സുന്ദരി – 1

ട്രെയിൻ കണ്ണൂർ സ്റ്റേഷനിൽ എത്തി എന്ന അറിയിപ്പുകേട്ടാണ് ഞാൻ മയക്കംവിട്ടണർന്നത്. ബാംഗ്ലൂരിൽ ഒരു IT കമ്പനിയിലേക്ക് അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്ക് അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടിയത് കഴിഞ്ഞയാഴ്ചയാണ്. അവിടെക്കാണ് ഇപ്പോഴുള്ള ഈയാത്ര.

ഞാൻ രാഹുൽ. കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് എന്റെ വീട്. അച്ഛൻ അമ്മ ഒരു അനിയത്തി ഇതാണെന്റെ കുടുംബം.

അച്ഛൻ വിശ്വൻ, അമ്മ പവിത്ര. പിന്നെ അഞ്ജലി എന്ന ഞങ്ങളുടെ അല്ലിയും.

അച്ഛന്റെ വലിയ ഒരു കുടുംബമാണ്. അച്ഛന് ആകെ 5 സഹോദരങ്ങളാണ്. ഒരു ചേച്ചിയും ഒരു ചേട്ടനും രണ്ട് അനിയന്മാരും ഒരു അനിയത്തിയും. ഇവരെയൊക്കെ വഴിയേ പരിചയപ്പെടാം.

അമ്മ ഒറ്റമോളാണ്.

അഞ്ചുമിനുട്ട് കഴിഞ്ഞ് ട്രെയിൻ വീണ്ടും ഓടിതുടങ്ങി. ട്രെയിൻ മുന്നോട്ട് നീങ്ങുന്തോറും ഉള്ളിലെന്തോ ഒരു പിരിമുറുക്കം…

ആദ്യമായിട്ടാണ് വീട്ടുകാരെയൊക്കെ വിട്ട് ഇത്രയും ദൂരെ… എന്തോ മനസിലൊരു ആശങ്ക നിറഞ്ഞുനിൽക്കുന്നുണ്ട്.

പുതിയ ജോലി പുതിയ സ്ഥലം… സാധാരണ എല്ലാവർക്കും വന്നുപെടാവുന്ന ഒരു ടെൻഷൻ..
ചിന്തകളിൽ നിന്ന് എന്നെ ഉണർത്തിയത് ഫോണിലേക്ക് വന്ന കോൾ ആണ്.

“അല്ലി ” എന്ന പേരോടെ ചിരിച്ചോണ്ട് നിൽക്കുന്ന അവളുടെ ഫോട്ടോകൂടെ കണ്ടപ്പോ നെഞ്ചോന്ന് പിടഞ്ഞു.

ഞാൻ വേഗം കോൾ അറ്റാൻഡ് ചെയ്തു.

” ഹലോ… അല്ലി… ”

എന്നാൽ അപ്പുറത്തുനിന്ന് ഏങ്ങലടികളാണ് മറുപടിയായി കിട്ടിയത്.

” അയ്യേ… അല്ലീ കരയാണോ നീ… എന്തിനാ നീ കരയണേ…

” ഏട്ടാ… നിയ്ക്ക് പറ്റണില്ലയേട്ടാ… ഏട്ടനില്ലാണ്ടിവിടൊരുരസൂണ്ടാവില്ല… ഏട്ടമ്പോണ്ടായേട്ടാ… ഇവിടെ എന്തേലും ജോലിക്ക് പോയാമതി ”

കൊച്ചുപിള്ളാരെപോലെ എങ്ങലുകൾക്കിടയിൽ എണ്ണിപ്പെറുക്കി അല്ലിയത് പറഞ്ഞപ്പോ എനിക്കും ആകെ സങ്കടായി.

“ഞാനവിടന്നിറങ്ങിയപ്പോ ഇങ്ങനൊന്നുവല്ലായിരുന്നല്ലോ…ഇനിയെന്റെശല്യം സയ്ക്കണ്ടല്ലോന്നും പറഞ്ഞുനടന്നാളാണോ ഇപ്പൊ കരയണേ ”

അങ്ങനെപറഞ്ഞെങ്കിലും എന്റെ ശബ്ദം ഇടറുന്നത് എനിക്ക് തന്നെ മനസിലാകുന്നുണ്ടായിരുന്നു.

ഞാൻ പറഞ്ഞതിനുള്ള അല്ലിയുടെ മറുപടിയൊരു പൊട്ടിക്കരച്ചിലായിരുന്നു

ആ കരച്ചിലിനോടൊപ്പം ഫോൺ കട്ട്‌ ആകുവേം ചെയ്തു.

