സുന്ദരി – 8

ശരീരത്തിലേക്ക് തുളഞ്ഞുകയറുന്ന തണുപ്പ്. നെറ്റിയിലെ വേദന ഓരോ നിമിഷവും അധികരിക്കുന്നപോലെ… അടുത്ത നിമിഷം ഞാൻ ഞെട്ടിയുണർന്നു. വലിയൊരു ഉറക്കം കഴിഞ്ഞത് പോലെയുള്ള ഒരു ഫീൽ. നല്ല വൃത്തിയുള്ള ഒരു ഹോട്ടൽ മുറിയിലാണ് ഞാനിപ്പോൾ.
എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ അല്പം പ്രയാസം തോന്നി.

എന്നാൽ ആ കാര്യങ്ങൾ മനസിലേക്ക് വന്നതും എന്നിലൂടെ ഒരു വിറയൽ കടന്നുപോയി.

പെട്ടന്ന് കതകിൽ ശക്തമായ തട്ടലും ആരുടെയൊക്കെയോ ആക്രോശങ്ങളും കേട്ടു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവുന്നില്ല.

അപ്പോൾ മാത്രമാണ് ഞാനെന്നെ ശ്രെദ്ധിക്കുന്നത്. എന്റെ ശരീരത്തിൽ ആകെയുണ്ടായിരുന്നത് ഒരു ബോക്സർ മാത്രമാണ്. ഞാനെങ്ങനെ ഇവിടെയെത്തി എന്നതിനെപ്പറ്റി ഒരു ഓർമയും ഇല്ല.

എന്നാൽ എന്റെ തൊട്ടടുത്ത് മയങ്ങിക്കിടക്കുന്ന താടകയെ കണ്ടപ്പോൾ എന്റെ ചോര വാർന്നുപോയി.

“അപ്പോൾ ഒക്കെ ഒരു ട്രാപ് ആയിരുന്നോ…!”

തൊട്ടടുത്ത നിമിഷം കതക് ചവിട്ടിപ്പൊളിച്ച് കുറച്ച് പോലീസുകാർ അകത്ത് കയറി. ആദ്യംതന്നെ കവിളടച്ചോന്ന് കിട്ടി.

പിന്നാലെ വന്ന വനിതാ പോലീസുകാർ മയങ്ങിക്കിടന്ന അഭിരാമിയെയും തട്ടിയുണർത്തി.

ഉറക്കം ഞെട്ടി പോലീസുകാരെ ഒക്കെ കണ്ട് പകച്ച അവൾ എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കിയതും കണ്ണുകൾ നിറച്ചു .

എന്റെ ഷർട്ടും പാന്റും റൂമിൽ അവിടെഇവിടെ ആയി കിടപ്പുണ്ട്. എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ വലിച്ചിഴച്ച് പുറത്തേക്ക് അവർ കൊണ്ടുപോയി.അപ്പോഴും ആ ബോക്സർ മാത്രമായിരുന്നു എന്റെ വേഷം.

മീഡിയ ഒന്നുമില്ല. പക്ഷേ ആ ഹോട്ടലിലെ ജീവനക്കാരൊക്കെ നോക്കി നിൽക്കുന്നുണ്ട്.

അഭിരാമി ആണെങ്കിൽ കരച്ചിലാണ്. എനിക്കും എന്താണ് ചെയ്യേണ്ടത് എന്ന ഒരു ഊഹമില്ലായിരുന്നു.

എനിക്ക് താടകയോട് വല്ലാത്ത ദേഷ്യം തോന്നി. ഒരുക്കലും അവളിത്ര ചീപ്പായി പെരുമാറുമെന്ന് ഞാൻ കരുതിയിരുന്നില്ല.

അതാലോചിക്കുന്തോറും താടകയോടുള്ള വെറുപ്പ് കൂടിക്കൊണ്ടിരുന്നു.

ഞാനൊന്ന് അവളെ മുഖമുയർത്തി നോക്കി.

