“ഈ കാശുള്ള വീട്ടില് ജനിച്ചത് എന്റെ കുറ്റാണോ സാറേ??? “….
പോലീസ് സ്റ്റേഷനിൽ വെച്ച് എസ് ഐ യോട് കയർത്തു പറയുമ്പോഴാണ് അവളാദ്യമായി എന്റെ മുന്നിലേക്ക് വരുന്നത്…..
“അത് തന്റെ കുറ്റമല്ലെടോ…. തന്നെയൊക്കെ ജനിപ്പിച്ച് , തീറ്റ തന്നു പോറ്റുന്ന ആൾക്കാരില്ലേ അവരുടെ കരണത്തിനിട്ട് കൊടുക്കണം …… ”
നൈസ് ആയിട്ട് തന്തക്ക് വിളിച്ചത് ആരാണെന്നു നോക്കിയപ്പോ അസ്സലൊരു പൈങ്കിളി!!! കറുത്ത കോട്ടുമിട്ടൊരു വെള്ളപൈങ്കിളി!!!! ഒറ്റ നോട്ടത്തിൽ തന്നെ എന്റെ കിളി പോയിന്ന് പറഞ്ഞാ മതിലോ…. അല്ലെങ്കിലെ ഈ കിളികള് പണ്ടേ എന്റെയൊരു വീക്നെസ് ആണ്….
“ടോ!!! ഈ പേപ്പറിൽ ഒന്ന് സൈൻ ചെയ്തിട്ട് ഇറങ്ങി പൊക്കോ!!…. രാഘവേട്ടാ…. ഇതാ ജാമ്യത്തിനുള്ള അപേക്ഷ!!!…. “….
ഏ!! അപ്പൊ എന്നെ എറക്കാൻ വന്ന വക്കീലാണല്ലേ….. അപ്പൊ സ്ഥിരം വരാറുള്ള സ്വാമി ചേട്ടനെന്തു പറ്റി?? ഇവളിതിപ്പൊ ഏതാ??
എന്റെ മുഖത്തു വിരിഞ്ഞ ഭാവങ്ങൾ കണ്ടിട്ടാണെന്നു തോന്നുന്നു, എന്റെ മനസ്സിലുള്ളത് മാനത്തു കണ്ടിട്ടെന്ന പോലെ അവള് പറഞ്ഞു “സ്വാമി സാറിന്റെ ജൂനിയർ ആണ് മാഷെ… പിന്നെ, തന്നെ പോലെ സ്ഥിരം കേസ് ഉണ്ടാക്കുന്ന ഒരു കക്ഷിയെ കിട്ടിയാ ഏത് വക്കീലിനാ വിട്ടു കളയാൻ തോന്നാ…. ഇത്രേം നല്ലൊരു കച്ചറ പാർട്ടി ഈ നാട്ടില് വേറെ ആരാ ഉള്ളെ??സ്വാമി സാറ് തന്നെ ഏറ്റെടുക്കോ ന്ന് ചോച്ചപ്പോ ഒറ്റശ്വാസത്തില് ഓക്കേ ന്ന് പറഞ്ഞു…..പൈസക്ക് നല്ല അത്യാവശ്യണ്ട് മാഷെ… അപ്പൊ ഫീസ് എങ്ങിനാ? നിങ്ങടെ അച്ഛന്റെന്നു മേടിക്കണോ, അതോ ഇയാള് തരുന്നോ??”….
മ്മടെ സൂപ്പർസ്റ്റാർ രജനിസാറിനെ പോലും തോൽപ്പിക്കുന്ന ഡയലോഗ് പെണ്ണുങ്ങളോട് കാച്ചി വിടുന്ന ഞാൻ, അന്നാദ്യമായി എന്റെ തൊണ്ടയിലെ വെള്ളം വരളുന്നത് അറിഞ്ഞു….