അത്രയും നേരം കടിച്ചുപിടിച്ചിരുന്ന എന്റെ പിടിയും വിട്ടുപോയി. കണ്ണിൽ വന്നുനിറഞ്ഞ കണ്ണുനീർ വഴിവെട്ടി പുറത്തേക്ക് ചാലിട്ടൊഴുകി. അടുത്ത സ്റ്റേഷനിൽ ഇറങ്ങി തിരിച്ചുപോയാലോ എന്നുപോലും ഒരുവേള ചിന്തിച്ചുപോയി.

” ഹേയ്… ആർ യൂ ഓക്കേ ”

എന്റെ കണ്ണ് നിറഞ്ഞുകണ്ടിട്ടൊയെന്തോ എനിക്കഭിമുഖമായിരുന്ന ഒരു ചെറുപ്പക്കാരി എന്നോട് ചോദിച്ചു.
അതിന് ഒരു പുഞ്ചിരി മാത്രമേ എന്റെ പക്കലുണ്ടായിരുന്നുള്ളു.

എനിക്ക് അധികം കൂട്ടുകാരൊന്നും ഇല്ല. കാരണം…. വേണമെങ്കിൽ ഞാനൊരു ഇൻട്രോവെർട്ട് ( അന്ധർമുഖൻ ) ആണെന്നൊക്കെ പറയാം.

ഇടിച്ചുകയറി ആരെയും പരിചയപ്പെടാനോ അല്ലെങ്കി അങ്ങോട്ട് ചെന്ന് സംസാരിക്കാനോ ഒക്കെ എനിക്കെന്തോ മടിയോ പേടിയോ ഒക്കെയാണ്. എന്നാൽ പരിചയപ്പെട്ടാൽ ഞാനത്യാവശ്യം സംസാരിക്കുകയും ചെയ്യും.

അല്ലിയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. അവളോടാണ് ഞാനേറ്റവുമധികം സംസാരിക്കുന്നത്.

പക്ഷെ ഇപ്പൊ… അവളെ പിരിഞ്ഞ് ഇരിക്കുക എന്നത് എന്നെയേറെ വേദനിപ്പിക്കുന്നുണ്ട്.

” എങ്ങോട്ടാ യാത്ര… ”

മുന്നിൽ ഇരുന്നവൾ കുറച്ചുനേരത്തിന് ശേഷം വീണ്ടും ചോദിച്ചു.

” ബാംഗ്ലൂർക്ക്… ”

ഒറ്റവാക്കിൽ ഞാൻ മറുപടി കൊടുത്തു.

” അതുശരി… ഞാനും അവിടേക്കാ… കറങ്ങാൻ പോകുവായിരിക്കും അല്ലെ… ”

ആ കുട്ടി പിന്നെയും ചോദിച്ചു.

” അല്ല… അവിടെയൊരു ജോലി ശരിയായിട്ടുണ്ട്.. ”

ചുരുങ്ങിയ വാക്കുകളിൽ മറുപടിയൊതുക്കി ഞാൻ പുറത്തെ കാഴ്ചകളിലേക്ക് തിരിഞ്ഞു.

“അയ്യോ പരിചയപ്പെടുത്താൻ വിട്ടുപോയി… ഞാൻ അമൃത… ഇയാള്ടെ പേരെന്താ… ”

” രാഹുൽ ”

ഇത് വല്യ ശല്യമായല്ലോ എന്ന് മനസിൽ തോന്നിയെങ്കിലും അതൊന്നും പുറത്തുകാട്ടാതെ ഞാൻ എന്റെ പേര് പറഞ്ഞുകൊടുത്തു.
” എന്താണ് മാഷേ… ആ… എയറൊക്കെ വിട്ടൊന്ന് ഫ്രീയാവെന്നേ… ഇതൊരുമാതിരി… ”

അവൾ വീണ്ടും പറഞ്ഞപ്പോൾ ഞാനൊന്ന് ചിരിച്ചു.

” അമൃതേടെ വീടെവിടെയാ… ”

എന്തേലും ചോദിക്കണമല്ലോ എന്നോർത്ത് ഞാൻ അവളോട് ചോദിച്ചു.

” ഇവിടെ കണ്ണൂര് താവക്കരയിൽ തന്നെയാ… ഇയാള്ടെയോ…? ”

” ഞാൻ തലശ്ശേരീലാണ്… ”

ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

അമൃത വളരെയേറെ സംസാരിക്കുന്ന കൂട്ടത്തിൽ ഉള്ളയാളാണ്. ചുരുക്കിപ്പറഞ്ഞാൽ എന്റെ നേരെ ഓപ്പോസിറ്റ് കാരക്റ്റർ.

