നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് 1

നഷ്ടപ്രണയത്തിന്റെ ഓർമയ്ക്ക് 1
Nashtta pranayathinte oormakku Part 1 | Writter by Admirer

ഏഴാം ക്ലാസ്സിലേക്കാണ് ഞാൻ ആ പള്ളിക്കൂടത്തിൽ ആദ്യം വന്നുചേർന്നത്. അതിനുമുൻപ്‌ വരെ തലസ്ഥാനനഗരിയിലെ ഏറ്റവും പേരുള്ള പള്ളിക്കൂടത്തിൽ ആണ് പഠിച്ചത്. അച്ഛന്റെയും അമ്മയുടേയും ജോലിത്തിരക്കുകളിൽ നാട് എന്നും എനിക്ക് അന്യമായിരുന്നു.

അച്ഛന്റെയും അമ്മയുടെയും അകാല വിയോഗം കൂടി ആയപ്പോൾ ഞാനും എന്റെ പേര് ശ്രീരാഗ്, അനുജത്തി ശ്രീലേഖയും വല്യച്ഛന്റെ വീട്ടിലെ അന്തേവാസികളായി.

റാന്നി എന്ന കൊച്ചു സുന്ദരിയായിരുന്നു വല്യച്ഛന്റെ നാട്. അവിടുത്തെ പുതിയ ജീവിതം ഞങ്ങൾക്ക് ഏറെ ആശ്വാസമേകുന്നതായിരുന്നു. വല്യച്ചന്റെയും വല്യമ്മയുടെയും സ്നേഹത്തിൽ ഞങ്ങളുടെ മാതാപിതാക്കളുടെ വിയോഗ ദുഃഖം ഞങ്ങൾ മറന്നു. വല്യച്ഛന് രണ്ടു മക്കൾ, രതീഷ് ചേട്ടനും രമച്ചേച്ചിയും. രണ്ടുപേർക്കും ഞങ്ങളെ വലിയ കാര്യമാണ്.

അങ്ങനെ ഞങ്ങളുടെ സ്കൂൾ ജീവിതം ആരംഭിച്ചു. പുതിയ പള്ളിക്കൂടം, പുതിയ കൂട്ടുകാർ തലസ്ഥാനനഗരിയിൽ പത്രാസുള്ള പള്ളിക്കൂടങ്ങളിലേക്കാളും സ്നേഹം നിറഞ്ഞ അധ്യാപികാധ്യാപകർ. എന്തോ മനസിന് ഒരുപാടു സന്തോഷം തോന്നി. അനുജത്തി അഞ്ചാം ക്ലാസ്സിലാണ്, ഞാൻ ഏഴിലും. രണ്ടു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ എങ്കിലും അവൾ എനിക്കെന്റെ മകളെപ്പോലെയാണ്.

അങ്ങനെ ആദ്യനാളുകൾ അടിപൊളിയായി കടന്നുപോയി. പഠിത്തവും കളിയുമായി നാളുകൾ കടന്നുപോയി. ഒരു ദിവസം കള്ളനും പോലീസും കളിക്കുന്നതിനിടയിലുള്ള ഓട്ടത്തിലാണ് ഞാൻ ഒരു പെൺകുട്ടിയെ ഇടിച്ചിടുന്നത്. എന്റെ അതെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് മോനിഷ. ആള് നല്ലൊരു കലാകാരിയാണ് കേട്ടോ… അങ്ങനെ അവളുടെ പേര് ചേർത്ത് കൂട്ടുകാർ കളിയാക്കാനും തുടങ്ങി പക്ഷെ എനിക്ക് പ്രേമം പഞ്ചാരയടി അങ്ങനെ ഒരു വികാരവും ഇല്ലായിരുന്നു. പക്ഷെ മറ്റുള്ളവർക്കുവേണ്ടി ഹംസത്തിന്റെ പണി ഒരുപാടു ചെയ്തിട്ടുമുണ്ട്.

അങ്ങനെ കലോത്സവം ഞങളുടെ സ്കൂളിൽ തുടങ്ങുന്നതായി അറിയിപ്പ് വന്നു. രണ്ടുദിവസത്തെ പരിപാടിയാണ് ഉദ്ദേശിക്കുന്നത്. കുട്ടികളുടെ പങ്കെടുക്കുന്നതനുസരിച്ചു സമയം നീളുകയോ ചുരുങ്ങുകയോ ചെയ്യും.

ഞങ്ങളുടെ ക്ലാസ്സ്‌ടീച്ചർ സുഷമ ടീച്ചർ ഒരു നിബന്ധന വച്ചു. 32 കുട്ടികളുള്ള ഞങ്ങളുടെ ക്ലാസ്സിൽ നിന്നും കുറഞ്ഞത് 12 പേരെങ്കിലും പങ്കെടുക്കണം.അങ്ങനെ ഞാനും നിർബന്ധിതനായി. മിമിക്രിയും പാട്ടും കഥാപ്രസംഗവും പദ്യപാരായണവും എന്നുവേണ്ട സകലമാനപരിപാടിക്കും എന്റെ പേരും എഴുതപ്പെട്ടു. ഭാഗ്യം ഡാൻസ് കളിക്കാനറിയാത്തതുകൊണ്ടു അതിൽ നിന്ന് ഒഴിവാക്കപ്പെട്ടു. അതിനും പരമാവധി ടീച്ചർ പരിശ്രമിച്ചു നോക്കി… പക്ഷെ ഞാനൊരു മമ്മൂട്ടീ ആരാധകനാണേയ്….