“ഞാൻ തന്നോളം… നാളെ ഓഫീസിലോട്ട് വരാം”… ന്ന് ഏതാണ്ടൊക്കെ പറഞ്ഞൊപ്പിച്ചു ഞാൻ സ്റ്റേഷനിൽ നിന്നും പുറത്തു ചാടി… കാറിനടുത്തു നിന്ന് അവളെ മൊത്തത്തിലൊന്നു സ്കാൻ ചെയ്തു….. ആളൊരു കൊച്ചു സുന്ദരി തന്നെ… ഒരു
ചായകൂട്ടുമില്ലാതെ തന്നെ മുഖത്തിന് എന്താ ഭംഗി…. കണ്ണെടുക്കാൻ തോന്നില്ല… നാട്ടിലുള്ള പെൺപിള്ളേരെ മുഴോനും വളക്കാൻ ശ്രമിച്ചിട്ടും , എന്റെ ഈ വളക്കൽ കയ്യിലിരുപ്പിന്റെ ഗുണം കാരണം ഒരൊറ്റ പെണ്ണ് പോലും തിരിഞ്ഞു നോക്കിയില്ല…..
ആ എന്റെ നെഞ്ചിലൊരു ലഡു പൊട്ടാൻ താമസം വല്ലോം ണ്ടോ!!! ഒരഞ്ചാറെണ്ണം ഒരുമിച്ചു പൊട്ടി… ഇവളെ വളച്ചിട്ടു തന്നെ കാര്യം… ഭാര്യയായി ഒരു വക്കീലുണ്ടെങ്കി പിന്നെ എന്ത് കേസ് വന്നാലെന്താ… പേടിക്കണ്ടല്ലോ!!!!!
അല്ലേലും സ്വന്തം സുഹൃത്തിനു വേണ്ടി ഒരു വീട്ടിൽ നിന്നും പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വരുന്നതൊക്കെ അത്ര വലിയ കേസ് ആണോ?? കല്യാണ പന്തലിൽ നിന്നാണെന്ന് മാത്രം… അതൊക്കെ ഒരു സുഹൃത്തിന്റെ കടമയല്ലേ?? ഇതൊക്കെ ഇത്ര വലിയ കേസ് ആക്കാനുണ്ടോ??
അല്ലേലും എന്റെ പേരിലുള്ള കേസുകളൊക്കെ ഇത്രക്കും സിംപിൾ ആണെന്നെ!!! കൂട്ടുകാർക്ക് വേണ്ടി ചങ്ക് പറിച്ചു കൊടുത്തും കൂടെ നിക്കും… അതൊരു തെറ്റാണോ?? അച്ഛനപ്പൂപ്പന്മാരായി നല്ല പോലെ സമ്പാദിച്ചു വെച്ച ഒരു തറവാട്ടിലെ സന്തതിയായി പിറന്നത് എന്റെ തെറ്റാണോ?? പൈസയുള്ളത് കൊണ്ട് അഹങ്കാരമൊന്നും കാണിക്കുന്നില്ലല്ലൊ!!!. ഇടക്കോരോ തല്ലു കേസ്…. അതും കൂട്ടുകാർക്ക് വേണ്ടി… കഴിഞ്ഞാഴ്ച ,എന്റെ കൂടെ എന്നും വാല് പോലെ നടക്കുന്നവന്റെ പെങ്ങളുടെ കൈയിൽ കേറി ഒരുത്തൻ പിടിച്ചു, അത് ചോദിക്കാൻ ചെന്നപ്പോ ഉന്തായി തള്ളായി, അവന്മാരൊന്നു തന്നു, ഞാൻ രണ്ടെണ്ണം തിരിച്ചു കൊടുത്തു… അടിയായി പിടിയായി… അവസാനം അതും കേസ് ആയി… ഇതൊക്കെ പിന്നെ ആൺ പിള്ളേർക്ക് പറഞ്ഞതല്ലേ!!! ഞാനെന്തു ചെയ്താലും കാശുള്ളേന്റെ അഹങ്കാരം ന്നും പറയും…. ശെടാ!! കാശുണ്ടായി പോയത് ന്റെ തെറ്റാണോ!!! അങ്ങിനെ വീട്ടിലും നാട്ടിലും മൊത്തത്തിൽ ഞാനൊരു കച്ചറയായാണ് അറിയപ്പെടുന്നത്….
