പിച്ചകപ്പൂക്കള്‍

പ്രിയപ്പെട്ട മനീഷാ ദീദി,

വരുവാനുള്ളത് ആഹ്ലാദത്തിന്റെയും സമാധാനത്തിന്റെയും പുതുവർഷമായിരിക്കട്ടെയെന്ന് ഹൃദയംഗമായി ആശംസിക്കുകയാണ്. പൂർണ്ണ ആരോഗ്യവതിയായി നിർമ്മലമായ ആ പുഞ്ചിരിയോടുകൂടി ദീദി ഞങ്ങളുടെയടുത്തേക്ക് മടങ്ങിവരുന്ന സുദിനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ദീദിയെക്കുറിച്ച് അജയ് ഇന്നലെയും കൂടി ചോദിച്ചു. ഞങ്ങളുടെയെല്ലാവരുടെയും പ്രാർത്ഥന എന്നുമുണ്ടാകും. ബാൽക്കണിയിൽ ഞങ്ങൾ തന്നെ പരിപാലിച്ച ഒരു കൈകുടന്ന നിറയെ പിച്ചകപ്പൂക്കൾ ഇതിനോടൊപ്പം അയക്കുന്നു. ദീദിക്ക് ഏറെ ഇഷ്ടമുള്ളവയാണല്ലോ അവ. ജീവിതത്തിലെ ഓരോ നിമിഷത്തേയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

എന്ന് ദീദിയുടെ സ്വന്തം,

കാജോ.

രാവിലത്തെ ചെറിയൊരു ചാറ്റൽ മഴക്ക് പിന്നാലെ നേർത്ത സൂര്യ രശ്മികൾ ബാൽക്കണിയിലേക്ക് പതിക്കുമ്പോൾ, ചിത്രപ്പണികളോടു കൂടിയ പഴയ ചെമ്പ് വെയ്സിൽ പിച്ചകപ്പൂക്കൾ നിറച്ചു വയ്ക്കും. അതിന്റെ സൗരഭ്യത്തിൽ ദൂരെ തെളിമാനം നോക്കിയിരിക്കാൻ എന്തിഷ്ടമാണ്! ബി.പി.ദാദാ പറയുമായിരുന്നത് വെറുതെയോർത്തു. രാഷ്ട്രീയ പ്രക്ഷുബ്ധതയിൽ നിന്നും പിരിമുറുക്കങ്ങളിൽ നിന്നും വീട്ടിലേക്ക് ഓടിയെത്തിയിരുന്നത് മൺകൂജയിലെ തണുത്ത ജലത്തിനും വീടാകെ തങ്ങിനിൽക്കുന്ന പിച്ചകസുഗന്ധം തേടിയുമായിരുന്നുവെന്ന്. എല്ലാ പൂക്കളേയും തനിക്കിഷ്ടമില്ലാതെയല്ല. എന്നാൽ ഇവ ജീവിതത്തോട് ചേർന്നൊഴുകുന്ന സമാന്തര രേഖകളായി തീർന്നിരിക്കുന്നു. മനസ്സിന് ആർജ്ജവം നൽകുന്നു. ഏകാന്തതയിൽ തനിക്ക് ലഭിക്കുന്ന നിരവധി മന്ദഹാസങ്ങളാകുന്നു. ഈ ഘട്ടത്തിലും പ്രതീക്ഷകളെ കൈ വെടിയാതെ ഹൃദയത്തോട് ചേർത്തു നിർത്താൻ സഹായിക്കുന്നു.

ദൈവമേ, കുറച്ചുകാലം കൂടി എനിക്കീ പൂക്കളുടെ ഭംഗിയും സുഗന്ധവും ആസ്വദിക്കാൻ കഴിയുമോ? അല്ലെങ്കിൽ വാരണാസിയിൽ, തണുത്ത കൽപ്പടവുകളിലൂടെ ഗംഗയിലേക്കോടിയിറങ്ങുന്ന സൽവാറും കമ്മീസും ധരിച്ച ആ പഴയ പെൺകുട്ടിയാകുവാൻ ഇനിയൊരിക്കലെങ്കിലും എനിക്കാകുമോ? അതോ, നിശബ്ദയായി, മനസ്സിൽ താലോലിച്ച വേഷങ്ങളെല്ലാം ഉപേക്ഷിച്ച് എല്ലാവരോടുമായി യാത്ര പറഞ്ഞ്…

ശിശിരകാലത്തെ തണുത്ത സായാഹ്നങ്ങളിൽ , വാരണാസിയിലെ ക്ഷേത്രങ്ങളിൽ മന്ത്രോച്ചാരണമുയരുമ്പോൾ കൂട്ടുകാരി ദീപാലിയുമൊത്ത് ഗംഗാനദിയുടെ കൽപ്പടവുകളിറങ്ങുമായിരുന്നു. ചെരുപ്പുകൾ അഴിച്ച് വച്ച്, കൊലുസുകൾ കൊണ്ട് ശബ്ദമുണ്ടാക്കി, നദിയിലേക്കിറങ്ങി കൈകൾ കൊണ്ട് കുഞ്ഞോളങ്ങളുണ്ടാക്കും. മൺചിരാതുകളിൽ ദീപം തെളിയിക്കും. അവിടെ നിന്ന് നോക്കിയാൽ ദൂരെ ക്ഷേത്രങ്ങൾക്കു മുകളിലെ പാറിപ്പറക്കുന്ന കൊടികൾ കാണാം. ശംഖനാദം കേൾക്കാം. സൂര്യാസ്തമന സമയത്തെ ചെമ്മാനം കാണാം.

ബംഗ്ലാവിലിരുന്ന് മടുക്കുമ്പോൾ ഞങ്ങൾ കൗമാരത്തിന്റെ പ്രസരിപ്പോടെ ക്ഷേത്രാങ്കണങ്ങളിലൂടെയും ഇടവഴിത്താരകളിലൂടെയും നടക്കും. ചിലപ്പോൾ, ദുപ്പട്ടകൾ കാറ്റിൽ പറന്ന്, ഹൃദയത്തിൽ പ്രതീക്ഷകളുമായി ആഹ്ലാദത്തോടെ ഓടുകയുമായിരിക്കും.

