“മാർത്താണ്ഡൻ..”
തിരുമേനിയുടെ കണ്ണുകൾ വികസിച്ചു.
നെറ്റിയിൽനിന്നും ഒരുതുള്ളി വിയർപ്പ് അടർന്ന് കവിളിലേക്കൊലിച്ചിറങ്ങി.
“അവൻ നിന്നെ സ്പർശിച്ചോ ?..”
ഗൗരിയുടെ മുഖത്തേക്കുനോക്കാതെ കണ്ണുകളടച്ചുകൊണ്ട് ശങ്കരൻതിരുമേനി ചോദിച്ചു.
“ഇല്ല്യാ, പക്ഷെ എന്തോ അയാളാകെ അസ്വസ്ഥനായിരുന്നു.”
“മ്, അറിയാം.”
തിരുമേനി പതിയെ നീലനിറമുള്ള ജലത്തിലേക്കിറങ്ങി.
കൈകുമ്പിൾ തെളിനീരെടുത്ത് തലവഴി പുറകിലേക്കൊഴിച്ചു.
“മുത്തശ്ശനറിയോ അയാളെ ?..”
ഈറനോടെ അവൾ കല്പടവുകളിലേക്ക് കയറിയിരുന്നുകൊണ്ട് ചോദിച്ചു.
“ഉവ്വ്, വർഷങ്ങൾക്കുമുൻപ് ഞാനും മഹാമാന്ത്രികനായ ചന്ദനക്കാവ് കൃഷ്ണമൂർത്തിയും ചേർന്ന് നാടുകടത്തിയതാ.
കന്യകയായ പെൺകുട്ടികളെ വശീകരിച്ചുകൊണ്ടുവരിക, എന്നിട്ട് പൂജാതികർമ്മങ്ങൾ ചെയ്ത് അവന്റെ കാമവെറിക്ക് ഉപയോഗിച്ച ശേഷം തലയിൽ മഞ്ഞൾപൊടിയിട്ട് നാഡിഞരമ്പിനെ ബന്ധിച്ച് ആ ശരീരത്തിൽനിന്നും ജീവനെ പുറത്തെടുക്കുക.”
“ദേവീ..”
ഗൗരി നനഞ്ഞൊട്ടിയ നെഞ്ചിൽ കൈവച്ചുകൊണ്ട് വിളിച്ചു.
“അല്ല മുത്തശ്ശാ, വശീകരണം മന്ത്രവാദത്തിലുള്ളതാണോ?..”
“മ്, അതെ.”
തിരുമേനി പകുതിയോളം കുളത്തിലേക്കിറങ്ങിയിട്ട് പതിയെ ഗൗരിക്ക് സമാന്തരമായി നിന്നു.
തിരുമേനി തുടർന്നു.
“ദുര്‍മന്ത്രവാദവിധികളില്‍ വശ്യപ്രയോഗവും ഉള്‍പ്പെടുന്നുണ്ട്.
വശീകരണം, ആകര്‍ഷണം, മോഹനം എന്നിവ അതിന്റെ ഭാഗമാണ്.
മന്ത്ര-യന്ത്രൗഷധികളുടെ പ്രയോഗം ഇതില്‍ നമുക്ക് കാണാം. ലോകവശ്യം, സര്‍വ്വവശ്യം, രാജവശ്യം, സ്ത്രീവശ്യം, പതിവശ്യം, പുരുഷവശ്യം എന്നിങ്ങനെ വിവിധങ്ങളായ വശ്യ പ്രയോഗങ്ങളുണ്ട്.
ഇതൊക്കെ വശീകരണത്തിൽപ്പെടും.”
പതിയെ തിരുമേനി തെളിനീരുപോലെയുള്ളജലത്തിൽ മുങ്ങിനിവർന്നു.
സ്നാനം കഴിഞ്ഞ് തിരുമേനി ഗൗരിയെയും കൂട്ടി മനയിലേക്ക് ചെന്നു.
അരുണൻ തിരശീലയിട്ടുതുടങ്ങി.
കിഴക്കുഭാഗത്ത് തിങ്കൾ നിലാവെളിച്ചം ചൊരിയാൻ തയ്യാറായിനിന്നു.