അവിടെ കരച്ചിലാണ്. അവളുടെ കണ്ണുകൾ ചുവന്ന് ഇടുങ്ങിയപോലെ തോന്നി. പക്ഷേ അവളുടെയാ കള്ളക്കരച്ചിൽ കാണുമ്പോൾ എടുത്ത് നിലത്തടിക്കാൻ തോന്നുന്നുണ്ട്.
അവളുടെ അഭിനയത്തിന് കൊടുക്കാൻ പുതിയ വല്ല അവർഡും കണ്ടുപിടിക്കേണ്ടിവരും അത്ര ഗംഭീരമാണ് അവളുടെ അഭിനയം.

പുറത്തേക്ക് വലിച്ചിഴക്കുമ്പോഴും ഇടയ്ക്കിടെ എന്റെ കവിളിൽ ഓരോ അടി കിട്ടിക്കൊണ്ടിരുന്നു.

ആകെയൊരു മരവിപ്പ്. അവളോടൊപ്പം ഇറങ്ങിത്തിരിക്കാൻ തീരുമാനിച്ച നിമിഷത്തെ ഞാൻ പഴിച്ചു.

ഒരുകുറ്റവും ചെയ്യാതെ ഒരു കുറ്റക്കാരനായി എന്നെ പോലിസ് ജീപ്പിലേക്ക് വലിച്ചെറിയപ്പെട്ടു. മനസ് ശൂന്യമാണ്. അതിൽ ആകെ എനിക്ക് തിരിച്ചറിയാൻ പറ്റുന്നത് താടകയോടുള്ള വെറുപ്പ് മാത്രമാണ്. അവളിൽ നിന്നും ഇത്ര തരംതാണ ഒരു പണി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

എത്രനേരം അങ്ങനെ ജീപ്പിൽ ഇരുന്നെന്ന് ഒരു പിടുത്തവുമില്ല. കാരണം എന്റെ മനസ് എന്റെ നിയന്ത്രണത്തിൽ അല്ലായിരുന്നു. അതാകെ മരവിച്ച് കിടക്കുകയായിരുന്നു.

ഏതോ ഒരു പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന ജീപ്പിൽനിന്ന് ഞങ്ങളെ വലിച്ച് പുറത്തേക്കിറക്കി.

അവിടെ എന്റെയും അവളുടേടും മാതാപിതാക്കൾ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.

അമ്മ ആകെ കരഞ്ഞ് തളർന്നപോലെ ആയിരുന്നു. അത് കൂടെ കണ്ടതും എന്റെ പിടിവിട്ട് പോയി. കണ്ണ് നിറഞ്ഞു. നെഞ്ചിൽ ഭരമേറി. കരയുകയായിരുന്നു ഞാൻ.

ഒരു കുറ്റവും ചെയ്യാതെ അവരുടെ മുന്നിൽ ഒരു തെറ്റുകാരാനെപ്പോൽ നിൽക്കുമ്പോൾ എന്റെ ഹൃദയം നുറുങ്ങുന്നതുപോലെ ആയിരുന്നു എനിക്ക്. ഞങ്ങളെ രണ്ടുപേരെയും അകത്തേക്ക് കൊണ്ടുപോയി. അവിടെ നിന്നിരുന്ന പോലീസുകാരിൽ ഒരാൾ അലിവ് തോന്നിയിട്ട് ആണെന്നുതോന്നുന്നു എനിക്കെന്റെ ഡ്രസ്സ്‌ എടുത്ത് തന്നു.

കുറച്ച് കഴിഞ്ഞ് എന്റെയും അവളുടെയും അച്ഛനെ അകത്തേക്ക് വിളിപ്പിച്ചു.

ഇൻസ്‌പെക്ടർ അവരോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. എനിക്കാണേൽ എന്താണ് സംഭവിക്കുന്നത് എന്ന് ഒരെത്തുമ്പിടിയും കിട്ടിയില്ല.

ഞാൻ സത്യാവസ്ഥ പറയാൻ ശ്രെമിച്ചെങ്കിലും ആരും അത് കേൾക്കാൻ കൂട്ടാക്കിയില്ല. അഭിരാമിയെ നോക്കുമ്പോൾ കരഞ്ഞുകൊണ്ടാണെങ്കിലും അവളും എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

കുറച്ച് നേരത്തെ കാര്യമായ ചർച്ചക്ക് ശേഷം മൂവരും ഞങ്ങളെ നോക്കി.

അവളുടെ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.

