട്ടിക്കാട്ടിൽ പോലീസ് പോയിട്ട് പൂച്ച കുഞ്ഞുവരെ ഇല്ല അപ്പോഴാ. നമ്മളുടെ വഴിയാണെൽ അവിടെ ഇറക്കാം.”

അവൻ സമ്മതിച്ചു ഞങ്ങൾ അവരെ ജീപ്പിൽ കയറ്റി പുറകിൽ കുറച്ച് സ്ഥലം ഉണ്ട് അവർ അവിടെ ഇരുന്നു ഞാൻ മുന്നിലും മഴയായത് കാരണം ഞങ്ങൾ വണ്ടി

വേഗത്തിൽ വിട്ടു, പാറപ്പറം എന്ന സ്ഥലത്ത് എത്തിയപ്പോൾ അവർ ഇറങ്ങി. പക്ഷെ ഞങ്ങൾക്ക് അവിടൊരു സംശയമുണ്ടായി. എനിക്ക് തോന്നിയില്ല വിപിക്ക് തോന്നി.

ഒരു കാടു പിടിച്ച പ്രദേശത്തായിരുന്നു അവർ ഇറങ്ങിയത് ഒരു കടയോ വീടോ അവിടെ കണ്ടില്ല.കൂടാതെ.. വിപി പറഞ്ഞു.

” നിന്നോട് അവൾ എന്ത് ചെയ്യുന്നു എവിടുന്നു വരുന്നുന്നാ പറഞ്ഞത് ?” വിപി ചോദിച്ചു.

” എറണാകുളത്ത് നഴ്സ് , ട്രെയിൻ എത്താൻ വൈകി എന്നു മാത്രമേ പറഞ്ഞുള്ളു പിന്നെ എന്റെ ഫോൺ ഒന്നു വാങ്ങിച്ചു തിരികെ തന്നു. അത്രേ ഉള്ളു. എന്താടാ ?”

” നീ റോഡിൽ നോക്കിയേ?”

“അയ്യോ ചോര ” ഞാൻ പേടിച്ചു.

“ചോര അല്ലെടാ മുറുക്കാൻ ചവച്ചു തുപ്പിയതാണ്.ഈ എറണാകുളത്ത് പഠിക്കാൻ പോയ പെൺകുട്ടികളൊക്കെ വെറ്റില മുറുക്കുമോ?” പോക്ക് കേസായിരിക്കും എന്ന് പറഞ്ഞു അവൻ തള്ളി. ഞാൻ എന്തോ ആവട്ടെ എന്ന് പറഞ്ഞു ഞങ്ങൾ വണ്ടി വിട്ടു.അന്നത് കാര്യമാക്കിയില്ല.

അതായിരുന്നു അന്നത്തെ സംഭവം അവൾ നടന്നു പോയത് ഒരു കാട്ടുപ്രദേശത്തും.

*******************

ഞാൻ അവർക്ക് അന്നു നടന്ന ഈ സംഭവം പറഞ്ഞതും ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു.

” ഈ പാറപ്പറം ഇവിടെ അടുത്താണ് ഈ റോഡ് നേരെ പോവുന്നത് അവിടേക്കാണ് പക്ഷെ 10 km ഉണ്ട്. നിങ്ങൾ ഈ പറഞ്ഞ സ്ഥലം പള്ളിയുടെ അടുത്താണ് ശ്മശാനഭൂമി”

” അതിനു അവളെ അടക്കിയത് ഇവിടെ അല്ലേ.” അഭിപറഞ്ഞു.

” അവിടെത്തെ പള്ളിയിലാണ് ജോമോനെ അടക്കിയത് അവളുടെ ഭർത്താവിനെ ,പുള്ളിക്കാരൻ ക്രിസ്റ്റ്യൻ ആയിരുന്നല്ലോ.. ” ആ ചെറുപ്പക്കാരൻ പറഞ്ഞപ്പോൾ അന്നത്തെ സംഭവം ഓർത്ത് എനിക്ക് ഇന്നാണ് ഭയം ഉണ്ടായത്. പക്ഷെ