പൂവ് വിൽക്കുന്ന ബാസന്തിമൗസി വിളിച്ചു പറയും,

” കുട്ടികളേ പൂക്കൾ വേണമെങ്കിൽ വേഗം വരണേ.. തീരാറായിട്ടോ ”

പിച്ചകമൊട്ടുകൾ കൊണ്ട് ഹാരമുണ്ടാക്കാൻ എന്നെക്കാളും വേഗമാണ് ദീപാലിക്ക്.

“ഒരു കാര്യമറിയണോ മനീ.. ഈ തെക്കേയിന്ത്യിലെ പെൺകുട്ടികളുണ്ടല്ലോ. അവരീ ഹാരം തലയിൽ ചൂടും. എന്ത് ഭംഗിയാന്നറിയോ! അവർ കല്യാണത്തിന് എന്ത്മാത്രം പൂക്കളാ തലയിൽ ചൂടുന്നത്!”

” അതേയോ?”

ദക്ഷിണേന്ത്യയിലെ, പിച്ചകപ്പൂക്കൾ നിറഞ്ഞ കടും നിറത്തിലുള്ള കല്യാണരാവുകളെപ്പറ്റി പറഞ്ഞ് ഞങ്ങൾ രസിക്കും.

വർഷങ്ങൾക്കിപ്പുറം കടും നിറത്തിലുള്ള ജീവിതചിത്രങ്ങൾ മങ്ങിയിരിക്കുന്നു. പിച്ചകപ്പൂക്കളും അതിന്റെ സുഗന്ധവും അവശേഷിച്ചു. നാനാർത്ഥങ്ങളുള്ള ആ വാക്ക് ഞാൻ സ്വയം കണ്ടെത്തിയിരിക്കുന്നു,

‘ഖാമോഷി’.

അഭ്രപാളികളിൽ എന്നപോലെ ജീവിതത്തിലും നിറഭേദങ്ങളുണ്ടായിരിക്കും.

അഭിനയിച്ചു തീർക്കേണ്ട വേഷങ്ങളിലും അന്തരമുണ്ടാകും. നിസ്സഹായതയിൽ, ആവുന്നത്ര ശക്തി സംഭരിച്ച് ഒരു മഹാരോഗത്തോട് പടപൊരുതേണ്ടി വരുന്ന ഏകാകിനിയുടെ വേഷവും അതിലൊന്നാകാം.

അഭ്രപാളിയിലെ നിറച്ചാർത്തുകളില്ലാതെ, അരികിൽ മന്ദഹാസം നിറഞ്ഞ മുഖങ്ങളൊന്നും കാണാനിടയില്ലാതെ, പരിഭവങ്ങൾ പറയാനില്ലാതെ, ഉപചാരങ്ങളെല്ലാം മാറ്റി നിർത്തിക്കൊണ്ട് ഏകാന്തതയിൽ തെളിമാനം നോക്കിയിരിക്കുന്ന താൻ. മുൻപിൽ അവ്യക്തത. കുറച്ചു പിച്ചകപ്പൂക്കൾ. അത്രമാത്രം.

ഏകാന്തതയുടെ പാരമ്യത്തിൽ മനസ്സൊന്ന് കുളിർക്കുകയാണെങ്കിൽ, അരികിലെ പുസ്തകത്താളിൽ വെറുതെ കുറിക്കാം,

” മേരോ ഹൃദയ് ധൂലോ ബിഹാനികോ ഫൂൽകോ രൂപ്മ താജാ ഛ്”

അമ്മ ഡൈനിംഗ് ഹാളിൽ നിന്നു ചോദിച്ചു,

” മനിയാ, തിമി ത്യോഹാം ഛോ? അനിൽജിലെ തപായിലായി ഫോൺ ഗരിരഹകോ ഛ്”

“ഹാജുർ മാ. താങ്ക് യു”

ഡൈനിംഗ് റൂമിലേക്ക് വന്ന് ഫോൺ അറ്റന്റ് ചെയ്തു. അനിൽ ജി എപ്പോഴും മൗനത്തിന് വില നൽകിക്കൊണ്ടാണ് സംസാരിക്കാറുള്ളത്. പക്ഷെ എപ്പോഴുമുള്ള സ്നേഹാർദ്രമായ “മനീഷാ..” എന്ന നീട്ടി വിളി. എന്തുകൊണ്ടൊ അതുണ്ടായില്ല. വാക്കുകളിൽ നിശബ്ദത നിഴലിച്ചിരുന്നു.

” ഹൗ ആർ യൂ മനീഷാ? ഫീലിംഗ് ബെറ്റർ?”

” യെസ് അനിൽ ജി. ബെറ്റർ. മെനി താങ്ക്സ്”

“കാഠ്മണ്ഡുവിൽ വന്നു കാണാൻ മനസ്സില്ലാഞ്ഞിട്ടല്ല. എനിക്കറിയാമല്ലൊ. ഈ ഘട്ടത്തിൽ ഏതൊരാൾക്കും ഏകാന്തത ആവശ്യമാണെന്ന്. പരിതസ്ഥിതിയോട് പൊരുത്തപ്പെടാനും, പുതിയ തയ്യാറെടുപ്പുകൾ നടത്താനും”

“അറിയാം ജി. വിളിച്ചതിന് നന്ദി. വളരെ സന്തോഷം തോന്നുന്നു”

“ട്രീറ്റ്മെന്റിനായി യൂ എസിലേക്ക് പോകുന്നതിന് മുൻപ് ഞങ്ങൾ വന്നു കാണും”

“തീർച്ചയായും വരണം. ഏകാന്തത ആഗ്രഹിക്കുമ്പോഴും, ജീവിതത്തിലൂടെ കടന്നുപോയ എല്ലാവരെയും ഞാൻ ഓർക്കാറുണ്ട്. നല്ല ഓർമ്മകൾ സമ്മാനിച്ചവർ, ഇതുവരെയുള്ള നിമിഷങ്ങളെ സമ്പൂർണ്ണമാക്കാൻ സഹായിച്ചവർ. വീട്ടിലേക്ക് സ്വാഗതം. വാക്കുകളാണല്ലോ മൗനത്തിന് വില നൽകുന്നത്. അല്ലെങ്കിൽ ഈ ഏകാന്തതയെപ്പോലും ഞാൻ വെറുത്തുപോകും. മാത്രവുമല്ല ഇനി ഒരു പക്ഷെ നമ്മൾ തമ്മിൽ….”

