ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 8

ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 8
Bahrainakkare Oru Nilavundayirunnu Part 8 | Previous Parts

വാതിൽ തുറന്ന് പുറത്ത് നിൽക്കുന്ന ഉമ്മയോട് എന്താണ് കാര്യമെന്ന് തിരക്കിയപ്പോൾ സങ്കടക്കാറ്റ് ആഞ്ഞു വീശി കൊണ്ടിരിക്കുന്ന മനസ്സിനെ നല്ലോണം വേദനിപ്പിച്ച് കൊണ്ട് ഉമ്മ പറഞ്ഞു ” നീ അറിഞ്ഞോ നമ്മളെ റൈഹാനത്തിന്റെ ഭർത്താവ് ഗൾഫിൽ വെച്ച് മരിച്ചെന്ന്… ! മക്കത്തായത് കൊണ്ട് നാട്ടിലേക്ക് കൊണ്ടു വരുന്നില്ലത്രേ. നീ എന്നെ അവളെ കെട്ടിച്ച വീട്ടിലേക്കൊന്നു ആക്കിത്തെരോ.. ?”

വേദന തിന്നിരിക്കുന്ന ഖൽബിലേക്ക് തുളഞ്ഞു കയറിയ ഉമ്മയുടെ ആ വാക്കുകൾ കുറെ നേരത്തിന് എന്നെക്കൊണ്ടൊന്നും പറയാൻ സമ്മതിച്ചില്ല . ” നീ കുളിച്ച് ഒരുങ്ങ് നമുക്കൊന്ന് പോയി വരാം ” എന്നുമ്മ വീണ്ടും പറഞ്ഞപ്പോൾ വയ്യാന്നു പറയാൻ തോന്നിയെങ്കിലും ഉമ്മയെ ഒറ്റക്ക് പറഞ്ഞയക്കാൻ എനിക്ക്‌ കഴിയുമായിരുന്നില്ല.

എന്നേയും അവളേയും വിധിയിങ്ങനെ പിന്തുടർന്ന് വേട്ടയാടുന്നതിന്റെ പൊരുളെന്താണെന്ന് അപ്പോഴും എനിക്കറിയില്ലായിരുന്നു.. !

എന്റെ നിക്കാഹ് കഴിഞ്ഞ അന്നുമുതൽ മനസ്സില്ലാമനസ്സോടെ
കൊട്ടിയടച്ച വാതിലിനപ്പുറത്തേക്ക് വലിച്ച് മാറ്റി നിർത്തിയ റൈഹാനത്തിന്റെ മുഖം ഒരിക്കൽ കൂടി കാണാൻ ഞാനാ കുറ്റിയിട്ട് പൂട്ടിയ ഓർമ്മകളുടെ വാതിൽ പതുക്കെ വീണ്ടും തുറന്ന് നോക്കി.

ആ നിൽപ്പിൽ അവളെ കുറിച്ചോർത്തങ്ങനെ നിൽക്കുമ്പോൾ അകത്ത് നിന്നും
ഉമ്മയൊരുങ്ങാൻ വീണ്ടും വിളിച്ചു പറഞ്ഞതും തട്ടിത്തടഞ്ഞു വീണ ഓർമ്മകളടുക്കി വെച്ച് പെട്ടെന്ന് കുളിച്ച് റെഡിയായി ഉമ്മയോടൊപ്പം അവളെ കല്ല്യാണം കഴിപ്പിച്ച വീട്ടിലേക്ക് പുറപ്പെട്ടു.

യാത്രക്കിടയിൽ ” ഉമ്മാ.. അവളെ ഭർത്താവ് എങ്ങനെയാ മരിച്ചത്.. ? ” എന്ന് ചോദിച്ചപ്പോൾ “അറ്റാക്ക് ആണെന്നാ പറഞ്ഞത്..” എന്നുമ്മ മറുപടി തന്നതും പിന്നീടൊന്നും ചോദിക്കാൻ എനിക്ക്‌ കഴിഞ്ഞില്ല.