“അത് മാത്രമല്ല പിന്നെ ഉണ്ടായത് ആ സ്ത്രീ പിറ്റേ ദിവസം എന്റെ Fb യിൽ കണ്ടു പക്ഷെ അവരുടെ പേര് ശ്രുതി എന്നല്ല സീത എന്നായിരുന്നു. ”

” ഹ..ഹ.ഹ എടാ നിനക്ക് വട്ടാണ് വണ്ടിയിൽ കേറുന്നു മുറുക്കി തുപ്പുന്നു.ദാ ഇപ്പോൾ Fbയും വർഷങ്ങൾക്ക് മുൻപ് മരിച്ച അവൾക്ക് എവിടുന്നാ ഫേസ് ബുക്ക്. അന്ന് ഇതു ഉണ്ടോ എന്ന് പോലും അറിയില്ല മണ്ടൻ”. അഭി പൊട്ടിച്ചിരിച്ച് പറഞ്ഞപ്പോൾ

ഞാൻ എന്റെ ഫോണിൽ അവളുടെ ഐ.ഡി കാണിച്ചു കൊടുത്തു അത് കണ്ട് അവർ ഞെട്ടിയെങ്കിലും അഭി വീണ്ടും പറഞ്ഞു.

“എടാ എത്രയോ ഫേക്ക് ഐ ഡി കൾ ഉണ്ട്. മരിച്ചു പോയ ഇവളുടെ ഫോട്ടോയും, ഈ എഴുത്തൊക്കെ ചേർത്ത് ഈ വീട്ടിലെ ഏതെലും തലതെറിച്ച മക്കൾ ഉണ്ടാക്കിയതാവും.”

” ശരി അതെ അങ്ങനെയാണ്, നിനക്ക് നമ്മൾ കഴിഞ്ഞ നവംബറിൽ കാർഷികമേള എക്സിബിഷനു പോയത് ഓർമ്മയുണ്ടോ..?”

“ഉവ്വ് ഓർമ്മയുണ്ട്. ”

” ആ സ്ഥലമൊക്കെ ഓർമ്മയുണ്ടല്ലോ എന്നാ ഇതാ വർഷങ്ങൾക്ക് മുൻപ് മരിച്ച ആ പെൺകുട്ടി മാസങ്ങൾക്ക് മുൻപ് കാർഷികമേളയ്ക്ക് അടുത്ത് നിന്നെടുത്ത സെൽഫി”

അത് അവർ രണ്ടു പേരും പേടിച്ചെങ്കിലും ഒരാളെ പോലത്തെ ഒമ്പത് പേർ ഉണ്ടെന്നൊക്കെ പറഞ്ഞ് അവർ തള്ളി. പക്ഷെ ആ ഫോട്ടോയിലെ അപാകത ഞാൻ അവർക്ക് കാണിച്ചു കൊടുത്തു. ആ ഫോട്ടോയിൽ ആ സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളു. മനുഷ്യർ ആരും തന്നെ പുറകിൽ ഇല്ല. മാത്രമല്ല ഈ പേര് സെർച്ച് ചെയ്തിട്ട് അവരുടെ രണ്ട് പേരുടെയും ഫോണിൽ അവളുടെ ഐ ഡി കിട്ടുന്നും ഇല്ല.

അന്ന് മാസങ്ങൾക്ക് മുൻപ് വണ്ടിയിൽ വെച്ച് കണ്ടതിന്റെ പിറ്റേ ദിവസം ഫോണിൽ കണ്ടതാണ്. അന്നു അവർ എന്റെ കൈയ്യിൽ നിന്നു നിമിഷ നേരത്തേക്ക് ഫോൺ വാങ്ങിച്ചിരുന്നു. ഇതൊക്കെ ഒരു നിമിത്തമാണ് വണ്ടിയിൽ കയറിയതും അപകടം പറ്റിയതും, ഈ നാട്ടിൽ വരാനും എല്ലാം.എന്നിലൂടെ എന്തൊക്കെയോ സത്യങ്ങൾ അറിയണം അവൾക്ക്.

എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞിരിപ്പുണ്ട് ഞാൻ വീണ്ടും ആ വീട്ടിൽ കയറി അവൾ എഴുതിയ പുസ്തകങ്ങൾ എടുത്ത് വായിച്ചു നോക്കി.