എന്തായാലും കലോൽത്സവം കഴിഞ്ഞതോടെ ഞാൻ ആ പള്ളിക്കൂടത്തിൽ അറിയപ്പെടുന്ന കലാകാരനായി. കലാപ്രതിഭ പട്ടം എനിക്ക് കിട്ടി…. വളരെ പെട്ടെന്ന് തന്നെ എല്ലാവരുടെയും കണ്ണിലുണ്ണിയായി മാറുകയും ചെയ്തു. വാർഷികപരീക്ഷ കഴിഞ്ഞു പള്ളിക്കൂടം അടച്ചു. ഞങ്ങൾ മധ്യവേനൽ അവധി ശരിക്കും ആഘോഷിച്ചു.

അവധികഴിഞ്ഞു പുതിയ അധ്യയനവര്ഷം സമാഗതമായി. മഴയുടെ അകമ്പടിയോടെ പുതിയ ക്ലാസും പാഠപുസ്തകങ്ങളും അറിവുകളുമായി നടക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പ്. സ്കൂൾ ലീഡർ ക്ലാസ് ലീഡർ മോണിറ്റർ തുടങ്ങിയ തസ്കിതകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ക്ലാസ്സ്‌ലീഡർ സ്ഥാനത്തേക്ക് ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു, തുടർന്ന് സ്കൂൾലീഡർ സ്ഥാനത്തേക്കും. പിന്നെ അവിടെ എന്റെ തേർവാഴ്ചയായിരുന്നു.

അങ്ങനെ ആ അധ്യയന വർഷവും കൊഴിഞ്ഞു, ആ അവധിക്കായിരുന്നു രമച്ചേച്ചിയുടെ കല്യാണം. അളിയൻ ബാങ്ക് മാനേജർ ആണ്. അങ്ങനെ ചേച്ചി കല്യാണം കഴിച്ചു പോയപ്പോൾ മുതൽ മനസിനെന്തോ ഒരു വേദന.. നാളെ എന്റെ ലേഖയെയും ഞാൻ പിരിയേണ്ടി വരുമല്ലോ എന്ന്  ഓർത്തതുകൊണ്ടായിരുന്നു അത്. മെല്ലെ മെല്ലെ മനസിനെ പാകപ്പെടുത്തിയെടുത്തു ഞാൻ.

അടുത്ത അധ്യയനവർഷം ഒൻപതാം ക്ലാസ്സിൽ എനിക്ക് ട്യൂഷൻ ഏർപ്പെടുത്തിയിട്ടുണ്ട് വല്യച്ഛൻ. രാവിലെ 7.30 നു ട്യൂഷൻ. അങ്ങനെ ഞാന് ട്യൂഷൻക്ലാസ്സിൽ പോയിത്തുടങ്ങി. രാവിലെ ക്ലാസ് കഴിഞ്ഞു മഴച്ചാറ്റൽ നനഞ്ഞ് സ്കൂളിലേക്ക് പോകുമ്പോഴാണ് പുറകിൽ നിന്നൊരു ശബ്ദം “എസ്ക്യൂസ്‌ മി, ഇത്തിരി സൈഡ് തരാവോ??” ഞാൻ തിരിഞ്ഞു നോക്കി കരിമഷി നീട്ടിയെഴുതിയ കണ്ണുകളുള്ള ഒരു ശാലീന സുന്ദരി, ഞാൻ വഴിമാറിക്കൊടുത്തു ചന്ദനത്തിന്റെ സുഗന്ധം വിതറി അവൾ ഓടിപ്പോകുമ്പോൾ നീളന്മുടി അവളുടെ നിതംബത്തിൽ തട്ടിക്കളിച്ചുകൊണ്ടിരുന്നു. ആരാണവൾ….?? ഞാൻ എന്നോട് തന്നെ ചോദിച്ചു….

എന്റെ അന്തംവിട്ട നോട്ടം കണ്ടിട്ടാവും എന്റെ കൂട്ടുകാരൻ മനീഷ് എന്നോട് പറഞ്ഞത്: “അധികം വെള്ളമിറക്കേണ്ട.. അതൊരു നമ്പൂതിരിക്കുട്ടിയാണ്, അച്ഛനും ആങ്ങളമാരുംകൂടെ നിന്റെ നെഞ്ചത്ത് പൊങ്കാലയിടും”.  അവനെ നോക്കി ഒരു വളിച്ച ചിരിയും ചിരിച്ചു ഞാൻ ക്ലാസിലേക്കു നടന്നു… അപ്പോഴും മഴ ചാറിക്കൊണ്ടിരുന്നു…. എന്റെ മനസിലും….