ഒരു ഭാഗത്ത് തകർന്നാടി ഉലയുന്ന എന്റെ ജീവിതവും മറു ഭാഗത്ത് നഷ്ടങ്ങളോർമ്മിപ്പിച്ച് റൈഹാനത്തും കൂടിയായപ്പോൾ ഞാൻ മൗനത്തെ കൂട്ട് പിടിച്ച് കൂടുതലൊന്നും സംസാരിക്കാതെ ബൈക്ക് അവളുടെ വീട്ടിലേക്ക് വിട്ടു.

ഉമ്മ പിറകിലിരുന്ന് അവളെ കുറിച്ച് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . “നല്ലൊരു കുട്ടിയാണെന്നും, എന്തൊരു അച്ചടക്കമാണെന്നും, അവളൊരു വീട്ടിലുണ്ടെങ്കി എന്തിനും അവള് തന്നെ മതിയെന്നുമൊക്കെ പറഞ്ഞ് അവസാനം ഉമ്മ പറഞ്ഞു ” ആ കുട്ടീനേം, ന്റെ കുട്ടീനേം ഒക്കെ പടച്ചോനിങ്ങനെ പരീക്ഷിക്കുന്നത് എന്തിനാണാവോ.. ” എന്ന ഉമ്മയുടെ സങ്കടത്തോടെയുള്ള വാക്കുകൾ കേൾക്കാനിടയായ നീറ്റലനുഭവപ്പെട്ട മനസ്സിനോട് കാറ്റേറ്റ് നിറഞ്ഞ കണ്ണുകൾ കരയാനുണ്ടൊന്നു ചോദിച്ചത് പോലെ ഞാൻ മുന്നോട്ട് നോക്കി ഉമ്മ കാണാതെ ദുഖങ്ങളടക്കുന്ന കണ്ണീരൊഴുക്കി കൊണ്ടിരുന്നു.

അവൾക്കിതൊക്കെ സഹിക്കാൻ കഴിയുമോ എന്നായിരുന്നു മനസ്സിൽ. തിരിഞ്ഞ് നോക്കിയാൽ കാണാവുന്ന കാലത്ത് ഞാൻ പിന്നാലെ നടന്ന് ചോദിച്ചു വാങ്ങിയ സ്നേഹം നിറച്ച അവളുടെ ഹൃദയം തിരിച്ചു വാങ്ങാൻ നിൽക്കാതെ , അവളെയൊന്നു മറക്കാൻ പഠിപ്പിച്ച് തരാതെ , ഇഷ്‌ഖ് വിലസിയ ഞങ്ങളുടെ പ്രണയകാലത്ത് ഒരു തരിപോലും വെറുപ്പെനിക്ക് സമ്മാനിക്കാതെ എന്റെ മോഹങ്ങളിൽ നിന്നും അകന്നകന്നു പോയ പതിനാലാം രാവിന്റെ മൊഞ്ചുള്ള റൈഹാനത്തിന്റെ അവസ്ഥ എന്നേക്കാൾ കൂടുതൽ ആർക്കാണറിയുക.???

പത്തു പതിനഞ്ച് മിനുറ്റിലേറെയുള്ള ആ യാത്രക്കൊടുവിൽ ഞങ്ങളവളുടെ ഭർത്താവിന്റെ വീട്ടിലെത്തി . മരണവാർത്ത കേട്ട് വന്ന ആളുകൾ മുറ്റം നിറയെ കൂടി നിൽക്കുന്നുണ്ട് . അകത്ത് നിന്നും കരഞ്ഞമർന്ന വേദനകളുടെ ഞെരക്കമെന്നോണം ആ വീട്ടിലുള്ള സ്ത്രീകളുടെ തേങ്ങിയ കരയലുകൾ തുറന്നിട്ട ജാലകങ്ങളിലൂടെ പുറത്തേക്കൊഴുകുന്നുണ്ടായിരുന്നു.