പക്ഷെ എന്തോ… ഞങ്ങൾ പെട്ടന്ന് തന്നെ കൂട്ടായി. ചുരുങ്ങിയ നേരം കൊണ്ട് അവളുടെ വാക്കുകളിലൂടെ അവളുടെ കുടുംബക്കാരെ മൊത്തം എനിക്ക് പരിചിതമായിക്കഴിഞ്ഞിരുന്നു.

അമൃതയിൽനിന്ന് അമ്മുവിലേക്കുള്ള മാറ്റം വളരെ പെട്ടന്നായിരുന്നു. അധികമാരോടും സംസാരിക്കാത്ത ഞാൻ അവളോട് കുറെയേറെ സംസാരിച്ചു. അല്ലിയുടെ കുറേ ക്വാളിറ്റി അവൾക്കുണ്ടെന്ന് തോന്നി. അതാവാം ഒരുപക്ഷെ അത്ര ഫ്രീ ആയി അവളോട് സംസാരിക്കാൻ എനിക്ക് പറ്റിയത്.അല്ലിയേക്കാൾ 2വയസിന് മൂത്തതാണ് അമ്മു.

അല്പനേരത്തിന് ശേഷം ട്രെയിൻ പയ്യന്നൂർ സ്റ്റേഷനിൽ എത്തിച്ചേർന്നു. അവിടെ നിന്ന് കയറിയ കുറച്ച് അന്യസംസ്ഥാന തൊഴിലാളികൾ ഞങ്ങൾ ഇരുന്നിരുന്ന ഇടത്തേക്ക് വന്നിരുന്നു. അതോടെ അമ്മു എന്റെയൊപ്പം ആയി ഇരിപ്പ്.

ഞങ്ങൾ ഓരോന്ന് സംസാരിച്ച് ഇരുന്നു.

എനിക്കത് എന്തോ അത്ഭുതം പോലെ ആയിരുന്നു. എന്തോ മുൻപരിചയം ഉള്ളവരെ പോലെ ആ ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങൾ മാറിയിരുന്നു.

അല്ലിക്ക് ഞാൻ കൊടുത്തിരുന്ന സ്വാതന്ത്ര്യം അമ്മുവിനും കൊടുത്തിരുന്നു. കൂടുതൽ അടുക്കുംതോറും അവളിലെ കുറുമ്പി ഉണർന്നെണീക്കുകയായിരുന്നു. ഇടക്ക് എന്നെ പിച്ചാനും മാന്താനും തല്ലാനുമൊക്കെ അവൾ തുടങ്ങി.
ഞങ്ങൾക്ക് അടുത്തിരുന്ന അന്യസംസ്ഥാനക്കാരുടെ തുറിച്ചുനോട്ടം അവളുടെ മേനിയിൽ ഇടതടവില്ലാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

അത് അവൾ കണ്ടില്ലയെന്ന് നടിക്കുമ്പോഴും അവളുടെ കണ്ണിൽ തെളിഞ്ഞു നിന്നിരുന്ന

അസഹിഷ്ണുത എനിക്ക് വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു.

റിസേർവ്ഡ് സീറ്റ്‌ ആണ് ഞങ്ങളുടേത്. ടിക്കറ്റ് ചെക്ക് ചെയ്യാൻ ആള് വരുന്നതുകണ്ടതും അവരൊക്കെ എണീറ്റ് പിറകിലേക്ക് പോയിക്കൊണ്ടിരുന്നു. അവർ പോയിക്കഴിഞ്ഞതും അമ്മുവിൽനിന്നുയർന്ന ദീർഘ നിശ്വാസം അവൾ അത്രയും നേരമനുഭവിച്ചുകൊണ്ടിരുന്ന പിരിമുറക്കത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ടായിരുന്നു.

” ഏട്ടാ… വിശക്കണില്ലേ… എനിക്ക് നല്ലപോലെ വിശക്കണുണ്ട്… അടുത്ത സ്റ്റേഷൻ എത്തുമ്പോ എന്തേലും കഴിക്കാൻ വാങ്ങിക്കാം.. ”

” അയ്യോ… രണ്ടുമണി കഴിഞ്ഞോ… തന്നോട് സംസാരിച്ചിരുന്ന് സമയം പോയത് അറിഞ്ഞൂടിയില്ല. അമ്മ ചോറ് പൊതിഞ്ഞു തന്നിട്ടുണ്ട് അത് കഴിക്കാം. ”

ഞാൻ വേഗം ബാഗിൽനിന്ന് അമ്മ വാഴയിലവാട്ടി പൊതിഞ്ഞു തന്നിരുന്ന ചോറ് പുറത്തെടുത്തു.

