പംഗ്വി മരിച്ചവളുടെ കഥ 1

പംഗ്വി മരിച്ചവളുടെ കഥ
Pangi Marichavalude kadha Author: Sarath Purushan

1992,ജൂലൈ,9
സമയം രാത്രി 10 മണി.
ഒരു തീവണ്ടി യാത്ര.

കേരളാതിർത്തി കടന്ന് തീവണ്ടി തമിഴ്‌നാട്ടിലൂടെ കുതിച്ചു കൊണ്ടിരുന്നു.

-സർ ടിക്കറ്റ്…-

ടി.ടി.ആറിന്റ ശബ്ദം കേട്ടാണ് അയാൾ ഉറക്കത്തിൽ നിന്നും ഉണർന്നത്. തലവെച്ചിരുന്ന തോൾസഞ്ചി തുറന്നു ടിക്കറ്റ് പുറത്തെടുത്തു.

-സർ നിങ്ങൾ … മലയാളം നോവലിസ്റ്റ് അല്ലെ..-

ടി.ടി.ആറിന്റെ ചോദ്യം കേട്ട് അയാൾ അത്ഭുതത്തോടെ നോക്കി..

-എന്നെ അറിയുമോ.?-

-എന്ത് ചോദ്യമാണ് സർ… എന്റെ ഭാര്യ താങ്കളുടെ ഒരു ആരാധികയാണ്..-

ചിരിച്ചുകൊണ്ട് അയാൾ ടിക്കറ്റ് ടി.ടി.ആർക്ക് കൊടുത്തു…

-സർ ഇപ്പൊ നോവൽ ഒന്നും എഴുതാറില്ലേ?.. കഴിഞ്ഞ ആഴ്ച നിങ്ങളുടെ ഫോട്ടോ വീക്കിലിയിൽ കണ്ടിരുന്നു… ഇപ്പൊ എങ്ങോട്ട് പോകുന്നു.-

ഒറ്റശ്വാസത്തിലാണ് അയാൾ അത് പറഞ്ഞു തീർത്തത്..

-സേലം… പുതിയ കഥയുടെ ആവശ്യത്തിന് വേണ്ടി പോവുകയാണ്..-

-എനിക്കും സേലം വരെയാണ് ഡ്യൂട്ടി…-

പിന്നെയും അയാൾ കുറെ സംസാരിച്ചു കൊണ്ടിരുന്നു…

-സർ നിങ്ങൾക്ക് ബുദ്ധിമുട്ടാകില്ലങ്കിൽ ഞാൻ അല്പം ഉറങ്ങി കൊള്ളട്ടെ..-

-ഓഹ്… സോറി സർ.. ഞാൻ താങ്കൾക്ക് ഒരു ശല്യമാകുന്നില്ല… ഉറങ്ങിക്കോളൂ… ഒരു പന്ത്രണ്ടു മണിയോടുകൂടി ട്രെയിൻ സേലം സ്റ്റേഷനിൽ എത്തും.. ഗുഡ് നൈറ്റ്‌ സർ…-

ശുഭരാത്രി ആശംസകൾ നേർന്നു കൊണ്ട് അയാൾ ആ സ്പെഷ്യൽ കോച്ചിൽ നിന്നും അടുത്ത കോച്ചിലേക്ക് നടന്നകന്നു…

നോവലിസ്റ്റ് ഒരു നീണ്ട കോട്ടുവായോടുകൂടി ബർത്തിലേക്ക് ചാഞ്ഞു.

അഭിനവ് സുധാകർ, അതാണ് അയാളുടെ പേര്. പ്രായം 29 തികയുന്നു. അവിവാഹിതൻ,അനാഥൻ.
തലസ്ഥാനത്തെ ഒരു അനാഥാലയത്തിന്റെ കീഴിൽ നിന്നാണ് അയാൾ തന്റെ പ്രീഡിഗ്രി വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ചെറിയ ചെറിയ ജോലികൾ ചെയ്തു സ്വന്തം കാലിൽ നിലയുറപ്പിക്കാനുള്ള പരക്കം പാച്ചിൽ ആയിരുന്നു.. അതിനിടയ്ക്ക് താൻ ആഗ്രഹിച്ചിരുന്ന ജർണലിസ്റ്റ് പഠനവും പാതി വഴിയിൽ ഉപേക്ഷിച്ചു. പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന കാലത്തു സ്കൂൾ മാഗസീനിൽ എഴുതിയ ഒരു ചെറുകഥ വിദ്യാലയ ശ്രദ്ധ നേടിയതാവും, അയാളെ ഒരു എഴുത്തുകാരനാകാൻ പ്രേരിപ്പിച്ചതും.

