ആരും അറിയാത്ത എഴുത്തുകാരൻ

എടോ മനുഷ്യാ നിങ്ങൾ ആ പേപ്പറും പേനയും അവിടെ വെച്ചിട്ടു എന്തെങ്കിലും പണിക്കു പോയി കൂടെ

ഇങ്ങനെ ഒരെണ്ണം, നിനക്ക് ഒന്ന് മിണ്ടാതെ ഇരുന്നു കൂടെ എന്റെ ചിന്തകൾ മുറിയുന്നു (കയ്യിൽ ഇരുന്ന സിഗരറ്റു ഒന്ന് കൂടി ആഞ്ഞു വലിച്ചു കൊണ്ട് ഞാൻ പറഞ്ഞു )

പിന്നെ എന്നു പറഞ്ഞാൽ വൈക്കം മുഹമ്മദ്‌ ബഷീർ അല്ലെ ഈ ഇരിക്കുന്നെ ?

അവൾ എന്റെ കഴിവിനെ ആണല്ലോ ദൈവമേ വലിച്ചു കീറി ഒട്ടിക്കുന്നത്, പിന്നെ അവളെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല പണിക്കും പോകാതെ ഇരുന്നു ഇതല്ലേ പരുപാടി

എന്റെ പൊന്നു ചേട്ടാ നമ്മുടെ മൂത്ത മകൾ പത്താം ക്ലാസ്സിൽ ആയി, പൈസ ഉണ്ടാക്കണ്ടെ ഇങ്ങനെ ഇരുന്നാൽ മതിയോ?
എന്നെ കൊണ്ട് ഒറ്റയ്ക്ക് എത്ര പറ്റും. എല്ലാം ഓർത്താൽ നന്ന്, ഇത്രയും പറഞ്ഞു അവൾ കൈകളിൽ ഉണ്ടായിരുന്ന തുണികൾ എടുത്തു അലക്കാൻ പോയി

അവൾ പോയപ്പോൾ ഞാൻ ഓർത്തു, ഇങ്ങനെ എന്തെങ്കിലും പറയും എന്ന് അല്ലാതെ ഒരു പരാതിയും ഇല്ലാതെ വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കും ഒരു പാവം

ഞാനോ, പണിക്കും പോകാതെ ഓരോന്നും കുത്തി കുറിച്ച് ഇങ്ങനെ ഇരിക്കും, ആർക്കും എന്റെ രചനകൾ ഒന്നും ഇഷ്ടപെടുന്നും ഇല്ല, കുറെ ശ്രമിച്ചു കഥകൾ വെളിച്ചത്തു കൊണ്ട് വരാൻ, സമീപിച്ചവർ എല്ലാം ആട്ടി ഓടിച്ചു

അപ്പോൾ ഭാര്യയാണ് പറഞ്ഞത് ഏട്ടനെ ആൾകാർ അറിയുന്ന ഒരു കാലം വരും. ഇപ്പോൾ മുഖപുസ്തകത്തിൽ ഒക്കെ കുറെ അധികം ഗ്രൂപ്പുകൾ ഉണ്ട് അതിൽ ഇട്ടാൽ ആൾകാർ വായിച്ചു അഭിപ്രായം പറയും, പക്ഷെ നല്ല പ്രേമ കഥകളൊക്കെ ഇടണം, അല്ലങ്കിൽ ഹൊറർ, ആർത്തവം ഇതൊക്കെ ഇട്ടാൽ ആൾക്കാർ വരും കമന്റ്‌ ചെയ്യും, ലൈക്ക് അടിക്കും, അങ്ങനെ ഏട്ടന്റെ രചനകൾ എല്ലാവരിലും എത്തും

അവൾ പറഞ്ഞപ്പോൾ മാത്രം ആണ് ഇങ്ങനെ ഒന്നുള്ളത് അറിഞ്ഞത് എങ്കിലും അവളു പറയുന്നത് മുഴുവൻ കേൾക്കാൻ ഞാൻ തയ്യാർ ആയില്ല

അവൾക്കു എന്ത് അറിയാം, എന്റെ വ്യത്യസ്ത ചിന്തകൾ ആൾക്കാരെ ചിന്തിക്കാൻ പ്രേരിപ്പിക്കുക തന്നെ ചെയ്യും
അല്ലാതെ പ്രേമം ഒന്നും നമുക്ക് വഴങ്ങില്ല

എങ്കിലും അറിയാൻ ഉള്ള ആകാംക്ഷ കൊണ്ട് ചോദിച്ചു അവിടെ കഥകൾ ഇട്ടാൽ എത്ര ആൾക്കാർ ലൈക്ക് ചെയ്യും പെണ്ണേ (കുറച്ചു സന്തോഷത്തോടെ ചോദിച്ചു )