അടുത്തുള്ള ശിവക്ഷേത്രത്തിൽനിന്നും ഭക്തിഗാനങ്ങൾ ഒഴുകിയെത്തി ഗൗരിയുടെ കർണ്ണപടത്തിൽ തട്ടിനിന്നു.“ഈ ഭക്തിഗാനം കേൾക്കുന്ന ക്ഷേത്രം അടുത്തണോ മുത്തശ്ശാ ?..”
“മ്, അതെ, നമുക്ക് രാവിലെ പോകാം.”
ഉമ്മറത്തേക്കുകയറി തിരുമേനി കിണ്ടിയിൽ നിന്നും ശുദ്ധജലമെടുത്ത് ഒരുതവണകൂടി കാലുകൾ കഴുകി ശുദ്ധിവരുത്തി.
നേരെച്ചെന്നുകയറിയത് ഇടനാഴി കഴിഞ്ഞുള്ള വലതുഭാഗത്തെ കിഴക്കോട്ടുമുഖമുള്ള പൂജാമുറിയിയിലേക്കായിരുന്നു.
കൂടെച്ചെന്ന ഗൗരി അവിടുത്തെ കാഴ്ച്ചകൾ കണ്ട് അമ്പരന്നു നിന്നു.
നിലത്ത് പട്ടിൽ ഭദ്രകാളിയുടെ വലിയൊരു വിഗ്രഹം. ദേവിയുടെ കാലുകൾ കുങ്കുമംകൊണ്ട് മൂടിയിരിക്കുന്നു.
ചുറ്റിലും ദീപം കൊളുത്തി പൂജാമുറിയെ വർണ്ണാലങ്കാരമാക്കിയിട്ടുണ്ട്.
തിരുമേനി നിലത്ത് പീഠത്തിലിരുന്ന് കൈവിളക്കിൽ തിരിയിട്ടുകത്തിച്ചു.
ശേഷം ദേവിയെ സ്തുതിച്ചുകൊണ്ട് നാമങ്ങളാൽ അഭിഷേകം ചെയ്തു.
പ്രാർത്ഥന കഴിഞ്ഞ് തിരുമേനി അംബികചിറ്റയെ വിളിച്ച് നിലവറയിലെ പരദേവതകൾക്ക് വിളക്ക് തെളിയിക്കുവാൻ കൈവിളക്ക് ചിറ്റയുടെ നേരെ നീട്ടി.
അംബികചിറ്റ വിളക്ക് ഏറ്റുവാങ്ങി ഗൗരിയെയും വിളിച്ച് നിലവറയിലേക്ക് നടന്നു.
അടുക്കള ഭാഗത്തുനിന്ന് അല്പം വലത്തോട്ടുമാറി ചെറിയ ഇടനാഴിയിലൂടെ അവർ മുന്നോട്ടുനടന്നു.
ഓരോ കാൽപാദങ്ങൾ വയ്ക്കുംതോറും അന്ധകാരം ചുറ്റിലും വ്യാപിച്ചുകൊണ്ടിരുന്നു.
“ചിറ്റേ, ന്തൊരു ഇരുട്ടാ “
അംബികചിറ്റയുടെ ഇടതുകൈയിൽ ഗൗരി പിടിമുറുക്കി.
അല്പം നടന്നതിനുശേഷം നിലവറക്ക് സമാന്തരമായി ഒരുവാതിൽ അടഞ്ഞുകിടക്കുന്നതുകണ്ട ഗൗരി ചിറ്റയോട് കാര്യം തിരക്കി.
“മനക്കലിൽ ദുർമരണപ്പെട്ടവരുടെ ആത്മാക്കളെ അച്ഛൻ അടക്കംചെയ്തത് ഈ അറക്കുള്ളിലാ”
ചിറ്റ കൂടെയുണ്ടെങ്കിലും ഭയം അവളെ വേട്ടയാടിയിരുന്നു.
ക്ഷയിച്ചുപോയ വിജാവിരിയുടെ ശബ്ദം
നിലവറയുടെ വാതിൽ തുറന്നപ്പോൾ
നിറഞ്ഞൊഴുകി.
കൈവിളക്കിന്റെ വെളിച്ചത്തിൽ കല്ലുകൊണ്ട് രൂപകൽപന ചെയ്ത് പരദേവതകളെ ഗൗരി പൂർണ്ണമായും കണ്ടു.
എണ്ണക്കറ പിടിച്ച ചിരാതിൽ കൈയിൽകരുതിയ എണ്ണയൊഴിച്ച് തിരിയിട്ടുകത്തിച്ചു.