” ഇതേട്ടന് കഴിക്കാനുള്ളതല്ലേയുണ്ടാവു… ഞാനെന്തേലും വാങ്ങിച്ചോളാ… ഏട്ടൻ കഴിച്ചോ… ”

അമ്മു എന്റെ മുഖത്തേക്കും പൊതിച്ചോറിലേക്കും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു.

” ഇതൊരുപാട് ഉണ്ടെടി… ഞാനിത്രയൊന്നും കഴിക്കില്ല. അമ്മയുടെ എപ്പോഴും ഉള്ള സ്വാഭാവം ആണ് എനിക്ക് ചോറ് പൊതിഞ്ഞുതരുമ്പോ ഒരുപാട് ചോറ് വിളമ്പും. അതിന്റെ പകുതിപോലും ഞാനിന്നേവരെ കഴിച്ചുകാണില്ല. അവസാനം ബാക്കിവരുന്നതൊക്കെ കളയേണ്ടിവരും. ഇതിന്റെ പേരും പറഞ്ഞ് ഞാനും അമ്മയും കുറേ വഴക്കിട്ടിട്ടുണ്ട് എങ്കിലും അമ്മയ്ക്ക് യാതൊരു മാറ്റോം വന്നിട്ടില്ല. ഇന്നേതായാലും അത് ഉപകാരമായി. ”

ഞാനൊരു ചെറുപുഞ്ചിരിയോടെ അമ്മുവിനോടായി പറഞ്ഞു.

അവളും ചിരിച്ചു.
ഞങ്ങൾ ചെന്ന് കയ്യൊക്കെ കഴുകി വന്നു.

അങ്ങനെ കുറച്ച് മണിക്കൂറുകളുടെ മാത്രം പരിചയമുള്ള ഒരാളോടൊപ്പം ഒരു ഇലയിൽ ഞാൻ ചോറുണ്ടു.

ഇന്നെവരെ കണ്ടിട്ടില്ലാത്ത ഒരാളോട് എത്ര പെട്ടന്നാണ് ഞാൻ അടുത്തത്. ആ ചുരുങ്ങിയ സമയം കൊണ്ടുതന്നെ അമ്മു എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന സ്ഥാനം നേടിയെടുത്തിരുന്നു.

അമ്മു എന്നെ ഓരോ നിമിഷവും അത്ഭുതപ്പെടുത്തുകയായിരുന്നു.

സംസാരിക്കാൻ മടികാണിച്ചിരുന്ന എന്നെ അവൾ മാറ്റിയെടുത്തു.

ഓരോന്ന് സംസാരിച്ചിരുന്ന് അമ്മു ഉറക്കമ്പിടിച്ചു. അവളെന്റെ തോളിൽ ചാരിയിരുന്ന് ഉറങ്ങാൻ തുടങ്ങി.

ട്രെയിൻ അധിവേഗം മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു.

അതിനിടക്ക് അല്ലിയെ ഒരുപാട് പ്രാവിശ്യം വിളിച്ചുവെങ്കിലും അവൾ ഫോണെടുത്തില്ല. അതെന്നെ ഒരുപാട് സങ്കടപ്പെടുത്തുന്നുണ്ടായിരുന്നു.

ഓരോന്നൊക്കെ ചിന്തിച്ച് ഉറക്കന്തൂങ്ങിയപ്പോളായിരുന്നു എന്റെ ഫോൺ ശബ്ദിച്ചത്.

അമ്മയായിരുന്നു. ഞാൻ അമ്മുവിനെയൊന്ന് നോക്കി. ആള് നല്ല ഉറക്കത്തിലാണ്. അവളെ പയ്യെ എന്റെ തോളിൽനിന്നടർത്തിമാറ്റി ഞാൻ ഡോറിനടുത്തേക്ക് നീങ്ങിനിന്നു.

” ഹലോ അമ്മേ… ” കാൾ അറ്റൻഡ് ചെയ്ത് ഞാൻ പറഞ്ഞു

” എവിടെയെത്തിയെടാ…. നീ ചോറ് കഴിച്ചോ. ”

എന്നായിരുന്നു അമ്മയെന്നോട് ചോദിച്ചത്.

