മരണത്തെ മുന്നിൽ കണ്ട നിമിഷമായിരുന്നു ഇന്നലെ, അമ്മ എപ്പോഴും പരാതി പറയും രാത്രി സെക്കന്റ് ഷോയ്ക്ക് പോവുന്നത് നല്ലതല്ല എന്ന്. എന്നും രാത്രി സിനിമയ്ക്ക് പോവുമ്പോൾ വഴക്ക് പറയും
” ഈ പാതിരാത്രി പോവുന്നത് എന്തിനാണ്, പകൽ സിനിമയ്ക്ക് പോയാൽ പോരെ ഈ കാറ്റും മഴയും കറണ്ടും ഇല്ലാത്ത സമയങ്ങളിൽ പോവണോടാ ” എന്നൊക്കെ.
ശരിയാണ് പക്ഷെ എന്റെ സുഹൃത്ത് അഭി ജോലിക്ക് പോയി തിരിച്ചു വരുവാൻ വൈകുന്നേരം 6 മണിയാവും. വന്നു കുളി കഴിഞ്ഞ് നമ്മൾ വായനശാലയ്ക്ക് അടുത്ത് പോവും അവിടെ അല്പനേരം ചിലവഴിച്ചാൽ അവൻ പറയും സിനിമയ്ക്ക് പോവാം എന്നു. ഏത് സിനിമയെന്നോ, എന്ത് സിനിമയെന്നോ നോക്കില്ല ഒരാഴ്ചത്തോളം എല്ലാ ദിവസവും സിനിമ കാണാൻ പോയിട്ടുണ്ട് ഞങ്ങൾ. എന്നും രാത്രി 9.30 നു സിനിമയ്ക്ക് പോയിട്ട് ഒരു മണിക്കും ,രണ്ട് മണിക്കൊക്കെ തിരിച്ചു വരുന്നത് കണ്ടിട്ട് അയൽപക്കക്കാർ പലതും പറഞ്ഞു നടക്കുന്നുണ്ട് എന്ന് അമ്മ പറഞ്ഞു. ഞങ്ങൾ രണ്ടു പേരും വേറെന്തോ കാര്യത്തിനാണ് രാത്രി ടൗണിൽ പോവുന്നത് എന്ന്.
സത്യത്തിൽ ദിവസ കുറി എന്ന രീതിയിൽ നാട്ടിൽ തന്നെ ഒരു ചിട്ടി ഉണ്ട്. ആ ചിട്ടിയിൽ നിന്ന് അവൻ കുറെ കാശെടുത്തിട്ടുണ്ടായിരുന്നു അവന്റെ പെങ്ങളുടെ കല്യാണ ആവശ്യത്തിനൊക്കെയായിട്ട് അത് ദിവസവും അടക്കണം. അങ്ങനെ പണം അടക്കാൻ പറ്റാത്തദിവസങ്ങളിൽ ചിട്ടി നടക്കുന്ന രാത്രി സമയത്ത് മുങ്ങുക എന്ന ലക്ഷ്യത്തിൽ സിനിമയ്ക്ക് പോവും. കുറച്ചു നേരം അവരുടെ കണ്ണിൽപ്പെടാതെ മാറിനില്ക്കുക. പിന്നെ നാളത്തെ കാര്യമല്ലേ നോക്കേണ്ടു.
ഏകദേശം പത്ത് കിലോമീറ്റർ ഉണ്ട് നാട്ടിൽ നിന്ന് ടൗണിലെത്താൻ പടം തുടങ്ങാൻ കുറച്ചു സമയം മാത്രമുള്ളപ്പോഴാവും വീട്ടിൽ നിന്ന് ഇറങ്ങുക. അപ്പോൾ തന്നെ പരിഭവം മാറ്റി വെച്ച് അമ്മ പറയും.