അവൾ ആരാണെന്നറിയാൻ എന്റെ മനസ് കൊതിച്ചുകൊണ്ടിരുന്നു. മനുവിനോട് (മനീഷിനെ അങ്ങനെയാണ് ഞങ്ങൾ വിളിക്കാറ്‌) ചോദിയ്ക്കാൻ ഒരു മടി… ആ തെണ്ടി പാട്ടാക്കിയാലോ…. ഇതുവരെ ഉണ്ടാക്കിയെടുത്ത സൽപ്പേര് അവൻ ഒറ്റ നിമിഷം കൊണ്ട് അരച്ച് കടുക് വറക്കും. പിന്നെയെന്താണൊരു വഴി…… ഞാൻ എന്നോട് തന്നെ ചോദിച്ചു….

അടുത്ത ദിവസം പതിവിലും സന്തോഷത്തോടെയാണ് ഞാൻ ട്യൂഷന് എത്തിയതി… കുറുക്കുവഴി ഇറങ്ങി റോഡ് ക്രോസ്സ് ചെയ്തു ട്യൂഷൻ സെന്ററിലേക്കു നടക്കുമ്പോൾ വീണ്ടും ആ പഴയ വിളി… “എസ്ക്യൂസ്‌ മി…” ഞാൻ തിരിഞ്ഞു നോക്കി… അതവളാണ്… അതെ… അവൾ എന്റെ അടുത്തേക്ക് പതുക്കെ നടന്നടുക്കുന്നു. ചെറിയ ഒരു കുളികാറ്റുവീശി മഴ പൊടിഞ്ഞു തുടങ്ങി.

അവൾ അരികിലെത്തി ചോദിച്ചു…”ഇന്നലെ കണ്ടപ്പോൾ ചോദിക്കാൻ പറ്റീല്യട്ടോ, പേര് ശ്രീരാഗ് ആണെന്നറിയാം. എവിടെയാ ഇതിനുമുൻപ് പഠിച്ചത്..???.. ആകെ അന്തംവിട്ട നിന്ന ഞാൻ ഒന്ന് പരുങ്ങി, ഒരു അന്യ പെൺകുട്ടിയോട് അതും മനസ്സിൽ എന്തോ ഒന്ന് തോന്നിയ കുട്ടിയോട് സംസാരിക്കുന്നതു ആദ്യമായിട്ടാണ്. “എന്റെ… ഞാൻ…എന്നെ എങ്ങനെ അറിയാം..?? ” ഞാൻ ചോദിച്ചു. “വെളിച്ചപ്പാടിനെ എല്ലാവര്ക്കും അറിയാം, വെളിച്ചപ്പാടിന് ആരെയും അറിയില്ലല്ലോ അല്ലെ..??, സ്കൂളിലെ സകലകലാവല്ലഭനെ അറിയാത്തവർ ആരെങ്കിലുമുണ്ടോ…” അവളെന്നെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞപ്പോൾ എന്തോ വളരെ സന്തോഷം തോന്നി….

എങ്കിലും കളിയാക്കേണ്ട എന്ന് പറഞ്ഞു ഞാൻ നടക്കാൻ തുടങ്ങി.  “ഞാൻ 9C യിലാണ്, ഇയാള് 9A യിൽ അല്ലെ..എനിക്കറിയാം.. ട്യൂഷൻ ക്ലാസ്സിൽ വച്ച് എന്നെ കണ്ടിട്ടില്ലേ…?? നമ്മൾ ഒരേ ക്ലാസ്സിൽ ആണ്?? എന്ന് പറഞ്ഞുകൊണ്ട് എന്റെയൊപ്പം നടക്കാൻ തുടങ്ങി… ഇവളിതെല്ലാം അറിഞ്ഞു വച്ചിരിക്കുകയാണോ…?? ഒരേ ക്ലാസ്സിൽ പഠിച്ചിട്ടും എന്തെ ഞാൻ കണ്ടില്ല… എന്നൊക്കെ ചിന്തിച്ചുകൊണ്ട് ഞാൻ നടന്നു…

രണ്ടുമൂന്നു മിനിറ്റ് നടക്കണം ട്യൂഷൻ സെന്ററിലേക്ക്… അവൾ വായ് തോരാതെ എന്തൊക്കയോ പറയുന്നുണ്ട്.. പക്ഷെ ഒനിന്നും ഞാൻ മറുപടി പറഞ്ഞില്ല…. പെട്ടെന്ന് ചിന്തയിൽ നിന്ന് ഉണർന്ന ഞാൻ ചോദിച്ചു… “നല്ലയാളാ.. ഇങ്ങോട്ടു വന്നു എന്നെ പരിചയപ്പെട്ടു പേര് പറഞ്ഞില്ലാലോ”.. അവൾ മുഖമുയർത്തി എന്നെ നോക്കിയിട്ടു ഒരു ചെറിയ ചമ്മലോടെ പറഞ്ഞു… “സോറി ഞാൻ.. എന്റെ പേര് അർച്ചന, അർച്ചന നമ്പൂതിരി”. “നമ്പൂതിരി അച്ഛനാണോ..??” എന്റെ ചോദ്യത്തിന് അതെ സ്പീഡിൽ തന്നെ അവള് പറഞ്ഞു… “ഭയങ്കര തമാശക്കാരനാണെന്നു തോന്നുന്നല്ലോ..” അങ്ങനെ ഞങ്ങൾ ട്യൂഷൻ സെന്ററിലേക്ക് എത്തി.. ഞങ്ങളുടെ വരവ് നോക്കി വായിനോക്കി മനു അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