എന്റെ ഉള്ളിലെ സന്തോഷം കണ്ടിട്ട് ആണോന്നു അറിയില്ല അവൾ പറഞ്ഞു 1000 ലൈക്ക് ഒക്കെ ആണ് ചേട്ടാ അവിടെ കിട്ടുന്നത്

എന്നാൽ ഞാൻ ഇപ്പോൾ തന്നെ ഒരുപാട് വെറൈറ്റി കഥ എഴുതിയേക്കാം, എനിക്ക് ആൾക്കാരുടെ അഭിനന്ദനങ്ങൾ കിട്ടാൻ അത്രക്കും ഇഷ്ട്ടം ആണ് പെണ്ണേ

എന്റെ ഏട്ടൻ എഴുതിക്കോ, ഞാനും മോളും കിടന്നു ഉറങ്ങാൻ പോകുവാ

നിങ്ങൾ ഉറങ്ങിക്കോ

ഒരുപാട് ആഗ്രഹത്തോടെ ഞാൻ എന്റെ ആദ്യ കഥ പോസ്റ്റ്‌ ചെയ്തു,
പ്രണയം ഹൊറർ ഒന്നും അല്ലാരുന്നു, ചുമ്മാ ഒരു ഉപദേശം നൽകുന്ന കഥ,
രാത്രിയിൽ ഇരുന്നു എഴുതി,
അപ്പോൾ തന്നെ പോസ്റ്റ്‌ ചെയ്തു. എന്നിട്ടു അപ്പ്രൂവ് ആകുന്നതും നോക്കി കിടന്നു

പാതിരാത്രിയിൽ ആരു വന്നു അപ്പ്രൂവ് ആക്കാൻ?അവസാനം എങ്ങനെയോ കിടന്നു ഉറങ്ങി പോയി

ഉറക്കം ഉണർന്നപ്പോൾ ചാടി എഴുന്നേറ്റു നോക്കി എത്ര ലൈക്ക് കിട്ടിയെന്നു, ആകാംക്ഷ അടക്കാൻ വയ്യാരുന്നു

പണ്ടാരം നെറ്റ് സ്ലോ ആണല്ലോ ഒന്നും കിട്ടുന്നില്ല

എടി നിന്റെ ഫോൺ ഒന്ന് തന്നെ എനിക്ക് നെറ്റ് കിട്ടുന്നില്ല,അവൾ അപ്പോൾ തന്നെ നൽകി, എടുത്തു നോക്കിയ ഞാൻ ദുഃഖിതൻ ആയി, വെറും 7 ലൈക്ക് ആരും കമന്റ്‌ ചെയ്തിട്ടും ഇല്ല

മുഖം കണ്ടപ്പോൾ ഭാര്യ പറഞ്ഞു ഏട്ടൻ വിഷമിക്കണ്ട വൈകിട്ട് ആകുമ്പോൾ കണ്ടോ ഇഷ്ടം പോലെ ലൈക്ക് കിട്ടും, എന്നിട്ടു വായിച്ചു നോക്കിട്ടു പറഞ്ഞു, സൂപ്പർ കഥ ആണല്ലോ

വീണ്ടും പ്രതീക്ഷ മൊട്ടിടാൻ തുടങ്ങി,വൈകിട്ട് ഒന്നു ആയാൽ മതിയാരുന്നു

അത് വരെ ടീവി ഒക്കെ കണ്ടു കിടന്നു, ഇടയ്ക്കു നോക്കി പോസ്റ്റ്‌ 22 ലൈക്ക് ഉണ്ട്

ഇതാണോ ഇവൾ പറഞ്ഞത് 1000 ലൈക്ക് കിട്ടും എന്ന് എന്നെ പറ്റിച്ചത് ആകും

5 മണി ആയപ്പോൾ അവൾ ജോലി കഴിഞ്ഞു വന്നു, ഞാൻ ഉമ്മറത്തു തന്നെ സിഗരറ്റും വലിച്ചു ഇരുപ്പു ഉണ്ടാരുന്നു
എന്നെ കണ്ടപ്പോൾ തന്നെ അവൾക്കു മനസിലായി ലൈക്ക് ഒന്നും കിട്ടാത്ത വിഷമം ആണെന്ന്

അവളു പോസ്റ്റ്‌ നോക്കിയപ്പോൾ 27 ലൈക്ക് ഉണ്ട് 2 കമന്റ്‌ അതും ആശ്വാസത്തിനു കിട്ടും പോലെ