” പതുക്കെ പോവണേടാ ബൈക്കിൽ ,വേഗം വന്നേക്കണം കേട്ടോ എന്ന്. ”
ഇന്നലെയും അതുപോലെ പുറപ്പെട്ടു മഴക്കോളുണ്ട് എന്നാലും ഞങ്ങൾ സിനിമയ്ക്ക് പോയി “കൂടെ ” അതായിരുന്നു പടം .നല്ല സിനിമയായിരുന്നു. സിനിമ കഴിഞ്ഞു പുറത്തിറങ്ങി നല്ലമഴക്കോളുണ്ട്, സമയം രാത്രി 11.45 ആയിരിക്കുന്നു. കാറ്റിനെയും മഴയെയും അവഗണിച്ച് ഞങ്ങൾ വണ്ടിയെടുത്ത് പുറപ്പെട്ടു അവനായിരുന്നു ഓടിച്ചിരുന്നത്. പെട്ടെന്ന് ശക്തമായ മഴ പെയ്തു
ഞങ്ങൾ രണ്ടു പേരും വണ്ടി ഒരു സൈഡിൽ ഒതുക്കി ഒരു കട തിണ്ണയിൽ കയറി നിന്നു.
വിജനയായിരിക്കുന്നു റോഡ് എവിടയും കറണ്ടില്ല. ഇടയ്ക്ക് പോവുന്ന വണ്ടിയുടെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ കാണാം മഴയുടെ ശക്തി.
“ഇതെന്താടാ ഈ ചാക്കിൽ ” അവൻ ചോദിച്ചു
” അത് ഉപ്പ് ആയിരിക്കും” ഞാൻ പറഞ്ഞു
” ഈ കടക്കാരനു ഇത് വേണ്ടാത്ത കൊണ്ട് പുറത്ത് വെച്ചതാവുമോ, ആരെങ്കിലും എടുത്ത് പോയാലോ?”
” ആരെടുത്ത് പോവാനാണ് ഉപ്പു കൊണ്ട് പോയിട്ട് എന്തിനാ പുഴുങ്ങി തിന്നാനോ.? എടാ മഴ കുറയില്ല എന്നു തോന്നുന്നു സമയം 12 കഴിഞ്ഞു. ”
അങ്ങനെ മഴ നനഞ്ഞ് പോവാൻ ഞങ്ങൾ തീരുമാനിച്ചു.ഞങ്ങൾക്ക് രണ്ട് പേർക്കും രാത്രി ബൈക്കിൽ പോവുമ്പോൾ അന്താക്ഷരി കളിക്കുക എന്നൊരു സ്വഭാവമുണ്ട് നല്ല വേഗത്തിൽ ഉറക്കെ പാട്ടുപാടി ഒരു യാത്ര. ആരും കേൾക്കില്ല കാണില്ല, ഇന്നലെയും ഞങ്ങൾ പാട്ടുപാടി ബൈക്കെടുത്ത് പുറപ്പെട്ടു നല്ല മഴ കാരണം പതുക്കെയായാരുന്നു വന്നത്.മഴ കനത്തു. ഇത്തിരി കൂടെ മുന്നോട്ടു പോയാൽ പുഴയാണ് പാലത്തിൽ വെള്ളം കയറിയിട്ടുണ്ടാവും എന്നത് കാരണം മെയിൻ റോഡിൽ നിന്നു മാറി ഞങ്ങൾ വേറെ റോഡിൽ കയറി .കുറെ വളവുകളും ഇടുങ്ങിയ കുഞ്ഞുകുഞ്ഞു റോഡുകളുമായിരുന്നെങ്കിലും അതൊരു എളുപ്പവഴിയായിരുന്നു.
കുറെ ദൂരം മുന്നോട്ട് പോയി കനത്ത മഴയും കൂരിരിട്ടും മഴയിൽ നനഞ്ഞു കുളിച്ചു പാട്ടും പാടി ഞങ്ങൾ രണ്ടു പേരും ആഘോഷിച്ചു യാത്ര. ഒരു വളവ് കഴിഞ്ഞപ്പോൾ ഞാൻ അഭിയോട് പറഞ്ഞു.
