എന്റെ പ്രണയം

“അമ്മേ ഈ ഏട്ടനിതെന്താ..ആര്യ ആയോണ്ടാ ഇത്ര ക്ഷമിക്കുന്നത്..”

ഉച്ച മയക്കത്തിൽ പാതി അടഞ്ഞ എന്റെ കണ്ണുകളെ കുത്തി നോവിച് ചെവിയിൽ തറക്കുന്ന കൂരമ്പ് പോലുള്ള വാക്കുകൾ ഉമ്മറതെ ഭിത്തികളെ ഭേദിച്ച് പരിസരമാകെ മുഴങ്ങുമ്പോൾ നീതുവിന്റെ നാവിൽ നിന്ന് അനർഘ നിർഘളം പ്രവഹിച്ച വാക്കുകൾക്ക് ശക്തിയേറിയിരുന്നു.. നാണക്കേടെന്ന മനശാസ്ത്ര യുദ്ധത്തിൽ പണ്ടേ തോറ്റു പോയതോർത്തു അഭിമാനിക്കേണ്ടി വന്ന മനോഹര നിമിഷങ്ങളിലൊന്നായിരുന്നത്‌..

കുടുംബ സുഹൃത്തും അയൽക്കാരനുമായ വിഷ്ണു മാമന്റെ മോളാണ് ആര്യ, അടക്കവും ഒതുക്കവും കാണാൻ വെളുത് നല്ല ഭംഗിയുമുള്ള ആര്യയുടെ പിന്നാലെയുള്ള ഈ പരക്കം പാച്ചിൽ ഓർമ്മ വെച്ച കാലം മുതൽ തുടങ്ങിയതാണ്.. അതോണ്ട് തന്നെ ആരോടുള്ളതിനേക്കാൾ ഒരുമുഴമധികം വെറുപ്പ് അവൾക്കെന്നോട് ഉണ്ടാകുമെന്നതിൽ സംശയമില്ല…

കാരണം ഇന്നുവരെ കാക്കത്തൊള്ളായിരം ആൺപിള്ളേർ അവളെ ഇഷ്ടമാണെന്ന് പറഞ്ഞു പിറകെ കൂടുമ്പോൾ ഞാൻ മാത്രം ചെറുപ്പം മുതൽ മറ്റൊരാളെ അവളെക്കൊണ്ട് ഇഷ്ടപ്പെടുത്താനുള്ള തീവ്ര ശ്രമത്തിലാണ്…ഓർമ്മകളങ്ങനെ മനസ്സിൽ തത്തിക്കളിക്കുമ്പോഴാണ് വീണ്ടും വരാന്തയിൽ നിന്ന് നീതുവിന്റെ ശബ്ദമുയർന്നത്..

” നിവിയേട്ടാ ദേ ഇങ്ങട് വാ ഏട്ടനൊരു പാഴ്‌സൽ വന്നിട്ടുണ്ട്…”

വന്നത് വിനീതാണെന്ന് മനസ്സിലാക്കാൻ പെങ്ങളുട്ടിയുടെ അളന്ന് മുറിച് കുറിക്ക് കൊള്ളുന്ന വാക്കുകൾ തന്നെ ധാരാളം…

അളിയാ എന്തായി വല്ലതും നടക്കുവോ..കഴിഞ്ഞ കുറേ വർഷങ്ങളായി ഞങ്ങൾ കണ്ടുമുട്ടുന്ന വേളയിലെല്ലാം പരസ്പരം ഷെയർ ചെയ്യാറുള്ളതാണീ ആകാംക്ഷാ സന്ദേശം..