“ഒന്നു മുണ്ടാകില്ല. ഏകാന്തത മനീഷയെ ഒരുപാട് ഭയപ്പെടുത്തുന്നുണ്ടെന്ന് തോന്നുന്നു. പറയേണ്ട കാര്യമില്ലെന്നറിയാം. എന്നാലും സൂചിപ്പിക്കുകയാണ്. ഇത്രയും തീക്ഷ്ണമായ ഒരു സ്വയം ഒറ്റപ്പെടലിന്റെ ആവശ്യമുണ്ടോ? ഫോൺ ഉപയോഗിക്കാതെ, ട്വിറ്ററിൽ ഒരു വാക്കു പോലും കുറിക്കാതെ. ഈ മൗനം ഞങ്ങളെയെല്ലാവരെയും നൊമ്പരപ്പെടുത്തുന്നുണ്ട് കേട്ടോ ”

“അനിൽ ജി നേരത്തെ പറഞ്ഞത് ശരിയാണ്. എനിക്കെല്ലാം ആദ്യം മുതൽ തുടങ്ങണമായിരുന്നു. നോക്കുമ്പോളെല്ലാം എന്തുകൊണ്ടോ കൺമുന്നിൽ ഇരുട്ടായിരുന്നു. ജീവിക്കാൻ തയ്യാറെടുപ്പുകൾ വേണ്ടിവന്നു. അങ്ങനെയാണ് എല്ലാം മാറ്റിവച്ചത്”

“ബിബിസിയിൽ നിന്നു വിളിച്ചിരുന്നു. അവർ മനീഷയെ കോൺടാക്റ്റ് ചെയ്യാൻ പലതവണ ശ്രമിച്ചുവത്രെ. ഇൻറ്റർവ്യൂവിനും പിന്നെയൊരു ചർച്ചക്ക് ക്ഷണിക്കാനും മറ്റുമായി. റോവൻ അട്കിൻസണൊക്കെ പങ്കെടുത്ത ചർച്ചയായിരുന്നുവെന്നാണ് കേട്ടത്. ദാറ്റ് വുഡ് ബി എൻറ്റെർടൈനിംഗ്”

ഇൻറ്റർവ്യൂവിന്റെ കാര്യം ഒരിക്കലവർ പറഞ്ഞിരുന്നു. അവർക്ക് ചോദിക്കാനുള്ളത് നേപ്പാൾ രാഷ്ട്രീയത്തിൽ സജീവമാകാത്തതിനെക്കുറിച്ചാവും. പിന്നെ ടാബ്ലോയിഡ്സിനെപ്പറ്റി, സ്വപ്നങ്ങളെപ്പറ്റി, ഫാഷനെപ്പറ്റി. മൂകമായ ഈ മാനസികാവസ്ഥയിൽ അതിനൊക്കെ മറുപടി പറയുന്നതിനെക്കുറിച്ചെന്ത് പറയാനാണ്. പോകണമെന്നുറച്ചതാണ്. പിന്നെയെപ്പോഴോ മനസ്സുപറഞ്ഞു വേണ്ടതില്ലാ എന്ന്”

“കാൻസർ പരിവേദനത്തിന്റെ രോഗമല്ല മനീഷ. വിട്ടുകൊടുക്കില്ലായെന്ന ചെറുത്തു നിൽപ്പിന്റെയും പരിവർത്തനങ്ങളുടെയും രോഗമാണ്. നമ്മെയൊരുപാട് പഠിപ്പിക്കാനുണ്ടാകുമതിന്. പ്രതിസന്ധികൾ തരണം ചെയ്യുമെന്ന ദൃഢനിശ്ചയമാണെപ്പോഴുമുണ്ടാകേണ്ടത്”

അറിയാം ജി. പരമാവധി ധൈര്യം നിറക്കുകയാണ് ഞാൻ. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയാണിപ്പോൾ”

“കേൾക്കുന്നതിൽ വളരെ സന്തോഷമുണ്ടെനിക്ക്. വ്യക്തിപരമായ കാരണവുമുണ്ടെന്ന് കൂട്ടിക്കോളു. ഞാൻ വിളിച്ചോളാം. ഗോഡ് ബ്ലസ്സ് യു. ടേക് കെയർ”

“ഒന്നു ചോദിക്കാൻ മറന്നു. അനിൽ ജിയോട് ചോദിക്കണമെന്ന് പലപ്പോഴും വിചാരിക്കും. ഡൽഹൗസിയിലേക്ക് പോകുകയുണ്ടായിട്ടുണ്ടോ അടുത്തെപ്പോഴെങ്കിലും?”

“അടുത്തൊന്നും പോയിട്ടില്ല. പോകണമെന്നുണ്ട്. പല തിരക്കുകൾ. എന്തെങ്കിലും പ്രത്യേകിച്ച്?”

“കുറേനാളായി മനസ്സിൽ കടന്നുകൂടിയ ആഗ്രഹമാണ്. അവിടെ ഒരു രാത്രിയെങ്കിലും കഴിച്ചു കൂട്ടണമെന്ന്. ഓർമ്മകൾ പുതുക്കാനെങ്കിലും..”