“എടാ ഒരു കുഞ്ഞിന്റെ കരച്ചിൽ ഇതെത് കുഞ്ഞാണാവോ ഈ സമയത്ത് ഉറങ്ങാത്തത് ” എന്ന് ഞാൻ പറഞ്ഞതും മുന്നിൽ നിന്നും ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ എന്തോ മറയുന്നത് കണ്ടു ” അഭീ ” ” എന്ന് ഞാൻ വിളിച്ചു അവനും നിലവിളിച്ചു. ബൈക്കും ഞങ്ങളും റോഡിലേക്ക് തെറിച്ചുവീണു.റോഡിൽ നിന്നും ഏറെ ദൂരം തെറിച്ചു വീണെങ്കിലും ആരുടെയൊക്കെയോ പ്രാർത്ഥനകൾ കൊണ്ട് കൈകളുടെ തോലുകൾ ചെറുതായിട്ട് പോയതല്ലാതെ ഒന്നും പറ്റിയിട്ടില്ലായാരുന്നു. ശബ്ദം കേട്ട് അടുത്ത
വീട്ടിൽ അകത്തും പുറത്തും ലൈറ്റ് ഇട്ടു. ആരൊക്കെയോ ഓടി വന്നു ഞങ്ങളെ എഴുന്നേൽപ്പിച്ചു. അപ്പുറത്തെ വീട്ടിലെയും ഏതൊക്കെയോ ചേട്ടൻമാരും ചേച്ചിമാരൊക്കെ വന്നു. എന്താ പറ്റിയത് ?ആരാ നിങ്ങൾ? എവിടെയാ വീട് എന്നൊക്കെ ചോദിക്കുന്നുണ്ട്. ബൈക്ക് ആ റോഡ് സൈഡിൽ വെച്ച് മുന്നിലത്തെ വീട്ടിലെ വരാന്തയിൽ കൊണ്ടിരിപ്പിച്ചു അവർ. വെള്ളം തന്നു അത് കുടിച്ചു.തല തോർത്താൻ തുണി തന്നു.
” ഇതിപ്പോൾ എത്രാമത്തെ അപകടമാണ് ഇവിടെ നടക്കുന്നത് “ഒരു പ്രായമായ ചേച്ചി പറഞ്ഞു. ”
” ഈ മാസം ഇത് ആറാമത്തെയാ വളവില്ലാത്ത നേരെയുള്ള റോഡായിട്ടും അപകടം പതിവാണ്. നടന്നു പോവുമ്പോൾ പോലും തെന്നി വീഴും.” ഒരു ചേട്ടൻ പറഞ്ഞു.
പക്ഷെ ഞങ്ങൾ വീണ വെപ്രാളത്തിൽ അത് ചെവികൊണ്ടില്ല.
നിങ്ങളുടെ വീട് എവിടെയാ? ഈ രാത്രി എവിടെ പോയതാ, എന്തിനീ വഴി വന്നു? എന്ന എല്ലാവരുടെയും ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം പറഞ്ഞു.
” സിനിമയ്ക്ക് പോയതാണ്, പുഴയിൽ വെള്ളം കയറിയ കൊണ്ട് ഇതുവഴി വന്നു. ഈ വഴി നമുക്ക് എളുപ്പത്തിൽ എത്താം . അധികം വേഗത്തിൽ ഒന്നുമല്ല വന്നത് പക്ഷെ ആ വളവ് കഴിഞ്ഞപ്പോൾ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു പെട്ടെന്ന്…”
“കുഞ്ഞിന്റെ കരച്ചിലോ..? ആ വീട്ടിൽ എവിടെയും കുട്ടികൾ ഇലല്ലോ അത് ശങ്കരേട്ടന്റെ വീട് മറ്റേത് ബാബുവിന്റെ അവിടെ കുട്ടികൾ ഇല്ല.”