ഞാൻ തെല്ലു ദേഷ്യത്തിൽ ചോദിച്ചു ഇതാണോ നീ പറഞ്ഞ 1000 ലൈക്ക്

ഏട്ടാ ഞാൻ പറഞ്ഞത് സത്യം ആണ് ഏട്ടൻ ബാക്കി ഉള്ള പ്രേമം, ഹൊറർ കഥകൾ ഒക്കെ നോക്ക്

ഞാൻ നോക്കി ശരി ആണല്ലോ അപ്പോൾ എനിക്ക് മാത്രം എന്താ കിട്ടാത്തത്

അത് എന്റെ ഏട്ടൻ ഒരു പ്രേമ കഥ എഴുത് അപ്പോൾ കിട്ടും

ഞാൻ എഴുതാം,

ഞാൻ കുറെ നേരം ഇരുന്നു കുത്തി കുറിച്ചു, കുറെ പേപ്പറുകൾ വായുവിലൂടെ പറക്കാൻ തുടങ്ങി
എങ്ങനെ എഴുതിയിട്ടും അങ്ങ് ശരിയാകുന്നില്ല
കുറെ ശ്രമിച്ചിട്ടും എന്നെ കൊണ്ട് പ്രണയ കഥ സൃഷ്ടിക്കാൻ കഴിഞ്ഞില്ല

അല്ലേലും മനസ്സിൽ പ്രണയം ഇല്ലാത്ത ഞാൻ എങ്ങനെയാ അതിന്റെ കഥ എഴുതുന്നത്
ഞാൻ ഭാര്യയോട് പറഞ്ഞു എനിക്ക് അത് പറ്റില്ല

ഇങ്ങനെ തന്നെ ഹൊറർ, ആർത്തവം കഥകൾ ഒക്കെ രചിക്കാൻ നോക്കി ഞാൻ പരാജയപെട്ടു
എന്ത് ചെയ്യാൻ ആണ്.

അറിവില്ല ആ കാര്യങ്ങളിൽ ഒന്നും, ചുമ്മാ കുറെ ഉപദേശ കഥകൾ എഴുതാൻ അറിയാം അത് ആണെങ്കിൽ ആർക്കും വായിക്കാനും ഇഷ്ട്ടം അല്ല

ആൾക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഒന്ന് പിരിമുറുക്കം കുറക്കാൻ ആണ് മുഖപുസ്തകത്തിൽ കയറുന്നത് അപ്പോൾ അവിടെയും ഉപദേശം കണ്ടാൽ ആർക്കു എങ്കിലും ദഹിക്കുമോ

ഇങ്ങനെ ഓരോന്ന് ചിന്തിച്ചു ചിന്തിച്ചു ഞാൻ കുറെ പേപ്പറുകൾ എഴുതി കീറി നിലത്തു ഇട്ടു കൂടെ കൂടെ കുറെ അധികം സിഗരറ്റുകളും

ഭാര്യ വന്നു മുറിയിൽ കയറിയപ്പോൾ ഞെട്ടി പോയി,

ദൈവമേ ഇതൊരു മുറി തന്നെ ആണോ?
ഇത് എന്താണ് ചേട്ടാ കാണിച്ചു കൂട്ടിയെക്കുന്നത്

കുറെ കഥകൾ എഴുതിയത് ആണ് ഒന്നിലും ഒരു തൃപ്തി കിട്ടുന്നില്ല

നിങ്ങക്ക് ഇങ്ങനെ എഴുതി കീറി ഇട്ടാൽ മതി ഞാൻ വേണ്ട ഇതൊക്കെ വൃത്തി ആക്കാൻ വീട്ടു ജോലിയും ഓഫീസ് ജോലിയും കഴിഞ്ഞു
നേരമില്ല

നിനക്ക് എന്താണ് ഇപ്പോൾ ഒരു ബുദ്ധിമുട്ട് ഇത്രയും നാൾ ഇല്ലാരുന്നുന്നല്ലോ

അയ്യോ ഒരു ബുദ്ധിമുട്ടും ഇല്ലേ എന്നും പറഞ്ഞു എന്റെ സൃഷ്ടികൾ എടുത്തു തീ ഇടാൻ അവൾ പോയപ്പോളും, ഞാൻ ചിന്തയിൽ ആയിരുന്നു എങ്ങനെ അടുത്ത സൃഷ്ടി നടത്താം എന്ന്
(ഉള്ളു നിറയെ അപകർഷത നിറഞ്ഞു കൊണ്ട് )
അപ്പോളും എന്റെ ചുണ്ടിൽ ഭാര്യയുടെ ബാഗിൽ നിന്നും എടുത്ത കാശു കൊണ്ട് മേടിച്ച സിഗരറ്റ് പുകഞ്ഞു കൊണ്ടേ ഇരുന്നു