ഗൗരി ചിറ്റയുടെ പ്രവർത്തനങ്ങൾ കണ്ട് അദ്‌ഭുതപ്പെട്ടുനിന്നു.
“ഹോ, എന്നാലുമെന്റെ ചി….”
പറഞ്ഞു മുഴുവനാക്കാൻ നിൽക്കുമ്പോഴേക്കും അംബികചിറ്റ ഗൗരിയുടെ ആർദ്രമായ ചുണ്ടുകൾ കൈകൊണ്ട് പൊത്തിപ്പിടിച്ചു.
“ശ്………….”മിണ്ടാരുതെന്ന് ആംഗ്യം കാണിച്ചുണ്ട് അവർ അല്പനേരം കണ്ണുകളടച്ചു നിന്നു.
ചുറ്റിലും നോക്കിയ ഗൗരിക്ക് അവളുടെ ഹൃദയമിടിപ്പിന്റെ ശബ്ദം പുറത്തേക്ക് കേൾക്കാമായിരുന്നു.
“തിരിഞ്ഞുനോക്കാതെ വാ മോളേ…”
കണ്ണുകൾ തുറന്ന് ചിറ്റ ഗൗരിയുടെ ചെവിൽ പതിയെ പറഞ്ഞു.
വിളക്കിന്റെ മഞ്ഞവെളിച്ചതിൽ ചിറ്റ നിലവറയുടെ വാതിൽ അഴിയിട്ടുപൂട്ടി.
കൈവിളക്കും പിടിച്ചുകൊണ്ട് ചിറ്റ മുന്നിൽ നടന്നു.
പിന്നിൽ ആരൊക്കെയോ നിലവിളിക്കുന്ന ആ ശബ്ദം കേട്ടയുടനെ അംബികചിറ്റ ഗൗരിയുടെ കൈയുംപിടിച്ച് വേഗത്തിൽ നടന്നു.
തിരിഞ്ഞുനോക്കിയ ഗൗരി അന്ധകാരത്തിൽ ആരൊക്കെയോ കൈകാലുകളിട്ടടിച്ച് നിലവിളിച്ചു കരയുന്നതുപോലെ തോന്നി.
“ചിറ്റേ..വിട്, ആരോ അവിടെ ?..”
ഗൗരി തന്റെ കൈകൾ ബലമായി കുടഞ്ഞു.
അപ്പോഴേക്കും അവർ ഇടനാഴികയിലെത്തിയിരുന്നു.
നിലാവെളിച്ചം കിളിവാതിലിലൂടെ അകത്തേക്കുകടന്നുവന്നു.
“ഹും, ”
ചിറ്റയുടെ കൈവിട്ട് ഗൗരി ദേഷ്യത്തോടെ ഉമ്മറത്തേക്കുനടന്നു..
“മുത്തശ്ശാ..”
ഉമ്മറത്തിണ്ണയിൽ ഇരിക്കുകയായിരുന്ന തിരുമേനിയെ ഗൗരി നീട്ടിവിളിച്ചു.
“എന്താ മോളേ?”
ചാരുകസേരയിൽ ഇരുന്നുകൊണ്ട് അദ്ദേഹം ചോദിച്ചു.
“അവിടെ, നിലവറക്കുള്ളിൽ ആരോ കരയുന്നു.”
“അവിടെയൊന്നുല്ല്യാ കുട്ട്യേ, നിനക്ക് തോന്നിതാകും”
തിരുമേനി അവളെ പറഞ്ഞു സമാധാനിപ്പിച്ചു.
“അല്ല..! ഞാൻ കേട്ടു.”
അതിനെക്കുറിച്ച് കൂടുതലൊന്നും പറയാതിരിക്കാൻ തിരുമേനി അവൾ ഫോണിലൂടെ വിളിച്ചുചോദിച്ച കാര്യത്തെ കുറിച്ചു ചോദിച്ചു.
അപ്പോളാണ് താൻ മുൻപുകണ്ട കറുത്തരൂപത്തെകുറിച്ച് ഗൗരി ഓർത്തെടുത്തത്.
“മുത്തശ്ശാ, സത്യം പറഞ്ഞാൽ അക്കാര്യാ ഞാൻ ആദ്യം ചോദിക്കണം ന്ന് വിചാരിച്ചെ.
എന്താ അത് ഒരു… നിഴൽപോലെ..?
