അഗ്രഹാരത്തിലെ സീത

“ഇപ്പൊ തീർന്നല്ലോ പ്രശ്നം ”
പറഞ്ഞു തീർന്നതും ജോയിയുടെ കവിൾ അടച്ചു അടി വീണു. ഞെട്ടിപ്പകച്ചു നിൽക്കുകയാണ് അനിരുദ്ധനും പാട്ടിയും അമ്മയും ഒക്കെ. സീതയുടെ കണ്ണിൽ നിന്നും തീനാളങ്ങൾ പറക്കുന്നതായി ജോയ് ക്കു തോന്നി.

സീതയുടെ ദേഹം ആലില പോലെ വിറച്ചു സീമന്തരേഖയിൽ വീണ സിന്ദൂരം മൂക്കിന് തുമ്പിലും മാറത്തും പാറി വീണു. അപ്പോഴും സ്തബ്ധത വിട്ടു മാറാതെ നിൽക്കുകയായിരുന്നു എല്ലാവരും. സീത കൊണ്ടുവന്ന ചായയും ഗ്ലാസും തറയിൽ വീണു കിടന്നു.

“അച്ചായാ എന്താ ഈ ചെയ്തത്? ”

അനിരുദ്ധൻ ജോയിയെ നോക്കി. ജോയി അയാളെ നോക്കി കണ്ണിറുക്കികാണിച്ചു. സംഭവത്തിന്റെ പിരിമുറുക്കം കുറക്കാൻ ജോയി വീടിന്റെ വെളിയിലേക്ക് ഇറങ്ങി. അനിരുദ്ധൻ പുറകെയും.

“എനിക്കറിയാം അച്ചായൻ ഒന്നും കാണാതെ ഇങ്ങിനൊന്നും ചെയ്യില്ല. ഒരിക്കൽ എന്നെ ആത്മഹത്യയിൽ നിന്നും രക്ഷിച്ചു ദേ ഇപ്പോൾ എന്റെ പെങ്ങളെയും..” അനിരുദ്ധൻ ഗദ്ഗദം അടക്കി.

ജോയി അവനെ ചേർത്ത് പിടിച്ചു. എന്നിട്ട് പറഞ്ഞു

“നീയീ പെണ്ണുങ്ങളെപ്പോലെ ആവരുത് ആമ്പിള്ളേരായാൽ ചുണ വേണം ദേ എന്നെപ്പോലെ ഇതു കാഞ്ഞിരപ്പള്ളിക്കാരൻ നല്ല ഉശിരുള്ള അച്ചായൻ അറിയാവോ? ഇതു ഒരുമാതിരി… അയ്യേ എന്നതാടാ ഉവ്വേ.. ”

അനിരുദ്ധന് എന്തു പറയണം എന്ന് അറിയില്ലായിരുന്നു. അകത്തു അപ്പോൾ സീത പൊട്ടിപ്പൊട്ടിക്കരയുകയായിരുന്നു. പാട്ടി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അൽപ്പം മുൻപ് നടന്നത് അവൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. വിഷ്ണുവേട്ടന്റെ ഓർമകളിൽ ജീവിക്കുന്ന തന്റെ നിറുകയിൽ വീണ്ടും സിന്ദൂരം.. മരിച്ചിട്ട് ചിതയുടെ ചൂടാറിയിട്ടില്ല. അവൾ സ്വയം നശിച്ചവളെപ്പോലെ നിന്നു.

“ശിവ ശിവ എന്താ ചെയ്യാ പാട്ടി പിറുപിറുത്തു. സുമംഗലി ആയിരിക്കണു വീണ്ടും അതും ഒരു നസ്രാണിയുടെ…. ഇനി എന്തൊക്കെ കാണണം… ”

“എന്തു ചെയ്യാൻ? ഇനി ഇവൾക്ക് ഇവിടെ ഒരു സ്ഥാനോം ല്യ പൊക്കോണം അച്ചായന്റെ കൂടെ.. ”

അകത്തേക്ക് കയറിവന്ന അനിരുദ്ധൻ പറഞ്ഞു. സീത ഞെട്ടിത്തെറിച്ചു. അമ്മ എന്തോ പറയാൻ വാ തുറന്നു. അനി അമ്മയുടെ കൈ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി. കണ്ട കാഴ്ചയുടെ അങ്കലാപ്പ് ഇനിയും മാറിയിട്ടില്ല എന്ന് അമ്മയുടെ മുഖത്ത് നിന്ന് അനിക്ക് വ്യക്തമായി.