എടാ കോപ്പേ.. നീ ഇവളെ വളച്ചോ…?? എന്ന് അതിശയത്തോടെ ചോദിക്കുന്ന മനുവിന്റെ മുഖം നടപ്പോൾ ചിരിയാണ് വന്നത്…. ദൈവമേ ഒരു പെണ്ണിന്റെ കൂടെ നടന്നു വന്നാൽ ഉടനെ വളയുമോ..???

അവളെന്നെ പരിചയപ്പെടാൻ വന്നതാടാ… ഞാൻ പറഞ്ഞു…

പിന്നേ പരിചയപ്പെടാൻ നീ കൊച്ചി രാജാവിന്റെ കൊച്ചുമോനല്ലേ…. അവൻ എന്നെ കളിയാക്കി….

പിന്നീടുള്ള ദിനങ്ങളിൽ പഠിക്കാൻ പോകുന്നത് ശരിക്കും അവളെ കാണാൻ മാത്രമായിരുന്നു… ഒരു ദിവസവും അവധി എടുക്കാതെ ഞാൻ ദിവസവും ഈ പ്രക്രിയ തുടർന്നുകൊണ്ടിരുന്നു.. ശനിയും ഞായറും ഓരോ നിമിഷവും യുഗം പോലെ തള്ളി നീക്കി…

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങളുടെ ക്ലാസ് ടീച്ചർ പ്രസവാവധിക്കു പോയി… ഞങ്ങൾക്ക് അവളുടെ ക്ലാസ്സിലേക്ക് പോയിരിക്കേണ്ടി വന്നു.. ദിവസവും അവളുടെ നോട്ടവും സംസാരവും എന്നെ അവളിലേക്ക്‌ കൂടുതൽ അടുപ്പിച്ചു…

പക്ഷെ എന്തുകൊണ്ടോ ഒരിക്കൽ പോലും അത് അവളോട് തുറന്നു പറയാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് ഞാൻ മനുവിന്റെ സഹായം തേടിയത്. അവന്റെ വീടിനടുത്തുള്ള ഒരു കുട്ടി അവളുടെ ക്ലാസിലുണ്ട്. അവൾ വഴി അച്ചുവിനെ കാര്യങ്ങൾ അറിയിക്കാമെന്ന് അവൻ വാക്കും തന്നു…. മനസ്സിൽ അവളുടെ ഉത്തരം എന്താണെന്ന് അറിയാനുള്ള ആകാംഷയുമായി ഞാൻ അവനോടു നന്ദി പറഞ്ഞു വീട്ടിലേക്കു പോയി….

അടുത്ത രണ്ടു മൂന്നു ദിവസം ഞാൻ സ്കൂളിൽ പോയില്ല… അളിയനും രമചേച്ചിയും വന്നിട്ടുണ്ട്.. ചേച്ചിക്ക് വിശേഷമുണ്ടത്രേ.. അതിന്റെ ആഘോഷം കാരണമാണ് എനിക്കും ലേഖയ്ക്കും അവധി… അവധി കഴിഞ്ഞു ഞാൻ സ്കൂളിൽ പോകാൻ തുടങ്ങി.. പതിവില്ലാത്ത എന്തോ ഒരു ആകുലത എന്റെ മനസിനെ ബാധിച്ചിരുന്നു…. രാവിലെ ട്യൂഷൻ സെന്ററിയിലേക്ക് ചെന്ന് കയറിയ ഞാൻ ഒന്ന് ഞെട്ടി… മനീഷിന്റെ തോളിൽ തല വച്ചിരിക്കുന്ന അർച്ചന…. എന്നെ കണ്ടതും അവൾ പെട്ടെന്ന് എഴുന്നേറ്റു ഒന്ന് ചിരിച്ചു…. പക്ഷെ ആയിരം അണുബോംബുകൾ ഒന്നിച്ചു പൊട്ടിയ ഒരുതരം വികാരമായിരുന്നു എന്റെ തലയിലും നെഞ്ചിലും… ശ്വാസം എടുക്കാൻ പോലും നന്നേ പ്രയാസപ്പെടുന്നപോലെ ഒരു തോന്നൽ.. നെഞ്ചിനു നടുവിലായി എടുത്താൽപൊങ്ങാത്ത കട്ടിയുള്ള എന്തോ വന്നിരിക്കുന്നതുപോലെ…. ഒരുതരത്തിൽ ഞാൻ എന്റെ ബെഞ്ചിൽ ഇരുന്നു… ചുറ്റുമുള്ള കൂട്ടുകാരൊക്കെ എന്തോ പറയുന്നുണ്ട്.. പക്ഷെ ഒന്നും എനിക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. ആരോടും മിണ്ടാതെ അന്നത്തെ ക്ലാസ് കഴിഞ്ഞു ഞാൻ വീട്ടിലേക്കെത്തി… വളരെ മൂകനായിരിക്കുന്ന എന്റെ അടുത്തേക്ക് രമചേച്ചിയും അളിയനും വന്നു…”എന്തുപറ്റി ശ്രീക്കുട്ടാ..??” അളിയൻ ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന എന്റെ മറുപടി അവർക്കു തൃപ്തികരമല്ലായിരുന്നു…