തിരുമേനി തന്റെ മിഴികൾ അല്പനേരം അടച്ചുപിടിച്ചു.
“മോളെ ഗൗരി, അമാവാസിയിലെ കാർത്തികയാണ് നിന്റെ ജനനം.
ആറ് നക്ഷത്രങ്ങൾ ചേർന്നതാണ് കാർത്തിക.
കൃത്തികമാർ എന്ന ആറ് ദേവിമാരുടെ സങ്കൽപ്പമായാണ് ഇതിനെ കാണുന്നത്.
പാർവ്വതി പരമേശ്വര പുത്രനായ കാർത്തികേയനെ ഗർഭത്തിൽ വഹിച്ചത്
ഈ കൃത്തികമാരാണെന്ന് പുരാണത്തിൽ പറയുന്നുണ്ട്. ദശാനാഥൻ സൂര്യനും, സർവ്വവും ശുദ്ധിയാക്കുന്നഅഗ്നി ദേവനുമാണ്.
മറ്റാർക്കും ചെയ്യാൻ പറ്റാത്ത, അല്ലങ്കിൽ അവർക്കാർക്കും കാണാൻ കഴിയാത്ത കാഴ്ച്ചകൾ ചിലപ്പോൾ നിനക്ക് കാണാൻ കഴിഞ്ഞെന്നുവരും. അത് നിനക്കുള്ള പ്രത്യേകതകയാണ്. അങ്ങനെ ഓരോ ജന്മങ്ങൾക്കും ഓരോ പ്രത്യേകയുണ്ട്.”
“മുത്തശ്ശാ, എന്റെ ചോദ്യത്തിനുള്ള ഉത്തരം താ…
എന്താ ഒരു നിഴൽപോലെ? “ഗൗരി തിരുമേനിയുടെ അടുത്തേക്ക് ചേർന്നിരുന്നു.
“നിന്റെ സാനിധ്യം ആഗ്രഹിക്കുന്നയാൾ,
അല്ലങ്കിൽ നിന്നിലൂടെ എന്തെങ്കിലും നേടിയെടുക്കാൻ… അതുമല്ലങ്കിൽ
നിന്നിലൂടെ എന്തെങ്കിലും കാണിച്ചുതരാൻ!!”
“അപ്പോൾ ഞാൻ കണ്ടത് ?..”
തിരുമേനിയുടെ കൈകളിൽ പിടിച്ചുകൊണ്ട് അവൾ ചോദിച്ചു.
“ഒരാത്മാവായിരിക്കാം, നിസ്സഹായനയി നിൽക്കുന്ന അവൻ അല്ലങ്കിൽ അവൾ. ആരോ. “
“അപ്പൊ ആ കറുത്തരൂപം ഡോക്ടറുടെ മരിച്ച മകളുടെ കൈയുംപിടിച്ചുപോകുന്നത് ഞാൻകണ്ടല്ലോ അതോ ?..”
“നീ കണ്ടോ? അത് മരിച്ചുപോയ ആ അതേകുട്ടിയാണെന്ന്.”
“ഉവ്വ് ഞാൻ കണ്ടു.”
ഗൗരി ഉറപ്പിച്ചുപറഞ്ഞു.
“ആയിരിക്കില്ല്യ, അങ്ങനെയാണെങ്കിൽ ഒറ്റത്തവണയെ നിനക്ക് ആ രൂപത്തെ കാണാൻ സാധിക്കൂ. ഇതിപ്പോ മൂന്നുതവണ മോള് കണ്ടിരിക്കുന്നു!!
എന്റെ ഊഹം ശരിയാണെങ്കിൽ, ആത്മാവിന് മോക്ഷംലഭിക്കാത്ത ഏതോ ഒരാത്മാവ്.”
“ദേ, മുത്തശ്ശാ മനുഷ്യനെ ഒരുമാതിരി പേടിപ്പിക്കാൻ നോക്കല്ലേ. അല്ലെങ്കിലേ ഞാൻ നെട്ടിളകിയിരിക്യാ…”
ഭയത്തോടെ ഗൗരി പറഞ്ഞു.