റൈഹാനയുടെ ദുഃഖങ്ങൾ കാണാതെ മരിക്കണമെന്ന് കൊതിച്ചിരുന്ന ഞാൻ അതിനൊന്നും കഴിയാത്തവനായി പോയതോർത്തപ്പോഴുണ്ടായ നൊമ്പരങ്ങൾ വെട്ടി പരിക്കേൽപ്പിച്ചതിന്റെ മുറിപ്പാട് മായാത്ത ഒരടയാളമായി ഇന്നുമെന്റെ ഖൽബിലുണ്ട്.

ബൈക്കിൽ നിന്നുമിറങ്ങിയ ഉമ്മയോട് അകത്തേക്ക് പോകാനും
ഞാനിവിടെയുണ്ടാകുമെന്നും പറഞ്ഞ് ആ വീട്ടിലേക്ക് കയറാതെ ഞാൻ കുറച്ചങ്ങോട്ടു മാറി നിന്നു.

ആളുകൾ മരണവീടിന്റെ നിശബ്ദതയിൽ അടക്കിപ്പിടിച്ച് ആ ചെറുപ്പക്കാരന്റെ ജീവിതത്തെ കുറിച്ച് പറയുന്നത് നോക്കി നിൽക്കുമ്പോൾ എന്തോ പറയാൻ കഴിയാത്ത ഒരവസ്ഥയിലായിരുന്നു ഞാൻ.

അന്ന് രാവിലെ എന്റെ ഉപ്പയോട്‌ കാര്യങ്ങൾ പറഞ്ഞ് ഭാര്യയായ ആ ശപിക്കപ്പെട്ടവളേ ഒഴിവാക്കുന്ന കാര്യങ്ങൾ സംസാരിക്കുവാനും മറ്റും വിചാരിച്ചിരുന്ന ഞാൻ ഇനി അക്കാര്യങ്ങൾ പറഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചോർത്തു.

അയൽവാസികളിലൂടെ റൈഹാനത്തും ഞാനും തമ്മിൽ പണ്ട് ഇഷ്ടത്തിലായിരുന്നത് എന്റെ ഭാര്യയായിരുന്ന അവൾക്കറിയാമായിരുന്നു . റൈഹാനയുടെ ഭർത്താവ് മരിച്ച സന്ദർഭം നോക്കി ഞാനവളെ ആ നാറിയ കാരണങ്ങൾ മറച്ചു വെച്ച് പെട്ടെന്ന് മൊഴിചൊല്ലിയാൽ അതിനവളും, നാട്ടുകാരും, അവളുടെ വീട്ടുകാരും ചേർന്ന് പുതിയ അർത്ഥങ്ങൾ നൽകി എന്നേയും റൈഹാനത്തിനെയും കൂടുതൽ തളർത്തുമെന്ന് അറിയാമായിരുന്നു.

ഇനിയെന്ത് ചെയ്യുമെന്നറിയാതെ ഞാനാ പരിചയമില്ലാത്ത ഇടവഴിയിൽ പങ്കുവെക്കാനാവാത്ത അവസ്ഥകളോട് പൊരുതി നോക്കി അങ്ങോട്ടുമിങ്ങോട്ടും നടന്നു.

കൂടുതലവിടെ നിൽക്കാൻ എനിക്ക്‌ കഴിയുമായിരുന്നില്ല. റൈഹാനത്ത് കരയുന്നതെങ്ങാനും ഞാൻ കേൾക്കുകയോ കാണുകയോ ചെയ്‌താൽ പിന്നെ എന്തായിരിക്കും എനിക്ക്‌ സംഭവിക്കുക എന്നറിയില്ലായിരുന്നു .