അദ്ദേഹം അവളുടെ അടുത്തേക്ക് ചെന്നു. തൊട്ടടുത്ത നിമിഷം അവളുടെ കരണം പുകച്ചൊരടി കൊടുത്തു. അയാളെ 2 പോലീസുകാർ പിടിച്ചുമാറ്റി.

” അച്ഛനേം അമ്മേനേം നാണംകെടുത്തിയപ്പോൾ സമാധാനം ആയില്ലേടി… ”

അവൾക്ക് നേരെയൊന്ന് ചീറി അയാൾ എന്നെ ഒന്ന് നോക്കി.
ഇന്നലെ വീട്ടിൽ വന്നപ്പോൾ ഉണ്ടായിരുന്ന ഭാവമല്ല ആ മുഖത്ത്. കലിപ്പിച്ചോന്ന് നോക്കി അയാൾ അവിടന്ന് ഇറങ്ങിപ്പോയി.

അതുകൂടെ ആയതും അഭിരാമി വലിയ വായിൽ കരഞ്ഞുതുടങ്ങി.

“ശവം… കിട്ടിയത് കുറഞ്ഞുപോയി ഒരഞ്ചാറെണ്ണം കൂടെ കൊടുക്കായിരുന്നു…!”

ആ അവസ്ഥയിൽ നിക്കുമ്പോഴും മനസിലേക്ക് വന്നത് അതാണ്.

അച്ഛൻ എന്റടുത്തേക്ക് വന്നു.

“ഈശ്വരാ… ഇനി എനിക്കുള്ളത് തരാനാണോ….”

ഒന്ന് പകച്ചു. അച്ഛനോട് എല്ലാം തുറന്ന് പറയണം എന്ന് തോന്നി.

” അച്ഛാ…!… ”

പറയാൻ സമ്മതിച്ചില്ല. കയ്യുയർത്തി എന്റെ ശ്രമത്തെ തടഞ്ഞു. അതോടൊപ്പം എന്റെ നെറ്റിയിലെ മുറിവിലേക്ക് അച്ഛന്റെ കണ്ണൊന്ന് പാളിവീഴുന്നത് കണ്ടു. ആ മുഖമൊന്ന് വലിഞ്ഞുമുറുകി… പിന്നേ ശാന്തമായി.

” നടക്ക്…ചെന്ന് വണ്ടീ കേറ് ”

അച്ഛന്റെ ശബ്ദം… വല്ലാത്ത ഒരു ആത്നാശക്തി ഉണ്ടായിരുന്നു അതിന്.

എന്തുകൊണ്ടോ എന്റെ തലകുനിഞ്ഞുപോയി. പുറത്തേക്കിറങ്ങുമ്പോൾ സാരിത്തുമ്പ് കൊണ്ട് വായ പൊത്തിക്കരയുകയാണ് അമ്മ.

അത് കണ്ട് എന്റെ മനസ് പിടഞ്ഞു. ഞാനമ്മയുടെ അടുത്തേക്ക് നടന്നു. തലക്ക് കൊണ്ട അടിയുടെ കനം ഇപ്പോഴും മാറിയിട്ടില്ല.

ഞാൻ അടുത്തെത്തിയതും അമ്മ കരഞ്ഞുകൊണ്ട് കൈവീശിയെന്നെ അടിച്ചു.

” അമ്മേ….!.!” ഞാൻ ഞെട്ടലോടെ വിളിച്ചു.

” ഇനി നീയെന്നെയങ്ങനെ വിളിച്ചുപോകരുത്… നീയൊക്കെയൊരു മനുഷ്യനാണോ… നീയെന്റെ വയറ്റിൽത്തന്നെ വന്ന് പിറന്നല്ലോടാ….തുഫ്… ”

അമ്മ ആദ്യമായാണ് എന്നെ അടിക്കുന്നത്. പക്ഷേ അതിനേക്കാൾ എന്നെ വേദനിപ്പിച്ചത് അമ്മയുടെ വാക്കുകളാണ്. കണ്ണ് നിറഞ്ഞു.

അത് കവിളിലൂടെ ചാലിട്ടൊഴുകി.

ആരും ഞാൻ പറയുന്നത് കൂട്ടാക്കുന്നില്ല. ആരൊക്കെ മനസിലാക്കിയില്ലേലും എന്റെ അമ്മ എന്നെ മനസിലാക്കും എന്നായിരുന്നു എന്റെ ചിന്ത. പക്ഷേ അമ്മയും എന്നെ മനസിലാക്കാൻ തയ്യാറായില്ല.