“ഹഹഹ, ഇന്ന്
മന്ത്രികപ്പുരയിൽ പ്രത്യേക പൂജയുണ്ട്, അതുകഴിഞ്ഞാൽ നിനക്ക് ഞാനൊരു ചരട് ജപിച്ചുതരാം. അത് പുണ്യാഹംകൊണ്ടുകഴുകി ശുദ്ധിവരുത്തി വലതുകൈയിൽ കെട്ടണം. മാസമുറയെത്താറാകുമ്പോൾ അതഴിച്ചുവച്ച്
ആ ഏഴുനാൾ, മനയിൽനിന്ന് പുറത്തിറങ്ങാതെ മുറിയിലിരിക്കണം.
അങ്ങനെയാണെങ്കിൽ നിന്നെ പിന്തുടരുന്ന ആ കറുത്തരൂപത്തെ മുത്തശ്ശൻ കാണിച്ചുതരാം.”
സത്യമെന്താണെന്നറിയാനുള്ള ആകാംക്ഷയിൽ ഗൗരി സമ്മതിച്ചു.
“നാളെ, അമ്മു വരുന്നുണ്ട്.
അവൾടെ സ്കൂളുപൂട്ടി, ഇനി നിന്റെകൂടെ ണ്ടാകും കുറച്ചൂസം.”
ഗൗരിയുടെ അച്ഛൻപെങ്ങളുടെ മകളാണ് അമ്മു.
കുഞ്ഞുന്നാളിൽകണ്ട ഓരോർമ്മയേയുള്ളൂയെങ്കിലും
അച്ഛൻ ഇടക്കുനാട്ടിൽവരുമ്പോൾ എടുക്കുന്ന ഫോട്ടോയിൽ കണ്ട പരിജയവും ഫോണിലൂടെയുള്ള സംസാരവുംകൊണ്ട് അടുത്തറിയാം.
“ഉവ്വോ, ”
സന്തോഷത്തോടെ ഗൗരി മുത്തശ്ശന്റെ കവിളിൽ ചുംബിച്ചുകൊണ്ട് എഴുന്നേറ്റു.
“പിന്നെ, അംബികയോട് കൂടുതലൊന്നും ചോദിക്കരുത്. നിനക്ക് ന്തേലും സംശയം ണ്ടെങ്കിൽ ന്നോട് ചോദിക്ക്യാ..”
“മ് “
അതിനുമറുപടിയായി അവൾ ഒന്നുമൂളുകമാത്രമേ ചെയ്തൊള്ളൂ.
“എന്നാ അത്താഴം കഴിച്ചിട്ട് കിടന്നോളൂ.”തിരുമേനി ചാരുകസേരയിൽ നീണ്ടുനിവർന്ന് കിടന്നു.
“ഇത്രനേരത്തെയോ ?..”
നെറ്റി ചുളിച്ചുകൊണ്ട് ഗൗരി ചോദിച്ചു.
“പിന്നെ, സൂര്യോദയത്തിന് മുൻപേ എല്ലാവരും എണീക്കണം.”
കിടന്നുകൊണ്ട് മുത്തശ്ശൻ പറഞ്ഞു.
മറുത്തൊന്നും പറയാതെ ഗൗരി അടുക്കളയിലേക്കു ചെന്നു.
ചിറ്റയെ സഹായിക്കുന്ന രണ്ടു സ്ത്രീകൾ അടുക്കളയിൽ പാത്രം കഴുകിനിൽക്കുന്നുണ്ടായിരുന്നു.
ഗൗരി അത്താഴം കഴിക്കാൻ ഊണുമേശയുടെ അടുത്തുചെന്നിരുന്നു.
ചിറ്റ ഇലയിട്ട് ആവിപറക്കുന്ന നെല്ലുകുത്തരിചോറുവിളമ്പി.
കൂടെ തേങ്ങ വറുത്തറച്ച സാമ്പാറും, അവിയലും, പപ്പടവും, കടുമാങ്ങാഅച്ചാറും.
ഇലവടിച്ച് വൃത്തിയാക്കി ഗൗരി കസേരയിൽ നിന്നെഴുന്നേറ്റു.
“ചിറ്റേ, ഈ ഭക്ഷണത്തിന്റെ ഏഴയലത്തു വരില്ലാ ബാംഗ്ലൂരിൽനിന്ന് കഴിക്കുന്ന ഭക്ഷണം.”
“ഉവ്വ്, ചെന്നുകൈകഴുകൂ.. എന്നിട്ട് ഉറങ്ങാൻ നോക്ക് നാളെ സൂര്യോദയത്തിനു മുൻപേ എണീക്കണം.”