“അമ്മേ… അവൻ വിളിച്ചു
എനിക്കും വിശ്വസിക്കാൻ പറ്റിയിട്ടില്ല. പക്ഷെ അച്ചായൻ എന്നും ഇങ്ങിനെയല്ലേ നമ്മളെ അമ്പരിപ്പിച്ചിട്ടല്ലേ ഉള്ളൂ. നമ്മുടെ തളർച്ചയിൽ താങ്ങായും എല്ലാമായും….. നമ്മുടെ സീതേച്ചി അച്ചായന്റെ കയ്യിൽ സുരക്ഷിത ആയിരിക്കും എന്നും.. എന്നും വിധവ ആയി ഇരുന്നാൽ മതിയോ നമ്മുടെ സീതേച്ചി ”

“പക്ഷേ അനി.. അഗ്രഹാരത്തിൽ ഉള്ളവർ,.. നിന്റെ മാമനും മാമിയും… ”

“നിർത്ത്… മുഴുമിപ്പിക്കാൻ അവൻ സമ്മതിച്ചില്ല. ഞാനും അമ്മയും ഒക്കെ ഒരു നേരത്തെ അന്നത്തിനായി കൊതിച്ചപ്പോഴൊക്കെ ഇവരൊക്കെ എവിടെ ആയിരുന്നു?? കടം കയറി അപ്പാ മച്ചിൽ തൂങ്ങിയാടിയപ്പോൾ എവിടെ ആയിരുന്നു മാമനും മാമിയും? ഞാൻ ഒന്നും പറയുന്നില്ല…”
അനി അമ്മയെ നോക്കി

“നീ പറയുന്നത് ശെരിയാ മോനെ എന്നാലും…”

“ഒരെന്നാലും ഇല്ല. സീതേച്ചി ചായയും കൊണ്ടു വന്നപ്പോൾ പാട്ടി സങ്കടം പറഞ്ഞത് ശെരിയാ, “ന്റെ മോളേ ഇനി എന്നും ഇങ്ങിനെ കാണാൻ ആണല്ലോ വിധി ജോയിയേ” എന്ന് ന്റെ സീത നി അമംഗള ആയല്ലോന്ന്… പക്ഷേ അച്ചായൻ സിന്ദൂരം ഇട്ടത് അറിഞ്ഞോണ്ട് തന്നെയാ ,”

” സീതേച്ചിയെ ഇഷ്ടപെട്ടിട്ടു തന്നെയാ ഒരു ജീവിതം കൊടുക്കാൻ വേണ്ടിയാ അമ്മ സീതേച്ചിയെ അച്ചായന്റെ കൂടെ പറഞ്ഞു മനസ്സിലാക്കി അയക്ക്ണം.. ”

അനി പറഞ്ഞു നിർത്തി.

സീത നിന്നിടത്തു തന്നെ നിൽക്കുകയായിരുന്നു. അനിയും അമ്മ മഹാലക്ഷ്മിയും അങ്ങോട്ട്‌ ചെന്നു.

“മോളെ …. മഹാലക്ഷ്മി വിളിച്ചു. സംഭവിച്ചു പോയി ഇനി പറഞ്ഞിട്ട് കാര്യല്ല. അഗ്രഹാരത്തിൽ ആളുകൾ അറിയുന്നതിന് മുൻപ് നീ ജോയിയുടെ കൂടെ പോണം, വേറെ വഴിയില്ല. അല്ലെങ്കിൽ നമ്മുടെ ഇവിടുത്തെ ജീവിതം കൂടുതൽ ദുഷ്കരം ആവും ”

സീത അമ്മയെതന്നെ തുറിച്ചു നോക്കി.. അനിയനെയും ഒരു വർഷം പോലും താൻ വിഷ്ണുവേട്ടന്റെ കൂടെ തികച്ചു ജീവിച്ചില്ല. അതിനു മുൻപേ മരണം ആക്‌സിഡന്റ് ആയി വന്നു കൊണ്ടുപോയി തന്റെ സന്തോഷം, ഇനി ആ ഓർമകളിൽ ജീവിക്കാൻ തീരുമാനിച്ച തന്നെയാ അയാൾ.. ചായയുമായി വന്ന തന്നെ…. നിറുകയിൽ കുങ്കുമമണിയിച്ചു…. സീത പിന്നെയും വിതുമ്പി…

