മധു ആ സ്ത്രീയുടെ നേരെ തിരിഞ്ഞു

വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു പോകാനിറങ്ങിയ നേരത്താണ് ഫോണ്‍ ശബ്ദിച്ചത്.

“ഹലോ, പോലീസ് സ്റ്റേഷന്‍”

“സര്‍, എന്നെ സഹായിക്കണം. പ്ലീസ് സര്‍” മറുഭാഗത്ത് നിന്നും പരിഭ്രാന്തമായ ഒരു

സ്ത്രീസ്വരം എസ് ഐ മധുവിന്റെ കാതിലെത്തി.

“ആരാണ് നിങ്ങള്‍? കാര്യം പറയൂ”

“സര്‍ എന്റെ ഭര്‍ത്താവ് പനിയുടെ ലക്ഷണങ്ങളുമായി വിദേശത്ത് നിന്നും വന്നിട്ടുണ്ട്.

എത്ര പറഞ്ഞിട്ടും ഹോസ്പിറ്റലില്‍ പോകുന്നില്ല. എനിക്കും കുട്ടികള്‍ക്കും

പേടിയായിരിക്കുകയാണ് സര്‍. ഞാനിത് അദ്ദേഹം അറിയാതെയാണ് വിളിക്കുന്നത്. മറ്റു

നിര്‍വ്വാഹം ഇല്ലാഞ്ഞിട്ടാണ് സര്‍..”

“ഓഹോ, നിങ്ങളുടെ വിലാസം നല്‍കൂ”

മധു പേപ്പറും പേനയും എടുത്ത് അവര്‍ നല്‍കിയ വിലാസം കുറിച്ചെടുത്തു.

“എത്ര ദിവസമായി അയാള്‍ എത്തിയിട്ട്?”

“രണ്ടു ദിവസം”

“കുട്ടികളെ നിങ്ങള്‍ ഏതെങ്കിലും ഒരു മുറിയിലാക്കുക. അയാള്‍ കുട്ടികളെ തൊടാനോ

പിടിക്കാനോ പാടില്ല. നിങ്ങളും അയാളോട് ക്ലോസായി ഇടപടരുത്. ഞങ്ങള്‍ ഉടന്‍

എത്തുന്നതാണ്”

“ഞാന്‍ പരമാവധി കരുതല്‍ എടുത്തിരുന്നു സര്‍. കുട്ടികളെ ഞാന്‍ എന്റെ മുറിയില്‍

നിന്നും പുറത്തേക്ക് വിട്ടിട്ടില്ല. പക്ഷെ അദ്ദേഹം അവരെ കാണണം എന്നുപറഞ്ഞു ബഹളമാണ്.

കുടിച്ച് ലക്കുകെട്ട് എന്നെ കൊല്ലാന്‍ വരെ വന്നു സര്‍” ആ സ്ത്രീയുടെ കരച്ചില്‍

മധുവിനെ അസ്വസ്ഥനാക്കി.

“ഡോണ്ട് വറി. ഞാന്‍ വേണ്ടത് ചെയ്യാം”

ഫോണ്‍ വച്ചിട്ട് മധു ബെല്ലില്‍ വിരലമര്‍ത്തി. ഒരു പോലീസുകാരന്‍ ഉള്ളിലെത്തി

സല്യൂട്ട് നല്‍കി.

“തോമസേ, ജനറല്‍ ആശുപത്രിയില്‍ ഫോണ്‍ ചെയ്ത് ഈ വിലാസത്തിലേക്ക് ഉടന്‍ ഒരു ആംബുലന്‍സ്

അയയ്ക്കാന്‍ പറയണം. ഒരു കോറോണാ സസ്പെക്റ്റ് അവിടെയുണ്ട്. അതും പ്രത്യേകം പറയണം”

“ശരി സര്‍”

അയാള്‍ പോയപ്പോള്‍ മധു പുറത്തിറങ്ങി ക്ലോക്കില്‍ നോക്കി. സമയം എട്ടുമണി

കഴിഞ്ഞിരിക്കുന്നു. ഭാര്യ ചിക്കന്‍ വാങ്ങിക്കൊണ്ടു ചെല്ലണം എന്ന് പറഞ്ഞാണ് വിട്ടത്.

സാധാരണ ആറുമണിക്ക് പോകുന്ന അയാള്‍ക്ക് അന്ന് ചില തിരക്കുകള്‍ കാരണം ഇറങ്ങാന്‍

സാധിച്ചില്ല.

“ഡ്രൈവര്‍, വണ്ടി ഇറക്ക്. ആരെങ്കിലും രണ്ടുപേരെ കൂടി വിളി” ഡ്രൈവറെ നോക്കി അങ്ങനെ

പറഞ്ഞിട്ട് മധു പുറത്തേക്കിറങ്ങി.

ഒരു ഇടത്തരം വാര്‍ത്ത വീടായിരുന്നു അത്. പോലീസ് വാഹനം അവിടെത്തി ബ്രേക്കിട്ടപ്പോള്‍

അയലത്തുള്ള ആള്‍ക്കാര്‍ വേഗം പുറത്തിറങ്ങി. മധു വണ്ടിയില്‍ നിന്നുമിറങ്ങി നോക്കി.

മുന്‍വാതില്‍ തുറന്ന് കിടപ്പുണ്ട്. വാഹനത്തിന്റെ ശബ്ദം കേട്ട് ഒരു ചെറുപ്പക്കാരി

സ്ത്രീ പുറത്തേക്ക് വന്നു.

“നിങ്ങളാണോ ഫോണ്‍ ചെയ്തത്” മധു ചോദിച്ചു. അവര്‍ ഭീതിയോടെ തലയാട്ടി.

“എവിടെ ഭര്‍ത്താവ്?”

“ഉള്ളിലുണ്ട് സര്‍”

“വിളി”

അവര്‍ തലയാട്ടിയ ശേഷം ഉള്ളിലേക്ക് പോയി.

“പോലീസോ? എന്നെ വിളിക്കുന്നോ? എന്തിന്? ഞാനാരണ്ട്രെ സാമാനം മോട്ടിച്ചോ? പാന്‍

പറേടീ” അയാളുടെ അട്ടഹാസം മധുവിന്റെ കാതിലെത്തി. അയാളുടെ മുഖത്തേക്ക് കോപം

ഇരച്ചുകയറി.

“ഇറങ്ങിവാടാ നായിന്റെ മോനെ കൈയ്ക്ക് പണി ഒണ്ടാക്കാതെ” ഉള്ളിലേക്ക് നോക്കി അയാള്‍

ആക്രോശിച്ചു. ഉടന്‍തന്നെ മദ്യപിച്ച് ലക്കുകെട്ട നിലയില്‍, ലുങ്കി മാത്രം ധരിച്ച,

ഏതാണ്ട് മുപ്പത്തിയഞ്ചു വയസ്സ് മതിക്കുന്ന ഇരുനിറവും തടിച്ച മുഖവും ശരീരവുമുള്ള ഒരു

യുവാവ് പുറത്തെത്തി.

“ഇങ്ങോട്ടിറങ്ങി നില്‍ക്കടാ” മധു മുരണ്ടു.