ഇടക്കിടക്ക് ഉമ്മ വരുന്നുണ്ടോന്ന് നോക്കാൻ ആ വീട്ടിലേക്ക് ചെന്നു നോക്കിയെങ്കിലും ഉമ്മ വരാഞ്ഞത് കണ്ടപ്പോൾ തിരികെ പൊന്നു.

അൽപ്പം കഴിഞ്ഞ് ഞാനുമ്മയെ നോക്കാൻ വീണ്ടും ചെന്നപ്പോൾ ഉമ്മയെ ആ ഭാഗത്ത് കണ്ടതും അടുത്തേക്ക് വിളിച്ച് .. ” ഉമ്മാ റൈഹാനത്ത് എവിടെ.. ? നിങ്ങള് കണ്ടോ അവളെ.. ? “എന്ന് ചോദിച്ചപ്പോൾ “അവളവിടെ കരഞ്ഞു കിടക്കുന്നുണ്ട് ” എന്ന് പറഞ്ഞതും പിന്നെ എനിക്ക്‌ സഹിച്ചില്ല ഉമ്മയോട് പറഞ്ഞു ” ഉമ്മാ… ഇങ്ങളോളോട് വിഷമിക്കരുതെന്ന് അൻവർ പറഞ്ഞിട്ടുണ്ടെന്ന് ഒന്ന് പറയാമോ..? എനിക്കോളെ നേരിട്ട് കാണാൻ വയ്യാത്തോണ്ടാ ‘” എന്ന് പരിഭവത്തോടെ പറയുന്നത് കേട്ട ഉമ്മ എന്നെ വല്ലാത്തൊരു നോട്ടം നോക്കിയപ്പോഴാണ് ആ സമയത്ത് ഞാനറിയാതെ ഉമ്മയോടെന്റെ ഖൽബാണാ സംസാരിച്ചതെന്ന് തിരിച്ചറിയുന്നത് .

“ഞാൻ പറയാം നീ കണ്ണ് തുടക്ക് ആളുകൾ നോക്കുന്നു ” എന്ന് പറഞ്ഞ് ഉമ്മ അകത്തേക്ക് പോയതും അടക്കിപ്പിടിച്ച് നിർത്താൻ കഴിയാത്ത ആ വേദനയൊന്നു കുറക്കാൻ പാടുപെട്ട് ആളുകൾക്കിടയിൽ ഞാനങ്ങനെ നിന്നു.

എന്റെ സ്നേഹത്തിന്റെ സിംഹാസനത്തിലിരുത്തി
പൊന്നുപോലെ നോക്കുവാൻ കൊതിച്ചിരുന്ന എന്റെ കിനാവിലെ രാജകുമാരിയെ വിധി തട്ടി കൊണ്ട് പോയി അകറ്റിയിട്ടും വേദനിപ്പിക്കാതെ നോക്കാൻ കഴിഞ്ഞില്ലെന്നൊക്കെ പറഞ്ഞ് റൈഹാനത്തിന്റെ പനിനീര് മണക്കുന്ന ഓർമ്മകൾ ദുഖങ്ങളുടെ ഭാരം കൂട്ടി കൊണ്ടിരുന്നു …

നെടുവീർപ്പുകൾ കൊണ്ട് മനസ്സിന്റെ കണ്ണീര് തുടച്ച് ഞാനവിടെ അവളെ കാണാൻ വയ്യാതെ മാറി നിൽക്കുമ്പോൾ ഉമ്മ അടുത്തേക്ക് വന്നു . ” നേരം കുറെയായി വാ പോകാം… റൈഹാ ഇദ്ദ ഇരിക്കാനൊരുങ്ങാണ്. രണ്ടീസം കഴിഞ്ഞിട്ട് വരാമെന്നു” പറഞ്ഞ് ഉമ്മ വണ്ടിയെടുക്കാൻ പറഞ്ഞു . “