” ആഹ് കഴിച്ചമ്മേ… കാസർഗോഡ് കഴിഞ്ഞു. മംഗലാപുരത്ത് ക്രോസിങ് ഉണ്ടാവാൻ ചാൻസ് ഉണ്ടെന്ന് കേട്ടു. അങ്ങനാണേൽ അങ്ങെത്താൻ ലേറ്റ് ആവും. അല്ലിയെന്തെ അമ്മേ… അവള് മുന്നെവിളിച്ചിട്ട് കരഞ്ഞോണ്ടാ ഫോണ് കട്ടാക്കിയെ… പിന്നെ വിളിച്ചിട്ടോട്ട് എടുത്തുമില്ല. ”

അല്ലിയെപ്പറ്റിയോർക്കുമ്പോ എനിക്ക് വല്ലാണ്ട് സങ്കടം വരുന്നുണ്ടായിരുന്നു
.

എപ്പോഴും ഞാനുമായിട്ട് അടിയാണെങ്കിലും അവൾക്ക് ഞാനെന്നാൽ ജീവനാണ്. ഞങ്ങൾ വഴക്കിടുന്നതിനിടെ അമ്മയൊ അച്ഛനോ കേറി വരില്ല… വന്നാൽ അവൾ അവർക്ക് നേരെയാവും തിരിയുക എന്ന് അവർക്ക് നല്ലപോലെ അറിയാമായിരുന്നു.

” അവള് മുറിയില് തന്നെയാടാ… ഇന്നുച്ചയ്ക്കൊന്നും കഴിച്ചൂടെയില്ല… ഞാൻ ചെന്ന് വിളിച്ചിട്ടോട്ട് മൈൻഡ് ആക്കീട്ടൂടെയില്ല. നീതന്യാ അവളെയിങ്ങനെ കൊഞ്ചിച്ചു വഷളാക്കിയേ… ”

” അവളൊന്നും കഴിച്ചില്ലേ… അമ്മയൊന്നവൾക്ക് ഫോൺ കൊടുത്തേ…”

ഞാൻ പറഞ്ഞു.

“ഹ്മ്മ്…”

പിന്നെ കുറേ നേരത്തേക്ക് അപ്പുറത്ത് അനക്കമൊന്നുമുണ്ടായിരുന്നില്ല.

” ഹലോ… ”

അല്ലിയുടെ ശബ്ദം ഫോണിലൂടെ കേട്ടു.

” അല്ലീ… നീയൊന്നും കഴിച്ചില്ലേ…. ”

സൗമ്യമായിട്ടായിരുന്നു ഞാൻ ചോദിച്ചത്.

എന്നാൽ അപ്പുറത്ത് നിശബ്ദത മാത്രമായിരുന്നു.

” നീയൊന്നും കഴിച്ചില്ലേന്ന്… ”

ഇത്തവണ എന്റെ ശബ്ദം അല്പം കടുത്തിരുന്നു.

“മ്മ്ച്ചും…. ”

” അതെന്താ കഴിക്കാഞ്ഞേ ”

സൗമ്യമായിത്തന്നെ ഞാൻ ചോദിച്ചു.

” നിയ്ക്ക് വേണ്ടാഞ്ഞിട്ടായേട്ടാ… വിശപ്പ് തോന്നീല… “
അല്ലി പതിയെ ആണത് പറഞ്ഞത്. ഒരുപക്ഷെ ഞാൻ ദേഷ്യപ്പെടും എന്നോർത്തിട്ടാവും.

“അല്ലി നീയിങ്ങനെ കൊച്ചുപിള്ളാരെപ്പോലെയാവല്ലെട്ടോ… ഇങ്ങനെയൊന്നും കഴിക്കാണ്ട് വല്ല അസുഖോം വരുത്തിവെക്കണ്ട… ഇനിയും ഇങ്ങനാണേ ഞാമ്പിന്നെയൊരിക്കലും നിന്നോട് മിണ്ടില്ല… ആദ്യായിട്ട് കിട്ടിയ ജോലിയല്ലേടാ… അത് എങ്ങനെയാ കളയുന്നെ… കുറച്ചൂസം നോക്കട്ടെ… പറ്റുന്നില്ലേ ഞാൻ തിരിച്ചുവരൂട്ടോ… ”

എന്തൊക്കെയോ പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു.അവളെക്കൊണ്ട് ചോറ് കഴിപ്പിക്കുകയും ചെയ്തു. കുറേ നേരം ഞങ്ങൾ സംസാരിച്ചു. അമ്മുവിനെപ്പറ്റിയൊക്കെ ഞാനവളോട് പറഞ്ഞു.

പിന്നെ വിളിക്കാം എന്ന് പറഞ്ഞ് അവസാനം ഞാൻ ഫോൺ വച്ചു.