ഏതായാലും എന്റെ ഭൂമിശാസ്ത്രോം ചരിത്രോം സാമ്പത്തിക ശാസ്ത്രോം ഒക്കെ അറിയാവുന്നവളല്ലേ… ഒന്ന് മുട്ടി നോക്കുക തന്നെ… അല്ല പിന്നെ!! മുട്ടി മുട്ടി ഒരുപാട് ശീലമുള്ളത് കൊണ്ട് ഒരുളുപ്പുമില്ലാതെ കാര്യം അവതരിപ്പിക്കാനും പറ്റും…
മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലോ!!!… പോയാലൊരു വാക്ക്… കിട്ടിയാൽ ഒരു ബംബർ …. അങ്ങിനെ അവളേം കാത്ത് ഞാൻ സ്റ്റേഷന്റെ പുറത്തു പൊരി വെയിലത്ത് നിന്നു… അല്ലേലും ഈ ശുഭകാര്യങ്ങൾ ഒന്നും പിന്നേക്ക് മാറ്റി വെച്ചേക്കരുതെന്നു എന്റെ മലയാളം സാർ പഠിപ്പിച്ചത് എന്റെ ഓർമയിലുണ്ട്… ഞാൻ ഒടുക്കത്തെ ഗുരു ഭക്തിയുള്ളവനാന്നെ!!! അല്ലാണ്ട് നിങ്ങള് വിചാരിക്കുന്ന പോലെ ഒരു കോഴിയായിട്ടൊന്നും അല്ല ട്ടോ!!!
അവള് എന്റെ കേസ് ഒക്കെ സെറ്റിലാക്കി തിരിച്ചിറങ്ങിയപ്പോ ഞാൻ വിനയകുനയാന്വിതനായി( ഇനീപ്പോ അതെന്താന്നു ചോദിക്കണ്ട!!! അടക്കത്തോട് കൂടി ന്നെ ള്ളു?) കാല് കൊണ്ട് ചിത്രം വരച്ചു അവളോട് ചോദിച്ചു …
“കുട്ടി, കുട്ടിക്കാണെങ്കി കാശിന് നല്ല ആവശ്യമുണ്ട്…. എന്റെ കയ്യിലാണെങ്കി അത് അവശ്യത്തിലധികമുണ്ട്…. തനിക്ക് സമ്മതാണെങ്കി എന്റെ പേരിലുള്ളതൊക്കെ തനിക്ക് വേണ്ടി തരാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല…. എന്താന്നറിയില്ല… തന്നെ കണ്ടപ്പോ തന്നെ ഒരു മുൻജന്മ ബന്ധം പോലെ… തനിക്ക് സമ്മതാച്ച തന്നെ ഞാൻ കെട്ടിക്കോളാം ടോ!!!!!”…. പതിവ് ഡയലോഗ് തന്നെ കാച്ചി വിട്ടു….
സ്ഥിരം കിട്ടാറുള്ളത് പോലെ തന്നെ ഒരടിയാണ് പ്രതീക്ഷിച്ചത്….
“വണ്ടിയിലെങ്ങനാ, ഫുൾ ടാങ്ക് ആണോ??”
“എന്ത്??….”
“പെട്രോൾ ഉണ്ടോ ന്ന്??”….
“ഉം!!!” ഞാൻ തലയാട്ടി….