പെട്ടെന്ന് ഞാൻ അഭിയെ വിളിച്ചു മൊബൈൽ എടുത്തു. ഏതാനും മാസങ്ങൾക്ക് മുൻപ് ഫേസ് ബുക്കിൽ കഥകളൊക്കെ എഴുതുന്ന രണ്ട് പേർ വാഹന അപകടത്തിൽ മരിച്ചതായി കണ്ടിരുന്നു. എന്റെയും ഫ്രണ്ട് ലിസ്റ്റിൽ ഉള്ളവർ ഒരാൾ കോഴിക്കോടും മറ്റൊരാൾ തൃശ്ശുർ ആണോ കൊച്ചി ആണോ എന്നോർമ്മയില്ല വ്യത്യസ്ഥത തലത്തിൽ ഉള്ളവർ .ഞാൻ മരിച്ച അവരുടെ പ്രൊഫൈൽ നോക്കി. അവർ രണ്ടു പേരുടെയും ഐ ഡി യിൽ അവസാനം പോസ്റ്റ് ചെയ്തത് ഈ പെൺകുട്ടിയുടെ വരികളാണ് വ്യത്യസ്ഥ വരികൾ.പക്ഷെ അതിനു ശേഷം അവർ മരിച്ചു.ഇത് എങ്ങനെ വന്നു എന്നെനിക്ക് പിടിക്കിട്ടുന്നില്ല. ആ എഴുത് വളരെ മനോഹരമായിരുന്നു. അതാണ് ഞാൻ ശ്രദ്ധിച്ചത്.

ഞാൻ അവളുടെ ഡയറി പരിശോധിച്ചപ്പോൾ അവൾ എഴുതിയ ആ രണ്ട് വ്യത്യസ്ഥ വരികൾക്ക് മേൽ രക്തക്കറ കണ്ടു. അതടച്ച് വെച്ചു ഞങ്ങൾ വീടിനു പുറത്തിറങ്ങി.

എന്താണ് എന്നൊരു പിടുത്തവും എനിക്ക് കിട്ടാത്ത അവസ്ഥ. പെട്ടെന്ന് അഭി പറഞ്ഞു.

” വരുന്ന വഴിക്ക് നല്ല ഒരു തട്ടുകട കണ്ടിരുന്നു ഞാൻ, പോവുമ്പോൾ നല്ല പുട്ടും ബീഫും തട്ടണം”

” അതിനു ആരു പോവുന്നു ഞങ്ങൾ ഇന്ന് ഇയാളുടെ വീട്ടിൽ താമസിക്കുന്നു.”

” ഇന്നോ.. ഞാൻ ഇല്ല.. പോയെ ഒരു പ്രേതനാട് ഞാൻ ഇല്ല.”

ഞാൻ അഭിയെ പിടിച്ചു നിർത്തിച്ചു. അയാളുടെ വീട്ടിൽ നിന്നു ഈ മരിച്ച പെൺകുട്ടിയുടെ വീടും റോഡും നന്നായിട്ട് കാണാം. അന്ന് ഞങ്ങൾ മുൻപ് പ്രേതത്തെ കണ്ട് ടെറസ്സിൽ നിന്ന് വീണ അമ്മയെയും കുഞ്ഞിനെയും കാണാൻ പോയി കുട്ടി ഇത്തിരി വലുതായി നല്ല മോൾ. അത് കഴിഞ്ഞു പ്രേതത്തെ കണ്ട് എന്ന് പറഞ്ഞ് ലോറിയിടിച്ചു മരിച്ച പെൺകുട്ടിയുടെ വീട്ടിൽ.ആ വീട്ടിൽ അവളുടെ ചേച്ചിക്കും ഒരനുഭവമുണ്ടായത്രേ അവർ പറഞ്ഞു.

“ഒരു ദിവസം രാത്രി കുളിക്കാനായി പുറത്ത് ബാത്റൂമിലേക്ക് പോവുകയായിരുന്ന അവരുടെ മകൾ വീടിന്റെ പുറക് വശത്ത് ചുവരിനോട് ചേർന്ന് എന്തോ ചിരിക്കുന്ന രൂപത്തെ കണ്ടത്രേ പേടിച്ചോടിയ അവൾ നിലത്ത് വീണ് തല തറയിൽ അടിച്ചു.ഇന്ന് ഭർത്താവിന്റെ നാട്ടിൽ.ഒരു കോമ പോലെ ഒരു മിണ്ടാട്ടം ഇല്ലാത്ത പോലെ കുറച്ച് സംസാരിക്കും. ചിലപ്പോൾ ഒരേ മൗനം.