അന്ന് വൈകിട്ട് ലേഖ പതിവില്ലാത്ത കിന്നാരവുമായി എന്റെ അടുത്തുകൂടി… “ഏട്ടാ… ഏട്ടന് വല്ല ലൈനും ഉണ്ടോ..?? “. അവളുടോ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി.. എങ്കിലും ഇത്തിരി ദേഷ്യപ്പെട്ടു ഞാൻ അവളോട് പറഞ്ഞു… ” ബെസ്റ് പ്രേമിക്കാൻ പറ്റിയ സാഹചര്യം… നിനക്കൊക്കെ ഇതേയുള്ളോ മനസ്സിൽ… ഇനി കൂടുതൽ കിന്നരിച്ചാൽ തലമണ്ടയടിച്ചു പൊട്ടിക്കും ഞാൻ”. മനീഷിനോടുള്ള എന്റെ ദേഷ്യം മുഴുവൻ വാക്കുകളിലൂടെ ഒരു മഴയായി അവളിയൂലേക്കു പെയ്തൊഴിഞ്ഞു… മനസ് ഇത്തിരി ശാന്തമായപ്പോൾ എനിക്ക് കുറ്റബോധം തോന്നി.. “എന്റെ കുഞ്ഞനുജത്തി.. അവൾ എന്ത് തെറ്റ് ചെയ്തിട്ടാണ് ഞാൻ അവളോട്…”. എന്റെ മനസ് നീറാൻ തുടങ്ങി… അവളെ തിരക്കി ഞങ്ങളുടെ റൂമിൽ എത്തിയപ്പോൾ അവളിരുന്ന് കരയുന്നതാണ് കണ്ടത്… അത് എന്നെ കൂടുതൽ വിഷമത്തിലാക്കി….

“മോളേ…” ഞാൻ പതുക്കെ വിളിച്ചു…. അവൾ മുഖമുയർത്തി എന്നെ നോക്കി… ആ കണ്ണിൽ നിന്നും വജ്രമുത്തുകൾ പോലെ കണ്ണുനീർ ഉരുണ്ടു വീണു… “മോള് ഈ ഏട്ടനോട് ക്ഷമിക്ക്…” ഞാൻ എന്റെ പ്രശ്നങ്ങൾ മുഴുവൻ അവളോട് പറഞ്ഞു… അവളുടെ സങ്കടം പതിയെ ഇല്ലാതായി…

ആ അധ്യയന വര്ഷം തീരാറായപ്പോഴേക്കും ചേച്ചി ഒരു ആൺകുഞ്ഞിന് ജന്മം കൊടുത്തു. അവന്റെ ചുറ്റിലുമായി പിന്നെ എന്റെയും ലേഖയുടെയും ഒഴിവുസമയങ്ങൾ…

പത്താം ക്ലാസ്സിലെ സ്പെഷ്യൽ ക്ലാസ് തുടങ്ങി.. അർച്ചന എന്റെ ഡിവിഷനിൽ വന്നു.. കൂടെ കുറെ പഠിപ്പിസ്റ് കുട്ടികളും.. ഞങ്ങളെല്ലാം ഏഴാം ക്ലാസ്സിൽ ഒരേ ക്ലാസ്സിലായിരുന്നു.. മോനിഷ, ശ്രീനന്ദ, ശരണ്യ, ഷൈനി, ജിഷ, സിമി അങ്ങനെ കുറെയെണ്ണം… പിന്നീട് ഈ പെൺകുട്ടികളെ ഒക്കെ ശ്രദ്ധിക്കുന്നത് ഇപ്പോഴാണ്…. കൂട്ടത്തിൽ ഏറ്റവുംമി ക്യൂട്ട് സിമി. ഒരു സിനിമ നടിയെപ്പോലെ.. പഠിക്കാനും മിടുക്കിയാണ്.. ആ സ്കൂളിൽ എന്നെ എടാ എന്നുവിളിക്കാനുള്ള സ്വന്തന്ത്ര്യവും ധൈര്യവും അവൾക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ബേബി ശാലിനി സ്റ്റൈലിൽ ഉള്ള അവളുടെ ഹെയർ സ്റ്റൈൽ അവളെ ഒന്നുകൂടി ക്യൂട്ട് ആക്കുന്നതായി തോന്നി…”എന്താടാ പൊട്ടാ വായിനോക്കിയിരിക്കുന്നതു..??” അവളുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ചിരിച്ചു… “ഓ.. ഒന്നുമില്ലെടീ.. നിന്നെയൊക്കെ ഈ വര്ഷം കൂടയല്ലേ കാണാൻ പറ്റൂ… പിരിയറായപ്പോഴേക്കും നീയങ്ങു സുന്ദരി ആയല്ലോടീ… നേരത്തെ നിന്നെ പരിഗണിക്കേണ്ടതായിരുന്നു.  ഹാ എല്ലാം വിധി…”. എന്റെ വാക്കുകൾ അവളിൽ എന്ത് വികാരം ഉണർത്തി എന്നറിയില്ല. നാണത്തോടെ ഒരു ചെറിയ പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി…