കൈകഴുകിയ ഗൗരിയെ അംബികചിറ്റ
മുറിയിൽ കൊണ്ടുകിടത്തി.
കെ ആർ മീരയുടെ ആരാച്ചാർ വായിച്ചുകിടന്ന് അറിയാതെ അവൾ ഉറക്കത്തിലേക്ക് വഴുതിവീണു.
രാത്രിയുടെ യാമങ്ങൾ കടന്നുപോയി.
പെട്ടന്ന് കൂട്ടമണിയടിയുടെ ശബ്ദംകേട്ട് ഗൗരി ഉറക്കത്തിൽനിന്ന് ഞെട്ടിയെഴുന്നേറ്റു.
“ആരാ ഈ രാത്രിയിൽ…”
ജാലകത്തിനരികിലേക്കുവന്ന് ഗൗരിപുറത്തേക്കുനോക്കി. പൂർണചന്ദ്രൻ പുഞ്ചിരിപൊഴിച്ചുകൊണ്ടു നില്ക്കുന്നു.
കാട്ടുമുല്ല വിരിയുന്ന സുഗന്ധം ജാലകത്തിലൂടെ അകത്തേക്ക് കയറിവന്നു.
“ഇല്ല..! ഇപ്പോൾ കേൾക്കുന്നില്ലല്ലോ”
അവൾ സ്വയം പറഞ്ഞു.
ഗൗരി കിഴക്കേഭാഗത്തെ ജാലകപൊളി തുറന്നുനോക്കി.
നിലാവല ഒഴുകി നടക്കുന്നു.
ചെമ്പപ്പൂവിരിഞ്ഞു തുടങ്ങി.
തിങ്കൾ അവയോരോന്നിയെയും തഴുകി തലോടികൊണ്ടേയിരുന്നു.
കിഴക്കുനിന്ന് ഇളംതെന്നൽ അവളുടെ മുടിയിഴകളെ തഴുകി.
അവളുടെ മുഖം നിലാവിന്റെ നീലവെളിച്ചത്തിൽ തിളങ്ങിനിന്നു.
പെട്ടന്ന് മണിയടിശബ്ദം വീണ്ടും കേട്ടു.
ശബ്ദം കേട്ടദിക്കിലേക്ക് അവൾ സൂക്ഷിച്ചുനോക്കി.
ദൂരെ ചെറിയൊരു കുടിൽ. അഗ്നിയുടെ വെളിച്ചത്തിൽ രണ്ടോ മൂന്നോപേർ ഇരിക്കുന്നത് കാണാം.
അല്പനേരം കൂടെ കാത്തിരുന്നപ്പോൾ അവിടെനിന്നും മന്ത്രോച്ചാരണങ്ങൾ കേൾക്കാൻ തുടങ്ങി.
“ദേവീ, മുത്തശ്ശനാണല്ലോ അത്. രാവിലെ മാന്ത്രികപ്പുരയിൽ പ്രത്യേക പൂജയുണ്ടെന്ന് പറഞ്ഞിരുന്നു. ഇനി ഇതാണോ അത്.
അവൾ തന്റെ മൊബൈൽ എടുത്തുനോക്കി.
സമയം 1.10.“ഈ സമയത്ത് എന്തുപൂജയാ മുത്തശ്ശൻ ചെയ്യുന്നേ?..”
ഉദിച്ചുയർന്ന സംശയം അവളുടെ നിദ്രയെ തടസപ്പെടുത്തി.
“ഇനി മുത്തശ്ശൻ പറഞ്ഞ പൂജയാണോ ഇത്. ഒന്നുപോയിനോക്കിയാലോ?”
ജാലകത്തിലൂടെ പുറത്തേക്കുനോക്കിക്കൊണ്ട് അവൾ സ്വയം ചോദിച്ചു.
“മുത്തശ്ശനല്ലേ, പോയിനോക്കാം.”
ഗൗരി തന്റെ ഷാളെടുത്തുതോളിലേക്കിട്ടു.
ശബ്ദമുണ്ടാക്കാതെ കോണിപ്പടികൾ ഇറങ്ങി ഉമ്മറവാതിലിലൂടെ പുറത്തേക്കുനടന്നു. കിഴക്കേ മാന്ത്രികപ്പുര ലക്ഷ്യമാക്കി അവൾ ഓരോകാൽച്ചുവടുകൾവച്ചു.