എല്ലാ കഥകളും കേട്ട് ഞങ്ങൾ ആ ബാധയെ തളച്ചു എന്ന് പറയുന്ന സ്വാമിയെ പോയി കണ്ടു. ഞങ്ങൾ എല്ലാം സ്വാമിയോട് പറഞ്ഞു. സ്വാമി എന്നോട് പല അത്ഭുതകരമായ കാര്യങ്ങളും പറഞ്ഞു അത് ഞാൻ പറയാം പക്ഷെ സ്വാമി മറ്റൊരു കാര്യം പറഞ്ഞു.

” ഞാൻ പറഞ്ഞതൊക്കെ ഓർമ്മയിൽ വെച്ചോളു.പിന്നെ ഇപ്പോൾ കുറെ കാലമായിട്ട് ഈ പ്രേതത്തിന്റെ ശല്യം കാണുന്നില്ല അതിനർത്ഥം പോയി എന്നല്ല. ആരുടെയോ ദേഹത്ത് കയറിയിട്ടുണ്ട് .അസ്വാഭാവികമായി ആരെയെങ്കിലും തോന്നിയാൽ സംശയിക്കണ്ട.” സ്വാമി പറഞ്ഞു.

“എടാ ഇത് ആ പെണ്ണ് തന്നെ നമ്മളെ ഇങ്ങോട്ട് പറഞ്ഞയച്ചില്ലേ ആ .. അവൾ. ആ മരിച്ച വീട്ടിലെ പെണ്ണ് “അഭി പറഞ്ഞു.

”ഏയ് അവളല്ല അതിനു കാരണമുണ്ട് അത് ഞാൻ പറയാം. എന്തായാലും അവൾ അല്ല. എടാ നമ്മൾ നേരത്തെ ആ വീണ സ്ത്രീയുടെ വീട്ടിൽ പോയില്ലേ.”

” ഉവ്വ്., ഏയ് അവർ അല്ല. ആ ചേച്ചി നല്ല ചിരിച്ചിട്ടൊക്കെയാ സംസാരിച്ചത് ”

“അവർ അല്ലട, അവരുടെ കുഞ്ഞുമകൾ ആ കുട്ടി കയറിവരുമ്പോൾ നമ്മളെ കണ്ടതും ഒരു കുട്ടിയുടെ ചുറുചുറുക്കോ, ഓട്ടമോ., ചാട്ടമോ., നാണമോ ഇല്ലാതെ നമ്മളെ മുഖമുയർത്തി ഒന്നു നോക്കി മിണ്ടാതെ അകത്ത് പോയി. അതിൽ എനിക്ക് ഒരു അസ്വാഭാവികത തോന്നിയിരുന്നു.”

എടാ അഭീ, ആ സ്വാമി പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഞാൻ പറയാം നീ വാ.. നേരം ഒരു പാടായി ഇയാളുടെ വീട്ടിൽ പോവാം.

അങ്ങനെ അന്നു രാത്രി അവിടെ തങ്ങി.ഭക്ഷണം കഴിച്ചു. സമയം രാത്രി 10 മണി ഞാൻ അകത്ത് കയറി. ഇന്ന് രാത്രി പലതും നടക്കും. ഞാൻ ഇരുന്നു കുറെ കാര്യങ്ങൾ അലോചിക്കുമ്പോൾ പെട്ടെന്ന് അഭിയുടെ ബഹളം ; “എടാ അപ്പു ഓടി വാ…”ഞാൻ ഓടി..

“എന്താടാ അഭി…

“എടാ ദേ.. അയാൾ … ദാ ആ റോഡിൽ കൂടെ നടന്നു പോയി… ഞാൻ കണ്ടെടാ.ഇപ്പോൾ..???
ഞങ്ങൾ റോഡിൽ ഇറങ്ങി അയാൾ പോയ വഴിയിൽ രക്തം കണ്ടു . പെട്ടെന്ന് പുറകിൽ…?

തുടരും