ബൈക്കിൽ കയറി വീട്ടിലേക്ക് തിരിച്ച് പോകുമ്പോൾ കുറച്ചകലെ നാട്ടിലേക്ക് പോകുന്ന വഴിക്ക് ആളൊഴിഞ്ഞ ഒരു സ്ഥലത്തെത്തിയതും ഉമ്മ ബൈക്ക് നിർത്താൻ പറഞ്ഞു . ബൈക്കിൽ നിന്നും ഇറങ്ങിയ ഉമ്മ എന്നെ നോക്കി കൊണ്ട് പ്രതീക്ഷിക്കാതെ ചോദിച്ചു ” നീ റൈഹാനത്തിനെ സ്നേഹിച്ചിരുന്നോ.. ?? ” ചങ്കിലെ വെള്ളം വറ്റി പോയി ഉമ്മയുടെ പ്രതീക്ഷിക്കാതെയുള്ള ആ ചോദ്യം കേട്ടപ്പോൾ.. !

ഒന്നും പറയാതെ മിണ്ടാതെ നിൽക്കുന്ന എന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ ഉമ്മ അടുത്ത ചോദ്യവും ചോദിച്ചു
” അവള്ക്ക് നിന്നെയും ഇഷ്ടമായിരുന്നല്ലേ.. ??? നിങ്ങളിതെന്തേ രണ്ടാളും ഞങ്ങളോട് ആരോടും പറയാതെ മറച്ചു വെച്ചത് ?? അവളാ മുറിയിൽ കരഞ്ഞ് തളർന്ന് കിടക്കുന്ന നേരത്താ നീ അവളോട്‌ വിഷമിക്കരുതെന്ന് പറഞ്ഞ കാര്യം ഞാൻ പറഞ്ഞത് കേട്ടതും അവളെന്നെ നോക്കാതെ പിറകിൽ നീയുണ്ടോന്ന് തിടുക്കത്തിൽ നോക്കിയപ്പോഴല്ലേ അവളും ന്റെ കുട്ടിയും ഇത്രക്ക് ഇഷ്ടപെട്ടാണ് പിരിഞ്ഞതെന്ന് ഞാനറിയുന്നത്… “

ഉമ്മയുടെ ആ വാക്കുകൾ കേട്ടതോടെ ഞങ്ങളുടെ പ്രണയത്തെ കുറിച്ച് എല്ലാം പറയേണ്ടി വന്നു .

അവളെ സ്നേഹിച്ചിരുന്ന കാലത്ത് ഒരുപാടുവട്ടം ഉമ്മയോടെങ്കിലും പറയാൻ തോന്നിയിരുന്നു. പക്ഷേ ക്രൂരമായി ഞങ്ങളെ വേദനിപ്പിക്കാൻ സാഹചര്യങ്ങളെ പ്രണയമഭിനയിച്ച് വശീകരിച്ച വിധി ഞങ്ങളെ അതിൽ നിന്നും പിന്തിരിയിപ്പിച്ച് പറയാനനുവദിച്ചില്ല..

കഥകളൊക്കെ കേട്ട ഉമ്മയുമായി ബൈക്കിൽ കയറി വീട്ടിലേക്കുള്ള യാത്രയിൽ
” അവളെ എന്റെ കുട്ടിക്ക് വിധിച്ചിട്ടില്ലെന്നും മറക്കണമെന്നൊക്കെ ” പറഞ്ഞ് ഉമ്മയെന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു .

” അവളെ ഞാൻ മറന്നതാണെന്നും, ആ സ്ഥാനത്തേക്ക് വന്നവൾ എന്നെ വഞ്ചിക്കുകയായിരുന്നെന്നും ഉമ്മയോട് പറയാൻ എനിക്ക് കഴിഞ്ഞില്ല കാരണം ആ നാറിയ അനുഭവങ്ങൾ സ്വന്തം മകന്റേതാണ് എന്നറിഞ്ഞാൽ അത് താങ്ങാനുള്ള മനക്കരുത്തൊന്നും എന്റെ ഉമ്മാക്കില്ലെന്നറിയായിരുന്നു അതുകൊണ്ടൊന്നും
ഉമ്മയെ അറിയിച്ചില്ല .