••••••••••••••••••

പട്ടുസാരിയും ഉടുത്തു വണ്ടിയിൽ കയറാൻ വന്ന സീതയെ ജോയ് ഒന്ന് നോക്കി. സീതയുടെ കണ്ണുകളിൽ ദഹിപ്പിക്കുന്ന നോട്ടം അയാൾ കണ്ടു. പാട്ടിയെ നോക്കി അയാൾ ഒരു കണ്ണിറുക്കി കാണിച്ചു. പാട്ടി ചിരിച്ചു. അനിയുടെയും അമ്മയുടെയും മുഖത്ത് നോക്കി അയാൾ കണ്ണുകൾ കൊണ്ടു യാത്ര ചോദിച്ചു. സീത മുഖം ഉയർത്തി അമ്മയെ നോക്കി. പോവില്ലെന്നു കരഞ്ഞപേക്ഷിച്ചിട്ടും കേൾക്കാത്തതിന്റെ പരിഭവം ആ നോട്ടത്തിൽ ഉണ്ടായിരുന്നു.

“നീ എന്ന് പോവും ഫാമിലേക്ക്? ” ജോയ് അനിരുദ്ധനോട് ചോദിച്ചു.

“പറ്റിയാൽ ഇന്ന് തന്നെ ”

എന്നാൽ ശെരി ജോയ് വണ്ടി സ്റ്റാർട്ട്‌ ചെയ്തു ഓടിച്ചു പോയി. പിന്നിലെ ഫ്രെയിമിൽ പാലക്കാടിന്റ്റെ അരണ്ട സന്ധ്യയും അഗ്രഹാരങ്ങളും മാത്രമായി. അനിരുദ്ധൻ ഓർക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള തീരുമാനവുമായി എവിടേക്കെന്നില്ലാതെ നടന്ന തന്റെ ജീവിതത്തിൽ കയറി വന്ന അച്ചായനെക്കുറിച്ച്..അറിയാതെ വണ്ടിക്കു മുൻപിൽ ചാടിയതാണ് താൻ അച്ചായൻ പാലക്കാട്ടുള്ള തന്റെ എസ്റ്റേറ്റ് ഫാമിലേക്ക് പോവുകയായിരുന്നു. ആ യാത്ര തന്റെയും യാത്ര ആയി മാറി. പിന്നീടങ്ങോട്ട് അച്ചായൻ തന്റെയും കുടുംബത്തിന്റെയും താങ്ങും തണലും ആയി മാറി. സീതേച്ചിയുടെ കല്യാണം നടത്തി. താനും ഒരു കുടുംബം ഉണ്ടാകാനുള്ള തയ്യാറവടുപ്പിൽ ആയിരുന്നു. അപ്പോഴാണ് വിഷ്ണുവേട്ടന്റെ മരണം.

അച്ചായൻ സീതേച്ചിയെ സിന്ദൂരം അണിയിച്ചപ്പോൾ താനും അമ്പരന്നു. ഇഷ്ടം കൊണ്ടു തന്നെയാണെന്നും പൊന്നുപോലെ നോക്കികൊള്ളാമെന്നും അച്ചായൻ പറഞ്ഞപ്പോൾ ഹൃദയം നിറഞ്ഞു തൂവി.
ഭാഗ്യവതിയാണ് സീതേച്ചി. കിലുക്കാംപെട്ടി ആയി നടന്ന തന്റെ സീതേച്ചി വിധവയായി ഒതുങ്ങിപ്പോവേണ്ടി വരില്ലല്ലോ. അനിരുദ്ധന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

ഈ സമയം ഡ്രൈവിങ്ങിൽ ആയിരുന്നു ജോയ്
അവൻ ഇടക്കിടെ സീതയെ നോക്കുന്നുണ്ടായിരുന്നു. ശ്വാസം പിടിച്ചിരിക്കുകയാണ് സീത

ശ്വാസം വിടെടോ…. ജോയ് പറഞ്ഞു. സീത കത്തുന്ന ഭാവത്തിൽ ജോയിയേ നോക്കി