“എന്നാ കേറിക്കോ!!!, ആദ്യം രജിസ്റ്റർ ഓഫീസില് പോയി താൻ പറഞ്ഞത് ചെയ്യാം… പിന്നെ മാര്യേജ് രജിസ്റ്റർ ചെയ്യാം… പിന്നെ നേരെ ഗുരുവായൂർക്ക്… അവിടന്ന് താലി കെട്ടാം… അമ്മേടെ വല്യ ഒരാഗ്രഹം ആണേ?? ആ കീ ഇങ്ങു തന്നേരെ മാഷെ… ഞാൻ ഓടിച്ചോളാം…”
എന്റെ കയ്യില് കറങ്ങിയിരുന്ന കീ എടുത്ത് അവള് വണ്ടി സ്റ്റാർട്ട് ആക്കി… പകച്ചു പോയ ബാല്യവും കൗമാരവും യൗവനുമായി
ഞാനും…. ഇതിപ്പോ ചോദിക്കണ്ടായിരുന്നു എന്നായി… സത്യം പറഞ്ഞ അവൾടെ പേര് പോലും എനിക്കറിയൂല്ല… എന്റെ കളരി പരമ്പര ദൈവങ്ങളെ!!! കാത്തോളണെ ന്നും പറഞ്ഞു ശ്വാസം പിടിച്ചോണ്ട് വണ്ടിയിലിരുന്നു…
കാലമാടത്തി!!! അവള് പറഞ്ഞ പോലെ തന്നെ ചെയ്തു… എന്നെ കൊണ്ട് പോയി രജിസ്റ്റർ ഓഫീസിൽ ചെന്ന് എന്റെ പേരിലുള്ളതൊക്കെ അവൾടെ പേരിലേക്കാക്കി…. പിന്നെ കല്യാണോം കഴിപ്പിച്ചു… മോങ്ങാനിരുന്ന നായേടെ തലേല് തേങ്ങ വീണ പോലെയായി എന്റെ ഒരു അവസ്ഥ….. ഇതിപ്പം ചുമ്മാ വളച്ചു കുപ്പിയിലാക്കാൻ പോയിട്ട് ഞാൻ കുപ്പിയിലായ സ്ഥിതിയായി… ഒരു കാര്യോം ണ്ടായിരുന്നില്ല….. ഇനിയിപ്പോ വീട്ടുകാരോടൊക്കെ എന്തോ പറയും ന്നാലോചിച് നിക്കുമ്പോ ദേ നിക്കുന്നു സ്വാമി സാറും അച്ഛനും അമ്മേം ഒക്കെ…..
വീണ്ടും ഒരടി പ്രതീക്ഷിച്ച എന്നെ നോക്കി കണ്ണിറുക്കി കൊണ്ട് അച്ഛൻ പറഞ്ഞു” നിനക്കൊരു മൂക്കു കയറിടാൻ കുറെ നോക്കി, ഇതെന്റെ പത്തൊൻപതാമത്തെ അടവാണ് മോനെ!!നിന്റെയല്ലേ തന്ത!! അപ്പൊ നിന്നെക്കാളും ബുദ്ധി എനിക്ക് കാണണമല്ലോ……. ഞങ്ങള് കുടുംബകാരൊക്കെ കണ്ട് ഇഷ്ടപ്പെട്ട പെണ്ണാ നിന്റെ മുന്നില് നിക്കുന്നെ…. ഞാനും നിന്റെ അമ്മേം കുറെ തവണ കാല് പിടിച്ചു പറഞ്ഞു പോയി കാണാൻ പറഞ്ഞ അതെ പെണ്ണ്… നിനക്ക് മുന്നില് ഞാനൊരു ചൂണ്ടയിട്ടു… നീ കറക്റ്റ് ആയി വന്നു കൊത്തി….. നിന്റെല് കാശിരുന്നാ നീയത് മുടിക്കും…. അതിനി എന്റെ മരുമോളുടെല് ഭദ്രായിട്ട് ഇരിക്കട്ടെ…. അല്ലെടി മോളെ!!! “….
അതും പറഞ്ഞു അമ്മേം അച്ഛനും കൂടി അവളെ കെട്ടിപിടിച്ചു….