ഞാൻ കാറിൽ ചെന്ന് ഇരുന്നു. കണ്ണിലുരുണ്ട് കൂടിയ കണ്ണീരിനെ നിയന്ത്രിക്കാൻ പറ്റുന്നില്ല. മനസ് കിടന്ന് പിടച്ചു.

കുറച്ച് കഴിഞ്ഞപ്പോൾ അമ്മയും അച്ഛനും വന്ന് വണ്ടിയിൽ കയറി. പിന്നാലെ അവളും.

അവളെന്തിന് ഞങ്ങളോടൊപ്പം… ചോദിക്കാൻ നിന്നില്ല. മനസ്സിൽ നിറഞ്ഞ ദേഷ്യം പല്ല് കടിച്ചമർത്തി ഒതുക്കി.

അമ്മയുടെയും അവളുടെയും ഏങ്ങലടികൾ കാറിൽ കേട്ടുകൊണ്ടിരുന്നു.

കാർ ചെന്ന് നിന്നത് ഒരു അമ്പലനടയിൽ ആണ്. അപ്പോൾ മാത്രമാണ് എന്താണ് സംഭവിക്കാൻ പോകുന്നത് എന്നതിനെപ്പറ്റി ഞാൻ ചിന്തിക്കുന്നത്. എനിക്ക് അതൊരു ഞെട്ടലായിരുന്നു.
ഇവളെ എന്നെക്കൊണ്ട് കെട്ടിക്കാൻ പോകുവാണോ…!

അച്ഛനോട് എല്ലാം വിളിച്ച് പറയണം എന്ന് ഉണ്ടായിരുന്നു. പക്ഷേ ആ മുഖത്തെ ഭാവം.. അത് കണ്ടപ്പോൾ ശബ്ദമുയർന്നില്ല.

അഭിരാമിയെ ഞാനൊന്ന് കലിപ്പിച്ച് നോക്കി. അവളുടെ മുഖത്തും ഒരു പകപ്പും ഞെട്ടലും ആയിരുന്നു.

ഹോ… എന്താ താടകയുടെ അഭിനയം.

അമ്മ… അമ്മയെ കാണുമ്പോൾ എന്റെ ചങ്ക് കലങ്ങുന്നുണ്ട്. കണ്ണൊക്കെ കരഞ്ഞ് വീർത്ത്…

ഞങ്ങൾ അകത്തേക്ക് കയറി. അച്ഛൻ അവിടെ പൂജാരിയോട് സംസാരിച്ച് നിൽപ്പുണ്ട്.

വാഴയിലക്കീറിൽ പൂജിച്ച മഞ്ഞച്ചരടുമായി അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്റെ ഹൃദയമിടിപ്പ് കൂടി. ഇറങ്ങി ഓടണം എന്ന് തോന്നി. പക്ഷേ പറ്റുന്നില്ല. ശരീരം തളരുന്നപോലെ. കാലുകൾക്ക് ബലമില്ലാത്തപോലെ.

ഞാൻ ദയനീയമായി അച്ഛനെയും അമ്മയെയും നോക്കി.

താടക ഇപ്പോഴും കണ്ണീരോലിപ്പിച്ചു നിൽപ്പുണ്ട്.

” കെട്ടടാ…. ”

താലി കയ്യിലെക്കെടുത്ത് തന്ന് അച്ഛൻ കനപ്പിച്ച് പറഞ്ഞ്. എതിർക്കാൻ കഴിഞ്ഞില്ല. എതിർത്താൽ എന്നെ കൊന്നുകളയും എന്നപോലുള്ള ഭാവമായിരുന്നു അച്ഛന്റെ മുഖത്ത്.

പിടക്കുന്ന മനസും വിറക്കുന്ന കൈകളുമായി ഞാൻ താലി തടകയുടെ കഴുത്തിൽ കെട്ടി. എന്റെ കണ്ണ് നിറഞ്ഞിരുന്നു. താലികെട്ടുമ്പോൾ മനസ്സിൽ തടകയോടുള്ള വെറുപ്പ് മാത്രമായിരുന്നു.