സമയം സന്ത്യയോടടുക്കുന്നു. സൂര്യന്റെ സ്വർണകിരണങ്ങൾ അന്തരീക്ഷത്തിന് വേറിട്ടൊരു ഭംഗി നൽകുന്നുണ്ടായിരുന്നു. അങ്ങ് ദൂരെ പക്ഷികളുടെ കൂട്ടം കൂടാണയാനായി പറന്നുപോകുന്നതുമൊക്കെ നോക്കി കുറച്ചുനേരം ഞാനാ വാതിലിന് സമീപം നിന്നു.

കുറച്ചുനേരമവിടെ ചിലവഴിച്ച് ഞാൻ വീണ്ടും എന്റെ സീറ്റിലേക്ക് ചെന്നു.

അമ്മു ഇപ്പോഴും നല്ല ഉറക്കമാണ്. ജനാലവഴി കടന്നുവരുന്ന സ്വർണരശ്മികൾ അവളുടെ മുഖത്തിന്റെ കാന്തി വർധിപ്പിച്ചു. കഴുത്തിന് അല്പം താഴെയായി വെട്ടിയൊതുക്കിയ മുടിയിഴകൾ കാറ്റിൽ പറന്ന് അവളുടെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു.

വല്ലാത്തൊരു സൗന്ദര്യം.

നിഷ്കളങ്കമായി ഉറങ്ങുന്ന അവളെ കണ്ടപ്പോൾ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.

മംഗലാപുരമെത്താൻ ഇനിയും ഒരുമണിക്കൂറിലേറെ സമയമെടുക്കും. ഞാൻ പാന്റിന്റെ പോക്കറ്റിൽനിന്നും ഫോണെടുത്ത് ഇയർഫോൺ കുത്തി പാട്ട് വച്ചു. പഴയ മെലഡി പാട്ടൊക്കെ കേട്ട് പയ്യെ ഉറക്കത്തിലേക്ക് വഴുതിവീണു.

” അതേയ്…. എന്തൊരുറക്കായിത്… എണീറ്റെ… ”

അമ്മു തട്ടിവിളിച്ചപ്പോഴാണ് ഞാൻ ഉറക്കമുണരുന്നത്. ട്രെയിൻ ഏതോ
സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്.

ഞാനൊന്ന് നിവർന്നിരുന്ന് കണ്ണൊക്കെ തിരുമ്മി.

” എവിടെയാ ഇത്. ”

ഞാൻ അമ്മുവിനോട് ചോദിച്ചു.

” മംഗലാപുരം ആണ്. ക്രോസിങ്ന് പിടിച്ചിട്ടതാ… അരമണിക്കൂറിനടുത്തായി ഇവിടെ നിർത്തിയിട്ട്… എനിക്കാണേ ഒറ്റയ്ക്കിരുന്ന് ബോറടിച്ചു… അതാ ഞാമ്മിളിച്ചേ… ”

അമ്മു പറഞ്ഞു.

ഞാനതിന് ഒന്ന് മൂളിയതെ ഉള്ളു. കുറച്ചുകഴിഞ്ഞപ്പോൾ തൊട്ടടുത്ത ട്രാക്കിലൂടെ ഒരു ട്രെയിൻ നല്ല വേഗതയിൽ കടന്നുപോയി. അത് കടന്നുപോകാൻ വേണ്ടിയായിരുന്നു ഞങ്ങൾ സഞ്ചരിച്ചിരുന്ന ട്രെയിൻ പിടിച്ചിട്ടത്. ഒരു പത്തുമിനുട്ട് കഴിഞ്ഞ് ട്രെയിൻ വീണ്ടും നീങ്ങിതുടങ്ങി.

ഉറക്കം പൂർണമായി വിട്ടുമാറിയിട്ടില്ല. ഞങ്ങൾ വീണ്ടും ഉറക്കമായി.

പുലർച്ചെ 3 മണിയോടെയാണ് പിന്നീട് ഉറക്കമുണരുന്നത്. ബാംഗ്ലൂർ എത്താറായിട്ടുണ്ട്. അമ്മു ഇപ്പോഴും ഉറക്കം തന്നെയാണ്. ഞാൻ അവളെ തട്ടിവിളിച്ചു.

” അമ്മൂ… ഡീ… ദേ ബാംഗ്ലൂർ എത്താറായി. എണീക്ക് ”

അവളെ വിളിച്ചുണർത്തി ഞാൻ ചെന്ന് മുഖമൊക്കെ ഒന്ന് കഴുകി വന്നു.

ബാഗൊക്കെ എടുത്തുവച്ചു. അമ്മുവും ഇറങ്ങാൻ തയ്യാറായിരുന്നു. അവൾ എന്റെ നമ്പർ ഒക്കെ വാങ്ങിയിരുന്നു.

