സ്നേഹനിധി

നിളയിലെ പവിത്ര ജലത്തില്‍ മുങ്ങി നിവര്‍ന്നീറനായി മനസ്സിനേയും ശരീരത്തിനെയും ശുദ്ധമാക്കി ഈ കല്‍പ്പടവുകളിലിരിയ്ക്കുമ്പോള്‍ കണ്‍മുന്നിലിപ്പോഴും അച്ഛനാണ്.. ആ ഗൌരവം നിറഞ്ഞ പുഞ്ചിരി !

വല്ലപ്പോഴും വിരുന്നുവരുന്ന അതിഥിമാത്രമായിരുന്നൂ ഞങ്ങള്‍ക്കച്ഛന്‍. ജീവിത പ്രാരാബ്ദങ്ങള്‍ക്കൊണ്ട് കടലുകടക്കേണ്ടി വന്ന… ജിവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാനുള്ള നെട്ടോട്ടത്തില്‍ ജീവിതത്തിന്‍റെ നിറങ്ങളാസ്വദിയ്ക്കുവാന്‍ കഴിയാതെ പോയൊരു സാധു മനുഷ്യ ജന്മം.

അച്ഛനും അമ്മയ്ക്കും ഏട്ടനുമൊപ്പം തണലെന്ന സ്വര്‍ഗ്ഗഭവനത്തിലേയ്ക്ക് താമസം മാറുമ്പോഴെനിയ്ക്ക് ഓര്‍മ വെച്ചിട്ടില്ല. ഓര്‍മകളിലേയ്ക്ക് പിച്ച വെച്ച നാളുകളില്‍ അച്ഛനെ കണ്ടതുമില്ല.

എന്നേം ഉണ്ണ്യേട്ടനേം നല്ലപോലെ പഠിപ്പിയ്ക്കാന്‍ നല്ലപോലെ വളര്‍ത്താനുമൊക്കെയുള്ള സ്വപ്നങ്ങളുമായി മണലാരണ്യത്തില്‍ സ്വയം ഉരുകി തീരുകയായിരുന്നച്ഛന്‍.

അച്ഛനെ കാണാനായി വാശിപ്പിടിച്ച നാളുകളിലമ്മയെടുത്തു തന്ന ഫോട്ടോ നെഞ്ചോട് ചേര്‍ത്തുറങ്ങിയപ്പോള്‍ അച്ഛന്‍റെ നെഞ്ചിലെ ചൂടേറ്റുറങ്ങിയതുപോലെ…

ലോകത്തിന്‍റെ രണ്ടുകോണിലുള്ളവരെ വിരല്‍ത്തുമ്പിലൂടെ അടുത്തെത്തിയ്ക്കുന്ന മൊബൈല്‍ഫോണ്‍ കേട്ടറിഞ്ഞ വസ്തുതമാത്രമായിരുന്ന കാലം…

അച്ഛന്‍റെ കത്തും കൊണ്ടുവരുന്ന പോസ്റ്റ്‌മാനേയും കാത്തുള്ള വാരാന്ത്യങ്ങളിലെ ഉമ്മറപ്പടിയിന്മേലുള്ള കാത്തിരിപ്പ് അക്ഷരത്തെയറിഞ്ഞ നാള്‍ മുതല്‍ക്ക് തുടങ്ങിയതാണ്‌.

അക്ഷരങ്ങളിലൂടെയാണ് അച്ഛനെ അടുത്തറിഞ്ഞത്.. സംവദിച്ചത്..കൂട്ടുകൂടിയത്.. പിണങ്ങിയത്.. ഇണങ്ങിയത്..

കൂടെയുള്ളവര്‍ നാട്ടിലേയ്ക്ക് വരുമ്പോള്‍ അയച്ചുതന്ന ആപ്പിളിന്‍റെയും സ്ട്രോബറിയുടെയും മണമുള്ള പെന്‍സിലിന്‍റെയും ചോക്ലേറ്റ് നിറച്ച ഗള്‍ഫ് മിട്ടായിയുടെയും സ്ഥാനത്ത് അച്ഛനൊന്ന് വന്നിരുന്നെങ്കിലെന്നാഗ്രഹിച്ച് വിദൂരതയിലേയ്ക്ക് കണ്ണുകളയച്ച് കാത്തിരുന്ന നാളുകളുണ്ട്.

കാവിലെ ഉത്സവത്തിന് ചുവന്ന പട്ടുപാവടയുടുത്ത് കണ്ണെഴുതി പൊട്ടുംതൊട്ട് അച്ഛന്‍റെ വലം കയ്യില്‍ തൂങ്ങി നടക്കണമെന്നും…

തമിഴ് കലര്‍ന്ന മലയാളം വിക്കി വിക്കി പറയുന്ന ബലൂണ്‍ ഏട്ടന്‍റെ കയ്യില്‍ നിന്ന് പച്ച പുള്ളികളുള്ള വെളുത്ത ബലൂണും വാങ്ങി കൂട്ടുക്കാരെയൊക്കെ കാണിക്കണമെന്നും ആഗ്രഹിച്ചിട്ടുണ്ട്…

വെറുതേയെങ്കിലും സ്വപ്നം കണ്ടിട്ടുണ്ട്.. കൂട്ടുക്കാര്‍ അവരുടെ അച്ഛനോടൊപ്പം പോകുന്നത് കാണുന്ന നേരം.