കഴുത്തിൽ താലി വീണതും തടകയുടെ മുഖം കുനിഞ്ഞു. അവളുടെ കരച്ചിൽ ഉയർന്നു. അത് കേട്ട് കലി വന്നെങ്കിലും ഒന്നും മിണ്ടിയില്ല.

അമ്മയുടെ മുഖം നന്നേ കുനിഞ്ഞുപോയി. മകന്റെ വിവാഹത്തെപ്പറ്റി എന്തൊക്കെ സ്വപ്‌നങ്ങൾ കണ്ടുകാണും… പാവം.

****************************************

ഫ്ലാറ്റിലേക്കുള്ള വഴിയിൽ എല്ലാരും തീർത്തും നിശബ്ദമായിരുന്നു. മനസാകെ ശൂന്യമായിത്തന്നെ കിടക്കുകയാണ്. ഇവളൊരുത്തി കാരണം എനിക്കെന്റെ അച്ഛനെയും അമ്മയെയും നഷ്ടപ്പെടുന്ന സ്ഥിതിയായി.

ഓരോ നിമിഷവും നെഞ്ചിലെ ഭാരം കൂടിക്കൂടി വന്നു. അച്ഛനെങ്കിലും എന്താണ് സംഭവിച്ചത് എന്ന് ചോദിക്കാമായിരുന്നു.

പക്ഷേ അച്ഛൻ ഒന്നും സംസാരിക്കുന്നില്ല.

പൊതുവെ അച്ഛൻ സംസാരം കുറവാണെങ്കിലും ഇന്നത്തെ ആ മൗനം എന്നെ വല്ലാതെ ഉലച്ചുകൊണ്ടിരുന്നു.

കാർ ഫ്ലാറ്റിലേ പാർക്കിങ്ങിൽ നിന്നപ്പോഴാണ് ചിന്തകളിൽ നിന്ന് ഞാൻ ഉണരുന്നത്.

ഞാൻ കാറിൽനിന്ന് ഇറങ്ങി.

കവിള് പുകയുന്നുണ്ട്. അമ്മാതിരി അടിയാണല്ലോ കിട്ടിക്കൊണ്ടിരുന്നത്.

ഫ്ലാറ്റിലേക് നടക്കുമ്പോൾ ജിൻസി അവളുടെ ഫ്ലാറ്റിന് മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്. പക്ഷെയാ ചുണ്ടിൽകണ്ട പുച്ഛച്ചിരി എന്നെ കുത്തിനോവിച്ചു. അപ്പൊ അവളും അറിഞ്ഞിട്ടുണ്ട്. പക്ഷേ ഇവർ ആരും മനസിലാക്കിയതല്ല സത്യം എന്നത് ഉള്ളിൽ കിടന്ന് പുകഞ്ഞു.
ജിൻസി എന്റെ മുന്നിൽ കതക് വലിച്ചടച്ചു. അവളോട് എന്റെയിഷ്ടം പറയാനായിരുന്നു ഇന്ന് നേരത്തെ വരാമോ എന്ന് ചോദിച്ചിരുന്നത്. പക്ഷേ…!

അതൊക്കെ ആലോചിക്കുമ്പോൾ തലവെട്ടിപ്പൊളിക്കണപോലെ തോന്നുന്നു.

താടകയുടെ കള്ളക്കരച്ചിൽ അപ്പോഴും അവസാനിച്ചിരുന്നില്ല.

ഫ്ലാറ്റിലേക്ക് കയറിയതും അമ്മ നേരെ റൂമിലേക്ക് കയറിപ്പോയി.

അല്ലി നിറകണ്ണുകളോടെ ഞങ്ങളെ നോക്കി നില്ക്കുന്നുണ്ട്. എന്റെ കണ്ണ് വീണ്ടും നിറഞ്ഞു തുടങ്ങി.

തെല്ലൊന്ന് കഴിഞ്ഞപ്പോൾ അമ്മ രണ്ട് ബാഗുമായി പുറത്തേക്ക് വന്നു.

” നിന്നെ… നിന്നെയെനിക്കിനി കാണണമെന്നില്ല… വെറുത്തുപോയി നിന്നെ… എനിക്കിനിയിങ്ങനെ ഒരുമകനില്ല… ഇവിടെവാടി… ”

എന്നോട് പറഞ്ഞ് അല്ലിയുടെ കയ്യും പിടിച്ച് അമ്മ ഫ്ലാറ്റിന് പുറത്തേക്കിറങ്ങി.