അവളുടെ പുറകിലത്തെ ബഞ്ചിൽ ഇരിക്കുന്ന ശാലീന സൗന്ദര്യമുള്ള കുട്ടിയാണ് ശ്രീനന്ദ.  സ്കൂളിൽ നിന്നും പത്തുമിനിറ്റ് നടക്കാനുള്ള ദൂരമേ അവളുടെ വീട്ടിലേക്കുളളൂ.

ഈ ശ്രീനന്ദ ഇടയ്ക്കിടെ ലേഖയുടെ അടുത്ത് വരാറുണ്ട്.. അതുകൊണ്ടു തന്നെ അവളെ വായിനോക്കാൻ ഞാൻ പോകാറേ ഇല്ല… അവളുടെ ഒരു ഏട്ടൻ ഉണ്ട്.. അദ്ദേഹവും ഞങ്ങളുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.

ശരണ്യ, ജിഷ & ഷൈനി ഇവര് മൂന്നുത്രിമൂർത്തിനികൾ ആണ്… ഒന്നിനെ പിരിഞ്ഞു മറ്റൊന്നിനെ കണ്ടിട്ടേയില്ല… എല്ലാവരും കൂടി നല്ല മേളം… ആൺകുട്ടികളിൽ രതീഷ്, രഞ്ജിത്ത്, വിപിൻ, സനീഷ്, ശ്രീജിത്ത്, ബിനു, ബിനോയ്, മനോജ് തുടങ്ങിയ കൊടും ഭീകരന്മാരും.. ഇതിൽ വിപിനും, രതീഷും രഞ്ജിത് പഠിപ്പിസ്റ്റുകളും അമൂൽ ബേബീസുമാണ്.

അർച്ചന പഴയതുപോലെ എന്നോട് കൊഞ്ചികുഴഞ്ഞു നടക്കുന്നു… മനീഷിനോട് എനിക്കുള്ള ദേഷ്യമൊക്കെ മാറിയിരിക്കുന്നു. അവന്റെ വീടിനടുത്തുള്ള പെണ്ണ് പണികൊടുത്തതാണത്രേ, എന്തായാലും പോകാനുള്ള മുതല് പോയി.. അപ്പൊ പിന്നെ പിണങ്ങിയിരുന്നിട്ടു എന്ത് കാര്യം…

പഠിത്തം തുടങ്ങി, സ്കൂളിലെ തിരഞ്ഞെടുപ്പ് വന്നു.. എന്റെ പേരും നോമിനേറ്റ് ചെയ്യപ്പെട്ടു… എന്റെ ക്ലാസ്സിലെ എന്റെ എതിർ സ്ഥാനാർത്ഥിയായി അർച്ചനയെ പരിഗണിച്ചു.. ചങ്കിൽ ഒരു വെള്ളിടി വെട്ടി… കാരണം ഞങ്ങൾ പതിനഞ്ച് ആൺകുട്ടികളെ ഉളളൂ, ബാക്കി ഇടുപ്പത്തിയൊന്നും പെൺകുട്ടികളാണ്. ഈ സത്വത്തിന്റെ മുൻപിൽ  തോൽക്കേണ്ടി വരുമല്ലോ മാതാവേ… എന്നുള്ള നടുക്കത്തിൽ നിന്നും ഉണർന്നത് ബിനുവിന്റെ അണ്ണാ (ബഹുമാനം കൊണ്ടൊന്നുമല്ല കേട്ടോ…തിരുവനന്തപുരത്തുനിന്ന് വന്നതുകൊണ്ട് എന്നെ അണ്ണാച്ചി എന്നാണ് വിളിച്ചിരുന്നത്, അത് ചുരുങ്ങി അണ്ണാ ആയെന്നു മാത്രം…) എന്നുള്ള വിളികേട്ടാണ്…