അപ്പോഴാണ് എനിക്ക് ഭയം തോന്നിയത് കാരണം കുട്ടിയുടെ കരച്ചിൽ കേട്ടത് സത്യമാണ്. എന്താ ഉണ്ടായത് എന്ന് ഞാൻ അവരോട് പറഞ്ഞു.
“മുന്നിൽ നിന്നും ഹെഡ് ലൈറ്റ് വെളിച്ചത്തിൽ ഒരു രൂപം പൊങ്ങി വന്നു റോഡിന്റെ ഇടത് വശത്തേക്ക് മാറി ഞങ്ങൾ രണ്ടു പേരും കണ്ടത് ആണ്. അപ്പോൾ സംഭവിച്ചതാണ് അപകടം ”
ഞാൻ അത് പറഞ്ഞതും ഉമ്മറത്ത് നിന്നിരുന്ന രണ്ട് പെൺകുട്ടികൾ പേടി കൊണ്ടാവണം കൈകോർത്ത് പിടിച്ചു ഉമ്മറപ്പടിയിൽ കയറി നിന്നു. ഇത്തിരി ഇരുന്നിട്ട് പോയ്ക്കോളു എന്ന് ആരോ ഞങ്ങളോട് പറഞ്ഞു. അപ്പഴാണ് ആ വീട്ടിലെ മുത്തശ്ശി ഒരു കഥ
ഞങ്ങളോട് പറഞ്ഞത് അവിശ്വസീനിയമായ കഥ.
************* ********
” മക്കളേ ഈ സ്ഥലത്ത് എന്നും ഇത് പതിവാണ്.ഒരു 15 വർഷം മുൻപാണ് ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും സ്കൂട്ടറിൽ ഇത് വഴി പോവുകയായിരുന്നു. ആ പെൺകൊച്ച് ഗർഭിണിയായിരുന്നു. തെക്കെയിലെ.. ദാ.. ആ വീട്ടിലെ ശങ്കരന്റെ വീട്ടിൽ തെങ്ങുകയറ്റം നടക്കുന്ന സമയം ഒരു ചെക്കൻ ആ തെങ്ങിൽ കയറി തേങ്ങയിടുമ്പോൾ ഇവരുടെ വണ്ടിക്ക് മേലെ ഒരു തെങ്ങോല വീണു വണ്ടിയും അവരും തെറിച്ചു.അവർ രണ്ടു പേരും മരിച്ചു. പെൺകൊച്ച് ചോര വാർന്നു പിടഞ്ഞു മരിച്ചു ആ റോഡിൽ. ശങ്കരന്റെ അച്ഛൻ ദുഷ്ടനാ.. താഴെ പറമ്പിൽ നിന്ന് വണ്ടി വരുന്നത് അയാൾ കണ്ടിരുന്നു എന്നിട്ടും തേങ്ങയിടാൻ ചെക്കനോട് പറഞ്ഞു.
ഇവിടുത്തെ സത്യന് എന്റെ മോൻ അവന് അറിയാവുന്നവരായിരുന്നു അവർ.5 വർഷം പ്രേമിച്ച് വിവാഹം കഴിച്ചവർ, അഗ്രഹം തീരാതെ മരിച്ചു.
അന്നു മുതൽ അപകടം പതിവാണ്.ശങ്കരന്റെ അച്ഛൻ ഭ്രാന്ത് വന്നു മരിച്ചു, തെങ്ങ് കയറ്റക്കാരന് പെട്ടെന്ന് രോഗം വന്നു മരിച്ചു. പിന്നിട് ആ തെങ്ങൽ കയറിയ രണ്ടു പേർ വീണു കിടപ്പിലായി.എന്നും ഇത് പതിവാണ്. മോൻ കേട്ട കുഞ്ഞിന്റെ കരച്ചിൽ അവളുടെ വയറ്റിലെ കുഞ്ഞിന്റെ ആയിരിക്കും.”