21ാം വയസ്സിൽ പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു നിൽക്കുന്ന സമയത്താണ് മലയാളഭൂമിയിലെ ചെറുകഥ മത്സരത്തിൽ പങ്കെടുക്കുകയും രണ്ടാം സമ്മാനമായി 75 രൂപ ക്യാഷ് പ്രൈസ് ലഭിക്കുന്നതും. പിന്നീട് എഴുത്തിനെ ജീവിതമാർഗമാക്കുവാൻ അയാൾ തീരുമാനിച്ചു.തന്റെ ആദ്യ നോവൽ മലയാളഭൂമിക്ക് തന്നെ അയാൾ അയച്ചു കൊടുത്തു. അക്കാലത്തെ പ്രശസ്ത വാരികയായിരുന്നു മലയാളഭൂമി. പക്ഷെ തന്റെ നോവലിനെ കുറിച്ചു മറുപടിയൊന്നും കിട്ടാത്തതിനെ തുടർന്ന് അഭിനവ് വിഷമത്തിലായി. അതിനു ശേഷം അതെ നോവൽ മറ്റൊരു വാരികയ്ക്ക് അയച്ചു കൊടുത്തു. ജന ശ്രദ്ധ തീരെ കുറവുള്ള ആ വാരിക വളരെ സമ്പാത്തിക പിരിമുറക്കത്തിലായിരുന്നു എന്നു വേണമെങ്കിൽ പറയാം. ആ അവസരത്തിൽ പുതിയൊരു നോവൽ പ്രസിധിക്കരിക്കുക എന്നുള്ളത് അവർക്കൊരു വെല്ലുവിളി തന്നെയായിരുന്നു. അതും ആരും ഇതുവരെ കേട്ടിട്ടു പോലുമില്ലാത്ത പുതിയ എഴുത്തുകാരനും. അഭിനവിന്റെ നോവലിന്റെ പ്രേത്യേകതകൾ ആ വാരികയുടെ എഡിറ്ററെ വല്ലാതെ സ്വാധീനിച്ചിരുന്നു. എഡിറ്ററുടെ ഉറപ്പോടുകൂടി 1986 മാർച്ച്‌ 03നു അഭിനവിന്റെ രക്തപർവ്വതം എന്ന ആദ്യ നോവൽ മലയാളവാണി എന്ന ആ ചെറിയ വാരികയിൽ പ്രസിദ്ധീകരിച്ചു വന്നു. ഓരോ ലക്കം ഇറങ്ങുമ്പോഴും വാരികയുടെ വിപണനവും കൂടി കൂടി വന്നു. എഴുത്തുക്കാരുനു വേണ്ടിയുള്ള അഭിനന്ദന സന്ദേശങ്ങൾ വാരികയുടെ തപാൽ പെട്ടികളിൽ നിറഞ്ഞു. വാരിക സാമ്പത്തിക ഭദ്രതയിലേക്ക് നടന്നു തുടങ്ങി….

വാരികയുടെ ഉടമസ്ഥനും എഡിറ്ററും അഭിനവിനെ നേരിട്ടു ചെന്നു കാണുകയും അവരുടെ വാരികയെ കീർത്തിപ്പെടുത്തിയതിലുള്ള ആശംസകൾ അറിയിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ വാരികയുടെ സ്വന്തം നോവലിസ്റ്റായി ഉദ്യോഗവും നൽകി. പിന്നീട് അഭിനവിന്റെ നോവലുകളിലൂടെ വാരിക വളർന്നു.. അഭിനവിനു വേണ്ടി മാത്രമായി വാരികയിൽ പ്രതേക പംക്തികൾ തുടങ്ങി. എല്ലാം വിജയം കണ്ടു… ഇപ്പൊ 6 വർഷം പിന്നിടുന്നു മലയാളവാണി എന്ന ആ വാരികയുടെ സ്വന്തം നോവലിസ്റ്റ് ആയിട്ടു…

അഭിനവിന്റ രൂപവിശേഷണങ്ങളിൽ ഈ കഥയ്ക്ക് യാതൊരു പങ്കുമില്ല എങ്കിലും അയാളുടെ സ്വഭാവ സവിശേഷതകൾ പറയാതിരിക്കുന്നത് ഉത്തമമല്ലന്ന് തോന്നുന്നു. രാഷ്ട്രീയം,മതം,സാമ്പത്തികം ഇവ മൂന്നും എഴുത്തുകാരന്റെ ചിന്തകളിൽ പോലും കടന്നു വരാത്ത ഒന്ന് തന്നെയായിരുന്നു. മദ്യപാനവും പുകവലിയും ഇല്ലെങ്കിലും കക്ഷിക്ക് സ്ത്രീകൾ ഒരു ബലഹീനത തന്നെയായിരുന്നു. എന്നിരുന്നാലും അനാവശ്യമായി സ്ത്രീകളുടെ മുഖത്ത് പോലും നോക്കാൻ മടികാണിക്കുന്ന വ്യക്തികൂടിയാണ് നമ്മുടെ എഴുത്തുകാരൻ…