ട്രെയിൻ ബാംഗ്ലൂർ സ്റ്റേഷനിൽ എത്തിയപ്പോൾ ഞങ്ങൾ അവിടെ ഇറങ്ങി. അമ്മുവിനെ പിക്ക് ചെയ്യാൻ അവളുടെ ഫ്രണ്ട് വരും എന്ന് പറഞ്ഞിരുന്നു.

” ഏട്ടാ… ഞങ്ങൾ കൊണ്ടുവിടാം… “
” ഏയ്‌ വേണ്ട… നിങ്ങൾക്ക് കുറേ ദൂരം പോകാനുള്ളതല്ലേ… ഞാനൊരു ടാക്സി വിളിച്ചോളാ…എന്തായാലും അവിടെ ഒരു റൂം എടുക്കണം… രാവിലെ ഫ്രഷ് ആയ്ട്ട് പോകാനുള്ളതല്ലേ… ”

ഞാൻ പറഞ്ഞു.

” അല്ല അപ്പൊ സ്റ്റേ ഒക്കെ എങ്ങനെയാ… ”

അമ്മു ചോദിച്ചു

” അതൊക്കെ ഓഫീസിന്റെവക ഉണ്ടെന്ന പറഞ്ഞേ… ഇന്നൊരു ദിവസത്തെ കാര്യം നോക്കിയാ മതി. ”

ഞാനൊരു പുഞ്ചിരിയോടെ പറഞ്ഞു.

” എന്തായാലും നാളെ ജോയിൻ ചെയ്യുവല്ലേ എന്റെ വക ഒരു ഓൾ ദി ബെസ്റ്റ്… ”

എന്നും പറഞ്ഞ് അവൾ എന്നെ കെട്ടിപ്പിടിച്ചു.

ഒരു നിമിഷം ഒന്ന് പതറിയെങ്കിലും ഞാനൊരു പുഞ്ചിരിയോടെ അവളോട് ഒരു താങ്ക്സ് പറഞ്ഞു.

അമ്മുവിന്റെ ഫ്രണ്ടിന്റെയൊപ്പം അവളെ യാത്രയാക്കി ഞാനൊരു ടാക്സി വിളിച്ചു.

സ്റ്റേഷനിൽനിന്ന് 20 മിനുട്ടിനടുത്തു യാത്രയുണ്ടായിരുന്നു ഞാൻ താമസിക്കാൻ തിരഞ്ഞെടുത്ത ഹോട്ടലിലേക്ക്. ഓഫീസിന്റെ തൊട്ടടുത്തു തന്നെയാണ് ആ ഹോട്ടൽ.

രാവിലെ 7:30യോടെ ഉറക്കമുണർന്നു. ജോയിൻ ചെയ്യാൻ പോകുന്നതിന്റെ ചെറിയൊരു ടെൻഷൻ എനിക്ക് ഉണ്ട്. അമ്മയെ വിളിച്ചു സംസാരിച്ചാൽ അതിനൊരു ആശ്വാസം കിട്ടുമെന്ന് തോന്നിയപ്പോൾ അമ്മയെ വിളിച്ചു. അമ്മയോട് കുറച്ചുനേരം സംസാരിച്ചുനിന്നു. അല്ലിയും സംസാരിച്ചു. അവളുടെ ഓൾ ദി ബെസ്റ്റ് കിട്ടിയപ്പോൾ എന്തോ വല്ലാത്തൊരു ആത്മവിശ്വാസം നിറയുന്നത് എനിക്ക് മനസിലാവുന്നുണ്ടായിരുന്നു.
കാൾ കട്ട്‌ ചെയ്ത് കുളിച്ച് ഫ്രഷ് ആയി ഞാൻ ഓഫീസിലേക്ക് ചെന്നു. ഭക്ഷണം കഴിക്കാൻ കയറിയാൽ വൈകുമെന്ന് തോന്നിയതിനാൽ അതിന് മിനക്കെട്ടില്ല. ഇന്നലെ രാത്രിയും ഒന്നും കഴിച്ചിട്ടില്ല. സെക്യൂരിറ്റിയോട് കാര്യം ബോധിപ്പിച്ച് ഞാൻ ഓഫീസിനകത്തേക്ക് കയറി.

മാനേജർ എന്ന് സ്വർണനിറത്തിലുള്ള അക്ഷരങ്ങളോടുകൂടിയ ബോർഡ് ഉള്ള കാബിനുമുന്നിൽ ഞാൻ കാത്തിരുന്നു. ഓഫീസ് ടൈം ആവുന്നതേയുള്ളു.