“ഡാ നിന്റെ ബന്ധു ശ്രീജയെ കണ്ടിഷ്ടപ്പെട്ട അന്ന് മുതലിന്നോളം ആര്യയെ നിഴലായി പിന്തുടരുന്നുണ്ട്..നേരെ നിന്ന് ചോദിയ്ക്കാൻ നിനക്ക് കഴിയാത്തതിന് എനിക്ക് കിട്ടിയ സമ്പാദ്യം വീട്ടിലും പഠിച്ച സ്‌കൂളിലുമെല്ലാം ചീത്തപ്പേരാണ്…”

എന്റെ നിവി വെറുതെ അല്ലല്ലോ…നീ ശ്രീജയോട് ഇഷ്ടം പറഞ്ഞു പോയപ്പോഴെല്ലാം അവൾ കാർക്കിച്ചു തുപ്പി, നിന്നെ കണ്ണെടുത്താൽ കണ്ടൂടാന്ന് തറപ്പിച്ചു പറഞ്ഞു,മാത്രമല്ല നിന്റെ ഈ രൂപത്തിനെ അവളെനല്ല മറ്റൊരു പെണ്ണും ഇഷ്ടപ്പെടില്ലന്നെല്ലാം പറഞ്ഞു …ശ്രീ
ജയെ നിനക്ക് ഞാൻ സക്സസ് ആക്കി തരുമ്പോൾ ആര്യയെ നീ എനിക്ക് സക്സസ് ആക്കണം അത്ര മാത്രമല്ലെ ഞാൻ ആവശ്യപ്പെട്ടുള്ളു…”

പരസ്പരം കുറ്റപ്പെടുത്തി ലക്ഷ്യത്തിൽ നിന്ന് തെന്നിമാറാതിരിക്കാൻ അൽപ സമയതെ മൗനം തുടർന്നു…

എന്റെ വിനീതേ “ആര്യ അടുക്കുന്ന മട്ടില്ല,ഒന്നും മിണ്ടാതെ പോയാൽ എന്റെ പേര് വിളിച്ചു പുഞ്ചിരിക്കും, നിന്റെ കാര്യം അവതരിപ്പിക്കാൻ ചെല്ലുന്നത് കാണുന്നതേ ദേഷ്യവാ, നിന്റെ പേര് പറഞ്ഞാൽ അവളുടെ മുഖം കടന്നൽ കുത്തേറ്റ പോലാ, അത് വിട്ടേക്കടാ…എന്ന് പറഞ്ഞവസാനിപ്പിക്കും മുമ്പ് ശ്രീജയെ നീയുമങ്ങു മറന്നേക്കെന്നു പറഞ്ഞു നടന്നകന്നു…

ഇന്നത്തെ ക്ലാസും സായാഹ്‌ന ഊരു ചുറ്റലുകളും അവസാനിപ്പിച്ച് വീട്ടിലെത്തിയപ്പോൾ, പട്ടുപാവാടയും ഉടുപ്പും കരിമഷി എഴുതിയ നയനങ്ങളും മുടിയിഴകളിൽ കോർത്ത തുളസിക്കതിരും നെറ്റിയിൽ ചന്ദനവുമൊക്കെയായി ആര്യ എങ്ങടോ പോകാനെന്നോണം വീട്ടിൽ ഇരിപ്പുണ്ടായിരുന്നു..

ചിലർക്കൊക്കെ ദൈവം അറിഞ്ഞു കൊടുക്കുന്ന സൗന്ദര്യം മറ്റുള്ളവർക്ക് വഴി തടസ്സമായി നിൽക്കാനാണോ എന്ന് പിറുപിറുത്തു അവളുടെ മുന്നിലൂടെ കാണാത്ത ഭാവത്തിൽ മുറിയിലേക്ക് നടക്കുമ്പോൾ..

“നിവിയേട്ട ദേ ഈ അര്യേച്ചിക്ക് ഏട്ടനെ ഇഷ്ടാണെന്നു…. നീതു ഇങ്ങനെ പറയുന്നതിൽ കഴിഞ്ഞ കുറച്ചു കലാവായി സ്ഥിരത പുലർത്താറുള്ളതാണ്, ഭാവഭേദങ്ങളില്ലാതുള്ള പുഞ്ചിരിയാണ് നീതുവിന്റെ വാക്കുകളിലുള്ള ആര്യയുടെ പ്രതികരണം…

എന്നത്തേയും പോലെ മൗനമായി തലകുനിച്ചു പോകാതെ നീതുവിനെ അടിമുടിയൊന്ന് നോക്കി….