തന്റെ പുതിയ നോവലിന്റെ എഴുത്തിനുവേണ്ടിയാണ് എഴുത്തുകാരൻ ഇപ്പോൾ സേലത്തേക്ക് പോയിക്കൊണ്ടിരിക്കുന്നത്.. തന്റെ മുൻ നോവലുകളിൽ നിന്നും വ്യത്യസ്ത പുലർത്താനും പുതിയ ഭാവത്തിലേക്ക് തന്റെ എഴുത്തിനെ ചലിപ്പിക്കാൻ കൂടിയാണ് ഈ യാത്ര. എഴുത്തുകാരന് വാരിക പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തിരിക്കുന്നത് കൊണ്ട് എഴുത്തുകാരന്റെ എല്ലാ ആവശ്യങ്ങളും വാരികയുടെ ചിലവിൽ തന്നെയാണ്.

ഇനി കഥയിലേക്ക് വരാം..

തീവണ്ടി അതിവേഗതയിൽ തന്നെ കുതിച്ചുകൊണ്ടിരുന്നു. തുറന്നിട്ട ജനലിലൂടെ രാത്രിയുടെ തണുത്ത കാറ്റ് അഭിനവിന്റെ ഉറക്കത്തിനു സുഖം പകർന്നു.

നീണ്ട ചൂളം വിളിയോടുകൂടി തീവണ്ടി സേലം സ്റ്റേഷനിലേക്ക് കടന്നു.. ചക്രം പാളത്തിലൂടെ ഉരഞ്ഞു കൊണ്ട് പ്ലാറ്റ്‌ഫോമിന് മുന്നിലായി നിന്നു.

-സർ… സേലം ആയി…-

ടിക്കറ്റ് ചെക്കറുടെ ശബ്ദം കേട്ട് അഭിനവ് ഞെട്ടിയുണർന്നു. തലയുടെ അടിയിൽ വെച്ചിരുന്ന തോൾസഞ്ചിയും സീറ്റിനടിയിൽ വെച്ചിരുന്ന സൂക്കേഴ്സും എടുത്തു കൊണ്ട് അയാൾ ട്രെയിനിനു പുറത്തു കടന്നു.

-സർ.. ഇവിടെ വല്ല ടാക്സിയും കിട്ടുമോ?-

-ടാക്സിയോ.. താങ്കൾക്ക് എവിടയാണ് പോകേണ്ടതെന്ന് പറയൂ… എന്റെ വണ്ടിയിൽ താങ്കളെ ഞാൻ കൊണ്ടുവിടാം.-

-ഏയ് വേണ്ട സർ… അത് സാറിനു ബുദ്ധിമുട്ടാകും…-

-അങ്ങനെയൊന്നും വിചാരിക്കരുത്… താങ്കളെ പോലൊരു എഴുത്തുകാരനു വേണ്ടി ഇത്രയെങ്കിലും ചെയ്യാൻ സാധിക്കുമല്ലോ… എന്റെ ഭാര്യ ഇതറിഞ്ഞാൽ കൂടുതൽ സന്തോഷവതിയാവും.-

ടി.ടി.ആർ ഒരുപാട് നിർബന്ധിച്ചപ്പോൾ അഭിനവ് അദ്ദേഹത്തോടൊപ്പം പോകുവാൻ നിർബന്ധിതനായി.

-സാറിന് എങ്ങോട്ടാ പോകേണ്ടത്…-

പാർക്കിംഗ് ഷെഡിലേക്ക് നടക്കുന്നതിനിടയിൽ ടി.ടി.ആർ ചോദിച്ചു…

-മാരിപുരം….-

അഭിനവിന്റെ വാക്കുകൾ കേട്ട് ടി.ടി.ആർ ഒരു നിമിഷം നിശ്ചലനായി..

-എന്തുപറ്റി… എന്താ നിന്നു കളഞ്ഞത്..-

അഭിനവിന്റെ ചോദ്യം ശ്രദ്ധിക്കാതെ അയാൾ നിന്നു വിയർക്കുകയായിരുന്നു..

-സർ.. എന്താ ഒന്നും മിണ്ടാത്തത്… എന്തു പറ്റി..-

അഭിനവ് അയാളെ കുലുക്കി വിളിച്ചു..

-സർ… വേണ്ട സർ ഈ അസമയത്ത് അങ്ങോട്ട്‌ പോകുന്നത് നല്ലതല്ല…-

അയാളുടെ ശബ്ദത്തിൽ ഭയം നിറഞ്ഞിരുന്നു….

തുടരും……