തിരിച്ചുവരാനുള്ള നാളുപറഞ്ഞതുമുതല്‍ ആ നാളെത്തുംവരെ ആകാംഷയോടെ കാത്തിരുന്നതും.. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തേയ്ക്കിറങ്ങുന്ന അച്ഛന്‍റടുക്കലേയ്ക്ക് ഓടിയെത്തുമ്പോള്‍ ഇരുകയ്യാലെ കോരിയെടുത്തതും…

തിരികെ മടങ്ങും വരെ അമ്മയുടെ ശിക്ഷണത്തില്‍ നിന്ന് കാത്തുസൂക്ഷിച്ചതും ഞങ്ങളുടെ കുറുമ്പുകളോടൊത്തുകൂടിയതും..

അവസാനമാനാളില്‍ ചില്ലുവാതിലിനപ്പുറത്തേയ്ക്ക് കടക്കുന്നതിനുമുന്‍പ്‌ കവിളുകടിച്ചെടുത്തുക്കൊണ്ടുമ്മ തന്നതും തിരികെ വീട്ടിലേയ്ക്കുള്ള യാത്രയിലുടനീളം കരഞ്ഞതും ഇന്നലെ കഴിഞ്ഞ പോലെ…

മരംകേറി പെണ്ണില്‍ നിന്നും പക്വതയിലേയ്ക്കുള്ള ആ വലിയ മാറ്റം കുഞ്ഞിക്കല്ല്യാണമായാഘോഷിച്ചപ്പോഴും അച്ഛനെത്താന്‍ കഴിയാതെ പോയി..

കാലചക്രം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ കറങ്ങിക്കൊണ്ടേ ഇരുന്നു. ഒടുവില്‍..

ജന്മനാട്ടില്‍ വിശ്രമജീവിതം നയിക്കുവനായി മണലാരണ്യത്തിനോട് എന്നന്നേയ്ക്കുമായി വിടപറഞ്ഞെത്തിയ നാള്‍ അച്ഛനാഗ്രഹിച്ചതുപോലെ സ്വീകരിച്ചു..

ഗള്‍ഫിലേയ്ക്ക് തിരികെ പോകാന്‍ നേരം ചിണുങ്ങിക്കരഞ്ഞ ഞാന്‍ സര്‍ക്കാര്‍ സ്കൂള്‍ ടീച്ചര്‍ കീര്‍ത്തന മോഹനായും..

പരിഭവം കാണിച്ചകലെ മാറി നിന്ന ഉണ്ണ്യേട്ടന്‍ എ എസ് പി കാര്‍ത്തിക് മോഹന്‍ ഐ പി എസ് ആയും…

മണലാരണ്യത്തിലെ ചൂടുപേക്ഷിച്ച് ജന്മനാടിന്‍റെ കുളിര്‍ക്കാറ്റച്ഛനേറ്റത് ഞങ്ങളിരുവര്‍ക്കും നല്ലൊരു ജിവിതം സമ്മാനിച്ച ശേഷം മാത്രം…

പിന്നീടങ്ങോട്ട് സന്തോഷങ്ങളുടെ നാളായിരുന്നു.. ബാല്യത്തിന്‍റെ ഓരോ യാമങ്ങളിലും കണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളും ഓരോന്നായി പൂവണിഞ്ഞു..

ആയിടയ്ക്ക് വിവാഹലോച്ചനുമായി വന്ന ബ്രോക്കറോട് ഗള്‍ഫ്ക്കാരന്‍ വേണ്ടെന്ന് പറഞ്ഞത് പ്രവാസചൂട് നല്ലപോലെ അറിഞ്ഞതിനാലാകണം..

ആകാശത്തിലെ നക്ഷത്രങ്ങള്‍ വിവാഹങ്ങളോരോന്നോരോന്നായി മുടക്കിയപ്പോഴും സങ്കടത്തേക്കാളേറെ സന്തോഷമായിരുന്നു.. അച്ഛനെ വിട്ടടുത്തൊന്നും പിരിയേണ്ടല്ലോയെന്ന ആശ്വാസമായിരുന്നു.

അച്ഛന്‍റെ പുന്നാരയായങ്ങനെ കഴിയുന്ന കാലത്താണ് ഉണ്ണ്യേട്ടന്‍റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അഭിഷേക് എന്നെ കാണുന്നതും.. ആലോചനയുമായെത്തുന്നതും…