ഞാനവിടെയിരുന്ന് ഓഫീസ് ഒക്കെയൊന്ന് വീക്ഷിച്ചു. നല്ല വൃത്തിയുള്ള അന്തരീക്ഷം. എല്ലാം നല്ല ഭംഗിയായി ഒരുക്കിയിട്ടുണ്ട്.

അതൊക്കെ നോക്കിയിരിക്കുമ്പോൾ ഓരോരുത്തരായി വന്നുതുടങ്ങിയിരുന്നു.

എൻട്രൻസിലേക്ക് നോക്കിയിരുന്ന ഞാൻ ആ കാഴ്ച കണ്ട് ഒരു നിമിഷം ശ്വാസമെടുക്കാൻ പോലും വിസ്മരിച്ചുപോയി.

സുന്ദരി എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും അപ്സരസ് പോലെയുള്ള ഒരു പെണ്ണ്.

നെറ്റിയിൽ കട്ടപ്പിടിച്ച ചന്ദനക്കുറിയും അതിന് താഴെയൊരു കുഞ്ഞുപൊട്ടും. ഭംഗിയായി എഴുതിയ വിടർന്നകണ്ണുകൾ. കൃഷ്ണമണിക്ക് ഇളംകാപ്പി നിറമായിരുന്നു.

അവളുടെ കവിളുകൾക്ക് ഒരു ചുവപ്പ് രാശിയുണ്ടായിരുന്നു. കഴുത്തിൽ ഒരു സ്വർണചെയിൻ. ഒപ്പം ഓഫീസിന്റെ ടാഗും.

അരക്കെട്ടിനു അല്പം മുകളിൽ വരെയെത്തുന്ന ഇടതൂർന്ന മുടിയിഴകൾ.

എല്ലാംകൊണ്ടും ഒരു ദേവകന്യകയെപ്പോൽ അഴകുള്ളവൾ.

മറ്റെല്ലാം മറന്ന് ഞാൻ അവളുടെ അഴകിൽ ഭ്രമിച്ചു നിന്നുപോയി. ആ മുഖത്തുനിന്ന് നോട്ടം മാറ്റാൻ പറ്റുന്നില്ല. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നു.

ഞാനൊട്ടും പ്രതീക്ഷിക്കാതെയിരുന്ന സമയത്ത് ആ കാപ്പിപ്പൊടി കണ്ണുകൾ എന്നിലേക്ക് പതിഞ്ഞു. ആ നോട്ടം നേരിടാനാവാതെ ഞാൻ നോട്ടം മാറ്റി. കയ്യിലുള്ള ഫയലുകൾ ഒക്കെ എടുത്ത് നോക്കിക്കൊണ്ടിരുന്നു.

കുറേ നേരത്തേക്ക് എന്താണ് സംഭവിക്കുന്നത് എന്ന് പോലും എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല.

ഓഫീസിലെ ഒരു സ്റ്റാഫ് വന്ന് മാനേജർ വിളിക്കുന്നു എന്ന് പറഞ്ഞപ്പോഴാണ് ഞാൻ ആ ചിന്തയിൽ നിന്നും മുക്തനാകുന്നത്.
” സാർ… അകത്തേക്ക് ചെല്ലാൻ പറഞ്ഞു ”

ഞാൻ എണീറ്റ് ഡ്രസ്സ്‌ ഒക്കെ ഒന്ന് ശരിയാക്കി മാനേജർ കേബിനിലേക്ക് നടന്നു.

ഡോർ തുറന്ന് അനുവാദം വാങ്ങാനായി നിന്ന ഞാനൊരുനിമിഷം ആ വാതില്പടിയിൽ തന്നെ തറഞ്ഞുനിന്നു. ശബ്ദം പുറത്തുവരുന്നില്ല. എന്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നുപോയി. ശരീരം തളരുന്നത് പോലെ… കണ്ണിലേക്കിരുട്ട് കയറുന്നു. ശരീരം പാടെ തളർന്നു ഡോറിലുള്ള എന്റെപിടിയയഞ്ഞതും ഞാൻ പുറകിലേക്ക് മലർന്നടിച്ചുവീണു.

ബോധം പൂർണമായി മറയുന്നതിന് മുന്നേ “അയ്യോ…. ” എന്നൊരു അലർച്ച എന്റെ കർണപടത്തെ പ്രകമ്പനം കൊള്ളിച്ചു.

തുടരും..

0cookie-checkസുന്ദരി – 1

  • നമുക്ക് അന്നത് വല്ലതും അറിയമായിരുന്നോ…

  • നമുക്ക് അന്നത് വല്ലതും അറിയമായിരുന്നോ… 2

  • നമുക്ക് അന്നത് വല്ലതും അറിയമായിരുന്നോ…