ക്ലെമറ്റ് തടസ്സമാകില്ലെങ്കിൽ തീർച്ചയായും മനീഷ. ഒരു ദിവസം നിശ്ചയിച്ചോളു. സന്തോഷമേയുള്ളു ഞങ്ങൾക്ക്. കുട്ടികൾക്ക് അവരുടേതായ തിരക്കുകൾ. ഞാനും സുനിതയും തീർച്ചയായുമുണ്ടാകും”

ഫോൺ വയ്ക്കുമ്പോൾ അനിൽ ജിയോട് പറഞ്ഞ കാര്യം ഒന്നുകൂടിയോർത്തു. ജീവിതത്തിലൂടെ കടന്നു പോയവർ. ഹൃദ്യമായ നിമിഷങ്ങൾ സമ്മാനിച്ചവർ. ഓർമ്മകളാണ് ജീവിതത്തിലെ ആകെ സമ്പാദ്യമെന്ന് അനിൽ ജി തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. വിധി ആയുസ്സ് രചിക്കുമ്പോൾ ഒത്തുത്തീർപ്പുകൾ എന്ന നിലയിൽ സമ്മാനിക്കപ്പെടുന്ന ഓർമ്മകളെക്കുറിച്ചും.

കാഠ്മണ്ഡുവിലെ ബാല്യകാലത്ത്, കൂടെ ഓടിക്കളിച്ച് നടന്നിരുന്ന രൂപേഷ് എന്ന ബാലനെക്കുറിച്ച് ഈയിടെയായി പലപ്പോഴും ഓർക്കാറുണ്ട്. താൻ പിച്ചവച്ച് നടത്തിച്ച അയൽപക്കത്തെ കുട്ടി. ഫ്രോക്കിന്റെ അറ്റത്ത് പിടിച്ചുകൊണ്ട് മുറ്റത്തെ പൂന്തോട്ടത്തിലേക്ക് കൊണ്ട് വന്ന് ചോദിക്കും,

“വെള്ളരിപ്രാവിനെ പിടിച്ചു തരുമോ ദീദി?”

അതിരാവിലെ ഉറക്കമെണീറ്റ് വീട്ടിലേക്ക് വരും,

“സുഷമാന്റി മനിദീദിയെവിടെ?”

തനിക്ക് പഞ്ചതന്ത്രകഥകൾ പറഞ്ഞുതരാൻ മനിദീദി വേണം. ഇംഗ്ലീഷ് പാഠങ്ങൾ പഠിപ്പിക്കാനും.

“മനിദീദി ഈസോപ്പ് കഥയിലെ കുറുക്കച്ചാർ എവിടെയാ ഒളിച്ചിരിക്കണേ?

വേഗം പോയി മരുന്നു കഴിച്ചിട്ട് വന്നാൽ നൃത്തം വയ്ക്കുന്ന മയിലിനെ കാണിച്ചു തരുമോ?”

ഇന്ത്യയിലേക്ക് വരാൻ നേരത്തും ചോദിച്ചു.

” മനിദീദി ഇന്ത്യയിൽ നിന്ന് വരുമ്പോൾ എന്നെയും കൂട്ടിക്കൊണ്ട് പോകുമോ?”

പിന്നീട് കാണുകയുണ്ടായിട്ടില്ല ആ കുട്ടിയെ. ബാലാരിഷ്ടതകളിൽ നിന്നും ആസ്ത്മയിൽ നിന്നും കരകയറുകയുണ്ടായില്ല ആ പാവം. ഓർമ്മകൾ വല്ലാതെ വേദനിപ്പിക്കുന്നു.

ജീവിതത്തിൽ കുളിർമയും ആശ്വാസവും നൽകി കടന്നുപോയവർ, മുറിപ്പെടുത്തലുകൾ സമ്മാനിച്ചവർ. വ്യക്തികളിൽ നിന്നും വ്യക്തികളിലേക്കുള്ള ദൂരമെങ്ങനെയറിയാനാണ്? അതിലും പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഈയിടെയായി മനസ്സ് എപ്പോഴുമൊരു ആത്മപരിശോധനയിലേക്ക് നയിക്കപ്പെടുകയാണ്. ജീവിതത്തിൽ ആരെയെങ്കിലും താൻ വാക്കുകളാലൊ പ്രവൃത്തിയാലോ മുറിപ്പെടുത്തിയിട്ടുണ്ടോ എന്ന്. ഓടിക്കളിച്ച കാഠ്മണ്ഡുവിലെ ബാല്യത്തിൽ, വാരണാസിയിൽ, കൈക്കുമ്പിൾ നിറയെ പിച്ചകപ്പൂക്കൾ സമ്മാനിച്ച് വീർപ്പുമുട്ടിക്കുന്ന സൗഹൃദങ്ങൾ നൽകിയ ഡൽഹിയിൽ, അല്ലെങ്കിൽ ഹൃദയം മുറിപ്പെടുമ്പോൾ ആരുംകാണാതെ പൊട്ടിക്കരഞ്ഞ് സമാധാനിക്കാം എന്ന ജീവിത യാഥാർത്ഥ്യം പഠിപ്പിച്ച മുംബൈയിൽ. മനസ്സാക്ഷിയെ സുതാര്യമായി കാത്തു സൂക്ഷിക്കാൻ താൻ ശ്രമിക്കുകയായിരുന്നല്ലോ. എന്നിട്ടും ദൈവമേ! എന്തേയിത്ര മൗനം? എന്റെ പ്രാർത്ഥനകളൊന്നും കേൾക്കാതെ..

ഡൽഹൗസിയിലേക്ക് യാത്രചെയ്യുമ്പോൾ ഗൃഹാതുരത്വത്തിന്റെ അലച്ഛാർത്തുകളുയർന്നപ്പോളും സമ്മിശ്ര വികാരമായിരുന്നു മനസ്സിൽ.

“നോക്കൂ” സുനിതാ ജി പറഞ്ഞു

“ഈ സ്ഥലത്ത് നിന്നാണ് പ്രണയാതുരനായ നരേൻ സൈക്കിളോടിച്ച് പോകുന്നത്.