“അമ്മ ഒന്നു അകത്ത് പോയി കിടന്നേ.. ഓരോ അന്ധവിശ്വാസങ്ങൾ ” അവരുടെ മകൻ പറഞ്ഞു.
“നിങ്ങൾ വണ്ടിയെടുത്ത് പോവാൻ നോക്ക് നേരം ഒരു മണി കഴിഞ്ഞു. നോക്കിയിട്ട് പോവണം പതുക്കെ പോയാൽ മതി”
ആവിയായി നീരാവിയായി മാറിയിരുന്നു ഞങ്ങൾ. എന്നാലും പ്രായമുള്ള സ്ത്രീ പറഞ്ഞ കഥയല്ലേ ചിലപ്പോൾ അന്ധവിശ്വാസങ്ങളാവും എന്നൊക്കെ പറഞ്ഞ് ഞങ്ങൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു. ആ രണ്ടു വീട്ടിലെയും ലൈറ്റ് അണഞ്ഞു.
പുറപ്പെടുന്നതിനു മുൻപ് അഭി എന്നോട് ചോദിച്ചു,
” ഇവർ പറഞ്ഞതൊക്കെ സത്യമായിരിക്കുമോ, കുഞ്ഞിന്റെ കരച്ചിൽ നീ കേട്ടതാണ് പക്ഷെ, രൂപം ഞാനും നീയും ഒരു പോലെ കണ്ടതാണ്?
“അങ്ങനെ ഒരു കരച്ചിൽ തോന്നേണ്ട കാര്യമില്ല പിന്നെ നമ്മൾ പാട്ടൊക്കെ പാടിയിട്ട് സന്തോഷമായിട്ട് വരുമ്പോൾ അങ്ങനൊരു ചിന്തയേ ഇലല്ലോ.?
എടാ ഇനി അവർ പറഞ്ഞത് സത്യമാണെങ്കിൽ നിനക്ക് ധൈര്യമുണ്ടോ നമ്മൾ നാളെയും സിനിമയ്ക്ക് വരുന്നു ഇത് വഴി വരുന്നു.”
” എന്നിട്ട്.. നീ പോയെ ഇനി ഈ പരിസരത്തേക്ക് ഞാൻ ഇല്ല. ഇന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് “അഭി പറഞ്ഞു.
“എടാ നാളെ വരുന്നു നോക്കാലോ. മെല്ലെ ഓടിക്കാം വണ്ടി. മെല്ലെ പതുക്കെ ,നമ്മൾ രണ്ടാൾ ഉണ്ടല്ലോ. അങ്ങനെ പ്രേതവും ഭൂതമൊന്നുമില്ല. നമുക്ക് തോന്നിയതാവും. ഈ കാലത്താണോ പ്രേതം. അവർ കളവ് പറഞതാവും വന്നാലോ ! നീ സമ്മതിച്ചോ.?
പിന്നെ പ്രേതം, എന്നിട്ട് ഈ പ്രേതത്തിനു നമ്മളെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ. നമുക്ക് തോന്നിയതാണെടാ.”
“ഉവ്വ് ശരി, എന്നാ പോവാം.. ”
അങ്ങനെ ആ അസാധാരണത്വം ഉണ്ടെന്ന് തോന്നിയ റോഡ് കഴിഞ്ഞു ഞങ്ങൾ പുറപ്പെട്ടു. പെട്ടെന്ന് അഭിയോട് ഞാൻ ചോദിച്ചു.
“എടാ അഭി നിന്റെ കൈയ്യൊ കാലൊ മുറിഞ്ഞിട്ടുണ്ടോ?”
“ഇല്ലല്ലോ”
“എടാ പിന്നെ മിററിൽ ചോര.”?????????