അവരെ നോക്കി പല്ലിറുമ്മിയെങ്കിലും ഉള്ളിൽ ഊറി ചിരിക്കുവായിരുന്നു ഞാൻ… ഞാൻ ഈ ജന്മത്തിലെന്നല്ല അടുത്ത ഒരു ഏഴു ജന്മത്തില് ആഞ്ഞു പിടിച്ചാലും ഇത് പോലൊരു സുന്ദരി കൊച്ചിനെ കിട്ടത്തില്ല.. ഇതിപ്പോ കാശു പോയാലെന്താ അസ്സലൊരു കൊച്ചിനെ കിട്ടിയില്ലേ…. അപ്പൊ പൊട്ടന്മാരായത് ആരാ???…..
അതാലോചിച്ചു നിക്കുമ്പോ അവള് വന്ന് കൈ തന്നിട്ട് ചോദിക്കുവാ
“ഹലോ!! ദീപു!!! ഐ ആം നിയ… ഇങ്ങിനെ കെട്ടേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല മാഷെ… ഒക്കെ അച്ഛന്റെ പ്ലാനാ… ആളൊരു പുലിയാ കേട്ടോ!!! പിന്നെ കേസ് എടുക്കാൻ ഞാനുണ്ടെന്നു വെച്ച് പുതിയ വല്ല കേസും ഉണ്ടാക്കിയാലുണ്ടല്ലോ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണ് മാഷെ ഞാൻ… കാലടിച്ചൊടിച്ചു വീട്ടിലിരുത്തും…. മനസ്സിലായല്ലോ!!! “…..
“ഉം!! മനസ്സിലായി… എല്ലാം മനസ്സിലായി… എന്നെ വീട്ടിലിരുത്താനുള്ള പരിപാടിയാണെന്ന്……”
” മക്കളെ എന്താ ഒരു സ്വകാര്യം പറച്ചില് … ”
“ഞാനൊരു ലോ പോയിന്റ് പറഞ്ഞു കൊടുക്കായിരുന്നു അച്ഛാ!!!!” അവളെന്നെ നോക്കി കണ്ണിറുക്കി കൊണ്ട് ചിരിച്ചു…..
” ഉം…. ശരിക്കും അതെ അച്ഛാ….”
“ഇനിയൊക്കെ വീട്ടില് ചെന്നിട്ട് മതി “… അമ്മേടെ വക കിന്നാരം……
“അപ്പൊ എങ്ങിനാ മാഷെ!! വണ്ടി ഞാൻ എടുക്കണോ അതോ???”…….
“ഞാൻ എടുത്തോളാം…. വെറുതെ മോളുടെ കരാട്ടെ ഒക്കെ പുറത്തെടുക്കുന്നത് എന്തിനാ ലെ”……
“എന്നാ പിന്നെ ഫുൾ ടാങ്കടിച്ചേക്കാം ലെ…. നേരെ മണാലിക്ക് വിട്ടാലോ ഹണിമൂണിന്!!!!…. അവളെന്റെ കവിളിലൊരു നുള്ളു നുള്ളി ചോദിച്ചപ്പോ തോന്നി ഇനിയിപ്പോ അടങ്ങിയൊതുങ്ങി ജീവിച്ചാലെന്താ കൂട്ടിനൊരു അടിപൊളി ഭാര്യയുണ്ടല്ലോ…. ഇക്കണ്ട കളിയൊക്കെ കളിച്ചത് ഒരു പെണ്ണിനെ വളക്കാനാ….
ഇതിപ്പോ ഒന്നും ചെയ്യാതെ ഒരു സൂപ്പർ ഭാര്യെ കിട്ടി… അല്ലേലും ദൈവം കരുണയുള്ളവനാ…… അമ്മേടേം അച്ഛന്റേം കാറിനെ പിന്നിലാക്കി ഞങ്ങളങ്ങു കുതിച്ചു മണാലിയിലോട്ട്….. മൂക്കുകയറിടാൻ ഒരടിപൊളി പെണ്ണുണ്ടെങ്കി ജീവിതം ജിങ്കാലാല…..