“ഓ ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ

ജൈസേ നാച്ത മോർ, ജൈസേ രേഷം കി ടോർ ജൈസേ, പരിയോം കാ രാഗ്, ജൈസേ സംദൽ കി ആഗ് ജൈസേ…”

“അനിലിന്റെ അഭിനയത്തിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട രംഗങ്ങളാണവ”

“ഡൽഹൗസി ഹാസ് ചെയ്ഞ്ച്ഡ് എ ലോട്ട്” കാറോടിക്കുമ്പോൾ അനിൽ ജി പറഞ്ഞു.

“അതിലധികമായി നമ്മളും മാറിയില്ലേ ?” ഒരു ചെറു പുഞ്ചിരിയോടെ മനീഷാ ജി ഓർമ്മിപ്പിച്ചു.

രാത്രി തങ്ങാനായി ബുക്ക് ചെയ്ത വില്ലയുടെ മുറ്റത്ത് തീ കാഞ്ഞുകൊണ്ടിരുന്നപ്പോൾ മനസ്സിൽ സമാനതകളില്ലാത്ത ആഹ്ലാദം നിറയുകയായിരുന്നു. ഇത്രയും കരുതലുള്ള സ്നേഹനിധികളായ ദമ്പതികളോട് കഴിയുമ്പോളുള്ള ഈ സന്തോഷം വേറെയുണ്ടായിട്ടില്ല. എന്തെല്ലാമാണ് തനിക്ക് വേണ്ടിയവർ കരുതിയിരിക്കുന്നത്! ബ്ലാങ്കറ്റ്സ്, സ്പെഷ്യൽ ചെയർ, മെഡിസിൻസ്.

“മനിയക്ക് വേണ്ടതെല്ലാം അനിൽ നേരത്തെ കരുതി വച്ചിരുന്നു. തണുപ്പിന്റെ കാര്യമറിയില്ലല്ലോ”

സുനിതാ ജി പറഞ്ഞു.

“റിം ജിം റിം ജിം” മൊബൈലിൽ ഗാനം പ്ലേചെയ്തുകൊണ്ട് ഇരുപത് വർഷം മുൻപുള്ള മനോഹരമായ ഓർമ്മകൾക്ക് ജീവൻ നൽകാൻ സുനിതാ ജി ശ്രമിച്ചുകൊണ്ടിരുന്നു. പൊയ്പ്പോയ ഓർമ്മകളിൽ മനം നിറഞ്ഞ് കത്തിയെരിയുന്ന വിറക് കൊള്ളികളിലേക്ക് നോക്കിയിരുന്നു നരേനും രജ്ജോയും.

“ഒരു കാര്യം പറയട്ടെ മനിയാ.. ഡൽഹൗസിയിലെ ആ ഷൂട്ടിംഗ് നാളുകളിൽ അനിലിന് ആരാധനയും അടുപ്പവുമായിരുന്നു എന്നെന്നോട് തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ സൗന്ദര്യത്തോട്, ഈ മനസ്സിനോട്, ഇന്ദ്രജാലം തീർത്തിരുന്ന ആ പുഞ്ചിരിയോട്. ഒരു ചുംബനത്തിൽ നിന്നും ഗാനാലാപനത്തിൽ നിന്നും ഉണ്ടായ അനുരാഗമാണോ എന്ന് ചോദിച്ച് ഞാനന്ന് പരിഭവം പറഞ്ഞു. എന്നാൽ അനിലിനെ എനിക്കറിയാമല്ലോ. എന്നോട് പറഞ്ഞ ഈ വാക്കുകൾ വേറെയാരോട് പോലും പറഞ്ഞിട്ടുണ്ടാവില്ല അനിൽ. മനിയയോട് പോലും”

അക്കാലത്തെ ഓരോ തമാശകൾ എന്നുപറഞ്ഞ് അനിൽ ജി ചിരിച്ചു.

“എനിക്കറിയാം സുനിതാ ദീദി. അദ്ദേഹത്തിന്റെ നിഷ്കളങ്കതയും ഹൃദയവിശുദ്ധിയും സിനിമാ ലോകത്തെ ഏവർക്കുമറിയാം. അന്നും ഇന്നും. എത്രയും കരുതലുള്ള ഒരു ഭർത്താവിനെ ദീദിക്കും ലഭിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷഭരിതമായ നിമിഷങ്ങളിലൂടെ കടന്നുപോകുകയാണ്. കഴിഞ്ഞകാലത്തെ മുറിപ്പെടുത്തുന്ന അനുഭവങ്ങളിൽ നിന്നുള്ള വിമോചനമാണിത്. ബി.പി.ദാദ പറയുമായിരുന്നു തിരഞ്ഞെടുപ്പുകളെല്ലാം ഒരു കലയാണെന്ന്.രാഷ്ട്രീയത്തിലായാലും ജീവിതത്തിലായാലും. എന്തുകൊണ്ടോ എന്റെ തിരഞ്ഞെടുപ്പുകൾ… വികലമാക്കപ്പെട്ട സ്വപ്നങ്ങൾ..ചിലപ്പോൾ തോന്നും ഞാൻ തോൽക്കാൻ ജനിച്ചവളാണെന്ന്”

“ഡിയർ മനിയാ ഈ വാക്കുകൾ വല്ലാതെ നിരാശപ്പെടുത്തുന്നു. ആരു പറഞ്ഞു മനിയ തോൽക്കാൻ ജനിച്ചവളാണെന്ന്? ഇനിയുമെത്രയോ ജീവിതം ബാക്കി നിൽക്കുന്നു. തോൽക്കുവാനല്ല തോറ്റുകൊടുക്കില്ല എന്ന ധൈര്യമാണ് ആദ്യമാർജ്ജിക്കേണ്ടത്. ഞങ്ങളൊക്കെയുണ്ടല്ലോ അടുത്ത്. എല്ലാത്തിനുമുപരിയായി പ്രാർത്ഥന എന്നൊന്നില്ലേ. ഈ കണ്ണുകൾ നിറയുന്നത് ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട് കേട്ടോ”