അന്ന് വീട്ടിലെത്തിയ ഞാൻ കുറെ നേരം റൂമിന്റെ വാതിലടച്ചങ്ങനെ കിടന്നു. ഇനിയെന്ത് ചെയ്യണം..? എന്നുള്ള ഉത്തരമറിയാത്ത ചിന്തകൾ കാട് കയറിയതോടെ അവസാന തീരുമാനം മനസ്സുറപ്പിച്ച് പറഞ്ഞു തന്നു. എത്രയും പെട്ടെന്ന് സൗദിയിലേക്ക് തന്നെ തിരികെ പോവുക കാരണം ഇനി എല്ലാവരും റൈഹാനത്തിനെ കുറിച്ച് സംസാരിച്ചിരിക്കും, അവളുടെ അവസ്ഥകൾ പറഞ്ഞിരിക്കും അതെല്ലാം കേൾക്കാനും, കാണാനുമിടയായാൽ എന്റെ ഇപ്പോഴുള്ള അവസ്ഥ
മോശമായി മാറും . അതിനുപുറമെ എന്റെ ഭാര്യയായ ആ നശിച്ചവളുടെ കൂടെയുള്ള ഓരോ ദിവസവും എനിക്കും മടുത്തിരുന്നു.

ആരോടും ഒന്നും പറയാതെ ഞാനന്ന് തന്നെ കൂട്ടുകാരന്റെ ട്രാവൽസിൽ പോയി ടിക്കറ്റെടുത്ത് അറബിയെ വിളിച്ചു . തിരികെ വരികയാണെന്നും എയർപോർട്ടിലന്ന് കൊണ്ടുപോകാൻ വരണമെന്നൊക്കെ
പറഞ്ഞ് ഫോൺ വെച്ചു .

വീട്ടിലെത്തി ഉമ്മയോടും, ഉപ്പയോടുമെല്ലാം രണ്ട് ദിവസത്തിനുള്ളിൽ ഞാൻ തിരികെ പോവുകയാണെന്നും അറബി പെട്ടെന്ന് ചെല്ലാൻ പറഞ്ഞ് വിളിച്ചിരുന്നു എന്നൊരു കള്ളം പറയേണ്ടി വന്നു . കാരണം കല്ല്യാണം കഴിഞ്ഞിട്ട് ആരാടാ ഭാഗ്യമില്ലാത്ത എന്നെപ്പോലെ കെട്ടിയപ്പെണ്ണിനെ വീട്ടിൽ നിർത്തി പോകാൻ തിടുക്കം കാണിക്കുക…?

ഇഷ്ടമുണ്ടായിരുന്നില്ല എന്നാലും ഭാര്യയായ അവളോട്‌ തിരികെ പോവുകയാണ് എന്ന് പറഞ്ഞത് പോകുന്നതിന് തലേ ദിവസമായിരുന്നു . കൂടുതലൊന്നും അവൾ ചോദിച്ചില്ല.. ചോദിക്കില്ലല്ലോ ഇനി വാപ്പയും, മോൾക്കും ആരേയും ഭയക്കേണ്ടതില്ലല്ലോ എന്നറിയാമായിരുന്നു … ഒന്നും അവൾ പറഞ്ഞില്ല .. ഞാനും കൂടുതൽ സംസാരിച്ചില്ല . അത്രത്തോളം ദേഷ്യവും, സങ്കടവും ഉണ്ടായിരുന്നു അപ്പോഴെന്റെ ഉളളിൽ.