” എഡീ കുരുപ്പേ എന്നേക്കാൾ വെളുപ്പും സൗന്ദര്യവും ഉള്ളവരെ നമുക്ക് വേണ്ട, കണ്ടമാനം ചെക്കൻമാർ പിറകിൽ നടക്കുന്നോരോട് അവരിലൊരാളെ സെലക്ട് ചെയ്യാൻ നിന്റെ അര്യേച്ചിയോട് പറ….”എന്ന് പറഞ്ഞു തീരും മുമ്പ് അടുക്കളയിൽ നിന്നൊരശരീരി മുഴങ്ങി…

“നിവീ ആര്യ മോൾക്ക്‌ ഏതോ കൂട്ടുകാരിയുടെ വീട് വരെ പോകണം, നീ ഒന്ന് കൊണ്ടുപോയേച്ചും വാ…

മനസ്സില്ലാ മനസ്സോടെ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോ പോലും അവളുടെ പുഞ്ചിരി തൂകുന്ന മുഖത്തേക്ക് നോക്കുന്നതൊഴുവാക്കാൻ ശ്രദ്ധിച്ചിരുന്നു..

പലപ്പോഴായി ആര്യയെ ഇങ്ങനെ ഓരോ സ്ഥലങ്ങളിൽ കൊണ്ട് പോകാറുണ്ടെങ്കിലും മിണ്ടാൻ പോയിട്ട് ആ മുഖത്തേക്കൊന്ന് നോക്കാൻ പോലും ശ്രമിക്കാറില്ല, ശ്രമിക്കുന്നത് വിനീതിന്റെ കാര്യം പറയാൻ വേണ്ടി മാത്രമാണുതാനും..

പതിവുപോലെ അവളെന്തൊക്കെയോ പറയുന്നു..കേൾക്കാത്ത ഭാവത്തിൽ മുന്നോട്ട് പോകുന്നതിനിടെ എന്റെ ശ്രദ്ധയ്ക്കെന്നോണം കുറച്ചു ചേർന്നിരുന്നു..

“എന്റെ നിവീ ഓർമ്മ വെച്ച കാലം മുതൽ എനിക്കിഷ്ടം ഒരാളെ മാത്രമാണ്, പിറകിൽ നടക്കാൻ ആര് വന്നാലും ഒപ്പം നടക്കാൻ ആര് ശ്രമിച്ചാലും ഇങ്ങനെ നിന്റെ പിറകിൽ ഇരിക്കുമ്പോൾ ലഭിക്കുന്ന സന്തോഷത്തിനപ്പുറം ഒന്നുമില്ല, എനിക്ക് നിന്നെ അത്ര ഇഷ്ടമാണ്……

അപ്രതീക്ഷിതമായി കേട്ട ആ വാക്കുകളിൽ അൽപം പതറിയെങ്കിലും മൗനം മറുപടി നൽകി മഴക്കാറുകളാൽ മൂടിയ ഇരുണ്ട അന്തരീക്ഷങ്ങളെ ഭേദിച്ച് ബൈക്ക് മുന്നോട്ട് നീങ്ങികൊണ്ടേയിരുന്നു..