ഇല്ല ദീദി. ഇത് സന്തോഷത്തിന്റെ കണ്ണുനീരാണ്. ഏറ്റവും സ്നേഹം നിറഞ്ഞ രണ്ടുപേരുമായി ഒരു സായാഹ്നം ചെലവിട്ടതിന്റെ നല്ല ഓർമ്മകളുമായാണ് ഞാൻ യു. എസിലേക്ക് പോകുന്നത്. എനിക്കുവേണ്ടി മാറ്റിവച്ച സമയത്തിനായി നന്ദി പറയുന്നു. ആ വലിയ മനസ്സുകൾക്കും. ദൈവം അനുഗ്രഹിക്കട്ടെ” ബ്ലാങ്കറ്റ് പുതച്ചുകൊണ്ട് സുനിതാ ദീദിയുടെ കൈയും പിടിച്ച് വില്ലയിലേക്ക് നടക്കുമ്പോൾ മനീഷാ ജി പറഞ്ഞു.

* * * * * * * *

“ഹ്യുമിഡിറ്റി കാരണം ഒരു പക്ഷെ നീലാകാശം കാണാൻ പറ്റിയെന്ന് വരില്ല”

പൂക്കൾ നിറച്ച ഫ്ലവർ ബാസ്ക്കറ്റുമായി വാർഡിലേക്ക് വരുമ്പോൾ ആശുപത്രിയിലെ മലയാളിയായ നഴ്സ് പറഞ്ഞു.

“ട്രീറ്റ്മെന്റിനു ശേഷം ആരോഗ്യം വീണ്ടെടുത്തു കഴിയുമ്പോൾ ഞങ്ങളുടെ കേരളത്തിലോട്ടൊക്കെയൊന്ന് വരില്ലേ മനീഷാ മാഡം?”

“തീർച്ചയായും സഞ്ജനാ . ഗുരുവായൂരും മൂന്നാറുമൊന്നും എനിക്കന്യമല്ലല്ലോ”

പിച്ചകപ്പൂക്കളുടെ സൗരഭ്യം ഡോക്ടറിനും ഇഷ്ടപ്പെട്ടു.

“ഇറ്റ്സ് റിയലി അമേസിംഗ്. ഞങ്ങളുടെ മനസ്സിലും ഇവ സുഗന്ധം പകരുകയാണ്”

“ഡോ. ചാങ്ങ് , അങ്ങ് സാന്ത്വനവാക്കുകൾ പറയുകയാണെന്ന് എനിക്കറിയാം. സത്യത്തിൽ ഉള്ളിൽ മൗനമല്ലേ? ഏതാനും മണിക്കൂറുകൾ അല്ലെങ്കിൽ ഏതാനും ദിവസങ്ങൾ. ആയുസ്സിന്റെ ദൈർഘ്യം ഇതിനോടകം തീരുമാനിക്കപ്പെട്ട ഒരു രോഗിയോട് പറയുന്ന ആശ്വാസ വാക്കുകൾ. പരിമിതികൾക്ക് വിധേയം, മുറിപ്പെടുത്തലുകൾക്ക് വിധേയം എന്ന് മനസ്സിൽ രേഖപ്പെടുത്തിയ പിൻകുറിപ്പുകളുമായി”

“നോക്കൂ മിസ് മനീഷാ. മെഡിക്കൽ സയൻസിനും ഞങ്ങൾക്കും പരിമിതികളുണ്ടെന്നറിയാഞ്ഞിട്ടല്ല. എങ്കിലും ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു. ഓരോ പ്രാവശ്യവും ഞാൻ ഓപ്പറേഷൻ തിയേറ്ററിലേക്ക് പോകുന്നതും പ്രാർത്ഥനയിൽ മുഴുകിയിട്ടാണ്. അത് ആത്മശക്തി നൽകുന്നു. ഭാര്യയുടെ പ്രാർത്ഥനയും ഉണ്ടെന്ന് കൂട്ടിക്കോളൂ. അവർ താങ്കളുടെ സിനിമകൾ കാണാറുണ്ട്”

“അതെയൊ. എന്റെ അന്വേഷണങ്ങൾ അറിയിക്കു. വളരെ നന്ദി”

“ഒഫ്കോഴ്സ് ഐ വിൽ ഡു”

സമാശ്വാസം പകരുന്ന മുഖങ്ങൾക്കുമപ്പുറം മൗനമാണ് അനുഭവിക്കുന്നത്. തന്റെ മനസ്സിൽ, പ്രകൃതിയിൽ, ദൈവം പോലും അകലം നിർണ്ണയിച്ച് മൗനം പൂകുന്നു. സർജറിക്ക് തലേന്ന് രാത്രി അനിൽ ജി വിളിച്ചപ്പോഴും കഠിനമായ ഒരു മൗനത്തിന്റെ ഭീതി മനസ്സിനെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.

“ഡോക്ടേഴ്സും സംശയം പറയുന്നു അനിൽ ജി. ദൈവം പൊറുക്കാത്ത എന്തെങ്കിലും ഞാൻ ജീവിതത്തിൽ ചെയ്തിട്ടുണ്ടോന്നറിയില്ല. പ്രാർത്ഥനകളെല്ലാം പാഴാകുന്നുവെന്ന തോന്നാൽ വല്ലാതെ നോവിക്കുന്നു. ഒരിക്കൽ തെളിയിച്ച മൺചിരാതുകൾ അണയുന്നതായി സ്വപ്നം കാണുന്നു”

“മനീഷ വാക്കുകൾ കൊണ്ട് വീണ്ടും വേദനിപ്പിക്കുകയാണ്. പ്രത്യാശയോടെ ഓപ്പറേഷൻ തിയേറ്ററിലേക്ക് പോകാൻ തയ്യാറായ ഒരു ആത്മസുഹൃത്തിന്റെ ആഹ്ലാദം നിറഞ്ഞ വാക്കുകൾ കേൾക്കാനാണ് ഞാൻ വിളിച്ചത്. ഞങ്ങളുടെ ആശംസയും സാമീപ്യവും അറിയിക്കാനും”