യാത്ര പുറപ്പെടുന്ന ദിവസം അന്ന് പുലർച്ചക്ക് എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. ഉപ്പ പിറകിൽ നിന്നുമടിച്ചു തരുന്ന ടോർച്ച് ലൈറ്റിന്റെ വെളിച്ചത്തിൽ ജീപ്പ് നിർത്തിയിട്ട സ്ഥലത്തേക്ക് നടക്കുമ്പോൾ ഞാൻ ദുഃഖങ്ങൾ കടിച്ചമർത്തി അപ്പോഴും കരയുന്നുണ്ടായിരുന്നു.

“വിവാഹം കഴിഞ്ഞ് ദാമ്പത്യ ജീവിതത്തിന്റെ മധുരം നുകർന്ന് മതിവരാതെ കെട്ടിയ പെണ്ണിനെ വീട്ടിലാക്കി എന്ന് തിരിച്ച് വരുമെന്നറിയാത്ത നാട്ടിലേക്ക് സ്വന്തം വീട്ടിൽ നിന്നും യാത്ര പുറപ്പെടുന്ന പ്രവാസിയായ കല്യാണ ചെക്കന്റെ കണ്ണീരല്ലായിരുന്നു അത്,

നോക്കി വലുതാക്കിയ രക്ഷിതാക്കളുടെ സ്നേഹമെത്താത്ത മരുഭൂമിയിലേക്ക് മരവിച്ച മനസ്സുമായി പുറപ്പെടുന്ന ഒരു മകന്റെ തോരാത്ത കണ്ണീരല്ലായിരുന്നു അത്,
എല്ലാ പ്രവാസികളും ഗള്ഫിലേക്ക് തിരികെ പോകുമ്പോൾ നാടും നാട്ടുകാരെയും പിരിയുമ്പോഴുണ്ടാകുന്ന വിഷമം കൊണ്ടല്ലായിരുന്നു ഞാനപ്പോൾ കരഞ്ഞത്.

ഇനിയൊരു മടങ്ങിവരവുണ്ടെങ്കിൽ അതിന് മുൻപ്‌ എന്റെ കിനാവുകളെല്ലാം തകർത്ത അവൾ എന്റെ ഭാര്യയായി ഈ വീട്ടിൽ ഉണ്ടാവരുതെന്നും മാനം കെടാത്ത രീതിയിൽ എന്നെയിതിൽ നിന്നും രക്ഷിക്കണമെന്നല്ലാം എന്റെ റബ്ബിനോട് മനമുരുകി പ്രാർഥിക്കുമ്പോഴായിരുന്നു അന്ന് ഞാനങ്ങനെ കരഞ്ഞത് ..

കണ്ടുകൂട്ടിയ ഒരുപാട് സ്വപ്നങ്ങളുമായി ബഹറും കടന്ന് നാട്ടിലേക്ക് വന്ന ഞാൻ ആയുസ്സില്ലാത്ത ആ കിനാവുകളെല്ലാം ആരുമറിയാതെ ഖബറടക്കി വീണ്ടും സൗദിയിലേക്ക് തന്നെ യാത്ര തിരിച്ചു..

ജീവിതത്തിൽ അനുഭവിക്കാൻ ബാക്കിയായി കിടന്നിരുന്ന കുറെ നൊമ്പരങ്ങളും , ഒരുപാട് പേരുടെ യഥാർത്ഥ മുഖങ്ങളും , ഉറക്കം നഷ്ടപ്പെടുത്തിയ ഒരുപാട് രാത്രികളും, കുറെ പുതിയ അനുഭവങ്ങളും സമ്മാനിക്കാൻ പടച്ചോൻ കൊണ്ടുപോയ മറ്റൊരു ഗള്ഫ് യാത്ര കൂടിയായിരുന്നു സൗദിയിലേക്കുള്ള എന്റെ രണ്ടാമത്തെ മടക്കയാത്ര ..

‘ തുടരും ‘
_____________________

” നഷ്ടങ്ങളുടെ തുലാസിൽ നമ്മളറിയാതെ കനം കൂടുമ്പോൾ ജീവിതത്തോട് നമ്മൾ പിണങ്ങി പോവാറുണ്ട് “