അല്പം നടന്നപ്പോൾ മാന്ത്രികപ്പുരയിലേക്കുള്ള വഴി ഇതല്ലന്ന് മുന്നിൽ കാടുകെട്ടിയ ചെറിയ കാട്ടുവള്ളികളും, ചെടികളും പറഞ്ഞു.
തന്റെ മൃദുലമായ കൈകൾകൊണ്ട് അവയെ വകഞ്ഞുമാറ്റി വെളിച്ചം കാണുന്ന ദിക്കിലേക്കുനടന്നു.
മന്ത്രങ്ങളുടേയും കൈമണിയുടേയും ശബ്ദം അടുത്തുകൊണ്ടിരുന്നു.
പെട്ടന്ന് തന്റെ പിന്നിലൊരു കാൽപ്പെരുമാറ്റംകേട്ട ഗൗരി ഒരുനിമിഷം നിശ്ചലമായി നിന്നു.
ഇതുവരെ തോന്നാത്ത ഭയം ഒരുനിമിഷംകൊണ്ട് അവളിൽ വർദ്ധിച്ചു.
തണുത്തകാറ്റുവീശുന്ന രാത്രിയിലും അവളുടെ നെറ്റിയിൽനിന്ന് വിയർപ്പുതുള്ളികൾ ഒലിച്ചിറങ്ങി.
ഗൗരി പിന്നിലേക്കു നോക്കി..
“ഇല്ല്യാ, അരുമില്ല്യാ..”
വിണ്ണിൽ പൂർണചന്ദ്രനെ മറയ്ക്കുംവിധം കാർമേഘംവന്നുമൂടി.
പെട്ടന്നുതന്നെ അന്ധകാരം ചുറ്റിലുംവ്യാപിച്ചു.
മാന്ത്രികപ്പുരയിൽ കാണുന്ന അഗ്നിവെളിച്ചം മാത്രം.
“അമ്മേ ദേവീ,..രക്ഷിക്കണേ..”
ഗൗരി അറിയാതെ പറഞ്ഞു.
താനെടുത്ത ഈ തീരുമാനം തെറ്റായിപ്പോയിയെന്ന് ചുറ്റുമുള്ള കൂരിരുട്ട് തെളിയിച്ചുകൊണ്ടിരുന്നു
ഒരുനിമിഷം അവൾ പിന്നിലേക്ക് തിരിഞ്ഞു മനയിലേക്കുനോക്കി.
തന്റെ മുറിയിലെ ബൾബ് കത്തിക്കൊണ്ടിരിക്കുന്നു.
സർപ്പങ്ങൾ സീൽക്കാരം മീട്ടുന്ന ശബ്ദം കേട്ട് ഗൗരി ഒന്നൊതുങ്ങിനിന്നു.
ചെറുവിരലിൽനിന്നും ഭയം പെരുത്തുകയറി.ധൈര്യം സംഭരിച്ച് അവൾ മന്ത്രികപ്പുര ലക്ഷ്യമാക്കി നടന്നു.
പതിയെ അവൾ രണ്ടടി ഉയരത്തിൽകെട്ടിയ ചുറ്റുമതിൽ എടുത്തുചാടി മന്ത്രികപ്പുരയുടെ
വാതിലിനടുത്തേക്ക് ചെന്നു.
വലിയൊരു ഹോമകുണ്ഡം.
ചുറ്റിലും ആറുപേർ ഇരുന്ന് മന്ത്രങ്ങൾ ജപിക്കുന്നു.
തിരുമേനിയാണ് പൂജകൾക്ക് നേതൃത്വം നൽകുന്നത്.
ആളിക്കത്തുന്ന അഗ്നിയിലേക്ക് നെയ്യ് അവർ ആറുപേരും ഒരുമിച്ച് അർപ്പിക്കുന്നുണ്ടായിരുന്നു.
നിമിഷനേരംകൊണ്ട് അഗ്നി നീലനിറത്തിൽ ആളിക്കത്തി.
അഗ്നിക്കുമുകളിലുള്ള ആ ഭീകരമായ കാഴ്ച്ചകണ്ട ഗൗരിയുടെ കണ്ണുകൾ മങ്ങി.
തൊണ്ടയിൽ ഉമിനീരുവറ്റി.
താൻ കാണുന്നത് സത്യമാണോയെന്നു വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല.
തുടരും…
244800cookie-checkവാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ് Part 7