“ഞാൻ നിർഭാഗ്യവതിയാണ് അനിൽ ജി”

“അങ്ങനെയല്ലെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. മനീഷയോടുള്ള സൗഹൃദം അഭിനയത്തിനുള്ള പ്രചോദനമായിരുന്നു എനിക്ക്. ഒരു പക്ഷെ സുനിതയുടെ വാക്കുകളെയെനിക്ക് നിരാകരിക്കാൻ കഴിയില്ലായിരിക്കാം. ഇഷ്ടമായിരുന്നു.. ആ മനസ്സ്, മനസ്സുനിറയുന്ന ആ പുഞ്ചിരി. ഒരുവേള അതിയായി ആഗ്രഹിച്ചു ആ സാമീപ്യം. ഒരു പക്ഷെ ഇപ്പോഴും… ആഗ്രഹമായിരുന്നു , കൈനിറയെ പിച്ചകപ്പൂക്കൾ സമ്മാനിക്കാൻ, ആ കരങ്ങൾ ഗ്രഹിക്കാൻ. പ്രണയമായിരുന്നിരിക്കാം. സ്വാർത്ഥ താൽപര്യങ്ങളില്ലാതെ പ്രകാശം പരത്തുന്ന ഒരു തിരിനാളത്തോട് അതിനെ ഉപമിക്കാമെങ്കിൽ. അതുകൊണ്ട് ആ കണ്ണുകൾ നിറയുന്നത്..”

രണ്ടുപേരും മൗനത്തിലായിരുന്നു ഏറെ നേരം.

“ഈ മൗനം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു” മനീഷ ജി പറഞ്ഞു.

“ഇനിയും എന്തൊക്കെയോ എന്നോട് പറയാൻ ബാക്കിയില്ലേ അനിൽ ഭയ്യാ.. ഇനി നമ്മൾ കാണുകയുണ്ടാവില്ലേ?”

“തീർച്ചയായും. പൂർണ്ണ ആരോഗ്യത്തോടെ ഇനിയും നമ്മൾ ഡൽഹൗസിയിലേക്ക് പോകും. മധുരമാർന്ന ആ പുഞ്ചിരി കാണാൻ കഴിയുമെന്നെനിക്കുറപ്പുണ്ട്”

ബഹുമാനമാണെനിക്ക്. ആ വാക്കുകൾ സന്തോഷത്തോടെ ഹൃദയത്തിന്റെ ഉള്ളിന്റെയുള്ളിൽ സൂക്ഷിക്കുകയാണ്. വളരെ നന്ദി. ഞാൻ പോകട്ടെ”

വാക്കുകളിലെ വിടപറയൽ സ്വരം അനിൽ ജിയെ വളരെയധികം വേധനിപ്പിച്ചിരുന്നു. ഭർത്താവിന്റെ വിഷാദം നിറഞ്ഞ മൗനത്തെപ്പറ്റി സുനിതാ ജി ചോദിച്ചു.

“എനിക്കറിയാം അനിലിപ്പോൾ ഡൽഹൗസിയിലെ നാളുകളെക്കുറിച്ചോർക്കുകയാണെന്ന്. നമ്മുടെ സാമീപ്യം മനീഷ ഇനിയും ആഗ്രഹിക്കുന്നുണ്ടാകുമോ? അതിനെക്കുറിച്ചോർത്താണോ ഈ വിഷമം?”

” മനീഷയാകെ തളർന്നിരിക്കുന്നു. പ്രതീക്ഷയറ്റ വാക്കുകൾ”

“സർജറി കഴിഞ്ഞാൽ ഒരു ദിവസത്തിനകം റിപ്പോർട്ട് വരില്ലേ? ബന്ധുക്കളെല്ലാവരുമില്ലെയടുത്ത്. കൂടെ ഞങ്ങളുടെയെല്ലാം പ്രാർത്ഥനയും”

“അവസാനമായി പറഞ്ഞ ഞാൻ പോകട്ടേയെന്ന വാക്കുകൾ വല്ലാതെ വേദനിപ്പിക്കുന്നു. മനീഷയോടുള്ള അഭിനയം ഒരു പ്രചോദനമായിരുന്നു എന്നും. എന്നിലെ കല ചോർന്നുപോകുന്നുവെന്ന് തോന്നുന്നു സുനി. ഒരു പക്ഷെ ഇനിയവർ…”

” ഒന്ന് ധൈര്യമായിരിക്കൂ. മനീഷ നമ്മുടെ സാമീപ്യമാഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ യാത്രക്കൊരുങ്ങാം. അനിലിന്റെ സന്തോഷം തന്നെയാണെന്റെയും. വിസാ കാലാവധി ഇനിയും ബാക്കിയുണ്ടല്ലോ. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പറയട്ടേ? നാളെത്തന്നെയെത്താൻ കഴിയില്ലേ?”