പെടുന്നെനെ തിമിർത്തു പെയ്ത മഴയിൽ നിന്ന് രക്ഷനേടിയ കട വരാന്തയിൽ അപരിചിതരെ പോലെ നിൽക്കവേ മഴ തുള്ളികൾ മൂടിയ ഗ്രാമീണ വീചിയിലെ യാത്രാക്ലേശം കാരണം പീടിക വരാന്തയിൽ അഭയം കൊണ്ട പുരുഷാരവങ്ങളിൽ നിന്ന് ചില തുറിച്ചു നോട്ടങ്ങൾ അവളിലേക്ക് പതിക്കുമ്പോൾ എന്റെ കൈകൾ അവൾക്ക് രക്ഷാകവചം തീർത്തിരുന്നു..എന്റെ ഇടനെഞ്ചിലേക്ക് അവളെ ചേർത് നിർത്തുമ്പോൾ ഞാൻ അറിഞ്ഞിരുന്നു എത്രയൊക്കെ അവഗണിച്ചാലും അവൾ എനിക്കാരൊക്കെയോ ആയിരുന്നെന്ന്..

” അടിച്ചു വീശുന്ന കാറ്റിനിടയിൽ അവളുടെ മുഖത്തേക്ക് വീണ മഴത്തുള്ളികൾക്കിടയിലൂടെ ആ കണ്ണുകളിലേക്ക് നോക്കി നിൽകുമ്പോൾ, ഒന്ന് മാത്രമാണ് അവൾ പറഞ്ഞത്..

“അറിയുമെന്ന് കരുതിയാണ് പറയാതിരുന്നത്, പറയിപ്പിച്ചിട്ടും തിരിച്ചറിയാതെ തിരിഞ്ഞുനടന്ന നിമിഷങ്ങളിൽ അനുഭവിച്ച ഒറ്റപെടലൊന്നാകെ ഈ മഴയോടൊപ്പം ഒലിച്ചു പൊക്കൊള്ളും..”

എന്റെ മുന്നിൽ സംഭവിക്കുന്നതൊക്കെ സത്യമാണോ….വിനീതും ശ്രീജയുമൊക്കെ മനസ്സിൽ നിന്ന് മറ്റെവിടേക്കോ മാരത്തൺ റേസിൽ പങ്കെടുക്കും പോലെ…

തൊലിവെളുപ്പിനപ്പുറം മനസ്സെന്ന മായിക വലയത്തോട് അതിരറ്റ ബഹുമാനം തോന്നിയവ സ്മരിച്ചവൾക്കഭിമുഖമായി നിന്ന്

“എടോ
എനിക്കൊരാളുടെ മുന്നിൽ നിന്നെ കൊണ്ട് നിർത്തിയെങ്കിലും ഒന്ന് സമാധാനിക്കണമെന്ന് പറഞ്ഞു ശ്രീജയുടെ വീട് ലക്ഷ്യമാക്കി മുന്നോട്ട് പോകാനോരുങ്ങവേ….

“നിവി..എനിക്കൊരിടത്തേക്ക് പോകുവാൻ വേണ്ടിയാണ് നീ ഇന്നെന്റൊപ്പം വീട്ടിൽ നിന്നിറങ്ങിയത്, ഞാൻ ആവശ്യപ്പെട്ടപോലെ മാത്രം പറഞ്ഞും പ്രതികരിച്ചതും സഹായമേകിയ എന്റെ പ്രിയ കൂട്ടുകാരിക്ക് വാക്ക് കൊടുത്തതാണ് അറിയാതെ പോയൊരു പ്രണയത്തിന് അവസാനമേകി ഇന്ന് നിന്നെ അവൾക്ക് മുന്നിൽ നിർത്തുമെന്ന്,

കാര്യമെന്തെന്ന് മനസ്സിലാകാതെ.. ആര് ?എന്ത്? എന്നിങ്ങനെ ഉത്തരം തേടിയുള്ള ചോദ്യങ്ങളൊന്നൊന്നായി ചോദിയ്ക്കാൻ അവസരം നൽകാതെ ആ കൈകളെന്റെ വായിലേക്ക് തപ്പി പിടിച് അവൾ പറഞ്ഞു…

” എനിക്കും ശ്രീജയുടെ വീട്ടിലേക്ക് തന്നെയാണ് പോകേണ്ടത് ”