ശ്രീജിത്തിന്റെ ആരോ അടിച്ചു അത്രേ.. ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും പാവമാണ് അവൻ… അവനും എന്നെപ്പോലെ അനാഥനാണ്. മുഴുവനുമല്ല.. അമ്മയുണ്ട്… ആരാണെന്നൊക്കെ മനസിലാക്കി അവന്മാരെ പിടിക്കാനായി ഞങ്ങളുടെ പട പുറപ്പെട്ടു…. പടനായകൻ ഞാനും…. യുദ്ധം ജയിച്ചു തലയുയർത്തിപിടിച്ചു വന്ന ഞങ്ങളെ കാത്തിരുന്നത് പ്രധാനാധ്യാപികയുടെ ചൂരൽ കഷായമായിരുന്നു…

ഇതിനിടയിൽ അർച്ചനയോടു ആരോ എന്റെ ഇഷ്ടത്തെക്കുറിച്ചു പറഞ്ഞു, ഒരുദിവസം ട്യൂഷൻ കഴിഞ്ഞു ഞാൻ നടന്നുവരുമ്പോൾ അവൾ വഴിയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു, “ശ്രീക്ക് എന്നെ ഇഷ്ടമാണെന്നു ബിനു പറഞ്ഞു, സത്യമാണോ..?? ആണെങ്കിൽ പറയണം, എനിക്ക് ഒരാൾക്ക്  കൊടുക്കാനാണ്” അതെന്തായാലും മനുവിനുള്ള മറുപടിയാകും, മാത്രമല്ല ഇപ്പോൾ എന്റെ മനസ്സിൽ അവളോടുള്ള എന്റെ മോഹം തീരെ ഇല്ല കാരണം അവൾ എന്റെ കൂട്ടുകാരന്റെ പെണ്ണാണ്. “അവനു വട്ടാടീ, നിനക്ക് വേറെ പണിയൊന്നുമില്ലേ, നീ പോകാൻ നോക്ക് വരുന്നുണ്ട്…” അതും പറഞ്ഞു അവൾക്കു മുഖം കൊടുക്കാതെ ഞാൻ വീട്ടിലേക്കു നടന്നു…

അങ്ങനെ തിരഞ്ഞെടുപ്പ് ദിവസം വന്നെത്തി… എന്റെ ബാലറ്റ്പേപ്പർ പോലും ഞാൻ കണ്ടില്ല.. കാരണം ഞാൻ അച്ചുവിന് വോട്ട് ചെയ്യുമെന്ന് എന്റെ കൂട്ടുകാർക്കറിയാമായിരുന്നു… എന്തായാലും വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യത്തെ പതിനഞ്ചു വോട്ട് എനിക്ക് കിട്ടി.. ഇനിയൊന്നുപോലും എനിക്കുവരില്ലല്ലോ എന്നോർത്ത് ഞാൻ നെടുവീർപ്പിട്ടു….

ഒരു വോട്ട് അർച്ചനയ്ക്ക് പോയി.. ബാക്കി മുഴുവൻ എനിക്ക്…. അങ്ങനെ ഒന്നിനെതിരെ മുപ്പത്തിയാറു വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തോടെ ഞാൻ ക്ലാസ് ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു. അർച്ചന ക്ലാസ്മോണിറ്ററും. എന്താണ് സംഭവിച്ചെന്നറിയാതെ ഞാൻ വായും പൊളിച്ചിരുന്നുപോയി….

ഇന്റർവെൽ സമയത്താണ് ഞാൻ സിമിയോട് ചോദിച്ചത്..”ഡീ അൾസേഷനെ നിങ്ങൾ എനിക്കെന്തിനാ വോട്ട് ചെയ്തേ..??” “അർച്ചന പറഞ്ഞിട്ടാടാ പൊട്ടാ, അല്ലെങ്കിൽ നിനക്ക് ആരെങ്കിലും വോട്ടു ചെയ്യുമോ…” അവൾ എന്നോട് പറഞ്ഞു… അതെ അത് ശരിയാണ്, കാരണം അത്യാവശ്യം തരികിടത്തരം ഒക്കെ ഇപ്പോൾ കയ്യിലുണ്ട്… “എന്നാലും അവൾ… അവളെന്തിനാ അങ്ങനെ പറഞ്ഞത്..?” അതിനു മറുപടിയായി “നീ അവളോട് തന്നെ ചോദിക്കെടാ മബു” എന്ന ഉത്തരം കിട്ടി… ഇവൾക്കിത്തിരി കൂടുന്നുണ്ട്.. ദൈവമേ ഇവളെ കെട്ടുന്നവർ പണ്ടാരമടങ്ങി പോകണേ..