* * * *

പതിവിലുമധികം തെളിമയാർന്നൊരു നീലാകാശ പ്രഭാതമായിരുന്നു അത്. സർജറി കഴിഞ്ഞ് ഏകാന്തത നിറഞ്ഞ ഒബ്സെർവേഷൻ കാബിനിൽ കിടക്കുമ്പോൾ, തനിക്ക് കരുതി വച്ചിട്ടുള്ളതിൽ തൃപ്തിപ്പെടുകയും അതുമായി സമരസപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ചായിരുന്നു മനസ്സിൽ. നിത്യമായി ചെയ്യാറുള്ള പ്രാണയാമ അന്നും ചെയ്യാൻ ശ്രമിച്ചു. തന്നെ കാത്തിരിക്കുന്ന കുടുംബാങ്ങളുടെ ആശങ്കകൾക്കുമപ്പുറത്ത് ഒരു നിശ്ചയദാർഢ്യം മനീഷ ജി കൈവരിച്ചിരുന്നു. വാരണാസിയിൽ, മൺചിരാതുകളിൽ ദീപം തെളിയിക്കുന്ന സന്തോഷവതിയായ പെൺകുട്ടിയെക്കുറിച്ചല്ല, ഗംഗാനദിയിൽ, എവിടേക്കോ ഒഴുകിയകലുന്ന ഒരു കൈകുടന്ന പിച്ചകപൂക്കളെ കുറിച്ചായിരുന്നു അവർ ചിന്തിച്ചത്. പരിഭവങ്ങളൊന്നുമില്ലാതെ ഒരു ചെറിയ പുഞ്ചിരിയുമായി തെളിഞ്ഞ നിലാകാശത്ത് നോക്കിയിരുന്നപ്പോൾ മനസ്സ് പറഞ്ഞു, “അതെ. ഞാനൊരു യാത്ര പോവുകയാണ്. ജീവിതത്തിൽ കാണേണ്ടത് കാണുകയും നേടേണ്ടത് നേടുകയും ചെയ്തുവെന്ന വിശ്വാസത്തോടെ. നേടാത്തതൊന്നും എന്റേതല്ല എന്ന തിരിച്ചറിവോടെ.സർവ്വേശ്വരന്റെ മൗനത്തെ ഞാൻ മനസ്സാവരിച്ചുകഴിഞ്ഞു. കൈനിറയെ പിച്ചകപൂക്കളും നിറഞ്ഞ മനസ്സോടെയും യാത്രചെയ്യണം”

എന്നാൽ അങ്ങനെയല്ല, ദൈവം നിരുപമ സ്നേഹത്തിന്റെയും പ്രതീക്ഷയുടേയും ഉടയ തമ്പുരാനാണെന്ന് , തനിക്ക് കരുതി വച്ചിട്ടുള്ളത് സുഗന്ധമാർന്നൊരു പുതുജീവനാണെന്ന് മനീഷ ജി തിരിച്ചറിയുകയായിരുന്നു . ഡോ. ചാങ്ങ് ഒബ്സെർവേഷനിലേക്ക് ഓടി വന്നപ്പോഴായിരുന്നു അത്.

“നോക്കൂ മിസ് മനീഷ ..മൗനിയാണെന്ന് പറഞ്ഞ ദൈവം താങ്കൾക്കെന്താണ് സമ്മാനിച്ചതെന്ന്. യു ആർ ഗോയിംഗ് ടു ബി ഫ്രീ ഫ്രം കാൻസർ!! ഐ ആം ഷുവർ. ശസ്ത്രക്രിയ വിജയിച്ചു. റിപ്പോർട്ട് പോസിറ്റീവാണ്. ചികിത്സ തുടരാം. താങ്ക്സ് ഗോഡ് ആൾമൈറ്റി” അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു.

വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു യാത്രയുടെ തയ്യാറെടുപ്പുകളിൽ നിന്ന് ദൈവം സമ്മാനിച്ച ജീവനാളം ഏറ്റുവാങ്ങാൻ മനസ്സിനേറെ സമയമെടുക്കേണ്ടി വന്നു.

ആരോടൊക്കെയാണ് നന്ദി പറയേണ്ടത്. ദൈവമേ മാപ്പ്! അങ്ങെന്നെ കരകയറ്റിയിരിക്കുന്നു! എന്തെന്നില്ലാത്ത ആഹ്ലാദത്തിന്റെ കണ്ണുനീർത്തുള്ളികൾ!

പുറത്ത് കാത്തുനിൽക്കുന്ന കുടുംബത്തോട് ഉച്ചത്തിൽ വിളിച്ചു പറയണമെന്ന് തോന്നി, താൻ ഈശ്വര ചൈതന്യം ദർശിച്ചുവെന്ന്, രോഗവിമുക്തയായെന്ന്, കാൻസർ തനിക്കൊരുപാട് പാഠങ്ങൾ നൽകിയെന്ന്, ലോകത്തോട് പറയാൻ തനിക്കേറെയുണ്ടെന്ന്. കാബിനിലെ കണ്ണാടി വാതിലിലൂടെ നോക്കുമ്പോൾ ശരിക്കും അത്ഭുതപ്പെട്ടു. കൂടെ ആഹ്ലാദവും. കാബിനു പുറത്ത് അനിൽ ജിയും സുനിതാ ദീതിയുംകാത്തുനിൽക്കുന്നുണ്ടായിരുന്നു. കൈ നിറയെ പിച്ചകപൂക്കളുമായി, മുഖത്ത് ആകാംക്ഷ നിറഞ്ഞ്..

കണ്ണാടി ജാലകത്തിലൂടെ , താൻ ഏറെ കാണാനാഗ്രഹിച്ചിരുന്ന, ഇന്ദ്രജാലം തീർക്കുന്ന ആ പുഞ്ചിരി അനിൽ ജി നോക്കി കാണുകയായിരുന്നു. ആ പുഞ്ചിരിയും ഹൃദയവും വിളിച്ചുപറയുന്നുണ്ടായിരുന്നു, എനിക്കായി കരുതിവച്ചിട്ടുള്ള പിച്ചകപൂക്കളേറ്റുവാങ്ങാനും മൗനങ്ങൾക്കിടയിലെ ഹൃദ്യമായ ആ വാക്കുകൾ കേൾക്കാനും ഞാൻ വരുമെന്ന്.

നരേന്റെയും രജ്ജോയുടേയും കണ്ണുകൾ നിറഞ്ഞ് തുളുമ്പി. സന്തോഷത്തിന്റെ അശ്രുക്കൾ. രണ്ടുപേരുടേയും ഹൃദയങ്ങളിൽ നിന്ന് സംഗീതസാന്ദ്രമായ ആ വരികൾ ഉയർന്നു കേട്ടു,

” ബസ് ഏക് മേം ഹൂം, ബസ് ഏക് തും ഹോ”