അച്ഛൻ ഒരുനിമിഷം എന്നെത്തന്നെ നോക്കി നിന്നു. പിന്നേ എന്റെ നെറ്റിയിലെ മുറിവിലേക്കും. അച്ഛന് എന്തോ സംശയം ഉള്ളത് പോലെ തോന്നി.

എല്ലാം പറയണമെന്ന് കരുതി നിന്നതാണ്. പക്ഷേ അമ്മയുടെ ആ വാക്കുകൾ… അതെന്നെ വല്ലാതെ നോവിക്കുന്നു .

ചങ്കിൽ ചോരപൊടിഞ്ഞുകൊണ്ടിരുന്നു.

” വരണുണ്ടോ ഒന്നിങ്ങട്… ”

പുറത്ത് നിന്ന് അമ്മ അച്ഛനോടായി അലറി. അതോടെ അച്ഛനും പടിയിറങ്ങി.

കരുതിയത് പോലെ താടകകാരണം എനിക്കെന്റെ കുടുംബം നഷ്ടമായി.

അവളെ കൊല്ലണം എന്ന് തോന്നി എനിക്ക്.

എന്റെ ശരീരം ചൂട് പിടിച്ചു. കണ്ണ് തുറിച്ചു. ഞരമ്പിലേക്ക് രക്തമിരച്ചു. ക്രോധം മാലോകരെ അന്ധരാക്കും എന്നത് സത്യമാണ്. ഞാൻ അവൾക്ക് നേരെ നടന്നു.

എന്റെ ഭാവം കണ്ട് വിറച്ച അവൾ കരഞ്ഞുകൊണ്ട് ഓടി ഒരു റൂമിൽക്കയറി വാതിലടച്ചു. കതകിൽ ശക്തിയിൽ അടിച്ചു ഞാൻ. അവളുടെ അടക്കിപ്പിടിച്ച കരച്ചിൽ എനിക്ക് കേൾക്കാമായിരുന്നു.

ഞാൻ ചെന്ന് മുൻവശത്തെ കതക് അടച്ച് ലോക്ക് ചെയ്തു. നേരെ മുറിയിലേക്ക് ചെന്ന് കട്ടിലിലേക്ക് വീണു.

മുഖത്തിനിരുവശത്തേക്കും കണ്ണുനീർ ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു.

അമ്മയുടെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.

“നിന്നെ… നിന്നെയെനിക്കിനി കാണണമെന്നില്ല… വെറുത്തുപോയി നിന്നെ… എനിക്കിനിയിങ്ങനെ ഒരുമകനില്ല…”

” നിന്നെയെനിക്കിനി കാണണമെന്നില്ല…”

അതെന്നിൽ കൊളുത്തി.

ആർക്ക് വേണ്ടിയാണ് ഇനി ജീവിക്കേണ്ടത്.

ആ അമ്മ വളർത്തിയ മകൻ എങ്ങനെ പിഴച്ചുപോകാനാണ് എന്നൊരുവട്ടം പോലും ആലോചിച്ചില്ലല്ലോ…. ഇനിയാർക്കുവേണ്ടി.

ആർക്കും വേണ്ടാത്ത പാഴ്ജന്മമായി എന്തിന് ഇനിയും…
മനസിലേക്ക് കടന്നുവന്ന ചിന്തകൾക്ക് മൂർച്ചക്കൂട്ടാനെന്നോണം കഴിക്കാനായി കൊണ്ടുവച്ചിരുന്ന പഴങ്ങൾക്കിടയിൽ കിടന്ന ഒരു കുഞ്ഞ് കത്തി എന്നെ നോക്കി തിളങ്ങിക്കൊണ്ടിരുന്നു…. അതിന്റെ തിളക്കം എന്നെ അതിലേക്ക് ആകർഷിച്ചുകൊണ്ട്…!!!

തുടരും

1cookie-checkസുന്ദരി – 8

  • പ്രേമം

  • അഡ്വെഞ്ചർസ് 4

  • അഡ്വെഞ്ചർസ് 3