എന്തായാലും അർച്ചനയെ കണ്ട് ചോദിച്ചിട്ടു ചോദിച്ചിട്ട് തന്നെ ബാക്കി കാര്യം… അർച്ചനയുടെ അടുത്തെത്തി ഞാൻ അവളോട് ചോദിച്ചു… “ഡീ… നീ പറഞ്ഞിട്ടാണ് പെണ്കുട്ടികളെല്ലാം എനിക്ക് വോട്ട് ചെയ്തതെന്ന് സിമി പറഞ്ഞു. എന്താ നീ അങ്ങനെ പറഞ്ഞത്..??”. കുറെ നേരം അവൾ എന്റെ കണ്ണിലേക്കു നോക്കി മിണ്ടാതെ നിന്നു.. “ശ്രീ എങ്ങും തോൽക്കുന്നത് എനിക്ക് സഹിക്കില്ല… എന്നും ജയിച്ചു കാണണം എന്നാണ് എന്റെ ആഗ്രഹം… അതുകൊണ്ടാണ് ഞാൻ അവരോടൊക്കെ ശ്രീക്കു വോട്ട് ചെയ്യാൻ പറഞ്ഞത്…”. ഒരു നിമിഷം ഞാനൊന്ന് ഞെട്ടി… ഇവൾക്കിതെന്താണ് ദൈവമേ… ഇവടെ മറ്റവനെങ്ങാനും ഇതുകേട്ടാൽ എന്നെ വലിച്ചുകീറി കൊടിമരത്തിൽ തൂക്കും. പക്ഷെ ഒരു സൈഡിൽ എന്റെ മനസ് പതഞ്ഞു പൊങ്ങി കാരണം ഒരിക്കൽ എന്റെ മനസിന്റെ ഉള്ളറകളിൽ നിറഞ്ഞു നിന്നവളാണ് ഈ പറയുന്നത്.

അങ്ങനെ അവളോട് നന്ദി പറഞ്ഞു ഞാൻ എന്റെ ബെഞ്ചിലേക്ക് നടന്നു..

ടീച്ചേർസ് ഇല്ലാത്ത സമയം വഴക്കുണ്ടാക്കുന്നവരുടെയും വർത്തമാനം പറയുന്നവരുടെയും പേരെഴുതാൻ നിയോഗിക്കപ്പെട്ടവളാണ് അർച്ചന.. ഒരു ദിവസം അവളെന്തോ അത് ചെയ്തില്ല.. പ്രിൻസിപ്പൽ വന്നു ചോദിച്ചപ്പോൾ വയറുവേദന ആണെന്ന് പറയുന്നത് കേട്ടു. അങ്ങനെ അന്നത്തെ ആ കർമം എന്റെ തലയിലായി… ടീച്ചറിന്റെ ഡെസ്കിൽ ബുക്ക് വച്ച് ഞാൻ എല്ലാവരെയും നോക്കി നിൽക്കുകയാണ്, അച്ചു എന്നെ തന്നെ നോക്കി ഡെസ്കിൽ തലവച്ചു കിടക്കുകയാണ്… എന്തെ എന്ന് ആംഗ്യഭാഷയിൽ ഞാൻ ചോദിച്ചു… ഉറക്കം വരുന്നു എന്നവൾ മറുപടി പറഞ്ഞു… “അച്ചോടാ മോൾക്ക് ഉറക്കം വരുന്നോ… പാലുവേണോ” എന്ന ചോദ്യത്തിന്റ് മെല്ലെ പുഞ്ചിരിച്ചുകൊണ്ട് വേണ്ടായെന്നു അവൾ തലയാട്ടി.

അടുത്ത ഏതോ ഒരു ഫ്രീ പിരിയഡിൽ ഈ ചോദ്യം അവളെന്നോട് ചോദിച്ചു… പാലുവേണമോ എന്നെ ചോദ്യത്തിന് വേണം എന്ന് ഞാൻ പറഞ്ഞപ്പോഴാണ് അതിലൊളിഞ്ഞിരിക്കുന്ന അപകടം അവൾക്കു മനസിലായത്.. ചെറുതായൊന്നു ഞെട്ടിയെങ്കിലും നാളെ കൊണ്ടുവരാമെന്നു പറഞ്ഞവൾ തടിയൂരി….

അങ്ങനെ എന്റെ ബാച്ചിലുള്ള എല്ലാവന്മാർക്കും ലൈൻ ആയി.. ഞാൻ മാത്രം ഏകലവ്യനായി നടന്നു.

അങ്ങനെ ഒരുദിവസം ലേഖ എന്നോട് ചോദിച്ചു.. “ഏട്ടന് അർച്ചനയുടെ ശേഷം ആരുടേയും പുറകെ പോയില്ലേ..??” ഞാൻ പുരികം വളച്ചു അവളെ ഒന്ന് നോക്കി… “എന്താടീ നീയെന്നെ പ്രേമിപ്പിക്കാനായിട്ടു തുനിഞ്ഞിറങ്ങിയേക്കുവാണോ??”

“അല്ല എന്റെ പൊന്നേ വല്ല പൊട്ടിക്കാളികളും വലയിൽ വീണോ എന്നറിയാനാ.. എന്നാൽപ്പിന്നെ ആ ചേച്ചിയോട് ഒരുത്തരം പറയാരുന്നു” ഏതു ചേച്ചി..?? എന്തുത്തരം..?? ചോദ്യഭാവത്തിൽ ഞാനവളെ ഒന്ന് നോക്കി….

(തുടരും)